Opinion ; 'ഇനി നീ പഠിച്ചിട്ട് കലക്ടര്‍ ആയിട്ട് വേണം എനിക്ക് ഉണ്ണാന്‍ മേടിക്കാന്‍!'
എനിക്കും ചിലത് പറയാനുണ്ട്. പെണ്‍കുട്ടികളേ, സ്വന്തം കാലില്‍ നില്‍ക്കാന്‍ ആരും നിങ്ങളെ പഠിപ്പിക്കില്ല; സ്വന്തം ജീവിതമല്ലാതെ-സഫ്രീന സുലൈമാന്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
നന്നായി പഠിച്ചിരുന്ന ഒരു കൂട്ടുകാരിയുടെ കഥയാണിനി പറയുന്നത്. നല്ല കാഴ്ചപ്പാടുള്ള മിടുക്കിയായ ഒരു പെണ്‍കുട്ടി. വിവാഹ ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ തനിക്ക് പഠിക്കണം എന്നു മാത്രമാണ് അവള്‍ക്ക് പറയാനുണ്ടായിരുന്നത്.
പെണ്ണുകാണാന്‍ വന്നയാളോടും അവള്‍ അതു തന്നെ പറഞ്ഞു. തനിക്ക് പഠിത്തം പൂര്‍ത്തിയാക്കണം.
അയാള്‍ വളരെ കൂളായാണ് മറുപടി പറഞ്ഞത്. 'അതിനെന്താ കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ'.
അതവള്‍ക്ക് ആശ്വാസമായി. വിവാഹമെന്ന നിര്‍ബന്ധിതാവസ്ഥയിലേക്ക് ആ വാക്കാണ് അവളെ കൂട്ടിക്കൊണ്ടുപോയത്.
എന്നാല്‍, വിവാഹം കഴിഞ്ഞതോടെ കാര്യം മാറി. തുടര്‍ പഠനത്തെക്കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ അയാളുടെ സ്വരം മാറി. ഭാവവും.
'ഇനി നീ പഠിച്ചിട്ട് കളക്ടര്‍ ആയിട്ട് വേണം എനിക്ക് ഉണ്ണാന്‍ മേടിക്കാന്‍! ഇവിടെ നിനക്കെന്താണ് ഒരു കുറവ്? ഉണ്ണാനില്ലേ ഉടുക്കാനില്ലേ? നീ പോയാല്‍ വീട്ടിലെ കാര്യങ്ങള്‍ ആര് നോക്കും?''
അയാള്‍ പറഞ്ഞു. അയാളുടെ വീട്ടുകാരും അതിന് ഒപ്പ് വെച്ചു.
ഇത് എന്റെ കൂട്ടുകാരിയുടെ കാര്യം മാത്രമാവില്ല. മറ്റനേകം പെണ്‍കുട്ടികളും ഈ അവസ്ഥയ്ക്കു മുന്നില്‍ വിറങ്ങലിച്ചിട്ടുണ്ടാവും എന്നുറപ്പാണ്.
എന്താണ് നിനക്കിവിടെ കുറവ് എന്ന ചോദ്യത്തിന് അവളിപ്പോള്‍ മനസ്സുകൊണ്ട് നല്‍കുന്ന ഉത്തരം ഇതാവുമെന്നാണ് എനിക്ക് തോന്നുന്നത്.
''എനിക്കിവിടെ എല്ലാമുണ്ട്, എല്ലാ സൗകര്യങ്ങളും ഉണ്ട്. എല്ലാവരുമുണ്ട്. പക്ഷെ ഇവിടെ ഞാന്‍ ഇല്ല. എന്റെ സ്വപ്നങ്ങളില്ല. എന്റെ മനസ്സിന് നിറങ്ങളില്ല. എന്റെ സന്തോഷങ്ങള്‍ മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി ബലി നല്‍കപ്പെട്ടിരിക്കുന്നു. എന്റെ എത്രയെത്ര മോഹങ്ങള്‍ ഞാന്‍ മാറ്റിവെച്ചിരിക്കുന്നു. ഒറ്റയ്ക്കു ഒരു യാത്ര പോകാന്‍, ഒരു സിനിമ കാണാന്‍, ഇഷ്ടപ്പെട്ട ഒരാളെ കാണാന്‍ പോകാന്‍, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍, ആഘോഷങ്ങളില്‍ മെയ്യും മനസ്സും മറന്ന് ഒന്ന് ചേരാന്‍, ഇഷ്ടമുള്ളത് പര്‍ച്ചേസ് ചെയ്യാന്‍ ഇങ്ങനെയെല്ലാം എനിക്ക് വിലക്കപ്പെട്ടിരിക്കുന്നു.''
ഇത് ഭര്‍തൃവീട്ടില്‍നിന്നു തുടങ്ങുന്നതാണ് എന്നു കരുതേണ്ട്. സ്വന്തം വീട്ടില്‍നിന്നേ കേട്ടുതുടങ്ങുന്നതാണ് ഈ വാക്കുകള്‍.
ഉദാഹരണത്തിന് സ്‌കൂളില്‍ വിനോദയാത്ര പോകുമ്പോള്‍ അനുവാദം ചോദിച്ചു നോക്കുക. ''നീ ഇപ്പോള്‍ പോകണ്ട, കല്യാണം കഴിഞ്ഞാല്‍ കെട്ടിയോന്റെ കൂടെ പോകാലോ'' എന്നായിരിക്കും വീട്ടുകാരുടെ മറുപടി.
ഇനി കല്യാണം കഴിഞ്ഞാലോ?
'നിനക്ക് തോന്നിയേടത്ത് പോകാന്‍ ഇത് നിന്റെ വീടല്ല'' എന്നായിരിക്കും കെട്ട്യോനും അവന്റെ വീട്ടുകാരും പറയുന്നു.
സ്വാഭാവികമായും പെണ്‍കുട്ടിയുടെ ഉള്ളില്‍ ഉയരുന്ന ചോദ്യം, എന്ത് കൊണ്ട് ഞാന്‍ മാത്രം ചോദ്യം ചെയ്യപ്പെടുന്നുഎന്നതായിരിക്കും? എന്ത് കൊണ്ട് തന്റെ തലയില്‍ ഇത്ര മാത്രം ഉത്തരവാദിത്തങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്നു എന്നതാവും.
എനിക്ക് ഉയരങ്ങളിലേക്ക് പറക്കണം. എന്റേതായ ലക്ഷ്യങ്ങള്‍ക്ക് വേരുപിടിപ്പിക്കണം. ഇന്ന വീട്ടിലെ ഇദ്ദേഹത്തിന്റെ ഭാര്യ എന്നതില്‍ നിന്നും മാറി എനിക്ക് എന്റെ പേരിലറിയപ്പെടണം. ഇതൊക്കെയാവും സ്വാഭാവികമായും ഏതു പെണ്‍കുട്ടിയുടെയും മനസ്സിലുണ്ടാവുക.
എനിക്ക് ഇന്നത് വാങ്ങിത്തരുമോ എന്ന വിനീതമായ ചോദ്യത്തില്‍ നിന്നും ഞാന്‍ ഇത് വാങ്ങി എങ്ങനെയുണ്ട് എന്നതിലേക്കാവണം വളര്‍ച്ച. എന്റെ സര്‍ടിഫിക്കറ്റുകള്‍ അലമാരയില്‍ വിശ്രമിക്കേണ്ടതല്ല. എന്റെ മക്കള്‍ക്ക് സ്‌കൂളില്‍ ഫോം ഫില്‍ ചെയ്യുമ്പോള്‍ അമ്മയുടെ ജോലിയുടെ നേരെ NIL എന്ന് അടയാളപ്പെടുത്തേണ്ടി വരരുത്. സദാസമയം ജോലി ചെയ്യുന്നുണ്ടെങ്കിലും പറഞ്ഞു വരുമ്പോള്‍ ജോലി എന്നത് വെറുതെ ഇരിക്കലാണല്ലോ! ഇതൊക്കെ മാറണമെങ്കില്‍ സ്വന്തമായ ജോലിയും വരുമാനവും വേണം. പക്ഷെ അതിനു ദുര്‍ബല എന്ന ഈ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വരണം. മനസ്സുമുടലും തളച്ചിടുന്ന അദൃശ്യമായ ചങ്ങലയെ പൊട്ടിച്ചെറിയണം. അതിനുള്ള ഒരേയൊരു പോംവഴി പഠനമാണ്. നല്ല വിദ്യാഭ്യാസമാണ്. വിവാഹത്തിനു മുമ്പ് പഠനത്തിനുള്ള അര്‍ത്ഥമാവില്ല, വിവാഹശേഷം ഉണ്ടാവുന്നത്.
ഒരു പക്ഷേ, ഇക്കാര്യം തിരിച്ചറിഞ്ഞായിരിക്കണം, ഞാനാദ്യം പറഞ്ഞ സുഹൃത്തിന്റെ പഠനവഴികള്‍ മുടക്കാന്‍ ഭര്‍ത്താവും വീട്ടുകാരും തയ്യാറായത് തന്നെ. 'എന്റെ ഇഷ്ടത്തിന് നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ വീട്ടില്‍നിന്ന് ഇറങ്ങിക്കോ' എന്ന് പിന്നീട് നിരന്തരം ആജ്ഞാപിക്കാനുള്ള വഴി തുറക്കലാണ് ആ തന്ത്രപരമായ തീരുമാനം.
ഇതാണ് തിരിച്ചറിയേണ്ടത്. സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യം ഓരോ പെണ്‍കുട്ടിയും മനസ്സിലാക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ആ തിരിച്ചറിവുണ്ടായാല്‍ പിന്നെ ഉറച്ച ഒരു തീരുമാനം എടുക്കണം. ഇപ്പോള്‍ എടുത്തില്ലേല്‍ പിന്നെ ഒരിക്കലും അത്തരമൊരു തീരുമാനത്തിലെത്താന്‍ നിങ്ങള്‍ക്ക് കഴിയണമെന്നില്ല.