സ്വന്തം വീടുകളില്‍ ജീവിതകാലം മുഴുവന്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നവര്‍!
എനിക്കും ചിലത് പറയാനുണ്ട്. റെസിലത്ത് ലത്തീഫ് എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ഒരൊറ്റ സിനിമ മതിയായിരുന്നു, മലയാളികളായ മലയാളികളൊക്കെ അമ്പരന്നുപോവാന്‍. ഈ അടുക്കളയിലൊക്കെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന ഞെട്ടല്‍. 'അയ്യോ, അടുക്കളയില്‍ പെണ്ണുങ്ങള്‍ ബുദ്ധിമുട്ടാറുണ്ടോ, പെണ്ണ് ഭക്ഷണമുണ്ടാക്കുന്നതല്ലേ അതിന്റെ ഒരിത്, ആണുങ്ങള്‍ക്ക് മറ്റ് എന്തോരം കാര്യങ്ങളുണ്ട് എന്നിങ്ങനെ പല വഴിക്കു നീണ്ടു. അതു കഴിയുമ്പോള്‍ ന്യായീകരണങ്ങള്‍. തെറിവിളികള്‍. നീ പോയി ഒരു ചായയിട്ടേ എന്ന ഉപസംഹാരം.
ഞങ്ങള്‍ പാത്രം കഴുകും, പാചകവും ചെയ്യും എന്ന് ഭൂരിഭാഗം ആണുങ്ങളും പറയും; ഇതൊക്കെ ചെയ്യാനല്ലേ പിന്നെ പെണ്ണ് കെട്ടിയതെന്നു കുറച്ചു പേര്; എന്റെ വീട്ടില്‍ 'അമ്മ ചെയ്യുന്നതാണ് നിന്നോടും ചെയ്യാന്‍ പറഞ്ഞതെ'ന്നു മറ്റൊരു കൂട്ടര്‍. ഇതിലൊന്നും പെടാതെ എല്ലാ ജോലിയും പങ്കിട്ടെടുക്കുന്നുവെന്ന് പറയുന്ന മറ്റൊരു കൂട്ടര്‍. പൊതുവായി പറഞ്ഞാല്‍ സൈക്കോകള്‍ ഒഴികെ മലയാളി ആണുങ്ങളുടെ പ്രതികരണം ഇതായിരുന്നു.
ഇതൊന്നുമല്ലാതെ പറയാതെ പറയുന്ന ചിലതുണ്ട് ആ ചിത്രത്തില്‍. പെണ്ണൊരുത്തി കിടപ്പറയില്‍ അവളുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ പുകഞ്ഞു കത്തുന്ന ആണത്തത്തിന്റെ ധാര്‍ഷ്ട്യം 'നിനക്കിതൊക്കെ നന്നായി അറിയാമല്ലോ' എന്നൊരു തുരുമ്പിച്ച മേല്‍ക്കോയ്മ വാക്കുകളായി പുറത്തേക്ക് വരുന്നു. സ്വന്തം ഇഷ്ടങ്ങള്‍ ഊണ്‍ മേശപ്പുറത്തെ എച്ചില്‍ക്കൂന പോലെ അവസരത്തിലും അനവസരത്തിലും അടിച്ചേല്‍പ്പിക്കുന്ന മറ്റൊരാളുടെ മേല്‍ക്കോയ്മ. പ്ലംബറിനെ വിളിക്കാന്‍ ദിവസങ്ങളോളം മറന്നു പോകുന്ന നായകന്‍, രജസ്വലയാകുന്ന ദിവസങ്ങളില്‍ മാത്രം മാറ്റിനിര്‍ത്തപ്പെടുന്നവളുടെ ഉടലിലേക്കു എന്നും മറക്കാതെ ഓടിയെത്തുന്നുണ്ട്.
ഊണ്‍മേശയിലെ സംസ്‌കാരം വീടിനകത്തും പുറത്തും പ്രകടിപ്പിക്കുന്ന അതെ രീതിയില്‍ ജീവിതവും രണ്ട് മുഖങ്ങളിലൂടെ പ്രകടമാകുന്നു.
പരിഗണനയുടെ ഒരു കൈത്താങ്ങ്, സ്‌നേഹത്തിന്റെ ഒരു നോട്ടം, കരുതലിന്റെ ഒരു ചിരി -നമ്മുടെ ഇടയിലെ ഒരുപാട് പെണ്ണുങ്ങളോട് പുലര്‍ത്തേണ്ട നീതിയാണത്. എന്നെ ഇഷ്ടമായോ എന്ന ചോദ്യത്തില്‍ തുടങ്ങുന്ന ജീവിത കരാറില്‍ പിന്നീടൊരുപാട് ഇഷ്ടങ്ങള്‍ ചോദിക്കണം; പറയണം. അത് ചായയാണോ കാപ്പിയാണോ കൂടുതല്‍ ഇഷ്ടം എന്ന് മാത്രമല്ല, മുണ്ടുടുക്കുന്നതാണോ പാന്റാണോ കൂടുതല്‍ പ്രിയമെന്നു മാത്രമല്ല, എന്റെ കൂടെ ഈ കിടപ്പറയില്‍ നീ സന്തോഷമായിരിക്കുന്നോ എന്ന് കൂടി ചോദിച്ചു തുടങ്ങുമ്പോ മറ്റെല്ലാം മാറിത്തുടങ്ങും .
പരസ്പര ബഹുമാനത്തോടെ, അതിലേറെ സ്‌നേഹത്തോടെ ചെയ്യേണ്ട ഒന്ന് മാത്രമാണ് ലൈംഗികബന്ധം. അല്ലെങ്കില്‍ അത് വെറും ബലാത്സംഗം മാത്രമാണ്. കുഞ്ഞുകുട്ടി പരാദീനങ്ങളെ ഓര്‍ത്തും നിവൃത്തികേടു കൊണ്ടും മാത്രം സ്ത്രീകള്‍ കേസ് കൊടുക്കുന്നില്ല എന്നേയുള്ളൂ. ഭാര്യമാര്‍ ഇരകള്‍ ആകുന്ന ആ സമ്പ്രദായത്തിന്റെ ഉച്ചിക്കൊരു കൊട്ട്-ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ തുറന്നിട്ടത് അത് തന്നെയാണ്