Exams : കുട്ടികളെ നമ്മളെന്തിനാണിങ്ങനെ പരീക്ഷപ്പേടികളില്‍ ആഴ്ത്തുന്നത്?
എനിക്കും ചിലത് പറയാനുണ്ട്. വിദ്യാഭ്യാസം ആസ്വാദ്യകരമായൊരു സാധ്യതയായി തീര്‍ക്കാനുള്ള ചുറ്റുപാടാണ് നാം ഒരുക്കേണ്ടത്. നിഖില നാസിര്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ചിത്രീകരണം -മാധവ് മേനോൻ (11th Standard)
അമിത പ്രതീക്ഷകളില്ലായിരുന്നെങ്കില്‍ ഈ ഭൂമിയൊരു സ്വര്‍ഗമായേനെ. മനുഷ്യര്‍ സമാധാനത്തിലുമായേനേ!
പറഞ്ഞു വരുന്നത് അമിത പ്രതീക്ഷകളെ കുറിച്ചാണ്. മാനുഷികബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്ന, മാനസികാവസ്ഥകളെ താളപ്പിഴയിലേക്കു നയിക്കുന്ന അമിത പ്രതീക്ഷകളെക്കുറിച്ച്. ഏതൊരു മാനുഷിക ബന്ധത്തിലും ആത്മാര്‍ത്ഥത കലരുമ്പോള്‍ കൂടെ പുലരുന്ന ഒന്നാണ് പ്രതീക്ഷ. എന്നാല്‍ അമിത പ്രതീക്ഷയോ? അത് സ്വാഭാവിക ജീവിതസാധ്യതയെ തകര്‍ക്കും. ഒപ്പം മാനസിക സംഘര്‍ഷങ്ങളെ വര്‍ധിപ്പിക്കും.
ഇത് പരീക്ഷാ കാലമാണല്ലോ. സി ബി എസ് ഇ പത്താം തരം, പ്ലസ് ടു പരീക്ഷയുടെ ആദ്യ സെഷന്‍ ഇപ്രാവശ്യം ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈനിലേക്ക് ആക്കിയപ്പോള്‍ പെട്ടത് കോവിഡ് കാലത്ത്
ഓണ്‍ലൈന്‍ പഠനസുഖം നന്നായി ആസ്വദിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.
എസ് എസ് എല്‍ സി പരീക്ഷക്ക് കല്പിക്കുന്ന അനാവശ്യ പ്രാധാന്യം കൗമാര കാലത്തെ മനോഹരിതയെ നഷ്ടപ്പെടുത്തുന്നു എന്നതൊരു ദുഃഖ സത്യമാണ്. വിദ്യാലയ പഠന സമയത്തിന് പുറമേ നിര്‍ബന്ധിത ട്യൂഷന്റേയും സ്‌പെഷ്യല്‍ ട്യൂഷന്റേയും ഇടയില്‍ കുടുങ്ങുന്ന കുട്ടികള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത സമ്മര്‍ദമാകുന്നത് മാതാപിതാക്കളുടേയും ബന്ധുജനങ്ങളുടേയും അമിത പ്രതീക്ഷയാണ്.
വിദ്യാത്ഥികള്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കം വിവിധങ്ങളായ മാനസിക പ്രശ്‌നങ്ങള്‍ക്കും അതുവഴി ശാരീരിക അസ്വസ്ഥതകളിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും വരെ നയിക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് മാത്രമല്ല, സ്‌കൂളുകള്‍ക്കും വിജയശതമാനവും എ പ്ലസുംഅവരുടെ അഭിമാനത്തിന്റെ അളവുകോലാണ്.
സര്‍ഗാത്മക ഇടപെടലുകള്‍ പോലും പത്താംതരം സമ്മര്‍ദ്ദങ്ങളില്‍ കരിഞ്ഞു പോകുന്ന അനുഭവങ്ങളും ധാരാളമാണ്. ജീവിതത്തിന്റെ ഗതി തീരുമാനിക്കുന്നത് എസ് എസ് എല്‍ സി പരീക്ഷയാണ് എന്നൊക്കെയുള്ള അനാവശ്യ അടിച്ചേല്‍പിക്കലുകള്‍ ഒഴിവാക്കാന്‍ നമുക്ക് കഴിയണം.
മഹത്തായ നേട്ടങ്ങള്‍ കൈവരിച്ച മഹാപ്രതിഭകളില്‍ ഭൂരിഭാഗവും പരീക്ഷകളില്‍ അത്യുന്നത വിജയം നേടിയവരല്ല. ആ സത്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതവര്‍ക്ക് വലിയ ആശ്വാസമാവും. ഭാവിയെ കുറിച്ച് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കും.
പരീക്ഷ എന്നത് ബുദ്ധി അളക്കാനുള്ള അടിസ്ഥാന മാനദണ്ഡമല്ല. അതിനാല്‍, അതിനെ അടിസ്ഥാനമാക്കി ഇപ്പോള്‍ നിലവിലുള്ള പരീക്ഷാ രീതികള്‍ എത്രത്തോളം ശാസ്ത്രീയമാണ് എന്ന കാര്യവും ഗൗരവത്തിലെടുക്കണം. പല വിദേശ സര്‍വ്വകലാശാലകളും പരീക്ഷാ ദിനങ്ങള്‍ക്കായി പ്രത്യേക ദിവസമില്ല. സാധാരണ പഠന ദിവസങ്ങളില്‍ അവിചാരിതമായി അദ്ധ്യാപകന്‍ പരീക്ഷ ഇടാറാണ് പതിവ്.
വിശാലമായ സാമൂഹിക- പാരിസ്ഥിതിക ലോകത്തെ മനസ്സിലാക്കുവാന്‍ പ്രാപ്തിയുള്ളവരാക്കി വിദ്യാര്‍ത്ഥി സമൂഹത്തെ മാറ്റേണ്ടതുണ്ട്. മഹത്തായ ജീവിത വിജയവും മാനവികതയും മാനുഷികതയുമുള്ള നല്ല മനുഷ്യനാവുക എന്ന ധന്യാവസ്ഥ വരും തലമുറ അനുഭവിച്ചറിയട്ടെ!
ഇതിനൊക്കെയൊപ്പം വിദ്യാഭ്യാസം ആസ്വാദ്യകരമായൊരു സാധ്യതയായി തീര്‍ക്കാനുള്ള ചുറ്റുപാടാണ് നാം ഒരുക്കേണ്ടത്. ഹോളിസ്റ്റിക് അക്കാദമിക അന്തരീക്ഷത്തിനു അത്തരത്തിലുള്ളൊരു കൂട്ടായ്മബോധം ഉണ്ടാക്കി എടുക്കുവാന്‍ സാധിക്കും. കുട്ടികളില്‍ അമിത പ്രതീക്ഷയുടെ'സമ്മര്‍ദം ചെലുത്താതിരിക്കാം. പ്രതിസന്ധികളെ സധൈര്യം നേരിടുന്ന,സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞു അതിനനുസൃതമായി കര്‍മ്മ മേഖലകള്‍ തിരഞ്ഞെടുക്കുന്നവരായി അവരെ വളരാന്‍ അനുവദിക്കാം. ജീവിതം ആസ്വാദ്യകരമായ ഒരൊറ്റ അവസരം മാത്രമാണെന്ന തിരിച്ചറിവോടെ വരും തലമുറകള്‍ രൂപപ്പെടട്ടെ. .