Opinion : ചേട്ടന്റെ ഭാര്യയേക്കാള്‍ പൊക്കം കുറഞ്ഞ പെണ്ണിനെ നോക്കിനടക്കുന്ന കല്യാണച്ചെക്കന്‍!
എനിക്കും ചിലത് പറയാനുണ്ട്. കെ. എസ് ഷൈന രാജേഷ് എഴുതുന്നു: പ്രായം മുപ്പതു കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന സ്ത്രീപുരുഷന്‍മാര്‍ ഇന്ന് കേരളത്തില്‍ കൂടുതലാണ്. പലവിധ കാരണങ്ങള്‍ കൊണ്ടും അവരവര്‍ക്കു ചേര്‍ന്ന ജീവിത പങ്കാളിയെ കണ്ടെത്താനാവുന്നില്ല എന്നതാണ് വാസ്തവം.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
തിരുവനന്തപുരത്തുമുതല്‍ കാസര്‍ഗോഡ് വരെ നീണ്ടു പരന്നു കിടക്കുന്ന കേരളത്തില്‍ കല്യാണങ്ങളും കല്യാണ മേളങ്ങളും പലവിധമാണ്. ആധുനിക സാങ്കേതിക വിദ്യയുമായി 'സേവ് ദി ഡേറ്റ്' പരിപാടികള്‍ കളം അടക്കി വാഴുമ്പോഴും നമ്മുടെ കല്യാണങ്ങളുടെ കെട്ടുംമട്ടും പഴഞ്ചന്‍ തന്നെയാണ്. വിവാഹ ആലോചനകളുടെ കാര്യം എടുക്കുക. അവ പലതും ഇപ്പോഴും നടക്കുന്നത് പഴയ ചായയും ബിസ്‌ക്കറ്റും രീതിയില്‍ തന്നെയാണ്. പെണ്ണുകാണല്‍ മാമൂലുകള്‍ക്കും വലിയ മാറ്റങ്ങളില്ല.
ആണ്‍ വീട്ടുകാര്‍ക്കും പെണ്‍ വീട്ടുകാര്‍ക്കും കല്യാണ ആലോചനയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ചില്ലറയല്ല. ഒരു സുഹൃത്ത് പറഞ്ഞ ഈ സംഭവം ഉദാഹരണമായി എടുക്കാം. അവളുടെ നാട്ടില്‍ നടന്ന കാര്യമാണ്. കേരളത്തിന് പുറത്തു ജോലിയുള്ള ഒരു പെണ്‍കുട്ടി. അവള്‍ പെണ്ണുകാണലുമായി ബന്ധപ്പെട്ട് നാട്ടില്‍ വന്നതാണ്. പെണ്ണുകാണല്‍ കഴിഞ്ഞു, പെണ്ണ് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. നാല് ആഴ്ചകഴിഞ്ഞിട്ടും പെണ്ണുകണ്ടു പോയ ചെക്കന്‍ വീട്ടുകാര്‍ വിവരം ഒന്നും പറയുന്നില്ല. ഇടനിലക്കാരന്‍ വഴി അന്വേഷിപ്പിച്ചപ്പോഴാണ് കാര്യം അറിഞ്ഞത് - പെണ്‍കുട്ടിക്ക് കാണാന്‍ വന്ന ചെക്കന്റെ ചേട്ടന്റെ ഭാര്യയെക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. അതിനാല്‍ ഈ ആലോചനയുമായി മുന്നോട്ട് പോവാന്‍ പറ്റില്ല.
പ്രായം മുപ്പതു കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന സ്ത്രീപുരുഷന്‍മാര്‍ ഇന്ന് കേരളത്തില്‍ കൂടുതലാണ്. പലവിധ കാരണങ്ങള്‍ കൊണ്ടും അവരവര്‍ക്കു ചേര്‍ന്ന ജീവിത പങ്കാളിയെ കണ്ടെത്താനാവുന്നില്ല എന്നതാണ് വാസ്തവം. അവരവര്‍ക്കു ചേര്‍ന്നത്-എന്ന പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നത് മാനസികമായി പൊരുത്തപ്പെടാനാവുന്നത് എന്നാണ്. രണ്ടു വ്യക്തികള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ബഹുമാനവും ഉണ്ടാവുന്നില്ലെങ്കില്‍ ഒന്നിച്ചൊരു ജീവിതം ഉണ്ടാക്കാനാവില്ലല്ലോ?
ഈ വിഷയം പലരും മനസിലാക്കുന്നില്ല എന്നതാണ് സത്യം. കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണമാവാതെ നില്‍ക്കുന്നവരുടെ അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി തുടങ്ങിയവര്‍ക്കെല്ലാം അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവും. ഉപദേശങ്ങള്‍ ദിനേനയെന്നോണം പലരില്‍ നിന്നായി കേള്‍ക്കേണ്ടി വരുന്നത് അത്രയേറെ സന്തോഷകരമായ വിഷയമല്ല.
''നിങ്ങള്‍ ഒരു സാധാരണ കുടുംബമല്ലേ, അതുകൊണ്ടു അതെ തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നുള്ള ആലോചനകളാണ് നോക്കേണ്ടത്, പത്തു വയസ്സിന്റെ വ്യത്യാസമൊന്നും ഒരു വ്യത്യാസമല്ല, ജോലി മാത്രം നോക്കിയാല്‍ പോരെ?
ഇങ്ങനെ ഉപദേശങ്ങള്‍ പലവിധമായിരിക്കും.
ഇതൊക്കെ കേട്ട് മടുത്ത ഒരു പെണ്‍കുട്ടിയെ അന്യ നാട്ടില്‍ നിന്നും പെണ്ണുകാണാന്‍ വിളിച്ചുവരുത്തിയശേഷം, ചേട്ടന്റെ ഭാര്യയുടെ ഉയരമില്ലായ്മയുമായി താരതമ്യപ്പെടുത്തി അവളുടെ ഉയരക്കൂടുതലിനെ പഴിപറഞ്ഞ് കല്യാണ ആലോചനകള്‍ ചായയിലും ബിസ്‌ക്കറ്റിലും അവസാനിക്കുമ്പോള്‍ ആലോചിക്കപ്പെടേണ്ട വിഷയം ഒന്നേ ഉള്ളു. കല്യാണവുമായി ബന്ധപ്പെട്ട ഏറെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിക്കാനാവാത്ത അവസ്ഥ.
ഇക്കാര്യം മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിഞ്ഞാല്‍, ഏത് തരം ബന്ധമാണ് വേണ്ടതെന്ന ധാരണയില്‍ എത്താം. അതിന് ചേരാത്ത ബന്ധമാണ് വരുന്നതെങ്കില്‍ ആദ്യമേ അതൊഴിവാക്കാം. ഈ സാമാന്യ ബോധം നമുക്ക് നഷ്ടപ്പെട്ടു പോകുന്നത് എന്ത് കൊണ്ടാണ്?
കുല മഹിമ, കുടുംബ മഹിമ, വീടിന്റെ വലിപ്പം, ആകെ മുറികളുടെ എണ്ണം, പെണ്ണിന്റെയും വീട്ടുകാരുടെയെയും ഇരിപ്പ്- നടപ്പു രീതികള്‍ എന്നിവയെല്ലാം അറിയാന്‍ അനേകം വഴികള്‍ ഉണ്ടെന്നിരിക്കെ കല്യാണ ആലോചനകള്‍ പഴയ നടപ്പു രീതിയില്‍ നിന്നും മാറേണ്ടി ഇരിക്കുന്നു. ഇന്നും പല കല്യാണങ്ങളിലും പെണ്ണിനും ചെറുക്കനും ഒന്നോ രണ്ടോ തവണ നേരിട്ട് കണ്ടു സംസാരിക്കാനുള്ള അവസരങ്ങള്‍ പോലും ലഭിക്കാറില്ല എന്നതാണ് വാസ്തവം.
ഡിമാന്റുകള്‍ എല്ലാം ചേരും പടി ചേര്‍ന്നാല്‍ പിന്നെ കണ്ടു സംസാരിക്കലും പരസ്പരം അറിയാന്‍ ശ്രമിക്കലും എല്ലാം അനാവശ്യ സംഗതികള്‍ പോലെതന്നെയാണ് ഇന്നും കരുതപ്പെടുന്നത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് സ്ത്രീക്കും പുരുഷനും ഒരു സങ്കല്‍പ്പം തന്നെയാണ്. കല്യാണങ്ങള്‍ സാമൂഹ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എങ്കിലും അടിസ്ഥാനപരമായി കല്യാണങ്ങള്‍ വ്യക്ത്യാധിഷ്ഠിതമാണ്. അത് മനസിലാക്കി വ്യത്യസ്ത സാഹചര്യത്തില്‍ ജീവിച്ചു വന്ന സ്ത്രീക്കും പുരുഷനും പരസ്പരം മനസിലാക്കാനുള്ള അവസരമാണ് മറ്റുള്ളവര്‍ ഉണ്ടാക്കി കൊടുക്കേണ്ടത്. അല്ലാതെ ചേട്ടന്റെ ഭാര്യയുടെ ഉയരം മാനദണ്ഡമാക്കി അനിയന്‍ പെണ്ണ് കാണാന്‍ നടന്നാല്‍, സാമാന്യമായി പറഞ്ഞാല്‍ അത് വൃത്തികേടാണ്.