മകളെ കൊല്ലുന്ന അമ്മ, കുട്ടികളെ കൊന്ന് ഒപ്പം മരിക്കുന്ന അച്ഛന്‍, ഇവര്‍ ഉണ്ടാവുന്നത് എങ്ങനെയാണ്!

എനിക്കും ചിലത് പറയാനുണ്ട്. അശ്വതി ജോയ് അറയ്ക്കല്‍ എഴുതുന്നു
 

speak up How children are affected by their parents unhappy marriage

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up How children are affected by their parents unhappy marriage

'ജോലിക്ക് പോകാന്‍ കുഞ്ഞ് തടസ്സം. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി...'

'ഭര്‍ത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ മകനെ തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ.' 

''ഭാര്യയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍, പഠനാവശ്യത്തിനായി ഹോസ്റ്റലില്‍ താമസിക്കുന്ന ഭാര്യക്കും, അടുത്ത ബന്ധുക്കള്‍ക്കും 'കുഞ്ഞുങ്ങളെയും കൂട്ടി താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അര്‍ദ്ധരാത്രിയില്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷം ഒന്‍പതും നാലും വയസ്സുള്ള രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു...'

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടയില്‍ നടന്ന മനസ്സിനെ ഏറെ വേദനിപ്പിച്ച ചില വാര്‍ത്തകള്‍ ആണിതൊക്കെ. ഇതുപോലുള്ള ഒരുപാട് വാര്‍ത്തകളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഇനിയുമുണ്ട് പങ്കാളിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതും, പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയതുമായ ഒരുപാട് കഥകള്‍.

കുഞ്ഞുങ്ങളുടെ ശരീരത്ത് ഒരു പോറലേറ്റ് രക്തം പൊടിയുന്നത് പോലും മാതാപിതാക്കള്‍ക്ക് സങ്കടമാണ്. അപ്പോള്‍ വാശിയും വൈരാഗ്യവും മൂലം സമനില തെറ്റി സ്വന്തം കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും, ശ്വാസം മുട്ടിച്ചുമൊക്കെ കൊല്ലുക എന്നത് എന്തൊരു ക്രൂരതയാണ്. വയറ്റില്‍ ചുമന്നതും പ്രസവിച്ചതും മുലയൂട്ടിയതും 'അമ്മേ' എന്നു വിളിച്ചുള്ള കൊഞ്ചലുകളും അങ്ങനെ ഒന്നുമൊന്നുമോര്‍ത്ത് അമ്മമാരോ, തന്റെ പ്രാണന്റെ പങ്കിനെ പ്രസവമുറിയുടെ പുറത്തു വച്ച് ആദ്യം കണ്ടതും മുത്തമിട്ടതും നെഞ്ചോട് ചേര്‍ത്ത് ഉറക്കിയതുമൊന്നും ഓര്‍ത്ത് ആ അച്ഛന്മാരോ ഈ ക്രൂരതയില്‍ നിന്നും പിന്മാറിയില്ല. അല്ലെങ്കില്‍ ആ ഓര്‍മകള്‍ക്കൊക്കെ ഒരുപാട് മുകളിലായിപ്പോയി ഒരുകാലത്ത് പ്രാണനായി സ്‌നേഹിച്ചു സ്വന്തമാക്കി പിന്നീട് ശത്രുവായി മാറിയ പങ്കാളിയോടുള്ള വാശിയും വൈരാഗ്യവും കൊണ്ട് നിലതെറ്റിയ മനസ്സിന്റെ ക്രൂരത.

ഈ വാര്‍ത്തകളുടെയൊക്കെ സോഷ്യല്‍മീഡിയ കമന്റ് ബോക്‌സില്‍ മിക്കവരും തങ്ങളുടെ മനസ്സിന്റെ വേദന പങ്കു വച്ചിട്ടുണ്ട്... ''ആ കുഞ്ഞുങ്ങളെ വെറുതെ വിടാമായിരുന്നില്ലേ?'' എന്നാണ് പലരും ചോദിക്കുന്നത്. ശരിയാണ് ആ കുഞ്ഞുങ്ങളെന്ത് തെറ്റാണു ചെയ്തത്? അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അവരുടെ ജീവിതം എന്തിന് ഇല്ലാതാക്കണം? ഇതൊക്കെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന, ചിന്തിക്കേണ്ട, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. എന്നാല്‍ എന്നെ അലട്ടിയത് മറ്റൊരു ചോദ്യമാണ്...

'സ്വന്തം രക്തത്തെ ഇല്ലാതാക്കുന്ന ക്രൂരതയിലേക്ക് ഒരു അച്ഛനും അമ്മയും എത്തി എങ്കില്‍ മരണത്തിനു മുന്‍പ് ആ കുഞ്ഞുങ്ങള്‍ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകണം?'

കുഞ്ഞുങ്ങളെ ഇല്ലാതാക്കുക, ആത്മഹത്യ ചെയ്യുക എന്നതൊന്നും ഒറ്റനിമിഷത്തെ ദേഷ്യത്തിന് ചെയ്യുന്നതാകില്ല. പങ്കാളിയോടുള്ള വൈരാഗ്യം ഇങ്ങനെയൊരു ക്രൂരത ചെയ്യിക്കുന്നതിലേക്ക് എത്തണം എങ്കില്‍ അതിനു മുന്‍പ് പലതും നടന്നിരിക്കാം. വാക്കുതര്‍ക്കം, വഴക്കുകള്‍, അടിപിടി. ഇതിനൊക്കെ ഇടയില്‍ ഭീതി നിറഞ്ഞ മനസ്സുമായി മുറിയുടെ മൂലയില്‍ ചുരുണ്ടുകൂടി ആ കുഞ്ഞുങ്ങളും ഉണ്ടായിരിക്കില്ലേ?. ദാമ്പത്യ പ്രശ്‌നങ്ങള്‍ പുറമെ നിന്നും ചര്‍ച്ച ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ പറയാറ് ദുരിതം അനുഭവിക്കുന്ന ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പ്രശ്‌നങ്ങളാണ്. അതിനിടയില്‍പ്പെട്ടു മാനസികമായി ഞെങ്ങിഞെരുങ്ങി പേടിച്ചരണ്ട മനസ്സുമായി ജീവിക്കുന്ന, നിസ്സഹായരായി പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയാണ് ഞാനോര്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ അവസ്ഥക്കാണ് ആദ്യം പരിഹാരം ഉണ്ടാകേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അച്ഛനോട് വഴക്ക് കൂടുമ്പോള്‍ വാശിതീര്‍ക്കാന്‍ തന്നെ തുരുതുരെ തല്ലുന്ന, വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്ന അമ്മയെപ്പറ്റി പറഞ്ഞു കരയാറുള്ള എന്റെയൊരു സുഹൃത്തിന്റെ ജീവിതമാണ് ഓര്‍മ വരുന്നത്. ചെറുപ്പത്തില്‍ അവള്‍ക്ക് രാത്രിയാകുന്നത് പേടിയായിരുന്നു. മദ്യപാനിയായ അച്ഛനും, സംശയരോഗിയായ അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ പേടിച്ചരണ്ടാണ് അവള്‍ വളര്‍ന്നത്.  വഴക്കും പ്രശ്‌നവും ഇല്ലാതെ ഉറങ്ങിയ ഒരു രാത്രിയും അവളുടെ ഓര്‍മകളില്‍ ഇല്ല. പ്രശ്‌നങ്ങള്‍ കഴിഞ്ഞു അച്ഛന്‍ ഉറങ്ങി കഴിയുമ്പോള്‍ അമ്മ മകള്‍ക്ക് നേരെ തിരിയും.. തൊട്ടതിനും പിടിച്ചതിനുമൊക്കെ ക്രൂരമായി മര്‍ദ്ദിക്കും. അച്ഛന്റെ നശിച്ച സ്വഭാവം ആണ് മകള്‍ക്കും എന്ന് പറഞ്ഞു വേദനിപ്പിക്കും. ഒടുവില്‍ വളര്‍ന്നപ്പോള്‍ വിവാഹം എന്ന് കേള്‍ക്കുന്നത് പോലും അവള്‍ക്ക് പേടിയായിരുന്നു. ഇപ്പോള്‍ വിവാഹിത ആണെങ്കിലും അവളൊരു അമ്മ ആകാന്‍ തയ്യാറായിട്ടില്ല. ബാല്യം നല്‍കിയ ട്രോമ അത്രത്തോളം ഇന്നും ആ മനസ്സിലുണ്ട്.

അതുപോലെ ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ മകന്‍ കഷ്‌പ്പെട്ട് സമ്പാദിച്ച വീടിനു തീയിട്ട അച്ഛനെ നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയപ്പോള്‍ അത് വാര്‍ത്തയായി. ചര്‍ച്ചയായി. എന്നാല്‍ ഒരു വാര്‍ത്താ കോളങ്ങളിലും എത്താതെ നിസ്സഹായരായി ഉരുകി എത്രയോ കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ടാകും. ഒന്നുറക്കെ കരയാന്‍ പോലും പേടിച്ച്. അമ്മയ്ക്കും അച്ഛനും പരസ്പരമുള്ള ദേഷ്യം തീര്‍ക്കുവാനുള്ള ഉപകരണങ്ങളായി...

ഇനി, ഇഷ്ടത്തോടെയാണെങ്കിലും, നിര്‍ബന്ധപൂര്‍വ്വം ആണെങ്കിലും പ്രായപൂര്‍ത്തി ആയ രണ്ടുപേരുടെ കൂടിച്ചേരല്‍ ആണ് വിവാഹം. ബോധപൂര്‍വം എടുത്ത തീരുമാനം. എന്നാല്‍ കുഞ്ഞുങ്ങളുടെ ജനനം അങ്ങനെ അല്ല. ആഗ്രഹിച്ചിട്ടല്ല ഒരു കുഞ്ഞും ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത്. പുരുഷനും സ്ത്രീയും അവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി ജനിപ്പിക്കുന്നതാണ് കുഞ്ഞുങ്ങളെ. ആ കുഞ്ഞുങ്ങള്‍ക്ക് പ്രായപൂര്‍ത്തി ആകുന്നത് വരെ ആരോഗ്യകരമായ  ജീവിത സാഹചര്യം നല്‍കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കാന്‍ മാനസികമായി തയ്യാറല്ലാത്തവര്‍ ദയവുചെയ്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതിരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം. സമൂഹം പറയുന്നു എന്നതുകൊണ്ട് വിവാഹം കഴിക്കുക, സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നതൊക്കെ അവസാനിപ്പിക്കുക.

നിങ്ങള്‍ക്ക് വിവാഹം കഴിക്കണം എങ്കില്‍ ആയിക്കൊള്ളൂ. പക്ഷെ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് മുന്‍പ് ആയിരം പ്രാവശ്യം ആലോചിക്കണം. ഗര്‍ഭധാരണവും, പ്രസവവും എല്ലാം പുരുഷനെക്കാള്‍ സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. പോസ്റ്റുപാര്‍ട്ടം ഡിപ്രെഷന്‍ പോലുള്ള അവസ്ഥകളെ നേരിടേണ്ടി വരുന്നതും സ്ത്രീയാണ്. പ്രസവശേഷം പലപ്പോഴും കരിയര്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നതും സ്ത്രീയാണ്. എല്ലാം ആലോചിച്ചുറപ്പിച്ചു, പരസ്പരം അഡ്ജസ്റ്റ് ചെയ്ത്, സപ്പോര്‍ട്ട് ചെയ്ത് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കും എന്നുണ്ടെങ്കില്‍ മാത്രം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക. തങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥകളെ കുറിച്ച് സ്ത്രീകള്‍ക്ക് വ്യക്തമായ ബോധ്യം ഉണ്ടാകണം. പങ്കാളിക്ക് എല്ലാ പിന്തുണയും നല്‍കാന്‍ പുരുഷനും സാധിക്കണം. അല്ലാതെ നാട്ടുകാരുടെ വായടപ്പിക്കാനും, വയസ്സുകാലത്ത് കഞ്ഞിയുടെ വറ്റ് കിട്ടാനും കുഞ്ഞുങ്ങളെ ജനിപ്പിച്ചിട്ട് പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങളുടെ പരാജയപ്പെട്ട ദാമ്പത്യത്തിന്റെ ഇരകളാക്കി മാറ്റരുത് കുഞ്ഞുങ്ങളെ.

ഇതൊക്കെ എളുപ്പം സാധ്യമാകുന്ന കാര്യങ്ങള്‍ അല്ല എന്നറിയാം. വിദേശങ്ങളിലെ ഒക്കെ പോലെ പേരന്റിംഗ് പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍, മാതാപിതാക്കള്‍ ആകുന്നതിനു മുന്‍പ് കൃത്യമായ ക്ലാസുകളും, കൗണ്‍സിലിങ്ങുമൊക്കെ നമ്മുടെ നാട്ടിലും നിര്‍ബന്ധമാക്കണം. പേരന്റിംഗ് എന്നത് ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിഷയം അല്ലെന്നും അതിനു ശാരീരികവും മാനസികവുമായ പക്വത ആവശ്യമാണെന്നും ദമ്പതികളും സമൂഹവും മനസ്സിലാക്കണം. പേരന്റ്‌സ് ആയ ശേഷം വേര്‍പിരിയുക ആണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് അച്ഛന്റെയും അമ്മയുടെയും കെയര്‍ ഒരുപോലെ കിട്ടുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കണം.

വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കുഞ്ഞിനെ ജനിപ്പിക്കാന്‍ പറയുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ ഇതിനൊക്കെ എത്രത്തോളം സാധിക്കും എന്നറിയില്ല. എങ്കിലും ഇതൊന്നും പറയാതെ വയ്യ. ആരെയും നന്നാക്കാന്‍ വേണ്ടി ജനിക്കേണ്ടവര്‍ അല്ല കുഞ്ഞുങ്ങള്‍. നന്നായി വളര്‍ത്താം എന്ന ഉറപ്പുണ്ടെങ്കില്‍ മാത്രം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക. അതുപോലെ ആരുടെയും വാശിയോ, വൈരാഗ്യമോ തീര്‍ക്കാനുള്ള ആയുധങ്ങളും അല്ല കുഞ്ഞുങ്ങള്‍. ഓരോ കുഞ്ഞും ഓരോ വ്യക്തിയാണ്. നാളത്തെ തലമുറയാണ്. അവര്‍ക്കുമുണ്ട് നോവുന്ന മനസ്സും, വേദനിക്കുന്ന ശരീരവും. ശരീരം മുറിയുന്ന പാട് മാഞ്ഞു പോയാലും മനസ്സിനേറ്റ മുറിവ് ഒരിക്കലും മാഞ്ഞുപോകില്ല. കാലം കഴിയും തോറും ഒരുപക്ഷെ അത് വീണ്ടും പഴുത്തേക്കാം. ആ പഴുപ്പില്‍ നിന്നും ചോരയും ചലവും ഒഴുകി തുടങ്ങിയേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios