ഇതാണ് അധ്യാപകര്‍, ഇങ്ങനെയാവണം അധ്യാപകര്‍!
എനിക്കും ചിലത് പറയാനുണ്ട്. സഫീറ താഹ എഴുതുന്നു: മാര്‍ക്ക് നേടിയാലും നാടിനും വീടിനും കൊള്ളില്ലെങ്കില്‍ അത്‌കൊണ്ട് ഒരു കാര്യവുമില്ല എന്ന രമടീച്ചറുടെ തുറന്നുപറച്ചിലില്‍ എന്റെ എത്രയെത്ര ആശങ്കകളുടെ മുനയാണ് ഒടിഞ്ഞത് !
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
"എന്തിനാണ് കരയുന്നത്? കരയുമ്പോള്‍ ഓര്‍ക്കണം നല്ല സ്വഭാവമുള്ള മകനെയാണ് ഈശ്വരന്‍ നല്‍കിയതെന്ന്. ഈ പ്രായത്തിലെ കുട്ടികള്‍ക്കുള്ള ഒരു കുരുത്തക്കേടുകളും മകനില്ലാ. അതിന്റെ ക്രെഡിറ്റ് അവന്റെ ഉമ്മയ്ക്കാണ്."
ഈ അടുത്താണ് മൂത്തമോന്‍ പഠിക്കുന്ന കെ ടി സി ടി സ്‌കൂളില്‍ ഒരു പേരന്റ്‌സ് മീറ്റിംഗ് നടന്നത്. ഞാന്‍ അതില്‍ പങ്കെടുത്തിരുന്നു. അവന്‍ പത്താം ക്ലാസ്സിലാണ് ഇപ്പോള്‍ പഠിക്കുന്നത്.
അവനും ഞാനും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞു. കൂടെ അവനും കരഞ്ഞു.
എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണമെന്ന് ഏതൊരു മാതാവിനെയും പോലെ ഞാനും ആഗ്രഹിച്ചു. അതിന് വേണ്ടി കഴിവിന്റെ പരമാവധി ഞാന്‍ അവനെ സഹായിച്ചു.
എന്നാല്‍ പരീക്ഷയുടെ സമയത്ത് പൊടിമോനെയും കൊണ്ട് ഞാന്‍ ഹോസ്പിറ്റലില്‍ ആകുകയും മോനും ഇക്കയും ഹോസ്പിറ്റല്‍, വീട്, എന്ന വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്തു.
ഓരോ സബ്ജക്ടിന്റെയും മാര്‍ക്കുകള്‍ കണ്ട എനിക്ക് അതുവരെയുള്ള ആത്മവിശ്വാസവും പ്രതീക്ഷയും നഷ്ടമായി. അവന് സംഭവിച്ച അപകടങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ എനിക്കുണ്ടായിരുന്ന പോസിറ്റീവ് മനേഭാവം എവിടെയോ പോയി മറഞ്ഞു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍നിന്നും കരകയറ്റാന്‍ നഴ്സറികുട്ടികളെ എന്നപോലെ എഴുതിപ്പിച്ച് അവനെ ഉയര്‍ത്തികൊണ്ട് വന്നതാണ്.
അവന് വേഗം എഴുതാന്‍ കഴിയില്ല എന്ന് ഞാന്‍ ചിന്തിച്ചിരുന്ന ഘട്ടത്തില്‍ ആ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സഞ്ജീവ് സര്‍ ചെയ്‌തൊരു കാര്യമാണ് അവനും എനിക്കും ആത്മവിശ്വാസം നല്‍കിയത്.
സര്‍ ഒരു പേനയും പേപ്പറും അവന് നല്‍കി. എഴുതാന്‍ പറഞ്ഞു. സാറിന്റെ മുന്‍പില്‍ ആയിരുന്നിട്ടും പതറാതെ സ്പീഡില്‍ എഴുതാന്‍ അവന് കഴിഞ്ഞു.
'അവന്‍ മിടുക്കനായി എഴുതുന്നുണ്ടല്ലോ! ഒരു ടെന്‍ഷനും വേണ്ട. അവന് ടൈം മാനേജ് ചെയ്യാന്‍ കഴിയും. 'ചിരിച്ചുകൊണ്ട് അന്നദ്ദേഹം പറഞ്ഞു.
പ്രോഗ്രസ് റിപ്പോര്‍ട്ട് വാങ്ങി ഇറങ്ങുമ്പോഴും അദ്ദേഹത്തെകണ്ടു. 'കുഴപ്പമില്ല ഇനിയും ടൈം ഉണ്ട്. അവന്‍ അച്ചീവ് ചെയ്‌തോളും!'എന്നദ്ദേഹം പറഞ്ഞു.
മീറ്റിങിനിടയില്‍ നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കാന്‍ വിഫലമായൊരു ശ്രമം ഞാന്‍ നടത്തിയെങ്കിലും അവന്റെ ക്ലാസ്സ് ടീച്ചര്‍ രമാദേവി ടീച്ചര്‍ അത് കണ്ടെത്തി. ടീച്ചറുടെ വാക്കുകളാണ് ആദ്യം പരാമര്‍ശിച്ചത്. കൂടെയുണ്ടായിരുന്ന സരിത ടീച്ചര്‍ അത് ശരിവെയ്ക്കുക കൂടി ചെയ്തപ്പോള്‍ എന്റെ മനസ്സ് ശാന്തമായി.
ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ വീഡിയോ ഓഫ് ചെയ്യുന്ന, ശ്രദ്ധിക്കാത്ത കുട്ടികളെ കുറിച്ച് വേദനയോടെ വോയിസ് ഇടുന്ന ആത്മാര്‍ത്ഥമായി ഉപദേശിക്കുന്ന സ്മിത ടീച്ചര്‍, എന്ത് സഹായവും എപ്പോഴും ചോദിക്കാം, അവന്‍ മുന്നോട്ട് വരുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന റജീന ജലാല്‍ എന്ന ടീച്ചര്‍, ഇവരൊക്കെ നല്‍കുന്ന ആത്മവിശ്വാസം കടലോളമാണ്.
ഇന്നുവരെ ഞാന്‍ നടക്കുന്ന വഴിത്താരയില്‍ അവനെയും നടത്തുക എന്നതായിരുന്നു ഞാന്‍ ചെയ്തിരുന്നത്. എന്റെ പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍ എല്ലാം ഞാന്‍ അവനില്‍ സ്‌നേഹത്തോടെ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലായി. മക്കളുടെ മുന്നോട്ടുള്ള വഴിയിലെ കല്ലും മുള്ളും മാറ്റുക എന്നതാണ് ഓരോ മാതാപിതാക്കളും ചെയ്യേണ്ടത് എന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
മാര്‍ക്ക് നേടിയാലും നാടിനും വീടിനും കൊള്ളില്ലെങ്കില്‍ അത്‌കൊണ്ട് ഒരു കാര്യവുമില്ല എന്ന രമടീച്ചറുടെ തുറന്നുപറച്ചിലില്‍ എന്റെ എത്രയെത്ര ആശങ്കകളുടെ മുനയാണ് ഒടിഞ്ഞത് !
എത്രനാളത്തെ ടെന്‍ഷനുകളുടെ, ഉറക്കമില്ലാത്ത ചിന്തകളുടെ വേരുകളാണ് നശിച്ചുപോയത്!
പുതിയൊരു ആത്മവിശ്വാസം നമ്മിലേക്ക് ഇന്‍ജെക്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഇതുപോലുള്ള അധ്യാപകരെയാണ് അക്ഷരം തെറ്റാതെ 'ഗുരു' എന്ന് വിളിക്കേണ്ടത്.
മക്കളെ നമുക്ക് സഹായിക്കാം. അവര്‍ ഉയര്‍ന്നുവരണം. എന്നാല്‍ അവരിലേക്ക് നമ്മള്‍ അറിയാതെ കൊടുക്കുന്ന സ്‌ട്രെസ് അപകടകാരിയാണ്. അവര്‍ മനസ്സിന് അസ്വസ്ഥതകളില്ലാതെ അലട്ടലുകളില്ലാതെ പഠിക്കട്ടെ! സ്വയം ലക്ഷ്യങ്ങളെ വാര്‍ത്തെടുക്കാന്‍ പര്യാപ്തരാകട്ടെ. !
ഒന്നുകൂടി പറയട്ടെ, അധ്യാപകര്‍ എന്നാല്‍ മുകളില്‍ ഞാന്‍ സൂചിപ്പിച്ചവരെ പോലെയാകണം. ഒരു വാക്ക് കൊണ്ട്‌പോലും ഒരു കുട്ടിയെ നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിടാന്‍ ഓരോ അധ്യാപകര്‍ക്കും കഴിയും, എന്നാല്‍ ഇതുപോലെയുള്ള അധ്യാപകരുടെ വാക്കുകള്‍ നല്‍കുന്ന ആശ്വാസം അത്രയും വലുതാണ്. ഇത് വായിക്കുന്ന നിങ്ങള്‍ ഒരു അധ്യാപികയോ അധ്യാപകനോ ആണെങ്കില്‍ കുട്ടികളെ മനസിലാക്കാന്‍ കഴിയുന്നവരാകണം, അപേക്ഷയാണ്. എത്രയെത്ര കുട്ടികള്‍ അവഗണനയുടെ പടുകുഴിയില്‍ ശ്വാസംമുട്ടി ജീവിതം നശിച്ചവരുണ്ടാകും !
നിങ്ങള്‍ മാതാപിതാക്കള്‍ ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കുട്ടികളുടെ താത്കാലിക പരാജയങ്ങളെ പേടിയോടെ കാണാതിരിക്കുക, അവരെ സമാധാനത്തോടെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുക. ഹതാശരാകാതിരിക്കുക. കാരണം നല്ല സ്വഭാവമുള്ള മക്കളാണ് നാടിനും വീടിനും ആവശ്യം. തീര്‍ച്ചയായും അങ്ങനെയുള്ള മക്കള്‍ അവരുടെ പാതകള്‍ തിരിച്ചറിയും. പരാജയങ്ങള്‍ താല്‍ക്കാലികമാണ്.അവര്‍ ജീവിതപരീക്ഷയില്‍ മുന്നേറുകതന്നെ ചെയ്യും. ഇത് പോലുള്ള അധ്യാപകര്‍ കൂടിയുണ്ടെങ്കില്‍, മാതാപിതാക്കള്‍ ചേര്‍ത്തുപിടിച്ചാല്‍.