ദാമ്പത്യത്തിന്റെ പേരില്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കണോ?

സ്വന്തം വീട്ടുമുറ്റത്ത്, പ്രിയപ്പെട്ട മകളുടെ ദേഹം തണുത്തുമരവിച്ച് എത്തും മുമ്പാണ്് നാം അവളെ ചേര്‍ത്ത് പിടിക്കേണ്ടത്. പെണ്‍കുഞ്ഞുങ്ങളെ തെറ്റുകളോട് എതിരിടാന്‍; സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍; പ്രശ്‌നങ്ങളില്‍ ഒളിച്ചോടാതിരിക്കാന്‍ പ്രാപ്തരാക്കണം. 'സൂക്ഷിപ്പ് മുതലാണ് നീ' എന്ന പറച്ചില്‍ നിര്‍ത്തി നീ ഞങ്ങളുടെ സ്വത്താണെന്ന് സന്തോഷത്തോടെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി പറയൂ, ഇനിയും ഇരകള്‍ ഇല്ലാതെ നോക്കാനാവും. 
 

Speak up by Raselath latheef on Thusharas murder

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak up by Raselath latheef on Thusharas murder

ആരുമില്ലാതെ തെരുവില്‍ പിറന്നുവീണവളല്ല അവള്‍. വീട്ടുകാര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍, നാട്ടുകാര്‍ എല്ലാവരും ഉണ്ട്. എങ്കിലും കേള്‍ക്കാന്‍ ഒരാളുമില്ലാത്ത നിശ്ശബ്ദ വിലാപങ്ങള്‍ക്കൊടുവിലാണ് മരണം അവളെ സ്വന്തമാക്കിയത്. എല്ലാവരും ഉണ്ടായിട്ടും അവള്‍ ആരുമില്ലാത്ത ഒരുവളായി ജീവിതത്തില്‍നിന്നും നിന്നും അറ്റുപോയത് എന്തു കൊണ്ടാണ്? 

ആ ചോദ്യത്തിനുത്തരം കിടക്കുന്നത് നമ്മുടെയെല്ലാം നിസ്സഹായതയ്ക്കും നിസ്സംഗതയ്ക്കും ഉള്ളിലാണ്. 'തുഷാര' എന്ന പേര് വാര്‍ത്തകളില്‍ കാണുമ്പോള്‍ മൂക്കത്തു വിരല്‍ വച്ച് 'അയ്യോ പാവം പെണ്‍കുട്ടി അതിന്റൊരു വിധി' എന്ന ഒരൊറ്റ വാക്യത്തില്‍ അവസാനിപ്പിച്ചു പോകുന്ന നമ്മുടെ എല്ലാവരുടെയും നിസ്സംഗതയ്ക്കു മുന്നിലൂടെ ഇതുപോലെ എത്ര പെണ്‍കുട്ടികളാണ് ദയനീയമായി മരണത്തിലേക്ക് നടന്നുപോവുന്നത്. പത്രം വായിച്ചു തീരും മുന്‍പ് മറന്നുപോകുന്ന ഒരൊറ്റക്കോളം വാര്‍ത്ത മാത്രമാണ് നമുക്കത് എങ്കില്‍, ആ പീഡാനുഭവങ്ങളിലൂടെ കടന്നുപോവുന്ന പെണ്‍കുട്ടികള്‍ക്ക് അതല്ല അവസ്ഥ. ഒന്നും മറക്കാനാവുന്നേയില്ല അവര്‍ക്ക്. കാരണം, അതവരുടെ ജീവിതമാണ്. 

എങ്ങനെയാണ് അവരിങ്ങനെ നിസ്സഹായതയിലേക്കു മൂടിപ്പോവുന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഉറപ്പായും അതിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നത് വീടകങ്ങളില്‍നിന്നു തന്നെയാണ്. ജനിച്ചു വീണത് പെണ്‍കുഞ്ഞാണെന്നറിയുന്ന നിമിഷം മുതല്‍  തുടങ്ങും അതിനുള്ള കണ്ടീഷനിംഗ്. 'ഒരിക്കല്‍ വേറേതോ കുടുംബത്തിലേക്ക് പോകാനുള്ളതാണ് ' എന്നുള്ള അശരീരികള്‍ അപ്പോഴേ തുടങ്ങും . ജനിച്ചു വളര്‍ന്ന വീട് തന്റെ സൂക്ഷിപ്പ് സ്ഥലം മാത്രമാണെന്ന് ഇടയ്ക്കിടെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും. കുടുംബത്തില്‍നിന്നുതന്നെയാണ് അതിങ്ങനെ മുഴങ്ങുക. 

ഇതോടൊപ്പമാണ് പുട്ടിന് തേങ്ങയിടും പോലെ വീട്ടിലുള്ളവരുടെ മറ്റു പറച്ചിലുകള്‍. 'വേറൊരു വീട്ടില്‍ പോകാനുള്ളതാണ'്, 'അങ്ങനെ ചെയ്യരുത്', 'ഇങ്ങനെ നടക്കരുത്', 'ഇങ്ങനെ ഇരിക്കരുത്'. പ്രായപൂര്‍ത്തിയായാല്‍ അപ്പോള്‍ തുടങ്ങും വീണ്ടും: 'പെണ്ണിനെ ഇറക്കിവിടും വരെ ഉള്ളില്‍ തീയാണ്', അല്ലെങ്കില്‍ 'അവളുടെ കാര്യം കൂടി കഴിഞ്ഞാല്‍ എന്റെ ഭാരമൊഴിഞ്ഞു'...ഇതൊക്കെ കേട്ടു കേട്ട് സ്വന്തം ഉള്ളില്‍ത്തന്നെ അവളൊരു ഭാരമായി തുടങ്ങും. 

കെട്ടിച്ചു വിടാന്‍ ഒരല്‍പം വൈകിയാല്‍ നാട്ടുകാര്‍ക്കാണ് ശ്വാസംമുട്ടല്‍. ഇനി കെട്ടിച്ചുവിട്ടു 'ബാധ്യത' ഒഴിവാക്കുമ്പോള്‍ സൗജന്യമായി കൊടുക്കുന്ന ഉപദേശങ്ങള്‍ കേള്‍ക്കൂ: 'വേറൊരു വീടാണ് . എന്ത് ബുദ്ധിമുട്ടാണെങ്കിലും അതൊക്കെ സഹിച്ചു ജീവിക്കണം', 'തിരിച്ചു വരാനല്ല കെട്ടിച്ചു വിടുന്നത്', 'ഭര്‍ത്താവ് എന്തൊക്കെ ചെയ്താലും നമ്മള്‍ പെണ്ണുങ്ങള്‍ സഹിക്കണം, ക്ഷമിക്കണം', കണ്ണീരാണ് പെണ്ണിന് പുണ്യം'. ഇങ്ങനെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാകും ഉപദേശ കമ്മിറ്റിക്കാരുടെ കയ്യില്‍ .

എങ്ങനെയാണ് അവരിങ്ങനെ നിസ്സഹായതയിലേക്കു മൂടിപ്പോവുന്നത് എന്നാലോചിച്ചിട്ടുണ്ടോ?

നോക്കൂ, പെണ്‍കുഞ്ഞുങ്ങള്‍ 'സൂക്ഷിപ്പ് മുതലുകളല്ല'. ആണ്‍കുട്ടികളെപ്പോലെ നമ്മുടെ ആജീവനാന്ത സമ്പത്താണ്. വേറൊരു വീട്ടിലേക്കു കൊടുക്കാനുള്ള പണയമുതലല്ല അവള്‍. ഇണയോടൊപ്പം നമ്മള്‍ ചേര്‍ത്ത് വിടുന്നത്, മറ്റൊരു കുടുംബത്തോട് ചേര്‍ത്ത് വെക്കുന്നത് നമ്മുടെ കുടുംബത്തിലെ സ്‌നേഹമാണ്. സഹിക്കാന്‍ പറ്റാത്തത് അവിടെ അനുഭവിക്കേണ്ടി വന്നാല്‍ ഓടിവരാന്‍ സ്വന്തം വീടും കൂടെ ചേര്‍ത്തുപിടിക്കാന്‍ ഒരു കുടുംബവും കൂടെയുണ്ടെന്ന് ഉറപ്പുണ്ടാകണം ആ പെണ്മനസ്സില്‍ .

കല്യാണശേഷം വീടെത്തുന്ന മകളോട് 'വയറ്റിലെ വിശേഷം' അല്ല ചോദിക്കേണ്ടത്. പുതിയൊരു അംഗത്തെ ഭര്‍ത്താവിന്റെ കുടുംബം അംഗീകരിക്കുന്നുണ്ടോ സ്‌നേഹിക്കുന്നുണ്ടോ എന്നാണ്. നിനക്കോ നീ കാരണമായോ സങ്കടങ്ങളുണ്ടോ എന്നാണ് ആരായേണ്ടത്. പോരായ്മകളില്‍ അവള്‍ തിരുത്തപ്പെടണം. അവകാശങ്ങള്‍ക്ക് അവള്‍ അര്‍ഹയുമാകണം. വീടിനുള്ളില്‍ കത്തിയെരിയുന്ന അഗ്‌നിപര്‍വ്വതങ്ങള്‍ പലതും പൊട്ടിത്തെറിക്ക് മുന്‍പ് പട്ടിലും പൂവിലും പൊതിഞ്ഞ നൂല്‍പ്പാവകള്‍ മാത്രമാണ്.

'ഇനിയുമെന്റെ വീട്ടില്‍ ഞാനൊരു ബാധ്യതയാണ്, അതുകൊണ്ട് സഹിക്കുന്നു, മരിക്കാന്‍ പേടിയായതു കൊണ്ട് ജീവിച്ചുപോകുന്നു, മക്കളുള്ളത് കൊണ്ട് എനിക്ക് ജീവിക്കാതിരിക്കാന്‍ പറ്റില്ല' ഇങ്ങനെയൊക്കെയാണ് അവള്‍ പറയുന്നതെങ്കില്‍, ഒരിക്കലെങ്കിലും ഒന്ന് ചെവി കൊടുക്കണം. കണ്ണീരില്‍ വിങ്ങലുകള്‍ക്കിടയില്‍ പറയുന്നതൊന്നു കേള്‍ക്കണം. ഒന്ന് ചേര്‍ത്ത് പിടിക്കണം. ഞങ്ങളുണ്ട് കൂടെയെന്ന് ഒരു വാക്കെങ്കിലും അവള്‍ക്ക് നല്‍കണം. അതിലൂടെ, തിരിച്ചു പിടിക്കാനാവുന്നത് ഒരു ജീവനാകും, ഒരു കുടുംബമാവും .

'തല്ലിയത് നിന്റെ കെട്ടിയവനല്ലേ' എന്ന് ചോദിക്കുന്നവരോട് കരണം പൊളിയുന്നൊരെണ്ണം കൊടുത്തിട്ട് ചോദിക്കണം 'വേദനിച്ചോ' എന്ന്. ഞാന്‍ കെട്ടിയെങ്കില്‍ ഞാന്‍ തല്ലും എന്ന് പറയുന്നവനോട് നിനക്ക് തല്ലാന്‍ ഇവിടെ പെണ്ണില്ലെന്നു പറയാന്‍ ചേര്‍ത്തു വച്ചവര്‍ക്കു കഴിയണം. അതിനുപകരം വീട്ടില്‍ തിരിച്ചുവന്നാല്‍ അങ്ങനെങ്ങാനും സംഭവിച്ചാല്‍ വരാനിരിക്കുന്ന അന്നുമുതലുള്ള വരവുചിലവ് ബാധ്യതയുടെ ഓഡിറ്റ് നടത്തും നമ്മള്‍.  വകേലെ അമ്മായീടെ മരുമോളുടെ അനിയത്തീടെ കല്യാണം മുടങ്ങുമെന്നു ആവലാതിപ്പെടും. നാട്ടുകാരുടെ മുഖത്ത് ഇനി എങ്ങനെ നോക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കും. 'അടങ്ങിയൊതുങ്ങി നിന്നാ പോരാരുന്നോ' എന്ന് ശാസിക്കും. കല്യാണത്തിന്റെ വരവുചിലവ് കണക്കിന്റെ പുസ്തകം തുറന്ന് നെടുവീര്‍പ്പിടും. വഴിയേ പോകുന്ന പാട്ടപെറുക്കി വരെ 'ജീവിതമല്ലേ പൊരുത്തപ്പെടണമാരുന്നു, സഹിക്കണം ക്ഷമിക്കണം' തുടങ്ങി ദാമ്പത്യ വിജയത്തിനുള്ള നൂറുവഴികള്‍ വരെ ഉപദേശിക്കും.

ഇതൊക്കെ മുന്നില്‍ കാണുന്ന ഒരു ശരാശരി പെണ്‍കുട്ടി തല്ലുകൊണ്ടാലും പട്ടിണിക്കിട്ടാലും അവിടെ കിടക്കും. കെട്ടിയിട്ട പട്ടിയെ പോലെ . ഒടുവിലൊരുനാള്‍ ഏതെങ്കിലും ഒരു മോര്‍ച്ചറിയില്‍ കീറിത്തുന്നി വെള്ളത്തുണിയില്‍ പൊതിഞ്ഞെത്തുമ്പോള്‍ നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യവുമില്ല. 'പൊന്നുമോളെ ഞങ്ങളില്ലാരുന്നോ നിനക്കെന്ന്' അന്നേരം പതം പറഞ്ഞിട്ടും കാര്യമില്ല. 'അവളൊരു വാക്ക് പറഞ്ഞരുന്നേല്‍ ഞങ്ങള്‍ പൊന്നുപോലെ നോക്കിയേനെ' എന്ന് അയല്‍പക്കക്കാരോട് എണ്ണിപ്പെറുക്കുമ്പോള്‍ സ്വന്തം ഉള്ളിലേക്കൊന്ന് നോക്കണം. 'ആ കൊച്ച് കാണിച്ച ബുദ്ധിമോശമെന്നോ അതിന്റെയൊരു വിധിയെന്നോ താടിക്കു കയ്യും കൊടുത്തൊന്ന് നെടുവീര്‍പ്പിടുന്ന നേരത്ത് അതിനുള്ള കാരണക്കാര്‍ നമ്മള്‍ കൂടെയാണെന്ന് ഉറപ്പിക്കണം. 

സ്വന്തം വീട്ടുമുറ്റത്ത്, പ്രിയപ്പെട്ട മകളുടെ ദേഹം തണുത്തുമരവിച്ച് എത്തും മുമ്പാണ് നാം അവളെ ചേര്‍ത്ത് പിടിക്കേണ്ടത്. പെണ്‍കുഞ്ഞുങ്ങളെ തെറ്റുകളോട് എതിരിടാന്‍; സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍; പ്രശ്‌നങ്ങളില്‍ ഒളിച്ചോടാതിരിക്കാന്‍ പ്രാപ്തരാക്കണം. 'സൂക്ഷിപ്പ് മുതലാണ് നീ' എന്ന പറച്ചില്‍ നിര്‍ത്തി നീ ഞങ്ങളുടെ സ്വത്താണെന്ന് സന്തോഷത്തോടെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി പറയൂ, ഇനിയും ഇരകള്‍ ഇല്ലാതെ നോക്കാനാവും. 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios