വധു ഒരു ദാനവസ്തുവല്ല...
എനിക്കും ചിലത് പറയാനുണ്ട്. നമിതാ സുധാകര്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
എത്ര തന്നെ സമൂഹം പുരോഗമിച്ചു എന്നവകാശപ്പെട്ടാലും, ഒരു വിഭാഗം സ്വയംപര്യാപ്തരായ പെണ്‍കുട്ടികളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു വലിയ വിഭാഗം ഇപ്പോഴും മാനസികമായ ഗാര്‍ഹിക പീഡനങ്ങളുടെ ഇരകളാണ്.
ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെയാണ് ജനിക്കുന്നത്. എന്തുകൊണ്ടോ ഞാനുള്‍പ്പെടുന്ന നമ്മുടെ പെണ്‍കുട്ടികള്‍ മറ്റുവീടുകളില്‍ ചെന്ന് കേറേണ്ടവരും പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ചിട്ടവട്ടങ്ങള്‍ക്കുമൊത്ത് ജീവിക്കേണ്ടവരുമാകുന്നു. എന്നിട്ടും ഓരോ പെണ്‍കുട്ടിയും എങ്ങനെയാണ് ഒരാധിയായി മാറുന്നത്?
കല്യാണം കഴിച്ച് ചെന്ന് കയറുന്ന വീട്ടിലും മകള്‍ സുരക്ഷിതയായിരിക്കണം, സന്തോഷവതിയായിരിക്കണം എന്ന ആഗ്രഹത്തിലാണ് ഒരോ മാതാപിതാക്കളും അവരെ വിവാഹം ചെയ്തയക്കുന്നത്. അതും, ഉള്ളതൊക്കെ വിറ്റും പെറുക്കിയും. എന്ത് കൊണ്ടാണ് നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ അവളുടെ വിദ്യാഭ്യാസവും ചിന്താശേഷിയും കഴിവുകളും വെച്ച് അളക്കാതിരിക്കുന്നത്. പകരം സ്വര്‍ണ്ണവും സ്വത്തും വെച്ച് അളക്കുന്നത്. മാറുന്നു എന്നു നമ്മളവകാശപ്പെടുന്ന സമൂഹത്തിന്റെ മാറ്റമില്ലാത്ത ആചാര ബോധത്തിന്റെ ഭാഗമാണ് സ്വര്‍ണ്ണവും സമ്പത്തും. ഒരു വീട്ടിലേക്ക് രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ കയറി വരുന്ന സാഹചര്യത്തിലുംഅവരെ തരംതിരിക്കുന്നത് പലപ്പോഴും സമ്പത്തിന്റെ പുറത്താണ്. ഏതെങ്കിലും ഒരു ആണ്‍കുട്ടിയോട് അവന്റെ അമ്മ 'നീ നാളെ ഒരു പെണ്‍കുട്ടിയുടെ വീടിന്റെ ഭാഗമാകേണ്ടതാണ്' എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? ഒരു കുഞ്ഞു ജനിക്കാനുള്ള തയ്യാറെടുപ്പില്‍ പത്ത് മാസം ഒരു പെണ്ണ് അതിനെ ചുമന്ന് നടക്കുന്നു. അഥവാ അവളുടെ ശരീരം എല്ലാമാസവും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു ഈ രണ്ട് കാരണങ്ങളാണൊ ഒരാണില്‍ നിന്ന് വ്യത്യസ്തമായി ഒരു പെണ്ണിനെ നിങ്ങള്‍ കാണുന്നത്.
ലോക് ഡൗണ്‍ സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറെയും ഗാര്‍ഹിക പീഡനങ്ങള്‍ ആണ്.ഈ കാലയളവില്‍ ഗാര്‍ഹിക പീഡന കേസുകളില്‍ ഉണ്ടായ വര്‍ധനവ് മറ്റ് സന്ദര്‍ഭങ്ങളിലേക്കാള്‍ കൂടുതല്‍ ആണ്.
2006 -ല്‍ ആണ് ഗാര്‍ഹിക പീഡന നിയമം പ്രാബല്യത്തില്‍ വന്നത് അതനുസരിച്ച് ഒരു സ്ത്രീയെ മാനസികമായോ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. പക്ഷെ ശാരീരികമായ പ്രഹരം അസഹ്യമാകുന്നത് വരെ പരമാവധി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നാല് ചുമരുകള്‍ക്ക് പുറത്ത് വരാറില്ല.
ചിലപ്പോഴൊക്കെ പീഡനങ്ങള്‍ ഭര്‍തൃമാതാപിതാക്കളില്‍ നിന്നു മാത്രമായിരിക്കും. ഭര്‍ത്താവിനെ വേദനിപ്പിക്കരുതെന്ന് കരുതി സ്ത്രികള്‍ ഇത് പുറത്ത് പറയാതിരിക്കും. മാനസികമായ ഇത്തരം പീഠനങ്ങള്‍ പലപ്പോഴും സമൂഹം ഗാര്‍ഹിക പീഡനമായി പരിഗണിക്കുന്നതേ ഇല്ല. പുറത്ത് വരുന്നതിലേറെയും ശാരീരികമായ ആക്രമണങ്ങള്‍ ആണ്. പലപ്പോഴും വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടുമുള്ള മാനസിക ആക്രമണങ്ങളെ ഒതുക്കി തീര്‍ക്കുവാനോ ലളിവല്‍കരിക്കാനോ ആണ് ആളുകള്‍ ശ്രമിക്കുന്നത്. ക്ഷമിക്കണം സഹിക്കണം എന്നിങ്ങനെ സമൂഹം പഠിപ്പിച്ചുവെച്ച അലിഖിതമായ പാഠങ്ങള്‍ കൂട്ടിയും കുറച്ചും സഹിച്ചും ഒടുവില്‍ ആത്മഹത്യ വരെയെത്തിച്ചേര്‍ന്ന കഥകള്‍ വിരളമല്ല, ഒരു വിഭാഗം പെണ്‍കുട്ടികള്‍ ഇപ്പോഴും ചിന്തിക്കുന്നത്, തന്റെ ഭര്‍ത്താവിന് തന്നെ തല്ലാനുള്ള അധികാരം ഉണ്ടെന്നാണ് അഥവാ അവന്റെ വീട്ടുകാര്‍ പറയുന്നത് സഹിച്ച് ജീവിക്കണമെന്നാണ്.
കാടടച്ച് വെടിവെക്കുകയല്ല വിരലില്‍ എണ്ണാവുന്ന വളരെ നല്ല ആളുകള്‍ ഉണ്ടാകും എങ്കിലും ബഹു ഭൂരിപക്ഷം അങ്ങനെയല്ല എന്നാണ് ചുറ്റുപാടിലും നിന്നു കിട്ടുന്ന ചിത്രങ്ങള്‍. എന്റെ മകന്റെ കീഴിലാണ് നീ ജീവിക്കുന്നത് എന്ന ധാരണയുള്ള അമ്മമാര്‍ നിങ്ങളുടെ മക്കളെ വിവാഹം ചെയ്യിപ്പിക്കാതിരിക്കൂ, നിങ്ങളെപ്പോലൊരമ്മയാണ് പെണ്‍കുട്ടിയെയും വളര്‍ത്തി വലുതാക്കുന്നത്. ആളുകളെ അളക്കേണ്ടത് അവരുടെ ചിന്തകളുടെ കഴിവുകളുടെയും അവര്‍ ആര്‍ജിച്ചിരിക്കുന്ന വിദ്യാഭ്യാസത്തിന്റെയും സ്വഭാവത്തിന്റെയും ഒക്കെ അളവുകോലിലാണ്. എന്നാണോ നമ്മുടെ സമൂഹം തുല്യമായ അളവുകോലില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അളക്കുന്നത് അന്ന് മാത്രമെ 'ഇവളെ എന്റെ മകന് ദാനം കൊടുത്തതല്ല' എന്ന സത്യം തിരിച്ചറിയപ്പെടുകയുള്ളു. അന്ന് മാത്രമെ വിവാഹിതരായ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീടുകളില്‍ കിട്ടുന്ന സുരക്ഷയും സമാധാനവും വിവാഹം ചെയ്തയക്കുന്ന വീടുകളിലും കിട്ടുകയുള്ളൂ.