പത്മരാജന്റെ പ്രണയം ശരീരത്തെ മറികടക്കുമ്പോള്‍  ഭരതന്റെ പ്രണയം ശരീരത്തെ വീണ്ടെടുക്കുന്നു

പ്രണയം, രതി: ഭരതനും പത്മരാജനും ഉടലുകളെ പകര്‍ത്തിയവിധം. കെ. പി ജയകുമാര്‍ എഴുതുന്നു

Sex and love in films of Bharathan and Padmarajan by KP Jayakumar

കാറ്റ് മരങ്ങളുടെ, ഇലകളുടെ ഉടലിലേയ്ക്ക് പരകായം ചെയ്യുന്നു. കെ ഷെരീഫിന്റെ കവിതപോലെ ''അവിടെ, ഒരു മരം മാത്രം ഇളകുന്നു. ഉള്ളില്‍ ആളുള്ളതുപോലെ.'' കാറ്റിനെ പ്രാപിച്ച്, കാറ്റ് മരങ്ങളെ പ്രാപിച്ച്  ഇളകിയാടുന്നത് ശരീരം തന്നെയല്ലേ? ഉടലിന് ആടണ്ടേ; അത് സീതയുടേതാണെങ്കില്‍പ്പോലും? അതിഭൗതികതയുടെ കാറ്റും മരങ്ങളും ചാറല്‍ മഴയും കൊണ്ട് അരവിന്ദന്‍ സഞ്ചരിച്ച കലാസിനിമയുടെ ദൃശ്യ ഭൂപ്രദേശങ്ങള്‍ക്കും ജനപ്രിയ സിനിമയ്ക്കും സമാന്തരമായി സഞ്ചരിച്ച ചലച്ചിത്രകാരന്‍മാരാണ് ഭരതനും പത്മരാജനും. 

 

Sex and love in films of Bharathan and Padmarajan by KP Jayakumar

 

ഉടല്‍ ഒരു കളിയും കളിസ്ഥലവുമാണ്. മനുഷ്യരുടെ എല്ലാ ആവിഷ്‌കാരങ്ങളും ഉടലാട്ടത്തിന്‍േറതാണ്. ഉരിയാട്ടങ്ങള്‍ അതിനെ പൂരിപ്പിക്കുകയോ നിര്‍വചിക്കുകയോ വ്യാഖ്യാനിക്കുകയോ ശ്രമിക്കുന്നു. ഒരു നിശ്ശബ്ദത, അഗാധമായ മൗനം ശരീരത്തിന്റെ സാന്നിധ്യമാണ്.

ഉടലുകളുടെ അസാന്നിധ്യത്താല്‍ നിശ്ശബ്ദതയോ മൗനമോ ആവിഷ്‌കരിക്കുക സാധ്യമല്ല. അത്തരം സന്ദര്‍ഭങ്ങള്‍ ശരീരം ഒരു നിഗൂഢ സാന്നിധ്യമായി ചുറ്റും നിറയും. അരവിന്ദന്‍ സംവിധാനം ചെയ്ത 'കാഞ്ചനസീത'യില്‍ സീത അദൃശ്യയാണ്. ഈ അദൃശ്യത ഒരാഖ്യാന തന്ത്രമാണ്. എന്നാല്‍, ആഖ്യാതാവിന്റെ താല്പര്യത്തിന്റെ ഒളി അജണ്ടയാല്‍ ചകിതവും ചലനാത്മകവുമായ ഒരുടല്‍ കാറ്റായി പ്രത്യക്ഷപ്പെടുന്നുണ്ട്. കാറ്റ് എങ്ങനെ പ്രത്യക്ഷമാകും? 

 

...............................................................

അരവിന്ദന്‍ സഞ്ചരിച്ച കലാസിനിമയുടെ ദൃശ്യ ഭൂപ്രദേശങ്ങള്‍ക്കും ജനപ്രിയ സിനിമയ്ക്കും സമാന്തരമായി സഞ്ചരിച്ച ചലച്ചിത്രകാരന്‍മാരാണ് ഭരതനും പത്മരാജനും. 

Sex and love in films of Bharathan and Padmarajan by KP Jayakumar

ജി അരവിന്ദന്‍
 

കാറ്റ് മരങ്ങളുടെ, ഇലകളുടെ ഉടലിലേയ്ക്ക് പരകായം ചെയ്യുന്നു. കെ ഷെരീഫിന്റെ കവിതപോലെ ''അവിടെ, ഒരു മരം മാത്രം ഇളകുന്നു. ഉള്ളില്‍ ആളുള്ളതുപോലെ.'' കാറ്റിനെ പ്രാപിച്ച്, കാറ്റ് മരങ്ങളെ പ്രാപിച്ച്  ഇളകിയാടുന്നത് ശരീരം തന്നെയല്ലേ? ഉടലിന് ആടണ്ടേ; അത് സീതയുടേതാണെങ്കില്‍പ്പോലും? അതിഭൗതികതയുടെ കാറ്റും മരങ്ങളും ചാറല്‍ മഴയും കൊണ്ട് അരവിന്ദന്‍ സഞ്ചരിച്ച കലാസിനിമയുടെ ദൃശ്യ ഭൂപ്രദേശങ്ങള്‍ക്കും ജനപ്രിയ സിനിമയ്ക്കും സമാന്തരമായി സഞ്ചരിച്ച ചലച്ചിത്രകാരന്‍മാരാണ് ഭരതനും പത്മരാജനും. 

പരിചിതമായ പ്രണയ-രതി സങ്കല്‍പ്പങ്ങളെ അടിമുടി തിരുത്തിക്കൊണ്ടാണ് ഭരതന്റെയും പത്മരാജന്റെയും ചലച്ചിത്രങ്ങള്‍ എഴുപതുകളുടെ അന്ത്യത്തിലും എണ്‍പതുകളിലും പുറത്തുവരുന്നത്. പത്മരാജനും ഭരതനും ഉടലുകളെ കാഴ്ചപ്പെടുത്തുന്ന രീതി ശ്രദ്ധേയമാണ്. ഭരതന് പ്രണയവും രതിയും ശരീരത്തിന്റെ ദൃശ്യോത്സവമാണ്. പത്മരാജന്റെ തിരക്കഥകളില്‍ പുറത്തുവന്ന 'രതിനിര്‍വ്വേദ'ത്തിലും 'തകര'യിലും  ഉടല്‍വിന്യാസത്തില്‍ ലൈംഗികത  പ്രകടമായിരുന്നു. 'വൈശാലി', 'ദേവരാഗം' തുടങ്ങിയ കുടുംബ'ചിത്രങ്ങളിലും ഭരതന്‍ പ്രണയം ശരീരത്തിന്റെ ഉത്സവമാക്കി മാറ്റുന്നു. പ്രണയം ഒരു ശാരീരികാനുഭവമാണെന്നാണ് ഭരതന്‍ ചിത്രങ്ങള്‍ പറയുന്നത്. പത്മരാജന്‍ (സംവിധാനം ചെയ്ത) സിനിമകളില്‍ അത് ശരീരത്തെ കടന്നുവളരുന്ന അരൂപിയായ ആനന്ദമാണ്.

 

...............................................................

കെ ഷെരീഫിന്റെ കവിതപോലെ ''അവിടെ, ഒരു മരം മാത്രം ഇളകുന്നു. ഉള്ളില്‍ ആളുള്ളതുപോലെ.'' കാറ്റിനെ പ്രാപിച്ച്, കാറ്റ് മരങ്ങളെ പ്രാപിച്ച്  ഇളകിയാടുന്നത് ശരീരം തന്നെയല്ലേ?

Sex and love in films of Bharathan and Padmarajan by KP Jayakumar

കെ. ഷെരീഫ്



പ്രണയത്തിന്റെ പ്രതി-ലോകം

വിശപ്പ്, ദാഹം, തണുപ്പ് തുടങ്ങിയ ജൈവാനുഭവങ്ങളുടെ തുടര്‍ച്ചയായി രതി ആവിഷ്‌കരിക്കയാണ് ഭരതന്‍ 'തകര'യില്‍. ശരീരത്തെ സാമൂഹ്യ നിയന്ത്രിതമായ ഘടകമായി തിരിച്ചറിയുമ്പോഴും അതിനുള്ളില്‍ പുറത്തുചാടാന്‍, സ്വയം ആവിഷ്‌കരിക്കാന്‍ കുതറുന്ന 'ജൈവ കാമനകളെ'യാണ് ചലച്ചിത്രം കാഴ്ചപ്പെടുത്തുന്നത്. സുഭാഷിണിയുടെയും തകരയുടെയും മറ്റനവധി യൗവനങ്ങളുടെയും പ്രണയ- രതിമോഹങ്ങള്‍ക്ക് സമാന്തരമായാണ് മൃഗങ്ങളുടെ ഇണചേരലിന്റെ ആവര്‍ത്തിക്കുന്ന കാഴ്ച. 'വ്യക്തിയുടെയും സമൂഹത്തിന്റെയും ശരീരത്തിലേക്കുള്ള കവാടമാണ് ലൈംഗികത' എന്ന ഫൂക്കോവിയന്‍ നിരീക്ഷണം ഓര്‍ക്കുക. തകരയ്ക്ക് ലൈംഗിക പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്ന ചെല്ലപ്പനാശാരി സമൂഹമനസ്സിന്റെ 'അശ്ലീല'മാക്കപ്പെട്ട കാമവും ആകാംക്ഷയുമാണ്. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ നഷ്ടപ്പെട്ടു പോയിരിക്കാനിടയുള്ള ആനന്ദസാധ്യതകള്‍ കുടിലതന്ത്രങ്ങളുടെ പുതിയൊരു ഭാഷ സ്വീകരിക്കുകയും ചെല്ലപ്പനാശാരിയിലൂടെ പുനര്‍ജ്ജനിക്കുകയും ചെയ്യുന്നു. അത് ചെല്ലപ്പനാശാരിയെ മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനാക്കി. ഇന്ദ്രിയാനന്ദാന്വേഷണങ്ങള്‍ കുടിലതകളിലൂടെ സുഖം നേടാന്‍/തേടാന്‍ നിയോഗിക്കപ്പെടുന്ന പുരുഷസ്വത്വത്തിന്റെ ഘടന ചെല്ലപ്പനാശാരിയിലൂടെ ഉടല്‍പൂണ്ടുവരികയാണുണ്ടായത്.

തകരയുടെയും സുഭാഷിണിയുടെയും രതിയുടെ ദൃശ്യവല്‍ക്കരണത്തിലൂടെ 'ശരീര'ത്തിന് മുന്നില്‍ അനുഭവത്തിന്റെ പുതിയ മേഖലകള്‍ തുറക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായിട്ടും ബുദ്ധിവികസിക്കാത്ത തകരയുടെ പ്രണയവും കാമവും ബുദ്ധിയുടെയും മനസ്സിന്റെയും വഴക്കങ്ങള്‍ക്ക് പിടിതരാത്ത അനുഭവമണ്ഡലമാണ്. 'തകര'യുടെ കാമം സാമൂഹ്യ സദാചാരത്തിന്റെ പദാവലികള്‍ക്ക് പിടിച്ചെടുക്കാനാവാത്ത പ്രണയത്തിന്റെ പ്രതി-ലോകമാണ്.

 

...............................................................

പത്മരാജനും ഭരതനും ഉടലുകളെ കാഴ്ചപ്പെടുത്തുന്ന രീതി ശ്രദ്ധേയമാണ്. ഭരതന് പ്രണയവും രതിയും ശരീരത്തിന്റെ ദൃശ്യോത്സവമാണ്

Sex and love in films of Bharathan and Padmarajan by KP Jayakumar

ഭരതനും പത്മരാജനും
 

കൗമാര കാമനകള്‍, ശിക്ഷകള്‍ 

ലൈംഗികതയുടെ അപൂര്‍ണ്ണമായ ചരിത്രം കൗമാരങ്ങള്‍ക്ക് ഇടം നല്‍കുന്നില്ല. കേരളത്തിലെ കൗമാര പ്രണയ-രതി കാമനകള്‍ വരാനിരിക്കുന്ന സ്വാതന്ത്ര്യത്തിനായി വിലക്കുകള്‍ക്കുള്ളില്‍ ക്ഷമയോടെ കാത്തിരിക്കുന്ന 'തടവുപുള്ളികളാണ്.' 'ശിക്ഷ'കഴിഞ്ഞ് പുറത്തിറങ്ങുന്ന യൗവ്വനങ്ങള്‍ക്കുള്ളതാണ് ഇണ (ഇര) തേടലെന്ന് നിശ്ചയിക്കപ്പെട്ട സദാചാരബോധത്തിലാണ് നാം പുലരുന്നത്. അങ്ങനെ പ്രണയവും രതിയും യൗവനത്തിന്റെ മാത്രം ആഘോഷമായി മാറുന്നു. 

ആനന്ദത്തിന്റെ അനന്തമായ തേടലുകള്‍ക്ക് പാകപ്പെട്ട ശരീരങ്ങളായി യൗവനം സ്വീകരിക്കപ്പെടുമ്പോള്‍ കുറ്റബോധങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും അനാകര്‍ഷകമാക്കപ്പെട്ട ആനന്ദമോഹങ്ങളും അനുഭവങ്ങളും നിറഞ്ഞ തൊട്ടാല്‍ തരിക്കുന്ന കൗമാരം സമൂഹ്യസദാചാര നിഷ്ഠകള്‍ക്ക് പുറത്ത് വീര്‍പ്പുമുട്ടിക്കഴിയുന്നു. 'രതിനിര്‍വ്വേദം' കൗമാര പ്രണയ കാമനകളുടെ തടവുചാടലായിരുന്നു. കൗമാരത്തിന്റെ വരിഞ്ഞുകെട്ടിയ ഉടലിന്റെ യൗവന ശരീരത്തിലേക്കുള്ള സദാചാരദൂരത്തെയാണ് ചലച്ചിത്രം അട്ടിമറിക്കുന്നത്. ദേവി-ദേവതാ മാതൃ സങ്കല്‍പ്പങ്ങളുടെ ഉടയാടകള്‍ അഴിച്ചുകളയുന്ന ഉടലുകളുടെ കെട്ടഴിയലായിരുന്നു രതിനിര്‍വ്വേദം.

 

...............................................................

അടഞ്ഞതും നിഗൂഢവുമായ കാമമോഹങ്ങളുടെ ഒളിയിടങ്ങളിലേയ്ക്കുള്ള  പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ടത്തെയാണ് ഭരതന്റെ ക്യാമറക്കാഴ്ചകള്‍ പ്രതിനിധീകരിച്ചത്.

Sex and love in films of Bharathan and Padmarajan by KP Jayakumar

ഭരതന്‍


കാമമോഹങ്ങളുടെ ഒളിയിടങ്ങള്‍

അടഞ്ഞതും നിഗൂഢവുമായ കാമമോഹങ്ങളുടെ ഒളിയിടങ്ങളിലേയ്ക്കുള്ള  പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ടത്തെയാണ് ഭരതന്റെ ക്യാമറക്കാഴ്ചകള്‍ പ്രതിനിധീകരിച്ചത്. പ്രണയ-രതി കാമനകളുടെ ശക്തി ക്ഷോഭങ്ങളായിരുന്നു ജയഭാരതിയുടെ ശരീരം. സമൂഹം അംഗീകരിക്കാത്ത രണ്ടു ശരീരങ്ങളുടെ ലയനമായിരുന്നു അവിടെ സംഭവിച്ചത്. ഒരു നിമിഷത്തേക്ക് ഭൂമിയെ വിസ്മരിക്കുന്ന കമിതാക്കള്‍ സര്‍പ്പക്കാവിന്റെ അഭൗമികതയിലാണ് ആനന്ദത്തിന്റെ 'നിഷിദ്ധ' ലോകത്തെ പ്രാപിക്കുന്നത്. പിറ്റേന്ന് പാപവും കുറ്റബോധവും തീണ്ടി നീലിച്ച ശരീരമായി അത് നമ്മുടെ കാഴ്ചാശീലത്തെ ആഞ്ഞുകൊത്തി. പ്രണയം ശരീരം പൂണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോഴൊക്കെ ദുരന്തം കൂടെയെത്തുന്നത് എന്തുകൊണ്ടാവാം? തകരയുടെയും രതിനിര്‍വ്വേദത്തിന്റെയും അന്ത്യരംഗങ്ങള്‍ ദാരുണമാക്കുന്നത് നമ്മുടെ പ്രണയ കാമനകളെത്തന്നെയാണ്.

ആത്മീയതയുടെ ആത്മരതിയുമായി ശരീരമേര്‍പ്പെടുന്ന ലീലയാണ് വൈശാലി. ഉടലാണ് രണ്ടിന്റെയും കളിസ്ഥലം. ഉടലിനെ വരുതിയിലാക്കാതെ ആത്മീയതയിലേക്ക് പ്രവേശിക്കാനാവില്ലന്ന് അറിയുന്നവനാണ് വിഭാണ്ഡകന്‍. അയാള്‍ ഒരു പരാജിത ആത്മാന്വേഷകനാണ്. ആ പരാജയം തന്റെ മകന് സംഭവിക്കാതിരിക്കാന്‍ മനുഷ്യ സാന്നിധ്യം തന്നെ വിലക്കിയിരിക്കുന്നു. വിലക്കുകളെ ലംഘിക്കുകയാണ് പ്രണയത്തിന്റെ സ്വഭാവം. അതിനുള്ള മാധ്യമമാണ് ശരീരം. എന്നാല്‍ കാടിറങ്ങുമ്പോള്‍ പ്രണയത്തിന്റെ ജൈവനീതി തോല്‍പ്പിക്കപ്പെടുകയും ഭൂമിവാഴുന്നവരുടെ രാജനീതി വാഴിക്കപ്പെടുകയും ചെയ്യുന്നിടത്താണ് വൈശാലി ഒരു പ്രണയ ദുരന്തമാകുന്നത്. സീതയുടേതുപോലെ പ്രണയരഹിതമായ രാജനീതിയുടെ ഇരയായി വൈശാലിയും ഭൂമിയില്‍ ലയിക്കുന്നു. 

 

...............................................................

ശരീരത്തില്‍നിന്നും വിമോചിപ്പിക്കപ്പെട്ട പ്രണയാനുഭവങ്ങളിലൂടെയാണ് പത്മരാജന്‍ സിനിമകള്‍ ദുരന്തങ്ങളെ മറികടക്കുന്നത്.

Sex and love in films of Bharathan and Padmarajan by KP Jayakumar
പത്മരാജന്‍
 

ശരീരവിമോചിതമായ പ്രണയം

ശരീരത്തില്‍നിന്നും വിമോചിപ്പിക്കപ്പെട്ട പ്രണയാനുഭവങ്ങളിലൂടെയാണ് പത്മരാജന്‍ സിനിമകള്‍ ദുരന്തങ്ങളെ മറികടക്കുന്നത്. അവിടെ പ്രണയവും രതിയും പുതിയ കാമനകളിലേക്ക് വികസിക്കുന്ന മനസ്സിന്റെ അത്യന്തം സ്വകാര്യമായ ഉരുള്‍പൊട്ടലുകളാണ്. 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'തൂവാനത്തുമ്പികള്‍', 'ഇന്നലെ', 'ഞാന്‍ ഗന്ധര്‍വ്വന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അനുരാഗതീവ്രമായ മാനസികലോകത്തെയാണ് പത്മരാജന്‍ ദൃശ്യപ്പെടുത്തുന്നത്.

'അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍' വേശ്യാലയത്തില്‍ എത്തിച്ചേരുന്ന ചെറുപ്പക്കാര്‍ക്ക് രതി ഒരു മാനസിക വ്യാപാരം മാത്രമാണ്. ശരീരക്കാഴ്ചകള്‍ അവിടെ കടന്നുവരുന്നതേയില്ല. 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി'ല്‍ രണ്ടാനച്ഛന്റെ പീഡനത്തിനിരയാകുന്ന നായികയുടെ ശരീരത്തിന്റെ 'അശുദ്ധി'യെ സോളമന്റെ ഉദാത്ത പ്രണയം മോചിപ്പിക്കുന്നു. ശരീരവും അതിന്റെ നിര്‍മ്മിതിയായ കന്യകാത്വ സങ്കല്‍പ്പവും അതിനെ നിലനിര്‍ത്തുന്ന സദാചാര ബോധവും ആഴത്തില്‍ ഹിംസിക്കപ്പെടുന്ന ചലച്ചിത്ര സന്ദര്‍ഭമായിരുന്നു അത്.  ശരീരത്തിന്റെ തടവറകളില്‍നിന്നും മനസ്സിന്റെ മോചനത്തെ വിഭാവനം ചെയ്യുന്ന സിനിമ 'പാപം' ശരീരത്തിന്റേതു മാത്രമായ വികാരമാണെന്ന് കണ്ടെത്തുന്നു.

...............................................................

ആത്മീയതയുടെ ആത്മരതിയുമായി ശരീരമേര്‍പ്പെടുന്ന ലീലയാണ് വൈശാലി. ഉടലാണ് രണ്ടിന്റെയും കളിസ്ഥലം.

Sex and love in films of Bharathan and Padmarajan by KP Jayakumar

വൈശാലി
 

പ്രണയത്തിന്റെ വീണ്ടെടുപ്പ് 

പത്മരാജന്റെ ഈ മനസ്സ് ശരീരം തന്നെയല്ലേ? അനുശീലന വ്യവസ്ഥയിലൂടെ കാലാകാലങ്ങളായി ക്രമപ്പെടുത്തിയ ശരീരം സമൂഹത്തിന്റെ (അ)യുക്തിനിഷ്ഠമായ കല്‍പനകളെ ലംഘിക്കുന്ന കാമനകളിലേക്ക് ചിലപ്പോള്‍ തുളുമ്പിപ്പോകും. പ്രണയം ദാമ്പത്യത്തില്‍ അവസാനിക്കുന്ന കേവല ആഖ്യാനങ്ങളെ വിട്ട് പുറത്തു ചാടും. അത് ശരീരം കടന്നുപോകുന്ന കഠിനമായ അനുഭവത്തിന്റേതുകൂടിയാണ്. ദാമ്പത്യത്തിന്റെ ഭൂതകാലത്തില്‍ നിന്ന് പ്രണയം വീണ്ടെടുക്കുന്ന വര്‍ത്തമാനകാലമാണ് പത്മരാജന്റെ 'ഇന്നലെ' എന്ന ചലച്ചിത്രം. വ്യക്തികളുടെ അഭിലാഷങ്ങള്‍ക്ക് സ്വതന്ത്രമാകാന്‍ ശരീരത്തെയും, അതിനെ ചൂഴ്ന്നുനില്‍ക്കുന്ന ഓര്‍മ്മകളെയും അഴിച്ചെടുക്കേണ്ടിവരും.  

ശൂന്യമായ മനസ്സിലേക്കുള്ള ശരീരത്തിന്റെ കൂടുമാറ്റത്തിലൂടെ ഭൂതകാലത്തെ പൂര്‍ണ്ണമായും അഴിച്ചുകളയുകയാണ് 'ഇന്നലെ'യിലെ നായിക. മായ എന്നത് അവരുടെ പുതിയ പേരല്ല, രൂപകമാണ്.  വര്‍ത്തമാന കാമനകളില്‍ അഭിരമിക്കുന്ന മനസ്സിനെ ദാമ്പത്യത്തിന്റെ ഇന്നലകള്‍ക്കോ,   തെളിവുകള്‍ക്കോ തൊടാനാവുന്നില്ല. കല്യാണഫോട്ടോ തിരികെ പോക്കറ്റിലിട്ട്, ശരീരത്തിനുമേലുള്ള ഉടമ്പടികള്‍ റദ്ദ് ചെയ്യപ്പെട്ട ഭര്‍ത്താവ് പടിയിങ്ങിപ്പോകുമ്പോള്‍ അത്  ഒരു ദാമ്പത്യത്തിന്റെ ദുഃഖഭരിതമായ അന്ത്യമാണ്. ഭാര്യ എന്ന ഭൂതകാലത്തില്‍നിന്നും കാമുകി എന്ന വര്‍ത്തമാന അനുഭവത്തിലേക്കുള്ള മടക്കമാണ് 'ഇന്നലെ'. മനസ്സിനെ അഴിച്ചെടുക്കുന്ന ശരീരം. അഥവാ മനസ്സ് ശരീരത്തെ പ്രാപിക്കുകയും കാറ്റില്‍, മരങ്ങളില്‍, ഇലകളില്‍ മഴച്ചാറ്റുകളില്‍ ആടിയുലഞ്ഞ് അദൃശ്യതയുടെ ആഖ്യാന തന്ത്രങ്ങളെ മറികടക്കുകയും ചെയ്യുന്നു.

 

...............................................................

മഴപോലെ രൂപരഹിതവും അമൂര്‍ത്തവുമായൊരനുഭവമാണ് പത്മരാജന്‍ സിനിമകളിലെ പ്രണയം. 

Sex and love in films of Bharathan and Padmarajan by KP Jayakumar

തൂവാനത്തുമ്പികള്‍
 

രതിയിലൂടെ വിമോചനം

'തൂവാനത്തുമ്പികളി'ലൂടെ എണ്‍പതുകളിലെ (ഇന്നും) മലയാളീയുവത്വത്തിന്റെ ആദര്‍ശപ്രണയ നായികയായിത്തീര്‍ന്ന ക്ലാര തിമര്‍ത്തുപെയ്യുകയും തോര്‍ന്നുതീരുകയും ചെയ്യുന്ന മഴപോലെ കാല്പനികമായൊരു ജൈവസാന്നിധ്യമാണ്. ജയകൃഷ്ണനും ക്ലാരയും ഒരുമിക്കുന്ന രാത്രിയില്‍ മഴ തിമിര്‍ത്തുപെയ്തിരുന്നു. ഏതോ വിദൂര നഗരത്തില്‍നിന്നും അര്‍ത്ഥരാത്രിയില്‍ ക്ലാരയുടെ ഫോണ്‍വരുമ്പോള്‍ പുറത്ത് മഴ കനത്തുനിന്നു. അവളുടെ വരവറിയിച്ചുകൊണ്ട് ടെലഗ്രാം വന്നത് മഴയില്‍ കുതിര്‍ന്ന ഒരു പകല്‍നേരത്തായിരുന്നു. മഴപോലെ രൂപരഹിതവും അമൂര്‍ത്തവുമായൊരനുഭവമാണ് പത്മരാജന്‍ സിനിമകളിലെ പ്രണയം. 

'ഞാന്‍ ഗന്ധര്‍വ്വനി'ലെ കാമുകന്‍ അരൂപിയായൊരു ഗന്ധര്‍വ്വനാണ്. അയാളുടെ ശരീരത്തിന് അസ്തിത്വമില്ല. പ്രണയ കാമനകളിലൂടെയാണ് അയാള്‍ നിര്‍മ്മിക്കപ്പെടുന്നത്. രതിയിലൂടെയാണ് വിമോചിപ്പിക്കപ്പെടുന്നത്. പ്രണയ-രതിയനുഭവങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന സംവിധായകന്റെ നോട്ടം പക്ഷെ, ശരീരത്തിനപ്പുറമുള്ള അനുഭവലോകത്തിലേക്കാണ്. ശാപത്തിലൂടെ മനുഷ്യരാകുന്നവര്‍ പ്രണയത്തിലൂടെ വിമോചിതരാകുന്നുവെന്ന് പത്മരാജന്‍ സങ്കല്‍പ്പിക്കുന്നു. പത്മരാജന്റെ പ്രണയം ശരീരത്തെ മറികടക്കുമ്പോള്‍ ഭരതന്റെ പ്രണയം ശരീരത്തെ വീണ്ടെടുക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios