ചെവി തുളച്ച വെടിയുണ്ട; സുരക്ഷാ വീഴ്ചയും യുഎസ് പ്രസിഡന്‍റുമാരെ വേട്ടയാടുന്ന വെടിയുണ്ടകളും
സംസ്ഥാനത്തെ മികച്ച ഷൂട്ടിംഗ് ക്ലബുകളിലൊന്നായ പ്രാദേശിക ഷൂട്ടിംഗ് ക്ലബിൽ അംഗമായിരുന്നു. പലവിധ തോക്കുകളിൽ നല്ല പരിശീലനം കിട്ടുന്ന സ്ഥലം. എന്നാൽ ക്രൂക്സിന്‍റെ ഉന്നം വളരെ മോശമായിരുന്നു എന്നാണ് സ്കൂൾ റൈഫിൾ ടീം അംഗങ്ങളുടെ അഭിപ്രായം.
ഡോണൾഡ് ട്രംപിന് വെടിയേറ്റത് ആരും നിസാര സംഭവമായി കാണുന്നില്ല. ട്രംപിന്‍റെ എതിരാളികൾ പോലും. പ്രസിഡന്‍റുമാരെയും സ്ഥാനാർത്ഥികളെയും വെടിവച്ചുകൊന്ന ചരിത്രമാണ് അമേരിക്കയ്ക്ക്. അതിനിയും ആർക്കും സംഭവിക്കാമെന്നതാണ് ഞെട്ടലിന്‍റെ മൂലകാരണം. സ്വന്തം ചെവി തുളച്ച് പോയ വെടിയുണ്ട തെരഞ്ഞെടുപ്പിൽ ട്രംപിന് സഹായകമാകുമെന്ന വിലയിരുത്തലാണ് അതിന്‍റെ മറുവശം. പക്ഷേ, സുരക്ഷാപാളിച്ച എത്ര വലുത് എന്നതാണ് ഗൗരവമുള്ള കാര്യം. ട്രംപ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാത്രമല്ല, മുൻ പ്രസിഡന്‍റ് കൂടിയാണ്. ലക്ഷ്യത്തിലേക്കുള്ള ദൂരമളക്കുന്ന റേഞ്ച് ഫൈൻഡർ ഉപയോഗിച്ച അക്രമിയെ സ്നൈപർ ടീമംഗം കണ്ടിരുന്നു. ബാക്ക്പാക്കുമായി പോകുന്ന ചെറുപ്പക്കാരനെ കണ്ട് ലോക്കൽ പൊലീസിനും സംശയം തോന്നി. തെരയാനെത്തിയവരിൽ ഒരു ഓഫീസർ അക്രമി ഒളിച്ചിരുന്ന മേൽക്കൂരയിലേക്ക് വലിഞ്ഞുകയറി. പക്ഷേ മേൽക്കൂരയില്‍ നിന്നും ഒരു ഇരുപതുകാരന്‍ തോക്കുചൂണ്ടിയതോടെ അയാൾ പിന്നോട്ട് മറിഞ്ഞ് തറയിലേക്ക് വീണു. മറ്റുള്ളവരെ അറിയിച്ച് നിമിഷങ്ങൾക്കകം വെടിവയ്പ് തുടങ്ങി.
തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരന്‍
ആക്രമണത്തിന് മുമ്പ് തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരന്‍റെ അച്ഛൻ മകനെക്കുറിച്ച് ചില സംശയങ്ങൾ തോന്നിയത്, പൊലീസിനെ വിളിച്ച് പറഞ്ഞിരുന്നു. പക്ഷേ, ആർക്കും ഒന്നും തടുക്കാനായില്ല. കഷ്ടിച്ച് 150 മീറ്റർ മാത്രം അകലെയുള്ള ഒരു കെട്ടിടടത്തിന്‍റെ മുകൾ നിലയിൽ നിന്നാണ് ക്രൂക്സ് ട്രംപിനുനേരെ വെടിയുതിർത്തത്. അയാൾ എങ്ങനെ അവിടെ കയറിപ്പറ്റി എന്ന അമ്പരപ്പ് ഇതുവരെ തീർന്നിട്ടില്ല അമേരിക്കയ്ക്ക്. പക്ഷേ, തോക്കുമായി ഒരാൾ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷി പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും അത് അവഗണിക്കപ്പെട്ടുവെന്നും.
ഒന്നാം ഭാഗം: ചെവി തുളച്ച വെടിയുണ്ട; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ച അപ്രതീക്ഷിത മുന്‍തൂക്കം
തോമസ് മാത്യു ക്രൂക്സിനെ അതിന് പ്രേരിപ്പിച്ചത് രാഷ്ട്രീയമാണോ എന്നാർക്കും ഉറപ്പില്ല. തെളിവും കിട്ടിയിട്ടില്ല. ക്രൂക്സിന്‍റെ കൈയിൽ ഐഡി ഉണ്ടായിരുന്നില്ല. ഡിഎന്‍എയും മുഖപരിശോധനയും നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെൻസിൽവേനിയയിലെ ബെഥേൽ പാർക്കിൽ നിന്നുള്ളയാളാണ് ഈ 20 കാരൻ. വധശ്രമം നടന്ന സ്ഥലത്തുനിന്ന് 70 കിമീ അകലെ. ബെഥേൽ പാർക്ക് ഹൈസ്കൂളിലായിരുന്നു പഠനം. കണക്കിലും സയൻസിലും ഉയർന്ന മാർക്കോടെ പാരിതോഷികവും നേടി. ബിരുദം നേടിയത് എൻജിനീയറിംഗ് സയൻസിലാണ്. അതും ഉയർന്ന മാർക്കോടെ. അവിടെയൊന്നും ഒരു ഡിസിപ്ലിനറി നടപടി പോലും നേരിട്ടിട്ടില്ല. പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിയായെങ്കിലും പഠനം തുടർന്നില്ല.രജിസ്റ്റേഡ് റിപബ്ലിക്കനാണെന്നത് അതിലും വലിയ അത്ഭുതം.
സംസ്ഥാനത്തെ മികച്ച ഷൂട്ടിംഗ് ക്ലബുകളിലൊന്നായ പ്രാദേശിക ഷൂട്ടിംഗ് ക്ലബിൽ അംഗമായിരുന്നു. പലവിധ തോക്കുകളിൽ നല്ല പരിശീലനം കിട്ടുന്ന സ്ഥലം. എന്നാൽ ക്രൂക്സിന്‍റെ ഉന്നം വളരെ മോശമായിരുന്നു എന്നാണ് സ്കൂൾ റൈഫിൾ ടീം അംഗങ്ങളുടെ അഭിപ്രായം. സ്കൂൾ ടീമിലൊന്നും ഇടംനേടാനായിട്ടില്ല ക്രൂക്സിന്. ക്രൂക്സ് വെടിവയ്ക്കാനുപയോഗിച്ച തോക്ക് അച്ഛൻ വാങ്ങിയതാണ്. അതും ആറുമാസം മുമ്പ്. ക്രൂക്സ് പക്ഷേ വെടിയുണ്ടകൾ വാങ്ങിയിരുന്നു. ഒരു ഏണിയും വാങ്ങിയിരുന്നു. അത് സ്ഥലത്ത് കൊണ്ടുവന്നിരുന്നോ എന്ന് വ്യക്തമല്ല. ക്രൂക്സ് ധരിച്ചിരുന്നത് ഡിമോളിഷന്‍ റാഞ്ച് (Demolition Ranch) എന്ന യൂട്യൂബ് ചാനലിന്‍റെ ടീ ഷർട്ടാണ്. തോക്കുകളെക്കുറിച്ചും പലവിധ സ്ഫോടക വസ്തുക്കളെക്കുറിച്ചും അറിവ് നൽകുന്ന ചാനൽ. ലക്ഷങ്ങളാണ് സബ്സ്ക്രൈബേഴ്സ്. ക്രൂക്സിന്‍റെ കാറിൽ സംശയാസ്പദമായ ചില ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. അതൊക്കെ പ്രവർത്തിപ്പിക്കാനുള്ള മറ്റൊരു ഉപകരണവും. അന്വേഷണം നടക്കുകയാണ്. ദിവസങ്ങൾ ചെന്നിട്ടും ക്രൂക്ക്സിന്‍റെ ലക്ഷ്യം എന്തായിരുന്നു എന്നതിൽ ഒരു സൂചനയും കിട്ടിയില്ല. വിശദപരിശോധനയ്ക്ക് സമയമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട് അന്വേഷണ സംഘങ്ങൾ.
വീടിനടുത്തുള്ള നഴ്സിംഗ് ഹോമിന്‍റെ പാചകപ്പുരയിലായിരുന്നു ക്രൂക്സിന് ജോലി. അവിടെയും ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല. പക്ഷേ, സ്കൂളിൽ ക്രൂക്സിനെ പലരും ശല്യപ്പെടുത്തുമായിരുന്നു. വേട്ടയ്ക്കുപോകുന്ന തരം വസ്ത്രങ്ങളിട്ടുവരുമായിരുന്നു ക്രൂക്സ് എന്ന് സഹപാഠികൾ ഓർക്കുന്നു. ചരിത്രം ഇഷ്ടമായിരുന്നു എന്ന് ചിലരും. മിണ്ടാട്ടം കുറവ്. എന്നാൽ ഇങ്ങനെ ചില നുറുങ്ങുകളല്ലാതെ ശരിയായി ക്രൂക്സിനെ അറിയാവുന്നവർ കുറവാണ്. ബുദ്ധിമാൻ, പക്ഷേ വിചിത്ര സ്വഭാവക്കാരൻ എന്ന് പറയുന്നവരുണ്ട്.
ജൂലിയന്‍ അസാഞ്ച്; യുഎസിന് 'മോസ്റ്റ് വാണ്ടഡ്' ക്രിമിനലായതെങ്ങനെ ?
അമേരിക്കൻ സീക്രട്ട് സർവീസ്
അമേരിക്കൻ പ്രസിഡന്‍റുമാരുടെയും മുൻ പ്രസിഡന്‍റുമാരുടെയും സുരക്ഷാ ചുമതല സീക്രട്ട് സർവീസിനാണ്. മുൻ പ്രസിഡന്‍റുമാർക്കും ആജീവാനന്ത സുരക്ഷ ഉണ്ടായിരുന്നു പണ്ട്. ബിൽ ക്ലിന്‍റന്‍റെ ഭരണകാലത്ത് അത് 10 വർഷത്തേക്കാക്കി ചുരുക്കി. 2012 -ൽ ആജീവനാന്ത സുരക്ഷ പുനഃസ്ഥാപിച്ചത് ബരാക് ഒബാമയാണ്. കോൺഗ്രസ് അംഗങ്ങളിൽ ഒരു വിഭാഗത്തിന് യോജിപ്പുണ്ടായിരുന്നില്ല. മുൻ പ്രസിഡന്‍റുമാർ പലരും ഉയർന്ന തുക കിട്ടുന്ന ജോലികൾ ചെയ്യുന്നവരാണെന്നും സുരക്ഷാ ചെലവ് സ്വയം വഹിക്കണമെന്നും ഇക്കൂട്ടർ വാദിച്ചു. എന്തായാലും ബിൽ പാസായി.
1865 -ൽ രൂപം കൊണ്ട് അമേരിക്കൻ സീക്രട്ട് സർവീസ് വിഭാഗം ലോകത്തെ തന്നെ ആദ്യത്തെ ഫെഡറൽ അന്വേഷണ ഏജൻസികളിൽ ഒന്നാണ്. അന്നത്തെ ലക്ഷ്യം പ്രസിഡന്‍റ് സുരക്ഷയായിരുന്നില്ല. അമേരിക്കൻ കറൻസിയുടെ വ്യാജനിറങ്ങുന്നത് തടയുകയായിരുന്നു ലക്ഷ്യം. 1901 -ൽ അത് മാറിയത് അമേരിക്കൻ പ്രസിഡന്‍റ് വില്യം മക്കിൻലി കൊല്ലപ്പെട്ടതോടെയാണ്. പക്ഷേ, അതിനുമുമ്പും പ്രസിഡന്‍റുമാർ കൊല്ലപ്പെട്ടിട്ടുണ്ട്. 1865 ൽ എബ്രഹാം ലിങ്കണ്‍, 1881 ൽ ജെയിംസ് ഗാർഫീൽഡ്. പക്,ഷേ പ്രസിഡന്‍റിനെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇനിയുമുണ്ടാകും എന്ന തിരിച്ചറിവാണ് സുരക്ഷയൊരുക്കാൻ കാരണമായത്. 1965 -ൽ കോൺഗ്രസ് നിയമം പാസാക്കി. മുൻപ്രസിഡന്‍റുമാർക്കും ഭാര്യമാർക്കും ആജീവനാന്ത സുരക്ഷ ഉറപ്പാക്കി. വേണ്ടെന്ന് അവർ തന്നെ പറയുന്നതുവരെ ആ സുരക്ഷ തുടരും. അങ്ങനെ പറഞ്ഞ ഒരാളേ ഉണ്ടായിട്ടുള്ളു. റിച്ചാർഡ് നിക്സൺ, 1985 -ലായിരുന്നു അത്. മുന്‍ പ്രസിഡന്‍റുമാര്‍ക്കുള്ള സംരക്ഷണം പക്ഷേ, ഒരേ പോലെയല്ല. ഒരോരുത്തരും നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ അനുസരിച്ച് സുരക്ഷയിലും മാറ്റമുണ്ടാകും.
മറ്റ് ഫെഡറൽ, സംസ്ഥാന, പ്രാദേശിക ഏജൻസികളുമായി സഹകരിച്ചാണ് സീക്രട്ട് സർവീസിന്‍റെ പ്രധാന പ്രവർത്തനം. പ്രസിഡന്‍റ് യാത്ര പോകുമ്പോൾ, അതത് മേഖലകളിൽ ഇവർ നേരത്തെ ചെന്ന് പരിശോധനകൾ നടത്തും. ഇവിടെയും ആ പതിവ് പരിശോധനകളൊക്കെ ഉണ്ടായിരുന്നു. പ്രചാരണ റാലികൾ പോലുള്ള ചടങ്ങുകളിൽ വളരെ നേരത്തെ എത്തുന്നതാണ് സീക്രട്ട് സർവീസിന്‍റെ രീതി.
സീക്രട്ട് സർവീസിന്‍റെ കൗണ്ടർ സ്നൈപ്പർ ടീമും കൗണ്ടർ അസാൾട്ട് ടീമും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അക്രമിനിലയുറപ്പിച്ച റൂഫ്ടോപ്, സംശയാപ്ദമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. പക്ഷേ, പിന്നെ അത് വിട്ടുകളഞ്ഞു. അവിടെ നിരീക്ഷണത്തിന് പോലും ആരേയും നിർത്തിയില്ല. ഒരു ഗ്ലാസ് ഗവേഷണ സ്ഥാപനത്തിന്‍റെതായിരുന്നു ആ കെട്ടിടം. അതിന് തൊട്ടടുത്ത് ചടങ്ങുകൾ നടത്താനുളള ഒരു ഔട്ട്ഡോർ വേദിയും ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും കാര്യമായെടുത്തില്ല. അങ്ങനെ ട്രംപിന് 148 യാർഡുകൾ മാത്രം ദൂരത്ത്, സെമി ഓട്ടോമാറ്റിക് തോക്കുമായി അക്രമി കയറ്റിപ്പറ്റി. പ്രാദേശിക അധികൃതരുടെ നാല് സ്നൈപ്പർ ടീം ഉൾപ്പടെ നിയോഗിക്കപ്പെട്ടിരുന്നു സ്ഥലത്ത്. വേദിക്ക് പുറത്തുള്ള സുരക്ഷ, സീക്രട്ട് സർവീസിന്‍റെ ചുമതലയെന്നാണ് ബട്ലർ കൗണ്ടി ജില്ലാ അറ്റോർണിയും പറഞ്ഞത്.
എന്തുതന്നെയായാലും ക്രൂക്സ് എങ്ങനെ തോക്കുമായി കെട്ടിടത്തിൽ കയറിപ്പറ്റി എന്നാണ് മുൻ സീക്രട്ട് സർവീസ് ഏജന്‍റുമാർ ചോദിക്കുന്നത്. ചടങ്ങ് നടക്കുന്ന വേദിക്കരികിലെ ഉയർന്ന പ്രദേശങ്ങൾ, കെട്ടിടങ്ങളടക്കം നിയന്ത്രണത്തിലാക്കുകയാണ് ആദ്യം സീക്രട്ട് സർവീസ് ചെയ്യേണ്ടത്. അതെന്തുകൊണ്ട് സംഭവിച്ചില്ല എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
ജൂലിയന്‍ അസാഞ്ച്; പതിന്നാല് വര്‍ഷം നീണ്ട യുഎസ് വേട്ടയാടലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്
(യുഎസ് സീക്രട്ട് സർവീസ് ഡയറക്ടറായിരുന്ന കിംബർലി ചീറ്റില്‍)
സുരക്ഷാ വീഴ്ച
റാലിയിൽ പങ്കെടുത്ത് ഇതിനെല്ലാം സാക്ഷ്യം വഹിച്ചവർക്ക് ആദ്യത്തെ ഞെട്ടലിന് ശേഷം ദേഷ്യവും സങ്കടവും പേടിയുമാണ് ഇപ്പോൾ. പേടി ഭാവിയെക്കുറിച്ചാണ്. അമേരിക്കൻ സീക്രട്ട് സർവീസിന്‍റെ പരാജയമെന്ന് അവർ കുറ്റപ്പെടുത്തുന്നു. അരിശം മുഴുവൻ സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റിലിന്‍റെ നേർക്കാണ്. കിംബർലി രാജിവയ്ക്കണം എന്നാണ് അവരുടെ ആവശ്യം. ഇത്ര അരക്ഷിതാവസ്ഥയാണെങ്കിൽ തങ്ങളുടെയും ജീവൻ സുരക്ഷിതമല്ലല്ലോ എന്നാണ് ചോദ്യം. ഇത്രയും സുരക്ഷാ സജ്ജീകരണങ്ങൾ ഉണ്ടായിട്ടും, മാഗ്നറ്റിക് സ്ക്രീനും ബുളളറ്റ്പ്രൂഫ് ലിമൂസിനുകളും ആയുധധാരികളായ സീക്രട്ട് സർവീസ് ഏജന്‍റുമാരും ഇമയടയ്ക്കാതെ നോക്കിയിരുന്നിട്ടും ഇതുണ്ടായല്ലോ എന്ന അമ്പരപ്പാണ് ആ ചോദ്യത്തിൽ. ഒടുവില്‍ "നമ്മുടെ രാജ്യത്തിന്‍റെ നേതാക്കളെ സംരക്ഷിക്കുക" എന്ന ദൗത്യത്തിൽ നിന്ന് ഏജൻസി പരാജയപ്പെട്ടു എന്ന് അവർ സമ്മതിച്ച കിംബർലി, "ഭാരിച്ച ഹൃദയത്തോടെ" ഏജൻസി വിടാനുള്ള "ബുദ്ധിമുട്ടുള്ള" തീരുമാനം താൻ എടുത്തെന്ന് കുറിച്ച് കൊണ്ട് സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.
ജനങ്ങളുടെ ഓർമ്മകളില്‍ 2017-ലെ ലാസ് വേഗസ് വെടിവയ്പ്പാണ്. അന്നും അക്രമി കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് വെടിവച്ചത്. മരിച്ചത് 58 പേർ. റാലിയിൽ പങ്കെടുത്ത് 2 ലക്ഷത്തിൽപ്പരം പേരാണ്. അവരുടെയെല്ലാം ജീവൻ അപകടത്തിലായിരുന്നില്ലേയെന്നും ചോദിക്കുന്നു. എന്തായാലും ബട്ട്ലർ എന്ന ചെറുപട്ടണം മാറിപ്പോയിരിക്കുന്നു. ശാന്തമായ പട്ടണം. കൊച്ചുകൊച്ചു സൗഹൃദങ്ങൾ. പരസ്പരം അറിയാവുന്നവരാണ് നാട്ടുകാർ. എന്തിനും ഏതിനും ഓടിയെത്തും എല്ലാവരും. വെടിയേറ്റ് മരിച്ച കോറിയെ എല്ലാവരും ഓർക്കുന്നത് അങ്ങനെ കൂടിയാണ്. ഇനി ഈ പട്ടണം ഈ വെടിവയ്പിന്‍റെ പേരിലാവും അറിയപ്പെടുകയെന്ന് സങ്കടപ്പെടുന്നു നാട്ടുകാർ.
അക്രമം ഒരു തുടർക്കഥ
റോണൾഡ് റീഗന് നേർക്ക് 1981 -ൽ ഉണ്ടായ വെടിവയ്പ്പിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായി ഇതിനെ കണക്കാക്കുന്നു. വാഷിംഗ്ണിലെ ഹിൽട്ടൺ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് റീഗന് വെടിയേറ്റത്. റീഗന്‍റെ പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി വെടിയേറ്റ് സംഭവ സ്ഥലത്ത് വച്ച് മരിച്ചു.
അമേരിക്കൻ ചരിത്രത്തിലെ കറുത്ത ഏട് അരനൂറ്റാണ്ട് മുമ്പ് നടന്ന കെന്നഡി സഹോജരൻമാരുടെ വധമാണ്. ഒരാൾ പ്രസിഡന്‍റായിരിക്കെ, മറ്റൊരാൾ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരിക്കെ. 1963 -ൽ ഡല്ലാസിൽ വച്ച് ജനങ്ങളെ അഭിവാദ്യം ചെയ്ത് കാറിൽ നീങ്ങുമ്പോൾ ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ടു. 5 വർഷത്തിന് ശേഷം 1968 -ൽ റോബർട്ട് കെന്നഡി കൊല്ലപ്പെട്ടത് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്നതിനിടെയിലും.
പ്രസിഡന്‍റിനെ മാത്രമല്ല, വൈസ് പ്രസിഡന്‍റ്, നിയുക്ത പ്രസിഡന്‍റും കുടുംബാംഗങ്ങളും മുൻ പ്രസിഡന്‍റുമാരും ഭാര്യമാരും ഒക്കെ സീക്രട്ട് സർവീസിന്‍റെ സുരക്ഷാ പരിധിയിലാണ്. തെരഞ്ഞെടുപ്പിനോടടുത്ത 120 ദിവസം പ്രമുഖ പ്രസിഡന്‍റ് സ്ഥാനാർത്ഥികളെയും ഭാര്യമാരെയും സംരക്ഷിക്കേണ്ടതും സീക്രട്ട് സർവീസിന്‍റെ ഉത്തരവാദിത്വം.