Science : ഏതോ കാലത്തിന്റെ വെളിച്ചമാണ് നാം കാണുന്ന നക്ഷത്രങ്ങള്‍!
നമ്മള്‍ ഇന്നലെയിലേക്കാണ്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള നക്ഷത്രവെളിച്ചങ്ങളിലേക്കു കൂടിയാണ് കണ്ണു തുറക്കുന്നത്. നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശം, ഇന്നലെയുടെ ഒരു തിളക്കക്കാഴ്ചയാണ് - തുളസി ജോയ് എഴുതുന്നു
'ഹൃദയമാമാകാശചരുവിലാ താരകം
കണ്‍ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനിമൃതികളറിയാതെ പോകും.'
അനില്‍ പനച്ചൂരാന്‍
ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളില്‍ നിന്നും നമ്മുടെ കണ്ണില്‍ എത്തുന്ന പ്രകാശം എത്ര ദൂരം, എത്ര വര്‍ഷം സഞ്ചരിച്ചാണ് നമ്മിലേക്ക് എത്തുന്നത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം.
പ്രപഞ്ചത്തില്‍ ഇന്ന് നമുക്ക് അറിയാവുന്നതില്‍ വച്ച് ഏറ്റവും വേഗം പ്രകാശത്തിനാണ്. 300,000 കിലോ മീറ്റര്‍ ദൂരം കേവലം ഒരു സെക്കന്റ് സമയം കൊണ്ട് സഞ്ചരിക്കുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ട് എത്ര ദൂരം സഞ്ചരിക്കുന്നുണ്ട് എന്നോര്‍ത്തു നോക്കൂ!
സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് proxima cantauri. ഈ നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശം നാലേകാല്‍ വര്‍ഷത്തോളം യാത്രചെയ്താണ് ഇന്ന്, നമ്മുടെ ആകാശത്ത് വന്നു തെളിഞ്ഞത്!
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്ര വെളിച്ചത്തിന് പോലും ഇവിടെയെത്താന്‍ ഇത്രയും വര്‍ഷം യാത്ര ചെയ്യണം. നമ്മുടെ ആകാശത്തിലെ ഏറ്റവും തെളിച്ചമുള്ള നക്ഷത്രമാണ് സിറിയസ്. സിറിയസിലെ പ്രകാശം ഭൂമിയില്‍ എത്താന്‍ ഏതാണ്ട് എട്ടര വര്‍ഷം എടുക്കും. സിറിയസ് നക്ഷത്രം എട്ടര വര്‍ഷം മുന്‍പ് എടുത്ത സെല്‍ഫിയാണ് ഇന്നു രാത്രി നമുക്ക് കാണാന്‍ കഴിയുന്നത് എന്നര്‍ത്ഥം!
ഇവയൊക്കെ ഭൂമിയോട് താരതമ്യേന അടുത്തുള്ള നക്ഷത്രങ്ങളാണ്. തിരുവാതിര നക്ഷത്രം എന്ന് നമ്മള്‍ വിളിക്കുന്ന ബീറ്റില്‍ ജ്യൂസ് നക്ഷത്രം ഭൂമിയില്‍ നിന്നും ഏതാണ്ട് 550 പ്രകാശ വര്‍ഷം അകലെയാണ് .
ഇതു പോലെ അകലെയുള്ള നക്ഷത്രങ്ങള്‍ ഏറെയുണ്ട് ആകാശത്ത്. അവയൊക്കെ ഭൂമിയില്‍നിന്നും നാനൂറും, അറുനൂറുമൊക്കെ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്.
ആകാശഗംഗയുടെ അയല്‍ ഗാലക്‌സിഎന്നു വിളിക്കാവുന്ന ആന്‍ഡ്രോമിഡ ഗാലക്സി ഭൂമിയില്‍ നിന്നും ഏകദേശം 2,480,000 പ്രകാശ വര്‍ഷം അകലെയാണ് . വളരെ വലുതായതു കൊണ്ട് നഗ്‌നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാനാവും എന്നതുമാണ് ഈ ഗാലക്‌സിയുടെ സവിശേഷത . ഒരു 25 ലക്ഷം വര്‍ഷങ്ങള്‍ക്കു പുറകിലേക്കുള്ള ഒരു കാലസഞ്ചാരമാണ് ഈ ഗാലക്‌സിയിലേക്കുള്ള ഓരോ നോട്ടവും എന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നില്ലേ!
ഇനി, ആകാശത്തേക്ക് നോക്കുമ്പോള്‍ ഓര്‍ക്കുക..
നമ്മള്‍ ഇന്നലെയിലേക്കാണ്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള നക്ഷത്രവെളിച്ചങ്ങളിലേക്കു കൂടിയാണ് കണ്ണു തുറക്കുന്നത്. നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശം, ഇന്നലെയുടെ ഒരു തിളക്കക്കാഴ്ചയാണ്!