വെറും ക്യാമറാ ട്രിക്കല്ല, ത്രീഡി സിനിമയുടെ രഹസ്യവും അനുഭവവും അറിയാനേറെ!

 3D യില്‍ എങ്ങനെയാണ് നീളത്തിനും, വീതിയ്ക്കും ഒപ്പം ആഴം കൂടി തോന്നിപ്പിക്കുന്നത് - തുളസി ജോയ് എഴുതുന്നു 

Science How does 3D work by Thulasy joy

ഒരു വസ്തു, അല്ലെങ്കില്‍ ഒരു ദൃശ്യം നേരിട്ട് കാണുന്ന അനുഭവം നമുക്ക് നല്‍കുന്നവയാണ് ത്രീഡി എന്ന് ചുരുക്കി വിളിക്കുന്ന ത്രിമാന ചലച്ചിത്രങ്ങള്‍.

സാധാരണ ചലച്ചിത്രങ്ങള്‍ 2D അഥവാ, ദ്വിമാനങ്ങള്‍ ആണ്. എന്നുവെച്ചാല്‍ നീളവും, വീതിയും മാത്രം അടയാളപ്പെടുത്തുന്ന പരന്ന ചിത്രങ്ങളാണ് ഇവ എന്നര്‍ത്ഥം.

ഇവയില്‍ നിന്നും വ്യത്യസ്തമായി 3D യില്‍ എങ്ങനെയാണ് നീളത്തിനും, വീതിയ്ക്കും ഒപ്പം ആഴം കൂടി തോന്നിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്.

അടുത്തുള്ള ഒരു വസ്തുവിനെ ആദ്യം ഇടതു കണ്ണും, പിന്നീട് വലത് കണ്ണും അടച്ചുപിടിച്ച് നോക്കുക. ഇടതു കണ്ണ് വസ്തുവിന്റെ കുറച്ചു കൂടുതല്‍ ഇടത്തേക്കുള്ള കാഴ്ചയും, വലതു കണ്ണ് വലതുവശത്തേക്ക് അല്പം മാറിയ കാഴ്ചയുമാണ് തരുന്നത് എന്ന് കാണാം.

നമ്മുടെ രണ്ട് കണ്ണുകള്‍ക്കും ഇടയിലുള്ള രണ്ടിഞ്ചോളം വരുന്ന അകലമാണ് കാഴ്ചയ്ക്ക് ആഴം നല്‍കുന്നത്. ഒരേസമയത്ത് രണ്ട് കണ്ണുകളും കാണുന്ന ഈ രണ്ട് കാഴ്ചകളെയും തലച്ചോറില്‍ വച്ച് ഒരുമിച്ച് ചേര്‍ക്കുമ്പോഴാണ് ത്രിമാനമായി കാണുന്ന അനുഭവം നമുക്ക് ലഭിക്കുന്നത്.

3D ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ മുന്‍പ് അവലംബിച്ചിരുന്ന മാര്‍ഗ്ഗം ചുവപ്പ് ഫില്‍ട്ടറും, പച്ച അല്ലെങ്കില്‍ നീല ഫില്‍ട്ടറും ഉള്ള അടുത്തടുത്ത് വെച്ച രണ്ട് ക്യാമറ ലെന്‍സുകള്‍ വഴി ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്നതായിരുന്നു.

ഈ ദൃശ്യങ്ങള്‍ ഒരേ സമയത്ത് സിനിമാ സ്‌ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്യപ്പെടുന്നു. സ്‌ക്രീനില്‍ എത്തുന്ന ചിത്രങ്ങളില്‍ ഒരു ലെന്‍സ് ചിത്രീകരിച്ചത് ഒരു കണ്ണില്‍ മാത്രവും, മറ്റേ ലെന്‍സിന്റെ ദൃശ്യങ്ങള്‍ അടുത്ത കണ്ണിലും വേണം എത്താന്‍.

ഇതിനായി കാഴ്ചക്കാര്‍ ഒരു ഗ്ലാസ് ചുവപ്പു നിറത്തിലും, മറ്റേത് നീല അല്ലെങ്കില്‍ പച്ചനിറത്തിലുമുള്ള പ്രത്യേകതരം കണ്ണടകളിലൂടെ സ്‌ക്രീന്‍ വീക്ഷിക്കുന്നു. കണ്ണടയിലെ ചുവപ്പ് ഗ്ലാസ് ചുവന്ന പ്രകാശരശ്മികളെ മാത്രവും, നീല ഗ്ലാസ് നീല രശ്മികളെ മാത്രവും കടത്തിവിടുന്നു.

രണ്ട് വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്നുള്ള ഈ രണ്ട് ദൃശ്യങ്ങളും ഒന്നിച്ച് ചേര്‍ക്കപ്പെടുമ്പോഴാണ് ആഴമുള്ള ത്രിമാന ചിത്രങ്ങള്‍ കാണുന്ന അനുഭവം നമുക്കുണ്ടാകുന്നത്.

ഈ രീതിയുടെ ഒരു വലിയ ന്യൂനത, ദൃശ്യങ്ങളുടെ യഥാര്‍ത്ഥ നിറം ഇത്തരം ചിത്രങ്ങള്‍ക്ക് തരാന്‍ കഴിയില്ല എന്നതാണ്. കാഴ്ചയുടെ പൂര്‍ണ്ണ അനുഭവം അങ്ങനെ ലഭിക്കാതെ പോകുന്നു.

 

 

ഇതിനൊരു പരിഹാരമായിട്ടാണ്, ഇപ്പോള്‍ അവലംബിച്ചു പോരുന്ന പുതിയ 3D ചിത്രീകരണം.

ഇതില്‍ പോളറോയ്ഡുകളാണ് ഉപയോഗിക്കുന്നത്.

സൂര്യപ്രകാശം എല്ലാ ദിശകളിലും കമ്പനം ചെയ്യുന്ന തരംഗങ്ങളുടെ ഒരു കൂട്ടമാണ്. ഈ പ്രകാശ തരംഗങ്ങളെ അവയുടെ സഞ്ചാര ദിശയ്ക്ക് സമാന്തരമായും, ലംബമായും കമ്പനം ചെയ്യുന്ന തരംഗങ്ങളായി വേര്‍തിരിച്ചെടുക്കുകയാണ് പോളറോയ്ഡുകള്‍ ചെയ്യുന്നത്. കാണാന്‍ ഉപയോഗിക്കുന്ന കണ്ണടയില്‍ ഒരു വശത്തേത് സമാന്തര തരംഗങ്ങളെ കടത്തിവിടുന്ന പോളറോയ്ഡ് ഗ്ലാസ് ആണെങ്കില്‍, മറുവശത്തേത് ലംബ തരംഗങ്ങളെ കടത്തിവിടുന്നത് ആകും.

പഴയ രീതിയില്‍ ചുവപ്പ് - പച്ച ഗ്ലാസ്സുകള്‍ ചെയ്തിരുന്ന ജോലി, ഇവിടെ പോളിറോയിഡ് ഗ്ലാസുകള്‍ ആണ് ചെയ്യുന്നത്. അതുകൊണ്ട് നിറങ്ങളുടെ സംയോജനം കൊണ്ട് ഉണ്ടാക്കുന്ന ചിത്രങ്ങളേക്കാള്‍ വ്യക്തതയും, നിറങ്ങളുടെ വൈവിധ്യവും ഈ ദൃശ്യങ്ങള്‍ക്കുണ്ടാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios