കോസ്മിക് രശ്മി കാരണം നമ്മുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമോ?
അനു ബി കരിങ്ങന്നൂര്‍ എഴുതുന്നു: എന്താണ് ഈ കോസ്മിക് രശ്മികള്‍? അവ കാരണം നമ്മുടെ മൊബൈല്‍ പൊട്ടിത്തെറിക്കുമോ? അവ നമ്മുടെ ശരീരത്തിലെ എനര്‍ജി കൂട്ടുമോ?
ഇനിയാരെങ്കിലും നിങ്ങളോട് സീരിയസായിട്ട് കോസ്മിക് രശ്മികള്‍ വന്നു ഫോണ്‍ പൊട്ടിത്തെറിക്കും എന്നോ നിങ്ങടെ ഉള്ളിലെ കോസ്മിക് റേസ് കൂട്ടാന്‍ ഒരു വഴി എന്നോ പറഞ്ഞു കേള്‍ക്കുമ്പോ സത്യം മനസ്സിലാക്കിയ നിങ്ങള് ചിരിച്ചു ചത്താല്‍ ഞാന്‍ ഉത്തരവാദിയല്ല!
''ഇന്ന് രാത്രി 12 മണിക്ക് കോസ്മിക് കിരണങ്ങള്‍ വരുന്നുണ്ട്, മൊബൈല്‍ ഉപയോഗിക്കരുതെന്ന് നാസ പറഞ്ഞു.''
''യോഗ ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ കോസ്മിക് എനര്‍ജി കൂട്ടാം.''
''ആരാധനാലയങ്ങള്‍ കോസ്മിക് കിരണങ്ങളുടെ കേന്ദ്രം.''
ഇങ്ങനെ സോഷ്യല്‍ മീഡിയായുടെ കണ്ണിലുണ്ണിയാണ് കോസ്മിക് രശ്മികള്‍. ഒരു വട്ടമെങ്കിലും ഇത്തരം മെസേജുകള്‍ കാണാത്ത ഒരാളും ഉണ്ടായിട്ടില്ല. കേശവന്‍ മാമന്മാരുടെ പൊന്നോമന!
സത്യത്തില്‍ ആരാ ഈ കോസ്മിക് രശ്മി?
ശാസ്ത്രീയമായി പറഞ്ഞാല് എന്താണ് ഈ കോസ്മിക് രശ്മികള്‍? അവ കാരണം നമ്മുടെ മൊബൈല്‍ പൊട്ടിത്തെറിക്കുമോ? അവ നമ്മുടെ ശരീരത്തിലെ എനര്‍ജി കൂട്ടുമോ?
അതിന്റെ കഥ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.
എങ്ങനെ എന്നോ എവിടെ നിന്ന് വരുന്നെന്നോ അറിയാത്ത കുറെ അജ്ഞാത കിരണങ്ങളെ കുറിച്ച് ശാസ്ത്രലോകം അന്വേഷണം ആരംഭിക്കുന്നത് 1900 ഇലാണ്. ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ്. എന്താണ് ഏതാണ് എന്നൊന്നും അറിയില്ലെങ്കിലും വൈദ്യുതചാര്‍ജിന്റെ സാന്നിധ്യമറിയാനുള്ള ഇലക്‌ട്രോസ്‌കോപ്പില്‍ ഏതോ റേഡിയേഷന്റെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞു. അന്ന് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച ഈ കിരണങ്ങളെ തിരഞ്ഞ് പലരും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തി.
ഈഫല്‍ ടവറിന്റെ മുകളില്‍ കയറി നോക്കി. ബലൂണില്‍ കയറി മോളിലോട്ട് പോയി നോക്കി. അങ്ങനെ അതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമ്മുടെ 'ശാസ്ത്ര സണ്ണിമാര്‍' സഞ്ചരിച്ചു.
1912-ലാണ് ഓസ്ട്രിയന്‍ ശാസ്ത്രജ്ഞനായ വിക്ടര്‍ ഫ്രാന്‍സിസ് ഹെസ്സ്, ബലൂണില്‍ കയറി ആകാശത്തേക്ക് പോയി (5500m) നടത്തിയ പരിശോധനയില്‍ ഉയരം കൂടുന്തോറും ഈ കിരണങ്ങളുടെ തീവ്രത കൂടുന്നു എന്നദ്ദേഹം കണ്ടെത്തി.
അതായത് ഭൂമിയില്‍ നിന്നും വരുന്നതല്ല ഈ റേഡിയേഷന്‍ എന്നും ഭൗമോ പരിതലത്തിന് പുറത്ത് നിന്നെവിടുന്നോ വരുന്നതാണ് ഇവയെന്നും അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന് കോസ്മിക് കിരണങ്ങളുടേ കണ്ടുപിടുത്തത്തിനു 1936 -ലെ ഫിസിക്‌സ് നോബല്‍ സമ്മാനം ലഭിച്ചു. രാത്രിയിലും സൂര്യ ഗ്രഹണ സമയത്തുമെല്ലാം തന്റെ പരീക്ഷണം ആവര്‍ത്തിച്ച ഹെസ്സ്, ഈ കിരണങ്ങള്‍ സൂര്യനില്‍ നിന്നും വരുന്നവയല്ല എന്ന നിഗമനത്തില്‍ എത്തി.
പിന്നീട്, സൗരയൂഥത്തിന് പുറത്തുനിന്നു വരുന്ന ഒരു കൂട്ടം കണികകളാണ് (particles) ഈ കോസ്മിക് രശ്മികള്‍ എന്ന് മനസ്സിലാക്കി! ഈ കണികക്കൂട്ടത്തിനെ നമ്മളെന്തിനാ രശ്മികള്‍ (rays) എന്ന് വിളിക്കുന്നെ?
അത് അരിപ്രാഞ്ചി പോലെയാ. മ്മടെ സ്വര്‍ണ്ണക്കട നടത്തുന്ന അരിപ്രാഞ്ചി. അതാണവസ്ഥ!
ശരിക്കും സ്വഭാവം ഒക്കെ മനസ്സിലാക്കി വന്നിട്ടും പണ്ടത്തെ പേര് മാത്രം മാറ്റിയില്ല ഇന്നും അവരെ രശ്മികള്‍ എന്ന് വിളിക്കുന്നു.
ഇവര് പ്രകാശത്തിന്റെ വേഗതയോട് കട്ടയ്ക്ക് അടുത്ത വേഗതയില്‍ സഞ്ചരിക്കുന്നു.
ഇനി ഇവരുടെ ടീമില്‍ ആരൊക്കെ ഉണ്ടെന്ന് നോക്കിയാ, മ്മടെ പാടത്ത് മടല് കൊണ്ട് കളിക്കണ ചെക്കന്‍മാരു മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുണ്ട്.
വളരെ ഭാരം കുറഞ്ഞ ഹൈഡജന്റെ ന്യൂക്ലിയസിന് സമാനമായ കണങ്ങളാണ് കൂടുതലും. എന്നാല്‍ ലെഡ് പോലെയുള്ള ഹെവി മെറ്റല്‍ വരെയുള്ള മൂലകങ്ങളുടെ നൂക്ലിയസുകളെയും മറ്റ് പലതരം കണികകളെയും ഇക്കൂട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സാധാരണ നക്ഷത്രങ്ങളില്‍ കാണുന്ന മൂലകങ്ങള്‍ മുതല്‍, ചാവാന്‍ കിടക്കുന്ന നക്ഷത്രത്തിന്റെ പൊട്ടിത്തെറിയായ സൂപ്പര്‍നോവയില്‍ കാണപ്പെടുന്ന കണികകള്‍ വരെയുണ്ട് ഈ കണികക്കൂട്ടത്തില്‍.
വീട്ടീന്ന് ഇറങ്ങി നേരെ പോകേണ്ട സ്ഥലത്ത് പോകുന്ന ഡീസന്റ് പാര്‍ട്ടികള്‍ ഒന്നുമല്ല ഇവര്, വഴിനീളെ തോന്നും പോലെ കറങ്ങി നടന്നു വരുന്നവരാ.. അതുകൊണ്ട് എവിടുന്നു വരുന്നൂ എന്നൊക്കെ കണ്ടെത്താന്‍ ഇമ്മിണി പാട് പെടും.
അതായത് ഉത്തമാ, ഇവരെല്ലാം ചാര്‍ജുള്ള കണങ്ങള്‍ ആയത്‌കൊണ്ട് ഗാലക്‌സിയിലെയോ സൗരയൂഥത്തിലെയൊ പലതരം കാന്തിക മണ്ഡലം ഇവയുടെ വഴി തിരിച്ച് വിടുന്നുണ്ട്. അതുകൊണ്ട് കൃത്യമായി ഇവരെവിടുന്ന് വരുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നു.
അതിഭീമമായ ഊര്‍ജമാണ് സാറേ ഇവന്മാരുടെ മെയിന്‍.
10^9 മുതല്‍ 10^20 eV ( ഒന്നിന് ശേഷം 20 പൂജ്യങ്ങള്‍) വരെയാണ് ഇവയുടെ ഊര്‍ജ്ജം. വളരെ ഉയര്‍ന്ന ഊര്‍ജമാണിത്. നമ്മുടെ എക്‌സ്‌റേ കിരണങ്ങളുടെ ഊര്‍ജ്ജം വെറും 100 മുതല്‍ 20000eV വരെയാണ് എന്നോര്‍ക്കണം!
പറഞ്ഞു വന്നത് ഇവര് വന്നുകയറി നമ്മുടെ മൊബൈലിനെ പൊട്ടിത്തെറിപ്പിക്കുമോ? ശരീരത്തില്‍ കയറി ശക്തി കൂട്ടുമോ എന്നൊക്കെയല്ലേ?
എന്നാല്‍, ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന കോസ്മിക് കിരണങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലം കാരണം വീണ്ടും വഴിമാറി പൊയ്‌ക്കോളും. അവ ചാര്‍ജുള്ള കണികകള്‍ ആണെന്ന് പറഞ്ഞല്ലോ! അങ്ങനെയുള്ള കണികകളെ വഴിതെറ്റിക്കാനോ ( deflection) വിസരണം ( scattering) നടത്താനോ ഒരു കാന്തിക മണ്ഡലത്തിന് നിസ്സാരമായി കഴിയും. അങ്ങനെ ഭൂരിഭാഗം കോസ്മിക് രശ്മികളും ഇങ്ങോട്ട് വരില്ല! ഇനി വളരെ ചെറിയ ഭാഗം രക്ഷപ്പെട്ടു വന്നാലും അവ അന്തരീക്ഷത്തിലെ പലതരം കണികകളുമായി കൂട്ടിയിടിച്ച് ഊര്‍ജമൊക്കെ കുറഞ്ഞ്, വേറെ പലതരം കണികകള്‍ ആയി മാറുകയോ ഒക്കെ ചെയ്യും.
ഭൗമോപരിതലത്തിനു പുറത്തുള്ള സാറ്റലൈറ്റുകളിലും ബഹിരാകാശ യാത്രികര്‍ക്കുമൊക്കെ യാണ് ശരിക്കും കോസ്മിക് കിരണങ്ങള്‍ ഏല്‍ക്കാന്‍ സാധ്യത! അവരതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്.
അപ്പോ കേശവന്‍മാമന്റെ വാട്‌സ്ആപ് മെസ്സേജോ? ൃ അത് രണ്ട് മണിക്കൂറെങ്കിലും ഫോണിനും കണ്ണിനും റെസ്റ്റ് കിട്ടാനുള്ള ഒരു കരുതല്‍ മാത്രം!
Disclaimer : ഇനിയാരെങ്കിലും നിങ്ങളോട് സീരിയസായിട്ട് കോസ്മിക് രശ്മികള്‍ വന്നു ഫോണ്‍ പൊട്ടിത്തെറിക്കും എന്നോ നിങ്ങടെ ഉള്ളിലെ കോസ്മിക് റേസ് കൂട്ടാന്‍ ഒരു വഴി എന്നോ പറഞ്ഞു കേള്‍ക്കുമ്പോ സത്യം മനസ്സിലാക്കിയ നിങ്ങള് ചിരിച്ചു ചത്താല്‍ ഞാന്‍ ഉത്തരവാദിയല്ല!
..............
റഫറന്‍സ് : www.nobelprize.org. Spatium (No.11) November 2003