താളം തെറ്റുന്ന ഞാറ്റുവേല, കളമൊഴിയുന്ന കൃഷി

കാലാവസ്ഥാ വ്യതിയാനവും നമ്മുടെ കൈയിലിരിപ്പുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഭുമിയും പ്രപഞ്ചവും  നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്.  അതിന് ആക്കം കൂട്ടികൊണ്ട് ആഗോള താപനത്തിലെ വര്‍ദ്ധന ലോകമാകെ കാലാവസ്ഥയെ മാറ്റിമറിക്കുന്നു. അതിവര്‍ഷത്തിനും കൊടും വേനലിനും കാരണമാകുന്നത് ഇതാണ്. 

S Biju on climate change and agriculture sector in Kerala

കാടുവെട്ടി മേടിടിച്ചു വന്യമൃഗങ്ങളെ നേരിട്ട്  ഒരുക്കിയ വഴിത്താരകളിലൂടെ ഇപ്പോള്‍ വണ്ടികള്‍ കീഴോട്ടിറങ്ങുകയാണ്. ഒരു കാലത്ത് നൂറൂ മേനി തന്ന ആ മോഹഭൂമി ഇന്ന് പത്തിലൊന്ന് പോലും വിളവ് തരുന്നില്ല. കുരുമുളകിന് പേരുകേട്ട നാടായിരുന്നു വയനാട്ടിലെ  പുല്‍പ്പള്ളി. എന്നാല്‍, ആദ്യം ഉണക്ക ്ബാധിച്ചും പിന്നീട് ദ്രുതവാട്ടം വന്നും വള്ളിയെല്ലാം പോയി. 

ഇനി മുളക് വേണ്ടെന്ന് വിചാരിച്ചതാണ് ബിനോയുടെ കുടുംബം. എന്നാല്‍ അയലങ്ങളില്‍ വള്ളികള്‍ തിളിര്‍ത്തപ്പോള്‍ വീണ്ടും കരിമണ്ണില്‍ കൃഷിയിറക്കി. ആയിരം കിലോയെങ്കലും ഉണക്ക മുളകിന്റെ വിളവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മഹാപ്രളയം പെയ്തിറങ്ങിയത്.  മൊത്തം  വള്ളികളും അഴുകി പോയി. 2018-ലെ മഹാപ്രളയം മറ്റിടങ്ങളെ പോലെ വയനാട്ടില്‍ വന്‍  വസ്തുനാശം വിതച്ചില്ല. എന്നാല്‍ കൃഷിയെല്ലാം നശിപ്പിച്ചു. കുരുമുളകും വാഴയും ഇഞ്ചിയും കാച്ചിലും ചേനയും മരച്ചീനിയുമെല്ലാം അഴുകി. പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ബിനോയ്ക്കും വിളയെല്ലാം നശിച്ചു. 

നല്ല കാലാവസ്ഥയില്‍  വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ക്കാകട്ടെ വില പലപ്പോഴും കിട്ടാറില്ലെന്നത് മറ്റൊരു പ്രതിസന്ധി. ഏത്ത വാഴയുടെ വില കിലോയൊന്നിന് പത്തിലേക്കും എട്ടിലേക്കും വരെ താഴ്ന്നു. കൃഷി ചെലവിന്റെ പകുതി പോലും  വില കിട്ടില്ലെന്നായതോടെ കര്‍ഷകര്‍ പകച്ചു നിന്നു. അപ്പോഴേക്കും കായ് പഴുക്കാന്‍ തുടങ്ങി. കച്ചവടക്കാര്‍ക്ക് നിറം വീണ കായ് വേണ്ട. സംഭരിക്കാനാളില്ലാതെ  കണ്ണീര്‍ പാടങ്ങളില്‍  അവ വീണ് കിടന്ന് നശിച്ചത് സങ്കട കാഴ്ചയായിരുന്നു. ബിനോ അദ്ധ്യാപകനായതിനാല്‍ ആ വരുമാനം കൊണ്ട് പിടിച്ചു നിന്നുവെന്നേയുള്ളു. എന്നാല്‍ കൃഷിയെ മാത്രം ആശ്രയിക്കുന്ന ശരാശരി കര്‍ഷകരുടെ അവസ്ഥ പരിതാപകരമാണ്. പലരും കൃഷി മാത്രമല്ല ആ പ്രദേശം തന്നെ ഉപേക്ഷിച്ചു മലയിറങ്ങി.


എത്രയോ തവണ കിഴക്കന്‍ വെള്ളം വന്നിട്ടും തളരാത്തവരാണ് കുട്ടനാട്ടുകാര്‍. അവര്‍ ഉഭയജീവികളെ പോലെയാണ്; കരയിലും വെള്ളത്തിലും  പിടിച്ചു നില്‍ക്കാനുള്ള പാരമ്പര്യമുണ്ടവര്‍ക്ക്. കായലില്‍ നിന്നു് തന്നെ കരിക്കുത്തി മടകെട്ടി  പുഞ്ചപ്പാടം ഒരുക്കിയാണ് കൃഷിക്കായി കേരളത്തിന്റെ നെല്ലറയെ അവര്‍ ഒരു കാലത്ത് ഒരുക്കിയെടുത്തത്. പെട്ടിയും പറയും വെച്ച്  വെള്ളം കോരിക്കളഞ്ഞ് നിലമൊരുക്കിയാണവര്‍ കൃഷി ചെയ്തിരുന്നത്. ഇന്ന് പമ്പ് വച്ചാണ് പാടത്തേക്കാള്‍ ഉയരത്തിലുള്ള ആറ്റിലേക്ക് വെള്ളം കോരിക്കളയുന്നത്.

മുരിക്കനെ പോലെയുള്ള കായല്‍ രാജാക്കന്‍മാരുടെ നേതൃത്വത്തില്‍ വിളയെറിഞ്ഞവര്‍. പിന്നീട് ഭൂപരിഷ്‌കരണം വന്നതോടെ പുഞ്ചപ്പാടങ്ങള്‍ക്ക് പുതിയ അവകാശികളായി. സംഘശക്തിയുടെ ബലത്തില്‍ അവര്‍ നൂറുമേനിയുടെ കൊയ്ത്തുകാരായി. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാറ്റുവേല കലണ്ടര്‍ താളം തെറ്റുകയാണ്. വേനല്‍ക്കാലത്ത്  പോലും എത്തുന്ന അതി വര്‍ഷത്തില്‍ മടവീഴ്ച അഥവാ  കായലിനെയും പുഞ്ചപ്പാടത്തെയും വേര്‍തിരിക്കുന്ന ബണ്ട് പൊട്ടല്‍ തുര്‍ക്കഥയാവുന്നു. നല്ല വിളവ് കിട്ടിയാലാകട്ടെ പലപ്പോഴും  സമയത്തിന് സര്‍ക്കാര്‍ ഏജന്‍സികള്‍ അത് സംഭരിക്കാറില്ല. കാലം തെറ്റി പെയ്യുന്ന വേനല്‍ മഴയത്ത് കൂട്ടിയിരിക്കുന്ന നെല്ല് കുരുത്തുകിടക്കുന്നത് കാണാനുള്ള പാങ്ങ് കുട്ടനാട്ടുകാര്‍ക്കില്ല.   

കാലാവസ്ഥാ വ്യതിയാനം വിതയ്ക്കുന്ന പ്രശ്‌നങ്ങള്‍

കാലാവസ്ഥാ വ്യതിയാനവും നമ്മുടെ കൈയിലിരിപ്പുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഭുമിയും പ്രപഞ്ചവും  നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്.  അതിന് ആക്കം കൂട്ടികൊണ്ട് ആഗോള താപനത്തിലെ വര്‍ദ്ധന ലോകമാകെ കാലാവസ്ഥയെ മാറ്റിമറിക്കുന്നു. അതിവര്‍ഷത്തിനും കൊടും വേനലിനും കാരണമാകുന്നത് ഇതാണ്. 

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? മാറുന്ന കാലാവസ്ഥ എങ്ങനെ നമ്മുടെ കാര്‍ഷിക വിളകളെ ബാധിക്കുന്നുവെന്ന് ദീര്‍ഘകാലമായി പഠിച്ച ശാസ്ത്രജ്ഞനാണ് കോഴിക്കോട്ടെ ജല വിഭവ പഠന കേന്ദ്രമായ CWRDM ലെ ഭൂവിനിമയ വകുപ്പുമേധാവിയായ സുരേന്ദ്രന്‍. 1970 മുതല്‍ കേരളത്തില്‍ മഴ പെയ്യുന്നതിന്റെ രീതികള്‍ മാറുകയാണെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ നാളുകളിലേക്കായി മഴക്കാലം മാറി. അതും പെട്ടെന്ന് തിമിര്‍ത്ത് പെയ്യുന്ന രാക്ഷസ മഴ. 

കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി മൂലം, പെയ്യുന്ന മഴക്ക് പരമാവധി കടലിലെത്താന്‍ വേണ്ടത് 48 മണിക്കൂറാണ്. മുന്‍പൊക്കെ സമ്പന്നമായ കാടും മലകളും കുന്നുകളും വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും മഴവെള്ളത്തെ പിടിച്ചു  നിറുത്തിയിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന വന നശീകരണവും, വ്യാപകമായ കുന്നിടിക്കലും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതും മൂലം ജലം സംഭരിച്ചു നിറുത്തപ്പെടുന്നില്ല. സാങ്കേതികമായി വനവിസ്തൃതിയില്‍ വലിയ കുറവു വന്നിട്ടില്ലായിരിക്കാം. എന്നാല്‍ നിത്യഹരിത വനങ്ങള്‍ പലതും തരംതാണു. ദുര്‍ബലമായ ഭൂപ്രദേശങ്ങളില്‍ പെയ്യുന്ന അതിവര്‍ഷംമേല്‍മണ്ണിനെ പൊടുന്നനെ ഒലിപ്പിച്ചു കളഞ്ഞു. അതോടെ ഭൂമി പലപ്പോഴും ഊഷരമായി. ഫലമോ  ധാതു നഷ്ടമായ ഭൂമിയില്‍ നിന്നുള്ള  വിളവ് വല്ലാതെ കുറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ശരാശരി 33 ശതമാനം വിളവാണ് നഷ്ടമായതെന്ന് ജല വിഭവ കേന്ദ്രം പങ്കാളിയായ പഠനം പറയുന്നു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും സമാന പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവിടങ്ങളേക്കാള്‍  കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ് കേരളത്തില്‍. കൃഷി  ചെയ്യുന്ന വിളകളിലെ വ്യത്യാസം, ഭൂമിയുടെ കിടപ്പ്,  ഓരോ കര്‍ഷകരുടെയും  ഭൂമിയുടെ വലുപ്പക്കൂടുതല്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാണ്. അവരൊക്കെ കൃഷിചെയ്യുന്ന ചെറുമണി ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും മാറുന്ന കാലാവസഥയോട് പെട്ടെന്ന് സമരസപ്പെടും. മാത്രമല്ല പരിഹാര നടപടികള്‍ നടപ്പാക്കാനും കേരളത്തെ അപേക്ഷിച്ചു മറ്റ് സംസ്ഥാനങ്ങളില്‍ എളുപ്പമാണ്.

ഒരു കാലത്ത് കൊള്ളക്കാരുടെ വിഹാര കേന്ദ്രമായിരുന്നു ചമ്പല്‍ക്കാടുകള്‍. അതെ ഫൂലന്‍ ദേവിയെന്ന പ്രതികാര ദുര്‍ഗ്ഗ ഒരു കാലത്ത് നേതൃത്വം നല്‍കിയ കൊള്ള സംഘങ്ങള്‍ ഉള്‍ക്കിടിലമായിരുന്നു. പിന്നീട് പാര്‍ലമെന്റ്  അംഗമായ അവര്‍ ദില്ലിയില്‍ തോക്കിനിരയായെന്നത് വിരോധാഭാസം. ദില്ലിയിലേക്ക് പത്ത് മുപ്പത് കൊല്ലം മുമ്പ് തീവണ്ടി യാത്ര നടത്തിയവര്‍ക്കറിയാം, മദ്ധ്യപ്രദേശിലെ ഗ്വാളിയര്‍ കഴിയുമ്പോള്‍  ഇരുമ്പ് ജനാല താഴ്ത്തിപ്പിച്ചാണ് സായുധ പൊലീസ് നമ്മെ തീവണ്ടിയില്‍ കടത്തിയിരുന്നത്. പൊലീസിന്റെ കണ്ണു വെട്ടിച്ച് അന്നൊക്കെ നമ്മള്‍, ജനാല പതിയെ ഉയര്‍ത്തി നോക്കുമ്പോള്‍ കണ്ടിരുന്നത് അവിസ്മരണീയമായ കാഴ്ചയാണ്. നിരവധി മണല്‍ക്കൂനകള്‍ പൊങ്ങിയും താണും അങ്ങനെ കണ്ണെത്താ ദൂരത്തേക്ക് വരണ്ടുണങ്ങി കിടക്കുന്നു. ചമ്പല്‍ കൊള്ളക്കാര്‍ക്ക് അനുഗ്രഹമായതും ഈ ഭൂപ്രകൃതിയാണ്്.  

കനത്ത മണ്ണൊലിപ്പ് സൃഷ്ടിച്ചതാണ് സവിശേഷമായ ആ ഭുപ്രകൃതി. മലബാറില്‍ നടത്തിയ പഠനത്തിന് സമാന്തരമായി ഒന്ന് ചമ്പലടങ്ങുന്ന മദ്ധ്യപ്രദേശിലെ  ബുന്ധേല്‍ഖണ്ടിലും, ഗുജറാത്തിലുമൊക്കെ   നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ പോലെ  പ്രതിസന്ധി അവിടെയുമില്ല. അവരുടെ  വിളകള്‍ കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ കുറെ കൂടി പ്രാപ്തമാണ്. വല്ലപ്പോഴും കിട്ടുന്ന  മഴയെ ആശ്രയിക്കുന്ന  അവരുടെ വിളകള്‍ ജനിതകമായി തന്നെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കൂറേ കൂടി ശേഷിയുള്ളതാണ്. പരിമിതമായ മഴയും പോഷണം കുറഞ്ഞ മണ്ണും ഉള്ളയിടമാണെങ്കിലും അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകും. 

കാര്‍ഷിക മേഖല ദുരന്ത മുനമ്പില്‍

എന്നാല്‍  പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിന്റെ  വിളകള്‍ക്ക് ആ മേന്‍മയില്ല. നമ്മുടെ വിളകളായ തെങ്ങും കവുങ്ങും നെല്ലും വാഴയും  കാപ്പിയും, കുരുമുളകുമെല്ലാം പ്രതിസന്ധിയെ കൂടുതലായി നേരിടുന്നു. കാലാവസ്ഥ വ്യതിയാനം നമ്മുടെ വിളമേനിയെ ബാധിക്കും. മാവ് പൂത്തിരിക്കുമ്പോഴുണ്ടാകുന്ന മകര മഴ അതെല്ലാം കൊഴിക്കും. പത്താമുദയത്തിന് ഇറക്കേണ്ട വിളകള്‍ക്ക് വേനല്‍ മഴ കിട്ടിയില്ലെങ്കിലും പ്രശ്‌നമാകും. മുമ്പത്തിനെക്കാള്‍ വലിയ വ്യതിയാനമാണ് അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകുന്നത്. കൂടിയ താപനില 0.43 മുതല്‍ 1.92 വരെയാണ് കൂടിയത്. കുറഞ്ഞ താപനില 0.66 മുതല്‍ 2.17 വരെ കൂടി. മറ്റ് കാലാവസ്ഥ ഘടകങ്ങള്‍ സ്ഥായിയാണെങ്കില്‍  ഒരു ഡിഗ്രി ചൂട് കൂടിയാല്‍ നെല്ലുത്പാദനത്തില്‍  6 ശതമാനം വിളവ് കുറയും. അത് 2 ഡിഗ്രി കൂടിയാല്‍ 8.4 ശതമാനം കുറയും. എന്നാല്‍ ചൂട് 3 ഡിഗ്രി കൂടിയാല്‍ കുറയുന്നത് നാലിലൊന്ന് വിളവാണ്, അതായത് 25.1 ശതമാനം.   

ഈ കാലാവസ്ഥ മാറ്റവും അത് ജൈവ ഘടനയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും നമുക്ക് കനത്ത ആഘാതമാകും.  നമ്മുടെ പല സുഗന്ധവ്യജ്ഞനങ്ങളുടെയും നാണ്യ വിളകളുടെയും കൃഷി തന്നെ അസാധ്യമാകും. കാലാവസ്ഥ വ്യതിയാനം ഈ വിധം തുടര്‍ന്നാല്‍ ഇപ്പോള്‍ കൃഷി ചെയ്യുന്ന 81 ശതമാനം പ്രദേശത്തും കാപ്പി ഉത്പാദനം നടക്കില്ല. നിലവിലുള്ള 64 ശതമാനം പ്രദേശത്തും നിന്നും കുരുമുളകിനും പിന്‍മാറേണ്ടി വരും. ഇത് തരണം ചെയ്യാനുള്ള നടപടികള്‍ കേരളത്തിലെ സവിശേഷമായ സാഹചര്യങ്ങളില്‍   അത്ര എളുപ്പവുമല്ല. 

കൂടുന്ന ചൂടിന് അനുസരിച്ചുള്ള വിളമാറ്റവും കേരളത്തില്‍ അത്ര  എളുപ്പമല്ല. പെട്ടെന്നുള്ള ശക്തമായ മഴയും വെല്ലുവിളിയാണ്. 166 മില്ലിമീറ്റര്‍ മുതല്‍ 1,434 മില്ലിമീറ്റര്‍ വരെ മഴയാണ് ഇക്കാലയളവില്‍  ഒരു വര്‍ഷം കൂടിയത്. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് ഞാറ്റുവേല കലണ്ടറുകള്‍ പരിഷ്‌കരിക്കപ്പെടുന്നില്ല. അടിയന്തര നടപടികള്‍ ഫയലില്‍ നിന്ന് വയലിലേക്കിറങ്ങുന്നില്ല. ഇപ്പോഴും ഒരു പരിധി വരെ നമ്മുടെ വിദേശനാണ്യ സമ്പാദ്യത്തില്‍ വലിയ പങ്ക് വഹിച്ചതിനാലാണ് നമ്മുടെ ഉത്പന്നങ്ങളെ നാണ്യ വിളകളെന്ന് വിളിക്കുന്നത്. ചെറുപ്പക്കാര്‍ കുറഞ്ഞു വരുന്ന കേരളീയ സമൂഹത്തില്‍,  അത്യധ്വാനം വേണ്ടി വരുന്ന പച്ചക്കറി പോലുള്ളവയിലേക്കുള്ള  ചുവടുമാറ്റവും അത്ര എളുപ്പമായിരിക്കില്ല. മറ്റിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും സവിശേഷവുമായ ഈ പ്രതിസന്ധിയുടെ പ്രത്യാഘാതം   കാര്‍ഷിക മേഖലകളില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് നാമറിയണം.  

Latest Videos
Follow Us:
Download App:
  • android
  • ios