നന്‍പകല്‍ നേരത്തെ തമിഴ് പാട്ടുകളും സിനിമാകഷണങ്ങളും; ചില പാട്ടുരഹസ്യങ്ങള്‍!
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയില്‍ ആഖ്യാനത്തിന്റെ ഉദ്വേഗങ്ങളിലേക്ക് മന:പൂര്‍വ്വമായി ഉപയോഗിച്ച പഴയ പാട്ടുകളുടെ അടിനൂലുകള്‍. അത്തരം പാട്ടുകളിലൂടെ, അതിന്റെ പശ്ചാത്തലത്തിലൂടെ, അവ ചേര്‍ന്നുനില്‍ക്കുന്ന സിനിമയിലെ ദൃശ്യങ്ങളിലൂടെ ഒരു ചെറിയ യാത്ര. പാര്‍വതി എഴുതുന്നു
പഴയ പാട്ടുകള്‍ കൊണ്ട് കോര്‍ത്തെടുത്തൊരു പാട്ടുനൂലില്‍ കൂടി ജീവിക്കുന്ന ജീവിതം എങ്ങിനെയായിരിക്കും? അതാണ് നന്‍പകലിലെ The Sound of Music. ഉള്ളു കലങ്ങി ആഴക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ത്തുന്ന ദുഃഖം, ജീവിത നാടകത്തെക്കുറിച്ചുള്ള തിരിച്ചറിവ്. ഈ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് ഈ പാട്ടുകളുടെ അടിസ്ഥാന ഭാവം, ശബ്ദം.
'As a matter of fact, no one is more tireosme than a person who can understand only realism in art'
- Aaron Copland
വെറും ഒരുച്ചമയക്കം. അത്രമാത്രം ലളിതമായ ഒരാശയത്തെ ഒട്ടും രേഖീയമല്ലാതെ, പല സങ്കേതങ്ങളിലൂടെ ദൃശ്യഭാഷയിലേക്ക് അതിഗംഭീരമായി വികസിപ്പിച്ചെടുത്ത ഒരു സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം'. ഏതു കോണില്‍നിന്നു നോക്കിയാലും ഒരു തീര്‍പ്പിലുമെത്താന്‍ പറ്റാത്ത ഷോട്ടുകളെ നമുക്ക് മുന്നില്‍ നിരത്തിവെക്കുന്നു, സംവിധായകന്‍. ഇത്തരം സിനിമകളുടെ സൗന്ദര്യവും അതാണല്ലോ.
സിനിമ റിലീസ് ആയതോടുകൂടി, സോഷ്യല്‍ മീഡിയയില്‍ കഥയുടെ രഹസ്യഅറകളെല്ലാം ഒന്നൊന്നായി തുറന്നുവരാന്‍ തുടങ്ങി. വല്ലാത്ത പരിചിതത്വം തോന്നിക്കുന്ന, മുന്നേ എപ്പോഴോ വന്നുപോയിട്ടുണ്ടെന്ന തോന്നല്‍ ശക്തമായി പകര്‍ത്തുന്ന സ്ഥലദൃശ്യഭാവനകള്‍, കഥയ്ക്കകത്തെ രഹസ്യങ്ങള്‍, സാദ്ധ്യതകള്‍- എല്ലാം പലരാല്‍ നിരൂപിക്കപ്പെട്ടു. രഹസ്യങ്ങളെ കണ്ടെടുത്ത് കഥയുടെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്നതില്‍ ഉന്മാദം കൊണ്ടു. സിനിമയ്ക്കകത്തെ കഥയില്‍ പലരും മയങ്ങിപ്പോയി.
എന്നാല്‍ അധികമാരും ഊന്നിപ്പറയാത്ത മറ്റു ചില വശങ്ങളുണ്ട്. ആഖ്യാനത്തിന്റെ ഉദ്വേഗങ്ങളിലേക്ക് മന:പൂര്‍വ്വമായി ഉപയോഗിച്ച പഴയ പാട്ടുകളുടെ അടിനൂലുകള്‍. പഴയ സിനിമകളുടെ സംഭാഷണങ്ങള്‍, നടന്മാര്‍ തുടങ്ങിയവരെ ചേര്‍ത്തുകെട്ടിയുള്ള മറ്റൊരു നൂല്‍. കഥക്ക് പുറത്ത് സൂചകങ്ങളായി മാറുന്ന ചില അടരുകള്‍.
തമിഴ് -മലയാളം ഭാഷകളും, പഴയ പാട്ടുകളും, സിനിമകളും ഒക്കെ ഇഷ്ടപ്പെടുന്നവരെ പാട്ടു കൊണ്ടുള്ള അടിനൂല്‍ ഉറപ്പായും സന്തോഷിപ്പിക്കും. തമിഴ്നാട്ടിലെ ഒരു തീയറ്ററില്‍ ഇരുന്ന് സിനിമ കണ്ടിട്ടുള്ള, തമിഴ്നാട് വാസം രുചിച്ചിട്ടുള്ള ഏതു മലയാളിക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന ഒന്ന്. കഴിഞ്ഞുപോയൊരു തലമുറയുടെ സിനിമകള്‍ക്കും, നടന്മാര്‍ക്കും, പാട്ടുകള്‍ക്കും ഒക്കെ തമിഴക രാഷ്ട്രീയ-സാംസ്‌കാരികതയുമായുള്ള കൈകോര്‍ക്കലുകള്‍ നമുക്കറിയാവുന്നതാണ്. നടന്മാരില്‍ എം.ആര്‍. രാധ മുതല്‍ രജനീകാന്ത് വരെയോ, പാട്ടുകാരില്‍ ടി.എം. സൗന്ദര്‍രാജന്‍ മുതല്‍ എസ്.പി. ബാലസുബ്രഹ്മണ്യം വരെയോ എന്നൊക്കെ പറഞ്ഞുപോകാവുന്ന, കലയും സംസ്‌കാരവും രാഷ്ട്രീയവും ചേര്‍ന്നുള്ള കൈകോര്‍ക്കലുകള്‍.
അതുകൊണ്ട് ഈ സിനിമയില്‍, പ്രധാന രംഗങ്ങളിലേക്ക് ഇണക്കിച്ചേര്‍ത്ത പഴയ പാട്ടുകളും, പാട്ടുകാരും, അവയുടെ കഥകളും ഒക്കെ, ഇന്നത്തെ ജീവിതവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന നേര്‍ത്തൊരു കണ്ണി ഉണ്ടായിവരുന്നു. മാത്രവുമല്ല ഈ പാട്ടുകള്‍ സിനിമയുടെ ആകെത്തുകയിലേക്കുള്ള ഒരു സഞ്ചാരവുമാണ്. സൂക്ഷിച്ചു നോക്കിയാല്‍ അത് കലയും ജീവിതവും തമ്മിലുള്ള ബന്ധം കുറിക്കുന്ന ഒരു വ്യത്യസ്തമായ ഒരടരായി മാറും.
ഈ സിനിമയില്‍ വന്നു ചേര്‍ന്ന തമിഴ് പാട്ടുകളെല്ലാം എഴുതിയിരിക്കുന്നത് കവി കണ്ണദാസന്‍ ആണ്. ഒട്ടുമുക്കാലും വിശ്വനാഥന്‍ - രാമമൂര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകള്‍. രംഗങ്ങളില്‍ പ്രധാനമായും എം.ആര്‍.രാധ, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ എന്നിവരും. കവി കണ്ണദാസന്‍ എഴുതിയിരിക്കുന്ന ഏറ്റവും കുറഞ്ഞ വാക്കുകളിലുള്ള പാട്ടുകവിതകള്‍ എടുത്തുപറയേണ്ടതാണ്. അത്തരം പാട്ടുകളിലൂടെ, അതിന്റെ പശ്ചാത്തലത്തിലൂടെ, അവ ചേര്‍ന്നുനില്‍ക്കുന്ന സിനിമയിലെ ദൃശ്യങ്ങളിലൂടെ ഒരു ചെറിയ യാത്രയാണിത്.
......................................
Read More: 'മാരവൈരി രമണി': കാമത്തിനും പ്രണയത്തിനുമിടയില്‍
Read More: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍...
..................................
1) ഇരുക്കും ഇടത്തൈ വിട്ട് ഇല്ലാത ഇടം തേടി...
തിരുവരുള്‍ ചെല്‍വര്‍ (1967)
സിനിമയുടെ പേരെഴുതി കാണിക്കുമ്പോള്‍, പൊടുന്നനെ ഒരു ശബ്ദം ഉണര്‍ന്നു പൊന്തുകയാണ്. തമിഴകപ്പാട്ടുകളുടെ പഴയ കാലങ്ങളില്‍ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന സീര്‍കഴി എസ് ഗോവിന്ദരാജന്റെ സുപരിചിതമായ ശബ്ദം.
'ഇരുക്കും ഇടത്തൈ വിട്ട്, ഇല്ലാമ ഇടം തേടി
എങ്കെങ്കോ അലൈകിന്‍ട്രാന്‍ ജ്ഞാനതങ്കമേ..
അവര്‍ യേതും അറിയാരെടീ ജ്ഞാനതങ്കമേ...'
പിന്നെ കാണുന്നത് കുറേ ക്‌ളോസ് ഷോട്ടുകളിലുള്ള മനുഷ്യമുഖങ്ങള്‍. വാര്‍ദ്ധക്യം തൊട്ട തമിഴ്-നാടന്‍ മുഖങ്ങള്‍. ആ ഷോട്ടുകളിലേക്കാണ് സീര്‍കഴിയുടെ ശബ്ദം ഇഴുകിച്ചേരുന്നത്. പക്ഷെ ആ മുഖങ്ങള്‍ക്ക് കഥയില്‍ പ്രസക്തിയൊന്നും ഇല്ല. എന്നാല്‍പ്പോലും ആ ഷോട്ടുകള്‍ വെറുമൊരു ഷോട്ടല്ല എന്ന് തോന്നിപ്പോകും വിധം ക്‌ളോസ് ആയാണ് തേനി ഈശ്വര്‍ ക്യാമറയിലൂടെ പകര്‍ത്തിയിരിക്കുന്നത് അത്രയും സ്വാഭാവികമായി, പാട്ടിലടക്കം ചെയ്ത നാടകീയതയിലൂടെ സംവിധായകന്‍ ചിലത് പറയാന്‍ തുടങ്ങുകയാണ്.
കഥയിലുടനീളം ഈ പാട്ടിന്റെ അദൃശ്യമായ ഒരൊഴുക്കുണ്ട്. അതിനാലാദ്യം ഈ പാട്ടിനെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
തമിഴകത്ത് ഉണ്ടായ ഒരുപാട് പുരാണസിനിമകളില്‍ ഒന്നാണ് 'തിരുവരുള്‍ ചെല്‍വര്‍' (1967). പ്രധാന നടന്‍ ശിവാജി ഗണേശന്‍. ഈ സിനിമയ്ക്കു വേണ്ടി കെ.വി.മഹാദേവന്റെ സംഗീതത്തില്‍ സീര്‍കഴി ഗോവിന്ദരാജന്‍ പാടുന്ന പാട്ടാണ് 'ഇരുക്കും ഇടത്തൈ വിട്ട്' എന്ന പാട്ട്. എഴുതിയത് കവി കണ്ണദാസന്‍. ഈ സിനിമയ്ക്കകത്ത് തമിഴ് സാഹിത്യത്തിന്റെ ഒരു ചരിത്രം ഒളിഞ്ഞുകിടപ്പുണ്ട്. ആ ചരിത്രം ഈ പാട്ടിലൂടെ സിനിമയിലേക്ക് അദൃശ്യമായി കടന്നുവരുന്നത് വളരെ രസകരമാണ്.
ശൈവരായ (പരമശിവനെ ഉപാസിക്കുന്നവര്‍) സന്യാസിമാരുടെ വിശ്വാസങ്ങളുമായി ചേര്‍ന്ന അനുഭവ കഥകളാണ് 'തിരുവരുള്‍ ശെല്‍വം' എന്ന സിനിമയ്ക്കകത്തുള്ളത്. ശൈവ ഭക്തനായിരുന്ന, 'തിരു കുറിപ്പു തൊണ്ടര്‍' എന്ന് പിന്നീട് അറിയപ്പെട്ട ഒരു സാധാരണ അലക്കുകാരന്റെ കഥ പറയുമ്പോഴാണ് ഈ പാട്ട് വരുന്നത്. സമൂഹം അയാളെ മനസ്സിലാക്കാതെ പോകുമ്പോള്‍, ദുഃഖാര്‍ത്ഥനായി ആത്മഹത്യക്ക് ഒരുങ്ങുന്ന അവസരത്തില്‍ 'ശിവപെരുമാള്‍' വേഷം മാറി നേരില്‍ വന്നു അയാളെ സാന്ത്വനിപ്പിക്കുകയാണ് ഈ പാട്ടിലൂടെ. തിരു കുറിപ്പു തൊണ്ടര്‍ ആയി ശിവാജി ഗണേശനും, ശിവനായി ജെമിനി ഗണേശനും അഭിനയിക്കുന്നു.
മറ്റൊരു പ്രത്യേകത ശിവാജി ഗണേശന്‍ ഈ സിനിമയില്‍ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. തമിഴകത്ത് ജീവിച്ചിരുന്ന 63 നായനാര്‍മാരില്‍ (ശൈവഭക്തരായ സന്യാസിമാര്‍) നാല്‍വര്‍ എന്നറിയപ്പെട്ടിരുന്നവരാണ്, തിരുനാവുക്കരസര്‍ (അപ്പര്‍), തിരുജ്ഞാന സംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ (സുന്ദരര്‍), മാണിക്കവാസഗര്‍ എന്നിവര്‍. ഇതിലെ ആദ്യത്തെ 3 സന്യാസിമാരെ കൂടാതെ ഒരു രാജാവിനെയും, പെരിയ പുരാണം എന്ന കാവ്യം ക്രോഡീകരിച്ച സെക്കിഴര്‍ എന്നൊരു കവിയേയും ചേര്‍ത്ത് അഞ്ചു കഥാപാത്രങ്ങളെ ശിവാജിഗണേശന്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.
കൂടാതെ നായനാര്‍മാരില്‍ ഒരാളായ സുന്ദരമൂര്‍ത്തി നായനാരുടെ കഥയില്‍, നന്‍പകലിന്റെ തിരക്കഥയിലേക്ക് നീട്ടിയെടുക്കാവുന്ന അദൃശ്യമായ ഒരു നൂലുണ്ട് . ആ കഥ ഇങ്ങനെ:
തന്റെ വിവാഹ ദിവസം, ശിവപെരുമാളിന്റെ ഇടപെടല്‍ മൂലം വിവാഹജീവിതമുപേക്ഷിച്ച് പൂര്‍ണ്ണമായും ശിവഭക്തനായി മാറി തിരുവാരൂര്‍ ക്ഷേത്രത്തില്‍ ജീവിക്കുവാന്‍ സുന്ദരര്‍ തീരുമാനമെടുക്കുന്നതാണ് കഥ. ഒരുപക്ഷേ ആ ഗ്രാമത്തില്‍ നിന്നും പിന്നീട് അപ്രത്യക്ഷനായിരിക്കാവുന്ന സുന്ദരറുടെ നിസ്സഹായയായ വധു (കെ.ആര്‍.വിജയ) പറയുന്നത്, 'താങ്കള്‍ തിരിച്ചു വരുന്നത് വരെ ഞാന്‍ കാത്തിരിക്കും' എന്നാണ്. ഇതോടെ സിനിമയില്‍ വധുവിന്റെ റോള്‍ അവസാനിക്കുകയാണ്.
പിന്നീട് സുന്ദരര്‍, മറ്റൊരു വിവാഹം കഴിക്കുകയും ഒരു ചേര രാജാവിനോടൊപ്പം (ഇന്നത്തെ കേരള പ്രദേശം ഭരിച്ചിരുന്ന അന്നത്തെ ചേര വംശം) തീര്‍ത്ഥാടനത്തിന് പോകുകയും അങ്ങിനെ മരണമടയുകയും ചെയ്തുവെന്നാണ് കഥ. സുന്ദരര്‍ എന്ന ശിവഭക്തന് ഒരു 'മലയാള ബന്ധം' അങ്ങിനെയും കൈവരുന്നുണ്ട്. സിനിമയിലെ 'സുന്ദരം' എന്ന അദൃശ്യ കഥാപാത്രത്തിന്റെ പേരിന്റെ തിരഞ്ഞെടുപ്പ് അത്ര ആകസ്മികമാകാന്‍ വഴിയില്ല.
അങ്ങിനെ ഈ പാട്ടിനെ സിനിമയിലേക്ക് ചേര്‍ത്തു വെക്കുമ്പോള്‍, അത് കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളിലേക്കും, വിശ്വാസപ്രമാണങ്ങളിലേക്കുമുള്ളൊരു സൂചനയാവുകയാണ്.
ആ സൂചന സീര്‍കഴി ഗോവിന്ദരാജന്റെ ശബ്ദത്തിലൂടെ ആകുമ്പോള്‍, അത് എല്ലാംകൊണ്ടും സിനിമക്കകത്തേക്ക് ചേര്‍ന്നു നില്‍ക്കുന്നു. തമിഴിനോളം പഴക്കമുള്ള തമിഴ് സംഗീതത്തെ (തമിഴ് ഇസൈ) പ്രചരിപ്പിക്കാന്‍ 'തമിഴ് ഇസൈ സംഗം' നടത്തിയിരുന്ന കോളേജില്‍ സംഗീതം അഭ്യസിച്ച ഗായകന്‍ കൂടിയാണ് സീര്‍കഴി. അനുകരിക്കാനാവാത്ത ആലാപനശൈലിയ്ക്കുടമ. കര്‍ണ്ണാടക സംഗീതത്തിന്റെ സവിശേഷതകളെ അറ്റകുറ്റങ്ങളില്ലാതെ തൊണ്ടയില്‍ വഴങ്ങുന്ന ഗായകന്‍. ഉറച്ച ബൃഗകള്‍ നിറഞ്ഞ ശബ്ദവും, ഭാവപ്രകാശനവഴികളും. ഉയര്‍ന്ന ശ്രുതിയെ കൈകാര്യം ചെയ്യുന്ന, ബലമുള്ള ആ ആലാപന ശൈലി സീര്‍കഴിയുടെ സവിശേഷത ആയിരുന്നു. 50-കള്‍ മുതല്‍ 80-കള്‍ വരെ തമിഴകത്ത് കര്‍ണ്ണാടക സംഗീത കച്ചേരിമേടകളിലും, ഒരുപാട് സിനിമകളിലും നിറഞ്ഞു പാടിയിരുന്ന ഒരു ശബ്ദം.
'തൈ പിറന്താല്‍ വഴി പിറക്കും' (1958) എന്നൊരു സിനിമയില്‍ 'അമുദും തേനും എതര്‍ക്ക്, നീ അരുകിനില്‍ ഇരുക്കയിലേ..' എന്ന പാട്ട് പ്രേം നസീറിന് വേണ്ടി സീര്‍കഴി പാടിയത് മലയാളത്തിനു വീണുകിട്ടിയ ഒരു കൗതുകമാണ്.
..............................................
Read More: മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി
2) ഇരൈവന്‍ ഇരുക്കിന്‍ട്രാനാ...?
അവന്‍ പിത്തനാ ? (1966)
ഇരൈവന്‍ ഇറുക്കിന്‍ട്രാനാ
മനിതന്‍ കേട്കിരാന്‍
(ദൈവമുണ്ടോ?
മനുഷ്യന്‍ ചോദിക്കുന്നു)
സ്ത്രീ ശബ്ദം പാടുന്നത് ഇങ്ങനെ
മനിതന്‍ ഇറുക്കിന്ററാനാ
ഇരൈവന്‍ കേട്കിരാന്‍
(മനുഷ്യനുണ്ടോ?
ദൈവം ചോദിക്കുന്നു )
'നന്‍പകല്‍' സിനിമയുടെ ഗതി മാറുന്ന ഒരു ഘട്ടത്തില്‍-കഥയിലെ ബസ് വഴിയില്‍ നിര്‍ത്തുന്നതിനു തൊട്ടു മുമ്പായി-ടി.എം. സൗന്ദര്‍രാജന്റെ ശബ്ദത്തില്‍ 'ഇരൈവന്‍ ഇരുക്കിന്‍ട്രാനാ' എന്ന വരികള്‍ ഉച്ചസ്ഥായിയില്‍ കേള്‍ക്കാം. അതൊരൊറ്റ വരിയില്‍ തീരുന്നു എന്ന് മാത്രം.
അവന്‍ പിത്തനാ (അവന്‍ ഭ്രാന്തനോ?) എന്ന സിനിമയിലെ പാട്ട്. കണ്ണദാസന്റെ വരികള്‍ക്ക് ആര്‍. പാര്‍ത്ഥസാരഥിയുടെ സംഗീതം. തമിഴ് സാഹിത്യകാരനും, രാഷ്ട്രീയ -സാമൂഹ്യ പ്രവര്‍ത്തകനും, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആദ്യ പ്രസിഡണ്ടും, തമിഴ്നാട്ടിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിയാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
ഈ പാട്ടു സീനില്‍ അഭിനയിക്കുന്നത് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഭിനേതാവും, ഡിഎംകെ അംഗവും ആയിരുന്ന എസ് എസ് രാജേന്ദ്രന്‍ ആണ്. തന്റെ യുക്തിബോധത്തിനു നിരക്കാത്ത സിനിമകള്‍ ചെയ്യില്ലെന്ന് തീരുമാനിച്ച് അഭിനയിച്ച ഒരു നടന്‍ കൂടിയായിരുന്നു രാജേന്ദ്രന്‍. പ്രധാന നടി സി.ആര്‍.വിജയകുമാരി.
ഈ പാട്ടില്‍ പി. സുശീലയും ചേരുന്നുണ്ട്. ഇതിലും വിഷയം 'ഇരൈവന്‍' തന്നെ. ഒരു മനുഷ്യനെ സമൂഹം ഭ്രാന്തനാക്കി മുദ്ര കുത്തുന്നതും അതിലൂടെ അയാള്‍ അനുഭവിക്കുന്ന മനോവിഷമങ്ങളും, അസ്ഥിത്വ പ്രശ്‌നങ്ങളും, ധാര്‍മ്മിക പ്രശ്‌നങ്ങളും ആണ് കഥയിലെ വിഷയം.
സീര്‍കഴിയെ പോലെ തന്നെ ടി.എം. സൗന്ദര്‍രാജനും കര്‍ണ്ണാടക സംഗീതത്തിന്റെ പ്രബലമായ സ്വാധീനം ഉള്ള ഗായകനാണ്. എങ്കിലും ടി.എം. സൗന്ദര്‍രാജന്‍ ആലാപനരീതിയില്‍ സിനിമാപാട്ടുകള്‍ക്ക് വേണ്ട 'ആധുനികത' അക്കാലത്തേ കൊണ്ടുവന്നിരുന്നു. അത് തരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അതുപോലെ രാഗാധിഷ്ഠിതങ്ങളായ പാട്ടുകളും കൃത്യമായിരുന്നു, സീര്‍കഴിയോ, ടി.എം.എസ്സോ എന്ന് സംശയിക്കത്തക്ക വിധം. ടി.എം.എസ്സിന്റെ നാള്‍വഴികളും 60 -കളില്‍ നിന്നും തുടങ്ങി 80 -കള്‍ വരെയും സജീവമായി നിന്ന ഒരു കാലഘട്ടമാണ്. തമിഴില്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ചു പാടിയ ഗായിക പി.സുശീല തന്നെ.
എം.ജി. ആറിനും , ശിവാജി ഗണേശനുമൊക്കെ വേണ്ടി പാടിയ, 'രാജാവിന്‍ പാര്‍വൈ റാണിയിന്‍ പക്കം', 'അതോ അന്ത പറവൈ പോല', 'പോനാല്‍ പോകട്ടും പോടാ', 'പാട്ടും നാനെ, ബാവവും നാനെ', 'മലര്‍ന്ദ് മലരാത പാതിമലര്‍ പോല', 'നാന്‍ ആണൈയിട്ടാല്‍ അത് നടന്ത് വിടും' തുടങ്ങിയ ഒരുപാട് പാട്ടുകള്‍ മലയാളികളുടെ ഓര്‍മ്മയിലും ഉണ്ടാകും.
...............................
Read More: കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം
3) പാര്‍ത്ത ന്യാപകം ഇല്ലയോ, പരുവ നാടകം തൊല്ലയോ...
പുതിയ പറവൈ (1964)
പാര്‍ത്ത ന്യാപകം ഇല്ലയോ
പരുവ നാടകം തൊല്ലൈയോ
വാഴ്ന്ത കാലങ്കള്‍ കൊഞ്ചമോ
മറന്തതേ ഇന്ത നെഞ്ചമോ...
അന്ത നീലനദിക്കരയോരം
നീ നിന്‍ട്രിരുന്തായ് അന്തിനേരം
നാന്‍ പാടി വന്തേന്‍ ഒരു രാഗം
നാം പഴകി വന്തോം സില കാലം
(അന്‍ട്ര് പാര്‍ത്ത ന്യാപകം ഇല്ലയോ)
നന്‍പകലിലെ ബസ്സില്‍ നിന്നും ഈ പാട്ട് പൊടുന്നനെ കേള്‍ക്കുന്ന സന്ദര്‍ഭം സിനിമ കണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നൊരു ചുറ്റുപാടില്‍, രക്ഷപ്പെടാന്‍ ഒരു വഴിയും തുറന്നു കിട്ടാതെ, പാതിരാത്രിയില്‍, പാതിവഴിയില്‍ കൂട്ടത്തിലൊരാള്‍ രക്ഷപ്പെടുകയാണ്. കഥയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാര്‍ഗം കണ്ടെത്തുന്നത് ഈ സന്ദര്‍ഭത്തിലാണ്. അല്‍പം നര്‍മ്മം കലര്‍ന്ന് വരുന്ന നന്‍പകലിലെ അത്തരമൊരു സന്ദര്‍ഭമേയല്ല, യഥാര്‍ത്ഥത്തിലെ ഇതിന്റെ ചിത്രീകരണം.
'പുതിയ പറവൈ' എന്ന സിനിമയില്‍ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വരുന്ന ഒരു പാട്ടാണിത്. ശിവാജി ഗണേശന്‍ തന്നെയാണ് ഇതിലെയും നായകന്‍. നായികമാരായി ബി. സരോജ ദേവിയും, ഷൗക്കാര്‍ ജാനകിയും. ബന്ധങ്ങളിലെ അലോസരങ്ങളിലും, പ്രശ്‌നങ്ങളിലും പെട്ടുഴലുന്ന, കൈവിട്ടു പോകുന്ന മനസ്സിനെയും ജീവിതത്തെയും തിരിച്ചു പിടിക്കാന്‍ നിരന്തര ശ്രമാം നടത്തുന്ന ഒരു കഥാപാത്രമാണ് ശിവാജി ഗണേശന്റെത്
പി. സുശീലയുടെ യൗവനഭരിതമായ ശബ്ദത്തില്‍ വരുന്ന ഈ പാട്ട്, അവരുടെ ശബ്ദം പോലെ തന്നെ മൂര്‍ച്ചയുള്ള ചോദ്യങ്ങളും വാചകങ്ങളും കൊണ്ട് നിറഞ്ഞതാണ്. സുശീല തന്നെ പാടിയ 'ഉന്നൈ ഒന്‍ട്ര് കേള്‍പ്പേന്‍, ഉണ്‍മൈ സൊല്ല വേണ്ടും...' എന്ന മനോഹരമായ മറ്റൊരു പാട്ടുമുണ്ട് ഈ സിനിമയില്‍. അന്ന് സോഷ്യല്‍മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ റീലുകളായി പടര്‍ന്നുകയറിപ്പോകുമായിരുന്ന ഒരു പാട്ടാണിത്. നന്‍പകലില്‍, ഒരു ബസ്സില്‍ നിന്നും രാത്രിനേരത്ത് മുഴങ്ങി കേള്‍ക്കുന്ന ഈ പാട്ട് സിനിമയിലെ ഏറ്റവും മനോഹരവും, കഥാഗതിയെ മാറ്റാന്‍ തക്ക മൂര്‍ച്ചയുള്ള ഒരു സന്ദര്‍ഭവും ആയിരുന്നു.
സിനിമാസംഗീതത്തില്‍ 'ആധുനികമായ' പാട്ടുശൈലിയിലേക്ക് ഒരു സ്ത്രീ ശബ്ദം കൊണ്ടുവന്ന ഗായികയാണ് അവര്‍. തമിഴകത്ത് ടി. എം. സൗന്ദര്‍രാജനുമായുള്ള ഏറ്റവും കൂടുതല്‍ യുഗ്മഗാനങ്ങള്‍ പി. സുശീലയുടേത് ആയിരുന്നു. അവര്‍ രണ്ടുപേരും ചേര്‍ന്നു തീര്‍ത്ത പാട്ടുകള്‍ തമിഴിന്റെ ഏറ്റവും മധുരഗാനങ്ങളായിരുന്നു.
...........................
Read More: വിപ്ലവ ഗായികയ്ക്കപ്പുറം കെ. പി എ സി സുലോചന
4) മ) മയക്കമാ, കലക്കമാ...
സുമൈ താങ്കി (1962)
യ) അനുരാഗനാടകത്തിന്‍...
നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963)
മയക്കമാ, കലക്കമാ
മനതിലേ കുഴപ്പമാ
വാഴ്കയില്‍ നടുക്കമാ..
വാഴ്കൈ എന്‍ട്രാല്‍
ആയിരമിരുക്കും
വാസല്‍ തോറും
വേദനെയ് ഇരുക്കും
വന്ത തുന്‍പം
യെതു വെന്‍ട്രാലും
വാടി നിന്‍ട്രാല്‍
ഓടുവതില്ലൈ...
( മയക്കമാ, കലക്കമാ ...)
സുമൈ താങ്കി എന്ന സിനിമയിലെ പാട്ട്. ജെമിനിഗണേശന്‍ നായകനായ സിനിമ. സംഗീതം എം എസ് വിശ്വനാഥന്‍, ടികെ രാമമൂര്‍ത്തി. ഇതെഴുതിയതും കണ്ണദാസന്‍ തന്നെ. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതത്തെ, സ്വന്തം ഇഷ്ടങ്ങളെ, പ്രണയത്തെ ഒക്കെ ത്യാഗം ചെയ്യുന്ന ഒരു നായകന്‍ തീക്ഷണമായ മനോദുഃഖങ്ങളിലും, മനോവിഭ്രാന്തികളിലും പെട്ട് അവസാനം ഒരു പാതിരിയായി മാറുന്നതാണ് കഥ. മനോവിഭ്രാന്തിയില്‍ പെട്ടുഴലുമ്പോള്‍ വരുന്നൊരു പാട്ടാണിത്.
നിലവേ എന്നിടം, നിനൈപ്പതെല്ലാം നടന്തു വിട്ടാല്‍, കാലങ്കളില്‍ അവള്‍ വസന്തം, മനിതന്‍ എന്‍പവന്‍, നെഞ്ചം മറപ്പതില്ലൈ തുടങ്ങി ഒരുപാട് പാട്ടുകള്‍ പാടിയ പി.ബി ശ്രീനിവാസന്‍ ആണ് ഗായകന്‍. പി.ബി ശ്രീനിവാസന്‍ - സുശീല - എസ് ജാനകി യുഗ്മഗാനങ്ങളും ഒരുപാട് വന്നിരുന്ന കാലം.
അക്കാലത്തെ ഏറ്റവും അനന്യമായ ഒരു ശബ്ദമായിരുന്നു പി.ബി ശ്രീനിവാസന്റെത്. ഒരുപക്ഷെ എ.എം രാജയായിരുന്നു അതുപോലൊരു ശബ്ദത്തിന് ഉടമയായിരുന്ന മറ്റൊരു ഗായകന്‍. പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടതും, മുഖ്യധാരയിലേക്ക് വന്നതും പി.ബി.ശ്രീനിവാസന്റെ സ്വരമായിരുന്നു. ജെമിനി ഗണേശനെ പോലെ, വളരെ 'മയമുള്ള' അഭിനയരീതികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ശബ്ദമായിരുന്നു അത്.
സമാനമായി മലയാളത്തില്‍ പി.ബി.ശ്രീനിവാസ് പ്രേം നസീറിനു നല്‍കിയ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. യേശുദാസ് -പ്രേം നസീര്‍ കൂട്ടുകെട്ട് പ്രബലമാകുന്നതിനും മുമ്പുള്ള കാലം!
നിണമണിഞ്ഞ കാല്‍പാടുകളില്‍, എം.എസ് ബാബുരാജ്- പി.ഭാസ്‌കരന്‍ ഒന്നിച്ചു ചെയ്ത്, പി.ബി.ശ്രീനിവാസ് പാടിയ പാട്ടുകള്‍ മലയാളികളുടെ മനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. മാമലകള്‍ക്കപ്പുറത്ത്, പടിഞ്ഞാറേ മാനത്തുള്ള തുടങ്ങിയവക്ക് പുറമെ അതിലെ 'അനുരാഗ നാടകത്തിന്‍' എന്ന പാട്ട് നന്‍ പകലില്‍, പ്രത്യേകിച്ച് ഒരു രംഗപ്രാധാന്യത്തോടെ അല്ലെങ്കിലും വളരെ യാദൃഛികമായി കേള്‍ക്കാനാകും. 'ഡാ, ഇതിനെക്കാളും പഴയതൊന്നും ഇല്ലേ? മലയാള സിനിമ തുടങ്ങുന്നതിനും മുന്‍പുള്ള വല്ലതും?' എന്നാണ് ജെയിംസ് ആ പാട്ടിനോടുള്ള പ്രതികരണമായി ഏറ്റവും പരിഹാസരൂപത്തില്‍ ചോദിക്കുന്നത് എന്നതാണ് അതിലെ വിരോധാഭാസം!
.................
Also Read: പകയുടെ കനലിവളുടെ മിഴികള്‍; മറുതായ്, പെണ്‍പകയുടെ സിംഫണി!
5. വീട് വരൈ ഉറവ്, വീതി വരൈ മനൈവി...
പാതകാണിക്കൈ (1962)
ഈ പാട്ടില്‍, തുടക്കം ഒരു ശ്ലോകത്തിന്റെ (വിരുത്തം) രീതിയില്‍ വരുന്ന ചില വരികളുണ്ട്.
'ആടിയ ആട്ടം എന്ന, പേസിയ വാര്‍ത്തൈ എന്ന, തേടിയ ശെല്‍വമെന്ന' എന്നിങ്ങനെയാണ് വരികള്‍.
'വീട് വരൈ ഉറവ്
വീതി വരൈ മനൈവി
കാട് വരൈ പിള്ളൈ
കടൈസി വരൈ യാരോ...' എന്ന് പോകുന്നു ദാര്‍ശനികമട്ടിലുള്ള വരികള്‍.
'പാതകാണിക്കൈ' സിനിമ ജെമിനി ഗണേശന്‍, സാവിത്രി, സി.ആര്‍.വിജയകുമാരി, എം.ആര്‍.രാധ, എസ് .എ അശോകന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒരു കുടുംബകഥയാണ്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബകലഹങ്ങളും, ബന്ധങ്ങളിലുള്ള വിള്ളലുകളും, തിരിച്ചറിവുകളും എല്ലാം ഉള്ളടക്കമായി വരുന്നു. അത്തരമൊരു സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തില്‍ വരുന്ന ഈ പാട്ടില്‍ ജീവിതമൂല്യച്യുതിയെ കുറിച്ചുള്ള പശ്ചാത്താപവും, നിരര്‍ത്ഥകതയും, തിരിച്ചറിവും എല്ലാമുണ്ട്.
പാടിയത് ടി. എം.സൗന്ദര്‍രാജന്‍. എഴുതിയത് കവി കണ്ണദാസന്‍, സംഗീതം വിശ്വനാഥന്‍ - രാമമൂര്‍ത്തി.
........................................
Read More: പുഷ്പവതി: പാട്ടും പോരാട്ടവും
പാട്ടുകളുടെ ഘോഷയാത്ര
സിനിമയില്‍ കാണുന്ന ബസ് തന്നെ പഴയ കാലവും പേറി ഓടുന്നൊരു വാഹനമായി മാറുന്നുണ്ട്. ബസ്സ് ഡ്രൈവര്‍ തന്നെ പഴയകാല തമിഴ് പാട്ടാസ്വാദകനാണോ എന്നും സംശയിക്കേണ്ടി വരും. ഒരുപാട് പാട്ടുകള്‍ ആ ബസ്സില്‍ മാത്രമായി സംഭവിക്കുന്നുണ്ട്. സീര്‍കഴിയും പി.ബി. ശ്രീനിവാസും ടി.എം. സൗന്ദര്‍രാജനും പാടിയ പാട്ടുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ആ ബസ് യാത്ര. അവര്‍ മൂവരും ഒരുമിച്ച് പാടിയ ഒരു പാട്ട് ('അറോടും മണ്ണില്‍ എങ്കും' - പഴനി - 1965), ടി.എം. സൗന്ദര്‍രാജനും പി.ബി. ശ്രീനിവാസും കൂടി പാടുന്ന മറ്റൊരു പാട്ട് ('പൊന്‍ ഒന്‍ട്രു കണ്ടേന്‍ പെണ്‍ അങ്ക് ഇല്ലൈ' - പടിത്താല്‍ മട്ടും പോതുമാ - 1962) ഇങ്ങിനെ അറുപതുകളിലെ-അതായത് സിനിമയുടെയും സിനിമാപ്പാട്ടുകളുടെയും തുടക്കകാലത്തെ- മൂന്നു ഗായകരും ഒരുമിച്ച് സംഗമിക്കുന്ന ഒരു ചേലുള്ള ബസ്സാണത്!
ഈ പാട്ടുകള്‍ക്ക് പുറമേ സിനിമ നടക്കുന്ന കാലയളവ് സൂചിപ്പിക്കാനെന്നോണം ചില പാട്ടുകള്‍ പശ്ചാത്തലത്തിലും കേള്‍ക്കാം. ടി.വി.യില്‍ നിന്നോ, റേഡിയോയില്‍ നിന്നോ വരുന്ന 'ചിന്ന ചിന്ന ആസൈ' എന്ന റോജ സിനിമയിലെ പാട്ട് ഒരുദാഹരണം. അങ്ങിനെയുള്ള ചില പാട്ടുകള്‍ പല രംഗങ്ങളിലും വിദൂരതകളില്‍ നിന്നും കേള്‍ക്കാം. 'വീട്ടക്ക് വീട്ട്ക്ക് വാസപ്പടി വെണോം' എന്ന 'കിഴക്കു വാസല്‍' സിനിമയിലെ പാട്ട് മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഭാഗത്ത് മൂളുന്നുണ്ട്. പക്ഷെ പശ്ചാത്തലത്തില്‍ ഉറക്കെ കേള്‍ക്കുന്ന പാട്ടുകള്‍ മിക്കതും അറുപതുകളോ, ചിലത് അന്‍പതുകളിലെയോ ഒക്കെ പാട്ടുകളുടെ ശകലങ്ങളാണ്. ഇവിടെ സൂചിപ്പിക്കാത്ത പല പാട്ടുകളും സിനിമക്കകത്ത് ഉണ്ട്. മുള്ളും മലരും (1978) എന്ന സിനിമയിലെ യേശുദാസ് പാടുന്ന 'സെന്താഴം പൂവില്‍' എന്ന പാട്ട് മറ്റൊരു ഉദാഹരണം
...............................
Read More: 'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'
കടുംകെട്ടു പിണഞ്ഞ ജീവിതങ്ങളും സംഗീതത്തിന്റെ ശബ്ദവും (The Sound of Music )
പഴയ പാട്ടുകള്‍ കൊണ്ട് കോര്‍ത്തെടുത്തൊരു പാട്ടുനൂലില്‍ കൂടി ജീവിക്കുന്ന ജീവിതം എങ്ങിനെയായിരിക്കും? അതാണ് നന്‍പകലിലെ The Sound of Music. ഉള്ളു കലങ്ങി ആഴക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ത്തുന്ന ദുഃഖം, ജീവിത നാടകത്തെക്കുറിച്ചുള്ള തിരിച്ചറിവ്. ഈ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് ഈ പാട്ടുകളുടെ അടിസ്ഥാന ഭാവം, ശബ്ദം.
സിനിമകളില്‍ സംഗീത പരിചരണരീതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ലിജോ ഈ സിനിമയില്‍ പാട്ടുകളെ ഏറ്റവും മനോഹരമായി, ചില അമൂര്‍ത്തശബ്ദങ്ങളായി ഉപയോഗിക്കുന്നു.
അതുപോലെ തന്നെയാണ് ലിജോയുടെ പല സിനിമകളിലും കാണുന്ന കുഴഞ്ഞുമറിഞ്ഞു പോകുന്ന ജീവിതങ്ങള്‍, സ്വയം നഷ്ടപ്പെട്ടു പോകുന്നവര്‍ എന്നീ ഘടകങ്ങള്‍.ഈ 'കുഴപ്പങ്ങള്‍ക്ക്' ഏറ്റവും മനോഹരമായ പിന്നണിഗാനങ്ങള്‍ കൂടി ചേര്‍ത്തുവെച്ചപ്പോള്‍ അത് 'സംഗീതനാദമായി- The Sound of Music-ആയി മാറി. അങ്ങിനെയൊരു 'പശ്ചാത്തല ശബ്ദമായാണ്' ഈ പാട്ടുകള്‍ ഉടനീളം വന്നുപോകുന്നത്. അവ മിക്കവയും കഥയുടെ ഗതിമാറുന്ന വേളകളില്‍ പശ്ചാത്തലത്തില്‍ മുഴങ്ങുന്ന ശബ്ദങ്ങളുമാകുന്നു. ഒരു കഥാപാത്രത്തിന്റെ നേരിട്ടുള്ള വ്യക്തിഗത ഭാവപ്രകാശനങ്ങളില്‍ നിന്നും മാറി പാട്ടുകള്‍ ഏറ്റവും സ്വാഭാവികതയോടെ അമൂര്‍ത്തമായ (abstract) ചില ശബ്ദങ്ങളായി മാറുകയാണ്. അതും പഴയ പാട്ടുകള്‍.
ഒരു ദുരൂഹനാടകം (Mystery-drama)' എന്നൊക്കെ പറയാവുന്ന ഈ സിനിമയിലെ പ്രകൃതിദൃശ്യങ്ങളും, സ്ഥലഭാവനകളും, മനുഷ്യരും, പെരുമാറ്റങ്ങളും യഥാതഥമായി (realistic) അനുഭവവേദ്യമാക്കുന്നതില്‍ ഈ പശ്ചാത്തല ശബ്ദത്തിന് വലിയൊരു പങ്കുണ്ട്. അതിലൊരു ശബ്ദമാണ് 'സംഗീതനാദം', 'പാട്ടുകളുടെ ശബ്ദം' എന്ന് മാത്രം. എന്നാല്‍ ഒരു നാടകം പോലെ, ദുരൂഹവും, ഭ്രമാത്മകമായും ആയ സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
അഭിനയരീതികളൊഴിച്ച് മറ്റെല്ലാം 'നാടകീയമാവുക' എന്നതാണ് സിനിമയുടെ പരിചരണരീതി. ഈ നാടകീയതയെ പ്രതിഫലിപ്പിക്കുവാന്‍ പഴയ പാട്ടുകളിലൂടെ സാധിക്കുന്നു. പാട്ടുകളുടെ ഏറ്റവും മനോഹരമായ തിരഞ്ഞെടുപ്പുകളും, ഉപയോഗിച്ച സ്ഥാനങ്ങളും വാക്കുകള്‍ക്കുമപ്പുറത്തുള്ള ഒരു ലോകത്തേക്ക് വാതില്‍ തുറന്നിടുന്നു. കഥാപാത്രങ്ങളും കാണികളും ഒരേ വികാരം പങ്കിടുന്നു.
അവിടെ പാട്ടുകള്‍ ജീവിക്കുന്നത് ശരിക്കും കഴിഞ്ഞു പോയ കാലങ്ങളിലാണ് എന്നും പറയാം. ഇന്നത്തെ പാട്ടുകള്‍ നാളേക്ക് വേണ്ടിയുള്ളതാവും. ഇത് നന്‍പകല്‍ സത്യമാക്കി തരുന്നുണ്ട്. സിനിമ തുടങ്ങുമ്പോള്‍ മണ്‍മറഞ്ഞു പോയൊരു തലമുറയുടെ പാട്ടുകാരുടെയും എഴുത്തുകാരുടെയും സംഗീതസംവിധായകരുടെയും (ജീവിച്ചിരിക്കുന്നവരും ചേര്‍ന്ന) ഒക്കെ പേരുകള്‍ തെളിയുന്നത് തീയറ്ററിലിരുന്ന് സിനിമ കണ്ടവര്‍ക്ക് മറക്കാനാവാത്ത ഒരനുഭവമായിരുന്നിരിക്കും.
പി. സുശീല, സീര്‍കഴി ഗോവിന്ദരാജന്‍, ടി. എം.സൗന്ദര്‍രാജന്‍, കെ.വി. മഹാദേവന്‍, എം.എസ്. വിശ്വനാഥന്‍. ടി .കെ. രാമമൂര്‍ത്തി, കണ്ണദാസന്‍, വാലി, പി. ഭാസ്‌കരന്‍, എം എസ് ബാബുരാജ് എന്നിങ്ങനെ പലപേര്‍ അടങ്ങുന്ന തമിഴ് -മലയാള സിനിമാപ്പാട്ടു സംസ്‌കാരവും, നാടകവും സിനിമയും കൂടിക്കലര്‍ന്ന പഴയ ഒരു സിനിമാ-നാടക കാലവും നീണ്ട ഒരുറക്കത്തില്‍ നിന്നും പതുക്കെ ഒരു കഥയിലേക്ക് ഉണര്‍ന്നു വരുന്നു. അവരുണര്‍ന്നത് സുന്ദരത്തിന്റെ മനസ്സില്‍ നിന്നാണ്. സുന്ദരത്തിന്റെ ജീവിതപരിസരം നിറയെ അയാളുടെ വിശ്വാസ പ്രമാണങ്ങളും, സംസ്‌കാരങ്ങളും, അത് കണ്ണിചേരുന്ന ഓര്‍മ്മയിലെ പാട്ടുകളും, നടന്മാരും, സിനിമകളും, ആയിരുന്നു.
.............................
Read More: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?
ഒരു വശത്ത് ജെയിംസെന്ന നമ്മുടെ പ്രായോഗികജീവിതവും, മറുവശത്ത് സുന്ദരമെന്ന- നമ്മുടെ ഉള്ളിനുള്ളിലെ രൂഢമൂലമായ വിശ്വാസങ്ങളും, സാസ്‌കാരികപരിസരങ്ങളും, ഭ്രമാത്മകതകളും. രണ്ടും ചേര്‍ന്ന കുഴഞ്ഞുമറിച്ചിലുകളുടെ ജീവിതത്തില്‍, പഴയ പാട്ടുകള്‍ക്കുള്ള സ്ഥാനം ഗൃഹാതുരതയുടെ ചാരുകസേരയോ, പ്രണയമോ, മഴയോ മാത്രമല്ല. മറിച്ച് നമ്മുടെ തന്നെ അകത്തുള്ള, നമുക്ക് കാണാനാകാത്ത, മുന്‍തലമുറയുടെ ജീവിതപരിസരങ്ങളെ അടക്കിവെച്ച സുഖദുഃഖങ്ങളുടെ, സ്വാതന്ത്ര്യബോധങ്ങളുടെ, വിശ്വാസ-അവിശ്വാസ ദ്വന്ദ്വങ്ങളുടെ ഈണങ്ങളാണ് എന്നും ഈ സിനിമ വ്യക്തമായി പറയുന്നു. കാതോര്‍ത്താല്‍, ഈ പഴയ തമിഴ് - മലയാള പാട്ടുകളിലൂടെ നമുക്കത് കേള്‍ക്കാനാകും.