പ്രേമത്തിന്റെ രഹസ്യവും ദുരൂഹതയും
പുസ്തകപ്പുഴ. ഖലീല്‍ ജിബ്രാന്റെ 'ആദ്യാനുരാഗത്തി'ന്റെ വായന. ഫാത്തിമാബീവി എഴുതുന്നു
ജിബ്രാന്റെ ജീവിതത്തിലേക്ക് ഒരു വസന്തംപോലെ പെട്ടന്ന് കടന്നുവന്ന സല്‍മ ജീവിതത്തിന്റെ രഹസ്യം പഠിപ്പിച്ചുകൊണ്ടു പെട്ടെന്ന് തന്നെ യാത്രയായി. അവന്‍ അവളെ തന്റെ ഹവ്വയായാണ് വിശേഷിപ്പിക്കുന്നത്.പക്ഷെ ആ മധുരമായ പ്രണയം ഒടുവില്‍ സല്‍മയുടെ കുഴിമാടത്തിലും ജിബ്രാന്റെ ഓര്‍മ്മകളിലുമായി ഒതുങ്ങി.
ഖലീല്‍ ജിബ്രാന്റെ ആദ്യാനുരാഗം +Broken Wings) തീവ്രമായ വായനാനുഭവമാണ്. സല്‍മയെന്ന കാമുകിയോടുള്ള പ്രേമത്താല്‍ പ്രപഞ്ചത്തെയാകെ മറക്കുന്ന ജിബ്രാന്‍.. അവളുടെ സൗന്ദര്യമാണ് അവനെ പ്രേമത്തിന്റെ ഉദ്യാനത്തിലേക്ക് നയിക്കുന്നത്. പ്രേമത്തിന്റെ രഹസ്യവും, ജീവിതത്തിന്റെ സത്യവും സല്‍മയിലൂടെ ജിബ്രാന്‍ പഠിച്ചുവെന്നു ആമുഖത്തില്‍ കാണാം. മാത്രമല്ല, അവളുടെ സൗന്ദര്യത്തെ മാതൃകയാക്കിക്കൊണ്ട് സൗന്ദര്യത്തെ ആരാധിക്കുവാനും അവന്‍ പഠിച്ചു.
ജിബ്രാന്റെ ജീവിതത്തിലേക്ക് ഒരു വസന്തംപോലെ പെട്ടന്ന് കടന്നുവന്ന സല്‍മ ജീവിതത്തിന്റെ രഹസ്യം പഠിപ്പിച്ചുകൊണ്ടു പെട്ടെന്ന് തന്നെ യാത്രയായി. അവന്‍ അവളെ തന്റെ ഹവ്വയായാണ് വിശേഷിപ്പിക്കുന്നത്.പക്ഷെ ആ മധുരമായ പ്രണയം ഒടുവില്‍ സല്‍മയുടെ കുഴിമാടത്തിലും ജിബ്രാന്റെ ഓര്‍മ്മകളിലുമായി ഒതുങ്ങി.
ലെബനനിലൊരു മെത്രാനുണ്ട്. അയാളുടെ വാക്കുകള്‍ക്ക് വിപരീതമായി ആര്‍ക്കും പ്രവര്‍ത്തിക്കുക സാധ്യമല്ല. അങ്ങനെ ചെയ്താല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും,സമാധാനമായൊരു ജീവിതം നയിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. അതിനാല്‍ മെത്രാന്റെ നിര്‍ദ്ദേശത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു ധനികനായ സല്‍മയുടെ പിതാവ്. മെത്രാന്റെ ആവശ്യം സല്‍മയെ അനന്തിരവന് കെട്ടിക്കുക എന്നതായിരുന്നു.ആ വിവരം അറിഞ്ഞതുമുതല്‍ ജിബ്രാനും സല്‍മയും വിരഹത്തിന്റെ നാളുകളിലൂടെയാണ് കടന്നുപോയത്. സല്‍മയുടെ വിവാഹത്തോടെ പിതാവ് ഫാരിസ് എഫണ്ടിയും ഒറ്റപ്പെട്ടു. അതിനുശേഷം അദ്ദേഹത്തിന് ഏക ആശ്വാസം തന്റെ സുഹൃത്തിന്റെ മകനായ ജിബ്രാന്‍ മാത്രമായിരുന്നു.ഒടുവില്‍ സല്‍മയുടെ പിതാവും ജീവിതത്തോട് യാത്രപറഞ്ഞു. വൈവാഹികജീവിതത്തില്‍ അവള്‍ക്ക് സന്തോഷം ലഭിച്ചില്ല. ഭര്‍ത്താവിന്റെ സ്‌നേഹം അവള്‍ക്ക് കിട്ടിയില്ല. അയാള്‍ മറ്റുപെണ്‍കുട്ടികളുമായി ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന തിരക്കുകളില്‍ ആയിരുന്നു. അല്ലെങ്കിലും സല്‍മയെ അയാള്‍ വിവാഹം ചെയ്തത് അവളുടെ സ്വത്തുക്കള്‍ മുഴുവന്‍ കൈവശപ്പെടുത്തുക എന്ന ലക്ഷ്യം കൊണ്ടായിരുന്നല്ലോ.
മാസത്തിലൊരു ദിവസം അവിടത്തെയൊരു ദേവാലയത്തില്‍ ജിബ്രാനെ കണ്ടുമുട്ടുക എന്നതുമാത്രമായിരുന്നു പിന്നീടങ്ങോട്ട് സല്‍മയുടെ സന്തോഷവും ആശ്വാസവും. പക്ഷെ അവിടെയും തടസ്സം കണ്ടുതുടങ്ങി. മെത്രാന്‍ അവളെ നിരീക്ഷിക്കുന്നുവത്രെ. അവസാനയാത്രപറയാന്‍ അവള്‍ വീണ്ടും ആ ദേവാലയത്തില്‍ വന്നു. അവിടെ കുരിശില്‍ തറക്കപ്പെട്ട യേശുവിന്റെയും, ഏഴു കന്യകമാരാല്‍ ചുറ്റപ്പെട്ട് സിംഹാസനത്തില്‍ അമര്‍ന്നിട്ടുള്ള സൗന്ദര്യത്തിന്റെയും, പ്രേമത്തിന്റെയും പ്രതീകമായ ഇസ്തറിന്റെയും ചിത്രമുണ്ടായിരുന്നു. അതില്‍ നിന്നും ക്രൂശിക്കപ്പെട്ട യേശുവിനെയാണ് അവള്‍ തിരഞ്ഞെടുത്തത്. എല്ലാം നേരിടുവാന്‍ പ്രാപ്തയായിക്കൊണ്ട് തന്നെ അവള്‍ അവനോട് അവസാനയാത്രപറഞ്ഞു ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങി.
പിന്നീടങ്ങോട്ടുള്ള അവളുടെ ദിവസങ്ങള്‍ ഒരു കുഞ്ഞിനായുള്ള പ്രാര്‍ത്ഥനകളില്‍ മുഴുകിക്കൊണ്ടായിരുന്നു. അഞ്ചാറു കൊല്ലത്തിനുശേഷം അവള്‍ ദൈവകൃപയാല്‍ അമ്മയായി. പക്ഷെ ജനിച്ചു അല്പനേരത്തിനകം തന്നെ കുഞ്ഞു മരണപ്പെടുകയും ചെയ്തു. സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ അവള്‍ കരഞ്ഞുവെങ്കിലും വൈകാതെതന്നെ മറ്റൊരു തിരിച്ചറിവാണ് അവള്‍ക്കുണ്ടായത്. ആ കുഞ്ഞുജനിച്ചത് അമ്മയെയും കൂട്ടിക്കൊണ്ട് പോകാന്‍ വേണ്ടിയായിരുന്നുവെന്ന തിരിച്ചറിവ്. കുഞ്ഞുമരിച്ചശേഷം ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ടുതന്നെ സല്‍മയുടെയും കണ്ണുകളടഞ്ഞു. ഒരു ശവപ്പെട്ടിയില്‍ അവളെയും, മാറില്‍ കുഞ്ഞിനേയും കിടത്തിക്കൊണ്ട് ആളുകള്‍ ശവപ്പെട്ടി ചുമന്നു നടന്നു. അവളുടെ മരണത്തില്‍ അതീവദുഃഖിതനായ ജിബ്രാന്‍ പിന്നീടങ്ങോട്ട് അവളുടെ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പ്രകാശിച്ചു.
'മാലാഖമാര്‍ മനുഷ്യരുടെ പ്രവൃത്തികള്‍ കുറിച്ചുവെയ്ക്കുന്നു. ആത്മാവുകള്‍ ജീവിതത്തിന്റെ ദുഃഖകഥകള്‍ വിവരിക്കുന്നു. സ്വര്‍ഗ്ഗത്തിലെ മണവാട്ടികള്‍ ദുഖത്തിന്റെയും പ്രേമത്തിന്റെയും ഗാനങ്ങള്‍ ആലപിക്കുന്നു'
എന്തൊരു വാക്കുകളാണിത്. സല്‍മ അവസാനമായി ആ ദേവാലയത്തില്‍ നിന്നും യാത്രപറഞ്ഞിറങ്ങിയപ്പോള്‍ ജിബ്രാന്റെ ചിന്തകളില്‍ ഉദിച്ചതാണീ വാക്കുകള്‍..
സല്‍മ ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങുമ്പോള്‍ അവനോട് പറഞ്ഞതിങ്ങനെയാണ്:
'ദൈവത്തിന്റെ നിഴലിനെ ദര്‍ശിച്ച ഒരാത്മാവിനെ പിന്നെയൊരിക്കലും ചെകുത്താന്മാര്‍ക്കു ഭയപ്പെടുത്താനാവില്ല '
അമ്മയെ വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്.:
'മനുഷ്യന്റെ അധരങ്ങളില്‍ തങ്ങിനില്‍ക്കുന്ന ഏറ്റവും മനോഹരമായ പദം അമ്മയാണ്'
വിരഹത്തെ വര്‍ണ്ണിച്ചിരിക്കുന്നത് നോക്കൂ:
'യേശുവേ, പ്രേമം കൊണ്ട് അങ്ങ് എന്റെ കണ്ണുകളെ തുറപ്പിച്ചു. പ്രേമം കൊണ്ടുതന്നെ അങ്ങ് എന്നെ അന്ധയുമാക്കി.'
തീവ്രവികാരങ്ങളെ ഇത്രമാത്രം വര്‍ണ്ണിച്ച മറ്റൊരു പുസ്തകവും ഞാന്‍ വായിച്ചിട്ടില്ല.