'ഇജ്ജ് പോയി ഐസും വെള്ളം വാങ്ങി വാ..', ഉമ്മ തൂക്കുപാത്രമെടുത്ത് കയ്യില്‍ വെച്ച് തരും...!

ആദ്യമായൊരു നോമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ദിവസം ഉത്സവ സമാനമായിരുന്നു. തളര്‍ന്നു പോയിട്ടും പിന്മാറാതെ ലക്ഷ്യത്തിലെത്തിയ നിമിഷങ്ങള്‍. -നോമ്പോര്‍മ്മ. റഫീസ് മാറഞ്ചേരി എഴുതുന്നു

Ramadan memories from Malappuram  kerala

നോമ്പോര്‍മ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നോമ്പ് അനുഭവങ്ങള്‍ക്കും വ്യത്യസ്തമായ നോമ്പ് ഓര്‍മ്മകള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന ഇടം. റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓര്‍മ്മകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം, ഒരു ഫോട്ടോയും വിശദമായ വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ നോമ്പോര്‍മ്മ എന്ന് എഴുതാന്‍ മറക്കരുത്. 

 

Ramadan memories from Malappuram  kerala

 

ഓര്‍മ്മയൊരു കാരയ്ക്കയാണ്. ഉള്ളുപൊളിച്ച് മറവിയെന്ന കുരുകളഞ്ഞ് നുണഞ്ഞാല്‍, പോയ കാലത്തിന്റെ മധുരം നിറയും. ചൂടേറെയേറ്റ് കൈവന്ന ആ മധുരം പോലെയാണ് ഓര്‍മ്മകളും, നോവേറെ കൊണ്ടാണ് പോയകാലത്തില്‍ നിന്നും ഇന്നിന്റെ ഉദയാസ്തമയങ്ങളിലേക്ക് നമ്മള്‍ നടന്നെത്തിയതും.

നോമ്പ് നോക്കാനായി വാശിപിടിച്ചൊരു ബാല്യകാലമുണ്ടാവും എല്ലാവര്‍ക്കും. നിര്‍ബന്ധത്തിനു വഴങ്ങി കുഞ്ഞു കൈകള്‍ പിടിച്ച് ഉമ്മ ചൊല്ലിത്തന്നത് ഏറ്റുചൊല്ലി, തലേന്ന് തന്നെ നോമ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങും. 'അനക്ക് എത്ര നോമ്പുണ്ട്?' എന്ന മുതിര്‍ന്നവരുടെ കളിയാക്കിയുള്ള  ചോദ്യങ്ങള്‍ക്ക് രണ്ടും മൂന്നും വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ചിരികള്‍ മുഴങ്ങി. അങ്ങനെ വാശിയോടെ കൂടെ കൂട്ടിയ നോമ്പുകള്‍ പലതും ആയുസ്സെത്താതെ പത്തുമണിക്കും പന്ത്രണ്ടു മണിക്കുമൊക്കെയായി മുറിഞ്ഞു പോയിട്ടുമുണ്ട്. തോറ്റു പോയ പോരാളിയായി മാറിയെങ്കിലും പരിശ്രമം തുടര്‍ന്നു പോന്നു!

'ന്നെ അത്താഴത്തിനു വിളിക്കണം ട്ടാ' എന്ന് പറഞ്ഞാണ് കിടന്നുറങ്ങുക. ഉറക്കത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പലപ്പോഴും പുലര്‍ച്ചെയുള്ള ആ  വിളിയെ തിരസ്‌കരിക്കും. രാവിലെ 'എന്നെയെന്താ വിളിക്കാഞ്ഞത' എന്ന് പരിഭവം പറയും. ഉണരാതെ പോയ പല പുലരികള്‍ക്കൊടുവില്‍ ചില ദിവസങ്ങളില്‍ സുബഹി ബാങ്കിന് മുമ്പായി കഴിക്കുന്ന അത്താഴത്തിന്റെ രുചിയുമറിയും.

പള്ളിയിലെ  പൈപ്പ്  വെള്ളത്തിന്റെ രുചി ശരിക്കുമറിയുന്നത് പ്രാര്‍ത്ഥനയ്ക്ക് മുമ്പുള്ള അംഗശുദ്ധിക്കായി വായില്‍ വെള്ളമെടുക്കുമ്പോഴാണ്. ഒരിറ്റെങ്കിലും അകത്തേക്ക് ആവാഹിക്കണമെന്ന ദുരുദ്ദേശത്തോടെയാവും വായ ശുചിയാക്കുന്നത്! ആമാശയത്തിലെ തീ കെടുത്തുക എന്നതിനപ്പുറം വ്രതാനുഷ്ഠാനത്തിന്റെ ഗുണങ്ങളോ പുണ്യമോ മനസ്സിലാക്കാതെ എല്ലാവര്‍ക്കുമുള്ള നോമ്പ് എനിക്കുമെന്ന ചിന്തയില്‍ നോമ്പുകാരന്‍  എന്ന പട്ടവും പിടിച്ച് നടന്ന നിഷ്‌കളങ്ക ബാല്യം!

സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ സമയം കടിഞ്ഞാണില്ലാതെ പായുമ്പോള്‍ അവധി ദിവസങ്ങളില്‍ ഘടികാര സൂചിയുടെ സഞ്ചാരത്തിന് വേഗത കുറയും. കിടന്നും ഇരുന്നും സമയത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന അന്നേരങ്ങളിലാണ് പഴഞ്ചോറില്‍ തലേന്നത്തെ കറി പകരുക. 'അപ്പോഴേ പറഞ്ഞതല്ലേ അന്നെക്കൊണ്ട് കഴിയൂല്ലാന്ന്..' എന്നൊരു ഡയലോഗും കൂടെ വിളമ്പും! പത്തുമണിക്കും പന്ത്രണ്ടുമണിക്കുമായി പാതിവഴിയില്‍ ഉപേക്ഷിച്ച നോമ്പുകളുടെ എണ്ണം കൂടിയപ്പോള്‍ വലിയുമ്മയാണ് ആശ്വാസത്തിനെത്തിയത്. 'രണ്ടീസം ഉച്ചവരെ നോറ്റാല്‍ ഒരു നോമ്പ്' എന്ന ആശയത്തെ മുറുകെ പിടിച്ചു.

ആദ്യമായൊരു നോമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ദിവസം ഉത്സവ സമാനമായിരുന്നു. തളര്‍ന്നു പോയിട്ടും പിന്മാറാതെ ലക്ഷ്യത്തിലെത്തിയ നിമിഷങ്ങള്‍. തോല്‍വികള്‍ക്കൊടുവിലെ വിജയം ആഘോഷമാക്കി. അര നോമ്പുകളുടെ കാലത്തിന് വിട നല്‍കി ആയുസ്സ് താളുകള്‍ മറിച്ചപ്പോള്‍ നോമ്പ് തുറക്കുള്ള ഒരുക്കങ്ങളിലും വിഭവങ്ങളിലും  തന്നിഷ്ടങ്ങളും പറഞ്ഞു തുടങ്ങി. നിറവേറ്റാന്‍ പ്രയാസമുണ്ടായിട്ടും നോമ്പുകാരനോടുള്ള പരിഗണന മൂലം പലതും ഒരുക്കിത്തന്നു എന്നതാവും വാസ്തവം.

 

................

Also Read: ഞങ്ങളുടെ ഇഫ്താര്‍ പ്ലേറ്റുകളില്‍ സുലോചന ചേച്ചിയുടെ വിഭവങ്ങള്‍, സ്‌നേഹത്തിന്റെ നോമ്പുകാലങ്ങള്‍!

................

 

ഉപവിഭവങ്ങള്‍ മീനും ഇറച്ചിയും പച്ചക്കറിയുമൊക്കെയായി മാറിമറിയുമ്പോള്‍ നനയാന്‍ വിധിക്കപ്പെട്ടത് ഏറിയ ദിവസങ്ങളിലും പത്തിരി തന്നെയായിരിക്കും. നാലുമണിക്ക് ശേഷം സജീവമാകുന്ന അടുക്കളയില്‍ ഉമ്മ മാവ് കുഴയ്ക്കുമ്പോള്‍ സഹായിക്കാന്‍ മനസ്സ് വെമ്പും. കുഴച്ച മാവിനെ ചെറിയ ഉരുളകളാക്കുന്ന ചടങ്ങില്‍ കൂടെ കൂടും. ആദ്യത്തെ ഉരുളയില്‍ തന്നെ കൈകളിലെ പൊടിയും അഴുക്കും പുരളും. തൂവെള്ള നിറമുള്ള ഉരുളകളില്‍ അത് മാത്രം ഇരുണ്ടിരിക്കും.

'ഇജ്ജ് പോയി ഐസും വെള്ളം വാങ്ങി വാ..' നോമ്പുകാരനെ ചീത്ത പറയാനുള്ള മടികൊണ്ട്  ഉമ്മ തൂക്കുപാത്രമെടുത്ത് കയ്യില്‍ വെച്ച് തരും. അയലത്തെ ഫാത്തിമത്തയുടെ വീട്ടില്‍ പോയി ഐസ് വാങ്ങണം. ഞങ്ങള്‍ ഫ്രിഡ്ജില്ലാത്ത വീട്ടുകാരൊക്കെ അങ്ങനെ അവിടെ 'ഐസും വെള്ളം' വാങ്ങാനെത്തും. റമദാനില്‍ തണുത്ത വെള്ളമാണെങ്കില്‍ വലിയ പെരുന്നാളിന് ആ ഫ്രിഡ്ജില്‍ ഇറച്ചി സൂക്ഷിക്കലാവും. പല സ്ഥലങ്ങളില്‍ നിന്നായി ലഭിക്കുന്ന ഇറച്ചിപ്പൊതികള്‍ ദിവസങ്ങളോളമവിടെ മരവിച്ചു കിടക്കും.

അലുമിനിയ പാത്രത്തില്‍ പഞ്ചസാരയും നാരങ്ങാനീരും തണുത്ത വെള്ളവും ചേര്‍ത്ത് കലക്കുമ്പോള്‍ പഞ്ചസാര തരികളും കയിലും കൂടി കിന്നാരം പറയുന്നത് കേള്‍ക്കാം. അടുക്കളയില്‍ അങ്ങനെ കുറെ താളങ്ങളും ശ്രുതികളുമുണ്ട്. റവയും സേമിയയും പാലോ തേങ്ങാ പാലോ ചേര്‍ത്തുണ്ടാക്കുന്ന തരിക്കഞ്ഞിയിലേക്ക് താളിച്ച്  ചേര്‍ക്കുന്നൊരു ചടങ്ങുണ്ട്. ചൂടായ നെയ്യിലേക്ക് ചെറിയുള്ളി ഇട്ടുകൊടുക്കുമ്പോഴൊരു  ശബ്ദമുണ്ട്. അരിഞ്ഞ ഉള്ളിയിലെ നീര്‍കണങ്ങള്‍ നെയ്യിനോട് പിണങ്ങി ആവിയാവുമ്പോഴുള്ള നിലവിളി! ഒപ്പം തന്നെ മനം കവരുന്നൊരു ഗന്ധവും. ഇനിയെത്ര സമയം വേണമെങ്കിലും നോമ്പ് തുറക്കാനായി കാത്തിരിക്കാനുള്ള ശക്തി പകരുമത്. അണ്ടിപ്പരിപ്പും മുന്തിരിയും സ്വര്‍ണ്ണ നിറമാര്‍ന്ന ചെറിയുള്ളിയും തരിക്കഞ്ഞിക്ക് മുകളില്‍ അലങ്കാരമായി കിടക്കും.

'ഉമ്മാ, നോമ്പ് തുറക്കാനായാ..' ക്ഷമ നശിച്ച് അടുക്കള വാതിലില്‍ തൂങ്ങി ചോദ്യമെറിഞ്ഞവരുടെ ശബ്ദം നേര്‍ത്തുപോയിരുന്നു. 'നിക്ക് മോനെ, ഇപ്പം ബാങ്ക് വിളിക്കും..' എന്ന ആശ്വാസ വാക്കുകള്‍ക്കൊപ്പം പാത്രങ്ങളും കൂട്ടിയുരുമ്മി ശബ്ദമുണ്ടാക്കും. 'ഇതെനിക്ക്, എനിക്ക് രണ്ടെണ്ണം വേണം' എന്നൊക്കെ പറഞ്ഞു കൊണ്ട് കൊതിയോടെ മാറ്റിവെച്ച പലതും കുറേ കഴിക്കണമെന്ന് മനസ്സില്‍ നിനച്ച പോലെ കഴിക്കാനാവാതെ നിരാശപ്പെടേണ്ടി വന്നവരായിരുന്നു ഏറെയും. പക്ഷെ, എത്ര പിന്മാറ്റങ്ങളുണ്ടായാലും മാറ്റിവെക്കലും എണ്ണം പറയലും പിറ്റേന്നും തുടരും!

നിഷ്‌കളങ്കതയുടെ ബാല്യത്തില്‍ നിന്ന് നേര്‍ക്കാഴ്ച്ചകളുടെ കൗമാരത്തിലെത്തുമ്പോഴാണ് സമയത്തിന് മുമ്പേ മുറിയുന്ന നോമ്പുകളുണ്ടായത്. മറപറ്റിയുള്ള ഹോട്ടലുകളും ചായക്കടകളും മാടി വിളിച്ചു. നാണുവേട്ടന്റെ ചായക്കടയില്‍ നോമ്പുമാസത്തില്‍ മാത്രം പ്രത്യേക തിരക്കനുഭവപ്പെട്ടു. 'മോനെ ചായ കുടിക്കണോ' എന്ന് ചോദിച്ചിരുന്നവര്‍ തലയും താഴ്ത്തി ഇറങ്ങി വന്നു. ന്യൂസ്റ്റാറിലെ ഇറച്ചിക്കറിയുടെ മസാലക്കൂട്ട് നടത്തത്തെ പിന്നോട്ട് വലിച്ചു. പരിചിത മുഖങ്ങളും പോക്കറ്റും കാലുകളെ വിലക്കി. പല ഹോട്ടലുകളും അറ്റകുറ്റപ്പണിക്കായി ഷട്ടറിട്ടപ്പോള്‍ പല ഹോട്ടലുകളും നഷ്ടം നികത്താനുള്ള അവസരവും കണ്ടെത്തി. വിശപ്പ് കഴിഞ്ഞേ ഭക്തിയുള്ളൂ എന്ന ചിന്തയില്‍ നെഞ്ചുവിരിച്ചും ചിലര്‍ കുടല്‍ നിറച്ചു. നോമ്പാര്‍മ്മകള്‍ അത് വിശ്വാസികള്‍ക്ക് മാത്രമായിരിക്കില്ല. പങ്കുവെക്കലിന്റെയും ഉപേക്ഷിക്കലിന്റെയും പാതിവഴിയില്‍ അവസാനിപ്പിച്ചതിന്റെയും ഒരുമിക്കലിന്റെയും  കഥകള്‍ ജാതിമതഭേദമന്യേ  പലര്‍ക്കും പറയാനുണ്ടാവും.

ക്ലാസ്സ് മുറിക്ക് പുറത്ത് മത്സരിച്ച് തുപ്പി, തൊണ്ട വരണ്ട കുട്ടി ഇന്ന് മറവിയുടെ കാറ്റേറ്റ് വരണ്ടിരിപ്പുണ്ടാവും. ഓര്‍മ്മയുടെ തലോടലില്‍ കാലം പിന്നിലേക്ക് കൊണ്ടുപോയാല്‍ വരണ്ട ഭൂമിയിലേക്ക് പോയകാലത്തിന്റെ നീര്‍കണങ്ങള്‍ പൊഴിയും. വിശിഷ്ട വിഭവങ്ങള്‍ക്കായുള്ള കാത്തിരിപ്പായി മാറിയ ബഹുഭൂരിപക്ഷം പേരുടെയും ഇന്നത്തെ  വ്രതാനുഷ്ഠാന നാളുകളില്‍ ഓര്‍ക്കേണ്ട ചിലതുകൂടിയുണ്ട്. കാലമിത്ര പുരോഗമിച്ചിട്ടും നോമ്പ് ദിനങ്ങളിലെന്ന  പോലെ അസ്തമയത്തിലെങ്കിലും ഉള്ളം കുളിരണിയിക്കുന്ന ഒരു വിഭവമെങ്കിലും പ്രതീക്ഷിച്ച്  ഇന്നും വര്‍ഷം മുഴുവന്‍ ദിവസങ്ങളെ തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. വിശപ്പറിയാന്‍ മാത്രമല്ല വിശക്കുന്നവരെ അറിയാന്‍ കൂടിയാവട്ടെ വ്രതം. ചേര്‍ത്തുപിടിക്കലിലൂടെ പുണ്യം നിറയട്ടെ. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് വിശപ്പേറും!

 

 

നിങ്ങളുടെ നോമ്പോര്‍മ്മകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം, ഒരു ഫോട്ടോയും വിശദമായ വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ നോമ്പോര്‍മ്മ എന്ന് എഴുതാന്‍ മറക്കരുത്. 

Latest Videos
Follow Us:
Download App:
  • android
  • ios