ഒരിക്കൽ മോള് ചോദിച്ചു, അമ്മ ചീത്ത ജോലിയാണോ ചെയ്യുന്നതെന്ന്. അന്ന് അവളോട് എന്‍റെ ജോലിയെ കുറിച്ച് പറഞ്ഞു
'പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മയുടെ മരണത്തോടെ പുഷ്പയുടെ പഠനം അവസാനിച്ചു. താഴെയുള്ള അനിയന്മാരെ നോക്കാനായി വീട്ടിൽ നിൽക്കേണ്ടി വന്നു. മുതിര്‍ന്നപ്പോള്‍ വിവാഹം കഴിച്ചയാൾ ജീവിതം കൂടുതൽ ദുരിതമാക്കി...' പുഷ്പ ദീദി തുടര്‍ന്നു. ഉത്തരേന്ത്യന്‍ ഭൂമിയില്‍ നിന്ന് കേട്ട പെണ്‍ ജീവിതങ്ങള്‍ സൌമ്യ ആര്‍ കൃഷ്ണ എഴുതുന്നു.
വാര്‍ത്താ ശേഖരണത്തിനിടെ കണ്ട പെണ്ണുങ്ങള്‍ , അവരില്‍ നിന്ന് കേട്ട പെണ്‍കഥകള്‍.... ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോര്‍ട്ടര്‍ സൗമ്യ ആര്‍ കൃഷ്ണ എഴുതുന്നു
ലൈംഗിക തൊഴിലാളികളെ കുറിച്ച് ഒരു വാര്‍ത്ത ചെയ്യാന്‍ ദില്ലി, രോഹിണിയിലെ ഒരു വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി പുഷ്പയെ കണ്ടത്, 2021ല്‍. ലൈംഗിക തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന വീടുകളാണ് അവരുടെ തൊഴിലിടം. അവിടേക്ക് പുറത്ത് നിന്നുള്ള ആരെയും അവർ കടത്തിവിടില്ല. സ്റ്റോറി ചെയ്യാനും വിഷ്വൽ എടുക്കാനും അന്ന് ഞങ്ങളെ സഹായിച്ചത് പുഷ്പയായിരുന്നു. അവർക്ക് പുഷ്പയെ അത്രമേല്‍ വിശ്വാസമാണ്. ആ വിശ്വാസം ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ല.
2008 മുതൽ സീഫാർ ഉൾപ്പടെ വിവിധ എൻജിഒകളുടെ ഭാഗമായി ലൈംഗിക തൊഴിലാളികൾ, ട്രാൻസ്ജെൻഡറുകൾ, പീഡനത്തിനിരയായ പെൺകുട്ടികൾ എന്നിവർക്ക് വേണ്ടി അവരുടെ ക്ഷേമം ഉറപ്പാക്കാനായി പ്രവർത്തിക്കുന്ന ആളാണ് പുഷ്പ. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഈ സ്ത്രീ, ജീവിതം കെട്ടിപ്പടുത്ത് ഉയർത്തിയ കഥ ഓരോ തവണ കേൾക്കുമ്പോഴും അവരോടെനിക്ക് അതിരില്ലാത്ത ബഹുമാനം തോന്നും.
പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മയുടെ മരണത്തോടെ പുഷ്പയുടെ പഠനം അവസാനിച്ചു. താഴെയുള്ള അനിയന്മാരെ നോക്കാനായി വീട്ടിൽ നിൽക്കേണ്ടി വന്നു. മുതിര്‍ന്നപ്പോള്‍ വിവാഹം കഴിച്ചയാൾ ജീവിതം കൂടുതൽ ദുരിതമാക്കി. രാത്രികളില്‍ മദ്യം തലയ്ക്ക് പിടിച്ച അയാളുടെ തെറിയും തല്ലും ചവിട്ടും ഏല്‍ക്കേണ്ടി വന്നു. കുടുംബം നോക്കാൻ അയാൾക്ക് പറ്റില്ലെന്ന തിരിച്ചറിഞ്ഞതോടെ ആ ഭാരം പുഷ്പ ഏറ്റെടുത്തു. ഉള്ള വിദ്യാഭ്യാസ യോഗ്യത വച്ച് പലയിടത്തും ജോലി തേടി. പക്ഷേ, ചെന്നിടങ്ങളില്‍ നിന്നെല്ലാം നേരിടേണ്ടിവന്നത് മോശം അനുഭവങ്ങളായിരുന്നു. വീട്ടിൽ അടുപ്പെരിയാത്ത ദിവസങ്ങളായിരുന്നു അത്. ഒടുവില്‍, ദില്ലിയിലെ ലൈംഗിക തൊഴിലാളികൾക്കിടയിൽ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ വളണ്ടിയർമാരെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് പുഷ്പ സീഫാർ എന്ന എന്‍ജിഒയില്‍ തൊഴിലന്വേഷിച്ച് ചെന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് വിദ്യാഭ്യാസമുള്ളവരെയായിരുന്നു. പക്ഷേ, വിദ്യാഭ്യാസമുള്ളവർക്കൊന്നും ഈ ജോലി വേണ്ടായിരുന്നു. അങ്ങനെയാണ് ആ ജോലിയിലേക്കും അതുവഴി ലൈംഗിക തൊഴിലാളികൾക്കിടയിലേക്കും പുഷ്പയെത്തുന്നത്
“അവർക്ക് വേണ്ടത് പഠിച്ചവരെയൊക്കെയായിരുന്നു. പക്ഷേ, അവരൊന്നും ഈ ജോലിക്ക് വന്നില്ല. എന്നെ പോലെ പീഡനങ്ങൾ അനുഭവിച്ചവർക്ക് ഈ ജോലിയുടെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാകുമല്ലോ...“ ജോലി തെരഞ്ഞെടുക്കാൻ പുഷ്പ രണ്ടാമതൊന്ന് ആലോചിച്ചില്ല.
പക്ഷേ, കുടുംബം മറ്റൊരു ലോകമാണ്. ബന്ധുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പുഷ്പ ജോലിക്കാര്യം ആദ്യമൊക്കെ മറച്ചുവെച്ചു. എങ്കിലും പതുക്കെ പതുക്കെ എല്ലാവരും വിവരമറിഞ്ഞു. ലൈംഗിക തൊഴിലാളികളോട് കാണിച്ച അതേ അകൽച്ച പുഷ്പയോടും സമൂഹം കാണിച്ചു. പക്ഷേ മദ്യപിച്ചെത്തുന്ന ഭർത്താവിന്‍റെ തല്ല് കൊണ്ട് പട്ടിണി കിടക്കുന്നതിലും എത്ര മടങ്ങ് നല്ലതാണ് ഈ ജോലിയെന്ന തിരിച്ചറിവ് പുഷ്പയ്ക്കുണ്ടായിരുന്നു.
“ഒരിക്കൽ എന്‍റെ മോള് വന്ന് ചോദിച്ചു. അമ്മ ചീത്ത ജോലിയാണോ ചെയ്യുന്നതെന്ന്. അങ്ങനെ അവളോട് ആരോ പറഞ്ഞ് കൊടുത്തിരിക്കുന്നു. അന്ന്, ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് അവൾക്ക് വിശദീകരിച്ച് കൊടുത്തു. കൂടെ, ഞാൻ ഈ ജോലി തുടരുമെന്നും പറഞ്ഞു. പിന്നീട് അവള്‍ എന്‍റെ ജോലിയെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല.” മകള്‍ക്ക് അമ്മയെ മനസിലാകും.
കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയ ആ കാലത്താണ് പുഷ്പയ്ക്ക് കാൻസർ ബാധിക്കുന്നത്. രോഗം തളർത്തിയിട്ടും പുഷ്പ വീണില്ല. അവള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി തിരിച്ചെത്തി .
“ക്യാൻസർ വന്നപ്പോൾ എനിക്ക് ഭയമൊന്നും തോന്നിയില്ല. രോഗം ചികിത്സിച്ച് മാറ്റാമല്ലോ. ക്യാൻസർ വന്നാൽ ഉടനെ മരിക്കുകയൊന്നുമില്ല. ഒന്നുമില്ലെങ്കിൽ എനിക്ക് കുറച്ച് സമയം കിട്ടുമല്ലോ.” ക്യാൻസറിനോട് മാത്രമല്ല, ജീവിതത്തോടും പുഷ്പയുടെ കാഴ്ചപ്പാട് അതാണ്.
ചികിത്സ തുടരുമ്പോഴും ദില്ലിയിൽ എച്ച്ഐവി ഉൾപ്പടെയുള്ള രോഗങ്ങൾ തടയാനായി പുഷ്പ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ദില്ലിയിലെ പല കോളനികളും പട്ടിണിയിലായി. അന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുഷ്പ അവരുടെ കോളനികളിൽ റേഷൻ എത്തിച്ചു നൽകി. അതുവരെ, തൊഴിലിന്‍റെ പേരില്‍ അകറ്റി നിര്‍ത്തിയ ബന്ധുക്കളും കുടുംബക്കാരും അന്ന് പുഷ്പയ്ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടു. അന്നും ഇന്നും അരികുവത്കരിക്കപ്പെട്ടവർക്കൊപ്പം അവർക്ക് വേണ്ട നിയമസഹായം നൽകാനും, അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാനുമൊക്കെ അവർക്കിടയിൽ തന്നെ നിൽക്കുന്നുണ്ട് പുഷ്പ.