ഇതുപോലൊരു ഡോക്ടര്‍ കൂടെ ഉണ്ടെങ്കില്‍, ഒരു കാന്‍സറും നിങ്ങളെ ഭയപ്പെടുത്തില്ല!

പ്രിയഡോക്ടര്‍. കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പ്രശാന്ത് പരമേശ്വരനെക്കുറിച്ച്  സുജാത ദേവി എഴുതുന്നു

Priya doctor UGC column for doctors by Sujatha Devi

പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.

 

Priya doctor UGC column for doctors by Sujatha Devi

 

ആശുപത്രി റിസപ്ഷനിലേക്ക് നടക്കുമ്പോള്‍ എനിക്കേറെ ശ്രദ്ധിക്കണമായിരുന്നു. രോഗം അതിന്റെ തീവ്രത എന്നെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്ന സമയം. ഞാന്‍ അതിനെ മാനിക്കുന്നില്ലെങ്കിലും.

ശരീരത്തിലെ ചില കോശങ്ങള്‍ക്ക് മതിഭ്രമം സംഭവിച്ചിരിക്കുന്നു. ചില രോഗങ്ങള്‍ അങ്ങനെയാണ്. നിറപൗര്‍ണമിയെ അമാവാസി ബാധിക്കുംപോലെ.

കാലവും സമയവും സന്തോഷവും അറ്റു പോവുക. ഇറക്കങ്ങളും കയറ്റങ്ങളും ഇല്ലാത്ത നിരന്ന വിതാനത്തില്‍ പോലും കാലെടുത്തു വയ്ക്കുമ്പോള്‍ ഒരു തപ്പല്‍! സത്യത്തില്‍ മുന്നില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നില്ല. (ജീവിതത്തിലെ വിരസമായ ചര്യകള്‍ക്ക് ഭംഗം വരുത്തുവാന്‍ ആയിരിക്കാം ആര്‍ക്കിടെക്റ്റുകള്‍ കെട്ടിടങ്ങള്‍ അങ്ങനെ ആസൂത്രണം ചെയ്യുന്നതെന്ന് ' ഒരു ഭാവനാ ശാലി എഴുതിയത് വായിച്ചിട്ടുണ്ട്).

ഈയൊരു തപ്പലോടു കൂടി വളരെ ശ്രദ്ധയോടെയാണ് ആശുപത്രി റിസപ്ഷനിലേക്ക് നടക്കുന്നത്.

വേനലിലും നന്നായി കാറ്റും വെളിച്ചവുമൊക്കെ കടന്നു വരുന്ന ആശുപത്രി, ഗ്രാമാന്തരീക്ഷം.

ദൂരക്കാഴ്ചയില്‍ കുന്നുകളും തൂവെള്ളമേഘങ്ങളും...

കണ്ണുകളുടെ ചൈതന്യം അനുദിനം നഷ്ടപ്പെടുന്നത് കണ്ണാടിയില്‍ കാണുന്നുണ്ട്. ജോലിയിലുള്ള ഏകാഗ്രത നഷ്ടപ്പെട്ടിരിക്കുന്നു. എല്ലായ്‌പോഴും ഒരു നിഴല്‍ വീണ അവസ്ഥ.

ജീവിതത്തില്‍ നിന്നും നമ്മുടെ മനസ്സ് പിന്‍വാങ്ങുന്നു എന്ന് തോന്നിക്കുന്ന വിധം പരിസരവുമായുള്ള അകല്‍ച്ചയും നിസ്സംഗതയും. എല്ലാം കൂടി കാര്യങ്ങളെല്ലാം വരുന്ന വഴിയെ സ്വീകരിക്കാന്‍ ശീലിക്കുകയാണോ?

പണ്ട് ഞാന്‍ കണ്ട ആശുപത്രിക്കാഴ്ചകളെല്ലാം നരച്ചതായിരുന്നു. ആശുപത്രിയിലേക്ക് കടുംനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കില്ല, രോഗിയും രോഗീ സന്ദര്‍ശകരും. ആശുപത്രിയില്‍ പോയി തിരിച്ചെത്തിയാല്‍ വസ്ത്രങ്ങളെല്ലാം നേരിട്ട് വെള്ളത്തിലേക്ക്.

പിന്നെ കുളിയ്ക്കാന്‍ കഴിയുമെങ്കില്‍ കുളിച്ച് വൃത്തിയായി അകത്തേക്ക്...

ഇന്നിപ്പോള്‍ വൃത്തിയും സൗകര്യങ്ങളുമുള്ള ആശുപത്രികളുണ്ട്. എന്നിട്ടും. ആ 'അകാലനര 'എന്റെ മനസ്സില്‍ തിടം വച്ചിരുന്നു.

എല്ലാം പിന്നില്‍ ഉപേക്ഷിച്ചാണ് ഞാനിവിടെ എത്തിയിരിക്കുന്നത് നിറമുള്ള വസ്ത്രം പോലും.. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന നൈരാശ്യമോ ആഘാതങ്ങളോ ഒക്കെ ഏല്‍പ്പിക്കുന്ന മുറിവ്... ഇനിയുള്ളത് ആശുപത്രി ജീവിതം മാത്രമാണ്.
നിസ്സംഗതയെന്നോ നിര്‍വികാരതയെന്നോ ഇതിനെ വിശേഷിപ്പിക്കേണ്ടത്? ചുണ്ടുകളുടെ ചലനം പോലും വല്ലപ്പോഴും മാത്രം...

ആശുപത്രിയില്‍ അടുത്തടുത്തിരിക്കുന്ന ആളുകള്‍ തമ്മില്‍ സാന്ദര്‍ഭികമായ സംസാരം മാത്രം.

മുന്നോട്ട് നോക്കാനും പ്രതീക്ഷിക്കാനും ഒന്നുമില്ലാതെ ചുറ്റും ചലിക്കുന്ന മനുഷ്യരില്‍ കണ്ണും നട്ട് ഞാനങ്ങനെ ഇരുന്നു.
കൂടെ വന്ന കുടുംബാംഗങ്ങളൊന്നും എന്റേതല്ല എന്ന ഒരു ഭാവം അന്ന് രാവിലെ മുതല്‍ എങ്ങനെയോ വന്നു ഭവിച്ചിരുന്നു. രാവിലെ അത്രയും വികാരഭരിതമായ അന്തരീക്ഷത്തില്‍ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങുമ്പോള്‍ ഞാന്‍ മനസ്സിനെ ഒരു ഒഴിഞ്ഞ പാത്രമാക്കിയെടുത്തിരുന്നു. അതാര്‍ക്കും മനസ്സിലാവാതിരുന്നത് ഭാഗ്യം.

മുന്നിലൂടെ നടക്കുന്ന മനുഷ്യര്‍ക്കൊന്നും മുഖമില്ലെന്നത് ശ്രദ്ധിക്കവേ -പെട്ടെന്ന് 'സുജാത ' എന്ന ഒരു വിളി. എന്നെയാണ്.

വിശേഷിച്ച് യാതൊരു ഭാവവും പ്രകടിപ്പിക്കാത്ത പച്ചയുടുപ്പിട്ട ആ നഴ്‌സിന്റെ ചുണ്ടില്‍ നിന്നുമാണ് ആ ശബ്ദം പുറപ്പെട്ടത്.

കാഠിന്യമുള്ള മുഖവുമായി മൗനം ഞാനായിട്ട് ഭേദിക്കാന്‍ യാതൊരു താല്‍പര്യവുമില്ലാതെയാണ് ഡോക്ടറുടെ മുറിയിലേക്ക ്‌നീങ്ങിയത്

അതെന്റെ സ്ഥായീഭാവമായി എപ്പോഴാണ് കൂടെക്കൂടിയത്?

കറങ്ങുന്ന കസേരയില്‍ ഇരുന്ന് കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ കണ്ണ് നട്ട് 'നിങ്ങള്‍ക്ക് കാന്‍സറാണ്' എന്ന് ഡോ. രാജന്‍ യാതൊരു മുഖവുരയുമില്ലാതെ നിഷ്‌ക്കരുണം നിരാര്‍ദ്രം പറഞ്ഞ അന്ന് കയറിക്കൂടിയതാണ് എന്നിലീ ഭാവം.

ഞാനീ ലോകം വിടാന്‍ അധികകാലമില്ല എന്ന് ഇഞ്ചക്ട് ചെയ്യുകയാണ് ബോധപൂര്‍വമല്ലെങ്കിലും ആ ഡോക്ടര്‍ ചെയ്തത്. പിന്നീട് മനസ്സുകൊണ്ട് ഞാനതിന് കുറേശ്ശെയായി പാകപ്പെടുകയായിരുന്നു.

 

Priya doctor UGC column for doctors by Sujatha Devi

 

ഈ വാക്ക് ഇത്തരത്തില്‍ കേള്‍ക്കേണ്ടി വരുന്ന ഏതൊരു മനുഷ്യനും /രോഗിക്കും അങ്ങനെയാവാനേ കഴിയൂ. ഞാനും അതിലൊരാളായി മാറി.

പിന്നീടുള്ള അന്വേഷണങ്ങള്‍ -പുസ്തകങ്ങള്‍ ഈ രോഗം വന്നവരുമായുള്ള ചര്‍ച്ച - ഒന്നിനുമൊന്നിനും എന്റെ മനസ്സിനെ സ്വാധീനിക്കാനായില്ല.

ചെയ്യാനുള്ളതെല്ലാം വേഗം ചെയ്ത് തീര്‍ത്ത് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് കൂടെ കിടക്കുന്ന ഭര്‍ത്താവോ മകനോ മറ്റു ബന്ധുക്കളോ അറിയാതിരിക്കാന്‍ ശ്രദ്ധിച്ചു.

ചികിത്സാ ഭയമായിരുന്നു മരണഭയത്തേക്കാള്‍ എന്നെ പിടികൂടിയിരിയ്ക്കുന്നത് എന്ന് മനസ്സിലാക്കിയ കുടുംബാംഗങ്ങളുടെ ശാസനയാണ് ഇന്നെന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്. രോഗനിര്‍ണയം കഴിഞ്ഞശേഷം വേറെയും ഡോക്ടര്‍മാരെ ഞങ്ങള്‍ പോയി കണ്ടിരുന്നു.

ചികിത്സയെ നേരിടാനുള്ള ധൈര്യം പകരാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല എന്നുള്ളതാണ് എന്നെ സംബന്ധിച്ചുണ്ടായ സത്യം. ആ ഒരു മാനസികാവസ്ഥയില്‍ തന്നെയാണ് ഞാന്‍ ഈഡോക്ടറുടെയും മുന്നില്‍ ഇരുന്നത്. മുഖത്തെ കടുപ്പത്തിന് ഒട്ടും അയവില്ലാതെ തന്നെ.

'സുജാത, എന്തു പറ്റി -പറയൂ.''

അപ്പോഴാണ് ഞാനാ മുഖം ശ്രദ്ധിച്ചത്. 

രോഗികളില്‍ നിന്നും കേള്‍ക്കാന്‍ പോകുന്ന അതീവ ഗൗരവമുള്ള, ഒരു പക്ഷേ മാരകമായ രോഗാവസ്ഥയില്‍ നിന്നും പുറപ്പെടുന്ന വാക്കുകള്‍, അതിന്റെ കാഠിന്യം, മൂര്‍ച്ച  നിസ്സഹായത വാശി ഇവയൊക്കെ ഏറ്റുവാങ്ങാനായിരിക്കും പ്രായത്തെ അവഗണിച്ചു കൊണ്ട് നേരത്തെ തന്നെ ഈ വെള്ളി രേഖകള്‍ തലയിലും താടിയിലും അദ്ദേഹത്തിന് കൂട്ടുവന്നിരിക്കുന്നത്

ആകാംക്ഷയോടെ ഡോക്ടറുടെ മുറിയിലേക്ക് ഇരച്ചു കയറിയ എന്റെ പ്രിയപ്പെട്ടവരില്‍ അഞ്ചുപേരില്‍ ആരെങ്കിലുമൊക്കെ രോഗവിവരം പറഞ്ഞോട്ടെ എന്നായിരുന്നു അതുവരെ എന്റെ മനസ്സില്‍. 

ഹൃദയത്തിലെ പുകമറ കാഴ്ചയ്ക്കും തടസം സൃഷ്ടിച്ചിരുന്നു. മങ്ങിയ എന്റെ കണ്ണടക്കാഴ്ചയിലൂടെ ഞാന്‍ കണ്ട ഡോക്ടര്‍... ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്ന കേള്‍ക്കാന്‍ തയ്യാറായി ഡോക്ടര്‍ ഇരിക്കുകയാണ്.

ഡോ. പ്രശാന്ത് പരമേശ്വരന്‍ -മെഡിക്കല്‍ ഓങ്കോളജിസ്റ്റ് -MVR - കാന്‍സര്‍ സെന്റര്‍, കോഴിക്കോട്.

ഡോക്ടറോട് എനിക്കു തന്നെ എല്ലാം പറയണമെന്ന് തോന്നിയത് പെട്ടെന്നാണ്.

ആ കണ്ണുകളിലെ തിളക്കവും കരുണയും ഊര്‍ജവും എന്നെ മുഴുവനായി പുറത്തെടുത്തു. രോഗനിര്‍ണയം മുതലുള്ള പൂര്‍ണ വിവരങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങി. എന്തു വേണമെങ്കിലും തീരുമാനിക്കു എന്ന ഭാവമായിരുന്നിരിക്കണം മുഖത്ത്. 

എല്ലാം കേട്ട ഡോക്ടര്‍ പറഞ്ഞു, കയറിക്കിടക്കൂ, നോക്കട്ടെ. 

കാല്‍നഖം മുതല്‍ തലമുടി വരെ പരിശോധന തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഇറുകെ അടച്ചു.

നഴ്‌സിന് നല്‍കുന്ന നിര്‍ദേശങ്ങള്‍ എനിക്കിപ്പോള്‍ കേള്‍ക്കാം.

നാണത്തെ കുപ്പിയിലാക്കി മുറുക്കി അടച്ച് എറിഞ്ഞ് കളഞ്ഞിട്ട് അപ്പോഴേക്കും ആഴ്ചകള്‍ പിന്നിട്ടിരുന്നു. ദീര്‍ഘമായ പരിശോധനക്ക് ശേഷം ഡോക്ടര്‍ പുറത്ത് തട്ടി 'വരൂ' എന്ന് പറഞ്ഞു. 

ഡ്രസ്സ് ശരിയാക്കി വന്ന ഞാന്‍ ചത്ത കണ്ണുകളുമായി ഭര്‍ത്താവിനെയും മകനെയും നോക്കി.

'Curable ആണ്' വിശ്വാസം വരാതെ ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി.

ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍.

എത്രയോ നാളുകള്‍ക്ക് ശേഷം വളരെ ശാന്തമായി ഏതാനും സെക്കന്റുകള്‍ ഞാന്‍ ശ്വാസം ഉള്ളിലേക്കെടുത്തു.

Curable! ദേഭമാവുന്നത്! ഏതാനും മിനുട്ടുകളെടുത്തു ഞാനാ വാക്കില്‍ നിന്നും പുറത്തു വരാന്‍. 

ശരീരത്തില്‍ മാത്രമല്ല ജീവനില്‍ത്തന്നെ കയറിപ്പിടിക്കുമെന്നായ സ്തനാര്‍ബുദത്തെ കുറിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. 

ഇപ്പോഴെനിക്ക് ഡോക്ടറെ നന്നായി കാണാം. ആ മുഖത്തെ തേജസ്സ് കാണാം. ഒപ്പം, ഭര്‍ത്താവിന്റെയും മകന്റെയും മറ്റു ബന്ധുക്കളുടെയും മുഖം സ്പഷ്ടമായി കാണാം. ഡോക്ടറുടെ മുറി, സ്‌റ്റെതസ്‌കോപ്പ്, കമ്പ്യൂട്ടര്‍, മേശപ്പുറത്തിരിക്കുന്ന കുഞ്ഞ് ടോര്‍ച്ച് മുതല്‍ പേനയും സാനിറൈറസറും വരെ എല്ലാം കണ്‍മുന്നില്‍.

ഞാനാ വിരലുകളില്‍ മുറുകെപ്പിടിച്ചത് ഡോക്ടറോ മറ്റാരുമോ കണ്ടില്ല. 

ഡോക്ടര്‍ വിശദമായിത്തന്നെ ചികിത്സാ രീതികള്‍ വിവരിച്ചു.
നോക്കാം. നമുക്ക് നാളെത്തന്നെ തുടങ്ങാം.

ചികിത്സ എട്ടു മാസം മുതല്‍ ഒരു കൊല്ലം വരെ പ്രതീക്ഷിക്കണം. ഞാനെല്ലാം സശ്രദ്ധം കേട്ടു. എന്റെ മനസ്സ് സജ്ജമായിരുന്നു. 

നാളെ എന്ന ഇരുട്ടില്‍നിന്നും കയറിവന്ന ഒരാളെ ജീവിത പ്രതീക്ഷകളിലേക്ക് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മാറ്റിയെടുക്കുകയായിരുന്നു ഡോ. പ്രശാന്ത് പരമേശ്വരന്‍. 

എത്രയോ ചെറിയ പ്രായം! പ്രായം കൊണ്ടും സര്‍വീസ് കൊണ്ടും മുതിര്‍ന്ന ആള്‍ക്ക് കഴിയാതിരുന്നതാണ് താരതമ്യേനെ ചെറുപ്പമായ അദ്ദേഹത്തിന് കഴിഞ്ഞത്. സത്യത്തില്‍ ഞങ്ങള്‍ ആദ്യം കണ്ട ഡോക്ടറാണ് ഇത്തരമൊരു നൈരാശ്യത്തിലേക്ക് എന്നെ തള്ളിയിട്ടതെന്ന് പൂര്‍ണമായും വീട്ടുകാര്‍ മനസ്സിലാക്കിയിരുന്നു. കാന്‍സര്‍ ചികിത്സ രോഗിയും ഡോക്ടറുമായുള്ള ഒരു ബോണ്ടിംഗ് ആണ്. രോഗി പരിപൂര്‍ണമനസ്സോടെ ചികിത്സയ്ക്ക് സജ്ജമാവുക എന്നത് ഒരുചെറിയ കാര്യമല്ല. അതും ചികിത്സാ വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

മനസ്സ് പിടിവിട്ടു പോകുന്ന അവസ്ഥയില്‍ പലപ്പോഴും പ്രശാന്ത് ഡോക്ടറെ കാണണം എന്ന് പറഞ്ഞ് ഞങ്ങള്‍ ഓടി അദ്ദേഹത്തിനടുത്ത് പോയിട്ടുണ്ട്.

എന്നെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരു ഡോക്ടര്‍. അതു കൊണ്ട്  ചികിത്സാകാലഘട്ടം സന്തോഷപ്രദമായിരുന്നു എന്നു തന്നെ ഞാന്‍ പറയും.

ചിരിക്കുകയും, വായിക്കുകയും പാട്ടുകേള്‍ക്കുകയും എഴുതുകയും സ്വപ്നങ്ങള്‍ കാണുകയും വീടുപണിയുകയും പുസ്തകം എഴുതുകയും (ഇത്തിരി മൗനം) ചെയ്ത ഒരു വര്‍ഷം.

......

'കാന്‍സര്‍ വന്നാല്‍ എല്ലാം തീര്‍ന്നു എന്ന ധാരണ ഞാനാദ്യം തിരുത്തി: പിന്നീട് മററുള്ളവരെയും തിരുത്തിത്തുടങ്ങി.

തനിക്കുള്ള മനുഷ്യഭാവത്തെ രോഗികള്‍ക്കും ലോകത്തിനും സമര്‍പ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഡോക്ടര്‍മാര്‍. പല തരക്കാരായ രോഗികളെ കൈകാര്യം ചെയ്യേണ്ടവര്‍.

വാക്കുകളിലൂടെയാണ് ആദ്യ രോഗശമനം. പിന്നീടാണ് മരുന്നുകള്‍. വിജയിക്കാം,പരാജയപ്പെട്ടേക്കാം പക്ഷേ ഇത്തരം മാരകമായ അസുഖങ്ങളില്‍ രോഗി പൂര്‍ണമനസ്സോടെ ചികിത്സ ഏറ്റെടുക്കുന്നത് ഡോക്ടര്‍മാര്‍ വാക്കുകള്‍ കൊണ്ട് കൂടി നമ്മളെ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ്.

പ്രായവും പക്വതയും ചികിത്സാ പരിചയവും ഏറെയുള്ള മുതിര്‍ന്ന ഒരു ഡോക്ടറുടെ മുന്നില്‍ നിന്നും ഇറങ്ങി നടന്ന ഞാന്‍ ഡോ. പ്രശാന്ത് പരമേശ്വരന്റെ സാന്ത്വനത്തില്‍ നിന്നിറങ്ങാന്‍ മടിച്ചു.

ചികിത്സാ കാലം കഴിഞ്ഞു. രോഗം ഭേദമായി. 

താരാ ശങ്കര്‍ ബന്ദോപാധ്യയയുടെ 'ആരോഗ്യനിതേന'ത്തിലെ ജീവന്‍ മശായിയായിരുന്നു അതുവരെ എന്റെ കാല്‍പനിക ഡോക്ടര്‍. സാഹിത്യ ലോകത്തിലെ ദാര്‍ശനികനായ വൈദ്യന്‍. സാഹിത്യകാരനും ഡോക്ടറുമായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മനുഷ്യ ഹൃദയജ്ഞാനം ചികിത്സയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നാം വായിച്ചറിഞ്ഞതാണ്.

ചികിത്സാ കാലം കഴിഞ്ഞാലും നമുക്ക് സമീപിക്കാന്‍ ഒരു ഡോക്ടറുണ്ടാവുക വലിയ കാര്യമാണ്. ഒരു ഫോണ്‍ വിളിക്കപ്ുറം ഒരാള്‍ ഉണ്ടായിരിക്കുക എന്നത്. 

അത്തരം ഡോക്ടര്‍മാര്‍ ഇന്നും വിരളമാണ്. തങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസം ഒരു സാധാരണക്കാരന് ലഭ്യമാക്കാനുള്ള വലിയ മനസ്സാണത്. 

എം വി ആര്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുമാറിനെക്കൂടി പരാമര്‍ശിക്കാതെ വയ്യ.

എഴുത്തുകാരന്‍ കൂടിയായ അദ്ദേഹത്തിന്റ ചികിത്സാ അനുഭവങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ധാരാളം വായനക്കാരുണ്ട് കാന്‍സര്‍ രോഗികകളുടെ കൂട്ടായ്മയായ Cancer fighters and supporters -ല്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങള്‍ക്ക് മറുപടിയും വഴികാട്ടിയുമായി അദ്ദേഹത്തെ നിങ്ങള്‍ക്ക് കാണാം. ഞാന്‍ ഇന്ന് അദ്ദേഹത്തിന്റെ കൂടി ചികിത്സയിലാണ്, തെറോയ്ഡ് പ്രശ്‌നങ്ങളുമായി. 

ഒരു ഫോണ്‍ കോളിന്റെ മറുവശത്ത് ഉള്ള രണ്ടു പേര്‍. സാമുഹ്യ പ്രതിബദ്ധതയും മനുഷ്യത്വവുമുള്ളവര്‍. രോഗമുക്തി മാത്രമല്ല, ആശ്വാസവും, സന്തോഷവും ഊര്‍ജവും കൂടി രോഗികള്‍ക്ക് പ്രദാനം ചെയ്യുന്ന ഡോക്ടര്‍ പ്രശാന്ത് പരമേശ്വരനല്ലാതെ മറ്റാരെയാണ് പ്രിയ ഡോക്ടര്‍ എന്ന നിലയില്‍ ഓര്‍ക്കാനാവുക!


(വയനാട് ഡയറ്റിലെ മുന്‍ അധ്യാപികയായ ലേഖിക കാന്‍സര്‍ രോഗത്തെ അതിജീവിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ സുജാത ദേവി 'ഇത്തിരി മൗനം' എന്ന പുസ്തകം എഴുതിയിട്ടുണ്ട്.)

 

 

പ്രിയഡോക്ടര്‍മാര്‍: മുഴുവനായി വായിക്കാം

കേരളം മറക്കരുതാത്ത ഒരു ഡോക്ടര്‍! 

ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടത്

അമ്മേ, ഞാന്‍ പോവുകയാണ്, ഒരു കുഞ്ഞു ശബ്ദം എന്റെ കാതില്‍ പറഞ്ഞു 

'മാഷ് മരിച്ച് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോള്‍  ഞാന്‍ അദ്ദേഹത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച...

 

Latest Videos
Follow Us:
Download App:
  • android
  • ios