പെണ്ണിന് ഹോക്കി പറ്റില്ലെന്നവർ, രാജ്യത്തിന് ഒളിമ്പ്യന്മാരെ സമ്മാനിച്ച് പ്രീതം ദീദി
ഗുഡ്ഗാവിലെ ഒരു കർഷക കുടുംബമാണ് പ്രീതത്തിന്‍റെത്. പെൺകുട്ടികൾ ഹോക്കിയിലേക്ക് കടന്നുവരാൻ മടിച്ചിരുന്ന കാലത്താണ് പ്രീതം സ്കൂളിലെ ഹോക്കി ടീമിനൊപ്പം ചേരുന്നത്. പതുക്കെ ഹോക്കിയിൽ താല്പര്യം കൂടി വന്നു. പക്ഷേ, മെച്ചപ്പെട്ട പരിശീലനം നടക്കുന്നത് ടൌണിലാണ്.
2021 ലെ ഒളിമ്പിക്സ് കാലത്ത്, ഹോക്കി താരം നേഹ ഗോയലിന്‍റെ കുടുംബത്തെ കാണാനാണ് ഹരിയാനയിലെ സോനിപത്തിലേക്ക് പോയത്. ദാരിദ്ര്യത്തെയും പരിമിതികളെയും മറികടന്ന് ഒളിമ്പിക്സ് വരെയെത്തിയ നേഹയുടെ കഥയറിയാനായിരുന്നു ആ യാത്ര. നേഹയുടെ കഥ തേടി തേടി ഞങ്ങൾ അവർ ഹോക്കിയുടെ ആദ്യപാഠം പഠിച്ച ഗ്രൌണ്ടിലെത്തി. അവിടെ വച്ചാണ് ഞങ്ങൾ, പ്രീതം റാണി സിവാചയെ കണ്ടത്. ഹോക്കി സ്റ്റിക്കുമായി ഓടുന്ന പെൺകുട്ടികൾക്ക് നടുവിൽ വിസിൽ മുഴക്കി കൈ ചൂണ്ടി ഹോക്കിയുടെ തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു അവരപ്പോൾ.
ആ തവണ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലുണ്ടായിരുന്ന നേഹ ഗോയൽ, നിഷ വാർസി, ഷർമിള എന്നിവർ ഒരേ അക്കാദമിയിൽ പരിശീലനം തുടങ്ങിയവരാണ്. ആ അക്കാദമിയുടെ എല്ലാമെല്ലാമാണ് പ്രീതം ദീദി എന്ന് അവർ വിളിക്കുന്ന പ്രീതം റാണി സിവാച്. ശബ്ദത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ഒരു പ്രത്യേക കരുത്തുണ്ടായിരുന്നു പ്രീതത്തിന്. ആ കരുത്താണ്, അവർ പറഞ്ഞ അനുഭവങ്ങൾ മുഴുവൻ ഞങ്ങളെ ഇരുത്തി കേൾപ്പിച്ചത്. 1998 ൽ അർജ്ജുന അവാർഡ് നേടിയ പരിശീലകയാണ് മുന്നിൽ നിൽക്കുന്നതെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു.
ഗുഡ്ഗാവിലെ ഒരു കർഷക കുടുംബമാണ് പ്രീതത്തിന്‍റെത്. പെൺകുട്ടികൾ ഹോക്കിയിലേക്ക് കടന്നുവരാൻ മടിച്ചിരുന്ന കാലത്താണ് പ്രീതം സ്കൂളിലെ ഹോക്കി ടീമിനൊപ്പം ചേരുന്നത്. പതുക്കെ ഹോക്കിയിൽ താല്പര്യം കൂടി വന്നു. പക്ഷേ, മെച്ചപ്പെട്ട പരിശീലനം നടക്കുന്നത് ടൌണിലാണ്. എന്നും ബസ്സിന് പോയിവരാനുള്ള പണമില്ല. അപ്പോള്‍ പിന്നെ കിലോമീറ്ററുകളോളം നടക്കുക. സ്കൂൾ കഴിഞ്ഞ് ഗ്രൌണ്ടിലേക്ക്... അവിടെ നിന്നും സന്ധ്യയോടെ വീട്ടിലേക്ക് നീട്ടി വലിച്ചുള്ള നടത്തം, അതും ദിവസവും. ഹോക്കി ഇഷ്ടമാണ്, അതിൽ എന്തെങ്കിലുമാകണം അത്രയേ ഉണ്ടായിരുന്നുള്ളൂ അന്ന്, മനസ്സിൽ. എന്നാല്‍, പെൺകുട്ടികൾ ഹോക്കി കളിച്ചു നടക്കുന്നതിനെ അന്ന് മുതിര്‍ന്നവര്‍ പലരും പരിഹസിച്ചു. അതൊക്കെ അവഗണിച്ചെങ്കിലും വൈകാതെ വീട്ടിൽ 'ആ ചർച്ച' തുടങ്ങി. പെൺകുട്ടി മുതിർന്നില്ലേ, വിവാഹം കഴിപ്പിച്ചയക്കണ്ടേ?
ഈ ചർച്ച കേട്ട് പേടിച്ച പ്രീതം പുസ്തകവും ബാഗും വലിച്ചെറിഞ്ഞു. വിവാഹത്തിന് നിർബന്ധിച്ചാൽ വീട് വിട്ടിറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ആ ഭീഷണി ഏറ്റു. തത്ക്കാലം കല്യാണക്കാര്യം ബന്ധുക്കൾ അവരുടെ സംഭാഷണത്തില്‍ നിന്നും ഒഴിവാക്കി. പക്ഷേ, എത്രയും പെട്ടെന്ന് ഹോക്കിയിൽ എന്തെങ്കിലുമായി തെളിഞ്ഞില്ലെങ്കില്‍ കുടുംബം വിവാഹത്തിന് നിർബന്ധിക്കുമെന്ന് മനസ്സിലാക്കിയ പ്രീതം ആ വർഷം തന്നെ ജൂനിയർ ടീമിന്‍റെ സെലക്ഷന് വേണ്ടി പോയി. അവിടെ നിന്നും പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ദേശീയ വനിതാ ഹോക്കി ടീമിന്‍റെ ക്യാപ്റ്റൻ വരെയായി. റെയിൽവേയിൽ ജോലി നേടി. പിന്നീടാണ് പ്രീതം റാണി സിവാച വിവാഹം കഴിച്ചത്. പക്ഷേ, ഒളിമ്പിക്സ് എന്ന സ്വപ്നം അപ്പോഴും ബാക്കിയായി. 2008 -ൽ ഒളിമ്പിക്സിനൊരുങ്ങുന്ന ദേശീയ ടീമിലേക്ക് വീണ്ടും ക്ഷണം ലഭിച്ചു. പക്ഷേ, അന്നും ഒളിമ്പിക്സ് വരെയെത്താൻ ടീമിനായില്ല. അവിടെയായിരുന്നു ട്വിസ്റ്റ്.
പലരേയും പോലെ ജോലി നേടി ശിഷ്ടകാലം സുഖമായി അങ്ങനെ ജീവിച്ചു തീർക്കാനല്ലായിരുന്നു പ്രീതത്തിന്‍റെ പദ്ധതി. തനിക്ക് ഒളിമ്പ്യനാകാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഒളിമ്പ്യനെ രാജ്യത്തിനായി തയ്യാറാക്കുമെന്ന് പ്രീതം ഉറപ്പിച്ചു. തന്നെ പോലെ ജീവിതത്തിലെ തടസങ്ങളെല്ലാം മറികടക്കാന്‍ പ്രാപ്തിയുള്ള പെണ്‍കുട്ടികള്‍ ഹരിയാനയിലെ ഗ്രാമങ്ങളില്‍ ഇനിയുമുണ്ടെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പതുക്കെ പരിശീലകയെന്ന റോളിലേക്ക് മാറുകയായിരുന്നു, പ്രീതം. സോനിപത്തിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന കാലത്താണ് അവിടെ ഒഴിഞ്ഞ് കിടന്ന കന്നുകാലികള്‍ മേഞ്ഞിരുന്ന ഒരു മൈതാനം പ്രീതത്തിന്‍റെ കണ്ണിൽപ്പെട്ടത്.
കൂടുതല്‍ വായനയ്ക്ക്: ഒരിക്കൽ മോള് ചോദിച്ചു, അമ്മ ചീത്ത ജോലിയാണോ ചെയ്യുന്നതെന്ന്. അന്ന് അവളോട് എന്‍റെ ജോലിയെ കുറിച്ച് പറഞ്ഞു
ആ മൈതാനം ഒരു ഹോക്കി ഗ്രൌണ്ടാക്കി മാറ്റാന്‍ ജീവിതകാലം മുഴുവൻ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം പ്രീതം ചെലവഴിച്ചു. ചാണകവും പുല്ലും നിറഞ്ഞ ആ മൈതാനം ഇന്ന് കാണുന്ന തരത്തിലേക്ക് മാറ്റാൻ സർക്കാരിൽ നിന്ന് ഒരു സഹായവും പ്രീതത്തിന് ലഭിച്ചില്ല. പക്ഷേ, ഹോക്കി പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളെ കണ്ടെത്തി, അവരെ പരിശീലിപ്പിക്കാനുള്ള തീരുമാനം പ്രീതത്തിന്‍റെ സ്വന്തം തീരുമാനമായിരുന്നു, അതിന് മാറ്റമുണ്ടായില്ല.
പണമില്ലാതെ ബുദ്ധിമുട്ടിയ കുട്ടികള്‍ക്ക് എല്ലാ സഹായങ്ങളും പിന്തുണയും നൽകി പ്രീതം ദീദി അവർക്കൊപ്പം നിന്നു എന്നും. പ്രീതം നൽകിയ പിന്തുണയെക്കുറിച്ച് നേഹയുൾപ്പടെ താരങ്ങളെല്ലാവരും വാതോരാതെ പറഞ്ഞു. അവരിൽ നിന്നും പ്രീതം ഒരു കാര്യം മാത്രമേ തിരികെ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒഴിവ് സമയങ്ങളിൽ ഗ്രൌണ്ടിലെത്തി അടുത്ത തലമുറയെ പരിശീലിപ്പിക്കണം. ദീദിയുടെ വാക്കുകള്‍ക്ക് അവര്‍ ഇന്നും മുടക്കം വരുത്തിയിട്ടില്ല. ഓരോ വർഷവും നൂറ് കണക്കിന് പെണ്‍ കുട്ടികളാണ് പ്രീതത്തിന്‍റെ അക്കാദമിയിൽ നിന്ന് ഇന്ന് വിവിധ മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ഇങ്ങനെയൊരു അക്കാദമി നടത്തുന്നതിന്‍റെ വെല്ലുവിളി ചെറുതല്ല. എന്നാല്‍, അതിനും എത്രയോ മുകളിലാണ് ഹോക്കിയോടുള്ള പ്രീതത്തിന്‍റെ സ്നേഹം. തനിക്ക് ലഭിക്കാതെ പോയ ഒളിമ്പ്യന്‍ പട്ടം ഒന്നല്ല, ഒരായിരമാക്കി അവര്‍ രാജ്യത്തിന് തിരിച്ച് നല്‍കുകയാണ്...