ഡോണാൾഡ് ട്രംപ് കേസ്; പ്രസിഡന്‍റ്, നിയമത്തിനും അതീതനായ രാജാവോ? എന്ന് യുഎസ് സുപ്രീംകോടതി
'പ്രസിഡന്‍റ് ഇപ്പോൾ നിയമത്തിനും അതീതനായ രാജാവായിരിക്കുന്നു' എന്നാണ് യുഎസ് സുപ്രീംകോടതി ജഡ്ജി സോട്ടോമേയർ പറഞ്ഞത്.
ക്രിമിനൽ കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്, ശിക്ഷിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റ്, മഗ്ഷോട്ടെടുത്ത ആദ്യത്തെ പ്രസിഡന്‍റ് അങ്ങനെ ഒരുപിടിയുണ്ട് ഡോണൾഡ് ട്രംപിന്‍റെ പേരിൽ റെക്കോർഡുകൾ. എന്നിട്ടും, രാജ്യത്തെ സുപ്രീംകോടതി പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് നിയമപരിരക്ഷ നൽകിയിരിക്കുന്നു. 9 അംഗ ബഞ്ചിൽ മൂന്നുപേരുടെ വിയോജിപ്പോടെയാണ് വിധി വന്നത്.
ആദ്യമായാണ് അമേരിക്കൻ സുപ്രീംകോടതി മുൻ പ്രസിഡന്‍റുമാർക്ക് നിയമപരിരക്ഷ ഉണ്ടെന്ന് വിധിക്കുന്നത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബർട്സാണ് വിധി പ്രഖ്യാപിച്ചത്. 9 അംഗ ബഞ്ചിൽ ട്രംപിന് അനുകൂലമായി വിധിച്ചത് ആറ് ജഡ്ജിമാർ. അതിൽ മൂന്നുപേർ ട്രംപ് തന്നെ നിയമിച്ചവർ. ബാക്കി 3 പേരുടേയും നിഷ്പക്ഷത മുമ്പം ചോദ്യം ചെയ്യപ്പെട്ടതാണ്. രണ്ടുപേരുടെ ഭാര്യമാർ കടുത്ത ട്രംപ് പക്ഷക്കാരാണെന്നത് വേറെ. വിയോജിച്ചത് വെറും മൂന്നുപേർ. പക്ഷേ, കടുത്ത ഭാഷയിൽ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് അവരുടെ വിധിയെഴുത്ത്.
'ഭാഗിക പരിരക്ഷ' എന്ന 'പൂര്‍ണ്ണ പരിരക്ഷ'
പൂർണ പരിരക്ഷയാണ് ട്രംപ് സംഘം ആവശ്യപ്പെട്ടത്. ഭാഗിക പരിരക്ഷയാണ് അനുവദിച്ചത്. അതും കേസുകൾ എല്ലാം അട്ടിമറിക്കുന്ന തരം പരിരക്ഷ. പ്രോസിക്യൂഷനെ ആകെ ആശയക്കുഴപ്പത്തിലും നിയമത്തിന്‍റെ നൂലാമാലകളിലും കുരുക്കിയിടുന്ന തരം പരിരക്ഷ. ഔദ്യോഗിക പദവിയിലിരുന്നപ്പോൾ ട്രംപ് എടുത്ത തീരുമാനങ്ങളിലാണ് സംരക്ഷണം നൽകുക. പക്ഷേ, സ്വകാര്യ തീരുമാനങ്ങൾക്ക് പരിരക്ഷയില്ല. എന്നാണ് വിധി. എന്നാൽ ഔദ്യോഗികമേത്, സ്വകാര്യമേത് എന്ന തീരുമാനം കീഴ്ക്കോടതിക്ക് വിട്ടു. ഇതിന് തൊട്ടുമുമ്പ് വിചാരണക്കോടതി ജഡ്ജിയും മൂന്നംഗ അപ്പലേറ്റ് പാനലും ട്രംപിന് നിയമപരിരക്ഷ ഇല്ലെന്ന് വിധിച്ചിരുന്നു. ജഡ്ജി ടാനിയാ ചുട്കന്‍ അന്ന് ആവർത്തിച്ച് പറഞ്ഞത് മുൻ പ്രസിഡന്‍റുമാർക്ക് അങ്ങനെയൊരു പരിരക്ഷ ഇല്ലെന്നാണ്. എന്നിട്ടും പുറത്ത് വന്ന ഈ വിധി ട്രംപിന്‍റെ വിജയമാണ്.
ട്രംപ് - ബൈഡന്‍ സംവാദം; പ്രായാധിക്യത്തില്‍ കിതയ്ക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ഒമ്പതിൽ ആറും അനുകൂലം
കോടതിയിലെ കൺസർവേറ്റിവ് പക്ഷ ജഡ്ജിമാരാണ് ട്രംപിന് അനുകൂലമായി വിധിച്ചത്. വിധിയോടെ വിചാരണകൾ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. കഴിയുന്നതും വിചാരണ താമസിപ്പിക്കാനായിരുന്നു ട്രംപ് സംഘത്തിന്‍റെ ശ്രമങ്ങളും. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ട്രംപിന് കേസുകളും നടപടികളും അട്ടിമറിക്കാനാവും. കേസ് തള്ളിക്കളയാൻ വേണ്ടി വാദിക്കാൻ അറ്റോർണി ജനറലിനെ വരെ നിയമിക്കാം. അല്ലെങ്കിൽ 'സ്വയം മാപ്പ്' നൽകാം. 'പ്രസിഡൻഷ്യൽ പാർഡൺ' (Presidential Pardon). ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വൻവിജയം എന്ന് ഉദ്ഘോഷിച്ചായിരുന്നു ട്രംപ് വിധിയെ സ്വീകരിച്ചത്.
ജഡ്ജിമാരിൽ മൂന്നുപേർ ലിബറൽ പക്ഷക്കാരാണ്. അവർ നിശിതമായി വിമർശിച്ചു കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. അതിൽ സോനിയ സോട്ടോമേയറുടെതായിരുന്നു ഏറ്റവും കടുത്ത വിമർശനം. 'പ്രസിഡന്‍റ് ഇപ്പോൾ നിയമത്തിനും അതീതനായ രാജാവായിരിക്കുന്നു' എന്നാണ് സോട്ടോമേയർ പറഞ്ഞത്. 'അപകടകരം' എന്ന് പറഞ്ഞത് മറ്റൊരു ജഡ്ജിയായ ജാക്സണ്‍. ഓരോ ആരോപണങ്ങളിലും വസ്തുതാന്വേഷണം നടത്തി ഏത് ഔദ്യോഗികം ഏത് അനൗദ്യോഗികം എന്ന് തീരുമാനിക്കാൻ തന്നെ മാസങ്ങൾ വേണ്ടിവരും.
ഇംഗ്ലണ്ട്; 14 വര്‍ഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനത്തെ ആണിയോ ഋഷി സുനക് ?
തുലാസിലായ കേസുകള്‍
പക്ഷേ, സ്വകാര്യവിഷയങ്ങളിലെ നടപടികൾക്ക് പരിരക്ഷയില്ലെന്നാണ് വിധി. അതിനർത്ഥം ഇതുവരെയുണ്ടായ ചില ആരോപണങ്ങൾ നിലനിൽക്കില്ല എന്ന് കൂടിയാണ്. ഉദാഹരണത്തിന് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ട്രംപിന്‍റെ തന്നെ ആരോപണം അന്വേഷിക്കാൻ ട്രംപ്, നീതിന്യായ വകുപ്പിന്‍റെ സഹായം തേടി എന്ന ആരോപണം. അത് നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാപ്പിറ്റോൾ കലാപത്തിന് മുമ്പുള്ള ട്രംപിന്‍റെ ട്വിറ്റർ സന്ദേശങ്ങൾ പോലും ഇനി പുനപരിശോധിക്കണം. വ്യാജ ഇലക്ടർമാരെ നിയോഗിച്ചുവെന്ന ആരോപണത്തിലും വസ്തുതാന്വേഷണം നടത്താനാണ് കോടതി നിർദ്ദേശം. അതായത് ട്രംപാണ് ജയിച്ചതെന്ന് തെറ്റായി അവകാശപ്പെട്ട് ഒരു സംഘം വ്യാജ ഇലക്ടർമാർ രംഗത്തെത്തിയതാണ് കേസ്. അരിസോണയിൽ 18 പേർക്കെതിരെയാണ് കേസ്. മിഷിഗണിൽ 16 പേരും. അതുപോലും ഈ കോടതി വിധിയോടെ ഔദ്യോഗികമാവുകയാണ്.
ചുരുക്കത്തിൽ ഇത് തെളിയിക്കേണ്ട തലവേദന സർക്കാർ സംവിധാനങ്ങൾക്കുമേൽ വീണു. മാത്രമല്ല, ഇനി ട്രംപിനെതിരെ ഉണ്ടാവുന്ന നടപടികളിലും ആരോപണങ്ങളിലും അതിനുതക്കതായ കാരണങ്ങൾ, പ്രതിരോധിക്കാൻ കണ്ടെത്തേണ്ടിവരും. സുപ്രീംകോടതി കേസ് തിരികെ ജില്ലാ കോടതിയിലേക്ക് വിട്ടു ഏതാണ് ഔദ്യോഗിക ഭാഷ്യം. ഏതാണ് അനൗദ്യോഗികം എന്ന് തീരുമാനിക്കാൻ. സ്വാഭാവികമായും 'കാപ്പിറ്റോൾ കലാപ കേസ്' ഇനി കീഴ്ക്കോടതിയിലേക്ക് പോകും. നീലച്ചിത്ര നടിക്ക് പണം നൽകിയിട്ട് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ ജൂലൈ 11 നാണ് ശിക്ഷ വിധിക്കേണ്ടത്. അത് ജയിൽ ശിക്ഷ ആവില്ല. പിഴയാവാനാണ് സാധ്യത. മറ്റുരണ്ട് ക്രിമിനൽ കേസുകളിലും ഇനി വിചാരണയേ നടക്കില്ല. എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജോർജിയയിലെ തെരഞ്ഞെടുപ്പ് അട്ടിമറിശ്രമക്കേസിലും നടപടികൾ നിർത്തിവച്ചിരിക്കയാണ്. വിചാരണത്തീയതി തീരുമാനിച്ചിരുന്നില്ല. മാരാ ലാഗോ ക്ലാസിഫൈഡ് രേഖാ കേസിലും വിചാരണ തുടങ്ങിയിട്ടില്ല. രണ്ട് കേസിലും ട്രംപ് അഭിഭാഷകർ നിയമ പരിരക്ഷ ഉന്നയിച്ചു കഴിഞ്ഞു. ചുരുക്കത്തിൽ ഇതോടെ ട്രംപിനെതിരെയുള്ള കേസുകളെല്ലാം തുലാസിലായി എന്നത് തന്നെ. അപകടകരം എന്ന് ജഡ്ജിമാർ പറഞ്ഞത് വെറുതേയല്ല. ജോ ബൈഡനും പറഞ്ഞത് 'ഇതൊരു അപകടകരമായ തുടക്ക'മെന്നാണ്.
ഗാസയില്‍ ഹമാസിന് പിന്തുണ നഷ്ടമാകുന്നുവോ?