അഞ്ചാമത്തെ ഐ വി എഫ്!
ഈ കുറിപ്പെഴുതാന്‍ കാരണം ഈയിടെ വായിച്ച ഒരു വാര്‍ത്തയാണ്. 'പ്രസവത്തോടെ 'അമ്മ മരിച്ചു, ഡോക്ടറെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തു.'. ട്രീസ ജോസഫ് എഴുതിയ ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തുടരുന്നു.
ഞാന്‍ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് പതിയെ കൈയില്‍ പിടിച്ചു. ഹോസ്പിറ്റല്‍ ചാപ്ലയിന്‍ അടുത്തുണ്ട്. ഞാന്‍ ജെയിംസിനോട് ചോദിച്ചു: 'ഡോക്ടര്‍ പറഞ്ഞത് മനസ്സിലായോ? നിങ്ങളുടെ ഭാര്യ മരിക്കുകയാണ്. അവള്‍ക്ക് ഉടന്‍ തന്നെ അടുത്ത സര്‍ജറി വേണം.'
'Code blue, Labor and Delivery room 2.'
ഓവര്‍ഹെഡ് പേജറില്‍ കൂടി അനൗണ്‍സ്മെന്റ് കേട്ടതും ഉള്ളിലൊരാന്തല്‍ . ഏതോ ഒരു ഗര്‍ഭിണിയുടെ അവസ്ഥ മോശമായിട്ടുണ്ട്. അടിയന്തിരമായി സഹായം വേണം എന്നാണ് വിളിച്ചു പറയുന്നത് .സാധാരണ ലേബര്‍ റൂമില്‍ കോഡ് ബ്ലൂ വിളിക്കേണ്ട ആവശ്യം വരാറില്ല. വിളിച്ചാല്‍ പിന്നെ കൊണ്ടേ പോകൂ എന്ന് പറഞ്ഞ പോലെയാണ്. വലിയ വയറുമായി നടക്കാന്‍ വിഷമിക്കുന്ന ഒരമ്മയും, അമ്മ വയറ്റില്‍ നീന്തിത്തുടിക്കുന്ന ഒരു കുഞ്ഞും മനസ്സിലേക്ക് വന്നു. കുടിക്കാനെടുത്ത കോഫി അതേപടി വച്ചിട്ട്, പറ്റുന്നത്ര വേഗത്തില്‍ ഞാനോടി. അടുത്തടുത്ത യൂനിറ്റ് ആണ്. എവിടെയെങ്കിലും തിരക്ക് അധികമായാല്‍ സഹായിക്കാനാണ് കാല് പറിച്ചുള്ള ഈ ഓട്ടം. ഒരു ജീവന്റെയുള്ളില്‍ മറ്റൊരു ജീവന്‍. ഒന്ന് അപകടത്തിലായാല്‍ മറ്റേതിനെ ബാധിക്കുന്നു. അമ്മയുടെ ഹൃദയമിടിപ്പ് കൂടുന്നു, കുഞ്ഞിന്റേത് കുറയുന്നു. അല്ലെങ്കില്‍ കുഞ്ഞിന് അനക്കമില്ല. അമ്മയ്ക്ക് മരുന്ന് കൊണ്ട് നിയന്ത്രിക്കാനാവാത്ത വിധം ഉയരുന്ന രക്തസമ്മര്‍ദ്ദം. അങ്ങനെ ഒരുപാട് സങ്കീര്‍ണ്ണമാണ് ഈ പേറ്റുപുര.
ഇവിടെയിപ്പോള്‍ 28 വയസ്സുള്ള ഒരു യുവതിയാണ് രോഗി. നമുക്ക് അവളെ എറിക്ക എന്ന് വിളിക്കാം. ഗര്‍ഭത്തിന്റെ ആറുമാസം മുതല്‍ രക്ത സമ്മര്‍ദ്ദം കുറക്കാനുള്ള മരുന്ന് കഴിക്കുന്നു. കൊടുക്കാവുന്നതിന്റെ പരമാവധി അളവിലാണ് മരുന്ന് കൊടുക്കുന്നത്.
എന്നിട്ടും ബി പി താഴുന്നില്ല. ഒടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുന്ന ഘട്ടം വന്നപ്പോഴാണ്, മുപ്പത്തിനാലാമത്തെ ആഴ്ച സിസേറിയന്‍ വഴി കുഞ്ഞിന് വെളിയിലെടുത്തത്. കുഞ്ഞു കരയുന്നില്ല. ജീവന്റെ നേര്‍ത്ത മിടിപ്പുകള്‍ മാത്രമുള്ള ആ കുരുന്നു ദേഹം ചൂട് പിടിപ്പിക്കാനും, അവനെ ജീവനിലേക്കു തിരികെ കൊണ്ട് വരാനുമായി പണിപ്പെടുന്ന ഡോക്ടറും നഴ്‌സുമാരും. അര മണിക്കൂര്‍ ആയി കുഞ്ഞിനെ വെളിയിലെടുത്തിട്ട്. അമ്മയുടെ വയറിലെ തുന്നലില്‍ കൂടി നില്‍ക്കാത്ത ബ്ലീഡിങ്. അവരുടെ ഞരമ്പില്‍ സൂചി കുത്തിയിരിക്കുന്ന സ്ഥലത്തു നിന്ന് പോലും രക്തം വരുന്നു . പതിയെ പതിയെ ആ സ്ത്രീയുടെ കണ്ണുകള്‍ അടഞ്ഞു പോകുന്നുണ്ട്. ചോദിക്കുന്നതിനൊന്നും മറുപടി ഇല്ല. ഈ അവസ്ഥയിലേക്കാണ് ഞാനും വേറൊരു നഴ്‌സും കൂടി ഓടിച്ചെല്ലുന്നത്. നോക്കിയപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ട് , ആവശ്യത്തിന് നഴ്‌സുമാരും. കുഞ്ഞിനെ നോക്കുന്ന സ്ഥലത്തും ആവശ്യത്തിന് ആളുകള്‍.
.............................................
Read more: കണ്ണുനനയാതെ വായിക്കാനാവില്ല, അമേരിക്കയില്‍നിന്നുള്ള ഈ കൊവിഡ് അനുഭവം!
.............................................
10 മിനിറ്റിനുള്ളില്‍ അമ്മയുടെ രക്തപരിശോധനാ ഫലംവന്നു. DIC (Disseminated Intra Vascular Coagulation) . രക്തക്കുഴലുകള്‍ക്കുള്ളില്‍ രക്തം കട്ട പിടിക്കുന്നത് മൂലം ശരീരത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ക്രമാതീതമായി കുറയുന്ന അവസ്ഥ. ഇത് മൂലം വേണ്ട സമയത്തും സ്ഥലത്തും രക്തം കട്ട പിടിക്കാതെ വരുന്നു . ഇതാണ് അവസ്ഥ. ഇത് അടിയന്തിര സാഹചര്യമാണ്. വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍, കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് രോഗി നമ്മുടെ മുന്‍പില്‍ മരിക്കും . ചിന്തിക്കാന്‍ പോലും സമയം കാണില്ല. കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. ഭര്‍ത്താവാണെങ്കില്‍ (നമുക്ക് അയാളെ ജെയിംസ് എന്ന് വിളിക്കാം) കുഞ്ഞിന്റെ അടുത്ത് നില്‍ക്കണോ അമ്മയുടെ അടുത്ത് നില്‍ക്കണോ എന്നറിയാതെ പകച്ചു നില്‍ക്കുന്നു.
ഡോക്ടര്‍ അയാളെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. 'ആകെയുള്ള പരിഹാരം എറിക്കയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണ്. വേഗം തീരുമാനിക്കണം. ഒരു നിമിഷം പോലും കളയാനില്ല.' ഞാന്‍ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് പതിയെ കൈയില്‍ പിടിച്ചു. ഹോസ്പിറ്റല്‍ ചാപ്ലയിന്‍ അടുത്തുണ്ട്. ഞാന്‍ ജെയിംസിനോട് ചോദിച്ചു: 'ഡോക്ടര്‍ പറഞ്ഞത് മനസ്സിലായോ? നിങ്ങളുടെ ഭാര്യ മരിക്കുകയാണ്. അവള്‍ക്ക് ഉടന്‍ തന്നെ അടുത്ത സര്‍ജറി വേണം.'
.............................................
Read more: 81 വയസ്സുള്ള ഒരാള്‍ക്ക് വെന്റിലേറ്റര്‍ നല്‍കാതെ മരണത്തിലേക്ക് പറഞ്ഞുവിടണോ?
.............................................
പറഞ്ഞതൊന്നും മനസ്സിലാകാത്തത് പോലെ ജോണ്‍ എന്നെ മിഴിച്ചു നോക്കി. പിന്നെ പതിയെ പറഞ്ഞു, ഒ.കെ. ആരോ ഒരാള്‍ കൊണ്ടുവന്ന സമ്മത പത്രത്തില്‍ അയാള്‍ വിറയ്ക്കുന്ന കൈ കൊണ്ട് ഒപ്പിട്ടു. അയാളുടെ നോട്ടം ആകെ പതറിയിരുന്നു. തലച്ചോറിലാകെ മൂടല്‍മഞ്ഞു പടര്‍ന്നത് പോലെയുള്ള ചലനങ്ങള്‍. ഈ മനുഷ്യന്‍ എവിടെയെങ്കിലും വീണു പോയേക്കാമെന്നു എനിക്ക് തോന്നി . പതിയെ ഞാന്‍ അയാളെയും കൊണ്ട് പുറത്തേക്കു നടന്നു. പുറത്തൊരു കസേരയില്‍ അയാളെ ഇരുത്തി. ചാപ്ലയിന്‍ ജയിംസിന്റെ അടുത്തു തന്നെയിരുന്നു. അടുത്ത 15 മിനിട്ടിനുള്ളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത് എറിക്കയെ ഐ സി യുവിലേക്ക് മാറ്റി . മൂന്നാമത്തെയോ നാലാമത്തെയോ യൂണിറ്റ് രക്തമാണ് അവരുടെ ഞരമ്പുകളിലേക്ക് ഒഴുകുന്നത്. ബ്ലീഡിങ് ഇപ്പോഴും പൂര്‍ണ്ണമായി നിന്നിട്ടില്ല . മോണിറ്ററില്‍ കാണുന്ന അക്കങ്ങള്‍ മാത്രമാണ് അവര്‍ ജീവിച്ചിരിക്കുന്നതിനുള്ള തെളിവ്.
്എറിക്ക ഐ സി യുവില്‍ 23 ദിവസം കിടന്നു. വെന്റിലേറ്ററില്‍ 15 ദിവസം. മാസം തികയാതെ പിറന്ന അവളുടെ കുഞ്ഞുവാവ അമ്മ തിരിച്ചു വരാന്‍ കാത്തു നില്‍ക്കാതെ മാലാഖമാരുടെ ലോകത്തേക്ക് യാത്രയായി. കുഞ്ഞു മരിച്ചതറിയാതെ, ആ കുഞ്ഞു മുഖമൊന്നു കാണാനോ, നെഞ്ചോടണച്ചു പൊന്നുമ്മ നല്‍കാനോ പറ്റാതെ, ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത രേഖയില്‍ അവളുടെ ഹൃദയമിടിപ്പുകള്‍ ചാഞ്ചാടി . രക്തമെല്ലാം വാര്‍ന്നു പോയത് മൂലം വൃക്കകള്‍ തകരാറിലായി. ആഴ്ചയില്‍ 3 ദിവസം വീതം ഡയാലിസിസ് ചെയ്യാന്‍ തുടങ്ങി. പതിയെ എറിക്കയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി. ഒടുവില്‍ ഡയാലിസിസ് നിര്‍ത്താമെന്ന ഘട്ടമായി. പതുക്കെ നടക്കാനും ആഹാരം കഴിക്കാനും തുടങ്ങിയപ്പോള്‍ ഞങ്ങളുടെ യൂണിറ്റിലേക്ക് കൊണ്ട് വന്നു. ഇതിനിടയില്‍ എപ്പോഴോ അവള്‍ അറിഞ്ഞിരുന്നു തന്റെ കുഞ്ഞു മരിച്ചെന്നും താനിനി ഒരിക്കലും ഒരമ്മയാവില്ലെന്നും. അത്ഭുതപ്പെടുത്തുന്ന ശാന്തതയോടെയാണ് അവള്‍ ആ വാര്‍ത്ത സ്വീകരിച്ചത്.
.............................................
Read more: പെറ്റ വയറിനേ നോവറിയൂ എന്നാരു പറഞ്ഞു?
.............................................
ഐ സി യുവില്‍നിന്ന് വന്ന ദിവസം രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ അവരുടെ റൂമില്‍ ചെന്ന് വെറുതെ കുറേ സംസാരിച്ചു. ഇനിയും പെയ്ത് തീരാത്ത സങ്കടങ്ങള്‍ ഉണ്ടെങ്കില്‍ മനസ്സ് തുറക്കട്ടെ എന്ന് കരുതിയാണ് സംസാരിച്ചു തുടങ്ങിയത്. ജെയിംസ് പറഞ്ഞു, ഇത് അഞ്ചാമത്തെ ഐ വി എഫ് ആയിരുന്നു. ഒരു കുഞ്ഞിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കൊതിച്ചിരുന്നു. ഒന്നും മിണ്ടാതെ ഞാന്‍ കേട്ട് നിന്നു. സംസാരത്തിനിടയില്‍ എപ്പോഴോ ജെയിംസ് ഒരൊറ്റക്കരച്ചില്‍. ഒരുപക്ഷെ ഇത്രയും ദിവസത്തെ ആധി മുഴുവന്‍ പുറത്തേക്ക് ഒഴുകിയതാവാം. എന്തൊക്കെയോ ആശ്വാസ വാക്കുകള്‍ പറഞ്ഞു, ഒന്നിനും അര്‍ത്ഥമില്ലെന്നറിഞ്ഞിട്ടും. പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അവരെ തനിയെ വിട്ട് ഞാന്‍ പുറത്തേക്ക് നടന്നു. അവരുടെ സങ്കടം ഒരിക്കലും പെയ്‌തൊഴിയില്ല . കാലം ഉണക്കുന്ന മുറിവുകളുടെയൊപ്പം ഇത് കൂടി മാഞ്ഞു പോകട്ടെ എന്ന് മനസ്സ് കൊതിച്ചു.
ഈ കുറിപ്പെഴുതാന്‍ കാരണം ഈയിടെ വായിച്ച ഒരു വാര്‍ത്തയാണ്. 'പ്രസവത്തോടെ 'അമ്മ മരിച്ചു, ഡോക്ടറെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തു.'
പലപ്പോഴും നമ്മള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. കൈകാര്യം ചെയ്യാന്‍ വളരെ വിഷമം പിടിച്ച ഒരു സാഹചര്യം. ആറ്റു നോറ്റുണ്ടായ കണ്‍മണിയെ പ്രതീക്ഷിച്ചിരിക്കുന്ന അപ്പനോടും മറ്റു ബന്ധുക്കളോടും പ്രസവത്തോടെ 'അമ്മ മരിച്ചു എന്ന് പറഞ്ഞാല്‍ ആരുടെ രക്തവും ചൂട് പിടിക്കും. ഒരു കുറ്റവും പറയാന്‍ പറ്റില്ല. ഇതില്‍ ഡോക്ടര്‍ക്കും ഹോസ്പിറ്റലിനും ചെയ്യാവുന്നത്, കാര്യങ്ങള്‍ പരമാവധി സുതാര്യമാക്കുക എന്നതാണ്. ശരിയായ രീതിയിലുള്ള ആശയവിനിമയം നടക്കാത്തതാണ് മിക്കപ്പോഴും പ്രശ്‌നങ്ങളുടെ പ്രധാന കാരണം. ആദ്യത്തെ ചെക്കപ്പ് മുതല്‍ എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കില്‍ അത് ഭാര്യയെയും ഭര്‍ത്താവിനെയും അറിയിക്കുക . അതുപോലെ ഒരു പ്രെഗ്‌നന്‍സിയില്‍ വരാന്‍ സാധ്യതയുള്ള ചില കാര്യങ്ങളെങ്കിലും ഡോക്ടര്‍ രോഗിയുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്. DIC, Amniotic fluid embolism ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിച്ചതിന് ശേഷം വിവരിക്കാന്‍ നിന്നാല്‍, ഭര്‍ത്താവിന്റെ തലയില്‍ കേറില്ലെന്നു മാത്രമല്ല, പറഞ്ഞു തീരുന്നതിന് മുന്‍പ് അടിയും വീഴും. ആശുപത്രിക്കാരുടെ വീഴ്ച മറച്ചു വെക്കാന്‍ ഓരോന്ന് പറയുന്നതാണ് എന്നാവും പുറത്തു വരുന്ന വാര്‍ത്ത.
.............................................
Read more: എല്ലാം മറന്നുപോയിട്ടും അവര്‍ അയാളെ മറന്നില്ല...!
.............................................
ഹോസ്പിറ്റലുകളില്‍ ഓരോ തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളും മാനേജ് ചെയ്യാന്‍ കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ടാവണം. സ്റ്റാഫിന് അതിനു വേണ്ട പരിശീലനം, മോക് ഡ്രില്‍ എന്നിവ ഇടയ്ക്കിടയ്ക്ക് ചെയ്യണം. ഏത് എമെര്‍ജന്‍സിയും ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്. ഈ സമയത്തെ നേരം വണ്ണം കൈകാര്യം ചെയ്യാന്‍ ഒരാളെങ്കിലും ഉണ്ടാവേണ്ടതാണ് . ഡോക്ടര്‍മാരും നഴ്‌സുമാരും രോഗിയെ നോക്കുന്ന സമയത്ത് ഭര്‍ത്താവിനോടും മറ്റു ബന്ധുക്കളോടും ആശയവിനിമയം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ആരെങ്കിലും വേണം. വാങ്ങിക്കേണ്ട മരുന്നുകളുടെ കുറിപ്പും ഹോസ്പിറ്റല്‍ ബില്ലും മാത്രമല്ലാത്ത ഒരു കമ്മ്യൂണിക്കേഷന്‍ തീര്‍ച്ചയായും വേണം. നിങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു എന്നൊരു വാക്ക്, ഒരു പക്ഷെ വലിയൊരു ആശ്വാസമായേക്കാം.
നഷ്ടമായ ഒരാള്‍ക്ക് പകരം വയ്ക്കാന്‍ പറ്റിയ ഒരാശ്വാസ വാക്കും ഇത് വരെ കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം . ഇങ്ങനെ കാര്യങ്ങള്‍ സുതാര്യമായാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ കഴിഞ്ഞേക്കും.
ഓരോ കുഞ്ഞും കൈയിലേക്ക് പിറന്നു വീഴുമ്പോള്‍ കണ്ണ് നിറയുന്ന പല ഡോക്ടര്‍മാരെയും കണ്ടിട്ടുണ്ട് . ഓരോ ജീവനും , ഓരോ പിറവിയും അവര്‍ക്ക് അഭിമാനവും ആഘോഷവുമാണ്. അപവാദങ്ങള്‍ ഉണ്ടാകാം. എല്ലാ മേഖലകളിലും ഉള്ളത് പോലെ. പക്ഷെ ഒരു ഡോക്ടറും മനഃപൂര്‍വം ഒരു ജീവന് അപകടമുണ്ടാക്കാന്‍ ശ്രമിക്കില്ല .
നഴ്‌സിംഗ് സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്ന സമയം. അവധിക്ക് വീട്ടില്‍ വന്നതാണ് . മുറുക്കാന്‍ തുപ്പല്‍ ചുവന്ന പാടുകള്‍ വീഴ്ത്തിയ വെള്ള ചട്ടയും ഞൊറിഞ്ഞുടുത്ത മുണ്ടുമായി വല്യമ്മച്ചി ചക്ക ഒരുക്കുന്നു. സഹായിക്കാനെന്ന് ഭാവിച്ചു ഞാന്‍ അടുത്തിരിക്കുന്നു. നഴ്‌സിംഗ് സ്‌കൂളിലെ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പറയുക എന്നതാണ് പ്രധാന ഉദ്ദേശം. 'കുത്തി വയ്ക്കാനൊക്കെ പഠിച്ചോടീ കൊച്ചേ' എന്ന ചോദ്യത്തിന് മറുപടിയായി അമ്മച്ചിയെ ഞാനൊന്ന് ഇരുത്തി നോക്കി. പിന്നെ ഗമയില്‍ പറഞ്ഞു, 'ങും , കുത്തിവപ്പോ? അതൊക്കെ സ്റ്റുഡന്റ്‌സ് ചെയ്യും. ഞാനേ, ലേബര്‍ റൂമിലാ ജോലി. പ്രസവം എടുക്കാനൊക്കെ പഠിച്ചു വരുന്നു.'
എന്റെ അഭിമാനപൂര്‍വമുള്ള മറുപടി കേട്ട് അമ്മച്ചി വായിലെ മുറുക്കാന്‍ നീട്ടിയൊന്നു തുപ്പി. എന്നിട്ട് മൂന്നു നാലു ചക്കച്ചുള അടുക്കി പിടിച്ചു് കിശു കിശ്ന്ന് ചീന്താന്‍ തുടങ്ങി. അമ്മച്ചിയെ ഇംപ്രസ് ചെയ്യാന്‍ പറ്റിയില്ലേ എന്ന സംശയത്തില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു എന്നെ ആകെ തളര്‍ത്തിയ ഡയലോഗ്. 'പിന്നേ , അവളൊരു പേറ്റിച്ചി, എടീ പ്രസവ ഡോക്ടര്‍ക്ക് ഒരു കൊട്ട കാണിച്ചു കൊടുക്കേണ്ട പണിയേയുള്ളു. സമയമാകുമ്പോള്‍ കൊച്ചു തന്നെ അതിനകത്തോട്ട് ചാടിക്കോളും.' ഞാനാകെ ശൂ.
പത്തിലധികം പ്രസവിച്ചും, കുറേ പേറെടുത്തും നായികയായ വല്യമ്മച്ചിയോട് പിടിച്ചു നില്ക്കാന്‍ അത്ര എളുപ്പമായിരുന്നില്ല . കാലങ്ങള്‍ കഴിഞ്ഞു, പലേടത്തും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ഏറ്റവും പ്രിയപ്പെട്ട ''അമ്മയും കുഞ്ഞും ' യൂണിറ്റില്‍ തന്നെയെത്തി. ഈ സമയം കൊണ്ട് മനസ്സിലായ ഏറ്റവും പ്രധാന കാര്യമിതാണ്. പ്രസവം ഒരേ സമയം ലളിതവും സങ്കീര്‍ണവുമായ പ്രക്രിയയാണ് . ലളിതമായാല്‍ വളരെ ലളിതം. സങ്കീര്‍ണ്ണമായാല്‍ ചിലപ്പോള്‍ അതിന് പരിധി ഉണ്ടാവില്ല.
വാല്‍ക്കഷ്ണം: വല്യമ്മച്ചി ഇപ്പോള്‍ മാലാഖമാരോട് കൊതീം നൊണേം പറഞ്ഞും , മുറുക്കാന്‍ ചവച്ചും മുകളിലുണ്ട്.