ഡിസംബറിലെ രണ്ടാം ശനിയാഴ്ച, അയാളെത്തേടി ഒരു അതിഥി എത്തി, അവള്‍!
'മഴയെത്തും മുമ്പേ'യിലെ പാട്ടാണ്. മമ്മൂട്ടി, ശോഭന, ആനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വന്ന കമല്‍ ചിത്രം. കൈതപ്രത്തിന്റെ ആത്മാവില്‍ തൊടുന്ന വരികള്‍. രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ യേശുദാസിന്റെ സ്വരമാധുരി. ആ ഗാനം ഒഴുകിയെത്തുമ്പോള്‍,..
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!
പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍
....................
'ഡിസംബറിലെ രണ്ടാം ശനിയാഴ്ച ഞാന്‍ നാട്ടിലേക്ക് വരുന്നുണ്ട്. നമുക്കൊന്ന് കണ്ടാലോ?'' രാജിയുടെ ചോദ്യം.
അതിന്, വിഷമത്തോടെ നോ പറയാനേ അവന് കഴിഞ്ഞുള്ളൂ.
അവന്‍ എന്റെ സുഹൃത്താണ്. നിയമപഠന കോഴ്‌സിലെ സഹപാഠി. ഡിസംബര്‍ 14, 15 തീയതികളില്‍ നിയമപഠനത്തിന് ഒന്നിച്ചു പഠിച്ചവരുടെ ഗെറ്റ് റ്റുഗദറാണ്. തിരുാനന്തപുരത്തെ പൂവാര്‍ ഐലന്റ് റിസോര്‍ട്ടില്‍. അവിടെ വെച്ചാണ് ഞാന്‍ അവനെ കണ്ടത്. രാജിയുടെ കഥയറിഞ്ഞത്.
വര്‍ഷങ്ങളായി മുടങ്ങാത്ത പതിവാണ് ഗെറ്റ് റ്റുഗദര്‍. അതാനാല്‍, ഡിസംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും മറ്റു പരിപാടികള്‍ കഴിവതും ഒഴിവാക്കാറാണ് പതിവ്. അതിനിടയ്ക്കാണ് രാജിയുടെ വരവ്.
'ഇതിന്റെയൊക്കെ ഇടയില്‍ അവളെ എങ്ങനെ കാണാന്‍ കഴിയും? പക്ഷേ, എങ്ങനെ കാണാതിരിക്കാനാവും? വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കാണാന്‍ കിട്ടിയ അവസരമാണ്. കൂടിച്ചേരല്‍ കഴിഞ്ഞ് ഞായറാഴ്ച നാട്ടില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും അവള്‍ മടങ്ങിയിരിക്കും. ഗെറ്റ് റ്റുഗദറിന്റെ സന്തോഷത്തിനിടയിലും ആ വിഷമം അവന്റെ മനസ്സിലും മുഖത്തും പടര്‍ന്നു.
ആ ശോകഭാവം ശ്രദ്ധിച്ചിട്ടാണ് ഞാന്‍ ചോദിച്ചത്.
''എല്ലാവരും ഉത്സവ മൂഢിലാണ്. താന്‍ മൂഡോഫും. എന്ത് പറ്റി?'
ഒന്ന് മടിച്ചെങ്കിലും അവന്‍ പറഞ്ഞു, ''ഡിഗ്രി ക്ലാസിലെ ഏറ്റവും അടുപ്പമുള്ളൊരു സുഹൃത്ത് നാട്ടിലെത്തിയിട്ടുണ്ട്. നാളെ കാണാമോ എന്ന് തിരക്കിയിരുന്നു. നോ പറയേണ്ടി വന്നു.'
'അത്രേയുള്ളോ'-ഞാനത് നിസ്സാരവല്‍ക്കരിക്കുമ്പോള്‍ അവന്‍ തുടര്‍ന്നു.
''എന്റെ പ്രണയകഥയിലെ ഹംസമായിരുന്നു അവള്‍. ഞങ്ങള്‍ക്ക് വേണ്ടി അക്കാലത്ത് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.''
''കൊള്ളാല്ലോ. അങ്ങനൊരു കഥയുണ്ടോ തനിയ്ക്ക്.''
കഥ കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ക്കുമ്പോള്‍ സ്റ്റേജില്‍ ഗാനമേള തുടങ്ങിയിരുന്നു. കൂട്ടത്തിലെ മെച്ചപ്പെട്ട ഗായകന്‍ പാടുകയാണ്. എന്റെ ഏറെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്.
...................
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...
Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!
Also Read: നഷ്ടപ്പെട്ട കാമുകന്‍ തൊട്ടടുത്ത്, കളഞ്ഞ ജീവിതം കണ്‍മുന്നില്‍, എന്നിട്ടും എത്രയോ അകലെ പ്രണയം!
.......................
''ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു...'
'മഴയെത്തും മുമ്പേ'യിലെ പാട്ടാണ്. മമ്മൂട്ടി, ശോഭന, ആനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വന്ന കമല്‍ ചിത്രം. കൈതപ്രത്തിന്റെ ആത്മാവില്‍ തൊടുന്ന വരികള്‍. രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ യേശുദാസിന്റെ സ്വരമാധുരി. ആ ഗാനം ഒഴുകിയെത്തുമ്പോള്‍, മനസിന്റെ ആഴങ്ങളിലെവിടെയോ ചാരം മൂടി കിടക്കുന്ന ഓര്‍മ്മകളില്‍ നിന്ന്ഒരു കനല്‍ മുനിഞ്ഞു കത്താറുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം പുതുമനഷ്ടപ്പെടാതെ മലയാളി നെഞ്ചിലേറ്റിയ നിത്യഹരിതഗാനം.
ഗാനമേളയ്ക്കിടെ ആ പാട്ടു വന്നപ്പോള്‍ ഓരോരുത്തരും ഓരോ മൂഡിലാണ്. ചിലരൊക്കെ മറ്റേതോ കാലത്തിലേക്ക് മുങ്ങാംകുഴിയിടുന്നത് മുഖം കണ്ടാലറിയാം.
പെട്ടെന്നാണ് അവന്റെ ഫോണ്‍ റിംഗ് ചെയ്തത്.
'' രാജിയാണ്. എന്റെയും അവളുടെയും ഒരു സുഹൃത്ത് ഇവി െഉണ്ടത്രേ. അയാള്‍ ഇങ്ങോട്ട് വരുന്നുണ്ടെന്ന്. ആരാവുമത്''
അവന്‍ ഉത്ക്കണ്ഠാകുലനായി. അവനെപ്പോലെ ഞാനും ഇടയ്ക്കിടയ്ക്ക് ആഡിറ്റോറിയത്തിന് പുറത്തേയ്ക്ക് നോക്കി. ആരൊക്കെയോ സ്റ്റേജില്‍ കയറി പാട്ടുകള്‍ക്കൊപ്പം ചുവടു വച്ചു തുടങ്ങി. ഞങ്ങള്‍ ലോകോളേജില്‍ പഠിക്കുന്ന കാലത്തിറങ്ങിയ സിനിമയാണ്. ക്ലാസ് കട്ട് ചെയ്താണ് നഗരത്തിലെ തീയേറ്ററില്‍ അന്ന് ഈ സിനിമകാണാന്‍ പോയത്. അക്കാലത്ത് കാമ്പസുകള്‍ ഏറ്റെടുത്ത ഗാനമായതിനാല്‍ തന്നെ എല്ലാര്‍ക്കും നിറമുള്ള കുറേ ഓര്‍മ്മകളുണ്ടാവണം.
...........................
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...
...........................
ചരണത്തിലെ വരികളില്‍ മനസ്സുടക്കി, മറ്റേതോ ലോകത്തായി ഞാന്‍. മനസില്‍ എന്തിനെന്നറിയാത്ത ഒരു നോവിന്റെ നനുത്ത തൂവല്‍സ്പര്‍ശം. നനവാര്‍ന്ന ചില ഓര്‍മ്മകള്‍ വന്ന് മനസ് മൂടുന്നു.
''കഥയറിയാതിന്നു സൂര്യന്‍
സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി.''
അവന്‍ കഥ തുടരുകയാണ്. എന്താണിത്ര രഹസ്യമെന്ന രീതിയില്‍, ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.
''ഈ വരികള്‍ കേട്ടോ. വല്ലാത്ത സങ്കടം. ഞാനും ഇത് തന്നെയല്ലേ ചെയ്തത്. ഡിഗ്രി പഠന കാലം. ഞങ്ങള്‍ ഒരേ ബാച്ചായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അവള്‍. അച്ഛന്‍ കോളേജ് പ്രൊഫസര്‍. അമ്മ ഹെഡ്മിട്രസ്. രണ്ട് ചേട്ടന്മാര്‍. രണ്ടുപേരും ഡോക്ടര്‍മാര്‍. ഇതൊന്നുമായിരുന്നില്ല എന്നെ ആകര്‍ഷിച്ചത്. ആ കണ്ണുകളിലെ ശോകഭാവമായിരുന്നു. പിന്നെ, എല്ലാവരില്‍ നിന്നും മാറി ഒറ്റയ്ക്കുള്ള നടപ്പ്. രാഷ്ട്രീയം തലയ്ക്ക് പിടിച്ച രണ്ടാം വര്‍ഷത്തിലാണ് ആദ്യമായി ഞങ്ങള്‍ സംസാരിക്കുന്നത്. വോട്ടു ചോദിച്ച് ചെന്നതായിരുന്നു ഞാന്‍. ഒരു തലയാട്ടല്‍ മാത്രമായിരുന്നു പ്രതികരണം. പക്ഷേ, അവള്‍ എനിയ്ക്കു തന്നെ വോട്ടു ചെയ്യുമെന്ന് ഞാനുറപ്പിച്ചു. അന്നു മുതല്‍ ഞാനവളെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി.
അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്ന രാജിയോട് ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ എന്റെ ഇഷ്ടം അറിയിച്ചു. ഒരു 'ബിഗ് നോ' ആയിരുന്നു പ്രതികരണം. വല്ലാതെ നൊന്തു. വല്യ വീട്ടിലെ പെണ്‍കുട്ടിയുടെ അഹന്തയായി തോന്നിയില്ലെങ്കിലും ഒരു അപകര്‍ഷതാബോധം ഉള്ളില്‍ വളര്‍ന്നു. പിന്നെ, ഇലക്ഷന്‍ തിരക്കില്‍ അതൊക്കെ മറന്നു. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി. ലഡു വിതരണത്തിനിടയില്‍ വീണ്ടും അവളെ കണ്ടു. ഒഴിവാക്കി പോവാന്‍ തുടങ്ങുമ്പോള്‍ അവള്‍ തന്നെയാണ് ചോദിച്ചത്, ഒരു കോഫി കുടിച്ചാലോന്ന്. ഇന്നും എനിക്കറിയില്ല പിന്നീട് എങ്ങനാണ് ഞങ്ങള്‍ പിരിയാനാവാത്ത വിധം ഇഷ്ടത്തിലായതെന്ന്.''-അവന്‍ പറയുമ്പോള്‍, സ്‌റ്റേജില്‍ ആ പാട്ട് അതിന്റെ വിഷാദ നൗക അറ്റമില്ലാതെ തുഴഞ്ഞു കൊണ്ടിരുന്നു.
..................................
കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
..................................
''ഇതിനിടയില്‍ കോഴ്‌സ് കഴിഞ്ഞു. അവള്‍ പിജിക്കും പിന്നീട് ബി. എഡിനും ചേര്‍ന്നു. ഞാന്‍ തിരുവനന്തപുരത്തായിരുന്നല്ലോ അക്കാലത്ത്. വല്ലപ്പോഴും നാട്ടിലെത്തുമ്പോഴുള്ള കൂടിക്കാഴ്ച മാത്രം. ഇതിനിടയില്‍ അവളുടെ വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയിരുന്നു. ദേശസാല്‍കൃത ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായ ഒരാളുടെ ആലോചന ഉറപ്പിക്കാനുള്ള തീരുമാനം നടക്കുന്ന സമയത്താണ് എന്നോടൊപ്പം ഇറങ്ങി വരാന്‍ തയ്യാറാണെന്ന് രാജി എന്നെ അറിയിക്കുന്നത്. അന്നെനിക്ക് ജോലി ആയിട്ടില്ല. എന്റോള്‍ ചെയ്തിട്ടേയുള്ളൂ. സീനിയര്‍ കനിഞ്ഞു നല്‍കുന്ന ചെറിയ തുക, വല്ലപ്പോഴും കിട്ടുന്ന ഒരു കമ്മീഷന്‍-ഇതാണ്് വരുമാനം. ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ടില്ല. വീട്ടില്‍ ഇക്കാര്യം പറയാനുള്ള ധൈര്യവുമില്ല. നിസ്സഹായനായ, വരുമാനമില്ലാത്ത കാമുകനായിപ്പോയി ഞാന്‍. ആ ചൈത്ര വീണയെ കാട്ടിലെറിഞ്ഞ നെറികെട്ട കാമുകന്‍.'
അവന്റെ വാക്കുകളില്‍ ആത്മനിന്ദ. അക്കാലത്തിന്റെ പ്രത്യേകത കൂടിയായിരുന്നു ഈ നിസ്സഹായത. സമാന സാഹചര്യത്തിലൂടെ കടന്നുപോയ ചില സുഹൃത്തുക്കളുടെ മുഖം മനസില്‍ തെളിഞ്ഞു. അതിലൊരാളുടെ റിംഗ്‌ടോണ്‍ ഇപ്പോഴും ഈ ഗാനശകലമാണ്. കൈതപ്രത്തിന്റെ ആഴമുള്ള വരികള്‍.
''നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം...
സ്‌റ്റേജില്‍ ആ ഗാനം അതിന്റെ വിഷാദ നൗക തുഴഞ്ഞു തീര്‍ന്നിരുന്നു. അടുത്തയാള്‍ സ്‌റ്റേജിലെത്തി. ഇനി ഒരു കവിത.
''പിന്നീട് അവളെ തിരക്കിയിട്ടില്ലേ?''-സ്വാഭാവികമായ ആ ചോദ്യം എന്റെ നാവില്‍നിന്നുതിര്‍ന്നു.
''പിന്നില്ലേ. എത്രയോ നാള്‍! ഒരു ഫോട്ടോ ഭാര്യ കാണാതെ സൂക്ഷിച്ചിരുന്നു. എനിക്ക് ട്രാന്‍സ്ഫര്‍ ആയി ചെന്നൈയില്‍ ഒറ്റയ്ക്ക് പോയി, താമസം എല്ലാം ശരിയാക്കി, തിരിച്ചു ഭാര്യയെ കൊണ്ട് വരാന്‍ ട്രയിന്‍ കയറിയ ദിവസം.. എ സി കംപാര്‍ട്ട്‌മെന്റില്‍ ഒരു പയ്യനുമായി കമ്പനി ആയി. അവന്‍ എയര്‍ ഫോഴ്‌സില്‍ ആണ്. കയ്യില്‍ കുപ്പിയും. രണ്ടെണ്ണം അടിച്ചു, പ്രേമഭംഗം വിഷയമായപ്പോള്‍ ഞാന്‍ ഇത് പറഞ്ഞു. ആ ഫോട്ടോ ഇപ്പോഴും സൂക്ഷിക്കുന്നത് പറഞ്ഞപ്പോള്‍, പേഴ്‌സില്‍ നിന്നും ഒരു ലെറ്റര്‍ എടുത്ത് കാണിച്ച് അവന്റെ ഉപദേശം, 'ചേട്ടന്‍ ഇപ്പോള്‍ തന്നെ അത് കത്തിച്ചു കളയണം. ഇല്ലെങ്കില്‍ ചേട്ടന്റെ ദാമ്പത്യ ജീവിതത്തില്‍ അത് അപകടം ആകും. എന്റെ ജീവിതം തകര്‍ത്തത് ഈ കത്താണ്. അതും പറഞ്ഞ് അവന്‍ കരഞ്ഞു.''
''അടുത്ത സ്റ്റേഷനെത്തിയപ്പോള്‍ ഞാനാ ഫോട്ടോ കീറി റെയില്‍വേ ട്രാക്കില്‍ എറിഞ്ഞു. എങ്കിലും അവളെ കുറിച്ചുള്ള എന്റെ അന്വേഷണം തുടര്‍ന്നു. പൊതു സുഹൃത്തുക്കള്‍ ധാരാളമുണ്ടല്ലോ. എവിടെയോ സുഖമായിരിക്കുന്നു എന്നറിയുമ്പോള്‍ ഒരു സന്തോഷം. എന്നെങ്കിലും ഒന്ന് നേരില്‍ കാണണം. അന്നത്തെ നിസ്സഹായത വിവരിക്കണം. കാലം മറിയ്ക്കാന്‍ മടിച്ച മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഒരു മയില്‍പീലിയായി അവളിന്നുമുണ്ടെന്ന് പറയണം. മരിക്കുന്നതിന് മുമ്പ് അതിന് കഴിയുമോ എന്തോ.''
ഉച്ചയ്ക്ക് അകത്ത് ചെന്ന ഷിവാസ് റീഗലല്ലേ ഈ സെന്റിമെന്റ്‌സിനു പിന്നിലെന്ന് ഒരുമാത്ര ഞാന്‍ ചിന്തിച്ചു. പെട്ടെന്നാണ് ഒന്നു പുറത്തേയ്ക്ക് നോക്കി ''ഞാനിതാ വരുന്നു ' എന്ന് പറഞ്ഞ് അവന്‍ പുറത്തേയ്ക്ക് നടന്നത്.
ഒരു പുരുഷനും സ്്രതീയും ആഡിറ്റോറിയത്തിനടുത്തേയ്ക്ക് നടന്നു വരുന്നു. കണ്ടിട്ട് ഭാര്യാ ഭര്‍ത്താക്കന്മാരാണ്.
ഇതാരായിരിക്കും അവന്റെ കൂട്ടുകാരി പറഞ്ഞ പൊതു സുഹൃത്തെന്ന് ചിന്തിക്കുമ്പോഴും ഇത് അവളായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. വല്ലാത്തൊരു ത്രില്ലിംഗ് സര്‍പ്രൈസായിരിക്കില്ലേ അത്!
അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവണം അവന്‍ തിരിച്ചെത്തുമ്പോള്‍.
''എടോ അതവളായിരുന്നു. എന്റെ സ്റ്റാറ്റസ് കണ്ടിട്ടാ രാജി ചോദിച്ചത് ഞാനിവിടുണ്ടോന്ന്. അവളും ഭര്‍ത്താവും ഇന്നലെ മുതല്‍ ഇവിടെ ഈ റിസോര്‍ട്ടിലുണ്ട്. രാജിയാണ് പറഞ്ഞതത്രേ ഞാനിവിടുണ്ടെന്ന്. മനസ്സ് തുറന്ന് സംസാരിക്കാനായില്ലെങ്കിലും വര്‍ഷങ്ങളായി ചുമന്ന ഒരു ഭാരം ഇറക്കി വച്ചതുപോലെ. അവള്‍ക്കെന്നോട് വെറുപ്പില്ല എന്നറിഞ്ഞതു തന്നെ സന്തോഷം. അതല്ലേ എന്നെ തേടി വന്നത്. പരിചിതരായ അപരിചിതരായി നില്‍ക്കുമ്പോഴുള്ള വീര്‍പ്പുമുട്ടല്‍ ഒഴിവാക്കിയാല്‍ മനസ് ഒരു തൂവല്‍ പോലെ ഭാരരഹിതമായിരുന്നു. എന്നെ അവള്‍ക്ക് മനസിലായിട്ടുണ്ടാവണം. അല്ലേലും, ഒരു കാലത്ത് ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവര്‍ക്ക് മനസിലെ വികാരങ്ങള്‍ പങ്കിടാന്‍ വാക്കുകള്‍ ആവശ്യമില്ലല്ലോ. അവള്‍ ഈ രാത്രി ഇവിടുണ്ടെന്നോര്‍ക്കുമ്പോള്‍, വെറുതേയാണെന്നറിയാമെങ്കിലും ഒരു മോഹം. നക്ഷത്ര കൂട്ടങ്ങള്‍ക്ക് ചുവട്ടില്‍ പഴയ കഥകളൊക്കെ പറഞ്ഞ് ഇത്തിരി നേരം ഒരുമിച്ചിരിക്കാനായെങ്കില്‍. നിലാവും. അവളും, പിന്നെ ഞാനും..! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!''
....................
രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?
അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?
....................
അവന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ പേര്‍ഷ്യന്‍ കവി ഉമര്‍ ഖയ്യാമിന്റെ വരികളാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്.
'Here with a Loaf of Bread beneath the Bough,
A Flask of Wine, a Book of Verse... and Thou
Beside me singing in the Wilderness..
And Wilderness is Paradise enow '
അവര്‍ക്കിടയില്‍ ഘനീഭവിച്ച വര്‍ഷങ്ങള്‍. നീണ്ട മൗനത്തിന്റെ കോടമഞ്ഞ് അലിഞ്ഞു പോയതിന്റെ ആശ്വാസം. അതവന്റെ മുഖത്തും വാക്കുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഡിന്നറിനായി റസ്റ്റോറന്റിലേക്ക് നീങ്ങാനുള്ള അനൗണ്‍സ്‌മെന്റ് വന്നു.
കടല്‍ക്കരയിലെ ആഡിറ്റോറിയത്തില്‍ നിന്നും, എല്ലാവരും റെസ്റ്റോറന്റിലേക്ക് നടന്നു തുടങ്ങി.
വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ പെയ്തിറങ്ങുന്ന നിലാവ്. ചീവിടുകളുടെ കരയുന്ന ഒച്ച. കടലിന്റെ ഇരമ്പം. രാത്രിയ്ക്ക് വശ്യമായൊരു വന്യത. നിലാവും, രാത്രിയും, കടലും എന്നും പ്രണയികളെ മോഹിപ്പിച്ചിട്ടേയുള്ളല്ലോ.
റെസ്റ്റോറന്റിലേക്ക് നീങ്ങുമ്പോള്‍ അവന്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അവന്‍ ആ പഴയ ടീനേജ് കാമുകനായി മാറിയിരിക്കുന്നു. ഒരു മണിക്കൂര്‍ മുമ്പ് ശോകം തളം കെട്ടി നിന്ന കണ്ണുകളില്‍ നിലാത്തെളിച്ചം.
അപ്പോഴും എന്റെ മനസ്സ് ഏതോ സിനിമാഗാനത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഉമര്‍ ഖയ്യാമിന്റെ വരികളുടെ അര്‍ത്ഥം വരുന്ന വരികള്‍ എവിടെയാണ് കേട്ടത്. ഓര്‍ത്തെടുക്കാനേ കഴിയുന്നില്ല. റെസ്റ്റോറന്റ് എത്തുന്നതിനിടയില്‍ ഞാനവനോട് പല പ്രാവശ്യം ഇത് പറഞ്ഞുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലും ഞാനാ പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഡെസര്‍ട്ടിനായി നില്‍ക്കുമ്പോള്‍ മുന്നില്‍ അവനുണ്ട്.
''ഇയാള്‍ക്ക് എന്ത് വേണം? പുഡ്ഡിംഗ് ഓര്‍ ഐസ് ക്രീം ?'' അവന്റെ ചോദ്യം.
എന്ത് വേണം. എനിക്കെന്തു വേണം. ഒരു നിമിഷം ഞാനാലോചിച്ചു.
'' എടോ ഇത് തന്നെയാണ് ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച വരികള്‍.
''എന്തു വേണം എനിക്കെന്തു വേണം
ഇന്ദുമുഖീ ഇനി എന്തു വേണം..
ചന്ദ്രകാന്ത കല്‍ത്തറയില്‍
ചന്ദനമരത്തിന്റെ പൂന്തണലില്‍
മുന്തിരിപ്പാത്രവും സുന്ദരി നീയും
അന്തികത്തുണ്ടെങ്കിലെന്തു വേണം ..''
...........................
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!
പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...
ഒട്ടും മനസ്സിലാവാത്ത രണ്ടുപേര്‍, ജീവിതം മുഴുവന്‍ ഒപ്പംനടന്ന്, ഒരുമിച്ചെഴുതുന്ന ആത്മകഥ; ദാമ്പത്യം!
....................
തിക്കുറിശ്ശി സുകുമാരന്‍ നായര്‍, തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ച ഉര്‍വശി ഭാരതി എന്ന സിനിമക്കായി അദ്ദേഹം തന്നെ എഴുതിയ വരികള്‍. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതം. യേശുദാസിന്റെ മധുരമായ ആലാപനം. അതേ സിനിമയിലെ ''കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം ' എന്ന നിത്യഹരിതഗാനത്തിന്റെ നിഴലായി പോയതിനാലാവണം അധികം ശ്രദ്ധിക്കപ്പെടാതെ പോയ മനോഹര ഗാനം.
ഐസ്‌ക്രീമുമായി ഞങ്ങള്‍ ഒരു റ്റേബിളില്‍ ഇടം പിടിച്ചു. ഞാന്‍ സ്‌പോട്ടിഫൈയില്‍ ആ ഗാനം പ്ലേ ചെയ്തു. അവന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അടുത്ത റ്റേബിളില്‍ ഇരുന്ന സഹപാഠികളില്‍ ചിലരും ചോദിക്കുന്നുണ്ടായിരുന്നു, ഈ പാട്ട് കേട്ടിട്ടേയില്ലല്ലോ.
ഗാനത്തിനൊപ്പം ചുണ്ടനക്കുമ്പോഴും അവന്റെ കണ്ണുകള്‍ റസ്റ്റോറന്റില്‍ ആരെയോ പരതുന്നുണ്ടായിരുന്നു.