തായ്‍ലന്‍ഡ് ഇനി 'ഡാഡീസ് ഗേൾ' നിയന്ത്രിക്കും, പക്ഷേ പിന്നില്‍ നിഴലായി അച്ഛനുണ്ടാകുമോ?
നീണ്ട കാലം പ്രധാനമന്ത്രി, പിന്നീട് സൈന്യത്തിന്‍റെ നോട്ടപ്പുള്ളി. പിന്നാലെ നാടുവിട്ടു. ഒടുവില്‍ രാജ്യത്തേക്ക് തിരിച്ചെത്തി മകളെ പ്രധാനമന്ത്രിയാക്കി. തായ്‍ലന്‍ഡിലെ രാഷ്ട്രീയ ചാണക്യന്‍ തക്സിൻ ഷിനാവത്രയുടെ പ്രിയപ്പെട്ട മകള്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റു.
തായ്‍ലൻഡിൽ വീണ്ടുമൊരു ഷിനാവത്ര കുടുംബാംഗം തന്നെ അധികാരസ്ഥാനത്തെത്തിരിയിരുക്കുന്നു. തക്സിൻ ഷിനാവത്ര എന്ന ചാണക്യന്‍റെ രാഷ്ട്രീയ തന്ത്രങ്ങൾ പൂർണഫലം കണ്ടിരിക്കുന്നു എന്നാണ് പറയേണ്ടത്. വിശ്വസ്തനായിരുന്ന ശ്രത്ത തവിസിനെ പുറത്താക്കാൻ തക്സിനും കൂട്ടുനിന്നോ എന്ന ചോദ്യത്തിന് പക്ഷേ, ഒരിക്കലും ഉത്തരം കിട്ടില്ല. പ്രധാനമന്ത്രിയായിരിക്കുന്നത് തക്സിന്‍റെ മകളാണ്. പേടോംഗ്ടാൺ ഷിനാവത്ര. തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതൽ മറ്റൊരു പ്രതിഛായ കെട്ടിപ്പടുത്തു തുടങ്ങിയെങ്കിലും ഡാഡീസ് ഗേൾ (Daddy's Girl) എന്ന തരത്തിലാണ് ജനത്തിന് പേടോംഗ്ടാണിനെ പരിചിതം. പക്ഷേ, ഭരണത്തിലെ സഖ്യകക്ഷികളെ കുറച്ച് കൊണ്ട് 'ഡിവിസിവ്' (Divisive) എന്ന് വിശേഷിപ്പിക്കപ്പെടുന്ന തക്സിന്‍റെ മകളുടെ ഭരണം എത്രകാലത്തേക്ക് എന്നൊരു സംശയം ജനം ഇപ്പോഴേ ഉന്നയിച്ച് തുടങ്ങിയിരിക്കുന്നു.
37 -മത്തെ വയസിൽ പ്രധാനമന്ത്രിയാവുകയാണ് പേടോംഗ്ടാൺ ഷിനാവത്. ഒട്ടും അത്ഭുതമില്ല. കാരണം, അവർ തക്സിൻ ഷിനാവത്രയുടെ മകളാണ്. തായ്‍ലൻഡിന്‍റെ മുൻ പ്രധാനമന്ത്രി, കോടീശ്വരൻ, വിവാദ നായകൻ. ഇതിനെല്ലാം പുറമേ 15 വർഷത്തെ വിദേശ വാസത്തിന് ശേഷം തിരിച്ചെത്തിയത് കഴിഞ്ഞ ഒക്ടോബറിൽ. അത് മറ്റൊരു കഥ. അതിന്‍റെ ഒടുവിലത്തെ കണ്ണിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. പേടോംഗ്ടാൺ പ്രധാനമന്ത്രിയായത് ഉണ്ടായിരുന്ന പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി പുറത്താക്കിയതോടെയാണ്. ശ്രത്ത താവിസിന്‍ ചെയ്ത തെറ്റ് കോടതി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട ഒരാളെ മന്ത്രി സഭാംഗമാക്കി എന്നതാണ്. ഈ നടപടിയെ ഭരണഘടനാ കോടതി ഗുരുതര നൈതിക ലംഘനം എന്ന് വിധിച്ചു. കേസ് കൊടുത്തത് സൈന്യത്തിന്‍റെ പ്രതിനിധികളായ 40 സെനറ്റ് അംഗങ്ങളാണ്. അതും, അവരുടെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് കൊടുത്ത കേസ്.
മൂവ് ഫോര്‍വേഡ് പാര്‍ട്ടി
ഭരണഘടനാ കോടതിക്ക് അതിനുള്ള അധികാരം ഉണ്ടാവണോ എന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു ചോദ്യം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കോടതിയെ ഉപയോഗിക്കുകയല്ലേയെന്ന സംശയം ന്യായം. 'ഭരണഘടനാ അട്ടിമറി' എന്നാണ് രാജ്യത്തെ തന്നെ അക്കാദമിക വിദഗ്ധർ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇതേ കോടതി തന്നെയാണ് തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ 'മൂവ് ഫോര്‍വേഡ് പാര്‍ട്ടി' (Move Forward Party) -യെ പിരിച്ചു വിട്ടതും. തെരഞ്ഞെടുപ്പിൽ വിജയിച്ച്, സർക്കാർ രൂപീകരിക്കാൻ ഒരുങ്ങി നിന്ന പാർട്ടിയെ, അതും സർക്കാർ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി കോടതി പിരിച്ച് വിട്ടു.
(മൂവ് ഫോര്‍വേഡ് പാര്‍ട്ടി നേതാവ് പിത ലിംടറൻററ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ)
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന്‍റെ പിന്മാറ്റവും കമലയുടെ പടയൊരുക്കവും
രാജാവിന്‍റെ പ്രത്യേക അധികാരങ്ങളും അവകാശങ്ങളും എടുത്തുകളയും സൈന്യത്തിന്‍റെ പരമാധികാരത്തിന് ചങ്ങലയിടും എന്നായിരുന്നു മൂവ് ഫോര്‍വേഡ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. രാജ്യത്തെ യുവതലമുറ ഒറ്റക്കെട്ടായി അവർക്ക് വോട്ട് ചെയ്തു എന്നാണ് വിലയിരുത്തപ്പെട്ടത്. അതോടെ സൈന്യവും രാജകുടുംബവും അടങ്ങിയ നിലവിലെ വ്യവസ്ഥിതി ഭയന്നു. രാജാവിനെതിരല്ല, സഹകരണം, ഒരു സന്തുലനം എന്ന് വിശദീകരിച്ചെങ്കിലും അതുകൊണ്ട് തൃപ്തരായില്ല സൈന്യവും രാജകുടുംബവും. കോടതി തന്നെ മുന്‍കൈ എടുത്ത് പാർട്ടിയെ തന്നെ പിരിച്ചുവിട്ടു.
മൂവ് ഫോര്‍വേഡിന് വോട്ട് ചെയ്ത ലക്ഷക്കണക്കിന് വോട്ടർമാർ വിഢ്ഢികളായി. തീർന്നില്ല, പാർട്ടിയുടെ ജീവനാഡിയായ നേതാവ് പിത ലിംടറൻററ്റിന് 10 വർഷം രാഷ്ട്രീയ പ്രവർത്തനത്തിന് നിരോധനം വിധിച്ചു കോടതി. രാജകുടുംബാംഗങ്ങൾക്ക് എതിരായി സംസാരിക്കുന്നത് പോലും ക്രിമിനൽ കുറ്റമായ രാജ്യത്ത് നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്? പക്ഷേ, നിരവധി ഈ അധികാര സംവിധാനത്തോട് ജനങ്ങൾക്ക് വലിയ പ്രതിപത്തിയില്ല എന്നാണ് മൂവ് ഫോര്‍വേഡിന്‍റെ രാഷ്ട്രീയ വിജയം കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്ഥിരതയില്ലാതെ പോകുന്നതിനും പൂർണ ജനാധിപത്യത്തിലേക്കുള്ള വഴി അടക്കുന്നതും ഇത്തരം നിയമങ്ങളാണെന്നാണ് അവരുടെ വാദം.
അതുല്യതേജ്
പൂർണ രാജവാഴ്ചയായിരുന്നു തായ്‍ലൻഡിൽ. അത് ഭരണഘടനാപരമായ രാജവാഴ്ചയായത് 1932 -ലാണ്. എങ്കിലും രാജകുടുംബത്തിന്‍റെ അധികാരമോ, അവകാശങ്ങളോ കുറഞ്ഞില്ല. രാജ്യത്തിന്‍റെ അധികാര കേന്ദ്രമായി തുടർന്നത് ഇന്ന് അവർ തന്നെയാണ്. ഭയഭക്തി ബഹുമാനത്തോടെ സൈന്യവും അവർക്കൊപ്പമാണ്. പക്ഷേ, രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവായിരുന്ന കാലത്ത് എതിർപ്പുകളുണ്ടായിരുന്നില്ല. തന്‍റെ മുന്നിൽ സാഷ്ടാഗം നമസ്ക്കരിക്കണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നിട്ട് പോലും! രാജ്യം മുഴുവൻ യാത്ര ചെയ്ത്, ജനങ്ങളുടെ പ്രയാസങ്ങളറിഞ്ഞ്, അവർക്ക് വേണ്ടി വികസന പദ്ധതികൾ കൊണ്ടുവന്ന രാജാവെന്ന പ്രതിഛായയായിരുന്നു അതുല്യതേജിന്.
രാഷ്ട്രീയ പ്രതിസന്ധിക്കാലത്ത് മധ്യസ്ഥനായും അദ്ദേഹം നിലകൊണ്ടു. രണ്ട് സൈനിക ജനറൽമാരുടെ ഏകാധിപത്യത്തിനെതിരായി നടന്ന പ്രതിഷേധം അടിച്ചമർത്തി. ആ അടിച്ചമര്‍ത്തലില്‍ നിരവധി പേർ കൊല്ലപ്പെട്ടപ്പോൾ രാജാവാണ് അധികാരം വിട്ടൊഴിയാൻ അവരെ പ്രേരിപ്പിച്ചതും. 1992 -ൽ സൈന്യം വീണ്ടും അധികാരം പിടിച്ചെടുത്തപ്പോൾ അവരെയും പ്രതിപക്ഷ നേതാവിനെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ഒടുവിൽ സൈനിക മേധാവിയെ കൊണ്ട് രാജി വയ്പ്പിച്ചും അതുല്യതേജ്. പക്ഷേ, തക്സിൻ ഷിനാവത്രക്കെതിരായി നടന്ന പ്രതിഷേധത്തെ രാജാവ് പിന്തുണച്ചു.
മഹ വജ്റലോങ്കോൺ
അതുല്യതേജ് അന്തരിച്ചതോടെ മകൻ മഹ വജ്റലോങ്കോൺ അധികാരമേറ്റു.അച്ഛന്‍റെ പ്രഭാവമോ വ്യക്തിത്വമോ ഇല്ലാത്ത മകൻ എന്നാണ് വിലയിരുത്തൽ. രാജകുടുംബത്തിന്‍റെ സ്വത്ത് സ്വന്തം നിയന്ത്രണത്തിലാക്കി. ആഡംബര ജീവിതം നയിക്കുന്ന രാജാവിന് ജനങ്ങളുമായി ഒരു ബന്ധമില്ല. സൈന്യത്തോട് മാത്രമാണ് ഇടപഴകൽ. സൈന്യത്തിന്‍റെ ചില വിഭാഗങ്ങളെ രാജാവിന്‍റെ നിയന്ത്രണത്തിലാക്കി. അവരെ രാഷ്ട്രീയ അട്ടിമറികൾക്ക് ആയുധമാക്കുന്നു എന്ന ആരോപണവും പിന്നാലെ ഉയർന്നു. എന്തായാലും വജ്റലോങ്കോണിനോട് ജനങ്ങൾക്ക് പ്രിയമില്ല. രാജനിന്ദ ക്രിമിനൽ കുറ്റമായിട്ടും യുവതലമുറ അതിന് ഒട്ടും മടിച്ചില്ല. അതിന്‍റെയെല്ലാം മൂർത്തരൂപമായിരുന്നു മൂവ് ഫോര്‍വേഡിന്‍റെ ഉദയവും തെരഞ്ഞെടുപ്പ് വിജയവും.
( തായ് രാജാവ് മഹ വജ്റലോങ്കോൺ)
പക്ഷേ, അതെല്ലാം അട്ടിമറിക്കപ്പെട്ടു. സെനറ്റിൽ ഭൂരിപക്ഷമുള്ള സൈന്യത്തിന്‍റെ പ്രതിനിധികൾ മൂവ് ഫോര്‍വേഡിനെ പിന്തുണച്ചില്ല. സഖ്യശ്രമങ്ങളും വിജയിച്ചില്ല. അങ്ങനെയാണ് പഴയ പടക്കുതിരയുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ച് കൊണ്ടാണ് തക്സിൻ ഷിനാവത്രയുടെ പാർട്ടി അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പാർട്ടിയെ അധികാരത്തിലെത്തിച്ചത് തക്സിന്‍റെ രാജതന്ത്രങ്ങളാണ് എന്നാണ് അന്ന് അനുമാനിക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന മൂവ് ഫോര്‍വേഡിനെ ഭരണസഖ്യത്തിൽ നിന്ന് പൂർണമായി ഒഴിവാക്കിക്കൊണ്ടായിരുന്നു ഇത്. തക്സിന് വേണ്ടി എന്ന് തോന്നിച്ചു സംഭവങ്ങളുടെയെല്ലാം പോക്ക്. തന്‍റെ രാഷ്ട്രീയ എതിരാളികളുമായി ധാരണയിലെത്തിയ തക്സിൻ രാജ്യത്ത് തിരിച്ചെത്തിയിരുന്നു അതിനകം. അങ്ങനെയാണ് കഴിഞ്ഞ വർഷം ശ്രത്ത തവിസിൻ പ്രധാനമന്ത്രിയായത്.ഒരു വർഷം തികഞ്ഞില്ല ഇപ്പോൾ അദ്ദേഹം പുറത്തായിരിക്കുന്നു. മൂവ് ഫോർവേഡിനെ പിന്തുണക്കാതെ നിന്ന അതേ സെനറ്റാണ് ശ്രത്തയ്ക്കെതിരെയും കേസ് നൽകിയത്. ഇതെല്ലാം ആർക്ക് വേണ്ടി എന്നൊരു ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രം.
ഡാഡീസ് ഗേളിന് ഭരണം എളുപ്പമായിരിക്കില്ല
37 -മത്തെ വയസിൽ പ്രധാനമന്ത്രിയായെങ്കിലും പേടോംഗ്ടാൺ ഷിനാവതിന് ഭരണം എളുപ്പമായിരിക്കില്ല. മെച്ചപ്പെട്ട സാമ്പത്തിക പരിഷ്ക്കരണങ്ങളായിരുന്നു മുമ്പ് ഫ്യൂ തായുടെ ശക്തി. ഇന്ന് പക്ഷേ അതിന് പല തടസ്സങ്ങളുണ്ട്. പാർലമെന്‍റിലെ സഖ്യത്തിൽ സീറ്റുകൾ പകുതിയിൽ താഴെയാണ്. ഈ സഖ്യം വിജയിച്ച് ഫ്യൂ തായും തക്സിനും പഴയ പ്രതിഛായ വീണ്ടെടുക്കണമെന്ന് സഖ്യത്തിലെ മറ്റ് കക്ഷികൾക്ക് ഒരു താൽപര്യവുമില്ല. മുൻ തക്സിൻ സർക്കാരുകളെ പുറത്താക്കിയ ചരിത്രമാണ് സൈന്യത്തിനും. എതിരാളികളുടെ പാർട്ടികൾ ഉള്‍പ്പെടെ 11 പാർട്ടികളുടെ സഖ്യമാണിപ്പോൾ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തേക്ക് തിരിച്ചുവന്ന ശേഷവും ഒരു രാജനിന്ദാ കേസ് കൂടിയുണ്ടായിരുന്നു തക്സിന് മേൽ. തിരിച്ചു വരവിൽ തന്നെ ഒരുപാട് ദുരൂഹതകളുണ്ട്. രാജാവ് മാപ്പ് നൽകിയത് ഇനി പേരക്കുട്ടികൾക്കൊത്ത് ഒതുങ്ങിക്കഴിഞ്ഞോളാം എന്ന ഉറപ്പിലാണെന്നാണ് റിപ്പോർട്ട്. ഫു തായ് പാർട്ടി അംഗമല്ല ഇന്ന് തക്സിൻ. അതേസമയം എല്ലാ പാർട്ടി വേദികളിലും ശക്തമായ സാന്നിധ്യമാണ് തക്സന്‍. ശ്രത്ത നടത്തിയ വിവാദ നിയമനം തക്സിന്‍റെ നിർബന്ധത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ശ്രത്ത മന്ത്രിയാക്കിയ ആൾ മുമ്പ് ശിക്ഷിക്കപ്പെട്ടത് തക്സിന്‍റെ ക്രിമിനൽ കേസിൽ വിധി പറയാൻ ഒരുങ്ങിയ ജഡ്ജിക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിനാണ്. ആ നിയമനത്തിന്‍റെ പേരിലാണ് ശ്രത്തയെ കോടതി പുറത്തായത്. പുതിയ പ്രധാനമന്ത്രിയുടെ മുന്നോട്ടുള്ള ചുവടുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാവേണ്ടിയിരിക്കുന്നു. രാജ്യത്ത് നടന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ ആര്? ആര്‍ക്ക് വേണ്ടി? എന്തിന്? അങ്ങനെ ഒരുപിടി ചോദ്യങ്ങളുയുണ്ട്.
(പേടോംഗ്ടാൺ ഷിനാവത്ര)
അച്ഛന്‍റെ കരുനീക്കങ്ങൾ
തായ്‍ലൻഡിലെ ഭരണഘടനാ കോടതി എന്നും രാജശാസനം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള ആയുധമാണ് രാജാവിന് കോടതി. അതുതന്നെയാണിപ്പോഴും സംഭവിച്ചിരിക്കുന്നത്. 'ജനങ്ങളുടെ പാര്‍ട്ടി' (People's Party) എന്ന പേര് സ്വീകരിച്ച് മൂവ് ഫോര്‍വേഡ് പാര്‍ട്ടി ഇപ്പോഴും രംഗത്തുണ്ട്. പക്ഷേ, ഇനിയൊരു വിജയം ആവർത്തിക്കുക എളുപ്പമല്ലെന്ന് മാത്രം. പിത ലിംടറൻററ്റിന് 10 വർഷത്തെ രാഷ്ട്രീയ നിരോധനത്തിന്‍റെ സാഹചര്യത്തിൽ പ്രത്യേകിച്ചും. മൂവ് ഫോര്‍വേഡിനൊപ്പം നിന്ന് വിജയത്തിന്‍റെ പങ്ക് പിടിച്ച് പറ്റിയ ശേഷം പിൻമാറി സ്വന്തം സർക്കാർ രൂപീകരിച്ച തക്സിന്‍റെ ഫു തായിക്കാണ് ഇതെല്ലാം മുതൽക്കൂട്ടായത്. എല്ലാം തക്സിൻ എന്ന രാഷ്ട്രീയ നേതാവ് അണിയറയിൽ നടത്തിയ കരുനീക്കങ്ങളുടെ ഫലമായിരുന്നു എന്നതിൽ വലിയ സംശയമൊന്നുമില്ല. 2023 -ൽ തിരിച്ചെത്തിയ തക്സിന്‍, സർക്കാർ രൂപീകരിച്ചത് സൈനിക ഭരണാധികാരിയായിരുന്ന പ്രയുത് ചാൻ ഓച്ചയുമായി ബന്ധമുള്ള പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ടാണ്.
തെരഞ്ഞെടുപ്പില്‍ ശത്രു പക്ഷത്തായിരുന്ന സൈനിക അനുകൂല പാർട്ടിയുമായി ധാരണയിലെത്തി. മൂവ് ഫോര്‍വേഡിനെ പുറത്താക്കി. തന്‍റെ തിരിച്ചു വരവിന് കളമൊരുക്കി. ഇപ്പോഴിതാ സ്വന്തം മകളെ തന്നെ പ്രധാനമന്ത്രിയുമാക്കി. ശ്രത്തയുടെ വീഴ്ചയിൽ തക്സിന്‍റെ പങ്കെന്ത് എന്നതിലെ ചെറിയൊരു സംശയം അവശേഷിക്കുന്നുള്ളൂ. തക്സിൻ തിരികെ രാജ്യത്തെത്തി മാസങ്ങൾക്കകം പേടോംഗ്ടാൺ, ഫു തായിയുടെ നേതാവായി. പ്രധാനമന്ത്രി സ്ഥാനവും അതോടെ ഉറപ്പായിരുന്നു. തക്സിന്‍റെ വിശ്വസ്തനായിരുന്ന ശ്രത്തയുടെ പുറത്താകൽ തക്സിന്‍റെ മകളുടെ അധികാര ലബ്ധിക്കാണെന്ന് ഒരു വലിയ പക്ഷം പറയുമ്പോൾ, 'അധികം കളിക്കേണ്ട' എന്ന സൈന്യത്തിന്‍റെ മുന്നറിയിപ്പാണെന്ന് മറുപക്ഷം വാദിക്കുന്നു.
യിങ്‍ലക് ഷിനാവത്ര
രാജ്യ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഉഗ് ഇഗ് (Ung Ing) എന്ന ഒമനപേരില്‍ അറിയപ്പെടുന്ന പേടോംഗ്ടാൺ ഷിനാവത് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ സ്ത്രീയാണ്. അതും തക്സിൻ കുടുംബത്തിൽ നിന്ന് തന്നെ. ആദ്യത്തോയാൾ തക്സിന്‍റെ സഹോദരി യിങ്‍ലക് ഷിനാവത്രയാണ്. അധികാരസ്ഥാനത്തിരുന്നത് 2011 മുതൽ 2014 വരെ. തക്സിന്‍റെ നിഴലായാണ് പലരും അവരെ കണ്ടിരുന്നത്. അധികാരമേറ്റ വർഷം തന്നെ നടപ്പിലാക്കിയ അരി സബ്സിഡി പദ്ധതിയാണ് യിങ്‍ലകിന് വിനയായത്. അഴിമതിയിൽ അന്വേഷണം തുടങ്ങി. പിന്നാലെ അധികാര ദുർവിനിയോഗം. പിന്നെ കേസുകളായി ഇംപീച്ച്മെന്‍റായി. സൈന്യത്തിന്‍റെ നിരീക്ഷണത്തിലിരിക്കെ തന്നെ യിങ്‍ലക് രാജ്യം വിട്ടു. ശിക്ഷിച്ചാല്‍ ഉണ്ടായേക്കാവുന്ന വിവാദവും എതിർപ്പും ഒഴിവാക്കാൻ സൈന്യം പലായനം അനുവദിച്ചു എന്നാണ് വിദഗ്ധപക്ഷം.
ബിസിനസില്‍ നിന്ന് രാഷ്ട്രയ ചാണക്യനിലേക്ക്
രാഷ്ട്രീയ പ്രവേശനം അതിസമ്പന്നനായ ബിസിനസുകാരായ ശേഷം. രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾ തക്സിനെയും സഹോദരിയെയും പിന്തുണച്ചിരുന്നു. പക്ഷേ ഇടത്തരം - സമ്പന്ന വിഭാഗങ്ങൾ എതിർത്തിട്ടേയുള്ളു എന്നും. 2001 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചത് തക്സിന്‍റെ ഫു തായി പാർട്ടി. പല പ്രശ്നങ്ങൾ കാരണം പല പേരുകളിലാണെന്ന് മാത്രം. 2001 ൽ അത് 'തായി റക് തായി' (Thai Rak Thai) ആയിരുന്നു. സ്വത്ത് വിവരങ്ങൾ ഒളിപ്പിച്ചെന്ന പേരിൽ അന്ന് ഭരണഘടനാ കോടതി തക്സിനെ ശിക്ഷിച്ചു. പക്ഷേ, ജനപ്രീതി ഇടിഞ്ഞില്ല. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചു. ഏക പാർട്ടി ഭരണം രാജ്യത്ത് നിലവിൽ വന്നത് തക്സിന്‍റെ പാർട്ടിയിലൂടെയാണ്. 2006 -ൽ പൊതുമേഖലയിലെ വാർത്താ വിനിമയ സ്ഥാപനം തക്സിൻ വിറ്റു. നികുതി രഹിത കൈമാറ്റം. അതിൽ തുടങ്ങിയ പ്രതിഷേധം പുതിയ തെരഞ്ഞെടുപ്പ് വരെയെത്തി.
(തക്സിൻ ഷിനാവത്ര)
പക്ഷേ, പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കോടതി തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. പിന്നെ തെരഞ്ഞെടുപ്പ് നടക്കും മുമ്പ് വിദേശ യാത്രയിലായിരുന്ന തക്സിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി. 2007 -ൽ തിരിച്ചെത്തിയെങ്കിലും കേസുകൾ പലതായിരുന്നു. അങ്ങനെ നാടുവിട്ടു. തക്സിന്‍റെ അഭാവത്തിൽ തന്നെ കോടതി കേസ് പരിഗണിച്ചു. ശിക്ഷിച്ചു. പിന്നാലെ വിവാഹ മോചനം. ആസ്തി മരവിപ്പിക്കൽ, പുതിയ പാർട്ടി ഫു തായിയുടെ പ്രഖ്യാപനം, തെരഞ്ഞെടുപ്പ് വിജയം. യിങ് ലകിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപീകരണം. സഹോദരന് മാപ്പ് നൽകാനുള്ള സഹോദരരിയുടെ നീക്കം വിവാദമായതോടെ അത് പിൻവലിച്ചു. പിന്നാലെ യിങ് ലക്കും പുറത്തായി. ഇത്തവണ തെരഞ്ഞെടുപ്പില്‍ പേടോംഗ്ടാൺ സജീവമായിരുന്നു. അതും പൂർണ ഗർഭിണിയായിരുന്ന സമയത്ത്. തക്സിന്‍റെ മൂന്ന് മക്കളിൽ ഏറ്റവും ഇളയവളാണ് പേടോംഗ്ടാൺ. 'അച്ഛന്‍റെ മകളെ'ങ്കിലും അച്ഛന്‍റെ നിഴലല്ല, തനിക്ക് സ്വന്തം നയങ്ങളുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു പേടോംഗ്ടാൺ. പക്ഷേ, ഭരണം തടത്തുക തക്സിന്‍ തന്നെയായിരിക്കും എന്നതിൽ ആർക്കും വലിയ സംശയമൊന്നുമില്ലെന്നതാണ് സത്യം. മറിച്ചാണെങ്കില്‍ അത് കാലം തെളിയിക്കണം.