പൂവിനെ കണ്ട എഴുത്തുകാര്‍ ഇലയെ കാണാതെപോയത് എന്താവും?
പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍
നീണ്ട് നീളമുള്ള ഇലകള്‍ മത്സ്യങ്ങളെ പോലെ തോന്നും. വാതംകൊല്ലിയുടെ ഇലകള്‍ക്ക് നീളന്‍ പരലുകളുടെ ആകൃതിയാണ്. വെണ്‍തേക്കിന്റെ ഇലയ്ക്കാവട്ടെ വീതികൂടിയ മത്സ്യത്തിന്റെ ആകൃതി. ചിറ്റമൃതിന് സ്നേഹത്തിന്റെ രൂപം. ആ രൂപത്തിനുള്ളില്‍ സ്നേഹവും പ്രണയവും ഒളിച്ചിരിപ്പുണ്ട്. ആലിന്റെ ഇലകളില്‍ വിശ്വപ്രകൃതി രൂപം പൂണ്ടിരിക്കുന്നതു കാണാം. ഗരുഡക്കൊടി ഇലകള്‍ക്ക് പറക്കുന്ന തൂവലുകളുടെ ആകൃതിയാണ്. കാട്ടിലെ മരങ്ങളില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന മരവാഴകളുടെ ഇലകളുടെ വളവിനിടയിലാണ് പിങ്ക് നിറമുള്ള പൂവുകള്‍ ഉണ്ടാവുന്നത്.
ഇലകളെ കുറിച്ച് ഓര്‍ത്തു നോക്കിയിട്ടുണ്ടോ? ഇലകളുടെ ആകൃതി മാത്രമല്ല, അതിന്റെ പലവിധത്തിലുള്ള സവിശേഷതകള്‍. പൂക്കളെ കുറിച്ച് ആയിരക്കണക്കിന് വരികളുണ്ടാവാം. ഇലകളെ കുറിച്ച് കാണണമെങ്കില്‍ സസ്യശാസ്ത്ര പുസ്തകങ്ങള്‍ മറിച്ചു നോക്കേണ്ടി വരും. അല്ലെങ്കില്‍ ഔഷധ ഗ്രന്ഥങ്ങള്‍. ആര്‍ക്കും ആവശ്യമില്ലാത്തതെന്ന മുന്‍വിധിയോടെയാവും നമ്മുടെ സമീപനം.
വേരുകള്‍ വലിച്ചെടുക്കുന്ന, ലവണങ്ങളും ധാതുക്കളും പാചകം ചെയ്യുന്ന അടുക്കളകള്‍ എന്നാണ് സ്‌കൂളിലെ ബയോളജി ക്ലാസുകള്‍ പറഞ്ഞു തന്നിട്ടുള്ളത്. പലപ്പോഴും അത് മാത്രമല്ല ഇലകള്‍ എന്ന് തോന്നിയിട്ടുണ്ട്. ഇലകളില്‍ തൊടുമ്പോഴുള്ള സ്പര്‍ശനാനുഭവം ഒരു മനുഷ്യനെ തൊടുമ്പോള്‍ ഉണ്ടാവുമോ? ഒരു ചിത്രകാരന്റെ ഇഷ്ടത്തിനനുരിച്ചുള്ള വരച്ചു വയ്ക്കലിനപ്പുറത്തെ ആകൃതികള്‍ ഇലകള്‍ക്കുണ്ടാവുമോ? കുഞ്ഞുനാള്‍ മുതല്‍ പൂവുകളേക്കാള്‍ ശ്രദ്ധയോടെ ഇലകളെ നോക്കി നടന്നിട്ടുണ്ട്. ഇലകളാട്ടി അവ ചിരിച്ചു. പൂവുകള്‍ക്കില്ലാത്ത പല പ്രത്യേകതകളും ഇലകളില്‍ കണ്ടു. ഇലകള്‍ വെറും ഇലകളല്ലെന്ന് തോന്നി.
പലതരം ഞരമ്പുകളാല്‍ കോര്‍ത്ത വലകളാണ് ഇലകളുടെ അസ്ഥികൂടം. അതില്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളെ ശ്രദ്ധിച്ചു നോക്കിയാല്‍ അതറിയാം. ഈറ്റയിലയുടെ നീണ്ട പരുപരുപ്പ് തരുന്ന അനുഭവമാവില്ല ചൂരല്‍ ഇലകള്‍ക്ക്. ആയംതെങ്ങ് ഇലകളാവട്ടെ കാടിനെ പുരാതന ജുറാസിക് ഓര്‍മ്മയിലേക്ക് കൊണ്ടുപോകും. സമീപത്ത് ഈന്തുകളും പന്നലുകളുമുണ്ടെങ്കില്‍, ചെടികള്‍ക്കിടയില്‍ കല്ലിലൂടെ ഇഴയുന്ന ഉടുമ്പും ഓന്തുകളും ഡിനോസറുകളായി തോന്നും അപ്പോള്‍ ഒ.വി.വിജയന്റെ വരികള്‍ ഓര്‍മ്മ വരും. ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പിലെ ബിന്ദുക്കള്‍ക്കൊപ്പം നടക്കാന്‍ തുടങ്ങും.
ഇലകളുടെ കാഴ്ച തരുന്ന വിചിത്രമായ അനുഭവങ്ങള്‍ പലതാണ്. തേക്കിന്റെ കിളുന്ത് ഇലകള്‍ ഞെരടുമ്പോള്‍ കൈകള്‍ ചുവക്കുന്ന കുട്ടിക്കാലത്തെ അത്ഭുതങ്ങള്‍ ഇന്നുമോര്‍മ്മയുണ്ട്. കൈകള്‍ ചോര നിറമാവുന്ന തേക്കിലകള്‍. വട്ടയിലയുടെ വിസ്താരത്തില്‍ ഒരു ലോകം ഉണ്ടെന്ന് വിചാരിച്ചിരുന്നു. ഭക്ഷണം വിളമ്പാന്‍ ജൈവ പാത്രങ്ങളായി തേക്കിലയും വട്ടയിലയും മാറി. ഇടണ ഇലയുടെ മണമുള്ള ചക്കഅടയുടെ രുചിയോളം ഉമിനീരു നിറയുന്ന ഓര്‍മ്മകള്‍ ഒത്തിരിയുണ്ട്.
ആവലിന്റെ ഇലകളില്‍ വാതത്തിനുള്ള മരുന്ന് നിറച്ചത് ആരാണെന്ന് ഉമ്മയോട് ചോദിച്ചിട്ടുണ്ട്. കൊടവന്റെ ഇലകള്‍ക്ക് തൊലിപ്പുറത്ത് രോഗങ്ങളെ ഭേദപ്പെടുത്തുന്ന കഴിവ് നല്‍കിയതാരാവും? കാട്ടുജാതിയുടെ ഇലമണം, കാട്ടുപാവലിന്റെയും പടവലത്തിന്റെ ഇലക്കയ്പ്പ്, കാട്ടുകാഞ്ഞിരത്തില്‍ ഇലയഴിച്ചുള്ള നില്‍പ്പ്, പുല്ലാന്തി ഇലയുടെ സൗമ്യത..
ഇരുപൂളിന്റെ ഇലകള്‍ കൂട്ടി കൂടാക്കുന്ന പക്ഷികള്‍ പോലും ഇലകളെ അംഗീകരിച്ചിരുന്നു. പൂവുകളെ കുറിച്ചെഴുതിയ കവികളും കാമുകരുമൊന്നും എന്തുകൊണ്ടാവും പച്ചയുടെ ഇലയനക്കങ്ങള്‍ക്ക് കാതോര്‍ക്കാതിരുന്നത്? വീണ് കിടന്ന പൂവിനെ കവികള്‍ മരണത്തിന്റെ പ്രതീകമാക്കിയപ്പോള്‍, വീണുകിടക്കുന്ന മഞ്ഞ ഇലയെ മലയാളം കണ്ടുവോ എന്ന് സംശയമാണ്!
നീണ്ട് നീളമുള്ള ഇലകള്‍ മത്സ്യങ്ങളെ പോലെ തോന്നും. വാതംകൊല്ലിയുടെ ഇലകള്‍ക്ക് നീളന്‍ പരലുകളുടെ ആകൃതിയാണ്. വെണ്‍തേക്കിന്റെ ഇലയ്ക്കാവട്ടെ വീതികൂടിയ മത്സ്യത്തിന്റെ ആകൃതി. ചിറ്റമൃതിന് സ്നേഹത്തിന്റെ രൂപം. ആ രൂപത്തിനുള്ളില്‍ സ്നേഹവും പ്രണയവും ഒളിച്ചിരിപ്പുണ്ട്. ആലിന്റെ ഇലകളില്‍ വിശ്വപ്രകൃതി രൂപം പൂണ്ടിരിക്കുന്നതു കാണാം. ഗരുഡക്കൊടി ഇലകള്‍ക്ക് പറക്കുന്ന തൂവലുകളുടെ ആകൃതിയാണ്. കാട്ടിലെ മരങ്ങളില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന മരവാഴകളുടെ ഇലകളുടെ വളവിനിടയിലാണ് പിങ്ക് നിറമുള്ള പൂവുകള്‍ ഉണ്ടാവുന്നത്.
ചേമ്പിലകളില്‍ തട്ടില്‍ വെള്ളമൊഴുകുന്ന കാഴ്ചയുടെ രസം തേടി നടക്കുമ്പോഴാവും ചൊറിയണത്തിന്റെ ഇല തട്ടുക. പിന്നെ ചൊറിച്ചിലാവും ഫലം. ചേരിന്റെ ഇല തൊട്ടാല്‍ സാധാരണ ചൊറിച്ചിലാവില്ല. താന്നിക്ക് ചുറ്റും വിറക് കെട്ട് കൊണ്ട് കറങ്ങിയാല്‍ ചൊറിച്ചില്‍ മാറുമെന്നാണ് കാട്ടിലെ വിശ്വാസം.പ ലതരം ഇലകളുടെയും വള്ളിപ്പടര്‍പ്പുകളുടെയും രൂപങ്ങളാവാം പലതരം ഡിസൈനുകള്‍ക്ക് പിന്നില്‍. അല്ലെങ്കിലും പ്രകൃതിയില്‍ ഉള്ള രൂപങ്ങളെ അനുകരിക്കുകയാണല്ലോ ചിത്രകാരന്മാരും ആര്‍ക്കിടെക്റ്റുകളുമായ നമ്മള്‍ മനുഷ്യര്‍.
വെള്ളത്തിന് മുകളില്‍ പൊന്തിക്കിടക്കുന്ന ഇലകളില്‍ താമരയും ആമ്പലുമല്ലാത്ത പലതരം ചെടികളുണ്ട്. പുഴയോരങ്ങളില്‍ വളരുന്ന ചെടികളുടെ ഇലകള്‍ വെള്ളത്തിന്റെ സാമീപ്യം ആഗ്രഹിക്കുന്നതുപോലെ രൂപപ്പെട്ടിരിക്കുന്നു. വെള്ളത്തിനടിയിലുമുണ്ട് പലതരം ഇലകള്‍. പക്ഷേ, കരയിലെ ഇലകളുടെ വലിപ്പമില്ലാത്തവയാവും അവ. നല്ല തെളിഞ്ഞ ഒഴുക്കില്‍ മാത്രം വളരുന്ന കല്ലൂര്‍വഞ്ചികള്‍ ഇന്ന് കാണാനില്ല.അവയ്ക്ക് അര്‍ശസ് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇല മാത്രമായി ശരീരമുള്ള നിശാഗന്ധികളും കള്ളിച്ചെടികളും വിസ്മയങ്ങളുടെ ജൈവ ജീവിതങ്ങളാണ്.
ചെറുതും വലുതുമായ പലതരം ഇലകളെ നോക്കിയാണ് മനുഷ്യന്‍ സസ്യ വര്‍ഗ്ഗീകരണം നടത്തിയത്. പച്ചയല്ലാത്ത ഇലകള്‍ക്കുള്ള ഭംഗി പലരും കാണുന്നില്ലാത്തതുകൊണ്ടാവും ഇലകളെ ആളുകള്‍ നോക്കാത്തത്. ഇലകളില്‍ നിന്നാണ് പച്ചപ്പിന്റെ വലിയ വിചാരങ്ങള്‍ തുടങ്ങുക. ആ ചിന്തകളില്‍ ലോകം ഇലകള്‍ നീട്ടാന്‍ തുടങ്ങും. ഓക്സിജന്‍ കണങ്ങള്‍ പുറത്തേക്ക് നിശ്വസിക്കുന്നതോടെയാണ് ജീവന്‍ നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മനുഷ്യന്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡുകളെ ഓക്സിജനുകളാക്കുന്ന കനിവിനെ നമിക്കാം. ഇലകളുടെ സൗന്ദര്യത്തെ കാണാന്‍ പഠിക്കാം. പൂവുകളെ കുറിച്ചെഴുതുന്നതുപോലെ ഇലകളെയും കുറിച്ച് സംസാരിക്കാം. ലോകം ശ്വസിക്കട്ടെ.