Uthra, Vismaya Cases: പെണ്ണിനെ കൊല്ലാന്‍ പാമ്പും മര്‍ദ്ദനവും, മരിച്ചു കഴിയുമ്പോള്‍ വിലാപം, ഇതാണ് ഈ നാട്!

എന്തായിരിക്കാം ശരാശരി മലയാളി മനസിന് ഈ കേസുകളോട് ഇത്ര മേല്‍ താദാത്മ്യം തോന്നാനുള്ള കാരണം-ശീതള്‍ ജെ. രാജ് എഴുതുന്നു

opinion what the domestic violence cases of Uthra and vismaya cases tell us about  Kerala society

 'അടി കൊള്ളാന്‍ തുടങ്ങിയപ്പോ അവള്‍ക്ക് വീട്ടിലേക്ക് വരാമായിരുന്നില്ലേ, എന്തിന് അവിടെ നിന്നു, അതല്ലേ കുഴപ്പം...വീട്ടുകാര്‍ എന്തുകൊണ്ട് അവിടെ നിര്‍ത്തി....' എന്നൊക്കെ ചോദിക്കുന്നവര്‍ ഒരു കാര്യം സ്വയം ചോദിക്കണം.

 

opinion what the domestic violence cases of Uthra and vismaya cases tell us about  Kerala society


ഉത്ര, വിസ്മയ...സെലിബ്രിറ്റികള്‍ ഒന്നുമല്ല ഇവര്‍.കേരളത്തിലെ സാധാരണ മധ്യവര്‍ഗ കുടുംബത്തിലെ പെണ്‍കുട്ടികളാണ്. പക്ഷെ ഇവരുടെ വേദന കേരള മനസാക്ഷിയെ വല്ലാതെ പിടിച്ചുലച്ചു. അവരെ ഓര്‍ത്തു പലരും കരഞ്ഞു. ഈ ഗതി ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ഉചിതമായ ശിക്ഷ കിട്ടണമെന്ന് ഉറക്കെ പറഞ്ഞു. ചുറ്റും നടക്കുന്ന മറ്റേതൊരു കുറ്റകൃത്യത്തെക്കാള്‍ ഗൗരവത്തോടെ ഇതിനെ കണ്ടു. എന്തായിരിക്കാം ശരാശരി മലയാളി മനസിന് ഈ കേസുകളോട് ഇത്ര മേല്‍ താദാത്മ്യം തോന്നാനുള്ള കാരണം?

 

 

ഒറ്റ ഉത്തരമേ ഉള്ളു, ഈ പെണ്‍കുട്ടികളുടെ ജീവനെടുത്ത സാമൂഹ്യവിപത്ത് നമ്മുടെ ചുറ്റിലുമുണ്ട്. കൂടുതല്‍ പേരും അറിഞ്ഞോ അറിയാതെയോ അതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ബന്ധം പല തരത്തിലാണ്. സ്ത്രീധന സമ്പ്രദായം നിയമപ്രകാരം നിരോധിച്ചതാണ് എന്നൊക്കെ നമുക്കറിയാം. പക്ഷെ അതൊരു നാട്ടു നടപ്പാണ്, അംഗീകരിച്ചേ പറ്റു എന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. അപ്പോള്‍ ഈ ദുരന്തം നമ്മളെയും തേടി എത്തിയേക്കാം എന്ന തോന്നല്‍. അതുണ്ടാക്കുന്ന അരക്ഷിത ബോധം ചെറുതല്ല. 

 

opinion what the domestic violence cases of Uthra and vismaya cases tell us about  Kerala society

 

ഇനി, ഈ ദുരന്തം ഒഴിവാക്കാന്‍ ചെയ്യേണ്ടിയിരുന്നത് എന്തെല്ലാം എന്ന് വാ തോരാതെ സംസാരിക്കുന്നവരുണ്ട്. 'അടി കൊള്ളാന്‍ തുടങ്ങിയപ്പോ അവള്‍ക്ക് വീട്ടിലേക്ക് വരാമായിരുന്നില്ലേ, എന്തിന് അവിടെ നിന്നു, അതല്ലേ കുഴപ്പം...വീട്ടുകാര്‍ എന്തുകൊണ്ട് അവിടെ നിര്‍ത്തി....' എന്നൊക്കെ ചോദിക്കുന്നവര്‍ ഒരു കാര്യം സ്വയം ചോദിക്കണം. ഭര്‍ത്താവുമായി അകന്ന് നില്‍ക്കുന്ന പെണ്‍കുട്ടികളെ/സ്ത്രീകളെ എങ്ങനെയാണ് നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളത്? സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ മുതല്‍ അഹങ്കാരി പരിവേഷം ചാര്‍ത്തികൊടുക്കല്‍ വരെ എന്തെല്ലാം അവര്‍ സഹിക്കേണ്ടി വരുന്നു.  ആ വിഷം വമിക്കുന്ന വാക്കുകളും പെരുമാറ്റവും ഓര്‍ത്താണ് പല പെണ്‍കുട്ടികളും എല്ലാം സഹിക്കാന്‍ തീരുമാനിക്കുന്നത്. അതായത്, സമൂഹത്തിനും കൂടിയുണ്ട് ഇതില്‍ ഉത്തരവാദിത്തം. നമ്മളാര്‍ക്കും അതില്‍നിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല.   

 

 

സ്ത്രീധനം എന്നൊന്ന് ഇല്ലെന്ന് ആദ്യം മനസിലാക്കേണ്ടത് പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ്. അങ്ങനെ ഓരോരുത്തരും വിചാരിച്ചാലേ ഈ വിപത്തിനെ തുടച്ചുനീക്കാനാകു. ഉത്രയ്ക്കും വിസ്മയ്ക്കും വേണ്ടി കരയുമ്പോള്‍ ആ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ ആണെന്ന ഉത്തരവാദിത്തബോധവും കൂടി നമുക്കുണ്ടാവണം. മറ്റുള്ളവരെ നോക്കിയിരിക്കാതെ മാറ്റത്തിന് തുടക്കമിടണം.

Latest Videos
Follow Us:
Download App:
  • android
  • ios