ജോര്‍ജ് വീണ്ടും ജോര്‍ജായി; അഥവാ പി സി ജോര്‍ജിന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍

പി സി ജോര്‍ജിന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍. നിഷാന്ത് എം വി എഴുതുന്നു

Opinion Political transformations of Kerala leader PC George by Nishanth MV

ഈ പരാമര്‍ശം കേട്ട് ഞെട്ടിയവരുണ്ടെങ്കില്‍ അവരറിയേണ്ട ഒരു കാര്യമുണ്ട്.  ഇതൊന്നും അറിയാതെയോ, നാക്കുപിഴ മൂലമോ പറയുന്നതല്ല. അറിഞ്ഞുകൊണ്ട്, നിലനില്‍പ്പിന് വേണ്ടി ചെയ്യുന്നതാണ്. ഓരോ കാലത്തും, നിലനില്‍പ്പിന് വേണ്ടി ചിലരെ പുകഴ്ത്തിയും, പിന്നീട് വേണ്ട സമയത്ത് വേണ്ടാത്തവരെ തള്ളിപ്പറഞ്ഞൊക്കെയാണ് ആ നേതാവ് ഇവിടെ വരെയെത്തിയത്. രാഷ്ട്രീയ അതിജീവനത്തിന് വേണ്ടിയുള്ള ആ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍ വിശദമായി അറിഞ്ഞാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാവും. 

 

Opinion Political transformations of Kerala leader PC George by Nishanth MV

 

പിസി ജോര്‍ജ് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞോടുകയാണ്. ജനപക്ഷ വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതികരണം നടത്തിയോ, ജനകീയ ഇടപെടല്‍ നടത്തിയോ അല്ല ജനപക്ഷപാര്‍ട്ടിയുടെ നേതാവ് തലക്കെട്ടുകളിലെത്തിയത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയാണ് ജോര്‍ജ് വാര്‍ത്തയായത്. 

ഈ പരാമര്‍ശം കേട്ട് ഞെട്ടിയവരുണ്ടെങ്കില്‍ അവരറിയേണ്ട ഒരു കാര്യമുണ്ട്.  ഇതൊന്നും അറിയാതെയോ, നാക്കുപിഴ മൂലമോ പറയുന്നതല്ല. അറിഞ്ഞുകൊണ്ട്, നിലനില്‍പ്പിന് വേണ്ടി ചെയ്യുന്നതാണ്. ഓരോ കാലത്തും, നിലനില്‍പ്പിന് വേണ്ടി ചിലരെ പുകഴ്ത്തിയും, പിന്നീട് വേണ്ട സമയത്ത് വേണ്ടാത്തവരെ തള്ളിപ്പറഞ്ഞൊക്കെയാണ് ആ നേതാവ് ഇവിടെ വരെയെത്തിയത്. രാഷ്ട്രീയ അതിജീവനത്തിന് വേണ്ടിയുള്ള ആ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍ വിശദമായി അറിഞ്ഞാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാവും. 

1979-ലാണ് മാണി ഗ്രൂപ്പ് പിളരുന്നത്. പാര്‍ട്ടി പിളര്‍ത്തിയവരില്‍ പ്രമുഖനായിരുന്നു ഇന്നത്തെ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. പിജെ ജോസഫിന്റെ വലംകൈയും വിശ്വസ്തനുമായിരുന്നു അന്ന് പിസി ജോര്‍ജ്. 1982-ൽ 10,030 വോട്ടിന്റെ ഭൂരിപക്ഷത്തിന് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് ജോര്‍ജ് നിയമസഭയിലെത്തി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജോര്‍ജ് തോറ്റു. പൂഞ്ഞാറില്‍ നിന്ന് ജോര്‍ജിന്റെ ജൈത്ര യാത്ര വീണ്ടും തുടങ്ങുന്നത് 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ്. പിന്നീട് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പൂഞ്ഞാറുകാര്‍ ജോര്‍ജിനെ നിയമസഭയിലോട്ട് അയച്ചു. 

ഇക്കാലയളവില്‍ ജോര്‍ജ് പാര്‍ട്ടി മാറി, മുന്നണി മാറി. പക്ഷെ മണ്ഡലം മാറിയില്ല. പൂഞ്ഞാറില്‍ നിന്ന് ജോര്‍ജ് തന്നെ സഭയിലെത്തി. 2003-ലാണ് പിജെ ജോസഫിനൊപ്പമായിരുന്ന പിസി ജോര്‍ജിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കുന്നത്. അതുവരെ അത്രയും പ്രിയപ്പെട്ട ജോസഫ് അതോടെ അഴിമതിക്കാരനായി. ഏറ്റവും മോശം നേതാവാണ് ജോസഫ് എന്ന് ജോര്‍ജ് വിളിച്ചു പറഞ്ഞു. തീര്‍ന്നില്ല, കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ച് ജോര്‍ജ് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നു.

ജോര്‍ജ് മുന്നണി മാറിയെങ്കിലും പൂഞ്ഞാറുകാര്‍ക്ക് ജോര്‍ജല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പുമുണ്ടായില്ല. 2006 -ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജോര്‍ജ് ജയിച്ചു. അപ്പോഴേക്കും വിഎസും പിണറായിയുമെല്ലാം ജോര്‍ജിന് പ്രിയപ്പെട്ടവരായി. പിണറായി കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയാണെന്നും വിഎസിനെപ്പോലൊരു നേതാവ് ഇനി കേരളത്തിലുണ്ടാകില്ലെന്നും ജോര്‍ജ് ഇക്കാലയളവില്‍ പ്രസംഗിക്കുന്നുണ്ട്. 

2009-ല്‍ വീണ്ടും ജോര്‍ജ് കളം മാറി. അങ്ങനെ പി സി ജോര്‍ജും പാര്‍ട്ടിയായ സെക്യുലറും മാണി ഗ്രൂപ്പിലെത്തി. അതിനുശേഷം കളി മാറി. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജോര്‍ജ് രംഗത്തെത്തി. ഇടതുപക്ഷത്തോട് മൊത്തം കലിപ്പായി. 

2009 മാര്‍ച്ച് 23-നാണ് വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെടുന്നത്. ദലിത് സംഘടനയായ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായത്. അതിനു പിന്നാലെ ആ സംഘടനയ്ക്ക് എതിരായി വ്യാപകമായ എതിര്‍പ്പുണ്ടായി. അന്ന് ഡിഎച്ച്ആര്‍എമ്മിനെ അനുകൂലിച്ച് രംഗത്തെത്തിയ കേരളത്തിലെ അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു ജോര്‍ജ്. അതിലൂടെ, പുതിയ ഒരു വോട്ട്ബാങ്കിലേക്ക് ജോര്‍ജ് കടന്നുകയറി. പല പാര്‍ട്ടികളിലായി വീതംവെച്ചുപോയതിനാല്‍ ദളിതര്‍ക്ക് രാഷ്ട്രീയ ശക്തിയാവാന്‍ കഴിയുന്നില്ലെന്ന് ഡിഎച്ച്ആര്‍എം വിശേഷിപ്പിച്ച രാഷ്ട്രീയ സാഹചര്യത്തില്‍, ദളിതര്‍ക്കു വേണ്ടി സംസാരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ നേതാവായി ജോര്‍ജ് മാറി. എന്നാല്‍, അതോടൊപ്പം, മറ്റ് രാഷ്ട്രീയ പരീക്ഷണങ്ങളും അദ്ദേഹം തുടര്‍ന്നു. അങ്ങനെയാണ്, 2009ല്‍ തന്നെയാണ് ജോര്‍ജും സെക്യുലറും മാണി ഗ്രൂപ്പിലെത്തിയത്. 

അക്കാലത്ത് ജോര്‍ജ് നടത്തിയ ഒരു പ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയാണ്: ''കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ വരെ യോഗ്യനാണ് കെ.എം.മാണി. അദ്ദേഹത്തിന് ആ പദവിയിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.'' 

2011 -ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജോര്‍ജ് ജയിച്ചു. ചീഫ് വിപ്പുമായി. സോളാര്‍ കേസ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിച്ചു, ബാര്‍കോഴ കേസ് വന്നപ്പോള്‍ കെ.എം മാണിയ്ക്ക് കാവലായി. എന്നാല്‍,  പി സി മാറാന്‍ വലിയ കാലതാമസമൊന്നും വേണ്ടിവന്നില്ല. 2016 ആകുമ്പോഴേക്ക് ജോര്‍ജിന്റെ ഏറ്റവും വലിയ ശത്രുവായി മാണി മാറി. ഉമ്മന്‍ചാണ്ടിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് രംഗത്തെത്തി. ബാര്‍കോഴക്കേസില്‍ മാണിക്ക് വേണ്ടി വാദിച്ച ജോര്‍ജ്, മഴ മാറി വെയിലുദിച്ചപ്പോേഴക്കും മാണി കള്ളപ്പണക്കാരനാണെന്ന് വരെ കുറ്റപ്പെടുത്തി.

 

 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ജോര്‍ജ് മാത്രമല്ല കേരളവും ഞെട്ടി. ഒറ്റയ്ക്ക് നിന്ന് മത്സരിച്ച ജോര്‍ജ് പൂഞ്ഞാറില്‍ അതുവരെ കിട്ടിയതില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് ജയിച്ചു. 27,821 വോട്ടുകള്‍. തെരഞ്ഞെടുപ്പിന് മുമ്പ് ജോര്‍ജ് പുതിയൊരു സഖ്യം കണ്ടെത്തി. എസ്ഡിപിഐയുമായിട്ടായിരുന്നു അത്. എസ്ഡിപിഐ നേതാക്കള്‍ ജോര്‍ജിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം ജോര്‍ജ് പോപ്പുലര്‍ ഫ്രണ്ടിന്റെ വേദികളിലെത്തി നബി തിരുമേനിയുടെ വചനങ്ങള്‍ ഉദ്ധരിച്ച് പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറഞ്ഞു. രാഷ്ട്രീയ അതിജീവനത്തിനായി മറ്റാരും നടക്കാത്ത വഴികളിലൂടെ അലഞ്ഞ ജോര്‍ജിന് പുതിയ ഇടമായിരുന്നു എസ്ഡിപിഐ.


എംഎല്‍എയായി ഒരു വര്‍ഷത്തിന് ശേഷം കളി വീണ്ടും മാറി. പാര്‍ട്ടി പേര് മാറ്റി. ജനപക്ഷം എന്നായി പുതിയ പാര്‍ട്ടിയുടെ പേര്. അതും കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം, അതായത് 2018 സെപ്റ്റംബര്‍ 28-ന് ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് വിധി പറഞ്ഞു. അവിടെ തുടങ്ങുന്നു ജോര്‍ജിന്റെ ഭാഗ്യാന്വേഷണത്തിന്റെ പുതിയ ഘട്ടം. പരീക്ഷണങ്ങള്‍ക്കിടയില്‍ ഒരു മുന്നണിയിലും ഇടമില്ലാതായ ജോര്‍ജ് എന്‍ഡിഎയെങ്കില്‍ എന്‍ഡിഎ എന്ന് കരുതി. അവര്‍ക്കൊപ്പം നിന്നു.


അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം പത്രസമ്മേളനം വിളിച്ച ജോര്‍ജ് എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. തീര്‍ന്നില്ല, ഒ.രാജഗോപാല്‍ എംഎല്‍എയ്‌ക്കൊപ്പം കറുപ്പ് വസ്ത്രം ധരിച്ച് സഭയിലെത്തി. ഇനി എന്‍ഡിഎയ്‌ക്കൊപ്പമാകുമെന്ന് പ്രഖ്യാപിച്ചു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന് വേണ്ടി പരസ്യമായി രംഗത്തിറങ്ങി. 75,000 വോട്ടിന് സുരേന്ദ്രന്റെ ജയം പ്രവചിച്ചു. പക്ഷെ ഫലം മറിച്ചായിരുന്നു.

എന്നാല്‍, ജാര്‍ജ് വീണ്ടും ജോര്‍ജായി മാറി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളം മാറ്റിച്ചവിട്ടി. കോട്ടയം പ്രസ് ക്ലബില്‍ വെച്ച് വാര്‍ത്താ സമ്മേളനം വിളിച്ച് യുഡിഎഫിനെയും, രണ്ട് വര്‍ഷം മുമ്പ് വരെ മുച്ചൂടും വിമര്‍ശിച്ച ഉമ്മന്‍ചാണ്ടി  ഉള്‍പ്പെടെയുള്ളവരെയും വാഴ്ത്തി. യുഡിഎഫിലേക്കുള്ള വഴി തുറക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ യുഡിഎഫ് മുമ്പ് അടച്ച വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. യു ഡി എഫ് പ്രവേശനമെന്ന പരീക്ഷണം ചീറ്റി. അതോടെ പി സി വീണ്ടും കളം മാറ്റി. വീണ്ടും ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം. 

അതിനിടെ, ജോര്‍ജിെനപ്പോലെ ചെറിയ ഒരിളക്കം മണ്ഡലത്തിനും വന്നു. എന്‍ഡിഎ അനുകൂല നിലപാട് എടുത്തതോടെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ലിം വിഭാഗം ജോര്‍ജിനെ കൈവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 1987-ന് ശേഷം ജോര്‍ജ് വീണ്ടും തോറ്റു. പരാജിതനായ ജോര്‍ജ് അഞ്ച് വര്‍ഷം മുമ്പ് വരെ തന്റെ എല്ലാമെല്ലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായാണ്  രംഗത്തെത്തി. ശത്രുപക്ഷത്ത് ഒരു സമുദായംതന്നെ പ്രതിഷ്ഠിക്കപ്പെട്ടു. 

ഈ സമയം തന്നെയാണ് ചില തീവ്ര നിലപാടുകളുമായി ചില ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തുന്നത്. ചില സഭകളും സമാന നിലപാട് എടുത്തു. നാര്‍കോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങളില്‍ സഭകള്‍ പരസ്യ നിലപാടുമായി രംഗത്തെത്തി. ജോര്‍ജ് അതോടെ കളിക്കളം മാറ്റി. ഇവിടെയെല്ലാം സഭയ്ക്കും സഭാമേലധ്യക്ഷന്‍മാര്‍ക്കും പരസ്യ പിന്തുണയുമായി അദ്ദേഹം രംഗത്തെത്തി. ചില പരിപാടികളില്‍ ബിജെപിക്കൊപ്പവും, അല്ലാത്തവയില്‍ ഒറ്റയ്ക്കും പ്രസ്താവനകള്‍ നടത്തി.

 

 

പാലാ ബിഷപ്പ് നടത്തിയ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ബിഷപ്പിന് പിന്തുണയുമായി ആദ്യമെത്തിയത് മുതല്‍ കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ വിവാദത്തില്‍ വരെ തീവ്രമായ പ്രതികരണവുമായി ജോര്‍ജ് രംഗത്തെത്തി. അതിന്റെ ഏറ്റവുമൊടുവിലത്തെ രംഗമാണ് തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തില്‍ കേട്ട ജോര്‍ജിന്റെ പ്രസംഗം. പിന്നീടുണ്ടായ അറസ്റ്റ്. 

ഇപ്പോള്‍ പിന്തുണയുമായി ബിജെപി നേതാക്കള്‍ ഒപ്പമുണ്ട്. പക്ഷെ ജോര്‍ജിന്റെ ലക്ഷ്യം എന്‍ഡിഎയുമായി സഖ്യമാകില്ല. ക്രിസ്തീയ സമുദായത്തിലെ മാറിയ സാഹചര്യങ്ങള്‍ മുതലാക്കി, കേരള കോണ്‍ഗ്രസിനു ബദലായി സ്വതന്ത്രമായ ഒരു പ്രസ്ഥാനമായി സ്വയം മാറുക എന്നതാവും. സഭകളെ കൂടെ നിര്‍ത്താവുന്ന സാഹചര്യം ഒരുക്കിയാല്‍ അതത്ര ബുദ്ധിമുട്ടാവില്ലെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുണ്ട്. 

ഒരു ഘട്ടത്തില്‍ മാണിയെ തെറി പറഞ്ഞ് പിജെ.ജോസഫിനൊപ്പം, ജോസഫ് കൈവിട്ടപ്പോള്‍ ജോസഫിനെ വിമര്‍ശിച്ച് ഇടതുപക്ഷത്ത്, ഇടതുപക്ഷത്തു നിന്നും നേരെ കോണ്‍ഗ്രസിലേക്ക്, അവിടെ നിന്ന് മാണി ഗ്രൂപ്പില്‍, പിന്നെ ദളിത് സംഘടനകളുടെ വക്താവ്, അവിടെ നിന്നും സ്വതന്ത്ര മുഖം, ശേഷം പോപ്പുലര്‍ ഫ്രണ്ട് വേദികളില്‍ അതും കഴിഞ്ഞ് ബിജെപിക്കും എന്‍ഡിഎയ്ക്കുമൊപ്പം. ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്, നിലനില്‍പ്പ് തേടിയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ അതിജീവന യാത്രകളാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പി സി ജോര്‍ജിന്റെ ഭാഗ്യാന്വേഷണ യാത്രകള്‍ പുതിയ എഡിഷന്‍! 

ഇത് ക്ലച്ച് പിടിക്കുമോ? കണ്ടു തന്നെയറിയണം! 
 

Latest Videos
Follow Us:
Download App:
  • android
  • ios