Opinion : വിവാഹത്തിനു പിന്നാലെ വീടുമാറിയ ആ താരദമ്പതികള്‍ അത്രയ്ക്ക് കുറ്റക്കാരോ?
എനിക്കും ചിലത് പറയാനുണ്ട്. ഒരു പെണ്‍കുട്ടി വിവാഹശേഷം ജനിച്ചു വളര്‍ന്ന വീടും വീട്ടുകാരെയും പിരിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നത് സംസ്‌കാരവും അതേ സമയം പെണ്‍കുട്ടിയും ഭര്‍ത്താവും ചെറുക്കന്റെ വീട്ടില്‍ നിന്നും മാറി വേറെ വീട് വാങ്ങി താമസിക്കുന്നത് ക്രൂരതയുമായി മാറുന്നത് എങ്ങനെയാണ് സമൂഹമേ-റോഷ ജോഷി എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ഈ അടുത്ത് വിവാഹം കഴിഞ്ഞ താരദമ്പതികള്‍ വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഈ സംഭവത്തില്‍ ഒരുപാട് പേര്‍ ഇതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി രംഗത്തെത്തി.
'വിവാഹം കഴിഞ്ഞപ്പോഴേക്കും താമസവും മാറിയോ?'
'പാവം ചെക്കന്റെ വീട്ടുകാരെ കുറിച്ച് ആലോചിച്ച് കൂടെ'
എന്നൊക്കെയായിരുന്നു പ്രധാനമായും ഭിപ്രായങ്ങള്‍. ഇനി എഴുതാന്‍ തുടങ്ങും മുമ്പ് ആദ്യമേ പറയട്ടെ, ഇവിടെ കുറിക്കുന്നത് പലര്‍ക്കും ദഹിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ്. ഇതെല്ലാം തീര്‍ത്തും എന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാണ്.
ഒരു പെണ്‍കുട്ടി വിവാഹശേഷം ജനിച്ചു വളര്‍ന്ന വീടും വീട്ടുകാരെയും പിരിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നത് സംസ്‌കാരവും അതേ സമയം പെണ്‍കുട്ടിയും ഭര്‍ത്താവും ചെറുക്കന്റെ വീട്ടില്‍ നിന്നും മാറി വേറെ വീട് വാങ്ങി താമസിക്കുന്നത് ക്രൂരതയുമായി മാറുന്നത് എങ്ങനെയാണ് സമൂഹമേ?
ഒരുപാട് പേരുടെ കഥകള്‍ കണ്ടും കേട്ടും അനുഭവിച്ചും വന്നത് കൊണ്ട് ഈ കാര്യത്തില്‍ യാതൊരു തെറ്റും കാണാന്‍ കഴിയുന്നില്ല.
പറഞ്ഞു കേട്ടിട്ടുണ്ട്, എന്റെ അമ്മൂമ്മയുടെ കാലത്തെ കഥ. അന്ന് അവരുടെ ഭര്‍തൃമാതാവ് വീട്ടില്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ അന്ന് യുവതിയായിരുന്ന എന്റെ അമ്മൂമ്മയെ കണക്കില്‍ കൂട്ടാറില്ലായിരുന്നത്രെ. എന്റെ ഒരു സുഹൃത്തിന്റെ അനുഭവത്തിലൂടെ കണ്ണോടിച്ചാല്‍ ഒരു കാര്യം തീര്‍ത്തു പറയാനാവും. ഈ മാറ്റി നിര്‍ത്തല്‍ കലാപരിപാടിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.
അവളുടെ വീട്ടില്‍ അമ്മായിയമ്മയോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ലായിരുന്നു. അടുക്കളയിലേക്കുള്ള സാധനങ്ങള്‍ എല്ലാം ഒരുക്കാന്‍ അവള്‍ വേണം. പുറത്തെ പണികളും അവള്‍ തന്നെ ചെയ്യണം. എന്നാല്‍ വീടും അടുക്കളയും അമ്മായിയമ്മയുടെ മാത്രം സാമ്രാജ്യമായിരുന്നു. ചപ്പാത്തി ചുടുകയാണെങ്കില്‍ പോലും ഇടക്ക് കയ്യില്‍ നിന്നും ചട്ടുകം വാങ്ങി വെറുതെയെങ്കിലും അതൊന്ന് തൊട്ട് നോക്കാതെ അവര്‍ക്ക് സമാധാനം വരില്ലത്രെ. എന്നിട്ടോ നാട് നീളെ പറഞ്ഞു നടക്കുകയും ചെയ്യും, അവള്‍ക്കൊന്നും ചെയ്യാനറിയില്ല, എല്ലാത്തിനും ഞാന്‍ തന്നെ ഓടി നടക്കണമെന്ന്.
കുഞ്ഞ് ആയിക്കഴിഞ്ഞപ്പോഴാകട്ടെ പറച്ചിലിന്റെ സ്വഭാവം മാറി. അവളുടെ അടുത്തായിരിക്കുമ്പോള്‍ കുഞ്ഞ് അസ്വസ്ഥമാണെന്നും, കുഞ്ഞിന് അവള്‍ അടുത്ത് വേണമൊന്നുമില്ല എന്നൊക്കെ പറഞ്ഞ് നടക്കാനായി ശ്രമം. കുഞ്ഞിന്റെ മൂക്ക് ശരിയായില്ല, ചെവി മടങ്ങിയിരിക്കുന്നു, നെറ്റി ഉയര്‍ന്നിരിക്കുന്നു എന്നൊക്കെ പറഞ്ഞ് പ്രസവശുശ്രൂഷ ചെയ്ത അവളുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കാനും അവര്‍ മറന്നില്ല. കുഞ്ഞിനെ കുളിപ്പിക്കാന്‍ പോലുമറിയാത്ത ആളാണ് ഇത് പറയുന്നത് എന്നതാണ് രസകരം. കുഞ്ഞ് വാശി പിടിക്കുന്നതും രാത്രി ഉറങ്ങാത്തതും അവളുടെ തെറ്റാണെന്ന് കുറ്റപ്പെടുത്തുമ്പോഴും നല്ല ഗുണങ്ങളൊക്കെ അച്ഛന്‍ വീട്ടുകാരുടെ പാരമ്പര്യത്തില്‍ പൊതിയാന്‍ പ്രത്യേക മിടുക്കായിരുന്നു അവര്‍ക്ക്. ആ വീട്ടിലെ ചില കാര്യങ്ങള്‍ പോലും അവള്‍ അറിയുന്നത് ഭര്‍ത്താവോ അയല്‍ക്കാരോ പറഞ്ഞിട്ടാകും. അവളോട് സൂചിപ്പിക്കുക കൂടിയില്ല. വിവാഹം കഴിഞ്ഞിട്ടും തന്റെ മകന്‍ താന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യൂ, സ്വന്തമായി ഒരു തീരുമാനം പോലുമില്ല എന്ന് പറഞ്ഞ് നടക്കുന്നതില്‍ അഭിമാനം കൊള്ളുന്ന അമ്മയായിരുന്നു അവര്‍.
സ്വന്തം കുഞ്ഞിനെ പോലും മറ്റുള്ളവരുടെ നാവിനെ ഭയന്ന് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി വളര്‍ത്തേണ്ടി വരുന്ന സ്ത്രീകള്‍. ഭര്‍ത്താവിനൊപ്പം ഇത്തിരി അധിക സമയം ചെലവഴിച്ചാല്‍ മറ്റുള്ളവരുടെ പരിഹാസകണ്ണുകള്‍ക്ക് പാത്രമാകേണ്ടി വരുന്നവര്‍, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നിന്റെ ഇഷ്ടങ്ങള്‍ നടക്കുമെന്ന് കരുതേണ്ട ഇതെന്റെ വീടാണ് എന്ന് അമ്മായിയാമ്മയുടെ ആജ്ഞ ശിരസ്സാവഹിക്കേണ്ടി വരുന്നവര്‍, ഭാര്യയെ അടുക്കളയിലൊന്ന് സഹായിക്കാന്‍ കയറിയാന്‍ ഭാര്യയുടെ സാരിത്തുമ്പില്‍ നടക്കുന്നവന്‍ എന്ന വിളിപ്പേര് കേള്‍ക്കേണ്ടി വരുന്നവര്‍, സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ ശ്വാസം മുട്ടി ജീവിക്കുന്നവര്‍. ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ മറ്റൊരു വീട്ടില്‍ മാറി താമസിക്കുന്നതല്ലേ ഉചിതം. എത്രയൊക്കെ പ്രായമുള്ളവരായാലും അടുപ്പക്കാരായാലും രണ്ട് പേരുടെ ജീവിതത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ മൂന്നാമതൊരാള്‍ ഇടപ്പെട്ടാല്‍ അത് ഉപദേശം കൊണ്ടായാലും അധികാരം കൊണ്ടായാലും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോകാന്‍ പ്രയാസമാണ്.
ജീവിതപാഠങ്ങള്‍ ഉള്‍ക്കൊണ്ട് നിസാരകാര്യങ്ങള്‍ക്ക് പോലും തളര്‍ന്നു പോകാതെ അവസരങ്ങള്‍ക്കനുസരിച്ചു തീരുമാനങ്ങളെടുക്കാന്‍, ഇഷ്ടങ്ങള്‍ പിന്തുടരാന്‍, വയ്യാതായാല്‍ ഇത്തിരി നേരം ആരെയും ഭയക്കാതെ ഒന്ന് മയങ്ങാന്‍, ആണിനും പെണ്ണിനും വീട്ടുജോലികള്‍ പങ്കിട്ട് ആസ്വദിക്കാന്‍ ഇന്നത്തെ കാലത്ത് പോലും പല വീടുകളിലും കഴിയുന്നില്ല.
സ്വന്തം വീട്ടില്‍ പാറി നടന്നിരുന്ന പെണ്‍കുട്ടികള്‍ പലരും നാല് ചുവരുകള്‍ക്കുള്ളില്‍ തന്റെ സന്തോഷങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ഒതുക്കുക എന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്. സ്വന്തം കഴിവുകള്‍ പോലും കുഴിച്ചു മൂടേണ്ടി വരുന്നവര്‍. സമാധാനമായി ആഹാരം പോലും കഴിക്കാന്‍ കഴിയാത്തവര്‍. അവര്‍ക്കൊക്കെ ജീവിതം ആസ്വദിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും ആയുസ്സിന്റെ നല്ലൊരു ഭാഗവും ബലി കഴിക്കേണ്ടി വരുന്നു. എന്ന് വെച്ച് വീട്ടുകാരെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. വീടിനടുത്ത് താമസിക്കുകയോ ഇടക്കൊക്കെ വന്നു താമസിക്കുകയും ചെയ്യാമല്ലോ. ഇതൊക്കെയല്ലേ സ്ത്രീകള്‍ വിവാഹം ചെയ്താലും സംഭവിക്കുന്നത്.
മക്കള്‍ക്ക് വാരിക്കോരി സ്വര്‍ണ്ണം നല്‍കുന്നതിനും എത്രയോ നല്ലതാണ് ഭാവിയിലേക്ക് ഉപകാരപ്പെടും വിധം വീടോ വസ്തുവോ നല്‍കുന്നത്.