Opinion: 'ഇവിടെയെങ്കില്‍ 10 മാസം കഴിഞ്ഞാല്‍ അവള് പെറ്റേനെ,' ഇതാണ് ചിന്ത, പിന്നെങ്ങനെ നന്നാവും!
എനിക്കും ചിലത് പറയാനുണ്ട്. ഒത്ത് കിട്ടിയാല്‍ ഉപയോഗിക്കാന്‍ ഉള്ളവളോ പെണ്ണ്? അശ്വതി ജോയ് അറയ്ക്കല്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ഏതോ ഒരു യൂറോപ്യന്‍ രാജ്യമാണ് പശ്ചാത്തലം. ഒരു വാനിന്റെ സ്റ്റെപ്പില്‍ നിന്ന് ഇരുപതുകളില്‍ ഉള്ളൊരു പെണ്‍കുട്ടി മനോഹരമായി പാടുന്നു. ധരിച്ചിരുന്ന ജീന്‍സിലും, സ്ലീവ്‌ലെസ് ക്രോപ്‌ടോപ്പിലും അവള്‍ അതിസുന്ദരിയായി കാണപ്പെട്ടു. ആരും ശ്രദ്ധിയ്ക്കുന്ന സംഗീതവും സൗന്ദര്യവും. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ അവളുടെ സംഗീതം ആസ്വദിക്കാന്‍ ആ വാനിന് ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അവള്‍ പാടിക്കൊണ്ട് കാണികളുടെ ഇടയിലേയ്ക്ക് ഇറങ്ങി. ആയിരക്കണക്കിന് പുരുഷന്മാരുടെ ഇടയിലൂടെ കൂളായി നടന്ന് പാടിയശേഷം തിരിച്ചു വാനിലേയ്ക്ക് കയറുമ്പോള്‍, തൊട്ടു മുമ്പ് ഉണ്ടായിരുന്ന അതേ പുഞ്ചിരി അവളുടെ ചുണ്ടിലുണ്ടായിരുന്നു.
കാണികളില്‍ ഒരാള്‍പ്പോലും ഒരു അനാവശ്യ നോട്ടമോ, പെരുമാറ്റമോ, സ്പര്‍ശനമോ കൊണ്ടവളെ ശല്യം ചെയ്തി. എന്നുമാത്രമല്ല അവളുടെ അനുവാദത്തോടെ അവളെ എടുത്തുയര്‍ത്തിയ, അവളെ സ്പര്‍ശിച്ച, അവള്‍ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കിയ ഒരാളില്‍പ്പോലും അവളുടെ ശരീരത്തെ കൊത്തിവലിയ്ക്കുന്ന തരത്തിലൊരു നോട്ടം പോലും കണ്ടില്ല.
ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്ത ഈ സംഭവം കുറച്ചുനാള്‍ മുന്‍പാണ് ശ്രദ്ധയില്‍പ്പെടുന്നത്. വ്യക്തിപരമായി ഒരുപാട് സന്തോഷം തോന്നിയ വീഡിയോ ആയിരുന്നു അത്. തോണ്ടലും പിടിയ്ക്കലും പേടിച്ച് ഒരു ബസ്സില്‍പ്പോലും മനസമാധാനത്തോടെ യാത്ര ചെയ്യാന്‍ സാധിയ്ക്കാത്ത, സ്ലീവ്‌ലെസ്സ് പോയിട്ട് ഒരല്‍പ്പം കൈകുറഞ്ഞ ടോപ് ഇട്ടു നടന്നാല്‍ അവളുടെ സ്വഭാവം ശരിയല്ലെന്ന് പറഞ്ഞു പരത്തുന്ന, ഏതെങ്കിലുമൊരു ആണിനോട് മിണ്ടിയാല്‍ അവള്‍ക്ക് അവനുമായി അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തുന്ന ഒരുപാട് പേരുള്ള നമ്മുടെ നാട്ടിലിരുന്ന്, ഇതുപോലെ സ്വാതന്ത്രത്തോടെ ജീവിയ്ക്കുന്ന പെണ്ണുങ്ങളെയും, അവരോട് മാന്യമായി മാത്രം പെരുമാറുന്ന ആണുങ്ങളെയും കാണുന്നത് ശരിയ്ക്കും വല്ലാത്ത ആശ്വാസവും, സന്തോഷവുമാണ്.
ആ ആള്‍ക്കൂട്ടം ആസ്വദിച്ചത് അവളുടെ സംഗീതം മാത്രമായിരുന്നു അല്ലാതെ അവളുടെ ജന്‍ഡര്‍ നോക്കി അടക്കവും ഒതുക്കവും പഠിപ്പിയ്ക്കാനോ, അവള് ശരിയല്ലെന്ന് മുറുമുറുക്കാനോ, അവളോട് ഷോള്‍ ഇടാന്‍ പറയാനോ, അവള്‍ ആണുങ്ങളെ പ്രലോഭിപ്പിച്ചു നശിപ്പിക്കുകയാണെന്ന് മുറുമുറുക്കാനോ അവര്‍ക്കാര്‍ക്കും താല്‍പ്പര്യം കണ്ടില്ല. അതവളുടെ പെരുമാറ്റത്തിലും തെളിഞ്ഞുനിന്നിരുന്നു.
ഇനി ആ വീഡിയോയുടെ കമന്റ് ബോക്‌സിലേക്ക് ഒന്നു പോവാം. തങ്ങളുടെ സംസ്‌ക്കാര ശൂന്യതയും, ലൈംഗികദാരിദ്ര്യവും വിളിച്ചോതുന്ന കമന്റുകള്‍കൊണ്ട് മലയാളികള്‍ കിടന്ന് വിളയാടിയിട്ടുണ്ട് അവിടെ. ആ പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും, ആ കുട്ടിയെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിച്ചും സന്തോഷം കണ്ടെത്തിയ ഒരുപാട് പേരെ അവിടെ കണ്ടു. അതില്‍, ഒരു മലയാളി എന്ന രീതിയില്‍ ലജ്ജ തോന്നിയ ചില കമന്റുകളെപ്പറ്റി പറയാം:
'ഇങ്ങനെയൊരു ആറ്റം ചരക്കിനെ ഒത്തുകിട്ടിയിട്ടും മുതലാക്കാതെ വിട്ട ഇവന്മാരൊക്കെ ആണുങ്ങള്‍ തന്നെയാണോ?'
വിദേശത്ത് ആയതുകൊണ്ട് കൊള്ളാം നമ്മുടെ നാട്ടില്‍ വല്ലതും ആയിരുന്നു ഇത് നടന്നിരുന്നതെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ അവള് പെറ്റെനെ,'
ആഹാ.. എന്തൊരു അന്തസ്സ് അല്ലെ?
ഒരു പെണ്ണിനെ കണ്ടിട്ട് അല്ലെങ്കില്‍ തൊട്ടടുത്ത് കിട്ടിയിട്ട് അവളെ ലൈംഗികമായി ഉപയോഗിക്കാത്തവന്‍ ആണല്ല എന്ന് പരസ്യമായി പറയുകയല്ലേ സത്യത്തില്‍ മേല്‍പ്പറഞ്ഞ കമന്റുകള്‍ ഇട്ടവര്‍.
ഒരുപാട് രാജ്യക്കാര്‍ ആ വീഡിയോയുടെ ചുവട്ടില്‍ കമന്റ് ചെയ്തിട്ടുണ്ട് പക്ഷെ എനിക്ക് മനസ്സിലാകുന്ന ഭാഷകളില്‍ ഒന്നും ഇതുപോലെ അധഃപധിച്ച കമന്റുകള്‍ ഞാന്‍ കണ്ടില്ല. ഒരുവിഭാഗം മലയാളിയുടെ സംസ്‌കാരശൂന്യതയും, ലൈംഗികദാരിദ്ര്യവും, സ്ത്രീകളോടുള്ള മനോഭാവവുമാണ് അവിടെ കണ്ടത്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സമാധാനമായി പുറത്തിറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറി എന്നതിന്റെ ഉത്തരവും ആ കമന്റുകളില്‍ കാണാമായിരുന്നു. സദാചാര പുരുഷുക്കളുടെ മൂടുതാങ്ങുന്ന കുലസ്ത്രീ സേച്ചിമാരും ആ വീഡിയോയുടെ ചുവട്ടില്‍ ധാരാളം ഉണ്ടായിരുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ അല്ലേ?.
സ്ത്രീ എന്നാല്‍ ഒരു സെക്‌സ് ടോയ് അല്ലെങ്കില്‍ തങ്ങള്‍ക്ക് ഒത്തുകിട്ടിയാല്‍ ഉപയോഗിക്കാനുള്ള ഒരു വസ്തു ആണെന്ന് പരസ്യമായിവിളിച്ചു പറയുകയായിരുന്നു കമന്റ് ബോക്‌സിലെ മലയാളി ആണ്‍കൂട്ടം. അതുപോലെ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അതിന് കാരണം അവള്‍ വീട്ടില്‍ അടച്ചിരിക്കാതെ സമൂഹത്തിലേക്ക് ഇറങ്ങുന്നതും, പുരുഷന്മാരോട് ഇടപഴകുന്നതും, പുരുഷന്മാര്‍ക്ക് വികാരം തോന്നുന്ന വസ്ത്രം ധരിയ്ക്കുന്നതും ഒക്കെയാണ് എന്ന ഒരു ആന്തരാര്‍ത്ഥം കൂടി ആ കമന്റുകളില്‍ ഞെളിഞ്ഞുനിന്നു.
'പെണ്ണുങ്ങളെ, നിങ്ങള്‍ പുറത്തിറങ്ങിയാല്‍ നിങ്ങളെ ഞങ്ങള്‍ ലൈംഗികമായി ഉപയോഗിക്കും അതുകൊണ്ട് നിങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ പറയുന്ന വസ്ത്രമേ ധരിക്കാവൂ, ഞങ്ങള്‍ പറയുമ്പോഴേ പുറത്തിറങ്ങാവൂ, ഞങ്ങള്‍ പറയുന്ന ജോലിയെ ചെയ്യാവൂ, ഞങ്ങള്‍ പറയുന്നവരോടേ ഇടപെഴകാവൂ അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ലൈംഗികമായി ഉപയോഗിക്കും അതിനുള്ള ലൈസന്‍സ് ഞങ്ങള്‍ക്കുണ്ട് ' എന്നാണ് ആ മലയാളി ആണ്‍കൂട്ടം ഭീഷണമായ സ്വരത്തില്‍ അവിടെ വിളംബരം ചെയ്തത്.
ഇതിനൊക്കെ സപ്പോര്‍ട്ട് ചെയ്തുകൊടുക്കാന്‍, പുരുഷന്റെ ആട്ടുംതുപ്പും സഹിച്ച് കുടുംബം നിലനിര്‍ത്തേണ്ടവള്‍ ആണ് പെണ്ണെന്നും, അവന്‍ നല്‍കുന്ന താലിയിലും സിന്ദൂരത്തിലും, അവന്റെ കാല്‍ക്കീഴിലുമാണ് സ്വര്‍ഗ്ഗം എന്നും പഠിച്ചും പഠിപ്പിച്ചും പറഞ്ഞും ശീലിച്ച കുറേ കുലസ്ത്രീകളും ഈ മലയാളിയുലകത്തില്‍ സജിവമാണെന്ന് കൂടി തെളിയിച്ചു, കമന്റ് ബോക്‌സിലെ ചില സ്ത്രീകള്‍.
എല്ലാ കാര്യത്തിലുും ഈ ആണ്‍ദാസ്യം ഇത്തരക്കാര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും സത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നു കേട്ടാലുടന്‍ ഈ സേച്ചിമാര്‍ ചോദിക്കും, 'കാര്യമൊക്കെ ശരി,
'അവള്‍ അഴിഞ്ഞാടി നടന്നിട്ടല്ലേ' എന്ന്.
അതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലെന്നോ. സഹപ്രവര്‍ത്തകനാല്‍ ബലാത്സംഗം ചെയ്യാന്‍ ക്വാട്ടേഷന്‍ കൊടുക്കപ്പെട്ട്, കൊടുംക്രൂരതയ്ക്ക് ഇരയായിട്ടും, ചുറ്റുമുള്ളവരില്‍ പലരും തകര്‍ക്കാനും തളര്‍ത്താനും നോക്കിയിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്ന പ്രമുഖനടി വെളിപ്പെടുത്തിയ കയ്‌പ്പേറിയ ജീവിതാനുഭവങ്ങളുടെ വെളിപ്പെടുത്തല്‍ നമ്മുടെ മുന്നിലുണ്ടല്ലോ.
ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലെ അവരുടെ വാക്കുകള്‍ ഓര്‍മ്മയില്ലേ. കൊടുംക്രൂരതയ്ക്ക് ഇരയായിട്ടും കോടതിമുറിയില്‍ പ്രതിഭാഗം അഭിഭാഷകരുടെ നെറികെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ടി വന്ന അനുഭവം. അതുണ്ടാക്കിയ മുറിവുകള്‍.കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് എന്നുള്ള ദുരാരോപണങ്ങള്‍. ആത്മാഭിമാനത്തെപ്പോലും വ്രണപ്പെടുത്തുന്ന വിധമുള്ള കുത്തി നോവിക്കലുകളുടെ തീരാപ്പരമ്പര. നാടുമുഴുവന്‍ അവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. ഈ നാട്ടില്‍നിന്നും ഒളിച്ചോടിയാലോ എന്നുപോലും ചിന്തിക്കേണ്ടിവന്നു. തന്റെ ജീവിതത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളെക്കുറിച്ച് അവള്‍ തുറന്നു പറഞ്ഞപ്പോള്‍ അവിടെ വെളിപ്പെട്ടത് അവളുടെ മാത്രമല്ല സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന ഓരോ പെണ്ണിന്റെയും ജീവിതമാണ്. ഉപദ്രവിക്കപ്പെട്ട പെണ്ണിനൊപ്പം നില്‍ക്കാതെ അവളെ വ്യക്തിഹത്യ ചെയ്ത് വീണ്ടും മുറിവേല്‍പ്പിച്ച് അവളുടെ പ്രതികരണശേഷി നശിപ്പിച്ചു കളയുന്ന സമൂഹത്തിന്റെ നെറികേടാണ് അവിടെ തെളിഞ്ഞുകണ്ടത്. അവളെ ലൈംഗികമായി ഉപദ്രവിച്ചവരെയെല്ല, അത് പുറത്തുപറഞ്ഞ അവളെയാണ് ഈ സമൂഹം കുറ്റക്കാരിയാക്കി പിന്നെയും പീഡിപ്പിച്ചത്. പ്രശ്‌നം, നെറികെട്ട ആണ്‍കൂട്ടങ്ങളല്ല, അവള്‍ പുറത്തിറങ്ങുന്നതും, അവളുടെ വസ്ത്രധാരണവുമൊക്കെ ആണ് എന്നു പ്രഖ്യാപിച്ച് ആണിനെ സംരക്ഷിക്കാനാണ് സമൂഹത്തിനു ഇഷ്ടം എന്ന് ചുരുക്കം. അതിജീവിച്ചവളെ പിന്തുണക്കാതെ അവളെ വ്യക്തിഹത്യ ചെയ്ത്‌വീട്ടിലിരുത്താനുള്ള ആയുധമാക്കുകയാണ് ഇതുപോലുള്ള സംഭവങ്ങള്‍ പോലും. ഉപദ്രവിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്ന പെണ്ണുങ്ങളോട് സഹതാപവും, അതിജീവിച്ചു വരുന്നവളോട് നിന്ദയും കാണിക്കുന്നൊരു സമൂഹം.
ഇത് കേവലം ചില വ്യക്തികളുടെ മാത്രം അഭിപ്രായമല്ല എന്നതിന് ഉദാഹരണമാണല്ലോ നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗ കേസുകള്‍. 2021-ലെ വിമന്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍ 170 രാജ്യങ്ങളില്‍ 141-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. കഴിഞ്ഞ വര്‍ഷം മെയില്‍ പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം 134 ശതമാനമായാണ് വര്‍ദ്ധിച്ചത്.
പെണ്ണിനെ ഉപഭോഗ വസ്തുവായി കാണുന്ന ഒരു വിഭാഗം ആണുങ്ങളും ആണിന്റെ അടിമ മാത്രമാണ് പെണ്ണ് എന്ന് വിശ്വസിച്ചു ജീവിയ്ക്കുന്ന കുലസ്ത്രീ വര്‍ഗ്ഗവും ഉള്ള നാട്ടില്‍ പെണ്ണിനോടുള്ള വേര്‍തിരിവ് എവിടെ നിന്നാണ് തുടങ്ങുന്നത്? ഭ്രൂണമാവുമ്പോള്‍ തൊട്ട് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവള്‍ കേള്‍ക്കുന്നുണ്ടാകുന്നത് വയറ്റിലുള്ളത് ആണ്‍കുട്ടി ആകണെ എന്ന പ്രാര്‍ത്ഥനകളും വഴിപാടുകളും ആയിരിക്കുമല്ലോ. ശേഷം, പെണ്ണ് ജനിച്ചാല്‍ ചിലവായല്ലോ എന്ന് പറയുന്നവര്‍ ആണ്. ജനനം തൊട്ട് വേര്‍തിരിവുകള്‍ നേരിടേണ്ടി വരും.
പിന്നീട് അങ്ങോട്ട് ഇരിയ്ക്കുമ്പോള്‍, നടക്കുമ്പോള്‍, ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോള്‍, ഉച്ചത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍, ഇഷ്ടമുള്ളത് പഠിയ്ക്കുമ്പോള്‍, പ്രൊഫഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, ഇഷ്ടത്തിന് ജീവിയ്ക്കുമ്പോള്‍, അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍, കുടുംബവും കുഞ്ഞും തന്റെ ചോയ്‌സ് ആണെന്ന് തീരുമാനിക്കുമ്പോള്‍, വിവാഹശേഷം ജോലി തുടരുമ്പോള്‍, ഇഷ്ടത്തിന് യാത്ര ചെയ്യുമ്പോള്‍ വരെ എല്ലാറ്റിനും അവള്‍ക്കെതിരെ സമൂഹം നിലപാട് എടുക്കും. ഇക്കാര്യങ്ങളില്‍ ഒന്നും ആണിന്റെ താല്പര്യങ്ങളെ ചോദ്യം ചെയ്യാത്തവര്‍ക്ക് പെണ്ണിനെ ജഡ്ജ് ചെയ്യാനും, അടിച്ചിരുത്താനും, അങ്ങനെ നീയിപ്പോള്‍ നിന്റെ ഇഷ്ടത്തിന് ജീവിക്കണ്ട എന്ന് പറയാനുമൊക്കെ എന്ത് ഉത്സാഹമാണ്!
സ്വന്തമായി ലക്ഷ്യങ്ങളും, സ്വപ്നങ്ങളും, പ്രതികരണശേഷിയും ഉള്ള പെണ്ണുങ്ങളെ താറടിയ്ക്കാന്‍ ആണുങ്ങളെക്കാള്‍ ഉത്സാഹം കുലസ്ത്രീകള്‍ക്കാണ്. ആണ്‍ കോയ്മ നിലനിര്‍ത്താന്‍ സകല സപ്പോര്‍ട്ടും നല്‍കുന്നത് സ്ത്രീകളാണ്. ഒരുവിഭാഗം പെണ്ണുങ്ങള്‍ തന്നെയാണ് സ്ത്രീവര്‍ഗ്ഗത്തിന്റെ മുഖ്യശത്രു എന്ന് പലപ്പോഴും തോന്നാറുണ്ട്. പെണ്ണിനോട് മാത്രം ഒതുങ്ങാന്‍ പറയുന്ന അമ്മമാരും, മരുമക്കളുടെ ഉയര്‍ച്ചയില്‍ കണ്ണുകടിയുള്ള അമ്മായിയമ്മമാരുമൊക്കെ ഇക്കൂട്ടത്തില്‍ മുന്നിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഗര്‍ഭിണിയായ എന്നെ അനാവശ്യമായി കയറിപ്പിടിച്ച ആള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍, 'അയാള് കയറിപ്പിടിച്ചതാകില്ല, വീഴാന്‍ പോയപ്പോള്‍ അറിയാണ്ട് പറ്റിയതാകും' എന്ന് പറഞ്ഞതൊരു സ്ത്രീയാണ്. അതങ്ങനെ അല്ല എന്ന് ഉറപ്പുണ്ടായിട്ടും അവര്‍ അയാള്‍ക്ക് അനുകൂലമായി സംസാരിച്ചു. അതിനെതിരെ പ്രതികരിച്ച എന്നെ കുറ്റക്കാരിയാക്കി.
വ്യക്തിപരമായി പറയുകയാണെങ്കില്‍, ജോലിസ്ഥലത്ത്, ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് വേണം, പീരിയഡ്സ് ടൈമില്‍ ഒന്നും ഒരേ ടോയ്‌ലറ്റ് ശരിയാവില്ല എന്ന് പറഞ്ഞ എന്നെ കളിയാക്കിയതും ഒടുവില്‍ എനിക്ക് മാനേജ്‌മെന്റിന് കംപ്ലയിന്റ് കൊടുക്കേണ്ട അവസ്ഥ ഉണ്ടാക്കിയതും തലപ്പത്തിരുന്നൊരു സ്ത്രീയാണ്. ഏതവസ്ഥയിലും എനിക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കളിയാക്കിയതും സ്ത്രീകളാണ്. മകനെ ആര്‍ത്തവം പോലുള്ള കാര്യങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തു വളര്‍ത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം നെറ്റിചുളിക്കുന്നതും സ്ത്രീകളാണ്. പാത്രം കഴുകുന്ന, നിലം തുടയ്ക്കുന്ന എന്റെ മകനെ നോക്കി നീ കുഞ്ഞിനെ രണ്ടുംകെട്ട് വളര്‍ത്തുകയാണോ, ആണിനെ ആണുങ്ങളെപ്പോലെ വളര്‍ത്തണ്ടേ എന്ന് ചോദിച്ചതും സ്ത്രീകളാണ്.
സ്വന്തം അവകാശങ്ങള്‍ക്കായി നിന്നപ്പോള്‍ എല്ലാം 'നീയൊരു പെണ്ണാണ് എന്ന ഓര്‍മ്മയില്‍ ഒതുങ്ങി ജീവിക്കണം' എന്ന് പറഞ്ഞതും, ആണ്‍കുട്ടികള്‍ ഒന്ന് അടുക്കളവശത്ത് പോയാല്‍ പോലും ആകാശം ഇടിഞ്ഞുവീഴും എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അധികവും സ്ത്രീകളാണ്.
വ്യക്തിപരമായി എന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, എന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടികൂടി ജീവിക്കാന്‍ സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഞാന്‍ എന്നാല്‍ ജീവിതം ആസ്വദിക്കുന്നു എന്ന പേരില്‍ മാത്രം എന്നെക്കുറിച്ച് കുടുംബത്തിലും അല്ലാതെയും നടക്കുന്ന മുറുമുറുപ്പുകള്‍ ചില്ലറയല്ല. ആദ്യമൊക്കെ പലതും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് ചുറ്റും നടക്കുന്ന ഒരു പ്രചാരണങ്ങളും, കുറ്റം പറച്ചിലുകളും എന്നെ പിന്തിരിപ്പിക്കാറില്ല. ദാനം തരുന്ന സ്വാതന്ത്ര്യത്തിന്റെ കീഴില്‍ സ്വപ്നങ്ങളെ തളച്ചിട്ട് ജീവിച്ചു തീര്‍ക്കേണ്ടതാണ് ജീവിതം എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിയ്ക്കുന്ന പെണ്ണുങ്ങളോട് സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു ആത്മാഭിമാനത്തോടെ ജീവിയ്ക്കാന്‍ കുറ്റബോധമില്ലാതെ പറയാന്‍ എനിക്ക് സാധിക്കുന്നത് അതിനാലാണ്. അങ്ങനെ സംസാരിക്കേണ്ടത് കടമയാണ് എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ട് അതൊന്നും ബാധിക്കാറില്ല ഇപ്പോള്‍. ഒരു സ്ത്രീ അവളുടെ അവകാശങ്ങള്‍ക്കായി സംസാരിയ്ക്കുമ്പോള്‍ അവള്‍ സംസാരിക്കുന്നത് അവള്‍ക്ക് വേണ്ടിമാത്രമല്ല അവള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനു കൂടി വേണ്ടിയാണ്. അതുകൊണ്ട് നമുക്ക് വേണ്ടി സംസാരിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനി, ഒരു പെണ്ണ് നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വസ്തു അല്ലെന്നും നിങ്ങളെപ്പോലെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉള്ള വ്യക്തി ആണെന്നും, അവളുടെ സമ്മതമില്ലാതെ അവളുടെ മുടിയുടെ തുമ്പില്‍പ്പോലും തൊടരുതെന്നും, അവള്‍ എല്ലാവിധ ബഹുമാനവും സ്വാതന്ത്ര്യവും അര്‍ഹിക്കുന്നവള്‍ ആണെന്നും, അവളുടെ സ്വാതന്ത്ര്യം ആരുടെയും ഔദാര്യം അല്ലെന്നും പറഞ്ഞു പഠിപ്പിക്കേണ്ടത് കുടുംബങ്ങളിലാണ്. അവിടെയാണ്, 'അവന്‍ ആണല്ലേ, അവന് അങ്ങനൊക്കെ ആവാം ' എന്ന് പറഞ്ഞു പെണ്മക്കളെ അടക്കിയൊതുക്കാന്‍ മാതാപിതാക്കള്‍ വ്യാഗ്രത കാണിക്കുന്നത്. അച്ഛന്റെ അടിമയായി ജീവിയ്ക്കുന്ന ഒരുവിഭാഗം അമ്മമാര്‍ക്കും ഈ കാഴ്ചപ്പാടുണ്ടാക്കുന്നതില്‍ പങ്കുണ്ട്. എന്റെ അടിമയായി, ഞാന്‍ കൊടുക്കുന്ന സ്വാതന്ത്ര്യത്തില്‍ ജീവിക്കേണ്ടവള്‍ ആണ് പെണ്ണെന്നും, എനിക്കവളെ ഒത്തുകിട്ടിയാല്‍ ഉപയോഗിക്കാം എന്നുമൊക്കെയുള്ള തെറ്റായ ധാരണയാണ് ആണ്‍കുട്ടികളില്‍ ഇവര്‍ വളര്‍ത്തുന്നത്്. അവര്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ സമൂഹവും ഇതൊക്കെ തന്നെ പറഞ്ഞു പഠിപ്പിക്കുന്നു. പെണ്ണിനെ താറടിയ്ക്കുന്ന സിനിമകളും, പഴമൊഴികളും, സമൂഹമാധ്യമങ്ങളും, പൊതുസമൂഹവും എല്ലാം ആ ബോധ്യം നിര്‍മിക്കുന്നു.