Opinion : കണ്ണൂരിനെ രക്ഷിക്കാന്‍ അവിടത്തെ പെണ്ണുങ്ങള്‍ക്കേ കഴിയൂ

വാഗ്ഭടാനന്ദനെ പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഒരു കാലത്ത് സ്ഫുടം ചെയ്‌തെടുത്ത മണ്ണാണിത്. ഇനിയിയിപ്പോള്‍ അതിനായി മുന്നോട്ടിറങ്ങേണ്ട് അവിടത്തെ അമ്മമാരും, പെങ്ങന്‍മാരും അടങ്ങുന്ന സ്ത്രീ സമൂഹം തന്നെയാകണം. കാരണം അവര്‍ക്കേ അഴലിന്റെ ആഴങ്ങളറിയാനാകൂ.

Opinion only women can save Kannur from political violence  by S Biju

കണ്ണൂരില്‍  സംഘര്‍ഷമുണ്ടായപ്പോഴൊക്കെ പല പ്രാവശ്യം ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ചിരുന്നു. പലപ്പോഴും ഇതിനൊന്നും യുക്തിഭദ്രമായ വിശദീകരണം കിട്ടിയിട്ടില്ല എന്നതാണ് സത്യം.  ഒന്നു മാത്രം മനസ്സിലായി. ഇതിന്റെയൊക്കെ ഏറ്റവും വലിയ ദുരിതം പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭര്‍ത്താവും അച്ഛനും മകനും ആങ്ങളയും അമ്മാവനും മരുമകനും. ഏതു ബന്ധത്തിലായാലും ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ സങ്കടക്കടലിലാകുന്നു. കുടുംബത്തെ പോറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്വവും അവരുടെ തോളിലാകുന്നു. ജീവിതം കാലം മുഴുവന്‍ നുകം പേറാന്‍ വിധിക്കപ്പെടുന്നു. 

 

 

ഏഷ്യാനെറ്റിലെ തുടക്കകാലത്തെ കഥയാണ്. 'കണ്ണാടി' പ്രോഗ്രാമിനു വേണ്ടി പരിപാടികള്‍ തയ്യാറാക്കാന്‍ മലബാറിലേക്ക് ഒരു യാത്ര പോയി. ആ യാത്രയിലാണ്  യാദൃശ്ചികമായി പൂങ്ങോട് കാവിനെപ്പെറ്റി അറിഞ്ഞത്. അങ്ങനെ മട്ടന്നുരെത്തി പാര്‍ട്ടിക്കാരുടെ സഹായത്തോടെ അവിടെ ചെന്നു. സവിശേഷമായ കാറ്റാടി വേരുള്ള മരങ്ങള്‍. അതായത് മരത്തിലെ വേരുകള്‍ മണ്ണിന് മുകളിലേക്ക് വളഞ്ഞ് കാണുന്ന പ്രത്യേകത. സംരക്ഷണമില്ലാതെ നാശത്തിന്റെ  വക്കിലായിരുന്ന പൂങ്ങോട്ട് കാവ് ഞങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടിയാവണ, സംരക്ഷിക്കപ്പെട്ടു.

അത് കഴിഞ്ഞിട്ട് മുപ്പതോളം വര്‍ഷമാകുന്നു. നാലഞ്ച് വര്‍ഷം മുമ്പ് കണ്ണൂരില്‍ പോയപ്പോള്‍ പൂങ്ങോട്ട് കാവ് എങ്ങനെയുണ്ടെന്നറിയാനുള്ള  കൗതുകത്തിന് ഒരു ദിവസം രാവിലെ അങ്ങോട്ടു പോയി. കൊള്ളാം, അത് സംരക്ഷിക്കപ്പെടുന്നുണ്ട്. ആ ചാരിതാര്‍ത്ഥ്യത്തില്‍ മടങ്ങുമ്പോള്‍ ആ വഴിക്ക് മുന്‍പ് കാണാതിരുന്ന ഒരു കെട്ടിടം കണ്ടു. കുറേ കൊച്ചു കുട്ടികളെ ആ പരിസരത്ത് കണ്ടതിന്റെ കൗതുകത്തില്‍ അങ്ങോട്ടൊന്ന് കയറി. അതൊരു അനാഥാലയമായിരുന്നു. സംഘപരിവാറുമായി ബന്ധമുള്ള ഒരു സംഘടന നടത്തിയിരുന്ന സ്ഥാപനമായിരുന്നു അതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.  കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിയാനായത്, അന്തേവാസികളായ ബാലന്‍മാര്‍ ഏറെയും ഒരു പ്രതേക സാഹചര്യത്തില്‍ അവിടെയെത്തിയതാണെന്നാണ്. കണ്ണുരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെയോ അവരെ ആശ്രയിക്കുന്നവരുടെയോ കുട്ടികളായിരുന്നു അവിടത്തെ അന്തേവാസികളില്‍ ഏറെയും.  രണ്ട്  ആണ്‍കുട്ടികളുടെ അച്ഛനായ എന്റെ മനസ്സിലേക്ക് ഇപ്പോഴും ആ ദൈന്യമുഖങ്ങള്‍ ഓര്‍മ്മയായെത്തുന്നുണ്ട്. 

രാഷ്ട്രീയ പാര്‍ട്ടികള്‍ വെട്ടിയും ബോംബെറിഞ്ഞും കൊല്ലുന്നത് എതിര്‍കക്ഷികളിലുള്ളവരെയാണ്. എന്നാല്‍ പലപ്പോഴും ഒരേ കുടുംബത്തില്‍ തന്നെയുള്ളവരാകും ഇരു പക്ഷത്തുമായി കൊല്ലപ്പെടുക. അതായത് ഇരു രാഷ്ട്രീയ പാര്‍ട്ടികളും കൊല്ലുന്നത് ഒരേ കുടുംബക്കാരെയോ ബന്ധുക്കളയോ തന്നെയാകും. കൊല ചെയ്യപ്പെട്ട കുടുംബങ്ങളിലുള്ളവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുറെയൊക്കെ സാമ്പത്തികമായി സഹായിക്കുമായിരിക്കും. കൊലയാളികളുടെ കേസ് നടത്തിപ്പും പാര്‍ട്ടിക്കാര്‍ കുറെയൊക്കെ നോക്കുമായിരിക്കും. എന്നാല്‍ അവരുടെ കുടുംബങ്ങള്‍ -അത് കൊല്ലപ്പെട്ടവരുടെതായാലും കൊല ചെയ്തവരുടെതായാലും  -തകരുമെന്നതില്‍ സംശയം വേണ്ട. പക്ഷേ ഇന്ന് നമുക്കറിയാം, ഇത്തരം കേസുകളില്‍ ചെന്ന് പെടുന്നവരില്‍ മഹാഭൂരിപക്ഷവും എന്തെങ്കിലും രാഷ്ട്രീയ ആദര്‍ശത്തിന്റെ പേരില്‍ ചെയ്യുന്നവരൊന്നുമല്ല. നല്ലൊരു ശതമാനവും രാഷ്ട്രീയ പരിവേഷമുള്ള കൂലി കൊലയാളികള്‍ തന്നെയാണ്. കൊല ചെയ്യപ്പെടുന്നവരോ, അവര്‍ ഏതെങ്കിലും അക്രമ കേസുകളില്‍ പെട്ടവരാകാം, അവരുടെ ബന്ധുക്കളാവാം, ഒന്നിനുമില്ലാതെ കൈയില്‍പെട്ടവരാവാം. 

നിങ്ങള്‍ ഞങ്ങളിലൊരാളെ കൊന്നു. തിരിച്ച് ചോരക്ക് ചോര. അത്ര തന്നെ. എന്നിട്ട് എന്നെങ്കിലും വരാവുന്ന ഒരു സംഘര്‍ഷത്തിനായി ബോംബുണ്ടാക്കി കാത്തിരിക്കുന്നു. 

 

 

ഏറ്റവും ഒടുവിലായി കൊല്ലപ്പെട്ടത ജിഷ്ണുവെന്ന് ചെറുപ്പക്കാരന്‍. കണ്ണൂര്‍ തോട്ടടയിലെ കല്യാണ വീട്ടിലെ സംഭവം. കാര്യം ഗൗരവം തന്നെയെങ്കിലും അവരുടെ ഇടതു രാഷ്ട്രീയ ആഭിമുഖ്യം മാറ്റി വയ്ക്കാം. നോക്കൂ, ഒരേ കുടുംബത്തിലെ ഏതാണ്ട് ഒരേ രാഷ്ട്രീയ വിശ്വാസം  പുലര്‍ത്തുന്നവരെ കല്യാണം പോലെ ഒരു മംഗള സമയത്ത്, തലേന്ന് രാത്രി നടന്ന ഒരു ചെറിയ തര്‍ക്കത്തിന്റെ പേരില്‍  ബോംബെറിഞ്ഞ് പേടിപ്പിക്കുന്നു, കൊല്ലുന്നു, അതും  റിഹേഴ്‌സല്‍ നടത്തി വേണ്ടത്ര തയ്യാറെടുപ്പോടെ. എറിഞ്ഞ ബോംബ് തങ്ങളുടെ സംഘത്തിലുള്ളവരുടെ തലയില്‍ തന്നെ പൊട്ടി തലച്ചോറു തെറിച്ച് ഒരു ചെറുപ്പക്കാരന്‍ കൊല ചെയ്യപ്പെടുന്നു. സന്തോഷകരമായി പര്യവസാനിക്കേണ്ട ഒരു കുടുംബ ചടങ്ങ് കാലങ്ങളോളമുള്ള സങ്കടക്കടല്‍ തീര്‍ത്തിരിക്കുന്ന. ആ കുടുംബത്തിന്.തമാശയ്ക്കിടയില്‍ പറ്റിയ അബദ്ധം എന്നാണൊരു വാദം. അഫ്ഗാനിസ്ഥാനിലും മറ്റും വിവാഹ യാത്രകളില്‍ തോക്കുപയോഗിച്ച് ആകാശത്ത് നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ബോംബെറിഞ്ഞ് വിവാഹം ആഘോഷിക്കുന്ന തോന്ന്യാസം നമ്മുടെത് മാത്രമായിരിക്കും.

കണ്ണൂരില്‍  സംഘര്‍ഷമുണ്ടായപ്പോഴൊക്കെ പല പ്രാവശ്യം ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ചിരുന്നു. പലപ്പോഴും ഇതിനൊന്നും യുക്തിഭദ്രമായ വിശദീകരണം കിട്ടിയിട്ടില്ല എന്നതാണ് സത്യം.  ഒന്നു മാത്രം മനസ്സിലായി. ഇതിന്റെയൊക്കെ ഏറ്റവും വലിയ ദുരിതം പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭര്‍ത്താവും അച്ഛനും മകനും ആങ്ങളയും അമ്മാവനും മരുമകനും. ഏതു ബന്ധത്തിലായാലും ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ സങ്കടക്കടലിലാകുന്നു. കുടുംബത്തെ പോറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്വവും അവരുടെ തോളിലാകുന്നു. ജീവിതം കാലം മുഴുവന്‍ നുകം പേറാന്‍ വിധിക്കപ്പെടുന്നു. 

1994-ലെ കൂത്തുപറമ്പ് സംഭവം  ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. കോഴിക്കോട് ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ചതുര്‍ദിന ക്രിക്കറ്റ് മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്. മുന്നാം ദിവസം, അതായത് നവംമ്പര്‍ 25ന്, സ്റ്റേഡിയത്തിലിരിക്കവേയാണ് ആ വാര്‍ത്തയെത്തിയത്. കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവയ്പില്‍ ഡി.വൈ.എഫ്. ഐക്കാരായ അഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു. സഹകരണ മന്ത്രിയും സി.എം.പി നേതാവുമായിരുന്ന എം.വി രാഘവനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവയ്പിലാണ്, വിലപ്പെട്ട അഞ്ച് ജീവനുകള്‍ നഷ്ടപ്പെടാനിടയായത്. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ ട്രസ്റ്റിന്  കീഴില്‍ നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വഴിതടയല്‍. 

വിവരമറിഞ്ഞ് ഞങ്ങള്‍ കൂത്തുപറമ്പിലേക്ക് പോകാനൊരുങ്ങി. ഒട്ടും എളുപ്പമല്ല, സുരക്ഷിതവുമല്ല, അതിനാല്‍ അങ്ങോട്ട് പോകരുതെന്ന് പലരും പറഞ്ഞു. അവിടമാകെ തിളച്ചു മറിയുകയായിരുന്നു. ദുഃഖം കലിയിയായി പതഞ്ഞു പൊങ്ങി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റോഡുകള്‍ എങ്ങും ഉപരോധിക്കപ്പെട്ടിരുന്നു. ദേശാഭിമാനിയിലെയും സി.പിഎമ്മിലെയും പരിചയക്കാരുടെ സഹായത്തോടെ ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് ആ ദിവസം കൂത്തുപറമ്പിലെത്താനായില്ല. ക്യാമറയും സന്നാഹവുമായി പോകുന്നത് ഒട്ടും സുരക്ഷിതവുമല്ലെന്ന് കൂടെയുള്ളവര്‍ക്ക് തന്നെ തോന്നി. പിന്നീട്   ഞാന്‍  മറ്റൊരു ക്യാമറ സംഘടിപ്പിച്ച് അങ്ങോട്ടു അടുത്ത ദിവസം പോകുകയാണ് ചെയ്തത്. 

അപ്പോഴേക്കും പലയിടത്തും ചിത അടങ്ങിയിരുന്നു. അന്തരീക്ഷം ഘനീഭവിച്ചിരിക്കുന്നു. പേടിപ്പെടുത്തുന്ന നിശ്ശബ്ദത. പുരുഷന്‍മാര്‍   പൊതുവേ വികാരവിക്ഷുബ്ധരായി. പലരുടെയും സ്വരത്തില്‍ പ്രതികാര മനോഭാവം നിറഞ്ഞിരുന്നു. തന്റെ മകന് മരിച്ചതില്‍ വ്യക്തപരമായി വിഷമിക്കുമ്പോഴും ജീവത്യാഗം പാര്‍ട്ടിക്ക് വേണ്ടിയാണെന്നതില്‍ അഭിമാനമുണ്ടെന്നാണ് കെ.വി റോഷന്റെ പിതാവ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ അവിടത്തെ സ്ത്രീകള്‍ കരഞ്ഞ് തളര്‍ന്ന് ഹതാശരായ അവസ്ഥയിലായിരുന്നു. യുവ നേതാവായിരുന്ന കെ.കെ രാജീവന്റെ വീട്ടിലെത്തിയപ്പോള്‍ അമ്മയും ഭാര്യയും സഹോദരിയടക്കമുള്ളവര്‍ മിഴിയുയര്‍ത്താന്‍ പോലും കെല്‍പ്പില്ലാത്ത അവസ്ഥയിലായിരുന്നു. എന്നെ നോക്കിയ രാജീവന്റെ സഹോദരി പെട്ടെന്ന് അലര്‍ച്ചയോടെ എന്നെ കെട്ടിപ്പിടിച്ചു. എന്നെ കണ്ടപ്പോള്‍ രാജീവനെന്ന് തോന്നിയതായിരുന്നു കാരണമെന്ന് ഞാന്‍ മനസ്സിലാക്കാന്‍ കുറെ നേരമെടുത്തു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, അവരുടെ ഭര്‍ത്താവും കുറച്ച് നാള്‍ മുമ്പ്- ഒരു വാഹനാപകടത്തിലാണെന്ന് തോന്നുന്നു -മരിച്ചിരുന്നു. ആകെ സമനില കൈവിടുന്ന അവസ്ഥയിലായിരുന്ന അവര്‍ പലരും പറഞ്ഞിട്ടും എന്നെ വിടാന്‍ തയ്യാറായില്ല. എനിക്കാണെങ്കില്‍ ഷൂട്ട് ചെയ്ത കാസറ്റുമായി എത്രയും നേരത്തെ തിരുവനന്തപുരത്ത് എത്തിയാലെ കണ്ണാടി പരിപാടിയില്‍ അത് ഉള്‍ക്കെള്ളിക്കാനാകൂ. (അന്ന് ഞങ്ങള്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങിയിരുന്നില്ല).  ഒടുവില്‍ ഞാനവരെ ഒരു വിധം സമാധാനിപ്പിച്ച് മടങ്ങി വരാമെന്ന് പറഞ്ഞിറങ്ങി. മറ്റ് സ്ത്രീകളാണ് എന്നെ പിടി വിടുവിപ്പിച്ചത്.  

പോയ വീടികളിലെല്ലാം ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരായ സ്ത്രീകള്‍ പ്രജ്ഞ നഷ്ടപ്പെട്ട  അവസ്ഥയിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവരില്‍ ചിലരെ കണ്ടുമുട്ടിയപ്പോഴും അവര്‍ ആഘാതത്തില്‍ നിന്ന് മുക്തരായിരുന്നില്ല. മാത്രമല്ല അവരില്‍ പലരും കുട്ടികളെയും കുടുംബത്തെയും നോക്കി മുന്നോട്ടു പോകാന്‍ ത്രാണിയില്ലാത്ത അവസ്ഥയിലുമായിരുന്നു.

കണ്ണൂര്‍  തോട്ടട ജിഷ്ണു  കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയമൊന്നുമില്ലായിരിക്കാം. വിവാഹം പോലുള്ള ഒരു മംഗള കര്‍മ്മത്തില്‍ എങ്ങനെ ആഭാസ നൃത്തവും അക്രമവും അകമ്പടി സേവിക്കുന്നു എന്നത് നോക്കുമ്പോഴാണ് രാഷ്ട്രീയം കടന്നു വരുന്നത്. നല്ല വിദ്യാഭ്യാസവും നേടി നല്ല  തൊഴിലിലേക്ക് തിരിയേണ്ട പ്രായത്തിലുള്ള ചെറുപ്പക്കാരാണ് ജിഷ്ണുവിനെ കൊലപ്പെടുത്തിയ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ കൂട്ടുകാര്‍. ഇവരില്‍ ചിലരെങ്കിലും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ   താത്പര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂലിത്തല്ലിനും,  ബോംബെറിനുമൊക്കെ പരിശീലനം ലഭിച്ചവരായിരുന്നു. 

വാഗ്ഭടാനന്ദനെ പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഒരു കാലത്ത് സ്ഫുടം ചെയ്‌തെടുത്ത മണ്ണാണിത്. ഇനിയിയിപ്പോള്‍ അതിനായി മുന്നോട്ടിറങ്ങേണ്ട് അവിടത്തെ അമ്മമാരും, പെങ്ങന്‍മാരും അടങ്ങുന്ന സ്ത്രീ സമൂഹം തന്നെയാകണം. കാരണം അവര്‍ക്കേ അഴലിന്റെ ആഴങ്ങളറിയാനാകൂ. ഓരോ കാലത്തും അക്രമം കഴിഞ്ഞാല്‍ ആണുങ്ങള്‍ പല ആശ്വാസ നടപടികളും വാഗ്ദാനം ചെയ്യും, പോവും. കണ്ണീരൊപ്പാന്‍, താങ്ങാവാന്‍ വീണ്ടും വരാമെന്ന് കൂത്ത്പറമ്പിലെ  രാജീവന്റെ പെങ്ങള്‍ക്ക് നല്‍കിയ വാക്ക് ഞാനും ഇതു വരെ പാലിച്ചില്ല. പലപ്പോഴും ആലോചിക്കാറുണ്ടെങ്കിലും അത്  നിറവേറ്റാന്‍ എനിക്കും ആയിട്ടില്ല. എം.വി രാഘവനെതിരെ സമരം ചെയ്തവര്‍ രണ്ട് പതിറ്റാണ്ട്  പിന്നിടുമ്പോഴേക്കും രാഷ്ട്ട്രീയ വൈരം വെടിഞ്ഞ് അദ്ദേഹത്തിന്റെ മകന്‍ എം.വി നികേഷ് കുമാറിനെ കൂത്തുപറമ്പിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമാക്കി. കാര്യം ഇങ്ങനെയാക്കെയാണ്. കണ്ണീര്‍ തുടച്ചുമാറ്റാന്‍ കണ്ണുരിലെ പെണ്ണുങ്ങള്‍ തന്നെ മുന്‍കൈയെടുക്കുകയേ നിര്‍വാഹമുള്ളു.  
 

Latest Videos
Follow Us:
Download App:
  • android
  • ios