Opinion : പ്രിയപ്പെട്ട പെണ്‍മക്കളെ നരാധമന്‍മാര്‍ക്ക് കൊല്ലാന്‍ കൊടുത്തശേഷം കരഞ്ഞിട്ടെന്താണ്?

ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കുടുംബം എന്ന നിലയിലും സമൂഹം എന്ന നിലയിലും എന്തൊക്കെ ചെയ്യാനാവുമായിരുന്നു എന്ന് ഇനിയെങ്കിലും ആലോചിക്കേണ്ടതില്ലേ?  -എനിക്കും ചിലത് പറയാനുണ്ട്. റെസിലത്ത് ലത്തീഫ് എഴുതുന്നു

opinion Need for social responsibility to stop domestic violence by Raselath Latheef

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

opinion Need for social responsibility to stop domestic violence by Raselath Latheef

 

പവന്‍ കണക്കിന് സ്വര്‍ണം, ലക്ഷങ്ങള്‍ മുടക്കി വാങ്ങിക്കൊടുത്ത വാഹനം, ഭൂമി ഇത്രയൊക്കെ കൊടുത്തിട്ടും അവന്‍ എന്റെ കുഞ്ഞിനെ ഇങ്ങനെ ചെയ്തല്ലോ, ഇനിയൊരു കുഞ്ഞുപെങ്ങള്‍ക്കും ഇങ്ങനെ വരുത്തല്ലേ, എന്റെ കുഞ്ഞിനെ കൊന്നവനെ വെളിച്ചം കാണിക്കല്ലേ, തൂക്കി കൊല്ലണേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാത്ത; കണ്ണ് നിറയാത്ത ഒരാളുമുണ്ടാവില്ല. അതാണ് നമ്മള്‍. 

ഈ സങ്കടങ്ങള്‍ നമുക്ക് മനസ്സിലാക്കാനാവും. ഉറ്റവരുടെ തീരാത്ത ദു:ഖവും. പക്ഷെ, അവിടെ തീരുമോ കാര്യങ്ങള്‍?

സ്വയമൊരു ആത്മപരിശോധന നടത്തേണ്ടതില്ലേ? ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കുടുംബം എന്ന നിലയിലും സമൂഹം എന്ന നിലയിലും എന്തൊക്കെ ചെയ്യാനാവുമായിരുന്നു എന്ന് ഇനിയെങ്കിലും ആലോചിക്കേണ്ടതില്ലേ?  അവളെ രക്ഷിക്കാന്‍ കഴിയുമായിരുന്ന എത്രയെത്ര അവസരങ്ങള്‍ മുന്നിലുണ്ടായിരുന്നു എന്ന് ആലോചിക്കേണ്ടതില്ലേ?  ചെയ്യാതെ പോയ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചേര്‍ത്തുപിടിക്കേണ്ട നേരത്ത് അവള്‍ക്ക് നേരെ നീളാതിരുന്ന ആശ്രയത്തിന്റെ കൈത്താങ്ങുകളെക്കുറിച്ചും ആലോചിക്കേണ്ടതില്ലേ? 

ദുരന്തശേഷമുള്ള നിലവിളികളില്‍ എല്ലാം ഒതുക്കുന്നതിനു പകരം, സ്വയം നടത്തുന്ന ഇത്തരം ആത്മപരിശോധനകളാവും, വിവാഹത്തോടെ ഇല്ലാതാവുന്ന പെണ്‍കുട്ടികളോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി. ഇനിയും അനേകം പെണ്‍കുട്ടികള്‍ സമാനമായ വിധിയിലേക്ക് നടന്നുപോവുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും സാമൂഹികമായ അത്തരം ആത്മപരിശോധനകള്‍ക്ക് കഴിയും.  

സ്വന്തം കുഞ്ഞിനെ തല്ലിയ അവന്റെ കരണത്ത് ഒരൊറ്റ തവണ രണ്ട് പൊട്ടിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല; 'മോള്‍ ഇവിടെ നിന്നോ, പോകണ്ട, നമുക്ക് വേണ്ടത് ചെയ്യാം' എന്ന് പറയാന്‍ തോന്നാത്തവര്‍ പിന്നീട് കരഞ്ഞിട്ട് എന്താണ് കാര്യം? ചെയ്യണ്ട സമയത്തു ഒരു വാക്ക് കൊണ്ട് പോലും ചേര്‍ത്ത് നിര്‍ത്താന്‍ പറ്റാത്ത  മനസ്സിന്റെ നോവാണ് അത്. വെറും മനസ്സാക്ഷിക്കുത്ത് മാത്രമാണ് അതിന്റെ അകക്കാമ്പ്. 

അടങ്ങിയൊതുങ്ങി ജീവിക്കണം എന്ന് പെണ്‍കുഞ്ഞിനോട് തെരഞ്ഞുപിടിച്ച് പറയുന്ന നേരത്ത് നാലക്ഷരം പഠിച്ച് സ്വന്തം കാലില്‍ നില്ക്കണമെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം. പ്രായപൂര്‍ത്തി ആയാലുടന്‍ കെട്ടിച്ചു വിടാന്‍ ഓടി നടക്കുന്നതിനു പകരം ചെറുതെങ്കിലും ഒരു ജോലിക്ക് പരിശ്രമിക്കാന്‍ അവളുടെ കൂടെ നില്‍ക്കണം. ഇതൊക്കെ ആയാലും നാളെ നിങ്ങളുടെ മുന്‍പില്‍ വന്ന് ജീവിതം കൈവിട്ടെന്നു പറയുമ്പോള്‍, കരയുമ്പോള്‍ കൂടെ ചേര്‍ത്ത് നിര്‍ത്തണം; കരുതലാവണം. അല്ലെങ്കില്‍ ഇനിയുമൊരുപാട് പേര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മകളെ ഓര്‍ത്തു കരയേണ്ടിവരും. വിലയ്ക്കു വാങ്ങിയ വിധി എന്ന് മനസ്സാക്ഷി പറയുന്നത് കേട്ടു നില്‍ക്കേണ്ടി വരും. 

ഇനിയും ഒരുപാട് മാതാപിതാക്കള്‍ക്കുള്ള ഉദാഹരണമാണ് അവള്‍. മുഖങ്ങള്‍, കൊല്ലപ്പെടുന്ന രീതികള്‍ ഇത് മാത്രമേ മാറൂ. കുടുംബത്തിന്റെ അന്തസ്സ്, ദുരഭിമാനം, അയലത്തെ കുത്തിത്തിരിപ്പു ചര്‍ച്ചകളിലെ ചോദ്യങ്ങള്‍,  ബന്ധങ്ങളിലെ പെണ്‍കുട്ടികളുടെ ഭാവി- ഇങ്ങനെ ഇത്തരം സാഹചര്യങ്ങളില്‍ ഒരു പെണ്ണിന് ചാടിക്കടക്കേണ്ട കടമ്പകള്‍ ഇത്രത്തോളമോ അതില്‍ അധികമോ ആണ്. 

ഇനി അഥവാ വീട്ടില്‍ വന്ന് നിന്നാല്‍ മറ്റാരോ മറന്നു വച്ച ഏതോ ഒരു സാധനം അധികപ്പറ്റായി വീട്ടിലെ സ്ഥലം മിനക്കെടുത്തുന്ന പ്രതീതിയാവും അവിടെ. ചാക്കില്‍കെട്ടി പുഴകടന്നു കൊണ്ടുപോയി കളഞ്ഞ പൂച്ചക്കുട്ടി വീട്ടില്‍ തിരികെയെത്തുമ്പോള്‍ പോലും അത്രക്കൊരു ഭാവമാറ്റമുണ്ടാവില്ല. ഒരു കുഞ്ഞു കൂടി ഉണ്ടായാല്‍ പൂര്‍ത്തിയായി. എങ്കില്‍ പിന്നെ രക്ഷ തേടി വന്ന അഭയാര്‍ത്ഥി എന്ന അവസ്ഥ മാറി നുഴഞ്ഞു കയറിയ തീവ്രവാദിയെ പോലെ ആക്കിക്കളയും. 

സമൂഹം എന്ത് ചിന്തിക്കും എന്നതാണോ നിങ്ങളുടെ പ്രശ്‌നം? അങ്ങനെ തോന്നുന്നെങ്കില്‍  ആകെ ചിന്തിക്കേണ്ടത് ഈ സമൂഹം നിങ്ങള്‍ക്കു വേണ്ടി ഇത്രനാള്‍ എന്ത് ചെയ്‌തെന്നല്ല, ഇനിയൊരു പ്രതിസന്ധി വരുമ്പോള്‍ എങ്ങനെ കൂടെനില്‍ക്കും എന്നതാണ്. നാളെ നിങ്ങള്‍ക്ക് ബാങ്ക് ജപ്തി വന്നാല്‍ ഈ സമൂഹം ഒരൊറ്റ EMI അടക്കാന്‍ വരുമോ എന്നു ആലോചിച്ചു നോക്കിയാല്‍ മതി. ഒന്നും വേണ്ട കൊറോണ പോലെ ഒരു പകര്‍ച്ചവ്യാധി വന്നാല്‍ ഈ പറയുന്ന ആരും ആ പഞ്ചായത്തില്‍ പോലും ഉണ്ടാവില്ല. അങ്ങനെയുള്ള സമൂഹത്തെ പേടിച്ചാണ് ജീവനൂറ്റി വളര്‍ത്തിയ പൊന്നുമക്കളെ ജീവനറ്റു കാണേണ്ടി വരുന്ന അവസ്ഥയില്‍ എത്തുന്നത്. 

വളരെ അടുത്തറിയാവുന്ന ഒരനുഭവം പറയാം. ഒരാറു വര്‍ഷം മുമ്പ്  പൊന്നുപോലെ നോക്കിയ മോളെ, അവളെ കരയിച്ച് ഉപദ്രവിച്ച വീട്ടില്‍ നിന്ന് ഒരൊറ്റ രാത്രിക്കുള്ളില്‍ കൈപിടിച്ച് അവളുടെ വീട്ടിലേക്കു തിരികെ കൊണ്ട് വന്നത് അവളുടെ കുടുംബം മുഴുവന്‍ കൂടിയായിരുന്നു. അവന്‍ വാങ്ങിക്കൊടുത്ത ചെരിപ്പ് പോലും അവിടെ ഊരിയിട്ട്, സഹോദരങ്ങളുടെ കൈ പിടിച്ച് ഇറങ്ങി വന്ന ആ പൊന്നുമോള്‍ ഇന്ന് അവളെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ഒരാളോട് ചേര്‍ന്ന് സന്തോഷത്തോടെ ജീവിക്കുന്നു. അന്ന് ഒരുപക്ഷെ അവളോട് വീണ്ടും നിനക്ക് ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്തുകൂടെ എന്ന ഉപദേശവുമായി നിന്നെങ്കില്‍, അവളെ കേള്‍ക്കാതിരുന്നെങ്കില്‍ ഇന്ന് അവള്‍ ഉണ്ടാകുമായിരുന്നില്ല. 

ശാരീരികവൈകല്യങ്ങളെക്കാള്‍ മാനസിക വൈകല്യമുള്ള, അര്‍ഹതയില്ലാത്ത നികൃഷ്ട ജന്മങ്ങള്‍ക്ക് തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കരുത് നമ്മുടെ ജീവന്റെ സൗഭാഗ്യങ്ങളെ.

Latest Videos
Follow Us:
Download App:
  • android
  • ios