Opinion : ആശുപത്രിയില്‍ കഴിയവേ എലി കടിച്ച് മരിച്ച ശ്രീനിവാസ്; ഇന്ത്യന്‍ ഹോസ്പിറ്റലുകളില്‍ സംഭവിക്കുന്നത്
ഇതൊക്കെ ഏതെങ്കിലും ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ കഥ മാത്രമല്ല. നമ്മുടെ പ്രൗഢ കേരളത്തിലെയും കഥയിതൊക്കെ തന്നെ. കോവിഡ് അഴിമതി മുതല്‍ കാസര്‍കോഡ് ആശുപത്രി വരെ നീളുന്നു ആ കെടുകാര്യസ്ഥത- എസ് ബിജു എഴുതുന്നു
കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ അടക്കമുള്ള നമ്മുടെ സാധാരണക്കാരായ രോഗികളോട് അല്‍പ്പം കരുണയും സഹാനുഭൂതിയും നാം പുലര്‍ത്തണ്ടേ? ഇതിനായി കുറച്ചു ലക്ഷങ്ങള്‍ മുടക്കാന്‍ പോലും സന്നദ്ധതയില്ലാത്തവരാണ് ലക്ഷം കോടി മുടക്കി കെ- റെയില്‍ സ്ഥാപിച്ച കാസര്‍ഗോട്ട് നിന്ന് രോഗികളെ 4 മണിക്കൂറില്‍ തിരുവനന്തപുരത്ത് അതിവേഗം ചികിത്സക്ക് എത്തിക്കാന്‍ പോകുന്നത്. ചികില്‍സക്ക് അടക്കം കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ കെ-റെയില്‍ പോലുള്ള വമ്പന്‍ പദ്ധതികള്‍ സഹായിക്കുമെന്ന് വാദിക്കുന്നവരുണ്ട്.
ഒരു മാസം മുമ്പ് തിരുവന്തപുരത്ത് നിന്ന് കണ്ണുരിലേക്കുള്ള രാത്രിയിലെ തീവണ്ടി യാത്രയിലാണ് ഞാന്‍ ആ യുവ ഡോക്ടറെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിരുവല്ല വരെയെത്തും വരെ, മറ്റ് യാത്രക്കാര്‍ ആരും ഞങ്ങളുടെ കൂപ്പയിലേക്ക് എത്താത്തതിനാല്‍ ഞാനും ഡോ. അനീറ്റയുമായുള്ള സംഭാഷണം പല ആശുപത്രികളിലും കൂടി കയറിയിറങ്ങി. ആശുപത്രികളിലെ തിരക്കും സൗകര്യക്കുറവും മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പല തരം ചൂഷണങ്ങള്‍ വരെ നീണ്ടു ആ സംഭാഷണം. കുട്ടികളുടെ ചികിത്സ അഥവാ പീഡീയാട്രിക്‌സില്‍ എം.ഡി നേടിയ അനീറ്റ ഇനിയും പഠിക്കാന്‍ ആഗ്രഹിക്കുന്നു. പീഡീയാട്രിക്‌സ് ഓങ്കോളജിയില്‍ തുടര്‍പഠനത്തിനുള്ള ഒരുക്കത്തിലാണ് ആ ചുറുചുറുക്കുള്ള യുവ ഡോക്ടര്‍. തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശന സാധ്യതയുണ്ടായിട്ടും മുംബെയിലെ ടാറ്റാ ആശുപത്രിയാണ് തെരഞ്ഞെടുത്തുതെന്നും അവര്‍ പറഞ്ഞു.
മികച്ച ആശുപത്രിയെന്നതിലുപരി ഇന്ത്യയെ നന്നായി അറിയാന്‍ ഇത് ഉപകരിക്കുമെന്നാണ് അനീറ്റയുടെ പക്ഷം. അവര്‍ അത് പറയുന്നത് ചില അനുഭവങ്ങള്‍ നല്‍കിയ പിന്‍ബലത്തില്‍ കൂടിയാണ്. അവരുടെ ഭര്‍ത്താവ് ഒഡീഷ്യയിലെ സമ്പല്‍പൂരിലാണ് തുടര്‍ പഠനം നടത്തുന്നത്. അനീറ്റയും കുറച്ചു നാളായി അവിടെയുണ്ട്. പഠനത്തില്‍ നിന്ന് പഠനത്തിലേക്ക് നീളാന്‍ നിര്‍ബന്ധിതരാകുന്ന ആ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ കിട്ടുന്ന അവസരം കളയാതിരിക്കാന്‍ വേണ്ടിയാണ് സമ്പല്‍പൂരിലെ താത്കാലികമായ താമസമെന്നാണ് എനിക്ക് മനസ്സിലായത്. അല്ലാതെ ഇന്നത്തെ നാഗരികമായ ജീവിതം ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവതയുടെ ചോദനകളെ തൃപ്തിപ്പെടുത്താനുള്ള എന്തെങ്കിലും സമ്പല്‍പൂരില്‍ ഉണ്ടെന്ന് തോന്നുന്നില്ല.
ശ്രീനിവാസ്, വാറങ്കലിലെ എം ജി.എം ആശുപത്രി
എലികള്‍ പെറ്റുകിടക്കുന്ന ആശുപത്രികള്‍
ഇന്ത്യയുടെ ഗ്രാമങ്ങളുടെ ശാക്തീകരണമാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് അവിടെയാണെന്ന്, എന്നും ആ സത്യാന്വേഷി ഉറച്ചു വിശ്വസിച്ചിരുന്നു. ആ മഹാത്മാവിന്റെ പേരിലൊരു ആതുരാലയത്തിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് എലി കടിച്ചതിനെ തുടര്‍ന്ന് മരിച്ച ശ്രീനിവാസിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തെലുങ്കാനയിലെ വാറങ്കലിലെ എം ജി എം അഥവാ മഹാത്മാ ഗാന്ധി സ്മാരക ആശുപത്രി താരതമ്യേന ഭേദപ്പെട്ട പഴയൊരു ആശുപത്രിയാണ്. പരിസര ജില്ലകളില്‍ നിന്ന് പോലും റഫറലായി രോഗികള്‍ എത്തുന്ന ആശുപത്രി. അവിടത്തെ ശ്വാസകോശ രോഗങ്ങളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇത് സംഭവിച്ചത്.
മാര്‍ച്ച് 30-ന് ചികിത്സയില്‍ കഴിയവേ രോഗിക്ക് എലി കടിച്ച് വലിയ തോതില്‍ രക്തസ്രാവമുണ്ടായിട്ടും സഹോദരന്‍ പറഞ്ഞിട്ടാണ് ആശുപത്രി അധികൃതര്‍ തിരിഞ്ഞു നോക്കിയത് തന്നെ. പിന്നീട് തലസ്ഥാനമായ ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കവേയാണ് ശ്രീനീവാസ് മരിക്കുന്നത്. എലി കടിച്ചതു കൊണ്ടല്ല, മറിച്ച് കനത്ത മദ്യപാനം കൊണ്ടുള്ള മറ്റ് രോഗങ്ങള്‍ മൂലമാണ് ശ്രീനിവാസ് മരിച്ചതെന്ന വിശദീകരണവുമായി പതിവു പോലെ ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. ചില ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തും, സ്ഥലം മാറ്റിയും കരാര്‍ കാലാവധി കഴിയാറായ രണ്ടു ഡോക്ടമാരുടെ സേവനം അവസാനിപ്പിച്ചുമൊക്കെ ശ്രമങ്ങള്‍ ഉണ്ടായി, ജന രോഷം തണുപ്പിക്കാന്‍.
വാറങ്കലിലെ ആശുപത്രി പോയി കണ്ടവര്‍ പറഞ്ഞത് ആ ആശുപത്രിയില്‍ പലയിടത്തും എലിക്കെണി കണ്ടുവെന്നാണ്. ഡ്രൈനേജ് സംവിധാനം ഒക്കെ ആകെ താറുമാറായിരിക്കുകയായിരുന്നതിനാല്‍ എലികളടക്കം ക്ഷുദ്രജീവികളെ എല്ലായിടത്തും കാണാം. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ എലികള്‍ എല്ലായിടവും കീഴടക്കുമെന്നാണ് ഡ്യൂട്ടി നഴ്‌സുമാര്‍ പറഞ്ഞത്. തങ്ങളെയും എലികള്‍ വെറുതെ വിടാറില്ലെന്നും അവര്‍ പരാതിപ്പെടുന്നു. ഇത് ആശുപത്രിയിലെ മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങളിലേ പോരായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാര്യം അന്വേഷിച്ചപ്പോഴാണ് വൃത്തിയാക്കലിന് കരാര്‍ കൊടുത്തിരിക്കുകയാണെന്നറിഞ്ഞത്. നമുക്കറിയാവുന്നതു പോലെ ഭരണകക്ഷിയിലെ ഏതെങ്കിലും പ്രമുഖരുടെ വേണ്ടപ്പെട്ടവര്‍ക്കായിരിക്കും ഈ കരാര്‍ ലഭിക്കുക. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടര്‍ക്ക് വിഹിതം പങ്ക് വയ്ക്കലാകും നടന്നിട്ടുണ്ടാവുക. എന്തായാലും ശുചീകരണ കരാറുകാരനെതിരെയും നടപടി പ്രഖ്യാപിച്ച് കൈകഴുകല്‍ ഊര്‍ജിതമാക്കി അധികൃതര്‍.
1956-ല്‍ മെഹഭൂബ് നഗറില്‍ ഉണ്ടായ തീവണ്ടി അപകടത്തില്‍ 112 മരിച്ചപ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയില്‍വേ മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അത് സ്വീകരിച്ചില്ല. 3 മാസത്തിനു ശേഷം തമിഴ്‌നാട്ടിലെ അരിയല്ലൂരില്‍ തീവണ്ടി അപകടത്തില്‍ 144 പേര്‍ മരിച്ചപ്പോള്‍ ഇനി താന്‍ ആ സ്ഥാനത്ത് തുടരില്ലെന്ന് ശാസ്ത്രി തറപ്പിച്ചു പറഞ്ഞു. അപകടത്തിന് ശാസ്ത്രി ഉത്തരവാദിയല്ലെങ്കിലും ഭരണഘടനാപരമായ ധാര്‍മ്മിക ഔചിത്യം മാനിച്ച് രാജി സ്വീകരിക്കുന്നുവെന്നാണ് നെഹ്‌റു അന്ന് പറഞ്ഞത്. പിന്നീട് ഇതു പോലെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ഉണ്ടായ സംഭവങ്ങളില്‍ കേന്ദ്ര മന്ത്രിയായിരുന്ന ഏ.കെ. ആന്റണി രാജി വച്ചപ്പോള്‍ ആദര്‍ശ പൊയ്മുഖം എന്ന് കളിയാക്കിയവരുമുണ്ട്. ഒരു സമൂഹത്തിന് ഉണ്ടായ മൂല്യ ചുതിയും ധാര്‍മ്മിക അധ:പതനത്തിന്റെയും ചെറിയ സൂചനകള്‍.
ഡോ. കഫീല്‍ ഖാന്റെ കഥ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമാണ് ഗോരഖ്പൂര്‍. 2017 ഓഗസ്റ്റ് 10-ന് അവിടത്തെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വാര്‍ഡില്‍ ഡ്യൂട്ടിലുണ്ടായിരുന്നത് ഡോ. കഫീല്‍ ഖാന്‍. പണമടക്കാത്തിനാല്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരണത്തിന്റെ വക്കിലായി. മേലാധികാരികള്‍ മുതല്‍ ജില്ലാ ഭരണാധികാരികളെ വരെ വിവരം അറിയിച്ചിട്ടും ഓക്‌സിജന്‍ ലഭ്യമല്ലാതെ കൂട്ടികള്‍ മരിക്കുന്നതു കണ്ടാണ് കഫീല്‍ ഖാന്‍ സ്വന്തം കീശയില്‍ നിന്ന് പണംമുടുക്കി പൊലീസ് സഹായത്തോടെ ഓക്‌സിജന്‍ സംഘടിപ്പിച്ചത്. ഓക്‌സിജനുള്ള പണം കരാറുകാര്‍ക്ക് സമയത്തിന് നല്‍കാത്തതായിരുന്നു ക്ഷാമത്തിന് കാരണം.
ഇത് യോഗി സര്‍ക്കാറിന് വലിയ നാണക്കേടുണ്ടാക്കി. തുടര്‍ന്ന് കള്ളക്കേസുണ്ടാക്കി കഫീല്‍ ഖാനെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും, ജയിലിലടക്കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ദേശീയ സുരക്ഷാ നിയമം പ്രകാരം വരെ അദ്ദേഹത്തെ തടങ്കലില്‍ ആക്കിയെങ്കിലും അലഹബാദ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ വെടിയേറ്റു മരിച്ചു. സഹോദരനെതിരെ വെടിവച്ചതടക്കം ആ കുടുംബത്തെ എല്ലാ വിധത്തിലും പീഡിപ്പിച്ചു. രാഷ്ട്രീയക്കാര്‍ നടത്തുന്ന അഴിമതിയും കൊള്ളരുതായ്മയും എതിര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യയില്‍ അവര്‍ക്ക് നേരിടേണ്ട തിക്താനുഭവത്തിന്റെ നേര്‍ സാക്ഷ്യമാണ് കഫീല്‍ ഖാന്റെ അനുഭവം.
രോഗികള്‍ക്ക് ഡോക്ടര്‍ പലപ്പോഴും ദൈവതുല്യരാണ്. ദൈവത്തിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയാണ് നമ്മുടെ രീതി. ട്രെയിനില്‍ വച്ച പരിചയപ്പെട്ട അനീറ്റ പറഞ്ഞത് സമ്പല്‍പ്പൂര്‍ ആശുപത്രിയില്‍ രോഗികള്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ കാലില്‍ വീഴുന്ന കാര്യത്തെക്കുറിച്ചാണ്. പക്ഷേ ഇത് കേവലം ബഹുമാനം കൊണ്ടു മാത്രമല്ല, മറിച്ച് ഒരു വലിയ സാമൂഹ്യ പ്രശ്‌നം കൂടി അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. വര്‍ഗ്ഗ-ജാതി പരിഗണനയാല്‍ ഡോക്ടര്‍മാരും രോഗികളും തമ്മില്‍ വലിയ വിടവാണ്. മറ്റ് പലയിടത്തുമുള്ളത് പോലെ വൃത്തിഹീനമായ അവസ്ഥ അവിടെയും തുടരുന്നുണ്ട്. നാട്ടുകാര്‍ക്ക് പാന്‍ മുറുക്കി തുപ്പുന്ന ശീലം ഉള്ളത് ആശുപത്രി അധികൃതര്‍ക്ക് ഒരു തരത്തില്‍ സൗകര്യമാണ്. പലപ്പോഴും മുറുക്കാന്‍ തുപ്പലിനെ മറയാക്കി അവിടം വൃത്തിയാക്കുക പോലുമില്ല. അസൗകര്യത്തിന്റെയും, അഴിമതിയുടെയും, പിടിപ്പുകേടിന്റെയും കേന്ദ്രങ്ങളാണ് ശരാശരി ഇന്ത്യന്‍ ആശുപത്രികള്‍. അതി വിദൂരമായ ഗ്രാമങ്ങളില്‍ നിന്ന് അവിടെയെത്തുന്ന നിരക്ഷരരായ രോഗികള്‍ക്ക് ചിലപ്പോള്‍ ഡോക്ടറെ ഒന്നു കാണാന്‍ തന്നെ ദിവസങ്ങള്‍ ചെലവിടേണ്ടി വരും. അവര്‍ക്ക് അന്തിയുറങ്ങാന്‍ പോയിട്ട് പ്രാഥമിക സൗകര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമുണ്ടാകില്ല. ഭക്ഷണം കഴിക്കലും തഥൈവ. ഇത് ഒറീസയിലെ മാത്രം കഥയല്ല. തലസ്ഥാനമായി ദില്ലി എയിംസില്‍ പോലും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ഇടവേളകളില്‍ തെരുവില്‍ കഴിയേണ്ട അവസ്ഥയാണ്.
ഡോക്ടര്‍-രോഗി അനുപാതം
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടമായ അസമില്‍ ചെലവിട്ട അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ചന്ദ്രശേഖരന്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ നേര്‍ സാക്ഷ്യം നമുക്ക് മുന്നില്‍ വരച്ചു കാട്ടിയിട്ടുണ്ട്. ലോകത്ത് തന്നെ വ്യവസായ രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ചന്ദ്രശേഖരന്‍. അദ്ദേഹവും ടാറ്റാ ചീഫ് എക്കണോമിസ്റ്റുമായ രൂപാ ഉണ്ണികൃഷ്ണനും ചേര്‍ന്നെഴുതിയ 'ബ്രിജിറ്റല്‍ നേഷന്‍ -സോള്‍വിങ്് ടെക്‌നോളജീസ് പീപ്പിള്‍ പ്രോബ്ലം' എന്ന പുസ്തകമാണ് ആ കഥ പറയുന്നത്. വിദൂരമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തി അസമിലെ അതിര്‍ത്തി പട്ടണങ്ങളിലെ പരിമിതമായ സൗകര്യങ്ങളുള്ള ക്ലിനിക്കുകളില്‍ ശസ്ത്രക്രിയക്കടക്കം കാത്തു കെട്ടികിടക്കുന്ന സാധു ഗ്രാമീണരുടെ കഥ. ഏതൊക്കെയാ ഏജന്റുമാരാണ് അവര്‍ക്കും ഡോക്ടമാര്‍ക്കുമിടയിലെ ഇടനിലക്കാര്‍. 11
ലക്ഷത്തോളം അലോപ്പതി ഡോക്ടര്‍മാരാണ് ഇന്ത്യയിലുള്ളത്. ഏകദേശം പതിനായിരം പേര്‍ക്ക് 5 ഡോക്ടര്‍മാരെന്ന പരിതാപകരമായ അവസ്ഥ. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ആളുകള്‍ക്ക്ഒരു പ്രാഥമിക ചികില്‍സാ കേന്ദ്രം വേണമെന്നാണ് കണക്ക്. എന്നാല്‍ മധ്യ ഭാരത്തതില്‍ ഇതൊരു സ്വപ്നം മാത്രം. ഝാര്‍ഖണ്ഡില്‍ 84,000 രോഗികള്‍ക്ക് പോലും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമില്ല. ഉള്ള പ്രാഥമിക കേന്രങ്ങളിലാകട്ടെ ഡോക്ടര്‍മാരടക്കം ശരാശരി 40 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും ഡ്യൂട്ടിക്കുണ്ടാകില്ല. പൊതു ജനാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നിലൊന്ന് ഡോക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. 70 ശതമാനത്തോളം ഇന്ത്യക്കാര്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന നമ്മുടെ രാജ്യത്ത് ഡോക്ടര്‍മാരില്‍ 65 ശതമാനവും നഗരങ്ങളിലാണുള്ളത്.
ലക്ഷക്കണക്കിന് ഡോക്ര്‍മാരുടെയും കാല്‍കോടിയോളം നഴ്‌സുമാരുടെയും കുറവാണ് രാജ്യത്തുള്ളത്. 1700 ആരോഗ്യ പ്രവര്‍ത്തകരുള്ള അമേരിക്കയിലെ ടെക്‌സസ് സര്‍വ്വകലാശാലയിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രതിവര്‍ഷം 42,000 രോഗികളെയാണ് ചികിത്സിക്കുന്നത്. ഉന്നത നിലവാരം പുലര്‍ത്തുന്ന നമ്മുടെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ പോലും അത്രയും തന്നെ രോഗികളെ ചികിത്സിക്കുന്നത് വെറും 188 പേര്‍. അതായത് പത്തിലൊന്ന് മാത്രം. വാറങ്കലിലെ എം.ജി.എം പോലുള്ള ശരാശരി ഇന്ത്യന്‍ പൊതു മേഖലാ ആശുപത്രികളില്‍ ഇതിലും എത്രയോ കുറഞ്ഞ അനുപാതമാണ്. വികസിത രാജ്യങ്ങളില്‍ പത്തോ ഇരുപതോ ആണ് ഒരു ഡോക്ടര്‍ കാണുന്ന പരമാവധി രോഗികള്‍. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ദിവസം ഒരു ഡോക്ടര്‍ കാണുന്നത് നൂറും ഇരുന്നൂറും പേരെയാണ്. അങ്ങനെയിരിക്കെ രോഗികളെ എലി കടിച്ചാലുംമരുന്ന് മാറിയാലുമൊന്നും അത്ഭുതപ്പെടേണ്ടതില്ല.
ഇതൊക്കെ ഏതെങ്കിലും ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ കഥ മാത്രമല്ല. നമ്മുടെ പ്രൗഢ കേരളത്തിലെയും കഥയിതൊക്കെ തന്നെ. കോവിഡ് അഴിമതി മുതല്‍ കാസര്‍കോഡ് ആശുപത്രി വരെ നീളുന്നു ആ കെടുകാര്യസ്ഥത. കോവിഡ് കാലത്തിന്റെ തുടക്കത്തിലെ സംഭവ വികാസങ്ങള്‍ നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാകുമെന്നറിയില്ല.
ടാറ്റാ ആശുപത്രിയില്‍ സംഭവിച്ചത്
50 കിലോമീറ്ററേയുള്ളു കാസര്‍കോഡും അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തിലെ മംഗലുരു പട്ടണവും തമ്മില്‍. അതിലും ഇരട്ടിയോളം ദൂരവും സമയവുമെടുക്കും കണ്ണൂരിലെത്താന്‍. സ്വാഭാവികമായും രോഗ ചികിത്സയ്ക്കായി കാസര്‍ഗോഡുകാര്‍ ഏറെയും ആശ്രയിക്കുന്നത് മംഗലുരുവിനെയാണ്. കാസര്‍ഗോട്ടെ രോഗികള്‍ വരുന്നത് അവര്‍ക്കും പ്രയോജനമുള്ള കാര്യമാണ്. എന്നിട്ടും അത്യാസന്ന നിലയിലുള്ള രോഗികള്‍ പോലും അതിര്‍ത്തികളില്‍ ആംബുലന്‍സുകളില്‍ കാത്തുകെട്ടി കിടക്കേണ്ടി വന്നു. സമയത്തിന് ചികിത്സ കിട്ടാതെ ചിലര്‍ മരിക്കുകയും ചെയ്തു.
മാധ്യമങ്ങളില്‍ വന്ന ഈ ദുരവസ്ഥ പരിഗണിച്ചാണ് 60 കോടി മുടക്കി ടാറ്റാ ഗ്രൂപ്പ് അധികൃതര്‍ റെക്കോര്‍ഡ് വേഗത്തില്‍ പ്രീ-ഫാബ്രിക്കേറ്റഡ് സമ്പ്രദായത്തില്‍ കാസര്‍ഗോഡ് ആശുപത്രി കൂട്ടിയോജിപ്പിച്ചെടുത്തത്. അതും തികച്ചും സൗജന്യമായി. 541 കിടക്കകളുള്ള , 190-ഓളം ജീവനക്കാര്‍ വരെയയുള്ള ഈ ആശുപത്രി കോവിഡ് രോഗികളെ ചികിത്സിക്കാന്‍ വലിയ തോതില്‍ സഹായകരമായി ക്രമേണ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇവിടത്തെ തിരക്കും കുറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ള ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രിയെ വൃക്ക രോഗികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുമുള്ള പ്രത്യേക ആശുപത്രിയായി മാറ്റണമെന്ന ആവശ്യമുര്‍ന്നിരുന്നു. ഇതിനായി ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറണമെന്ന് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ബേബി ബാലകൃഷ്ണന്‍ തന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ ടാറ്റാ ആശുപത്രിയിലെ ഡോക്ടമാരടക്കം 79 ജീവനക്കാരെ സ്ഥലം മാറ്റി പുനര്‍വിന്യാസം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ആരോഗ്യ മന്ത്രിയെയും ആരോഗ്യ ഡയറക്ടറെയും ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം പഠിച്ചു വരുകയാണ് എന്ന മറുപടിയാണ് കിട്ടിയത്. കോവിഡ് ഇനിയും പൂര്‍ണ്ണമായി മാറാത്തതാണ് തീരൂമാനം വൈകാന്‍ കാരണമത്രെ. കാസര്‍ഗോട്ടെ ടാറ്റാ ആശുപത്രിയില്‍ ഇപ്പോള്‍ ആകെ രണ്ടും മൂന്നും രോഗികള്‍ മാത്രം. രണ്ട് ഡോക്ടമാരടക്കം 20 ജീവനക്കാരാണ് ഇപ്പോഴുള്ളത്.
ഇത് കാസര്‍ഗോട്ടെ മാത്രം പ്രശ്‌നമല്ല. പല സ്ഥലത്തും സര്‍ക്കാര്‍ ആശുപത്രികള്‍ കെട്ടിടം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും അത് രോഗികളുടെ ചികിത്സക്കായി സജ്ജമാക്കിയിട്ടില്ല എന്നാതാണ് വസ്തുത. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ഈ നിലപാടില്ലായ്മ. ഒപ്പം പണമില്ലാത്തതും ഒരു പ്രധാന പ്രശ്‌നമാണ്, അത് പക്ഷേ ഒരു സര്‍ക്കാറും സമ്മതിച്ചു തരാറില്ലെന്ന് മാത്രം. പലപ്പോഴും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉള്ളം പണവും കൊള്ളയടിക്കപ്പെടുന്നു. കോവിഡ് കിറ്റുകളടക്കം വാങ്ങാന്‍ നമ്മുടെ സംസ്ഥാനത്തും വന്‍ തിരിമറിയാണ് നടന്നത്. എന്നിട്ടും ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ചെറിയ നടപടികളില്‍ മാത്രം ഒതുങ്ങി കാര്യങ്ങള്‍.
ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ധാര്‍മ്മികതയില്‍ നിന്ന് എപ്പോഴേ വ്യതിചലിച്ചു കഴിഞ്ഞു നമ്മുടെ മന്ത്രിമാര്‍. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ അടക്കമുള്ള നമ്മുടെ സാധാരണക്കാരായ രോഗികളോട് അല്‍പ്പം കരുണയും സഹാനുഭൂതിയും നാം പുലര്‍ത്തണ്ടേ? ഇതിനായി കുറച്ചു ലക്ഷങ്ങള്‍ മുടക്കാന്‍ പോലും സന്നദ്ധതയില്ലാത്തവരാണ് ലക്ഷം കോടി മുടക്കി കെ- റെയില്‍ സ്ഥാപിച്ച കാസര്‍ഗോട്ട് നിന്ന് രോഗികളെ 4 മണിക്കൂറില്‍ തിരുവനന്തപുരത്ത് അതിവേഗം ചികിത്സക്ക് എത്തിക്കാന്‍ പോകുന്നത്. ചികില്‍സക്ക് അടക്കം കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ കെ-റെയില്‍ പോലുള്ള വമ്പന്‍ പദ്ധതികള്‍ സഹായിക്കുമെന്ന് വാദിക്കുന്നവരുണ്ട്.
2020-ല്‍ അമ്പതിനായിരം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. 8 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ചികിത്സാ കച്ചവടം നടത്താന്‍ വമ്പന്‍ പദ്ധതി തയ്യാറാക്കിയിരിക്കവേയാണ് കോവിഡ് എല്ലാം തരിപ്പണമാക്കിയത്. ഇങ്ങനെ വമ്പന്‍ പദ്ധതികള്‍ വിഭാവന ചെയ്യുന്ന നമ്മുടെ നാട്ടിലാണ് ചെറിയ സഹായം കിട്ടാന്‍ വേണ്ടി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെയും കൊണ്ട് കോവിഡ് കാലത്തും കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ അമ്മമാര്‍ക്ക് സത്യാഗ്രഹം കിടക്കേണ്ടി വന്നത്. കണ്ണേ മടങ്ങുക എന്ന് പറഞ്ഞ് ഈ ദുരിത കാഴ്ചകളില്‍ നിന്ന് നമുക്ക് ഓടിയൊളിക്കാം.