Archbishop Soosa Pakiam : കടലിന്റെ മക്കള്‍ക്ക് അഭയതീരം; അജപാലകന്‍ എന്നനിലയില്‍ സൂസപാക്യം പിതാവിന്റെ ജീവിതം!

സൂസപാക്യം പിതാവിന്റെ ഓരോ വാക്കുകളും ഹൃദയത്തില്‍ നിന്ന് പുറത്തു വന്നിരുന്നതു പോലെയാണ് അനുഭവപ്പെടുക. സമകാലിക വിഷയങ്ങള്‍ സ്പര്‍ശിച്ചു കൊണ്ട് കൃത്യമായ നിലപാടുകളും ആശങ്കകളും വെളിവാക്കുന്ന പ്രസംഗം. ചില മതമേലദ്ധ്യക്ഷന്‍മാരും സമുദായ നേതാക്കളും നടത്തുന്നതു പോലെ  വോട്ട് രാഷ്ട്രീയവും സമ്മര്‍ദ്ദ തന്ത്രങ്ങളും ഒന്നുമല്ലായിരുന്നു അതില്‍ നിഴലിച്ചിരുന്നത്. 

opinion archbishop Dr Soosa Pakiams retirement by S biju

ദു:ഖ വെള്ളിയാഴ്ച അവധി ദിനമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടണമായതിനാല്‍ പെസഹ മുതല്‍ വിഷുവും ഈസ്റ്ററും ഒക്കെ ചേര്‍ന്ന് വരുന്ന കുറേ അവധികള്‍ തിരുവനന്തപുരം നഗരത്തെ ആലസ്യത്തിലേക്ക് തള്ളിവിട്ടിരിക്കും. ഓഫീസില്‍ പോലും വേനലവധിക്കാലത്തെ ഈ അവധിച്ചാകരയില്‍ മറുനാട്ടുകാരായ സഹപ്രവര്‍ത്തകര്‍ നഗരം വിട്ടുണ്ടാകും. നാട്ടുകാരായതിനാല്‍ എല്ലാ കുരിശും ചുമക്കാന്‍ വിധിക്കപ്പെടുന്നത് ബ്യൂറോയില്‍ അവശേഷിക്കുന്ന ഞങ്ങള്‍  ഒന്നോ രണ്ടോ പേരായിരിക്കും. 

അങ്ങനെയാണ് ആദ്യമായി കുരിശിന്റെ വഴിയെ പോയത്. മലയാറ്റൂരും താമരശ്ശേരിയിലും ഒക്കെയുള്ള കുരിശിന്റെ വഴി പ്രദക്ഷിണം പോലെ അത്ര പീഡാനുഭവമൊന്നുമല്ല തിരുവനന്തപുരത്ത്. പാളയത്തെ സെന്റ് തോമസ് കത്തീഡ്രലില്‍ നിന്ന് തുടങ്ങി രക്തസാക്ഷി മണ്ഡപവും പാളയം മുസ്ലിം പള്ളിയും ഗണപതി കോവിലും വി ജെ ടി ഹാളും  (ഇപ്പോള്‍ അയ്യങ്കാളി ഹാള്‍), ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും യുദ്ധ സ്മാരകവും ചുറ്റി പള്ളിനടയില്‍ തിരിച്ചെത്തും. എല്ലാം കൂടി  ഒരു കിലോമീറ്റര്‍ ദൂരം. ഇതിനിടയില്‍ ഓരോ അദ്ധ്യായത്തിനും വേണ്ടിയുള്ള ഇടവേള. 

സിറിയന്‍, ഓര്‍ത്തോഡോക്‌സ് പള്ളികളിലെ പൊളപ്പൊന്നും തിരുവനന്തപുരത്തെ ലത്തീന്‍ പള്ളി ചടങ്ങുകളില്‍ ഉണ്ടാവില്ല. എന്നാലും എന്നെ ആകര്‍ഷിച്ചിത് ആ ചടങ്ങുകളില്‍ അതിന് നേതൃത്വം വഹിച്ചിരുന്ന അജപാലകനായിരുന്നു.  സൂസപാക്യം പിതാവിന്റെ ഓരോ വാക്കുകളും ഹൃദയത്തില്‍ നിന്ന് പുറത്തു വന്നിരുന്നതു പോലെയാണ് അനുഭവപ്പെടുക. സമകാലിക വിഷയങ്ങള്‍ സ്പര്‍ശിച്ചു കൊണ്ട് കൃത്യമായ നിലപാടുകളും ആശങ്കകളും വെളിവാക്കുന്ന പ്രസംഗം. ചില മതമേലദ്ധ്യക്ഷന്‍മാരും സമുദായ നേതാക്കളും നടത്തുന്നതു പോലെ  വോട്ട് രാഷ്ട്രീയവും സമ്മര്‍ദ്ദ തന്ത്രങ്ങളും ഒന്നുമല്ലായിരുന്നു അതില്‍ നിഴലിച്ചിരുന്നത്. റോമന്‍ പാശ്ചാത്യ സഭാംഗമായിരുന്നിട്ടും എന്റിക്കാ കപ്പലിലെ ഇറ്റാലിയന്‍  നാവികര്‍ നമ്മുടെ മത്സ്യതൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ നിലപാടെടുത്തു സൂസപാക്യം പിതാവ്. കടലിനെുമീതെ നടന്നവന്റെ സുവിശേഷം പറയുമ്പോഴും എന്നും തീരത്തെ ദരിദ്ര മല്‍സ്യതൊഴിലാളിയുടെ  ശബ്ദമാണ് ആ നാവില്‍ നിന്ന് വന്നിരുന്നത്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം തുറയില്‍ സാധാരണ മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ച സൂസപാക്യത്തിന് അങ്ങനെയേ ജീവിക്കാനാകുമായിരുന്നുള്ളു. മനുഷ്യ സ്‌നേഹവും ഈശ്വരസേവനവും ഒന്നാണെന്ന് മനസ്സിലാക്കിയ സാത്വികനായ പരിശുദ്ധന്‍'-കീഴാളരുടെയും തിരസ്‌കൃതരുടെയും പ്രശ്‌നങ്ങളില്‍ അദ്ദേഹത്തോടൊപ്പം നിന്ന സുഗതകുമാരിയുടെ വാക്കുകള്‍ അത് വ്യക്തമാക്കുന്നു.

 

opinion archbishop Dr Soosa Pakiams retirement by S biju

 

തിരുവനന്തപുരത്തെ തെക്കന്‍ തീരങ്ങള്‍ എന്നും പ്രക്ഷുബ്ധമാണ്; കടലിലും, കരയിലും. മൂന്ന് സമുദ്രങ്ങള്‍ ചേര്‍ന്ന് ചെറിയൊരു കരയെ കൈകാര്യം ചെയ്യുന്നിയിടമാണ് തെക്കേ മുനമ്പ്. സ്വാഭാവികമായും നേര്‍ത്ത കരയിലെ അധിവാസം പല തരത്തില്‍ വെല്ലുവിളി നിറഞ്ഞതാണ്. ചെറിയ സ്ഥലത്ത് നിരവധി പേര്‍ താമസിക്കുന്നു. എല്ലാത്തിനും സൗകര്യം കുറവാണ്. ആവശ്യത്തിന് ഇടമില്ല, വെള്ളമില്ല,  വൈദ്യുതിയില്ല, മാലിന്യനിര്‍മ്മാര്‍ജനമില്ല, ആരോഗ്യ പരിപാലന സംവിധാനമില്ല, ഒപ്പം വിദ്യാഭ്യസവും കുറവായിരുന്ന കാലം. 

കരയിലെ തിരക്ക് കടലിലും വന്നതോടെ തീരങ്ങള്‍ വിട്ട് ഇന്നാട്ടുകാരായ മല്‍സ്യ തൊഴിലാളികള്‍ കടലിന്റെ ആഴങ്ങളും ദൂരങ്ങളും തേടി. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ തൂത്തിരിലെ  മല്‍സ്യ തൊഴിലാളികള്‍ അങ്ങനെയാവും സ്രാവ് വേട്ടക്കാരാവുന്നത്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ മീന്‍ പിടുത്തം. എന്നിട്ടും പലര്‍ക്കും അഷ്ടിക്ക് വക കണ്ടെത്താനായില്ല. പലരും ക്ഷീണവും നിരാശയും തീര്‍ക്കാന്‍ മദ്യ സേവകരായി. ആണുങ്ങള്‍ വീട്ടു കാര്യങ്ങള്‍ നോക്കാതായപ്പോള്‍ സ്ത്രീകള്‍ വലഞ്ഞു. പട്ടിണി മാറ്റാന്‍ അവരില്‍ ചിലരെങ്കിലും തിന്‍മയുടെ മാര്‍ഗ്ഗം തേടി. അങ്ങനെയാണ് എണ്‍പതുകളില്‍  പൊഴിയൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. നെയ്യാര്‍ കരയൊഴിയുന്ന പൊഴിക്കരയുടെ പൂഴിമണ്ണിലെങ്ങും വലിയ ടാങ്കുകള്‍  ഇടം പിടിച്ചു. അതില്‍ പുതയുന്ന ലഹരി സേവിച്ച് ആണുങ്ങള്‍, വില്‍പ്പനക്കാരായി പെണ്ണുങ്ങള്‍, ആകപ്പാടെ വഷളായ അവസ്ഥ. പണിയെടുക്കാന്‍ ഇവിടത്തുകാരായിരുന്നുവെങ്കിലും മറ്റിടങ്ങളിലെ വമ്പന്‍ സ്രാവുകളായിരുന്നു ഇതിന്റെ നേട്ടം കൊയ്തിരുന്നത്. 

പൊഴിയൂര്‍ ഭാഗത്തേക്ക് പോകാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെട്ട കാലം. പൊലീസിനോ, എക്‌സൈസിനോ പോലും അടുക്കാനാകാത്ത അവസ്ഥ. അങ്ങോട്ടു  റിപ്പോര്‍ട്ടിങ്ങിനു പോയാല്‍ അത്യാഹിതം കൂടാതെ മടങ്ങി വരാനാകുമെന്ന് ഞങ്ങള്‍ക്കൊരു ഉറപ്പുമില്ലായിരുന്നു. ഈ കലുഷിതാവസ്ഥ ഏറ്റക്കുറച്ചിലോടെ മറ്റ് തെക്കന്‍ തീരങ്ങളിലുമുണ്ടായിരുന്നു. തീരത്തെ ഏതു ചെറിയ പ്രശ്‌നവും പെട്ടെന്നാണ് ആഞ്ഞടിക്കുന്ന തിരമാല പോലെ രൗദ്രഭാവം പ്രാപിക്കുന്നത്.  ഈയൊരവസ്ഥയിലാണ് സൂസപാക്യം 1989-ല്‍ തിരുവനന്തപുരം രൂപതാ മെത്രാനാകുന്നത്. ഈ തീരത്തെയും അവിടത്തുകാരെയും പോലെ ആ കരയില്‍ തന്നെ വളര്‍ന്നയാളാണ്  അദ്ദേഹം. സ്വാഭാവികമായി  സൂസപാക്യം തിരുമേനിയുടെ മുന്‍ഗണന അവിടത്തെ  പ്രശ്‌ന പരിഹാരത്തിനു തന്നെയായി. . എന്നാല്‍ ഒട്ടും എളുപ്പമല്ലായിരുന്നു അതിനായുള്ള  പ്രയത്‌നങ്ങള്‍. ഓരോ റെയ്ഡും സംഭവബഹുലഹവും സംഘര്‍ഷഭരിതവുമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും-പൊലീസ് മുതല്‍ മദ്യ വര്‍ജന പ്രസ്ഥാനങ്ങളെ വരെ -വര്‍ഷങ്ങളോളം ഏകോപിപ്പിച്ചാണ് സൂസപാക്യം അതിന് അറുതി വരുത്തിയത്. പൊഴിയൂര്‍ ലഹരി മുക്തമായെങ്കിലും മറ്റ് തീരങ്ങളില്‍ മദ്യം ഒരു വലിയ വെല്ലുവിളിയായി തുടര്‍ന്നു. അതിനാല്‍ തന്നെ മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തന്റെ അധികാരയിടങ്ങളില്‍ ഒതുക്കി നിറുത്തിയിരുന്നില്ല.  

 

opinion archbishop Dr Soosa Pakiams retirement by S biju

 

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തിങ്ങി നിറഞ്ഞ താമസവുമാണ് തെക്കന്‍ തീരങ്ങളില്‍. ഇല്ലായ്മകളോടുള്ള ഈ പടവെട്ടല്‍ എന്നും സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ഒരു കനല്‍ വീഴാനുള്ള കാത്തിരിപ്പിലായിരുന്നു തീരങ്ങള്‍. അങ്ങനെ സംഭവിച്ചതാണ് 1995 മേയ് പതിനാലിനും  ജൂലൈ പത്തിലുമായി  ഉണ്ടായ വിഴിഞ്ഞം കലാപം. പ്രത്യക്ഷത്തില്‍ ക്രിസ്ത്യന്‍- മുസ്ലിം ജനവിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗ്ഗീയ കലാപമായിരുന്നുവെങ്കിലും അതിന് അടിത്തറ പാകിയത് തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു. ആഴക്കടലിനരികിലുള്ള നേര്‍ത്ത കരയില്‍ എന്നും അസൗകര്യങ്ങളുടെ വേലിയേറ്റമായിരുന്നു. അവിടെ സാധാരണ സമയത്ത് പോലും റിപ്പോര്‍ട്ടിങ്ങിന് പോകാന്‍ പ്രയാസവും പേടിയുമായിരുന്നു.  കലാപ വേളയില്‍ പോലീസിന് പോലും അവിടെ പണിയെടുക്കാനാകാത്ത വിധം കാര്യങ്ങള്‍ സങ്കീര്‍ണ്ണമായിരുന്നു. 

ആറു പേരുടെ ജീവനെടുത്ത ആ സംഘര്‍ഷം കൈവിട്ടു പോകാമെന്ന അവസ്ഥയില്‍ അതിനെ ആളികത്തിക്കാതെ ഊതിക്കെടുത്താന്‍ പാളയം ഇമാമായിരുന്ന അബ്ദൂള്‍ ഗഫാര്‍ മൗലവിക്കൊപ്പം മുന്‍കൈയെടുത്തത് രൂപതാ മെത്രാനായിരുന്ന സൂസപാക്യമായിരുന്നു. ഞങ്ങളന്ന് സംസാരിച്ചപ്പോഴൊക്കെ ഒരു ഘട്ടത്തിലും ഇതര സമുദായക്കാരയോ പൊലീസിനെയോ അധികാരികളയോ കുറ്റം പറയാതെ സംഘര്‍ഷത്തിന് അറുതി വരുത്താനായിരുന്നു ഓരോ വാക്കിലും നോക്കിലും അദ്ദേഹം ശ്രമിച്ചത്. ആ തീരം എല്ലാ സമുദായങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ സൂസപാക്യം എന്നാല്‍ മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍  കൂടുതലും തന്റെ സമുദായക്കാരായതിനാല്‍ അവിടെ കൂടുതല്‍ സൗകര്യം അനിവാര്യമാണെന്ന് യുക്തി സഹജമായി സമര്‍ത്ഥിച്ചു. മുസ്ലിം സഹോദരങ്ങളുടെ സ്‌നേഹവും ആദരവും പല പ്രാവശ്യം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താനെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് ക്ഷിപ്രകോപികളായ സമുദായംഗങ്ങളെ അദ്ദേഹം അനുനയിപ്പിച്ചു കൊണ്ടേയിരുന്നു. മാത്രമല്ല കടല്‍ഭിത്തി വ്യാപകമായതോടെ മറ്റിടത്തെ തീരങ്ങള്‍ നഷ്ടപ്പെട്ടതോടെയാണ് വിഴിഞ്ഞത്തേക്ക് സ്വാഭാവികമായി എല്ലാവരും വന്നു ചേരുന്നതെന്ന് കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു. മനുഷ്യനെ ബാധിക്കുന്ന അടിസ്ഥാന സാമൂഹ്യ -പാരിസ്ഥിതിക  പ്രശ്‌നങ്ങള്‍ എങ്ങനെ സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും വഴിമാറുമെന്ന ഗ്രൗണ്ട് സീറോയില്‍ നിന്നുള്ള ആ തിരിച്ചറിവായിരിക്കും അദ്ദേഹത്തെ സമുദായത്തിനും അതിരൂപതയ്ക്കുമപ്പുറമുള്ള പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി മാറ്റിയത്. 

 

opinion archbishop Dr Soosa Pakiams retirement by S biju

 

വിഴിഞ്ഞത്തിനടുത്തെ അടിമലത്തുറ പോലുള്ള പ്രദേശങ്ങള്‍ ഒരു കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും രോഗാതുരമായ പ്രദേശങ്ങളില്‍ ഒന്നായിരുന്നു. കടലിനും കുന്നിനുമിടയിലുള്ള ഈ പ്രദേശത്ത് മലിനജലം കെട്ടികിടക്കുമായിരുന്നു. ആരോഗ്യ -വിദ്യാഭ്യാസ അവബോധക്കുറവും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. തൊണ്ണുറുകളുടെ തുടക്കത്തില്‍ ഇവിടങ്ങളില്‍ റിപ്പോട്ടിങ്ങിന് പോകുമ്പോള്‍ അവിടത്തെ വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതര തീരങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റക്കുറച്ചിലോടെ അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൂസപാക്യത്തിന്റെ ഇടപെടലുണ്ടായത്. സമുദായാംഗങ്ങളുടെ
വിദ്യാഭ്യാസക്കുറവാണ് മൂലകാരണമെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം അതിനായി അക്ഷീണം യത്‌നിച്ചു. ലത്തീന്‍ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ നടത്തി കൊണ്ടു പോകാന്‍ പോലും മറ്റുള്ളവരെയാണ് മുന്‍പൊക്കെ  ആശ്രയിച്ചിരുന്നത്.  സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി അവരെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കാനും അദ്ദേഹത്തിനായി

ഇതിനിടയിലും എന്നും മല്‍സ്യ തൊഴിലാളികളുടെ ആദ്യ നാവായി സൂസാപാക്യം നിലകൊണ്ടു. എന്റിക്കാ ലെക്‌സി എന്ന്  ഇറ്റാലിയന്‍ കപ്പലിലെ  നാവികര്‍ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തു. ഓഖി പ്രതിഭാസം നിരവധി മത്സ്യ തൊഴിലാളികളെ ദുരിതക്കൊടുങ്കാറ്റിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അവരുടെ സംരക്ഷണത്തിനും മതിയായ നഷ്ടപരിഹാരത്തിനും അദ്ദേഹം മുറവിളി കൂട്ടി.  ഇത് തീരത്തിനപ്പുറമുള്ള  പൊതു സമൂഹത്തിന്റെ ബധിര കര്‍ണ്ണങ്ങളിലാണ് ഏറെയും പതിച്ചത്. തീരത്തിനപ്പുറത്തെ മനുഷ്യര്‍ക്ക് ആപത്തു വന്നപ്പോഴൊക്കെ മല്‍സ്യതൊഴിലാളികളൈ അദ്ദേഹം രംഗത്തിറക്കി. 2018ലെ പ്രളയത്തില്‍ കേരളം പകച്ചു നിന്നപ്പോള്‍ സൈനികര്‍ക്കുപോലും പരിമതിയുണ്ടായപ്പോള്‍ ജാതിയും മതവും നോക്കാതെ വന്ന തീരങ്ങളിലെ മല്‍സ്യ തൊഴിലാളികളായിരുന്നു കേരളത്തിന്റെ രക്ഷാ സൈന്യമായത്.  തങ്ങളുടെ വള്ളങ്ങള്‍ ലോറിയിലേറ്റി ഇടനാട്ടിലെത്തിച്ച് ചങ്കൂറ്റത്തോടെ അന്നാട്ടുകാരെ പിടിച്ചു കയറ്റിയത് അവരുടെ ചങ്കൂറ്റമൊന്നു കൊണ്ടു മാത്രമാണ്. അതിലൊരു വിഭാഗം സൂസപാക്യം പിതാവ് പറഞ്ഞയച്ചവരായിരുന്നു. 

32 വര്‍ഷത്തെ മെത്രാന്‍ പദവി ഒഴിഞ്ഞ് ബിഷപ്പ് ഹൗസ് വിട്ട് വിശ്രമ ജീവിതം നയിക്കാന്‍ കാരമൂട് സെമിനാരിയിലേക്ക് മാറുകയാണ് അദ്ദേഹം. അരനൂറ്റാണ്ടു കാലത്തെ പൗരോഹിത്യ ജീവിതത്തിനാണ് വിരാമമാവുന്നത്.  സൂസപാക്യം പിതാവിന് അജപാലകനായി അര നൂറ്റാണ്ട് പിന്നിടാനായത് ചെറിയ നേട്ടമല്ല. ആ സത്യദീപം ഇനിയും സമൂഹത്തിന് വഴികാട്ടിയാവട്ടെ.   

Latest Videos
Follow Us:
Download App:
  • android
  • ios