ട്രാഡ്‌വൈഫ്, സ്‌നെയില്‍ഗേള്‍; ഫെമിനിസത്തില്‍നിന്ന് 'കുലസ്ത്രീ' ഗാഥകളിലേക്കുള്ള മടക്കമോ ഈ ട്രെന്‍ഡുകള്‍?
പുരുഷന്മാരെ തിരുത്താന്‍ തങ്ങളുടെ ഒരുതരി ഊര്‍ജ്ജം പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത സ്ത്രീകളാവാം ഇന്നത്തേത്. അവര്‍ക്ക് എന്തിനേക്കാളും പ്രധാനം തങ്ങളുടെ സമാധാനവും സമയവും സന്തോഷവും തന്നെ.
മാറുന്ന കാലത്ത് അതിനോടൊപ്പം സഞ്ചരിക്കുന്ന മനുഷ്യർ. പുതുപുതുമാറ്റങ്ങളിൽ സ്ത്രീകൾ എവിടെയാണ് നിൽക്കുന്നത്? ചുറ്റുമുള്ള ലോകത്തോട് ഇഴുകിച്ചേരുന്നതിനും കലഹിച്ച് മാറുന്നതിനുമെല്ലാം അവർ അവരുടേതായ പുതുവഴികളും തേടുന്നുണ്ടാവണം. എന്നാൽ, സ്ത്രീകളിലെ ഈ മാറ്റങ്ങൾ അംഗീകരിക്കാൻ പുരുഷാധിപത്യലോകത്തിന് അത്ര എളുപ്പത്തിലൊന്നും സാധിക്കാത്തതെന്താവും?
ലോകത്തേറ്റവുമധികം കുറ്റബോധത്തോടെ ജീവിക്കുന്നത് ഒരു പക്ഷേ സ്ത്രീകളായിരിക്കും. ആ കുറ്റബോധം അവരില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. കരിയറും സ്വതന്ത്രമായ ജീവിതവുമൊക്കെ സ്‌നേഹിക്കുന്ന സ്ത്രീകളാണെങ്കില്‍ പറയുകയേ വേണ്ട.
എങ്കിലും, വീടിന് പുറത്തിറങ്ങാത്ത, സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന, വോട്ടവകാശം പോലുമില്ലാതിരുന്ന ഒരാള്‍ എന്നതില്‍ നിന്നും ജോലി ചെയ്യുന്ന, ഇഷ്ടത്തിന് പുറത്തിറങ്ങുന്ന, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച നിലയിലേക്ക് സ്ത്രീകള്‍ മാറിയിട്ടുണ്ട്. ആ യാത്ര ഒരിക്കലും റോസാപ്പൂ വിരിച്ച പാതയിലൂടെയായിരുന്നില്ല. നിരന്തരം സമരം ചെയ്തും, കലഹിച്ചും, പല ഇടങ്ങളും നഷ്ടപ്പെടുത്തിയും ഒക്കെത്തന്നെയാണ് അത്തരമൊരു സ്ത്രീ ഉണ്ടായിവന്നത്.
എന്നാല്‍ വര്‍ത്തമാനകാലത്തെ ചില ട്രെന്‍ഡുകള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പല കാലങ്ങളില്‍ നടന്ന സമരങ്ങളെ അത്രയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ളതാണെന്ന് പറയേണ്ടിവരും. പാശ്ചാത്യലോകത്ത് വളരെ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന ഈ ട്രെന്‍ഡുകള്‍ അദൃശ്യമായി നമ്മളെയും സ്വാധീനിച്ച് കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കാണാം.
ട്രാഡ്‌വൈഫ് ട്രെന്‍ഡും സ്‌നെയില്‍ ഗേള്‍ ഇറയും
ട്രാഡ്‌വൈഫ് ട്രെന്‍ഡ് (Tradwife trend): പരമ്പരാഗതരീതിയിലുള്ള ഭാര്യ/വീട്ടമ്മ എന്നതിനെയാണ് 'ട്രാഡ്‌വൈഫ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 'കുലസ്ത്രീ' എന്ന വാക്കിനാല്‍ നമ്മുടെ സമൂഹം നിര്‍വചിച്ച അതേ ചട്ടക്കൂട്. കുടുംബത്തിലും സമൂഹത്തിലും ഒരു സ്ത്രീയുടെ റോള്‍ എന്തൊക്കെയാണ് എന്ന് പരമ്പരാഗതമായി നാം കരുതിയിരുന്നോ ആ റോള്‍ അതേപടി ചെയ്തുകൊണ്ട് ജീവിക്കുന്ന സ്ത്രീകള്‍. വീട്ടിലെ കാര്യങ്ങള്‍ നോക്കുക, കുട്ടികളെ നോക്കുക, ഭര്‍ത്താവിന്റെ ലൈംഗികമായ ആവശ്യങ്ങള്‍ നിറവേറ്റുക തുടങ്ങിയവയൊക്കെയാണ് ഒരു സ്ത്രീയുടെ കടമ എന്നവര്‍ വിശ്വസിക്കുന്നു. 90 -കളിലെ സ്ത്രീകളെപ്പോലെ ജീവിക്കാനാണ് ഞങ്ങൾക്കിഷ്ടം എന്നാണ് ഈ സ്ത്രീകൾ പറയുന്നത്.
ഒരു ട്രാഡ്‌വൈഫ് വീട്ടിലിരിക്കാന്‍ ആഗ്രഹിക്കുന്നു. ജോലിയുണ്ടായിരുന്നുവെങ്കില്‍, അത് ഉപേക്ഷിക്കുകയും മുഴുവന്‍ സമയവും വീട്/കുടുംബം, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവയ്ക്ക് വേണ്ടി മാറ്റിവയ്ക്കുകയും ചെയ്യുന്നു. ഇവിടെ ജോലി ചെയ്ത് പണം സമ്പാദിക്കുക എന്നത് ഭര്‍ത്താവിന്റെ മാത്രം കടമയാണ്.
ഇനി, എപ്പോഴാണ് ഇങ്ങനെയൊരു ട്രെന്‍ഡ് ഉണ്ടായി വന്നത് എന്ന് പരിശോധിച്ചാല്‍ 2018 -ന്റെ പകുതിയോടെയാണ് ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റില്‍ 'ട്രാഡ്‌വൈഫ്' എന്ന പദം തിരഞ്ഞു തുടങ്ങിയത് എന്ന് കാണാം. 2020 -ന്റെ തുടക്കത്തോടെ ആ പദത്തിന് വേണ്ടിയുള്ള സെര്‍ച്ച് വളരെയധികം വര്‍ദ്ധിച്ചു.
സ്ത്രീകളിലുണ്ടാവുന്ന ആശയക്കുഴപ്പങ്ങളും സമ്മര്‍ദ്ദങ്ങളും
ഭാര്യ, ഭര്‍ത്താവ് എന്നതില്‍ നിന്നും മാറി 'ജീവിതപങ്കാളി' എന്ന് വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കാന്‍ പാകപ്പെടുന്ന ഒരു ലോകം സ്വപ്നം കാണുന്ന അനേകം പേര്‍ ഇന്നുണ്ട്. അവരെ സംബന്ധിച്ച് 'ട്രാഡ്‌വൈഫ് സങ്കല്‍പം' സ്വല്‍പം നിരാശയുണ്ടാക്കുന്ന ഒന്നായിരിക്കാം.
എന്നാല്‍, എത്രയോ സ്ത്രീകള്‍ ഇന്ന് ഈ ജീവിതരീതി പിന്തുടരുന്നുണ്ട്. അവരില്‍ പലരും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതം പങ്കുവയ്ക്കാറുമുണ്ട്. 'പെര്‍ഫെക്ട് കുടുംബം' എന്ന് കാഴ്ച്ചക്കാരെക്കൊണ്ട് പറയിപ്പിക്കുന്നതാണ് അത്തരം വീഡിയോകള്‍.
അതേസമയം, രാവിലെ വീട്ടുജോലികളെല്ലാം ചെയ്തശേഷം ഓഫീസില്‍ പോവുകയും വൈകുന്നേരം മാത്രം തിരിച്ചെത്തുകയും ചെയ്യുന്ന സ്ത്രീ. തിരിച്ചെത്തിയാല്‍ വീണ്ടും വീട്ടിലെ പണി തന്നെ. അവിടെയും അവസാനിച്ചില്ല. കിടപ്പറയില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനെ, താല്പര്യമുണ്ടായാലും ഇല്ലെങ്കിലും, തൃപ്തിപ്പെടുത്തുക എന്നതും അവരുടെ 'കടമ'യാണ്. എല്ലാം ഒതുക്കി ബാക്കി കിട്ടുന്ന അര മണിക്കൂര്‍ നേരമാവും ഈ സ്ത്രീകള്‍ 'ട്രാഡ്‌വൈഫു'മാര്‍ പങ്കുവയ്ക്കുന്ന വീഡിയോ കാണുന്നത്. ആ സമയത്ത് താന്‍ ചെയ്യുന്നത് ഇരട്ടിജോലിയാണ് എന്നവര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാകില്ല.
വലിയ ചര്‍ച്ചകളാണ് 'ട്രാഡ്‌വൈഫ് ട്രെന്‍ഡി'നെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളില്‍ ഉയരുന്നത്. ഒരു വിഭാഗം അതിനെ നിശിതമായി വിമര്‍ശിക്കുന്നു. മറ്റൊരു വിഭാഗം തന്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമില്ല എന്ന് പറയുന്നു.
'ട്രാഡ്‌വൈഫാ'യി ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയില്‍ തന്നെ നിക്ഷിപ്തമാണെന്നാണ് മാധ്യമപ്രവര്‍ത്തകയായ വെന്‍ഡി സ്‌ക്വയേഴ്‌സ് പറയുന്നത്. സ്ത്രീകളെ താഴ്ത്തിക്കാണിക്കുക എന്നത് പുരുഷാധിപത്യത്തിന്റെ ജോലിയാണെന്നും അത് ഫെമിനിസത്തിന്റെ ജോലിയല്ല എന്നും അവര്‍ പറയുന്നു (കടപ്പാട്: വിക്കിപ്പീഡിയ).
സ്‌നെയില്‍ ഗേള്‍ ഇറ (Snail girl era)
ഇനി, ഏറെക്കുറെ ഇതിനോട് സാദൃശ്യം പുലര്‍ത്തുന്ന മറ്റൊരു ട്രെന്‍ഡാണ് 'സ്‌നെയില്‍ ഗേള്‍ ഇറ'. ഒച്ചിനെപ്പോലെ വളരെ പതുക്കെ സഞ്ചരിക്കുന്ന സ്ത്രീയെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നമ്മുടെ ചുറ്റുമുള്ള സ്ത്രീകളെ ശ്രദ്ധിച്ചാല്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി ഒരുതരം തിടുക്കം അവരില്‍ കാണാം. തിടുക്കപ്പെട്ടാണ് അവര്‍ ഓഫീസിലെത്തുന്നത്, തിടുക്കപ്പെട്ടാണ് തിരികെ വീട്ടിലെത്തുന്നത്. തിടുക്കപ്പെട്ടാണ് അവര്‍ ജോലികളെല്ലാം തീര്‍ക്കുന്നതും. കാരണം മറ്റൊന്നുമല്ല, അവര്‍ക്ക് അത്രയേറെ ചെയ്ത് തീര്‍ക്കാനുണ്ട്. വെറും നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ഉറങ്ങുന്ന അനേകം സ്ത്രീകളെ നമുക്ക് കാണാം. പക്ഷേ, ഇതിന് നേരെ വിപരീതമാണ് സ്‌നെയില്‍ ഗേള്‍ ഇറ.
'സ്‌നെയില്‍ ഗേള്‍' എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് ഡിസൈനറും 'ഹലോ സിസി' എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമായ സിയന്ന ലുഡ്ബെയാണ്. ഫാഷന്‍ ജേര്‍ണലിനായി സെപ്തംബറില്‍ എഴുതിയ ലേഖനത്തിലാണ്, 'സ്‌നെയില്‍ ഗേള്‍ ഇറ' യെ കുറിച്ച് ഇവര്‍ പരാമര്‍ശിക്കുന്നത്.
വളരെ തിരക്കുള്ള ജീവിതത്തില്‍ നിന്നും മാറി എന്തുകൊണ്ടാണ് താന്‍ സന്തോഷത്തെ തിരഞ്ഞെടുക്കുന്നത് എന്നതിനെ കുറിച്ചായിരുന്നു ലുഡ്‌ബെയുടെ പരാമര്‍ശം. തന്നിലുണ്ടായിരുന്ന 'ഗേള്‍ ബോസ്' മരിക്കുകയും 'സ്‌നെയില്‍ ഗേള്‍' പിറക്കുകയും ചെയ്തു എന്നായിരുന്നു ലുഡ്‌ബെ പറഞ്ഞത്.
അതായത്, തനിക്ക് ഒരു ഗേള്‍ബോസാവണ്ട. പുരുഷന്മാരോട് കലഹിച്ചും അവരെ തിരുത്താന്‍ ശ്രമിച്ചും തന്റെ സന്തോഷം, ഊര്‍ജ്ജം, സമയം എന്നിവ പാഴാക്കാന്‍ താല്പര്യമില്ല എന്നായിരുന്നു അവരുടെ പക്ഷം. പകരം വളരെ സമാധാനപൂര്‍ണവും സന്തോഷമുള്ളതും അവളവള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതുമായ ഒരു ജീവിതമാണ് താന്‍ തെരഞ്ഞെടുക്കുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
രാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം തീര്‍ത്ത് ഓഫീസിലേക്ക് ഓടുന്നതിനു പകരം ഒരു ഗ്ലാസ് ചായയോ കാപ്പിയോ ഗ്രീന്‍ ടീയോ ഒക്കെ ആസ്വദിക്കുകയോ, ഒന്ന് നടക്കാന്‍ പോവുകയോ ഒക്കെ ചെയ്യുന്നതെല്ലാം ഇതില്‍ പെടുന്നു. ഒട്ടും തിരക്കില്ലാതെ പതിയെ, ജീവിതത്തിന്റെ ഓരോ തുള്ളി രുചിയും വലിച്ചെടുത്ത് ജീവിക്കുക എത്ര മനോഹരമാണത് അല്ലേ?
ഈ യുഗത്തിലെ സ്ത്രീകള്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത് 'ലേസി ഗേള്‍ ജോബു'കളാണ്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും തങ്ങളുടെ ദിനചര്യകളും മറ്റും പങ്കിടുക എന്നതൊക്കെ അതില്‍ പെടും. ഉദാഹരണം: സ്‌കിന്‍ കെയര്‍ റുട്ടീനുകള്‍ പങ്കുവയ്ക്കുക, സൗന്ദര്യസംരക്ഷണത്തിനുള്ള ടിപ്പുകള്‍ പങ്ക് വയ്ക്കുക. ഇതിലൂടെ കിട്ടുന്നതാണ് അവരുടെ വരുമാനം. പുതുതലമുറയിലെ ആളുകളാണ് ഇത്തരം 'ലേസിഗേള്‍ ജോബ്' കൂടുതലായും തെരഞ്ഞെടുക്കുന്നത്.
ഇരട്ടഭാരം
കൊവിഡ് മഹാമാരിക്കാലത്ത് പുതിയ പല കാര്യങ്ങളും നമ്മള്‍ പരിചയപ്പെട്ടു. പലര്‍ക്കും 'വര്‍ക്ക് ഫ്രം ഹോം' അതിലൊന്നായിരുന്നു. എന്നാല്‍, വര്‍ക്ക് ഫ്രം ഹോമിലുമുണ്ടായി വലിയ അസമത്വം.
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പുരുഷന്മാര്‍, മുഴുവന്‍ സമയവും ജോലിക്കോ അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്കോ വേണ്ടി മാറ്റിവച്ചപ്പോള്‍ സ്ത്രീകള്‍ക്ക് പലപ്പോഴും വീട്ടിലെ ജോലികളും കുട്ടിയെ നോക്കലും, എന്തിന് വീട്ടിലിരിക്കുന്ന ഭര്‍ത്താവിനെ നോക്കേണ്ട അവസ്ഥ വരെ ഉണ്ടായി. സ്ത്രീകളെപ്പോഴും 'ഡബിള്‍ ബേര്‍ഡന്‍' (Double burden) ചുമക്കുന്നു എന്നര്‍ത്ഥം.
ഈ ഇരട്ടഭാരത്തെ 'ഡബിള്‍ ഡേ', 'സെക്കന്റ് ഷിഫ്റ്റ്', 'ഡബിള്‍ ഡ്യൂട്ടി' എന്നെല്ലാം വിളിക്കാം. അതായത് ജോലി സ്ഥലത്തെ ജോലികളെല്ലാം തീര്‍ത്തുവന്ന ശേഷം ചെയ്യേണ്ടി വരുന്ന ശമ്പളമില്ലാത്ത അധികജോലികള്‍. അത് പുരുഷനോ സ്ത്രീയോ എടുക്കുന്ന അമിതഭാരമാകാം. എന്നാല്‍, ലോകത്തെമ്പാടും ഈ അധികഭാരം ചുമക്കുന്നത് സ്ത്രീകളാണ്.
1989 -ല്‍ പ്രൊഫസറും എഴുത്തുകാരിയുമായ ആര്‍ലി റസ്സല്‍ ഹോചൈല്‍ഡ് (Arlie Russell Hochschild) 'ദ സെക്കന്റ് ഷിഫ്റ്റ്: വര്‍ക്കിങ് പാരന്റ്‌സ് ആന്‍ഡ് ദ റെവല്യൂഷന്‍ അറ്റ് ഹോം' (The Second Shift: Working Parents and the Revolution at Home) എന്നൊരു പുസ്തകം എഴുതി. ഈ പുസ്തകത്തില്‍ 20 -ാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ജോലിക്കാരായ അമ്മമാരുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. 2012 -ല്‍ പുസ്തകം കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വീണ്ടും പ്രസിദ്ധീകരിച്ചു.
21 -ാം നൂറ്റാണ്ടിലെ അമ്മമാരുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന് ചുറ്റുപാടും നോക്കിയാല്‍ തന്നെ കാണാം. ജോലിക്കാരായ സ്ത്രീകള്‍ക്ക് തങ്ങളുടെ 'സെക്കന്റ് ഷിഫ്റ്റു'കളില്‍ നിന്നും ഒളിച്ചോടുക വലിയ ബുദ്ധിമുട്ട് തന്നെ. അവിടെയാവണം ചിലരെങ്കിലും ട്രാഡ്‌വൈഫാകാനും സ്‌നെയില്‍ ഗേളാകാനും തീരുമാനിക്കുന്നത്.
മാറാത്ത പുരുഷന്‍, മാറുന്ന സ്ത്രീകള്‍, അവരുടെ തെരഞ്ഞെടുപ്പുകള്‍!
കുടുംബത്തിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുരുഷാധിപത്യം തന്നെയാണ്. കാലമെത്ര മാറിയാലും പുരുഷന്മാരുടെ മാറ്റം വളരെ പതിയെയാണ്. വീട്ടിലെ ജോലികളും ചുമതലകളും പുരുഷന്മാര്‍ കൂടി തുല്യമായി പങ്കിട്ടെടുക്കാന്‍ തയ്യാറായാല്‍, തൊഴിലിടങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളും വീടും ഒരുപോലെ ആസ്വദിക്കാനായേനെ.
പക്ഷേ, പുരുഷന്മാരെ തിരുത്താന്‍ തങ്ങളുടെ ഒരുതരി ഊര്‍ജ്ജം പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത സ്ത്രീകളാവാം ഇന്നത്തേത്. അവര്‍ക്ക് എന്തിനേക്കാളും പ്രധാനം തങ്ങളുടെ സമാധാനവും സമയവും സന്തോഷവും തന്നെ. 'നിങ്ങള്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ ഞങ്ങളിതാ മാറുന്നു' എന്ന സ്ത്രീകളുടെ നിശ്ശബ്ദ പ്രഖ്യാപനമായിക്കൂടി ഈ പുതുട്രെന്‍ഡുകളെ കാണാം.
പക്ഷേ, പല തൊഴിലിടങ്ങളിലും പതിയെ പതിയെ സ്ത്രീകളുടെ സാന്നിധ്യം ഇല്ലാതാവാന്‍ ഈ പുതിയ ട്രെന്‍ഡുകള്‍ കാരണമായിത്തീരുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. അതുപോലെ, ഇതുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചും വലിയ അറിവായിട്ടില്ല. ഏതായാലും, മാറാത്തതായി മാറ്റം മാത്രമേ ഉള്ളൂവെന്നല്ലേ? പുതുകാലത്ത് സ്ത്രീകളും പിന്തുടരുകയാണ് അവരുടേതായ പുതുരീതികള്‍.