നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച പ്രവേശന പരീക്ഷാ തട്ടിപ്പിന്‍റെ വ്യാപ്തി
അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഉന്നത പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പിന് ആരാണ് കാരണം? നീറ്റ് പരീക്ഷാ തട്ടിപ്പിന്‍റെ ഉള്ളുകള്ളികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഒന്നാം ഭാഗം വായിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആവേശത്തിലായിരുന്നു രാജ്യം. ലീഡ് നില മാറി മാറിയുന്ന മണിക്കൂറുകൾ. സഖ്യകക്ഷി സർക്കാർ ഭരണത്തിലേക്ക് രാജ്യം നീങ്ങുന്ന ഫോട്ടോഫിനിഷിംഗ്. അന്ന് വൈകുന്നേരമാണ് 24 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് യുജി പരീക്ഷ ഫലം എൻടിഎ പ്രസിദ്ധീകരിക്കുന്നത്. ഫലം അറിയേണ്ടവർ മാത്രം ശ്രദ്ധിച്ചിരുന്ന ആ വാർത്ത അധികാരത്തിലെത്തിയ എന്‍ഡിഎ സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി, ഫല പ്രഖ്യാപനത്തിന്‍റെ ഭാഗമായി ആദ്യ നൂറ് റാങ്കുകാരുടെ വിവരങ്ങൾ എൻടിഎ പുറത്ത് വിട്ടിരുന്നു. അതിൽ നിന്ന് തുടങ്ങിയ വിവാദം ഇപ്പോൾ രാജ്യത്തെ പൊതുപ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചു.
നീറ്റ് വിവാദം, ഉന്നത വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കുന്ന പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. പ്രധാനപ്പെട്ട പ്രവേശന പരീക്ഷകൾ എല്ലാം ഇതോടെ സംശയ നിഴലിലായി. ഏകീകൃത പൊതുപരീക്ഷാ സംവിധാനത്തിനായി ബിജെപി സർക്കാർ കൊണ്ടുവന്ന. 'ദേശീയ പരീക്ഷാ ഏജൻസി'യുടെ വിശ്വാസ്യത തന്നെ തകർന്നു.
നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ
നീറ്റ് പരീക്ഷ വിവാദത്തിൽ എന്താണ് ശരിക്കും സംഭവിച്ചത്
'അസാധാരണം' എന്ന് വിളിക്കാവുന്നതായിരുന്നു എൻടിഎ പുറത്തിറക്കിയ മെറിറ്റ് പട്ടിക. 67 പേർക്ക് ഒന്നാം റാങ്ക്. അതായത് 720 ൽ 720 മാർക്ക് ലഭിച്ചവര്‍ 67 പേരെന്ന്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന വിവരം പിന്നാലെ പുറത്ത് വന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് പിന്നീട് എൻടിഎ വിശദീകരിച്ചത്. സമയക്കുറവ് കൊണ്ട് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതി ഉന്നയിച്ചവർക്കും എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനും ഗ്രേസ് മാർക്ക് നൽകിയതാണ് ഉയർന്ന റാങ്ക് നേടിയവരുടെ എണ്ണം കൂടാൻ കാരണമെന്ന് എൻടിഎ വാർത്താ കുറിപ്പ് ഇറക്കി.
മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ അവകാശപ്പെട്ടത്. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും അസ്വഭാവികത ഉന്നയിച്ചു. ചോദ്യ പേപ്പർ ചോർന്നതാണെന്ന ആക്ഷേപം, ബീഹാർ പൊലീസ് എടുത്ത കേസിന് പിന്നാലെ ശക്തമായി. ഗ്രേസ് മാർക്കിൽ തുടങ്ങി ചോദ്യപേപ്പർ ചോർച്ചയിൽ എത്തി നിൽക്കുകയാണ് നിലവിൽ നീറ്റ് വിവാദം.
ഒരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ദിനംപ്രതി വിഷയം ഉയർത്തി വിദ്യാർത്ഥി സംഘടനകൾ തെരുവിൽ പ്രതിഷേധിക്കുന്നു. സർക്കാരിന്‍റെ നടപടികളെ ചോദ്യം ചെയ്തത് ഭരണാനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപിയും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്ത് ഇറങ്ങുന്നു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതെയാക്കുന്ന ക്രമക്കേടുകളാണ് എൻടിഎയിലും പ്രവേശന പരീക്ഷകളിലും നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധങ്ങൾക്കും രാജ്യ തലസ്ഥാനം സാക്ഷിയായി.
ഒന്നിന് പുറകെ ഒന്നായി 'ചോരുന്ന ചോദ്യപേപ്പറുകള്‍'
മൂന്നാം മോദി സർക്കാരിന്‍റെ വരവിനെ നീറ്റ് വിവാദം പ്രതികൂലമായി ബാധിച്ചു. പരീക്ഷാ സംവിധാനങ്ങളിൽ അടിമുടി അട്ടിമറി നടന്നെന്ന വാദം ശക്തമായി. വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയതോടെ പരസ്യ പ്രതികരണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർബന്ധിതരായി. വാർത്താ സമ്മേളനം വിളിച്ച് ആദ്യം വിശദീകരിച്ചത്, എൻടിഎ ഡയറക്ടർ ജനറൽ സുബോധ്സിങ്ങ്. പിന്നീട് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്ത് വരേണ്ടി വന്നു. ഗ്രേസ് മാർക്ക് ഒഴിവാക്കിയും പുനഃപരീക്ഷ നടത്തിയും വിവാദങ്ങൾ തണുപ്പിക്കാൻ എൻടിഎയെയും സർക്കാരും ശ്രമിച്ചു.
നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയത് 13,16,268 വിദ്യാർത്ഥികൾ; മുഴുവൻ മാർക്കും നേടി 67 പേർ
എന്നാൽ, സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ 9 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ യുജിസി നെറ്റ് പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതോടെ ഇത് റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. ചോദ്യപേപ്പർ ചോർച്ച തന്നെ വില്ലനായതോടെ സിഎസ്ഐആർ നെറ്റ് പരീക്ഷയും റദ്ദാക്കി. ഒന്നിന് പിറകേ ഒന്നായി എൻടിഎ നടത്തുന്ന പരീക്ഷകളിൽ ക്രമക്കേട് ഉയർന്നതോടെ കടുത്ത നടപടിയിലേക്ക് കേന്ദ്രം നീങ്ങി. എൻടിഎ ഡി ജി സുബോധ് കുമാർ സിങ്ങിനെ നീക്കി. പകരം റിട്ടേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ്ങ് കരോളയ്ക്ക് ചുമതല നൽകി. കൂടാതെ നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ അന്വേഷണം സിബിഐക്കും വിട്ടു
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി
ഒന്നും രണ്ടുമല്ല, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നീളുന്ന ക്രമക്കേടിന്‍റെ കഥകളാണ് നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ പുറത്തു വരുന്നത്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിപ്പ് ലക്ഷ്യമിട്ട് തുടങ്ങിയ ഏജൻസിക്ക് കാര്യങ്ങൾ കൈവിട്ടു പോയി എന്ന് ചുരുക്കും. ഡാർക്ക് വെബിൽ നടക്കാനിരിക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വിൽപനയ്ക്ക് വെക്കുന്നു. ചോർച്ചയുടെ പ്രഭവ കേന്ദ്രം കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന ഏജൻസി. 'കള്ളൻ അകത്തോ പുറത്തോ' എന്ന ചോദ്യത്തിന് പോലും അന്വേഷണ ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുന്നു.
നീറ്റ് പരീക്ഷ നടന്ന മെയ് 4 നാലിന് തന്നെ ബീഹാറിൽ ചോദ്യപേപ്പർ ചോർന്നെന്ന വിവരം പുറത്ത് വന്നിരുന്നു. കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതോടെ കണ്ണികൾ ഒരോന്നായി പുറത്തു വന്ന് തുടങ്ങി. 13 പേരെ പൊലീസ് ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തത്. നാല് വിദ്യാർത്ഥികളും പ്രധാന ഇടനിലക്കാരും പിടിയിലായി. പരീക്ഷാ തലേന്ന് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ രഹസ്യകേന്ദ്രത്തിൽ വച്ച് പഠിക്കാനായി കൈമാറിയെന്ന്, അറസ്റ്റിലായ വിദ്യാർത്ഥി അവിനാഷിന്‍റെ മൊഴി പുറത്തുവന്നു.
നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി
നാൽപത് ലക്ഷം രൂപയ്ക്ക് ബന്ധു വഴി ചോദ്യപേപ്പർ കിട്ടിയെന്നാണ് അവിനാഷിന്‍റെ മൊഴി. ചോദ്യപേപ്പർ കൈമാറുന്നതിന് 40 മുതൽ 50 ലക്ഷം രൂപ വരെ, പണം പറഞ്ഞ് ഉറപ്പിച്ചെന്ന് പ്രധാന ഇടനിലക്കാരൻ സിഖന്ദർ പ്രസാദിന്‍റെ കുറ്റസമ്മതം. മുപ്പത് പേർക്ക് ചോദ്യപേപ്പർ നൽകിയെന്ന് അറസ്റ്റിലായ മറ്റൊരു പ്രതിയുടെ മൊഴി. മഹാരാഷ്ട്രയിൽ നിന്നടക്കം ചില സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ബീഹാറിലേക്ക് പരീക്ഷ എഴുതാൻ എത്തിയതിലെ അസ്വഭാവികതയും നിലവിൽ അന്വേഷണ പരിധിയിലാണ്. കഴിഞ്ഞ തവണ ഏറെ താഴെയുള്ള റാങ്കുകൾ ലഭിച്ച ഇവർക്ക് ഇക്കുറി ഉയർന്ന റാങ്ക് ലഭിച്ചതിലും സിബിഐ അന്വേഷണം നടക്കുന്നു.
ക്രമക്കേടിൽ ബീഹാറിൽ നിന്ന് ഒരോ ദിവസവും പറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഓയസിസ് സ്കൂളിൽ നിന്നാണെന്ന് കണ്ടെത്തൽ അന്വേഷണത്തിൽ വഴിത്തിരിവായി. പ്രതികൾ കത്തിച്ച് കളഞ്ഞ ചോദ്യപേപ്പറുകളിൽ നടത്തിയ പരിശോധനയിൽ നിന്നാണ് ജാർഖണ്ഡിൽ നിന്നാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന നിർണ്ണായക വിവരം ലഭിച്ചത്. സ്കൂളിലെ സ്ട്രംഗ് റൂമിൽ നിന്ന് ലഭിച്ച ചോദ്യപേപ്പറുകൾ എത്തിച്ച ഇടനിലക്കാരൻ സിന്തു കുമാർ അടക്കം അഞ്ച് പേർ അറസ്റ്റിലായി. ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നായി 18 പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ചോദ്യപേപ്പർ മാഫിയയിലേക്ക് അന്വേഷണം എത്തിനില്‍ക്കുന്നത്.
രണ്ടാം ഭാഗം: നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച 'സോൾവർ ഗ്യാങും' ചേരുന്ന ചോദ്യപേപ്പറുകളും
മൂന്നാം ഭാഗം: നീറ്റ് വിവാദം; എന്‍ടിഎയും ചോദ്യപേപ്പര്‍ ചോരുന്ന വഴികളും