പിന്നാലെ കാമുകിമാര്‍, പ്രണയാഭ്യര്‍ത്ഥനകള്‍,ഒടുവില്‍ യൂട്യൂബ് രാജ്യത്തേക്ക് ഒളിച്ചോടിയ പുട്ടും കടലയും!
'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് പുട്ടും കടലയും
ഈ സമയം, നേര്‍ച്ചയുമിട്ട് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു കടലയും. 'ഒന്നിക്കണം. അതു മാത്രമേയുള്ളു ഇനി പോംവഴി. ഈ നാട്ടില്‍ നിന്നാല്‍ അതൊരിക്കലും നടക്കില്ല.'അവള്‍ പുട്ടിനോട് പറഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല പുട്ട്. അവര്‍ നാടുവിട്ടു.
എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ തുടങ്ങിയതാണ് പുട്ടിനോടുള്ള പ്രണയം, പക്ഷേ അറിഞ്ഞിരുന്നില്ല, പുട്ടിന് പ്രണയം കടലയോടാണെന്ന്. ചെറിയ പ്രണയം ഒന്നുമല്ല, അസ്ഥിക്ക് പിടിച്ച പ്രണയം. ഒന്നായി തീരാനായിട്ട് കാത്തിരിക്കുന്ന മറ്റൊരു പളനിയും കറുത്തമ്മയും!
അസൂയ കൊണ്ട് പറയുകയാണെന്ന് കരുതരുത്, ഇത്രമാത്രം പ്രണയിക്കാന്‍ മാത്രം കടലയില്‍ എന്താണ് പുട്ട് കണ്ടത് എന്ന് എനിക്ക് ഇനിയും മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ തന്നെ ഏത് പ്രേമത്തിലാണ് യുക്തിയും കാര്യകാരണബന്ധവുമുണ്ടാവുക. കാര്യവും കാരണവുമൊക്കെ വന്നാല്‍ പിന്നെ ഏത് പ്രേമമാണ് അവിടെ കസേര വലിച്ചിട്ട് ഇരിക്കുക!
അതവിടെ നില്‍ക്കട്ടെ, ഞാനെന്‍റെ പുട്ടു പ്രണയെത്ത കുറിച്ചു പറയാം. അതിനിടയ്ക്ക് മണ്ണും ചാരിനിന്ന് എന്‍റെ ചെറുക്കനെ കട്ടോണ്ടുപോയ കടലക്കറിയെക്കുറിച്ചും. ദോശയും, ഇഡ്ലിയും, ഇടിയപ്പവും വീട്ടില്‍ മടുത്തു കഴിയുമ്പോള്‍ ഓടി വന്നിരുന്ന ഒരാള്‍ മാത്രമല്ല പുട്ട്. എനിക്കതിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. എന്നു വെച്ചാല്‍ ചെറിയൊരു പ്രണയം. പക്ഷേ, ഈ കടല കാര്യങ്ങളെല്ലാം തകിടം മറിച്ചു. അതിനാല്‍, പുട്ടിന്‍റെ പ്രണയജീവിതം പരസ്യമാക്കി നാറ്റിക്കുക എന്നതു മാത്രമാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം.
കടലയോട് ഉള്ള പ്രണയം പുട്ട് തുറന്നു പറഞ്ഞത് അത്ര എളുപ്പത്തിലൊന്നുമായിരുന്നില്ല. അതിനായി പുട്ട് ആവി കൊണ്ടത് കുറച്ചൊന്നുമായിരുന്നില്ല. നീരാവിയിലൂടെ ഉടലെടുത്ത പുട്ടിന്‍റെ ജീവിതം തിളച്ചു മറിഞ്ഞു വന്ന കടലയിലേക്ക് എത്തിപ്പെടുന്ന ആ ഒരു പ്രയാണം നിങ്ങള്‍ അറിയാതെ പോകരുത്.
പുട്ടിനെ പ്രണയിക്കാന്‍ മുട്ടിനിന്ന ആദ്യത്തെ ആളല്ല കടല. അക്കൂട്ടരില്‍ മുന്നിലുള്ളത് ലവളാണ്, പഴം! സുന്ദരി. തുടുത്ത ജീവിതാനന്ദം നിറഞ്ഞുനില്‍ക്കുന്ന പ്രകൃതം. നല്ല മധുരം.
ഇത്രയും സൗന്ദര്യവും മധുരവും ഉള്ള എന്നെ പുട്ട് കൈവിടില്ലെന്ന് പറഞ്ഞ് കുറച്ചൊന്നുമല്ല പഴം നടന്നത്. എത്രയോ പ്രേമലേഖനം എഴുതി. പിന്നാലെ നടന്നു. സ്വപ്‌നം കണ്ടു. എന്നാല്‍ ഒരിക്കലും തന്‍റെ പ്രണയം വെളിപ്പെടുത്താന്‍ പഴത്തിനായില്ല. അതിനാല്‍ തന്നെ കടലക്കറിയുമായുള്ള പുട്ടിന്‍റെ റൊമാന്‍സ് പഴത്തിനെ ആകെത്തകര്‍ത്തു. ആ വിഷമത്തില്‍ നാട് വിട്ട പഴം ഇപ്പോള്‍ മില്‍ക്ക് ഷേക്ക് ആയി ജീവിക്കുകയാണ്.
പുട്ടിനെ പ്രണയിക്കാന്‍ പിന്നെ വന്നത് പപ്പടം ആയിരുന്നു. ഒത്തിരി കാലം പപ്പടം പുട്ടിനു പുറകെ നടന്നു. മഴയും വെയിലും കൊണ്ടു. അവഗണിക്കപ്പെട്ടപ്പോള്‍, ശോകഗാനം പാടി. ഒടുവില്‍, പുട്ട് മാന്യമായി പറഞ്ഞു, നിന്നെ എനിക്ക് ഇഷ്ടമാണ്, പക്ഷെ നല്ലൊരു ഫ്രണ്ട് ആയിട്ട് മാത്രം.
പൊടിഞ്ഞു തീരാനാണ് വിധി എന്നറിഞ്ഞ നിമിഷം പപ്പടം സ്ഥലം കാലിയാക്കി. സദ്യ എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന് ശിഷ്ടകാലം തള്ളിനീക്കുകയാണ് ഇപ്പോള്‍. ആള്‍ക്കൂട്ടത്തിനു നടുക്കിരിക്കുമ്പോഴും ചിലപ്പോഴൊക്കെ അതിനു ഓര്‍മ്മ വരാറുണ്ട്, പുട്ടിനു പിറകെ നടന്നു തീര്‍ത്ത നാളുകള്‍!
ഇതിനിടയ്ക്ക് മറ്റൊരു കഥയും നടന്നു. പുട്ടിനിട്ട് പണി കൊടുക്കാന്‍ പഴവും, പപ്പടവും ഒത്തുചേര്‍ന്നു. ആഹാ അത്രയ്ക്കായോ അവന്‍റെ ഗമ! അവര്‍ പുട്ടിനെ വളയ്ക്കാന്‍ മറ്റൊരാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു, പഞ്ചസാരയ്ക്ക്.
'നോക്കൂ, നമ്മളെ കണ്ടാല്‍ ഒരു പോലില്ലേ. ഒരേ വെള്ള നിറം'-പഞ്ചസാര പുട്ടിനോട് പറഞ്ഞു. കൂടുതല്‍ പറയുന്നതിനു മുമ്പേ പുട്ടിന് കാര്യം മനസ്സിലായി. ഔപചാരികതകളില്ലാതെ അത് കാര്യം തുറന്നുപറഞ്ഞു- 'എനിക്ക് വെളുത്ത നിറത്തിലോ മധുരത്തിലോ ഒന്നുമല്ല താല്പര്യം, എന്‍റെ ഉള്ളിലൊരാളുണ്ട്, കറുകറുത്തതാണെങ്കിലും എന്‍റെ മനസ്സ് കീഴടക്കിയ എന്‍റെ പ്രിയപ്പെട്ടവള്‍. കടല. കടലയില്ലാതെ എനിക്കിനി മറ്റൊരു ജീവിതമില്ല.'' പുട്ട് തീര്‍ത്ത് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി കിട്ടിയതു പോലെ പഞ്ചസാര പൊടിഞ്ഞുപോയി. കഴിക്കാന്‍ പാടില്ലാത്തവര്‍ പോലും കട്ട് കഴിക്കുന്ന തന്നെ പ്രണയിക്കാനാളില്ല എന്ന അറിവ് അവളെ തളര്‍ത്തി. മനസ്സുനൊന്ത പഞ്ചസാര ഏതോ പ്രമേഹരോഗാശുപത്രിക്കു മുകളില്‍ കയറി താഴേക്കു ചാടി. പക്ഷേ, താഴെയാരോ വെച്ച ചായക്കപ്പില്‍ കൃത്യം അവള്‍ ചെന്നുപെട്ടു. കഥ കഴിഞ്ഞു!
കറുത്ത സുന്ദരിയൊണ് പുട്ട് ഇഷ്ടപ്പെടുന്നത് എന്ന് ഏതോ പരദൂഷണ സദസ്സില്‍നിന്നു കേട്ട രണ്ടു കറുത്ത സുന്ദരികള്‍ പുട്ടിനെ തേടി വന്നതും പറയാനുണ്ട്. ബീഫും, മട്ടനും! ആവുന്നത്ര മസാലകള്‍ നിറച്ച് അവര്‍ പുട്ടിനു പുറകെ കൂടി. വിരോധം ഒന്നും പറയാതെ തന്നെ പുട്ട് അവരോട് മാന്യമായി പെരുമാറി. എന്നിട്ട് മുഖമല്‍പ്പം കടുപ്പിച്ച് ഒരൊറ്റ ഡയലോഗ്. ''എല്ലാ കറുപ്പും കടലയല്ല. കറുപ്പിനോടല്ല എന്‍റെ പ്രണയം, കടലയോടാണ്.'
'പ്രണയം നിറത്തിലല്ല, വ്യക്തിയിലല്ല എന്നുള്ളത് മനസ്സിലാക്കാന്‍ കുറച്ചു വൈകിപ്പോയി എന്നു പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ ബീഫ് തിരിഞ്ഞു നടന്നു.
കഥയൊക്കെ കേട്ടപ്പോള്‍ ചിക്കനും വന്നു ഒരു മോഹം. 'ഇത്രയും സെലിബ്രിറ്റിയായ എന്‍റെ കൂടെ ചേരാത്ത ഏത് ജാഡതെണ്ടിയായാലും എനിക്കൊന്ന് കാണണം' എന്ന് വെല്ലുവിളിച്ച് ചിക്കന്‍ മുന്നോട്ടു വന്നു. ചിക്കനോടും വിരോധം ഒന്നും കാണിച്ചില്ല, പുട്ട്. പുട്ട് മാന്യമായി തന്നെ പെരുമാറി. എന്നിട്ട് പറഞ്ഞു, 'ക്ഷമിക്കണം. ഞാനൊരു കാത്തിരിപ്പിലാണ്. എന്‍റെ കടല വരാതിരിക്കില്ല. ആവിയില്‍ വെന്തുരുകി ഞാളെ ഞാന്‍ വരുമ്പോള്‍ എന്‍റെ കടല എന്നെ കാണാന്‍ വരുമായിരിക്കും. എന്നെ ശല്യം ചെയ്യരുത്, ബ്രോ...'
ആ മുഖം കണ്ട് ചിക്കന്‍ അറിയാതെ കരഞ്ഞു പോയി. എന്തു സഹായത്തിനും വിളിക്കാമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പറും കൊടുത്ത് ചിക്കന്‍ പൊരിവെയിലത്തേക്ക് നടന്നുപോയി. പിന്നെ വന്നത് മുട്ടയായിരുന്നു. നല്ല വെളുത്ത നിറത്തില്‍ മദാമ്മയെ പോലെ ഒരുവള്‍. പക്ഷേ, പുട്ട് ആ രംഭയ്ക്കു മുന്നില്‍ വീണില്ല. നാണം കെട്ടു പടിയിറങ്ങേണ്ടി വന്നു, മുട്ടയ്ക്ക്.
ഈ സമയം, നേര്‍ച്ചയുമിട്ട് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു കടലയും. 'ഒന്നിക്കണം. അതു മാത്രമേയുള്ളു ഇനി പോംവഴി. ഈ നാട്ടില്‍ നിന്നാല്‍ അതൊരിക്കലും നടക്കില്ല.'അവള്‍ പുട്ടിനോട് പറഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല പുട്ട്. അവര്‍ നാടുവിട്ടു.
ഇപ്പോഴും ഇടയ്‌ക്കൊക്കെ കാണാറുണ്ട്, പുട്ടിനെയും കടലയെയും! അവര്‍ എത്തിപ്പെട്ട പുതിയ രാജ്യത്തിന്‍റെ പേര് യൂട്യൂബ് എന്നാണ്. ഫുഡ് വ്‌ലോഗര്‍മാരുടെ കൂടി ലോകമാണ് അത്. പുട്ടുപൊടി കൊണ്ട് അവര്‍ പത്തിരി ഉണ്ടാകും. കടലകൊണ്ട് ചിലപ്പോള്‍ വട ഉണ്ടാക്കും. പത്തിരിയും വടയും ലോകത്തിലെ ഏറ്റവും വലിയ കോമ്പിനേഷന്‍ ആണെന്നും പറഞ്ഞ് വീഡിയോ ഉണ്ടാക്കും. എന്തായാലും പുതിയ രാജ്യത്തും അവര്‍ പ്രണയബദ്ധരായി നടക്കുക തന്നെയാണ്!