എന്ന്, ആരുടെയും ഇന്‍ ബോക്‌സില്‍ പോയി ഒലിപ്പിക്കാത്ത ഒരു പാവം കോഴി!
'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് കോഴിയുടെ ആത്മഗതം
ഒരു കുളക്കടവിലും ഒളിഞ്ഞു നോക്കാത്ത, ഒരു പെണ്ണിനെ പോലും വായിനോക്കാത്ത എന്റെ പേര് നാട്ടിലെ പ്രമുഖ വായിനോക്കികള്‍ക്ക് മുഴുവന്‍ ചാര്‍ത്തികൊടുത്തത് ആരോട് ചോദിച്ചിട്ടാണ്?
Also Read : ആരാണ് എനിക്കീ പേരിട്ടത്; ഒരു പാവം കഞ്ഞിയുടെ ആത്മഗതം
പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല, വല്ലാത്തൊരു വിധി ആണ് എന്റേത്.
ജീവിച്ചിരുന്നപ്പോള്‍ ഒരുത്തനും ഒരു വിലയുമില്ല. ചത്തു കഴിഞ്ഞാലോ, ഫുള്‍ സെലിബ്രിറ്റി സ്റ്റാറ്റസ്. അതിശയം തോന്നുന്നുണ്ടോ, ഞാനാരാണെന്നും എന്റെ ലൈഫ് എങ്ങനാണെന്നും ഒന്നു കേട്ടാല്‍, മൈ ഡിയര്‍ ഫ്രണ്ട്, നിങ്ങള്‍ക്കുമത് മനസ്സിലാവും.
എന്നെ നിങ്ങള്‍ക്കറിയാതിരിക്കാന്‍ വഴിയില്ല. നിങ്ങളുടെ സ്വന്തം കോഴി! ചിലരൊക്കെ ക്വാഴി എന്നൊക്കെ പറയും, അതേ ഞാനാണ് കോഴി. കിട്ടിയാല്‍ ഫുള്‍ ടൈം കഴിച്ചോളാം എന്ന് പറയുന്ന നിങ്ങളുടെ സ്വന്തം ചിക്കന്‍. അതെ, അണ്ഡാ കാ മാതാ പിതാ കാ കഥ ആണ് ഭായ് ഇത്.
അയ്യോ, അങ്ങനെ പറയാന്‍ പറ്റില്ലാലോ അല്ലേ. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന് കണ്ടു പിടിക്കാന്‍ പോയ ശാസ്ത്രജ്ഞന്‍ ഇനിയും ലാബില്‍ നിന്ന് ഇറങ്ങിയിട്ടില്ല, പിന്നെ എങ്ങനെ പറയും, ആരകണ് തന്ത, ആരാണ് തള്ള എന്നൊക്കെ. കാര്യം എന്തായാലും, ഒറ്റ വാചകത്തില്‍ എന്റെ ലൈഫ് ഇങ്ങനെ പറയാം, ജനിച്ചത് മുതല്‍ മരണം വരെ ഒരു സന്തോഷവും കിട്ടാത്ത ഒരു ലോക്കല്‍ ജീവി. ചത്തു കഴിഞ്ഞാലോ, ഡെലിഷ്യസ് ഫുഡ്! കോഴി; എനിക്കാ ശോകം പേരിട്ടവനെ ഗ്രില്‍ ചെയ്യണം എന്ന് ചിന്തിക്കാത്ത ഒരു കോഴിപോലും നാട്ടിലില്ല.
എന്താ കാര്യം എന്ന് നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒരു കുളക്കടവിലും ഒളിഞ്ഞു നോക്കാത്ത, ഒരു പെണ്ണിനെ പോലും വായിനോക്കാത്ത എന്റെ പേര് നാട്ടിലെ പ്രമുഖ വായിനോക്കികള്‍ക്ക് മുഴുവന്‍ ചാര്‍ത്തികൊടുത്തത് ആരോട് ചോദിച്ചിട്ടാണ്? ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചു പോയിട്ടുണ്ട്. രാവിലെ എണീക്കണം, കൂവണം, കിട്ടിയാ വല്ലോം തിന്നണം, ഒത്തു കിട്ടിയാ വല്ല കോഴിപ്പെണ്ണുങ്ങളേം ഒന്നു പ്രേമിക്കണം! ഇതാണെന്റ ജീവിതം. അറവു കത്തിയുമായി ആരെങ്കിലും വരുന്നോ എന്നും നോക്കിയുള്ള ഇരിപ്പിനിടെ, ഇതിനപ്പുറം ഒരു പരിപാടിയും എനിക്കില്ല. ഞാനാരുടെ ഇന്‍ ബോക്‌സിലും പോയി ഒലിപ്പിക്കാറില്ല. ആര്‍ക്കും മെസഞ്ചറില്‍ ഗുഡ്‌മോണിംഗ് അയക്കാറില്ല. ഒരുത്തിയെയും നമ്പര്‍ സംഘടിപ്പിച്ച് വിളിക്കാറില്ല. എന്നിട്ടും എന്തിനാണ് ഈ ഊള മനുഷ്യര്‍ കണ്ട വായ്‌നോക്കികള്‍ക്കെല്ലാം ഞങ്ങടെ പേരിടുന്നത്!
....................
Also Read : ഇഷ്ഖിന്റെ മധുരം കാച്ചി കുറുക്കിയ ചായയുടെ മുഹബത്തിന്റെ കഥ!
Also Read : ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!
....................
മുട്ട ഇട്ടു കൊടുക്കപ്പെടും എന്ന ബോര്‍ഡും വെച്ചാണ് ഞങ്ങളുടെ നടപ്പ് എന്നാണ് നിങ്ങളുടെയെല്ലാം ധാരണ. എന്നാല്‍ സമയാസമയം വല്ല ഫുഡ് വല്ലതും തരാറുണ്ടോ? ഇല്ല!
എന്നാലോ? ജനിച്ചു ഒന്ന് വളര്‍ന്നു കഴിഞ്ഞാല്‍ മുട്ട ഇട്ടോ എന്നറിയാന്‍ ബെനോകൂലര്‍ വച്ച് നോക്കി ഇരിക്കും നിങ്ങള്‍. മുട്ട ഇട്ടാലോ ഓടി വന്നു എടുത്തു ഓംലെറ്റോ ബുള്‍സൈയോ ആക്കും. മുട്ട ഇടുന്നത് നിര്‍ത്തിയാലോ ഉടലോടെ പിടിച്ചങ്ങു ചട്ടിയില്‍ ആക്കും. എന്നിട്ട് മൂക്കു മുട്ടെ തിന്ന്, ഏമ്പക്കവും വിട്ട് നടക്കും. എന്നിട്ടാണ്, ഈ ഓഞ്ഞ പേരും ഞങ്ങളുടെ തലയ്ക്കിട്ട് നിങ്ങടെ ഒരു ജാഡ!
ജീവനോടെ ഇരുന്നപ്പോള്‍, ഓടിച്ചാടി നടന്നപ്പോള്‍ ഒന്നും, മോനെ കോഴി, നിനക്ക് സുഖമാണോ എന്ന് ഒരു വാക്ക് ചോദിക്കാത്തവര്‍, ഞാന്‍ ഒന്ന് മരിച്ചാല്‍ ഓടി വരും. അപ്പോള്‍ ജാതകം വരെ അറിയണം, നാടന്‍ ആണോ വേറെ എന്തേലും ആണോ, നാടന്‍ ആണ് നല്ലത് എന്നൊക്കെ പറഞ്ഞു പുറകെ കൂടും. മസാല ഒക്കെ തേച്ചു കഴിഞ്ഞാല്‍ പിന്നെ സ്‌നേഹം കുറച്ചൂടെ കൂടും, കൊഞ്ചുന്ന കൊഞ്ചല്‍ കാണണം-മോനെ അല്‍ഫാമേ, ഷവായീ, ഗ്രില്‍ഡേ, ഹണീ എന്നൊക്കെ പറഞ്ഞ് പേരിട്ടോളും. ലോകത്തു എവിടെ ഹോട്ടലില്‍ പോയാലും ചിക്കന്‍ 65 വേണോ, തന്തൂരി വേണോ, അറബിക് വേണോ എന്നിങ്ങനെ വായും തുറന്നുവെച്ച് അലറിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളെ ജീവനുള്ള കാലത്ത് കാക്കാശിന്റെ വിലയുണ്ടോ?
ജീനില്ലാതെ പ്ലേറ്റില്‍ കിടന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഞങ്ങളെ ഒരു വിലയുള്ളൂ. ഒന്നു കൂടെ ജീവന്‍ വച്ച് വന്നു ഇവന്‍മാരോട് കണക്ക് ചോദിച്ചാലോ എന്ന് വച്ചാല്‍, ജീവന്‍ പോയ നിമിഷം പിടിച്ചു മസാല പുരട്ടി അടുപ്പത്താക്കും. ബോഡി ഇല്ലാത്ത ആത്മാവിന് എങ്ങനെ പ്രേതമാവാനാവും! ഒരു വെള്ളസാരി പോലുമിടാത്ത പ്രേതങ്ങളെ പ്രേതങ്ങളായി കാണാത്ത നാട്ടില്‍ ഞങ്ങള്‍ എങ്ങനെ പേടിപ്പിക്കാനാണ് നിങ്ങളെ?
..................................
Also Read : തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!
..................................
കണ്ട വായനോക്കികള്‍ക്കെല്ലാം കോഴി എന്ന് പേരിട്ട് വിളിക്കുന്ന നിങ്ങള്‍ ഒരിക്കലെങ്കിലും കോഴിക്ക് ഒന്നു പ്രേമിക്കാന്‍ ചാന്‍സ് കൊടുത്തിട്ടുണ്ടോ? ഞങ്ങള്‍ക്കും ഇല്ലേ മോഹം! നല്ല സുന്ദരന്‍ പൂവന്‍ കോഴികളോട് ഒന്ന് മിണ്ടാന്‍ പോയാല്‍, അപ്പോഴേക്കും പോ കോഴി കൂട്ടില്‍ എന്ന് പറയും. ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്ത, ഒരു ലെറ്റര്‍ പോലും എഴുതാത്ത, ഒരു പൂവന്‍ കോഴിയുടെ കൂടെ ഒരു പാര്‍ക്കില്‍ പോലും പോകാത്ത, കൊതിയോടെ അവളെ ഒന്നു നോക്കാനാവാത്ത എന്റെ പേര് മൊബൈല്‍ കുത്തി പെണ്ണുങ്ങളെ വളച്ചു നടക്കുന്നവമ്മാര്‍ക്ക് മൊത്തമായി കൊടുത്തത് എന്ത് ഉദ്ദേശത്തില്‍ ആണ് എന്ന് തന്നെയാണ് ഞാന്‍ പിന്നെയും ചോദിക്കുന്നത്!
.........................
Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!
.........................
ഇനി ഒരു കാര്യം കൂടി പറയട്ടെ. ഈ ഓഞ്ഞ ജീവിതത്തിനിടയില്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നാറുള്ള ഒരേ ഒരു സന്ദര്‍ഭമേയുള്ളൂ.
കോഴി വാങ്ങുന്ന നേരത്ത, 'സവാള കൂടി വാങ്ങണേ' എന്ന് ചേച്ചിമാര്‍ വിളിച്ചു പറയുന്ന നിമിഷം. അതു കഴിഞ്ഞ്, പപ്പും പൂടയും പറിച്ച്, കൊത്തിയരിഞ്ഞ് ഞങ്ങളെ പ്ലേറ്റില്‍ കിടത്തി വെച്ച ശേഷം, നിങ്ങള്‍ സവാള മുറിക്കുന്ന ആ സമയമുണ്ടല്ലോ. പ്ലേറ്റില്‍ കഷണങ്ങളായി കിടക്കുമ്പോഴും ഞങ്ങള്‍ കാണാനാശിക്കുന്നത് ആ നിമിഷമാണ്. സവാളയുടെ തൊലി കളഞ്ഞ്, അടുപ്പിച്ച് നിര്‍ത്തി, കത്തിവെച്ച് കളിക്കുന്നതിനിടെ, നിങ്ങളുടെ കണ്ണില്‍നിന്നും പ്രവഹിക്കുന്ന ആ വൃത്തികെട്ട കണ്ണീരും എരിച്ചിലുമുണ്ടല്ലോ, അതാണ് ഞങ്ങളുടെ പ്രതികാരം! 'കോഴിയോട് കളിക്കുന്നത് പോലെ എന്നോട് വേണ്ട' എന്നാണ് സവാളച്ചേട്ടന്‍ ചിരിച്ചുകൊണ്ടു പറയുന്നതെങ്കിലും, ഞങ്ങള്‍ക്കിട്ട് പണി തരുന്ന നിങ്ങളുടെ ചീഞ്ഞ കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍, അത് ഞങ്ങളുടെ മധുരപ്രതികാരമാണെന്നേ തോന്നാറുള്ളൂ. ഇത് സത്യം, സത്യം, സത്യം!