കണ്ടാല്‍ കലിപ്പന്റെ കാന്താരി, ഉള്ളതുപറഞ്ഞാല്‍ മരമണ്ടന്റെ ചമ്മന്തി; ഇത് ഞങ്ങളുടെ തലവിധി!
'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് ബനാന സ്‌റ്റോറി.
തൂക്കിക്കൊന്നു കളഞ്ഞ ഞങ്ങളെ കഴുത്തു ഞെരിച്ച് വേറെയാക്കി എവിടേലും എടുത്തുവെയ്ക്കും. പിന്നെ പ്ലേറ്റിലോ ഇലയിലോ ഇരുന്ന് ഞങ്ങള്‍ കാത്തിരിക്കണം. കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിയുമ്പോള്‍ ബലാല്‍സംഗ സീനിലെ ബാലന്‍ കെ നായരെപ്പോലെ മുഖത്ത് റൗഡിത്തരം ഫിറ്റ് ചെയ്ത് അവനെത്തും! പുട്ട്!
Also Read : ആരാണ് എനിക്കീ പേരിട്ടത്; ഒരു പാവം കഞ്ഞിയുടെ ആത്മഗതം
Also Read : എന്ന്, ആരുടെയും ഇന്‍ ബോക്‌സില്‍ പോയി ഒലിപ്പിക്കാത്ത ഒരു പാവം കോഴി!
........................
'ആദ്യം പരസ്യമായി തൂക്കിക്കൊന്നു. പിന്നെ, കലി തീരാതെ കഴുത്ത് ഞെരിച്ചു കൊന്നു.'
രണ്ട് വാചകത്തില്‍ സ്വന്തം ആത്മകഥ എഴുതാന്‍ ആരെങ്കിലും പറഞ്ഞാല്‍, അമ്മച്ചിയാണെ, ഞാന്‍ ഇങ്ങനെ മാത്രമേ എഴുതൂ. രണ്ടേ രണ്ട് വാചകത്തില്‍ ഒരു ഫുള്‍ജീവിതം. ഒന്നാലോചിച്ചാല്‍, അത്ര ലളിതമാണ് ഞങ്ങളുടെ ജീവിതം. തലവിധി. മനുഷ്യരായ നിങ്ങള്‍ക്കൊന്നും ഒരു കാലത്തും മനസ്സിലാവില്ല, ഈ വിധി.
മനസ്സിലായില്ല അല്ലേ! എന്നാല്‍ കേട്ടോ, ഇതൊരു പാവം പഴത്തിന്റെ ആത്മകഥ. വാഴപ്പഴം എന്ന് വിശദമായും പഴം എന്ന് ചുരുക്കിയും പറയുന്ന ഏത് പഴജന്‍മത്തിന്റെയും ജീവിതകഥ. പരാതി പറയുകയല്ല, കൂട്ടിയും കുറച്ചും നോക്കിയാല്‍ ഇത്രയൊക്കെയേ ഉള്ളൂ, ഞങ്ങളുടെ കഥ.
പച്ച നിറത്തില്‍ ആനേടെ ചെവി പോലെ നീണ്ട ചെവികളൊക്കെയുണ്ട് ഞങ്ങളുടെ വാഴയമ്മയ്്ക്ക്. എന്നിട്ടെന്താ, നാട്ടില്‍ ഒരു വിലയുമില്ല, ഒരു കാലത്തും! ലോകത്തുള്ള കീടനാശിനികളും രാസവളങ്ങളും മുഴുവന്‍ മൂട്ടില്‍ കൊണ്ടിടുന്നത് കൊണ്ടൊന്നുമല്ല ഈ ദുരവസ്ഥ. അതറിയണമെങ്കില്‍, ഏതെങ്കിലും ഒരു മണ്ടന്‍ സുഹൃത്തിനെ ഒന്നോര്‍ത്തു നോക്കൂ. ഊളത്തരം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന കൂട്ടുകാര്‍ക്ക് സാധാരണ നമ്മളിടുന്ന പേര് എന്താണ്?
വാഴ! യെസ്, നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ വാഴ!
ആളുകളെ കളിയാക്കാനും നിന്ദിക്കാനും പുച്ഛിക്കാനുമായി നിങ്ങളിടുന്ന 'ലോക്കല്‍' പേര്. പക്ഷേ, നിങ്ങളൊരു കാര്യം മനസ്സിലാക്കണം. ഞങ്ങള്‍ വാഴകള്‍ നിങ്ങള്‍ വിചാരിക്കുന്നത്ര ഊളകളൊന്നുമല്ല. ഏതു കാലാവസ്ഥയിലും തേനൂറുന്ന പഴങ്ങള്‍ ഉണ്ടാവുന്ന ചെടി എന്നതു മാത്രമല്ല ഞങ്ങളുടെ ഹൈലെറ്റ്. കൂമ്പു മുതല്‍ ഇല വരെ എല്ലാറ്റിനും ഉപകാരമുണ്ട്. കൊത്തിയരിഞ്ഞിട്ടു കൊടുത്താലും ഉപകാരത്തോടുപകാരം. പിന്നെ, രാഷ്ട്രീയക്കാരെപ്പോലെയാണ് വളര്‍ച്ച. ഏതു മണ്ണിലും ഏതു കാലാവസ്ഥയിലും ഒരനക്കം സ്ഥലം കിട്ടിയാല്‍ പിടിച്ചങ്ങ് വളരും. അതുകഴിഞ്ഞാല്‍ ഉറപ്പാണ്, കായുണ്ടാവും. തൈ വെച്ചവന് വേണ്ടത് കൊടുക്കും. അതിപ്പോള്‍ ഇന്ത്യയില്‍ മാ്രതമല്ല, ഐക്യ രാഷ്ട്രസഭയുടെ കീഴിലുള്ള ഏത് നാടും വാഴരാജ്യം തന്നെയാണ്. ഇത്രയും മഹാന്‍മാരായ ഞങ്ങളുടെ പേരാണ് മണ്ടന്‍മാരായ നിങ്ങള്‍ ഒരുപകാരവുമില്ലാത്ത ആളുകള്‍ക്കിടുന്നത്. വിവരക്കേട്, അല്ലാതെന്താ...!
....................
Also Read : ഇഷ്ഖിന്റെ മധുരം കാച്ചി കുറുക്കിയ ചായയുടെ മുഹബത്തിന്റെ കഥ!
Also Read : ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!
Also Read : തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!
Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!
..................................
ഇനി ഡീറ്റെയിലായി പറയാം, ഞങ്ങളുടെ ജീവിത സത്യങ്ങള്‍. സങ്കടങ്ങള്‍. പെറ്റമ്മയായ വാഴയെ വെട്ടിക്കൊന്നവന്റെ കയ്യും പിടിച്ചു കൂടെ പോകാന്‍ വിധിക്കപ്പെട്ട പാവത്തുങ്ങള്‍ ആണ് ഞങ്ങള്‍ വാഴക്കുലകള്‍. പോയാല്‍ മാത്രം പോരല്ലോ. ലക്ഷ്യത്തിലെത്തിയാല്‍ പിന്നെ അവമ്മാര് കാലുവാരും. കയറന്വേഷിക്കും. കഴുത്തില്‍ തന്നെ കുടുക്കിടും. പിന്നെ കെട്ടിത്തൂക്കിക്കൊല്ലും. ചുമ്മാതല്ല, കൊല എന്നു തന്നെയാണ് ചില ഡാഷുകള്‍ ഞങ്ങളെ വിളിക്കുന്നത്.
കൊല കഴിഞ്ഞാല്‍ അടങ്ങുമോ ഈ മനുഷ്യര്‍? ഇല്ല. അടുത്ത കൊലപാതകത്തിനായി ഇവമ്മാര് ഒരുങ്ങും. തൂക്കിക്കൊന്നു കളഞ്ഞ ഞങ്ങളെ കഴുത്തു ഞെരിച്ച് വേറെയാക്കി എവിടേലും എടുത്തുവെയ്ക്കും. പിന്നെ പ്ലേറ്റിലോ ഇലയിലോ ഇരുന്ന് ഞങ്ങള്‍ കാത്തിരിക്കണം. കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിയുമ്പോള്‍ ബലാല്‍സംഗ സീനിലെ ബാലന്‍ കെ നായരെപ്പോലെ മുഖത്ത് റൗഡിത്തരം ഫിറ്റ് ചെയ്ത് അവനെത്തും! പുട്ട്!
നടപ്പിലേ ഉള്ളൂ അവന്റെ ഗമ. വന്നു കയറിയ ഉടന്‍ പുള്ളി പണി ഏറ്റുവാങ്ങും. നെക്‌സ്റ്റ്, വധമാണ്. അടുത്ത നിമിഷം അവന്‍ തവിടു പൊടിയാവും. പിന്നെ അവനെവിട്ട് നിങ്ങള്‍ ഞങ്ങളുടെ തോലുരിയും. കൈകള്‍ കൊണ്ട് ഞെരിച്ചുടച്ച് നല്ലവനാണോ മോശക്കാരനാണോ എന്നൊന്നും അറിയാത്ത പുട്ടിന് കൈപിടിച്ച് കൊടുക്കും. ഞെക്കിക്കുഴച്ച് പുട്ടടിക്കും!
എന്തിനാണാവോ ഈ കൊല്ലാക്കൊല! ലോകത്തുള്ള ഏത് കറിയും കൂട്ടി കഴിക്കാവുന്ന ഓര്‍ഡിനറി ഫുഡാണ് പുട്ട്. അതിനങ്ങനെ പഴം ഒരാവശ്യമേയല്ല. എന്നിട്ടാണ് അതൊന്നും പോരാതെ ഞങ്ങള്‍ക്കുനേരെ ആക്രമണം. ബ്രെയിന്‍ ഒരനാവശ്യവസ്തുവാണെന്ന് കരുതുന്ന പുട്ടിനെ നിരോധിക്കല്‍ മാത്രമാണ് ഇതിനുള്ള ഒരേയൊരു പോംവഴി. നോട്ടുനിരോധിച്ചതു പോലെ പുട്ടും നിരോധിച്ചാല്‍ സംഗതി കലക്കും. നോട്ട്, പുട്ട് ...ആഹാ- പേരില്‍തന്നെയുണ്ട് അന്തസ്സ്!
..................................
Also Read : വാ കീറിയ ദൈവവും വായില്‍ കൊള്ളാത്ത ബര്‍ഗറും
Also Read : പിന്നാലെ കാമുകിമാര്‍, പ്രണയാഭ്യര്‍ത്ഥനകള്‍,ഒടുവില്‍ യൂട്യൂബ് രാജ്യത്തേക്ക് ഒളിച്ചോടിയ പുട്ടും കടലയും!
ഇനി പറയാനുള്ളത് ആ ന്യൂജന്‍ സൈക്കോയെക്കുറിച്ചാണ്, മില്‍ക്ക്. എന്ത് കിട്ടിയാലും ഷേക്കാക്കി മാറ്റുന്ന അല്‍പ്പന്‍. നേരത്തെ പറഞ്ഞതുപോലെ, അല്ലറ ചില്ലറ ഉപകാരിയാണ് മിസ്റ്റര്‍ മില്‍ക്ക്. ഷേക്കാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുത്തന്‍. ഷേക്കാക്കാന്‍ നാട്ടില്‍ പല തരം സാധനങ്ങളുണ്ട്. പല പഴങ്ങള്‍. അവില്‍ പോലുള്ള പല സാധനങ്ങള്‍. എന്നാലും അവന്റെ നോട്ടം ഞങ്ങളിലേക്ക് തന്നെയാണ്. അവന്റെ നോട്ടം കണ്ടാലുടന്‍ മനുഷ്യര്‍ ഞങ്ങളെ പിടിച്ച് ഫ്രിഡ്ജിലിടും. അനസ്‌തേഷ്യ നല്‍കിയതുപോലെ മരവിപ്പിച്ചു കിടത്തും. അടുത്ത ഏറ് മിക്‌സിയിലേക്കാണ്. പിന്നെ തണുത്തു വിറയ്ക്കുന്ന പാലെടുത്ത് ഞങ്ങളുടെ മേലേക്ക് ഒഴിക്കും. ഒപ്പം കുറേ പഞ്ചസാരയും. (ജന്‍മനാ പ്രമേഹമുള്ള ഞങ്ങളെയാണ് പഞ്ചസാര കൊണ്ട് തളം വെക്കുന്നത്!) ഇത്തിരി നട്‌സും കൂടിയിട്ടാല്‍, ദേ മില്‍ക്ക് ഷേക്ക് എന്നും പറഞ്ഞ് ഒരു ആക്രാന്തമുണ്ട്! നാണംകെട്ടവന്‍മാര്‍!
സത്യത്തില്‍, മില്‍ക്ക് ഷേക്കിന് പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുക്കല്‍ മാത്രമാണ് ഞങ്ങളുടെ ജീവിതലക്ഷ്യം എന്നു തോന്നിപ്പോവും. നാഗവല്ലി പറഞ്ഞതുപോലെ, അതെന്താ ഈ മില്‍ക്കിന് തനിച്ച് ഷേക്ക് ആയാല്‍...!
തീര്‍ന്നില്ല. ക്രൂരകൃത്യങ്ങള്‍ വേറെയുമുണ്ട്. വിഭവ സമൃദ്ധമായ സദ്യയാണ് അടുത്ത ക്വട്ടേഷന്‍. ഞങ്ങളെ പൊക്കിയെടുത്ത് ഒരു കാര്യവുമില്ലാതെ ഇലയുടെ അരികില്‍ കൊണ്ടിരുത്തും. തിന്നുന്ന നേരത്ത് ഒരുത്തനും ഞങ്ങളെ മൈന്റ് ചെയ്യില്ല. അയ്യേ, പഴം എന്ന് പുച്ഛിക്കും. കണ്ണില്‍ക്കണ്ടതെല്ലാം അണ്ണാക്കിലേക്ക് തട്ടും. എന്നാലോ, എല്ലാം കഴിഞ്ഞ്, എരുമ അമറുന്നത് പോലെ ഒരേമ്പക്കവും വിട്ട് അവനൊരു നോട്ടമുണ്ട്. റിലീസ് സിനിമയും കണ്ടിറങ്ങിയ അടുത്ത നിമിഷം റിവ്യൂചെയ്യാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് പായുന്ന യൂട്യൂബര്‍മാരുടേത് പോലൊരു നോട്ടം. എന്നിട്ടോ? ജീവിതത്തിലിന്നു വരെ പഴം കാണാത്തതുപോലെ തൊലി ഉരിയാന്‍ പോലും നില്‍ക്കാതെ വായിലേക്ക് ഒരേറാണ്! വയറ്റില്‍ ഒരിഞ്ച് സ്ഥലം പോലും ബാലന്‍സ് ഇല്ലാത്ത നേരത്താണ് ഈ ആഡംബരം എന്നു കൂടി ഓര്‍ത്തുനോക്കണം!
ഇനി വേറെ ചിലരുണ്ട്. പക്വതയാണ് അവരുടെ മെയിന്‍. വയര്‍ ഫുള്‍ ആണെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് അവര്‍ ആദ്യം പഴം തിന്നാതിരിക്കും. എന്നാലോ ഇലയില്‍ മടക്കിവെക്കില്ല. പകരം, കൈ കഴുകാന്‍ പോവുമ്പോള്‍ നൈസായി കൈയില്‍ പിടിക്കും. എന്നിട്ട് വീട്ടിലേക്ക് പോവുമ്പോള്‍ ആരും കാണാതെ ബാഗിലോ പാന്റ്‌സിന്റെ പോക്കറ്റിലോ തിരുകും. ആരാധിക്കാന്‍ കൊണ്ടുപോവുന്നതൊന്നുമല്ല. അടുത്ത ദിവസം ഏതെങ്കിലും വിവരംകെട്ട പുട്ടിന് നേര്‍ച്ച കൊടുക്കാനാവും പുറപ്പാട്.
.........................
Also Read : വയസ്സ് രണ്ടായിരം, എന്നിട്ടുമിപ്പോഴും ന്യൂജെന്‍; വിദേശി ആണേലും ഇവനെന്‍ മോഹവല്ലി!
Also Read : കൊച്ചിന്‍ ഹനീഫയായി മയോണൈസ്, ലാലേട്ടനായി തേന്‍, ബാക്ടീരിയയ്ക്ക് പണി കിട്ടുമോ?
ഞങ്ങളുടെ ഗതികേടിന്റെ ആഴം അറിയണമെങ്കില്‍, ചക്കയുമായി താരതമ്യപ്പെടുത്തണം. ചക്കയും പഴമാണ്, ഞാനും പഴമാണ്. രണ്ടിനു മധുരമുണ്ട്. രണ്ടിനും തേന്‍ രുചിയുണ്ട്. തിന്നാനോ ആളുകള്‍ക്ക് പെരുത്തിഷ്ടവുമാണ്. പക്ഷേ ഗയ്‌സ്, ഒരു ചക്കയ്ക്കും ചരിത്രത്തിലൊരിടത്തും ഈ ഗതികേടുണ്ടാവില്ല. അതിനെയാരും കെട്ടിത്തൂക്കി കൊല്ലില്ല. കഴുത്ത് ഞെരിക്കില്ല. അപരിചിതരോടൊപ്പം കുഴച്ചു ഞെരിക്കില്ല. പുട്ടിനോ മില്‍ക്കിനോ ദാനം കൊടുക്കില്ല. അതെല്ലാം ഞങ്ങളുടെ മാത്രം തലവിധിയാണ്!
എന്നാല്‍ ഫാക്ട് ചെക്ക് നടത്തിയാലോ? ആണ്ടിനും സംക്രാന്തിയ്ക്കും മാത്രം വരുന്നവനാണ് ഈ ഊളച്ചക്ക. ഞങ്ങളോ ഫുള്‍ ടൈം കൂടെയുള്ളവര്‍. ഏത് നാട്ടിലും ഏത് കാലത്തും കമ്പനിയടിക്കാന്‍ വരുന്നവര്‍. പക്ഷേ, ചക്കയ്ക്ക് ഒരു നീതി, ഞങ്ങള്‍ക്ക് വേറെ നീതി.
ഇതിനൊക്കെ പകരം വീട്ടാതിരിക്കില്ല, ഞങ്ങളുടെ തൊലികള്‍. ഏതു കൊലകൊമ്പനെയും വീഴ്ത്താന്‍ ഞങ്ങളുടെ ഈ ഗറില്ലാ യുദ്ധം മതിയാവും.
പഴത്തൊലിയില്‍ ചവിട്ടി തട്ടിപ്പോയവരുടെ വീരഗാഥകള്‍ കൂടിയാണ് ഗയ്‌സ്, ചരിത്രം!