കാലങ്ങള്‍ക്കു ശേഷം ഓടിച്ചെന്നെടുക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് പഴയ ഭംഗിയില്ലാത്തത് എന്താണ്?

ചില ഓര്‍മ്മകള്‍ പോലും അങ്ങനെയാണ്. ഒട്ടുമേ പിടിതരാതെ ചിരിച്ചകന്നു പോകും. എന്തായിരുന്നു അത് എന്നൊരു വേവ് നിറഞ്ഞ നൊമ്പരം മാത്രം ബാക്കിയാക്കും.

Memoirs of a nurse by Teresa Joseph

'ഇതാടീ ലവ് ചിഹ്നം.'  ഉള്ളംകൈ വീണ്ടും ചുവപ്പിക്കാന്‍ എനിക്കായി തളിരിലകള്‍ തിരയുന്നതിനിടെ അവന്‍ പറഞ്ഞു. നാണംകൊണ്ട് പൂത്തുപോയി അന്നത്തെ പാവാടക്കാരി. 

 

Memoirs of a nurse by Teresa Joseph

 

'രാമനില്ലാതൊരു കീര്‍ത്തനമോ
രഘു രാമനല്ലാതൊരു പാര്‍ത്ഥിപനോ...'

നഴ്‌സിംഗ് സ്‌കൂളിന്റെ വാര്‍ഷികാഘോഷമായിരുന്നു. അതിനിടയില്‍ ഓഡിറ്റോറിയത്തിലെ മൈക്കില്‍ കൂടി ഒഴുകിവരുന്ന ഒരു പാട്ട്. ലളിത ഗാനമാണോ സിനിമാപാട്ടാണോ എന്ന് പോലും അറിയില്ല. അത്ര പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു പാട്ട്. 

'ബിലഹരിയായാലും ശ്രീഹരിയായാലും
രാമപല്ലവി...മധുരം...'

പ്രിയപ്പെട്ട കൂട്ടുകാരി പാടി വെച്ചൊരീണം നടന്നുകയറിയത് ഓര്‍മ്മകളുടെശേഖരത്തിലേക്കാണ്. എത്രയോ കാലങ്ങളില്‍ ആ പാട്ട് തേടിയലഞ്ഞു. മനോഹരങ്ങളായ ഒരുപാട് പാട്ടുകള്‍ ആസ്വദിക്കുമ്പോഴും മനസ്സിന്റെ ഒരു കോണില്‍ മറക്കാതെ ആ വരികള്‍ തെളിയുന്നുണ്ടായിരുന്നു. യൂട്യൂബ്, ഇന്റര്‍നെറ്റില്‍ ഉള്ള പലപല പാട്ടുശേഖരങ്ങള്‍ തുടങ്ങി തിരക്കാന്‍ ഒരിടവും ബാക്കിയുണ്ടായിരുന്നില്ല. വെറും പരിചയം മാത്രമുള്ളവരോടും ചോദിച്ചിട്ടുണ്ട് ഈ പാട്ടൊന്ന് തപ്പിയെടുത്ത് തരൂ എന്ന്. പതിയെപ്പതിയെ ആ പാട്ട്, മറന്നുപോയതും ഇനിയോര്‍ത്താല്‍ ബഹുദൂരം പുറകിലേക്ക് നടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന നൊസ്റ്റാള്‍ജിയ എന്ന കാറ്റഗറിയിലേക്ക് വഴിമാറി. 

ഒടുവില്‍ കഴിഞ്ഞവര്‍ഷം ആ പാട്ടിന്റെ ലിങ്ക് കിട്ടി. നേരിയൊരു മയക്കത്തിന്റെ ആലസ്യത്തില്‍ കിടന്ന ഒരുച്ചനേരത്താണ് മെസഞ്ചറില്‍ 'ഗ്ളും' എന്ന ശബ്ദത്തില്‍ ഒരു ലിങ്ക് വന്നുവീഴുന്നത്. പാര്‍ഥിപനെ മറന്നേ പോയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരിക്കല്‍ക്കൂടി കേട്ടപ്പോഴാണ് ആ പാട്ട് മനസ്സില്‍ ഇത്രമേല്‍  ആഴത്തില്‍ പതിഞ്ഞിരുന്നുവെന്ന് തിരിച്ചറിയുന്നത്. 

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുമിന്നലിന്റെ വേഗതയില്‍ സ്വപ്നം പോലെ കൊഴിഞ്ഞു പോയൊരു കാലത്തില്‍ അതെന്നെ കൊണ്ട് ചെന്ന് നിര്‍ത്തി.പക്ഷെ എത്രകേട്ടിട്ടും അതില്‍ ഏതോ ശൂന്യത നിറഞ്ഞിരുന്നു. ജി. വേണുഗോപാല്‍ പാടിയ മനോഹരമായ പാട്ടാണ്. പക്ഷേ ഇതല്ല ഞാനന്ന് കേട്ടതെന്ന് വെപ്രാളപ്പെട്ട മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. വരികളും ഈണവും ഒക്കെ അതുതന്നെ. പക്ഷേ ഇത്രനാള്‍ നെഞ്ചിനുള്ളില്‍ കാത്തുസൂക്ഷിച്ചിരുന്നത് ഈ പാട്ടല്ല. ഒറ്റക്കാരണമേയുള്ളു, അത് പാടിയത് അവളല്ല! അവള്‍ ശ്രുതിചേര്‍ത്താലേ എന്റെ മനസ്സില്‍ ആ പാട്ട് ഇനിയും ജീവന്‍ വെയ്ക്കൂ.

പിന്നെയും കുറേനാള്‍ അതിന്റെ വരികള്‍ എന്നെ കബളിപ്പിച്ച് മറഞ്ഞിരുന്നു. ഒട്ടും പിണക്കമോ മടുപ്പോ ഇല്ലാതെ ഞാന്‍ വീണ്ടും തിരഞ്ഞുകൊണ്ടുമിരുന്നു. ഒടുവില്‍ വരികളും പാട്ടും കയ്യില്‍ കിട്ടിയപ്പോള്‍ അതൊന്നുകൂടി പാടൂ എന്ന് അന്ന് പാടിയ ആളോട് പറഞ്ഞിരിക്കുകയാണ്. നോക്കാം എന്ന് പറഞ്ഞെങ്കിലും അവള്‍ ഇനിയത് പാടില്ല എന്ന് എനിക്കും അത് എനിക്കറിയാമെന്ന് അവള്‍ക്കും അറിയാം.

പറയാന്‍ തുടങ്ങിയത്, ഈ നിമിഷത്തില്‍ നില്‍ക്കുന്ന എന്നെ ഒറ്റനിമിഷം കൊണ്ട് വേറൊരു കാലത്തേക്ക് പറിച്ചുനടുന്ന വളപ്പൊട്ടുകളെക്കുറിച്ചാണ്. പഴയത് അതേപടി പറിച്ചുനട്ടാലും അതില്‍ നഷ്ടമായിപ്പോകുന്ന ജീവശ്വാസത്തെക്കുറിച്ചാണ്. വീണ്ടും നട്ടുപിടിപ്പിക്കുന്ന ചെടികളില്‍ വിരിയുന്ന പൂക്കള്‍ക്ക് നഷ്ടമാകുന്ന സുഗന്ധത്തെക്കുറിച്ചാണ്. 

ഒരവധിക്കാലത്ത് വല്ലാത്തൊരു കൊതിയോടെ കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞൊരിടത്തേക്ക് ഒരു യാത്ര പോയി. സ്ഥലം അടുക്കുംതോറും ഉള്ളില്‍ നിന്ന് അടക്കാനാവാത്ത ഒരു തള്ളല്‍. ഇവിടെ, അല്ല ഇവിടെ.. ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു. നെടുങ്ങനെ നിന്നൊരു തേക്കുമരം. അതിന്റെ അടിയില്‍ കൂടി ഒഴുകിയിരുന്ന ചെറിയതോട്. തേക്കുമരത്തില്‍ നിന്ന് നൂലില്‍ ഞാന്നിറങ്ങിയിരുന്ന വെളുത്ത പുഴുക്കള്‍. അവയെ കണ്ടാല്‍പോലും എന്റെ ശരീരം ചൊറിഞ്ഞ് തടിച്ചിരുന്നു. കൂടെ വന്നവര്‍ എനിക്ക് ഭ്രാന്താണെന്ന് കരുതും വരെ ഞാന്‍ അവിടവിടെ പരതി നടന്നു. തേക്കിന്റെ പിണഞ്ഞ വേരുകള്‍ക്കിടയില്‍ ഉറച്ചിരുന്ന മിനുസമുള്ള ഒരു കല്ലും അതില്‍ പരുപരുത്ത കല്ലുകൊണ്ട് വരച്ചുവെച്ചൊരു ഹൃദയവുമായിരുന്നു ഞാന്‍ തിരഞ്ഞത്. 

'പെണ്ണേ ഇതെന്താണെന്നറിയാമോ' -വര പൂര്‍ത്തിയാക്കി കൂട്ടുകാരന്‍ ചോദിച്ചു. ആകൃതിയൊക്കാത്ത ഹൃദയവും അതിനെ തുളച്ചു കടക്കുന്ന അമ്പുമായിരുന്നു അവന്‍ വരച്ചുവെച്ചത്. അവന്റെ ഒരു കാലിന് അല്‍പ്പം വളവുണ്ടായിരുന്നു. തേക്കിന്റെ തളിരില ഉള്ളംകയ്യിലിട്ട് തിരുമ്മുകയായിരുന്നു ഞാന്‍. ഉള്ളംകയ്യുടെ വെളുപ്പില്‍ ചോരച്ചുവപ്പാര്‍ന്ന വൃത്തം. 'ഇതാടീ ലവ് ചിഹ്നം.'  ഉള്ളംകൈ വീണ്ടും ചുവപ്പിക്കാന്‍ എനിക്കായി തളിരിലകള്‍ തിരയുന്നതിനിടെ അവന്‍ പറഞ്ഞു. നാണംകൊണ്ട് പൂത്തുപോയി അന്നത്തെ പാവാടക്കാരി. 

'പോ ചെക്കാ, ഞാനമ്മച്ചിയോട് പറേം കേട്ടോ' 

നാണം ഒളിപ്പിച്ചു വെച്ച് ഞാനവനെ പേടിപ്പിച്ചു. അവന്‍ എന്നെ േനാക്കി ചിരിച്ചു.  

പിന്നീട് നടന്ന വഴികളിലൊന്നും അത്രയും മനോഹരമായ ഒരു ഹൃദയം കണ്ടിട്ടില്ല. വാലന്റൈന്‍സ് ഡേയ്ക്ക് കടകളില്‍ നിരന്നിരിക്കുന്നതും ചിലപ്പോഴൊക്കെ കൈകളില്‍ എത്തിയതുമായ പഞ്ഞിപോലെ പതുപതുത്ത ഹൃദയങ്ങളൊന്നും വെള്ളാരംകല്ലില്‍ അന്ന് വരഞ്ഞ ഹൃദയത്തിനൊപ്പം മൃദുവായിരുന്നില്ല.  

ഒടുവില്‍ തിരിച്ചു കിട്ടാത്തവയുടെ നിരയില്‍ ഓര്‍മ്മയിലെ ഹൃദയമുപേക്ഷിച്ച് ഞാന്‍ തിരികെ പോന്നു. പിന്നെയും അത് വഴി പോകുമ്പോള്‍ പലപ്പോഴും കണ്ണെത്തി നോക്കാറുണ്ട്. എന്റേതായിരുന്ന പ്രിയ ഇടം അവിടെയുണ്ടോയെന്ന്. തേക്കുമരമോ, ചെറിയ വെള്ളച്ചാലോ പോലും ഇല്ലാതെ ആ സ്ഥലം രൂപം മാറിയിരിക്കുന്നു. എന്റെയുള്ളിലെ പഴയപാവടക്കാരിയെ തൃപ്തിപ്പെടുത്താന്‍ പറ്റിയ ഒന്നും ബാക്കിവെയ്ക്കാതെ പുതിയ മുഖാവരണമിട്ട് പൊയ്ച്ചിരിയുമായി നില്‍ക്കുന്നൊരിടം.  

അങ്ങനെയിരിക്കുമ്പോള്‍ ചില ഗന്ധങ്ങള്‍ എവിടെനിന്നോ പാറിയെത്തി മനസ്സ് കനപ്പിക്കാറുണ്ട്. ഒരിക്കലും മോക്ഷമില്ലാത്ത ബന്ധനം പോലെ ഗന്ധങ്ങളുടെ ആറാട്ട്. അതിലൊന്നായിരുന്നു വാഴയിലയില്‍ പൊതിഞ്ഞ ചോറിന്റെ മണം. പൊതിച്ചോറിന്റെ രുചിയോര്‍മ്മയില്‍ പലതവണ തനിയെ പൊതികെട്ടി നോക്കി. വേറൊരു നാട്ടിലെ വാഴയിലക്ക് രുചിയും മണവും പോരാഞ്ഞാണോ എന്തോ ഒരിക്കലും തനിയെ കെട്ടിയ പൊതിച്ചോറുണ്ണുമ്പോള്‍ ഒരു രുചിയും തോന്നിയില്ല. ഒരിക്കല്‍ പൊതിച്ചോറ് കിട്ടുന്ന ഒരു കടയുണ്ടെന്ന് കേട്ട് മൈലുകളോളംവണ്ടിയോടിച്ച് ചെന്ന് പൊതി വാങ്ങിക്കൊണ്ട് വന്നു. തിരികെ വണ്ടിയോടിക്കുമ്പോള്‍ വീട്ടിലെത്തി ആ പൊതിയഴിച്ച് കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന മണം, അതിന്റെ രുചി ഇവയുടെയൊക്കെ ഓര്‍മ്മയില്‍ ചുണ്ടിലൊരു മൂളിപ്പാട്ട് അലിഞ്ഞു. 'അമ്മ ബനാന ലീവ്‌സ് കഴിക്കുന്നു' എന്ന് കളിയാക്കിയ കുഞ്ഞിക്കിളികളെ അവഗണിച്ച് ആ പൊതിച്ചോറ് മുഴുവന്‍ ഞാനൊറ്റക്ക് കഴിച്ചു. എന്റെ വയര്‍ മാത്രമേനിറഞ്ഞുള്ളൂ. മനസ്സ് അപ്പോഴും ശൂന്യമായിരുന്നു. പൊതിയോടൊപ്പം ചേരേണ്ട കണ്ണീരുപ്പ്, വിയര്‍പ്പിന്റെ ഗന്ധം, സ്വപ്നങ്ങളുടെ തിളക്കം ഇതൊന്നും ഇല്ലാത്ത പൊതിച്ചോര്‍! അത് പകുത്തുകൊടുക്കാന്‍, കണ്മഷിപടര്‍ന്ന കണ്ണുകളും എണ്ണമയമുള്ള മുഖവും എന്റെ മുന്നിലില്ല. ഇതല്ല ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന രുചി എന്നൊരോര്‍മ്മയില്‍ ഞാന്‍ തളര്‍ന്നു. പുനഃസൃഷ്ടിക്കുന്ന സ്വപ്നങ്ങള്‍ക്ക് ജീവനില്ലാത്തതെന്ത് എന്നൊരു ചോദ്യം ഉള്ളില്‍ മുട്ടിത്തിരിയുന്നു.

ചില ഓര്‍മ്മകള്‍ പോലും അങ്ങനെയാണ്. ഒട്ടുമേ പിടിതരാതെ ചിരിച്ചകന്നു പോകും. എന്തായിരുന്നു അത് എന്നൊരു വേവ് നിറഞ്ഞ നൊമ്പരം മാത്രം ബാക്കിയാക്കും. പാതിയുറക്കത്തില്‍ മാഞ്ഞുപോവുന്ന അമൂര്‍ത്തങ്ങളായ സ്വപ്നങ്ങള്‍ പോലെയാണത്. കണ്ണുകള്‍ ഇറുകെയടച്ചു 'ഒന്ന് കൂടി വരൂ' എന്ന് എത്രവിളിച്ചാലും ഉണര്‍ച്ചയുടെ പാളം കടന്ന് അവ അടുത്തേക്ക് എത്തുകയേയില്ല. 

ഓര്‍മ്മകള്‍ വിടവുകളാകുന്നു. ഒന്ന് കൊണ്ടും അടയ്ക്കാന്‍പറ്റാത്ത, മറ്റൊന്നിനും പകരമാകാന്‍ കഴിയാത്ത ആഴമാര്‍ന്ന വിടവുകള്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചില കാര്യങ്ങളാവും അതൊക്കെ. ഒന്നുകൂടി എന്ന് എത്ര ആഗ്രഹിച്ചാലും പടി കടന്നു വരാത്ത നിഴലുകള്‍. ഒരുവട്ടം കൂടി എന്ന് മനസ്സ്  കൊതിച്ചുപോകുമ്പോഴും പിരിഞ്ഞകലുന്ന ഈണങ്ങള്‍. എത്ര ആഴങ്ങളിലേക്ക് സ്‌നാനപ്പെട്ടാലും അടിത്തട്ട് കാണാത്ത കടലിരമ്പങ്ങള്‍. അതില്‍ തട്ടിത്തടഞ്ഞു വീഴുമ്പോള്‍ വെറും പഴയ ഓര്‍മ്മകള്‍ എന്ന് പറഞ്ഞ് ഒരു നെടുവീര്‍പ്പ് മാത്രം നല്‍കി വീണ്ടും മറവിക്കുപ്പായത്തില്‍ അവയെ ഒളിച്ചു വെയ്ക്കും. എത്രയൊളിപ്പിച്ചാലും അതൊക്കെയും അവിടെത്തന്നെ കാണും. മനോഹരങ്ങളായ ചില അപൂര്‍ണ്ണതകള്‍ പേറുന്ന ഒരിക്കലും പുനഃസൃഷ്ടിക്കാനാവാത്ത ചില കാലങ്ങളും ചില നേരങ്ങളും!

Latest Videos
Follow Us:
Download App:
  • android
  • ios