'ഭാര്യക്ക് കുഴപ്പം ഉണ്ടെങ്കില്‍ അത് അവളറിയരുത്, കുഴപ്പം എനിക്കെന്നേ പറയാവൂ, അല്ലെങ്കില്‍...'

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് വന്ധ്യതാ ചികില്‍സയ്ക്ക് ഭാര്യയ്‌ക്കൊപ്പമെത്തിയ ഒരു യുവാവിന്റെ ജീവിതം
 

Memoirs of a nurse a column by Teresa Joseph

ഒന്നില്‍ക്കൂടുതല്‍ വിവാഹം കഴിക്കുന്നത് സാധാരണമായ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അയാള്‍ വരുന്നത്. വേറേ വിവാഹം വേണ്ട എന്ന ചന്ദന്റെ തീരുമാനത്തേക്കാള്‍ എന്റെ മനസ്സില്‍ തറച്ചത്, അവള്‍ക്കാണ് കുഴപ്പമെങ്കില്‍ അവള്‍ അതറിയരുത്. പകരം ആ കുരിശ് എന്റെ തോളില്‍ ഇരിക്കട്ടെ എന്ന മനോഭാവമാണ്. 

​​​​​​​
Memoirs of a nurse a column by Teresa Joseph

 

കരിരൂപങ്ങള്‍ അലറി ആര്‍ക്കുന്നു. ഓടിയൊളിക്കാന്‍ ഇടമില്ലാത്തവണ്ണം ചുറ്റിലും തീത്തെയ്യങ്ങള്‍. പരിഹാരം എന്ത് വേണ്ടൂ ഭഗവാനേ! നിറകണ്ണുകളില്‍ തോരാത്ത മഴപെയ്തിറങ്ങുന്നു.

എനിക്ക് നീയും നിനക്ക് ഞാനും മാത്രം തുണ എന്നൊരു നേര്‍ത്ത മന്ത്രത്തില്‍ ലോകം അസ്തമിക്കുന്നത് പോലെ..

'വാവേ വാവാവോ....' 

നീല നിറത്തിലുള്ള ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു റൂമിലായിരുന്നു ഞാന്‍. നീലയും പിങ്കും ഇടകലര്‍ന്ന പല തരത്തിലുള്ള അലങ്കാരങ്ങള്‍ ഭിത്തിയില്‍ നിറഞ്ഞിരുന്നു. മിക്കതും കുഞ്ഞുങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍. മാലാഖമാര്‍ എന്ന് തോന്നും വിധം അത്ര ശാന്തമായ കുഞ്ഞുറക്കങ്ങള്‍. പാല്‍പ്പുഞ്ചിരികള്‍. എന്റെ മുന്‍പില്‍ ചന്ദനും സുഷമയും അവരുടെ ഇരട്ട കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മൂന്ന് മാസമായ കുഞ്ഞുങ്ങളെയും കൊണ്ട് അവര്‍ ഡോക്ടറെകാണാന്‍ വന്നതായിരുന്നു.

പ്രസിദ്ധമായ ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആയിരുന്നു അത്. ഒരു ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റും അവരുടെ റേഡിയോളജിസ്റ്റ് ആയ ഭര്‍ത്താവും ചേര്‍ന്നായിരുന്നു ആ ക്ലിനിക് നടത്തിയിരുന്നത്. സങ്കടക്കണ്ണീരും ആനന്ദക്കണ്ണീരും ഇടകലര്‍ന്നൊഴുകുന്ന ഇടം. നഴ്‌സിംഗ് പാസായി ജോലിതിരഞ്ഞു നടക്കുന്ന ആദ്യകാലങ്ങളിലാണ് ഞാന്‍ അവിടെ ചേര്‍ന്നത്.
 
വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്ത ദമ്പതികളായിരുന്നു വരുന്നവരൊക്കെയും. പത്തും പതിനഞ്ചും വര്‍ഷം കഴിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ വരുന്ന അവരെ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയും. പിന്നെ അവര്‍ക്കായി ദൈവമേ എന്നൊരു വിളി മനസ്സില്‍ നിന്നുയരും.  

അങ്ങനെ വരുന്നവരില്‍ ഏറെ പരിചയമുള്ള ദമ്പതികളായിരുന്നു ചന്ദനും സുഷമയും. ചന്ദന് വഴിവക്കില്‍ പച്ചക്കറി വില്‍പനയായിരുന്നു. സുഷമ ഒരു ഡോക്ടറുടെ വീട്ടുജോലിക്കാരിയും. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷമായിട്ടും ഒരു കുഞ്ഞില്ലാതെ കഴിയുന്ന അവരെ സുഷമ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ ഡോക്ടറാണ് ഇവിടേക്ക് പറഞ്ഞു വിട്ടത്. ഡല്‍ഹിയില്‍ നിന്നും ഏറെയകലെ ഏതോ ഗ്രാമത്തിലായിരുന്നു അവരുടെ വേരുകള്‍. കുട്ടികളുണ്ടാകാത്തത് സുഷമയുടെ കുഴപ്പം കൊണ്ടാണെന്നും അവളെ ഉപേക്ഷിച്ച് വേറേ വിവാഹം കഴിക്കണമെന്നും ചന്ദനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അതിന്‌സമ്മതിക്കാതെ സുഷമയെയും കൂട്ടി ആരോടും പറയാതെ ഡല്‍ഹിയിലേക്ക് പോരുകയായിരുന്നു ചന്ദന്‍. ഒരു തരം ഒളിച്ചോട്ടം.

ഒരു തണുപ്പ് കാലത്തായിരുന്നു ഞാനവരെ ആദ്യം കാണുന്നത്. ഡോക്ടറുടെ റൂമിന് വെളിയില്‍ നിരത്തിയിട്ടിരുന്ന കസേരകളില്‍ അവര്‍ തൊട്ടുതൊട്ടിരുന്നു. പേര് വിളിച്ചപ്പോള്‍ സുഷമയെ ചേര്‍ത്ത് പിടിച്ചാണ് ചന്ദന്‍ അകത്തേക്ക് വന്നത്. രണ്ടു പേരോടും വിവരങ്ങള്‍ ഒക്കെ തിരക്കി കുറച്ച് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ കുറിച്ചുകൊടുത്തു. പിന്നെ എല്ലാം ശരിയാകും എന്ന് ആശ്വസിപ്പിച്ച് അവരെ പുറത്തേക്ക് പറഞ്ഞുവിട്ടു. ഒരാഴ്ച കഴിഞ്ഞ് റിസല്‍ട്ടുമായി വരണം എന്ന് പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു.

അടുത്ത രോഗിയെ വിളിക്കാന്‍ ഞാന്‍ പുറത്തേക്ക് ചെന്നപ്പോള്‍ ചന്ദനും സുഷമയും പുറത്തിരിപ്പുണ്ട്. എന്ത് പറ്റി എന്ന് തിരക്കിയപ്പോള്‍ ചന്ദന്  ഒന്ന് കൂടി ഡോക്ടറെ കാണണം എന്ന്പറഞ്ഞു. സുഷമയെ പുറത്തിരുത്തിയിട്ടാണ് ഇത്തവണ അയാള്‍ ഉള്ളിലേക്ക് വന്നത്. അകത്തു വന്ന ചന്ദന്‍ കൈകള്‍ കൂട്ടിപ്പിടിച്ച് ഡോക്ടറെ തൊഴുതു കൊണ്ട് പറഞ്ഞു. 

'ഡോക്ടര്‍, അടുത്തയാഴ്ച റിസല്‍ട്ടുമായി വരുമ്പോള്‍ എന്റെ ഭാര്യക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അത് അവളറിയരുത്. കുഴപ്പം എനിക്കാണെന്നേ പറയാവൂ. അല്ലെങ്കില്‍ അവള്‍ എന്നെ വേറേ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കും. കുട്ടികള്‍ ഇല്ലെങ്കിലും എനിക്ക് അവള്‍ മാത്രം മതി.' അയാളുടെകണ്ണുകള്‍ നനഞ്ഞിരുന്നു.

പിന്നെ കൈകള്‍ തൊഴുത് പിടിച്ചുകൊണ്ട്  അയാള്‍ പുറത്തേക്കിറങ്ങിപ്പോയി.

ഒന്നില്‍ക്കൂടുതല്‍ വിവാഹം കഴിക്കുന്നത് സാധാരണമായ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അയാള്‍ വരുന്നത്. വേറേ വിവാഹം വേണ്ട എന്ന ചന്ദന്റെ തീരുമാനത്തേക്കാള്‍ എന്റെ മനസ്സില്‍ തറച്ചത്, അവള്‍ക്കാണ് കുഴപ്പമെങ്കില്‍ അവള്‍ അതറിയരുത്. പകരം ആ കുരിശ് എന്റെ തോളില്‍ ഇരിക്കട്ടെ എന്ന മനോഭാവമാണ്. 

സുഷമയുടെ കയ്യും പിടിച്ച് നടന്നു പോകുന്ന ചന്ദനേയും നോക്കി നില്‍ക്കുമ്പോള്‍ 'അവനാണോ അവള്‍ക്കാണോ കുഴപ്പം' എന്ന കുഴപ്പംപിടിച്ച ചോദ്യവുമായി വകേല് ഒരമ്മായിയുടെ അല്‍പ്പം കുശുമ്പ് നിറഞ്ഞ മുഖം എന്റെ മുന്‍പില്‍ തെളിഞ്ഞു. വിവാഹംകഴിഞ്ഞാല്‍ അടുത്ത മാസം മുതല്‍ വകേല് ഉള്ള അമ്മായിമാര്‍ അന്വേഷണം തുടങ്ങും. 

''വിശേഷം ആയില്ലേ'

എന്തോന്ന് വിശേഷം! അടുത്ത അന്വേഷണം ഒരു പടി കൂടികയറിയാണ്

'ആര്‍ക്കാണ് കുഴപ്പം?'

ആര്‍ക്കാണ് കുഴപ്പമെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാനല്ല. ആര്‍ക്കോ കുഴപ്പം എന്ന് കേള്‍ക്കുമ്പോള്‍ ഒരു മനസ്സുഖം, അത്രേയുള്ളു. പെണ്ണിനാണ് കുഴപ്പം എന്നറിഞ്ഞാല്‍ മനസ്സുഖം അല്‍പ്പം കൂടും. പിന്നെ ഉപദേശങ്ങള്‍ കുടഞ്ഞിടുകയായി.

മറ്റുളളവരുടെ 'വിശേഷം' തിരക്കുന്ന നമ്മുടെ ഈ സ്വഭാവം എത്രയോ ദുഷിച്ചതും നോവിക്കുന്നതും ആണെന്ന് ഞാനോര്‍ത്തു.

'ആര്‍ക്കാണ് കുഴപ്പം' എന്ന ഒറ്റച്ചോദ്യം കൊണ്ട് മനസ്സ് മരവിച്ചിരിക്കുന്ന രണ്ടു മനുഷ്യരെ നിസ്സഹായതയുടെ ആഴങ്ങളിലേക്ക് വീണ്ടും തള്ളിയിടുകയാണ് ചെയ്യുന്നത്. അല്‍പ്പവും ദയയില്ലാത്ത ദുഷിച്ചൊരു ചോദ്യമാണത്.  

കുഴപ്പം ആര്‍ക്കുമല്ല. ശരീരത്തിലെ ചില സിസ്റ്റങ്ങള്‍ അല്‍പ്പംതാമസിച്ച് പ്രവര്‍ത്തിക്കുന്നതാകാം. കോടാനുകോടി കോശസമൂഹങ്ങളില്‍ കുറച്ചെണ്ണം  പരസ്പരം പിണങ്ങുന്നതാവാം. വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ളതും ഇനിയും കണ്ടു പിടിക്കാനുള്ളതുമായ അനേകം ഹോര്‍മോണുകള്‍ അനുവദിക്കപ്പെട്ട പരിധിയും കഴിഞ്ഞ് പായുന്നതാവാം. അല്ലെങ്കില്‍ പ്രകൃതി അങ്ങനെയാവാം നിശ്ചയിച്ചത്. അതെങ്ങനെ ആരുടെയെങ്കിലും കുഴപ്പമാകും! ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ കുറച്ചു കഴിഞ്ഞു മതിയെന്നോ അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന് തന്നെയോ ആകാം അവരുടെ തീരുമാനം. ഇതില്‍ ഒക്കെ പരിധി കഴിഞ്ഞ് കൈ കടത്തുന്നതെന്തിന്! 

ചന്ദനെ ഞാന്‍ അവസാനം കാണുന്നത് കുട്ടികള്‍ക്ക് രണ്ട് വയസ്സ് തികഞ്ഞപ്പോഴാണ്. പച്ചക്കറികള്‍ക്കിടയില്‍ മല്ലിയില തിരഞ്ഞു കൊണ്ടിരുന്ന എന്നെ ''അരെ സിസ്റ്റര്‍ജീ, ക്യാ ഹാല്‍ഹേ?'' എന്നൊരു ശബ്ദം പുറകില്‍ നിന്ന് വിളിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടു പച്ചക്കറിക്കുട്ടകള്‍ക്ക് നടുവില്‍ മുഖം നിറയുന്ന ചിരിയുമായി ചന്ദന്‍. മടിയില്‍ കുഞ്ഞുങ്ങളുമുണ്ട്. വഴിയരികിലെ കച്ചവടം അല്‍പ്പം കൂടി മെച്ചപ്പെട്ട ഇടത്തേക്ക് അയാള്‍ മാറ്റിയിരിക്കുന്നു. സുഷമ ഇപ്പോള്‍ വരുമെന്ന് ചന്ദന്‍ പറഞ്ഞു.  

നന്നായിരിക്കട്ടെ സഹോദരാ എന്ന മനസ്സ് നിറഞ്ഞ ആശംസയുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഞാനോര്‍ത്തു.

'പ്രിയപ്പെട്ട ചന്ദന്‍, നിങ്ങള്‍ക്ക് ഞാന്‍ എത്ര മാര്‍ക്ക് തരും? നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് ... പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത നിങ്ങളുടെ മനസ്സിലെ നന്മ കൊണ്ടും ദയവ് കൊണ്ടും നിങ്ങള്‍ വിശേഷങ്ങള്‍ അന്വേഷിച്ചു നടക്കുന്ന 'പരിഷ്‌കാരികളായ' ഞങ്ങളെ തോല്‍പ്പിച്ചു കളയുകയാണ്. നിങ്ങളുടെ നന്മയ്ക്ക് കിട്ടിയ പ്രതിഫലമാണ്  നിങ്ങളുടെ മടിയില്‍ ഇരിക്കുന്ന ഈ പൊന്‍മുത്തുകള്‍.

ഇപ്പോള്‍ അവര്‍ക്ക് 22 വയസ്സ് ആയിട്ടുണ്ടാവും. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും നന്നായിരിക്കട്ടെ, അച്ഛനെപ്പോലെ നന്മയുള്ള മക്കളായിരിക്കട്ടെ എന്നൊരു പ്രാര്‍ത്ഥനയാണ് മനസ്സില്‍ ഉയരുന്നത്.

ഈശ്വരകോപം, അവന്റെ വിധി, അവള്‍ മച്ചിയാണ്....ദൈവമേ, പരശ്ശതം കുറ്റപ്പെടുത്തലുകളില്‍ നീറി ഉഴറി നില്‍ക്കുന്നത് എത്രയോ പ്രിയപ്പെട്ടവരാണ്. പരിഹാരമായി ഇനിയെന്ത് വേണ്ടൂ എന്നറിയാത്തവര്‍. മുട്ടില്‍ മണല്‍ത്തരികള്‍... വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്ന് പോകുന്ന ജപമണികള്‍, മരക്കൊമ്പുകളില്‍ ഊയലാടുന്ന പ്രാര്‍ത്ഥന തൊട്ടിലുകള്‍, കൈപ്പിടി നിറയെ മരുന്നുകള്‍. എങ്കിലും അവരുടെ ഉള്ളില്‍ ആധിയാണ്. ഇതും വിജയിച്ചില്ലെങ്കിലോ എന്ന തീരാത്ത നൊമ്പരം.

പിന്നെ തിരഞ്ഞെടുക്കുക ഉള്‍വലിഞ്ഞൊരു ജീവിതമാണ്. സ്വയം സൃഷ്ടിച്ചെടുക്കുന്ന വാത്മീകത്തിലിരുന്ന് ജപപാരായണങ്ങളുടെ പൂര്‍ണ്ണിമയില്‍ എപ്പോഴെങ്കിലും വന്നേക്കാവുന്നൊരു പിഞ്ചുപൈതലിനെ അവര്‍ സ്വപ്നം കാണും. മുഖത്ത് പതിയുന്നൊരു പിഞ്ചു മുത്തം...മാറോട് ചേരുന്നൊരു പൂവുടല്‍... കുഞ്ഞുവിരല്‍ത്തുമ്പുകള്‍ മാറില്‍ പരതുന്നു... െപാടുന്നനേ കനല്‍പോലെ പൊള്ളുന്നൊരു ചോദ്യം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഇടയിലേക്ക് ചിതറി വീഴുകയാണ്.

സ്വപ്നം മുറിയുന്നു. 'ആര്‍ക്കാണ് കുഴപ്പം?' എന്ന കനിവറ്റ ചോദ്യം മുറിഞ്ഞ സ്വപ്നച്ചിറകിലേക്ക് വലിച്ചെറിഞ്ഞ് കലിരൂപങ്ങള്‍ നടന്നകലുന്നു. പകച്ച കണ്ണുകളില്‍ നിന്ന് കവിള്‍ത്തടങ്ങളും നെഞ്ചകവും പൊള്ളിച്ചു കൊണ്ട് മിഴിനീര്‍ ഉരുകിയിറങ്ങുന്നു. 

ഇനിയെങ്കിലും ആര്‍ക്കാണ് കുഴപ്പം എന്ന് ചോദിക്കുന്നതിന് മുന്‍പ് ഒന്നു കൂടി ആലോചിക്കുക. ആര്‍ക്കാണ് കുഴപ്പമെങ്കിലും നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇനിയും പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കരുത്. പരസ്പരം കൈമാറുന്ന ജീവനറ്റ നോട്ടങ്ങള്‍ കൊണ്ടും ചിരി വറ്റിയ മുഖങ്ങള്‍ കൊണ്ടും അവര്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന് പരിഹാരം ചെയ്ത് കൊണ്ടേയിരിക്കുകയാണ്.

കനിവറ്റ ചോദ്യങ്ങളും അന്വേഷണങ്ങളും ആരുടെയും നെഞ്ചിലേക്ക് വലിച്ചെറിയാതിരിക്കുക. മനുഷ്യനെന്ന് ലേബലുള്ള നമ്മുടെ മനസ്സില്‍ നന്മ അല്‍പ്പമെങ്കിലും ബാക്കിയാവട്ടെ.


 

Latest Videos
Follow Us:
Download App:
  • android
  • ios