അടര്‍ന്നുവീഴുന്ന ഓര്‍മ്മകള്‍, അല്‍ഷിമേഴ്‌സ് മറവിയിലേക്ക് നമ്മെ മൂടിക്കളയുന്നത് ഇങ്ങനെയാണ്
ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് മറവിയ്ക്കും ഓര്‍മ്മയ്ക്കുമിടയില്‍ ചാഞ്ചാടുന്ന കുറച്ചു മനുഷ്യര്‍
ബിജു പറഞ്ഞു, വല്യപ്പച്ചന് ആരേയും അറിയില്ല. അതെന്താ അങ്ങനെ എന്ന് എന്റെ കുട്ടി മനസ്സ് ഓര്‍ത്തു. വല്യപ്പച്ചന്‍ ഓര്‍മ്മക്കുപ്പായം അഴിച്ചു വെച്ച് മറവിയുടെ തോരണങ്ങള്‍ ചാര്‍ത്തിയിരിക്കുകയായിരുന്നു. ആ വലിയ മനുഷ്യന്റെ ഓര്‍മ്മയുടെ ചരടുകള്‍ ഒക്കെയും പൊട്ടിപ്പോയിരുന്നു.
മുടി ഇരുവശവും പിന്നിയിട്ട് മുടിപ്പിന്നലില്‍ ചുവപ്പ് റിബണ്‍കെട്ടിയ ഒരു പാവാടക്കാരിയായിരുന്നു ഞാനന്ന്. രോഗികളെ ശുശ്രൂഷിക്കുന്ന കുപ്പായത്തിനു പകരം ഒരു കൂട്ടിരുപ്പുകാരിയുടെ ഉടുപ്പായിരുന്നു അന്നിട്ടിരുന്നത്. ആശുപത്രിക്കിടക്കയില്‍ ആയിരുന്ന അമ്മക്ക് കൂട്ടിനായി നില്‍ക്കുകയായിരുന്നു. സ്‌കൂളില്‍ പോകേണ്ട എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെ. അമ്മയെ നോക്കാന്‍ നഴ്‌സുമാര്‍ ഉണ്ട്, വെറുതെ അടുത്തിരിക്കുക എന്ന് മാത്രമേ കുട്ടിയായ എനിക്ക് ചെയ്യാനുള്ളൂ.
ആശുപത്രിക്ക് ഒരു പ്രത്യേക മണമായിരുന്നു. തറ തുടക്കുന്ന ലോഷന്റെ, മരുന്നുകളുടെ പിന്നെ മരണത്തിന്റെയും. തണുത്ത ഇരുണ്ട ഇടനാഴികള്‍, ഇടനാഴികളില്‍ പ്രിയപ്പെട്ടവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന ബന്ധുക്കള്‍.
ഇടയ്ക്ക് പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും ഒന്നും പിടിതരാതെ തണുത്തുറഞ്ഞ ഏതോ ലോകത്തേക്ക് യാത്രയാകുന്ന ആത്മാക്കള്‍. അതേത്തുടര്‍ന്ന് ഉണ്ടാകുന്ന നെഞ്ച് പൊട്ടുന്ന വിലാപങ്ങള്‍.
വീല്‍ചെയറില്‍ ഉള്ള രോഗികളെ തള്ളിക്കൊണ്ട് പോകാന്‍ നീണ്ട ഒരു റാമ്പ് ഉണ്ടായിരുന്നു അവിടെ. അത് അവസാനിക്കുന്നിടത്തായിരുന്നു ആ ആശുപത്രിയിലെ ചാപ്പല്‍. ആ നീണ്ട റാമ്പില്‍ കൂടിയുള്ള നടത്തത്തിന്റെ ഇടയിലാണ് ഒരു ദിവസം ഞാന്‍ ചാപ്പലിലേക്ക് എത്തി നോക്കുന്നത്. നിരനിരയായി ഇട്ടിരിക്കുന്ന ബെഞ്ചുകള്‍, മങ്ങിയ വെളിച്ചം. ഭിത്തിയില്‍ നീട്ടിയ കരങ്ങളുമായി യേശുക്രിസ്തുവിന്റെ രൂപം.
അകത്തേക്ക് എത്തി നോക്കിക്കൊണ്ടിരുന്ന എന്നെ ആരോ തോണ്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ നിക്കറും ഷര്‍ട്ടുമിട്ട ഒരു ചെറുക്കന്‍. മുഖം നിറയെ ചിരിയുമായി അവന്‍ നില്‍ക്കുന്നു.
'എന്നാടുക്കുവാ, പ്രാര്‍ത്ഥിക്കാന്‍ അകത്തു കേറിയിരിക്ക്'
അവന്‍ പറഞ്ഞു
'ഞാന്‍ ചുമ്മാ നോക്കീതാ'
'എന്നാ വാ നമുക്ക് പ്രാര്‍ത്ഥിക്കാം' -അവന്‍ എന്നെയും വിളിച്ച് അകത്തു കയറി. തറയില്‍ മുട്ട് കുത്തി ഞങ്ങള്‍ രണ്ടു പേരും പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അവന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു
'എന്റെ വല്യപ്പച്ചന്‍ ഇവിടെ കിടക്കുവാ. അമ്മേം അപ്പച്ചനും കൂടെയുണ്ട്. വല്യപ്പച്ചന് പെട്ടെന്ന് സുഖമാകാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കണോന്ന് അമ്മയാ പറഞ്ഞേ'
ഈ ചെറുക്കന്‍ ഏതാണ് എന്ന് പോലും എനിക്കറിയില്ല. ഇവന്‍ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് എന്നൊരു സംശയം എനിക്ക് തോന്നി.
പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവന്റെ കണ്ണില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടിയിരിക്കുന്നു. ഒപ്പം മുഖംനിറയെ നിലാവ് പോലെ പുഞ്ചിരിയും.
അന്ന് മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി. ബിജു എന്നായിരുന്നു അവന്റെ പേര്. ഒരു കാലിന് അല്‍പ്പം സ്വാധീനക്കുറവുണ്ട്. എങ്കിലും അവന്റെ മുഖത്തെ നിലാവ് പോലുള്ള പുഞ്ചിരി കാലിന്റെ അവശത മറച്ചിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ആശുപത്രിയിലെ ഇടനാഴികളില്‍ കൂടി നടക്കും. ചിലപ്പോള്‍ അവന്റെ വല്യപ്പച്ചന്‍ കിടക്കുന്ന മുറിയില്‍ പോകും. അവിടെ ചെല്ലുമ്പോഴൊക്കെ അവന്റെ അമ്മ ഓറഞ്ചോ മുന്തിരിയോ എന്തെങ്കിലും തരും.
ഒരു ഡിസംബര്‍ ആയിരുന്നു അത്. ആകാശത്തിലും ഭൂമിയിലും മഞ്ഞിന്‍ തണുപ്പും ക്രിസ്തുമസ്സിന്റെ മണവുമുള്ള മാസം.
ഒരു ദിവസം രാവിലെ ഡോക്ടര്‍ വന്ന് എന്റെ അമ്മയ്ക്ക് സുഖമായി ഇന്ന് വീട്ടില്‍ പോകാമെന്ന് പറഞ്ഞു. ഞാനോടി ബിജുവിന്റെ വല്യപ്പച്ചന്‍ കിടക്കുന്ന മുറിയിലെത്തി.
'ഞങ്ങള് ഇന്ന് പോവാ ട്ടോ'
വലിയ സന്തോഷത്തോടെയാണ് ഞാന്‍ പറഞ്ഞത്. വീട്ടില്‍ എത്തിയിട്ട് ഒരുപാട് കാര്യങ്ങളുണ്ട് ചെയ്യാന്‍. നക്ഷത്രം ഉണ്ടാക്കണം, ഡിസംബറില്‍ മാത്രം മരങ്ങളില്‍ ഉണ്ടാവുന്ന ഉണ്ണീശോ പൂ പറിക്കണം... പിന്നെ ഡിസംബറിന് മാത്രം തരാന്‍ കഴിയുന്ന മഞ്ഞു പൊതിഞ്ഞ ശാന്തതയിലേക്ക് എന്നെ ചേര്‍ത്ത് വെയ്ക്കണം.
ആ മുറിയില്‍ ബിജുവിന്റെ അപ്പനും അമ്മയും ഉണ്ടായിരുന്നു. അവര്‍ രണ്ടു പേരും കരയുന്നുണ്ടായിരുന്നു. നോക്കുമ്പോള്‍ വല്യപ്പച്ചന്റെ മുഖത്ത് പേരറിയാത്ത ഒരു ഭാവം. ബിജു പറഞ്ഞു, വല്യപ്പച്ചന് ആരേയും അറിയില്ല. അതെന്താ അങ്ങനെ എന്ന് എന്റെ കുട്ടി മനസ്സ് ഓര്‍ത്തു. വല്യപ്പച്ചന്‍ ഓര്‍മ്മക്കുപ്പായം അഴിച്ചു വെച്ച് മറവിയുടെ തോരണങ്ങള്‍ ചാര്‍ത്തിയിരിക്കുകയായിരുന്നു. ആ വലിയ മനുഷ്യന്റെ ഓര്‍മ്മയുടെ ചരടുകള്‍ ഒക്കെയും പൊട്ടിപ്പോയിരുന്നു.
ബിജുവിന്റെ അപ്പന്‍ കരയുന്നുണ്ടായിരുന്നു. തേങ്ങലുകള്‍ക്കിടയില്‍ ചിതറിത്തെറിച്ച ഒരു വാചകം മാത്രം ഇന്നും മനസ്സില്‍ നില്‍ക്കുന്നു
'ഒരു പ്രാവശ്യമെങ്കിലും ബോധത്തോടെ എന്നെയൊന്ന് തോമാച്ചാന്ന് വിളിച്ചേ ചാച്ചാ'
ആ വിളികളൊന്നും കേള്‍ക്കാതെ കൈയില്‍ ഘടിപ്പിച്ചിരിക്കുന്നഒരു ട്യൂബ് കിള്ളിപ്പറിക്കുന്നതില്‍ മുഴുകി ഇരിക്കുകയായിരുന്നു വല്യപ്പച്ചന്‍.
രണ്ട്
ഈ കഥയില്‍ നഴ്‌സിന്റെ കുപ്പായമാണ്. കൊട്ടിയത്ത് പഠിക്കുന്നു. ജോലി കഴിഞ്ഞ് ഹോസ്റ്റലില്‍ വന്നാലും ഹോസ്പിറ്റല്‍ ബെഡില്‍ കിടക്കുന്ന രോഗിയെക്കുറിച്ച് ആകുലപ്പെടുന്ന കാലമായിരുന്നു അത്. ആ ദിവസങ്ങളില്‍ ഒന്നിലാണ് വാപ്പച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഒരു രോഗിയെ കാണുന്നത്.
അദ്ദേഹത്തിന്റെ ചുറ്റും മക്കള്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ പതിയെ എന്റെ കൂട്ടുകാരിയായി.
ഒരു ദിവസം രാവിലെ വാപ്പച്ചിയുടെ റൂമിലെ ബെഡ് ഷീറ്റ് മാറ്റിവിരിക്കാന്‍ ചെല്ലുമ്പോള്‍ ഉമ്മച്ചി (അപ്പോഴേക്കും അവര്‍ ഞങ്ങളുടെയും ഉമ്മച്ചി ആയിരുന്നു) കരയുകയാണ്
'മക്കളെപ്പോലും മറന്ന് പോയല്ലോ ങ്ങള് , ഫൗസില വാപ്പച്ചീ ന്ന് വിളിച്ചിട്ടു പോലും ങ്ങക്ക് മനസ്സിലായില്ലേ.'
ഫൗസില ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു അദ്ദേഹത്തിന്. ആരേയും അറിയാതെ ഓര്‍മ്മചരടുകള്‍ അറ്റുപോയ ഒരു ലോകത്തായിരുന്നു ആ മനുഷ്യന്‍. ഒരിക്കല്‍ അറ്റു പോയാല്‍ പിന്നൊരിക്കലും തുന്നിച്ചേര്‍ക്കാന്‍ ആവാത്ത വിധം പിളര്‍ന്നുപോയൊരു ഓര്‍മ്മച്ചെപ്പ്.
ഷീറ്റ് വിരിച്ച് രാവിലത്തെ മരുന്നും കൊടുത്തു കഴിഞ്ഞപ്പോള്‍ അപ്പോഴത്തെ ഒരു തോന്നലില്‍ ഞാന്‍ അദ്ദേഹത്തിന്റെ കണ്ണില്‍നോക്കി പതിയെ വിളിച്ചു
'വാപ്പച്ചീ'
ഒരൊറ്റ നിമിഷം ആ കണ്ണിലൊരു തിളക്കമുണ്ടായി. മുഖത്തെ സംശയിക്കുന്ന ഭാവം മാറി ആഴമുള്ള ഒരു വാത്സല്യം തെളിഞ്ഞുവന്നു. ഒരു ചെറു പുഞ്ചിരി വിറയ്ക്കുന്ന ചുണ്ടിന്‍ കോണിലും പിന്നെ ആ കണ്ണുകളിലും.
'പടച്ചോനെ ഞാനെന്താ ഈ കാണണേ'
ഉമ്മച്ചി അദ്ദേഹത്തെ കുലുക്കി വിളിച്ചു. സന്തോഷം കൊണ്ട്അവര്‍ കരയുകയായിരുന്നു.
പക്ഷേ ഒറ്റ നിമിഷം കൊണ്ട് വാപ്പച്ചിയുടെ മുഖത്തെ ഭാവം മാറി. പഴയ ശൂന്യത ..
ഒരു നിമിഷത്തേക്ക് കൂടിച്ചേര്‍ന്ന ചരടുകള്‍ വീണ്ടും മുറിഞ്ഞിരിക്കുന്നു. പിന്നെ എത്ര വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല. ഒരു പക്ഷേ വാപ്പച്ചീ എന്ന വിളിയില്‍ പഴയ ഏതോ ഓര്‍മ്മകള്‍ കടന്നു വന്നിരിക്കാം. തലച്ചോറിലെ പിണങ്ങിയകന്ന, നരച്ച കോശങ്ങള്‍ക്കിടയില്‍ ഒരു മാത്ര േനരത്തേക്ക് നിലാവ് ഉദിച്ചിരിക്കാം. ആ ഒരു നിമിഷത്തില്‍ ഞാനും ആ കുടുംബത്തിന്റെ ഭാഗമായി. കൊട്ടിയത്തുണ്ടായിരുന്ന മൂന്ന് വര്‍ഷവും എന്റെ ജന്മദിന ംഓര്‍ത്തു വച്ച് ആ കുടുംബത്തില്‍ നിന്ന് ഒരു സമ്മാനപ്പൊതി എന്നെ തേടിയെത്തിയിരുന്നു.
ചിലപ്പോള്‍ ഓര്‍ക്കും, എന്റെ തലച്ചോറിലെ കോശങ്ങള്‍ക്കും ജരാനരകള്‍ ബാധിച്ചിരിക്കുന്നുവെന്ന്. ബാലവാടിയില്‍ പഠിച്ച പാട്ട് പോലും കാണാതെ പാടുമ്പോഴും അടുത്ത കാലത്തെ ഓര്‍മ്മകള്‍ ചിലപ്പോള്‍ പിണങ്ങി നില്‍ക്കുന്നത് പോലെ. ഒരുപക്ഷേ മനസ്സിന്റെ മാജിക് ആകാം. ആവശ്യമില്ലാത്ത ഓര്‍മ്മകള്‍ മനസ്സ് റീസൈക്കിള്‍ ബിന്നില്‍ കുഴിച്ചു മൂടും പോലെ.
മൂന്ന്
ബിജുവും വല്യപ്പച്ചനും പിന്നെ വാപ്പച്ചിയുമൊക്കെ മറവികള്‍ക്കും ഏറെ താഴെ ഒരു സമാധിയിലായിരുന്നു. പഞ്ഞിക്കെട്ട് പോലെ നരച്ച തലമുടിയുള്ള ഒരു വൃദ്ധയാണ് ഇവരെയൊക്കെ വിളിച്ച് എന്റെ മുന്‍പില്‍ നിര്‍ത്തിയത്. അസ്വസ്ഥകളുടെയും കരച്ചിലിന്റെയും ഇരമ്പമായിരുന്നു അവരുടെ മുറി നിറയെ. ഒപ്പംപല തരത്തിലുള്ള ഗന്ധങ്ങളും. പൂക്കളുടെയും മരുന്നുകളുടെയും പിന്നെയും പേരറിയാത്ത എന്തൊക്കെയോ ഓര്‍മ്മകളുടെയും മണങ്ങള്‍ പേറുന്ന ആശുപത്രി മുറി.
അവരുടെ മകള്‍ എന്നോട് കരയുകയും പറയുകയുമായിരുന്നു. അമ്മ മറ്റ് മക്കളോട് ഇവരെക്കുറിച്ച് പരാതി പറയുന്നു. അതോടൊപ്പം അമ്മയുടെ പല സാധനങ്ങളും ഇവ ര്‍മോഷ്ടിച്ചെന്ന് കുറ്റപ്പെടുത്തുന്നു. എന്റെ തോളിലേക്ക് വീണ് കിടന്ന് കരയുന്ന അറുപത് കഴിഞ്ഞ ആ സ്ത്രീക്കും ആഗ്രഹമുണ്ട് -അമ്മ ഒരിക്കലെങ്കിലും ബോധത്തോടെ അവരെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന്. അമ്മ ഇതൊന്നും മനസ്സിലാവാതെ കൈയിലേക്ക് വെച്ചു കൊടുത്ത ഗുളികയില്‍ വെറുതെ നോക്കിക്കൊണ്ടിരിക്കുന്നു.
അല്‍ഷിമേഴ്സ് ... മരുന്നുകള്‍ കൊണ്ട് മാറ്റാന്‍ പറ്റാത്ത അവസ്ഥ. ഒരു പക്ഷേ നേരത്തെ ലക്ഷണങ്ങള്‍ മനസ്സിലായാല്‍ ഈ രോഗാവസ്ഥയിലേക്ക് പൂര്‍ണ്ണമായും മനസ്സ് വഴുതിപ്പോകുന്നത് വൈകിക്കാന്‍ മരുന്നുകള്‍ക്ക് കഴിഞ്ഞേക്കും.
പതിവായി ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ മറന്നു പോവുക, സംഭാഷണം തുടരാന്‍ പറ്റാത്തത് പോലെ എവിടെ നിര്‍ത്തിയെന്ന് പോലും ഓര്‍ക്കാന്‍ പറ്റാതിരിക്കുക ഇതൊക്കെ അല്‍ഷിമേഴ്സ് രോഗികള്‍ക്ക് വെല്ലുവിളിയാണ്. അതിനേക്കാളേറെ അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും.
കോടാനുകോടി കോശസമൂഹത്തില്‍ ഒരുഭാഗം പിണങ്ങി മാറിയിരിക്കുകയാണ്. ചലനവും ജീവനുമില്ലാതെ, ആവൃതിക്കുള്ളില്‍ അടഞ്ഞിരിപ്പാണ് ഒരിക്കല്‍ ജീവനുള്ളസ്വപ്നങ്ങള്‍ നെയ്തിരുന്ന ആ വലക്കണ്ണികള്‍. ഇനി അതിനുള്ളില്‍ പരല്‍മീന്‍ പിടയില്ല...ഒരു മരവും പൂത്തു തളിര്‍ക്കില്ല. കൂടെയുള്ളവര്‍ പോലും മരവിച്ചു പോയേക്കാവുന്ന ഒരു നിശബ്ദതയിലേക്ക് അടഞ്ഞു പോകുന്നു തലച്ചോറിന്റെ ഒരുഭാഗം. പിന്നെ എല്ലാവരും അപരിചിതരാണ്, തന്നെ ഉപദ്രവിക്കാന്‍ എത്തുന്ന അപരിചിതര്‍. സ്‌നേഹത്തിന്റെയോ പങ്കു വെയ്ക്കലിന്റെയോ യാതൊരു ഓര്‍മ്മകളും ഇല്ലാതെ ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ഊയലാടുന്ന ഒരു ജീവിതം. ഒടുവിലത്തെ യാത്ര പോലും താന്‍ പോവുകയാണെന്ന യാതൊരു ബോധ്യവും ഇല്ലാതെ...മരണമൊഴികളോ അവസാനയാത്ര പറച്ചിലോ ഇല്ലാതെ.
ഇതിനിടയില്‍ പ്രിയപ്പെട്ടവര്‍ പറഞ്ഞു കൊണ്ടേയിരിക്കും..
ഒരു പ്രാവശ്യമെങ്കിലും എന്നെ ഒന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന്. ഒന്ന് കൂടി ഓര്‍മ്മകള്‍ക്ക് തിളക്കമുള്ള ഒരു സായാഹ്നം ഉണ്ടായിരുന്നെങ്കില്‍ എന്ന്. എല്ലായിടവും കരച്ചിലിന് ഒരേ ഭാഷയും ഒരേ ആഴവും. അപ്പോഴും അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും പിന്നെ കഴിച്ച പാത്രങ്ങള്‍ കഴുകാനെടുക്കുന്ന നിങ്ങളോട് നിസ്സഹായത അരികു വച്ച സ്വരത്തില്‍ പറയും
'എനിക്ക് വിശക്കുന്നു, കഴിക്കാന്‍ തായോ'
മറവി ഒരേ സമയം അനുഗ്രഹവും ശാപവുമാണ്.