148 വര്‍ഷം മുമ്പെഴുതിയ ഇത് നമ്മുടെ കാലത്തിന്റെ കൂടി കഥയാണ്!

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  ഫ്രഞ്ച് നോവലിസ്റ്റും കഥാകൃത്തുമായ അല്‍ഫോന്‍സ് ഡോഡെ  എഴുതിയ 'അവസാനത്തെ പാഠം ' എന്ന കഥ
 

Marukara a column for translation short story by Alphonse Daudet translation by Reshmi Kittappa

വിവര്‍ത്തകയുടെ കുറിപ്പ്

ഫ്രഞ്ച് നോവലിസ്റ്റും കഥാകൃത്തുമായ അല്‍ഫോന്‍സ് ഡോഡെ അവസാനത്തെ പാഠം (The Last Lesson) എന്ന ഈ കഥ എഴുതിയത് 148 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഫ്രാന്‍സ് കീഴടക്കിയ  (1840-1897) പ്രഷ്യ (ഇന്നത്തെ ജര്‍മനി, പോളണ്ട്, ഓസ്ട്രിയയുടെ ചില ഭാഗങ്ങള്‍) അവിടത്തെ സ്‌കൂളുകളില്‍ ഫ്രഞ്ച് പഠിപ്പിക്കുന്നത് അവസാനിപ്പിച്ച് ജര്‍മന്‍ ഭാഷ നിര്‍ബന്ധമാക്കിയ സംഭവത്തെ, ഒരു ക്ലാസു മുറിയുടെയും അവിടെയുള്ള ഒരു കുട്ടിയുടെയും വീക്ഷണകോണിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ കഥ. അക്ഷരാര്‍ത്ഥത്തില്‍, ലോകത്തെ എല്ലാ അധിനിവേശങ്ങളുടെയുംകഥയാണിത്. അധിനിവേശ ഭരണകൂടങ്ങള്‍ കുട്ടികളുടെ, സംസ്‌കാരത്തിന്റ, ദേശത്തിന്റെ ജാതകം മാറ്റിയെഴുതുന്നതിന്റെ നേര്‍ക്കാഴ്ച. ഇത് വിവര്‍ത്തനം ചെയ്യുന്ന നേരത്താണ്, അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം, ഇക്കാലമത്രയും അവിടത്തെ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച സിലബസില്‍നിന്നും ഇസ്‌ലാമിക നിയമങ്ങള്‍ക്കു വിരുദ്ധമായതെല്ലാം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടെന്നും ആണ്‍കുട്ടികള്‍ക്ക് പുരുഷന്‍മാരും പെണ്‍കുട്ടികള്‍ക്ക് സ്ത്രീകളും മാത്രം ക്ലാസ് എടുത്താല്‍ മതിയെന്നും തിട്ടൂരം പുറപ്പെടുവിച്ചത്. ലോകമാകെയുള്ള സമഗ്രാധിപത്യ ഭരണകൂടങ്ങള്‍, തങ്ങള്‍ക്കിഷ്ടമുള്ളത് പഠിപ്പിക്കാനും താല്‍പ്പര്യമില്ലാത്തത് നിരോധിക്കാനും ശ്രമിക്കുന്ന കാലം. 

ഒന്നാം ലോകമഹായുദ്ധത്തോടെ, ഈ കഥയുടെ പശ്ചാത്തലമായി നില്‍ക്കുന്ന ബിസ്മാര്‍ക്കിന്റെ പ്രഷ്യയുടെ കോളനിവല്‍കരണ ശ്രമങ്ങള്‍ക്ക് തിരിച്ചടി കിട്ടി. ഈ കഥ നടക്കുന്ന ഫ്രാന്‍സിലെ അല്‍സാകിലും ലൊറെയിനിലും അധിനിവേശ ഭാഷയ്ക്കു പകരം ഫ്രഞ്ച് ഭാഷ തിരിച്ചെത്തി. അതെല്ലാം കഴിഞ്ഞ് ഒന്നര പതിറ്റാണ്ട് കഴിയുമ്പോഴും എന്നാല്‍, ലോകം ഒട്ടും മാറിയിട്ടില്ല എന്നാണ് ഈ ദിവസങ്ങളിലിരുന്ന് ഈ കഥ വായിക്കുമ്പോള്‍ മനസ്സിലാവുന്നത്. ഒരാളുടെ സ്വത്വനിര്‍ണയത്തില്‍ ഭാഷ വഹിക്കുന്ന പങ്കും അധിനിവേശത്തിന്റെ മൂര്‍ച്ചയുള്ള ആയുധമായി ഭാഷ മാറുന്നത് എങ്ങനെയാണ് എന്നും ഇക്കാലം കൊണ്ട് ലോകം പഠിച്ചിട്ടുണ്ട്. എന്നാല്‍, ഭാഷയ്ക്കും സംസ്‌കാരത്തിനും സ്വത്വങ്ങള്‍ക്കും മേലുള്ള അധിനിവേശങ്ങളും അവയുടെ കഠാരമൂര്‍ച്ചകളും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. 148 വര്‍ഷം മുമ്പെഴുതിയ ഒരു കഥ അത്ഭുതകരമായ വിധം സമകാലീനമാവുന്നത്, നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പോലും പ്രസ്‌കതമാവുന്നത് നമുക്കിവിടെ കണ്ടറിയാം.  

 

Marukara a column for translation short story by Alphonse Daudet translation by Reshmi Kittappa

അല്‍ഫോന്‍സ് ഡോഡെ

 

ഫ്രഞ്ച് സാഹിത്യത്തിലെ ജനപ്രീതി നേടിയ എഴുത്തുകാരില്‍ ഒരാളായിരുന്നു അല്‍ഫോന്‍സ് ഡോഡെ. 1840 മെയ് 13-ന്  ഫ്രാന്‍സിലെ നിമ്മില്‍ ജനിച്ച അദ്ദേഹത്തിന് ലോകസാഹിത്യത്തിലെ മറ്റ് എഴുത്തുകാരെപ്പോലെ വിദ്യാഭ്യാസമുണ്ടായിരുന്നില്ല. പതിനാലാമത്തെ വയസ്സില്‍ ആദ്യ നോവല്‍ എഴുതിയ അല്‍ഫോന്‍സ് ജീവിതാനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സാഹിത്യജീവിതം തുടര്‍ന്നത്. നാല്‍പത് വര്‍ഷത്തോളം സജീവമായി കവിതകളും നാടകങ്ങളും നോവലുകളും ചെറുകഥകളും ഓര്‍മ്മക്കുറിപ്പുകളും പ്രസിദ്ധീകരിച്ച അല്‍ഫോന്‍സ് ഡോഡെയുടെ എഴുത്തുകളില്‍ അശാന്തമായ കുട്ടിക്കാലത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ മരിച്ചുപോയെങ്കിലും ഫ്രഞ്ചുകാര്‍ക്കിടയില്‍ ഇപ്പോഴും പ്രശസ്തനാണ് അല്‍ഫോന്‍സ് ഡോഡെ. 

അല്‍ഫോന്‍സ് ഡോഡെയുടെ ''അവസാനത്തെ പാഠം'' എന്ന കഥ മറുകരയില്‍ വായിക്കാം

 

Marukara a column for translation short story by Alphonse Daudet translation by Reshmi Kittappa

 

ആ ദിവസം രാവിലെ ഞാന്‍ വളരെ വൈകിയാണ് സ്‌കൂളിലേക്ക് പുറപ്പെട്ടത്. അതിനാല്‍ത്തന്നെ വഴക്ക് കേള്‍ക്കുമെന്ന് വല്ലാതെ പേടിച്ചിരുന്നു, പ്രത്യേകിച്ചും എം.ഹാമെല്‍ ഞങ്ങളോട് അപൂര്‍ണ്ണക്രിയകളെക്കുറിച്ച് ചോദ്യം ചോദിക്കുമെന്ന് പറഞ്ഞതിനാല്‍. എനിക്കതിനെക്കുറിച്ച് ഒന്നുംതന്നെ അറിയുമായിരുന്നില്ല. 

ഓടിപ്പോയി പുറത്തെവിടെയെങ്കിലും ദിവസം ചിലവഴിക്കാമെന്ന് ഞാന്‍ ഒരു നിമിഷത്തേക്ക് ചിന്തിച്ചു. എന്ത് ഊഷ്മളമായ, തെളിച്ചമുള്ള ദിവസമായിരുന്നു അത്! കാടിന്റെ അതിരില്‍ കിളികള്‍ ചിലയ്ക്കുകയും, തടിമില്ലിന്റെ പിറകിലെ തുറസ്സായ സ്ഥലത്ത് പ്രുഷ്യന്‍ പട്ടാളക്കാര്‍ കായികപരിശീലനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അപൂര്‍ണ്ണക്രിയകളുടെ നിയമങ്ങളേക്കാള്‍ ഏറെ പ്രലോഭിപ്പിക്കുന്നതായിരുന്നു അത്, പക്ഷെ അതിനെ തടുക്കാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ സ്‌കൂളിലേക്ക് തിരക്കിട്ടുനടന്നു.

ടൗണ്‍ഹാള്‍ കടന്ന് പോകുമ്പോള്‍ നോട്ടീസ് ബോര്‍ഡിന് ചുറ്റും വലിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ക്കുള്ള ചീത്ത വാര്‍ത്തകളെല്ലാം അതില്‍ നിന്നാണ് വന്നിട്ടുള്ളത്, തോറ്റ യുദ്ധങ്ങള്‍, പണമടയ്ക്കാനുള്ള ഉത്തരവ്, കമാന്‍ഡിങ്ങ് ഓഫീസറുടെ കല്പനകള്‍ എന്നിങ്ങനെ. നടന്നുകൊണ്ടുതന്നെ ഞാന്‍ ചിന്തിച്ചു.

''ഇപ്പോള്‍ എന്തായിരിക്കും പ്രശ്‌നം?''

പിന്നീട് ആകാവുന്നത്ര വേഗത്തില്‍ തിരക്കിട്ട് നടക്കുമ്പോള്‍, കൊല്ലന്‍ വാഹ്‌റ്റെറും അയാളുടെ കീഴില്‍ തൊഴില്‍ പരിശീലിക്കുന്നവനും നോട്ടീസ് ബോര്‍ഡ് വായിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടു, അയാളെന്നോട്  വിളിച്ചുപറഞ്ഞു:

''അത്ര വേഗത്തിലൊന്നും പോവണ്ട, സ്‌കൂളില്‍ എത്താന്‍ ധാരാളം സമയമുണ്ട്!''

അയാളെന്നെ കളിയാക്കുകയാണെന്ന് ഞാന്‍ വിചാരിച്ചു, ഒടുവില്‍ കിതച്ചുകൊണ്ട് ഞാന്‍ എം.ഹാമെലിന്റെ ചെറിയ പൂന്തോട്ടത്തിലെത്തി.

സാധാരണ ക്ലാസ് തുടങ്ങുമ്പോള്‍ വലിയ ഒച്ചപ്പാടും ബഹളവുമായിരിക്കും, തെരുവില്‍ വരെ അത് കേള്‍ക്കാം, ഡെസ്‌ക് തുറക്കുന്നതും അടക്കുന്നതും, വളരെ ഉച്ചത്തില്‍ ഒരേസ്വരത്തില്‍ പാഠങ്ങള്‍ ഉരുവിടുമ്പോള്‍ അത് കൂടുതല്‍ നന്നായി മനസ്സിലാവാന്‍ വേണ്ടി ഞങ്ങള്‍ ചെവികള്‍ക്ക് മുകളില്‍ കൈകള്‍ വെക്കുന്നത്, പിന്നെ മാസ്റ്ററുടെ മുട്ടന്‍ വടി മേശയില്‍ അടിക്കുന്നത്. പക്ഷെ ഇപ്പോള്‍ എല്ലാം നിശബ്ദമായിരുന്നു! ബഹളത്തിനിടയിലൂടെ ആരും കാണാതെ എന്റെ ഡെസ്‌കിനടുത്ത് എത്താമെന്നാണ് ഞാന്‍ കരുതിയത്, പക്ഷെ ആ ദിവസം ഞായറാഴ്ചയിലെ പ്രഭാതം പോലെ ശാന്തമായിരുന്നു എന്നകാര്യം തീര്‍ച്ചയായിരുന്നു. ജനാലയിലൂടെ എന്റെ സഹപാഠികള്‍ അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു, എം.ഹാമെല്‍ തന്റെ ഭീകരമായ ഇരുമ്പുവടിയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. വാതില്‍ തുറന്ന് എനിക്ക് എല്ലാവരുടെയും മുന്നിലൂടെ ഉള്ളിലേക്ക് കടക്കേണ്ടിവന്നു. എനിക്കെത്രമാതം ലജ്ജയും ഭയവും ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയും.

പക്ഷെ ഒന്നും സംഭവിച്ചില്ല, എം.ഹാമെല്‍ എന്നെ കണ്ടപ്പോള്‍ വളരെ ദയയോടെ പറഞ്ഞു.

''വേഗം നിന്റെ സ്ഥാനത്തേക്ക് പോകൂ കൊച്ചു ഫ്രാന്‍സ്. നീയില്ലാതെ തുടങ്ങാന്‍ പോവുകയായിരുന്നു ഞങ്ങള്‍.''

ഞാന്‍ ബെഞ്ച് ചാടിക്കടന്ന് എന്റെ സ്ഥലത്തുപോയിരുന്നു. പേടി അല്പം മാറിക്കഴിഞ്ഞപ്പോഴാണ്, ഞങ്ങളുടെ അദ്ധ്യാപകന്‍ അദ്ദേഹത്തിന്റെ ഭംഗിയുള്ള പച്ച കോട്ടും, ഞൊറികളുള്ള ഷര്‍ട്ടും, പട്ടിന്റെ ചെറിയ കറുത്ത തൊപ്പിയുമാണ് ധരിച്ചിരിക്കുന്നതെന്ന് ഞാന്‍ കണ്ടത്, പരിശോധനാ ദിവസങ്ങളിലും സമ്മാന വിതരണത്തിന്റെ ദിവസങ്ങളിലുമൊഴികെ ഒരിക്കലും അദ്ദേഹം അത് ധരിച്ചിരുന്നില്ല. അതു മാത്രമല്ല സ്‌കൂള്‍ മുഴുവനും അത്യധികം അസാധാരണവും മ്ലാനവുമാണെന്ന് തോന്നി. പക്ഷെ എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ കാര്യം എപ്പോഴും ഒഴിഞ്ഞുകിടക്കാറുള്ള അവസാനത്തെ നിരയിലെ ബെഞ്ചുകളില്‍ ഗ്രാമത്തിലെ ആളുകള്‍ ഞങ്ങളെപ്പോലെ നിശബ്ദരായി ഇരിക്കുന്നതാണ്. മൂന്നുകോണുള്ള തൊപ്പി ധരിച്ചിരുന്ന വയസ്സന്‍ ഹൗസെര്‍, മുന്‍പത്തെ മേയര്‍, പഴയ പോസ്റ്റ്മാസ്റ്റര്‍ എന്നിവരെക്കൂടാതെ മറ്റുപലരും ഉണ്ടായിരുന്നു. എല്ലാവരും ദു:ഖിതരായി കാണപ്പെട്ടു, ഹൗസെര്‍ വക്കുകള്‍ കീറിപ്പോയ ഒരു പഴയ ഒന്നാം പാഠം കൊണ്ടുവന്നിരുന്നു, അതയാള്‍ തന്റെ മടിയില്‍ തുറന്നുവെച്ച് പേജുകള്‍ക്ക് കുറുകെ തന്റെ വിശേഷപ്പെട്ട കണ്ണട വെച്ചിരുന്നു.

ഇതെല്ലാം എന്താണെന്ന് ഞാന്‍ അതിശയിച്ചുകൊണ്ടിരിക്കെ എം.ഹാമെല്‍ തന്റെ കസേരയിലിരുന്ന് എന്നോട് പറയാറുള്ളതുപോലെ ഗൗരവവും മാന്യവുമായ ശബ്ദത്തില്‍ പറഞ്ഞു.

''എന്റെ കുട്ടികളേ, ഞാന്‍ നിങ്ങള്‍ക്ക് തരുന്ന അവസാനത്തെ പാഠമാണിത്. അല്‍സാസ് ലൊറെയ്‌നിലെ സ്‌കൂളുകളില്‍ ജര്‍മ്മന്‍ ഭാഷ മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് ബെര്‍ലിനില്‍ നിന്നും ഉത്തരവ് വന്നിട്ടുണ്ട്. പുതിയ മാസ്റ്റര്‍ നാളെ വരും. ഇത് നിങ്ങളുടെ അവസാനത്തെ ഫ്രഞ്ച് ക്ലാസ്സാണ്. നിങ്ങള്‍ വളരെ ശ്രദ്ധയോടെ ഇരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.''

എന്തൊരു ഇടിവെട്ടായിരുന്നു ഈ വാക്കുകള്‍ എനിക്ക്!

ഹോ ദുഖ:കരം, ടൗണ്‍ഹാളില്‍ അവര്‍ വെച്ച നോട്ടീസ് അതായിരുന്നു!

എന്റെ അവസാനത്തെ ഫ്രഞ്ച് പാഠം! എന്തിനങ്ങനെ കരുതണം, അതെഴുതുന്നത് എങ്ങിനെയാണെന്ന് പോലും എനിക്കറിഞ്ഞുകൂടായിരുന്നു! ഇനിയൊരിക്കലും ഞാനത് പഠിക്കുകയുമില്ല! ഇവിടെവെച്ച് ഞാനത് നിര്‍ത്തണം! ഹോ, പാഠങ്ങള്‍ പഠിക്കാതെ കിളികളുടെ മുട്ടകള്‍ തിരഞ്ഞുനടന്നതിലും അതല്ലെങ്കില്‍ സാര്‍ നദിക്കരയില്‍ വഴുതിയോടാന്‍ പോയതിലും എനിക്ക് വളരെയധികം സങ്കടമുണ്ടായിരുന്നു, അല്പം മുന്‍പ് വരെ വല്ലാത്ത ശല്യമായിരുന്ന, വല്ലാതെ ഭാരം തോന്നിച്ചിരുന്ന എന്റെ പുസ്തകങ്ങള്‍, എന്റെ വ്യാകരണം, വിശുദ്ധരുടെ ചരിത്രം, അതെല്ലാം ഇപ്പോള്‍ എനിക്കുപേക്ഷിക്കാന്‍ കഴിയാത്ത പഴയ കൂട്ടുകാരായിരിക്കുന്നു. എം. ഹാമെലും അതുപോലെ തന്നെ, അദ്ദേഹം പോവുകയാണെന്നും ഇനിയൊരിക്കലും വീണ്ടും കാണില്ലെന്നുമുള്ള  ചിന്തയില്‍ അദ്ദേഹത്തിന്റെ വടിയെക്കുറിച്ചും എത്രമാത്രം കിറുക്കനായിരുന്നു അദ്ദേഹമെന്ന കാര്യവും ഞാന്‍ മറന്നു.

പാവം മനുഷ്യന്‍! ഈ അവസാന ക്ലാസ്സിനോടുള്ള ആദരവ് കാണിക്കാന്‍ വേണ്ടിയാണ് അദ്ദേഹം തന്റെ നല്ല ഞായറാഴ്ച വസ്ത്രങ്ങള്‍ ധരിച്ചത്, ഗ്രാമത്തിലെ വൃദ്ധരായ ആളുകള്‍ മുറിയുടെ അവസാനം ഇരിക്കുന്നതെന്തിനാണെന്ന് എനിക്കപ്പോള്‍ മനസ്സിലായി. കാരണം അവര്‍ക്കും സങ്കടമുണ്ടായിരുന്നു സ്‌കൂളില്‍ വളരെയൊന്നും പോകാന്‍ കഴിയാത്തതില്‍. നാല്പത് വര്‍ഷത്തെ വിശ്വസ്ത സേവനത്തിന് ഞങ്ങളുടെ മാസ്റ്ററോട് നന്ദി പറയാനും, ഇനി തങ്ങളുടേതല്ലാത്ത രാജ്യത്തോടുള്ള ആദരവ് കാണിക്കാനുമുള്ള അവരുടെ വഴിയായിരുന്നു അത്.

 

............................................

''അവര്‍ പ്രാവുകളെയും ജര്‍മ്മനില്‍ പാടാന്‍ പഠിപ്പിക്കുമോ?''

Marukara a column for translation short story by Alphonse Daudet translation by Reshmi Kittappa

 

ഇതൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ പേര് വിളിക്കുന്നത് ഞാന്‍ കേട്ടു. പാഠം ഉരുവിടാനുള്ള എന്റെ ഊഴമെത്തിയിരുന്നു. അപൂര്‍ണ്ണക്രിയയുടെ ഭയാനകമായ നിയമം മുഴുവനായി ഉച്ചത്തിലും വ്യക്തമായും ഒരു തെറ്റുമില്ലാതെ പറയാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍? പക്ഷെ ആദ്യത്തെ വാക്കുകള്‍ തന്നെ തെറ്റിച്ച്, ഡെസ്‌കില്‍ പിടിച്ചുകൊണ്ട്, ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയവുമായി തലയുയര്‍ത്താന്‍ കഴിയാതെ ഞാന്‍ നിന്നു. എം.ഹാമെല്‍ എന്നോട് പറയുന്നത് ഞാന്‍ കേട്ടു.

''കൊച്ചു ഫ്രാന്‍സ്, ഞാന്‍ നിന്നെ വഴക്ക് പറയുകയില്ല, നിനക്ക് നന്നായി സങ്കടം തോന്നണം. നോക്കൂ ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്! ഓരോ ദിവസവും നമ്മള്‍ സ്വയം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'പിന്നേ! എനിക്ക് ധരാളം സമയമുണ്ട്. ഞാനിത് നാളെ പഠിക്കും.' 

ഇപ്പോള്‍ നീ നോക്കൂ നമ്മളെവിടെയാണ് എത്തിയിരിക്കുന്നതെന്ന്. അല്‍സാസ് എന്ന സ്ഥലത്തിന്റെ വലിയ കുഴപ്പം അതാണ്, പഠിക്കാനുള്ളത് നാളത്തേക്ക് മാറ്റിവെക്കും അവള്‍. ഇപ്പോള്‍ പുറത്തുള്ള ആളുകള്‍ക്ക് നിന്നോട് ഇങ്ങനെ പറയാനുള്ള അവകാശമുണ്ട്: 'ഇപ്പോ എങ്ങിനെയുണ്ട്, നീ ഫ്രഞ്ചുകാരനാണെന്ന് നടിച്ചിരുന്നല്ലോ, എന്നിട്ടിതുവരെ നിനക്ക് സ്വന്തം ഭാഷ സംസാരിക്കാനോ എഴുതാനോ കഴിയുന്നില്ലല്ലോ?' പക്ഷെ നീ വളരെ മോശമല്ല, പാവം കൊച്ചു ഫ്രാന്‍സ്. നമ്മുടെയെല്ലാം കൈയില്‍ സ്വയം കുറ്റപ്പെടുത്താന്‍ ഒരുപാടുണ്ട്.''

''നീ പഠിക്കുന്നതില്‍ നിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഇത്തിരി പണം കൂടുതല്‍ കിട്ടാന്‍ വേണ്ടി അവര്‍ നിന്നെ കൃഷിത്തോട്ടത്തിലോ അതല്ലെങ്കില്‍ മില്ലിലോ പണിയെടുക്കാന്‍ പറഞ്ഞയച്ചു. ഞാനോ? എന്നെയും കുറ്റപ്പെടുത്തേണ്ടതുണ്ട്. പാഠങ്ങള്‍ പഠിക്കേണ്ട സമയത്ത് എന്റെ പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ ഞാന്‍ നിന്നെ ഇടയ്ക്ക് പറഞ്ഞയച്ചിരുന്നില്ലേ? മീന്‍പിടിക്കാന്‍ പോകണമെന്ന് ഞാനാഗ്രഹിച്ചപ്പോള്‍, ഞാന്‍ വെറുതെ നിങ്ങള്‍ക്ക് അവധി നല്‍കിയില്ലേ?''

അതുകഴിഞ്ഞ് ഒരു കാര്യത്തില്‍ നിന്നും മറ്റൊന്നിലേക്ക് കടന്നുകൊണ്ട് എം.ഹാമെല്‍ ഫ്രഞ്ച് ഭാഷയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു, ലോകത്തിലെ ഏറ്റവും മനോഹരമായ, ഏറെ വ്യക്തവും വളരെയധികം യുക്തിപരവുമായ ഭാഷയാണ് ഫ്രഞ്ചെന്നും അതിനാല്‍ നമ്മളതിനെ സംരക്ഷിക്കണമെന്നും ഒരിക്കലും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു, കാരണം മനുഷ്യര്‍ അടിമകളായിക്കഴിഞ്ഞാല്‍ അവര്‍ തങ്ങളുടെ ഭാഷയെ ചേര്‍ത്തുനിര്‍ത്തുന്ന കാലത്തോളം തങ്ങളുടെ തടവറയുടെ താക്കോല്‍ അവരുടെ കൈയിലായിരിക്കും. പിന്നീട് അദ്ദേഹം ഒരു വ്യാകരണപുസ്തകം തുറന്ന് ഞങ്ങളുടെ പാഠം വായിച്ചുതന്നു. അതെത്ര നന്നായി എനിക്ക് മനസ്സിലായി എന്നതില്‍ ഞാനത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞതെല്ലാം വളരെ എളുപ്പമാണെന്ന് തോന്നി, വളരെയധികം എളുപ്പം! ഞാനൊരിക്കലും അത്രയും ശ്രദ്ധയോടെ ഇരുന്നിട്ടില്ലെന്നും, അദ്ദേഹം ഒരിക്കലും അത്രയും ക്ഷമയോടെ എല്ലാം വിവരിച്ചുതന്നിട്ടില്ലെന്നും എനിക്ക് തോന്നി. പോകുന്നതിനുമുന്‍പ് ആ പാവം മനുഷ്യന്‍ തനിക്ക് അറിയുന്നതെല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നിയത്, എല്ലാം ഒറ്റയടിക്ക് ഞങ്ങളുടെ തലയ്ക്കുള്ളിലാക്കണമെന്ന്.

വ്യാകരണത്തിനുശേഷം, എഴുതാനുള്ള ക്ലാസ്സായിരുന്നു. ആ ദിവസം എം.ഹാമെലിന്റെ കൈയില്‍ ഞങ്ങള്‍ക്കുള്ള പുതിയ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു, മനോഹരമായ ഉരുണ്ട കൈയക്ഷരത്തില്‍ ഇങ്ങനെ എഴുതിയത്: ഫ്രാന്‍സ്, അല്‍സാസ്, ഫ്രാന്‍സ്, അല്‍സാസ്. അത് ചെറിയ പതാകകള്‍ പോലെ ക്ലാസ്സ് മുറിയില്‍ എല്ലായിടത്തും ഒഴുകി നടക്കുന്നതുപോലെയാണ് തോന്നിയത്, ഞങ്ങളുടെ ഡെസ്‌കുകളുടെ മുകളിലെ കമ്പിയില്‍ തൂങ്ങിക്കിടക്കുന്നതുപോലെ. എല്ലാവരും എങ്ങനെയാണ് എഴുതിയതെന്നും, എത്രമാതം നിശബ്ദതയായിരുന്നു അവിടെയെന്നും നിങ്ങള്‍ കാണേണ്ടതുതന്നെയായിരുന്നു. കടലാസിനുമുകളില്‍ പേനയുരയുന്ന ശബ്ദം മാത്രമായിരുന്നു അവിടെ കേള്‍ക്കാനുണ്ടായിരുന്നത്. ഒരുതവണ ചില വണ്ടുകള്‍ ഉള്ളിലേക്ക് പറന്നുവന്നു, പക്ഷെ ആരും അത് ശ്രദ്ധിച്ചതേയില്ല, തങ്ങളുടെ ചൂണ്ടക്കൊളുത്തുകള്‍ പോലും ഫ്രഞ്ചാണെന്ന മട്ടില്‍ പകര്‍ത്തിവരച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികള്‍ പോലും. മേല്‍ക്കൂരയില്‍ പ്രാവുകള്‍ വളരെ പതുക്കെ കുറുകി, ഞാന്‍ ചിന്തിച്ചു:

''അവര്‍ പ്രാവുകളെയും ജര്‍മ്മനില്‍ പാടാന്‍ പഠിപ്പിക്കുമോ?''

ഞാന്‍ എഴുത്തില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴെല്ലാം എം.ഹാമെല്‍ ഇളകാതെ തന്റെ കസേരയിലിരുന്ന് ആദ്യം ഒരിടത്തേക്കും പിന്നെ മറ്റെവിടേക്കെങ്കിലും ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുന്നതുകണ്ടു, ആ ചെറിയ സ്‌കൂള്‍മുറിയില്‍ എല്ലാം എങ്ങിനെയാണിരിക്കുന്നതെന്ന് തന്റെ മനസ്സില്‍ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു അതെന്ന് തോന്നി. ആലോചിച്ചുനോക്കൂ! നാല്‍പത് വര്‍ഷമായി അയാള്‍ ഇതേ സ്ഥലത്തുണ്ടായിരുന്നു, ജനാലയ്ക്ക് പുറത്ത് തന്റെ പൂന്തോട്ടവും മുന്നില്‍ ക്ലാസ്സിലെ കുട്ടികളുമായി, ഇതുപോലെ തന്നെ. ഡെസ്‌കുകളും ബെഞ്ചുകളും മാത്രം മിനുസപ്പെടുകയും, തോട്ടത്തിലെ വാള്‍നട്ട് മരങ്ങള്‍ക്ക് ഉയരം കൂടുകയും, അയാള്‍ തന്നെ നട്ടുവളര്‍ത്തിയ വള്ളിച്ചെടി ജനലിനരികിലൂടെ പടര്‍ന്നുകയറി മേല്‍ക്കൂരയിലെത്തുകയും ചെയ്തിരിക്കുന്നു. പാവം മനുഷ്യന്‍, ഇതെല്ലാം ഉപേക്ഷിച്ചുപോകുന്നതില്‍, മുകളിലെ മുറിയില്‍ അയാളുടെ സഹോദരി അവരുടെ പെട്ടികളില്‍ സാധനങ്ങള്‍ നിറയ്ക്കാന്‍ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍, അയാളുടെ ഹൃദയം എത്ര തകര്‍ന്നിട്ടുണ്ടാവണം! അടുത്ത ദിവസം അവര്‍ക്ക് രാജ്യം വിടണം!

പക്ഷെ ഓരോ പാഠവും അവസാനം വരെ പഠിപ്പിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. 

എഴുതിക്കഴിഞ്ഞതിനുശേഷം ഞങ്ങള്‍ ചരിത്രത്തിന്റെ ഒരു പാഠം പഠിച്ചു, പിന്നീട് കുഞ്ഞുങ്ങള്‍ അവരുടെ അക്ഷരമാല ചൊല്ലി. മുറിയുടെ പിറകില്‍ വയസ്സന്‍ ഹൗസെര്‍ തന്റെ കണ്ണടയിട്ട്, രണ്ടുകൈകള്‍ കൊണ്ടും ഒന്നാം പാഠപുസ്തകം പിടിച്ചുകൊണ്ട് കുഞ്ഞുങ്ങളോടൊപ്പം അക്ഷരങ്ങള്‍ ചൊല്ലി. അയാളും കരയുകയായിരുന്നെന്ന് കാണാമായിരുന്നു, അയാളുടെ ശബ്ദം വികാരത്താല്‍ വിറച്ചു, അയാള്‍ വായിക്കുന്നത് കേള്‍ക്കാന്‍ നല്ല തമാശയായിരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് ചിരിക്കാനും കരയാനുമൊക്കെ തോന്നി. ഹാ, എത്ര നന്നായി ഞാനോര്‍ക്കുന്നുണ്ടത്, അവസാനത്തെ ആ പാഠം!

പെട്ടെന്ന് പള്ളിയിലെ ക്ലോക്ക് പന്ത്രണ്ടടിച്ചു. പിന്നീട് പ്രാര്‍ത്ഥനയായിരുന്നു. അതേ നിമിഷത്തില്‍ ഞങ്ങളുടെ ജനലിനു താഴെ പരിശീലനം കഴിഞ്ഞ് തിരിച്ചുവരുന്ന പ്രുഷ്യക്കാരുടെ കാഹളം മുഴങ്ങി. എം.ഹാമെല്‍ വിളറിക്കൊണ്ട് എഴുന്നേറ്റ് നിന്നു. അദ്ദേഹത്തിന് അത്രയും ഉയരമുണ്ടെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.

''എന്റെ കൂട്ടുകാരേ,'' അദ്ദേഹം പറഞ്ഞു, ' ഞാന്‍-ഞാന്‍'' പക്ഷെ എന്തോ അദ്ദേഹത്തെ വീര്‍പ്പുമുട്ടിച്ചു. അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞില്ല.

പിന്നീടദ്ദേഹം ബോര്‍ഡിനടുത്തേക്ക് തിരിഞ്ഞ്, ഒരു കഷ്ണം ചോക്കെടുത്ത് തന്റെ സകലശക്തിയുമെടുത്തുകൊണ്ട് കഴിയുന്നത്ര വലിപ്പത്തില്‍ ഇങ്ങനെ എഴുതി:

''ഫ്രാന്‍സ് എന്നും നിലനില്‍ക്കട്ടെ!''

എഴുത്ത് നിര്‍ത്തി അദ്ദേഹം ചുമരിലേക്ക് തലചായ്ച്ച് നിന്നു, എന്നിട്ട്, ഒരു വാക്കുപോലും പറയാതെ തന്റെ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു, ''സ്‌കൂള്‍ പിരിച്ചുവിട്ടിരിക്കുന്നു-നിങ്ങള്‍ക്ക് പോകാം.'

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

വിശ്വസ്ത ഹൃദയം, ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോര്‍ എഴുതിയ കഥ

Latest Videos
Follow Us:
Download App:
  • android
  • ios