കേരളത്തെ ഒരു മാലിന്യസങ്കേതമായി മാറ്റിയത്, മാലിന്യ നിർമാർജ്ജനത്തോടുള്ള മലയാളിയുടെ മനോഭാവം
ബാങ്കോക്കിലെ അഴുക്കുചാലുകളിൽ പ്ലാസ്റ്റിക് സഞ്ചികൾ അടഞ്ഞുകിടക്കുന്നത് വെള്ളപ്പൊക്കത്തെ ചെറുക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നതിനെപറ്റി 2016 -ല്‍ തന്നെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
2011 മുതൽ അന്താരാഷ്ട്ര സംഘടനയായ പ്ലാസ്റ്റിക് ഫ്രീ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ തുടങ്ങിയ ആഗോള പരിസ്ഥിതി സംരക്ഷണ ആഹ്വാനമാണ് 'പ്ലാസ്റ്റിക് രഹിത ജൂലൈ' (Plastic Free July) ആചരണം. എന്തിനാണ് ഒരു മാസം മുഴുവൻ പ്ലാസ്റ്റിക്കിനെയും പ്ലാസ്റ്റിക് രഹിത ജീവിതത്തെയും കുറിച്ച് ലോകം ചർച്ച ചെയ്യുന്നത് എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. 300 മില്യൺ ടണ്ണിൽ കൂടുതലാണ് ഇപ്പോഴത്തെ ആഗോള പ്രതിവർഷ പ്ലാസ്റ്റിക് ഉത്പാദനം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നാലിരട്ടി വർധിച്ചെന്ന് മറ്റൊരു പഠനം പറയുന്നു. 2018 ജൂൺ മാസത്തിലെ ഒരു കണക്ക് പ്രകാരം നമ്മുടെ കൊച്ചു കേരളത്തിൽ 480 ടൺ പ്ലാസ്റ്റിക് വേസ്റ്റ് ഒരു ദിവസം പുറംതള്ളുന്നുണ്ട്.
പ്ലാസ്റ്റിക് ഉപയോഗം ഇന്ന് സങ്കീർണ്ണമായ വിഷയമാണ്. പ്രകൃതിദത്തമായതോ സിന്തറ്റിക്കായതോ ആയ, വിവിധ പോളിമറുകള്‍ (polymer) കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ് 'പ്ലാസ്റ്റിക്കുകൾ' (Plastic) എന്ന് നാം പൊതുവെ വിളിക്കുന്നത്. പ്ലാസ്റ്റിക്കുകൾ മാനവരാശിക്ക് നൽകിയ സംഭാവനകൾ വലുതാണ്. ഇത്രയധികം വഴക്കമുള്ള, ചെലവ് കുറഞ്ഞ ഒരു വസ്തു നമുക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യോപയോഗ വസ്തുവായി മാറിയതിൽ അതിശയമില്ല. വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളുടെ ശ്രേണികളിലൂടെ പ്ലാസ്റ്റിക് ആധുനിക ജീവിതരീതിയിൽ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ, ഇന്ന് അപകടകരമായ രീതിയിലാണ് നമ്മുടെ പ്ലാസ്റ്റിക് ഉപയോഗം നീങ്ങുന്നത്.
പ്ലാസ്റ്റിക് എന്ന വില്ലന്‍
പ്ലാസ്റ്റിക് ആവാസവ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന വെല്ലുവിളികൾ നിരവധിയാണ്. ഫോസിൽ ഇന്ധനകളിൽ നിന്നുള്ള പ്ലാസ്റ്റിക്കിന്‍റെ ഉല്പാദന പ്രക്രിയ തന്നെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മണ്ണിൽ അലിഞ്ഞു ചേരുന്നതിന് നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഭൂ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഒട്ടും നിസ്സാരമല്ല. ബിസ്‌ഫെനോൽ, ഡയോക്സിൻ മുതലായ പ്ലാസ്റ്റിക് കേന്ദ്രീകൃത രാസവസ്തുക്കൾ ശരീരത്തിൽ ഒരിക്കൽ പ്രവേശിച്ചാൽ ജീവിതകാലം മുഴുവൻ നിലനിക്കുമെന്ന് പറയപ്പെടുന്നു. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലനിൽക്കുന്നത് വന്യ മൃഗങ്ങൾക്കും, സമുദ്ര ജീവജാലങ്ങൾക്കും ഒരുപോലെ അപകടകരമാണ്. പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ആനകൾ ചെരിഞ്ഞ സംഭവം കേരളത്തിൽ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഗവേഷകർ അഭിപ്രായപ്പെടുന്നത് 2050 ആകുമ്പോഴേക്കും സമുദ്രങ്ങളിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടാകാമെന്നാണ്.
ഹരിത ഗ്രഹ വാതകങ്ങൾ ബഹിർഗമിക്കുക വഴി പ്ലാസ്റ്റിക് ഉൽപ്പാദനവും ദഹിപ്പിക്കലും കാലാവസ്ഥാ വ്യതിയാനത്തിന് ഒരു കാരണമായിത്തീരുന്നുവെന്ന് 2019 -ൽ 'പ്ലാസ്റ്റിക് ആൻഡ് ക്ലൈമറ്റ്' (Plastics and Climate) എന്ന റിപ്പോർട്ട് വിലയിരുത്തുന്നു. പുതിയ ബ്ലൂംബെർഗ് ലേഖനത്തിൽ, പ്ലാസ്റ്റിക് ഉപഭോഗം ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നമായി അവതരിപ്പിച്ചിരിക്കുന്നു. ഈ വർഷത്തെ ലോക ഭൗമ ദിനത്തിന്‍റെ ആപ്തവാക്യവും 'പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്' (Planet vs. Plastic) ആയിരുന്നുവെന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നടിയുന്നത് വഴി അഴുക്കുചാലുകൾ അടയുകയും വെള്ളപ്പൊക്ക സാധ്യത പലമടങ്ങ് വർധിക്കുകയും ചെയ്യും. ബാങ്കോക്കിലെ അഴുക്കുചാലുകളിൽ പ്ലാസ്റ്റിക് സഞ്ചികൾ അടഞ്ഞുകിടക്കുന്നത് വെള്ളപ്പൊക്കത്തെ ചെറുക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നതിനെപറ്റി 2016 -ല്‍ തന്നെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജോയിയുടെ ജീവൻ നഷ്ടമായത് നാം ഒരു താക്കീതായി കാണണം. മാലിന്യ നിർമാർജ്ജനത്തോടുള്ള ഭൂരിഭാഗം മലയാളിയുടെയും മനോഭാവം കേരളത്തെ ഇന്ന് ഒരു മാലിന്യ സങ്കേതമാക്കി തീർത്തിരിക്കുന്നു.
പുതിയ വില്ലൻമാർ
അഞ്ച് മില്ലീ മീറ്ററില്‍ താഴെ നീളമുള്ള പ്ലാസ്റ്റിക് കണികകളെ സൂചിപ്പിക്കുവാനാണ് 'മൈക്രോ പ്ലാസ്റ്റിക്' (Micro plastic) എന്ന പദം 2004 -ല്‍ റിച്ചാര്‍ഡ് തോംപ്‌സണ്‍ എന്ന ബ്രിട്ടീഷ് സമുദ്ര പരിസ്ഥിതി ശാത്രജ്ഞൻ ആദ്യമായി പ്രയോഗിച്ചത്. മൈക്രോ പ്ലാസ്റ്റിക്കുകളില്‍ തന്നെ 100 നാനോ മീറ്ററില്‍ താഴെ വലിപ്പമുള്ള 'നാനോ പ്ലാസ്റ്റിക്കു'കളെപ്പറ്റി (Nano plastic) പഠനങ്ങൾ നടക്കുന്നതെയുള്ളൂ. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പലവിധ ഉപയോഗങ്ങൾ മൈക്രോപ്ലാസ്റ്റിക് ഉല്പാദനത്തിന് കാരണമാകുന്നുണ്ട് മൈക്രോവേവ് അടുപ്പില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, മീൻവലകൾ, വാഹനങ്ങളുടെ ടയറുകൾ റോഡിലുരയുമ്പോൾ... ഇതൊക്കെ നിത്യജീവിതത്തിലെ ചില ഉദാഹരണങ്ങൾ മാത്രം. നമ്മൾ കിണറ്റിൽ നിന്നും വെള്ളം കോരുവാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കയറുകളുടെ കാര്യം മറക്കരുത്. പഴയ ചകിരി കയറിലേക്ക് തിരിച്ച് പോവുക എന്നതാണ് പരിഹാരം.
ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും ജീവികളുടെ ഉള്ളിൽ ചെല്ലുന്ന ഇവ പ്ലാസ്റ്റിക്കിനെക്കാളും വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ഇന്ന് മൈക്രോ പ്ലാസ്റ്റിക് പ്രകൃതിയിൽ എല്ലായിടത്തും എത്തിക്കഴിഞ്ഞിരുന്നു. മണ്ണിന്‍റെ ഗുണമേന്മയെ നിർണയിക്കുന്ന ജൈവ - ഭൗതിക ഗുണങ്ങളെ മൈക്രോ പ്ലാസ്റ്റിക് മാറ്റിമറിക്കുന്നതിലൂടെ സ്വാഭാവിക ജൈവിക പ്രവർത്തനത്തെയും ജൈവ വൈവിധ്യത്തെയും സസ്യങ്ങളുടെ ആരോഗ്യത്തെയും അത് നേരിട്ട് ബാധിക്കുന്നു. കടലിലെ ഉപ്പിൽ തുടങ്ങി നവജാത ശിശുക്കളുടെ മറുപിള്ളയിലും, മനുഷ്യ രക്തത്തിലും, മുലപ്പാലിലും വരെ മൈക്രോ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായ മാർഗനിർദേശങ്ങൾ ഇന്ന് ലഭ്യമാണ്. ഉപയോഗം കുറയ്ക്കൽ (Reduce), പരമാവധി പുനരുപയോഗം (Reuse), പുനചംക്രമണം (Recycle) എന്ന ക്ലാസിക് പ്രയോഗത്തിന് എക്കാലവും പ്രസക്തിയുണ്ട്. എന്നാൽ, കൂട്ടിയിട്ട് കത്തിക്കുകയെന്ന അപകടകരമായ കാര്യമാണ് നമ്മളിൽ പലരും നടപ്പിലാക്കുന്നത്. ഇതുമൂലം നാം വായുവിലും പ്ലാസ്റ്റിക്കിന് ഇടം കൊടുക്കുന്നു. സർക്കാരുകൾക്ക് ഘടനാപരമായ ഉത്തരവാദിത്വം പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൽ ഉണ്ടെങ്കിലും, ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. അവിടെയാണ് നമ്മള്‍ ഓരോരുത്തരും ജോയിയുടെ മരണത്തന് ഉത്തരം പറയേണ്ടിവരുന്നത്.
ഓരോ വീടുകളും മാലിന്യ സംസ്കരണ കേന്ദ്രങ്ങളായി സ്വയം മാറേണ്ടതുണ്ട്. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന് 'റോക്കറ്റ് സയൻസ്' (Rocket Science) അറിവിന്‍റെ ആവശ്യമില്ല. ശരിയായ ദിശയിലുള്ള ചെറിയ പ്രവൃത്തനങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസിബിൾ പ്ലാസ്റ്റിക്കിനെ (Disposable plastic) പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. പ്ലാസ്റ്റിക് കുപ്പിവെള്ളം വാങ്ങുന്നതും നിർത്തേണ്ടതുണ്ട്. പഴയ ബാഗുകൾ പലതവണ ഉപയോഗിക്കുവാൻ കഴിയും. പ്ലാസ്റ്റിക്ക് റാപ്പുകൾ, സ്ട്രോ, പ്ലാസ്റ്റിക് കപ്പുകള്‍ തുടങ്ങിയവ വേണ്ടെന്നുവയ്ക്കാം. അടുക്കളയിലും പ്രത്യേക ശ്രദ്ധ വേണം - മരം, മുള, മണ്ണ് എന്നിവയില്‍ തീർത്ത ബോര്‍ഡുകള്‍ പാത്രങ്ങള്‍, സിലിക്കോണ്‍ അടപ്പുകള്‍ എന്നിവ ഉപയോഗിക്കാം.
വ്യക്തിഗത തലത്തിൽ, പ്ലാസ്റ്റിക്കിന്‍റെ അമിത ഉപയോഗം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും തരംതിരിച്ചു പുനരുപയോഗിക്കേണ്ടത് ഈ മണിക്കൂറിന്‍റെ ആവശ്യമാണ്. ഗാന്ധിജയന്തി വാരാചരണങ്ങളിൽ ഒതുങ്ങേണ്ടതല്ല നമ്മുടെ മാലിന്യ നിർമാർജനം. നിലവിലുള്ള വസ്‌തുക്കളും ഉൽപ്പന്നങ്ങളും കഴിയുന്നിടത്തോളം പങ്കിടൽ, പുനരുപയോഗം, എന്നിവ ഉൾപ്പെടുന്ന 'സർക്കുലർ എക്കണോമി' (Circular Economy) എന്ന മോഡൽ ഡിസൈൻ പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്. ഈ മേഖലയിൽ കൂടുതൽ സംരംഭങ്ങൾ സർക്കാർ - സ്വകാര്യ മേഖലകളില്‍ വരേണ്ടതുണ്ട്. ഗ്രീൻ വേംസ് (Green Worms) കമ്പനി പോലുള്ള മികച്ച ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. മാലിന്യം വലിച്ചെറിയുന്നവരാണ് ഏറ്റവും സംസ്കാരം ഇല്ലാത്തവർ എന്ന് സ്വയം തിരിച്ചറിവ് നമ്മുക്കോരോരുത്തർക്കും ആവശ്യമാണ്.
(ഡോ . ജോയ്‌സ് കെ ജോസഫ്, ഭൂമിത്രസേന ക്ലബ് കോഓർഡിനേറ്റർ, ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണോമസ്) )