ഇഷ്ഖിന്റെ മധുരം കാച്ചി കുറുക്കിയ ചായയുടെ മുഹബത്തിന്റെ കഥ!

'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് ചായയുടെ പ്രണയം
 

Love letter to coffee column by Asha Rajanarayanan

എന്റെ മുന്നില്‍ വച്ച് ചൂടുകാപ്പിയെ ഊതി ഊതി കുടിച്ചു കൊഞ്ചിച്ച്, ഒന്ന് പൊള്ളിയാലും ലാളനയോടെ ഇവമ്മാര് അഴുകിയ രാവണന്‍ സ്‌റ്റൈലില്‍ പ്രേമിക്കുന്നത് കാണുമ്പോള്‍, എന്റെ സാറേ ഒറ്റത്തൊഴി കൊടുക്കാനാണ് തോന്നുക. 

 

Love letter to coffee column by Asha Rajanarayanan


Also Read : ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!
 

ചായയ്ക്ക് പ്രണയമുണ്ടാവുമോ? ഉണ്ടെങ്കില്‍ അതാരെയായിരിക്കും? 

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കാന്‍ പോവും വരെ, എന്റെ ചായേ എന്ന് എന്നെ കൊഞ്ചിക്കുന്ന നിങ്ങളാരെങ്കിലും ഇങ്ങനെ ആലോചിച്ചിട്ടുണ്ടാവുമോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്ക് പറയാതിരിക്കാനാവില്ല, ഞാന്‍ പ്രണയത്തിലാണ്! കട്ടപ്രണയത്തില്‍! 

ഞെട്ടണ്ട, ശരിക്കും പറയുന്നതാണ്. ആയ കാലം മുതല്‍ ഞാന്‍ പ്രണയിച്ച് കൊണ്ടുനടക്കുന്നത് നിങ്ങളെ ഒന്നുമല്ല. പാല് ചേര്‍ത്തും അല്ലാതെയും പഞ്ചസാരയിട്ടും ഇടാതെയും ഒക്കെ എന്നെ രുചികരമായ ഒന്നാക്കി മാറ്റുന്നതില്‍ നിങ്ങളെ ഒക്കെ എനിക്കിഷ്ടമാണെങ്കിലും പ്രിയപ്പെട്ടവരെ, ചായയെന്ന ഞാന്‍ ഇലപ്രായം മുതല്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത് ഒരാളെ മാത്രമാണ്. പാവാടപ്രായം മുതല്‍ എന്നെ ഒളിഞ്ഞു നിന്നു നോക്കുന്ന ആ ഇരുണ്ട തവിട്ടു നിറമുള്ള, അകലെയായാലും ഗന്ധങ്ങളാല്‍ എന്നെ വലിച്ചടുപ്പിക്കുന്ന ആ സൗന്ദര്യത്തെ...

കാപ്പിയെ! 

ഞെട്ടിയോ? എന്നാല്‍, ഞെട്ടണ്ട, ഞാന്‍ കാപ്പിക്കുള്ളതാണ്! അവള്‍ എനിക്കുള്ളതും! 

സംഗതി, നേരില്‍ കാണുമ്പോള്‍ മുട്ടിടിക്കുമെങ്കിലും ഞാനപ്പോഴും കാപ്പിയോട് പറയാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്: കാരണം ഒന്നുമില്ലാതെ, എനിക്ക് നിന്നെ ഇഷ്ടമാണ്, എന്റെ കാപ്പീ. കാരണം, നീ എന്നെ തടഞ്ഞുനിര്‍ത്തി പ്രണയിച്ചതല്ല, പ്രേമലേഖനങ്ങള്‍ എഴുതിയിട്ടില്ല. ഒളിഞ്ഞു നോക്കിയിട്ടില്ല. സ്വപ്‌നം കണ്ടെന്ന് പറഞ്ഞ് വഷളന്‍ ചിരി ചിരിച്ചിട്ടില്ല. ഇതൊന്നുമില്ലാതെ തന്നെ, എന്റെ പ്രിയപ്പെട്ട കാപ്പീ, ഞാന്‍ നിന്നില്‍ അനുരക്തനായിക്കഴിഞ്ഞിരിക്കുന്നു.

മനുഷ്യരുടെ മുഴുവന്‍ മനസ്സ് കീഴടക്കിയ എന്റെ മനസ്സ് നിങ്ങള്‍ കാണാതെ പോകരുത്, മനുഷ്യരേ.  ഉള്ളിനുള്ളില്‍ വളരുന്ന നിശ്ശബ്ദ പ്രണയം വളരെ സ്വകാര്യമായിട്ട് ഞാന്‍ നിങ്ങളോട് വെളിപ്പെടുത്തുകയാണ്. ഉള്ളിന്റെ ഉള്ളിലെപ്പോഴും അവളുണ്ട് എന്നില്‍. മോഹന്‍ലാല്‍ നായികയോട് പറയുന്ന പോലെ എന്നോടും 'എങ്കില്‍ പിന്നെ എന്നോട് പറ ഐ ലവ് യു' എന്ന രീതിയില്‍ കാപ്പി ഒരിക്കല്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. 

നിവിന്‍ പോളിയെ പോലെ ഒരു കാമുകനെയാണ് ഞാന എന്നില്‍ കാണുന്നത് എന്നു പറഞ്ഞാല്‍, ്ചിരിക്കരുത് നിങ്ങള്‍. പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ തട്ടമിട്ടു വന്ന ഐഷയെ കണ്ടപ്പോള്‍ 'എന്റെ സാറേ ചുറ്റുമുള്ള ഒന്നും കാണാന്‍ കഴിയുന്നില്ല' എന്ന് പറഞ്ഞു നിന്ന നിവിന്‍ പോളിയുടെ അവസ്ഥയാണ് കാപ്പിയെ കണ്ട മുതല്‍ എന്റെ മനസ്സില്‍.

ഒന്നാലോചിച്ചാല്‍ നിങ്ങള്‍ക്കും മനസ്സിലാവും, കാപ്പിയോട് എനിക്ക് പ്രണയം തോന്നിപ്പോയതില്‍ തെറ്റൊന്നും പറയാനില്ല എന്ന്. കാരണം, ജനിച്ച കാലം മുതലേ ഞാന്‍ അവളെ കണ്ടുതുടങ്ങിയതാണ്, പുള്ളിക്കാരി വിദേശി ആണെങ്കിലും നാട്ടിന്‍പുറങ്ങളിലും, ഗ്രാമങ്ങളിലും, പട്ടണങ്ങളിലും എവിടെ വെച്ച് കണ്ടാലും നല്ല വിനയം, സ്‌നേഹം. ജീവിതം മാറിയിട്ടും അവള്‍ക്കൊരു മാറ്റവുമില്ല. 

കാഞ്ചനമാലയെയും മൊയ്തീനെയും പോലെ ഒന്നിക്കാന്‍ ആവില്ല എന്നറിഞ്ഞാലും, പ്രണയം നിലനിര്‍ത്തി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന പാവം മനസ്സാണ് പ്രിയപ്പെട്ടവരേ എനിക്ക്. നല്ല പാലൊഴിച്ച ചായയില്‍ ബിസ്‌ക്കറ്റ് വീണപോലെ കാപ്പിയെ കണ്ട നിമിഷം തന്നെ പ്രണയത്തില്‍  വീണുപോയതാണ് ഞാന്‍. എന്തു ചെയ്യാനാണ്! 

ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളുമായി  തോന്നിയ പ്രണയം! തണുത്ത് പോയാലും പിരിഞ്ഞു പോകരുതെന്ന് ആഗ്രഹിക്കുന്ന എന്റെ മനസ്സ് പുകയുകയാണ്, സുഹൃത്തുക്കളെ! നൂറു നൂറു സ്വപ്നങ്ങള്‍ പേറി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെപ്പോലെ ഓരോ ദിക്കിലേക്കും പായുകയാണ് സത്യത്തില്‍ ഞാനെന്ന് നിങ്ങള്‍ക്ക് തോന്നാം. അതാണേല്‍ ശരിയുമാണ്! എവിടെയെങ്കിലും വച്ചൊക്കെ കാപ്പിയെ ഒരു നോക്ക് കാണാമല്ലോ എന്ന് സ്വപ്നവുമായി നടക്കുകയാണ് അവശകാമുകനായ ഈ ഞാന്‍! 

ഇനി വേറൊരു സ്വകാര്യം പറയാം. നിങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ചിലരുണ്ട്. ചായയാണ് നല്ലത്, അല്ല കാപ്പിയാണ് നല്ലത് എന്ന് പൊരിഞ്ഞ കലഹം നടത്തുന്നവര്‍. 

 

.......................

Also Read : തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!

Love letter to coffee column by Asha Rajanarayanan

Also Read : പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!

......................

 

എന്റെ മുന്നില്‍ വച്ച് ചൂടുകാപ്പിയെ ഊതി ഊതി കുടിച്ചു കൊഞ്ചിച്ച്, ഒന്ന് പൊള്ളിയാലും ലാളനയോടെ ഇവമ്മാര് അഴികയ രാവണന്‍ സ്‌റ്റൈലില്‍ പ്രേമിക്കുന്നത് കാണുമ്പോള്‍, എന്റെ സാറേ ഒറ്റത്തൊഴി കൊടുക്കാനാണ് തോന്നുക. 

ഇനി വേറൊരു കാര്യം കൂടി! 

ഞങ്ങളുടെ ഈ രഹസ്യപ്രേമം തല്‍ക്കാലം ഇവമ്മാര് അറിയണ്ട. ബോറടി മാറ്റാന്‍ കലഹം നല്ലതാണെങ്കില്‍ നമ്മളെന്തിനാണ് ഹേ, അതില്ലാതാക്കുന്നത്! 

പിന്നെ വേറെ ചിലരുണ്ട്! 'എന്റെ ചായേ നീ പകര്‍ന്നു തരുന്ന ഊര്‍ജ്ജം ഒട്ടും ചെറുതല്ല, നീയില്ലാതെ ഒരു ദിവസം പോലും കടന്നു പോകാനാവില്ല' എന്നൊക്കെ പറഞ്ഞ് നാട്ടില്‍ എല്ലാ ചടങ്ങിനും എന്നെ കൂട്ടിയിട്ട് പോകും, പെണ്ണുകാണല്‍ മുതല്‍ കല്യാണം വരെ എല്ലാറ്റിനും നീട്ടിവലിച്ച് ഉണ്ടാക്കിക്കോളും, പണ്ടാരങ്ങള്. എന്നിട്ടോ, തഞ്ചം കിട്ടുമ്പോഴെല്ലാം കുത്ത് വാക്കും! ചായ കുടിച്ചിട്ടാണ് ഉറക്കം പോയതെന്ന്, ചായ കുടിച്ചതു കൊണ്ട് വിശപ്പില്ല എന്ന്. ഊളകള്‍ എന്നല്ലാതെ എന്താണ് പറയുക! 

ഇനി നിങ്ങള്‍ക്കൊക്കെ എന്നോടിത്ര വലിയ പ്രേമമാണെങ്കില്‍, എനിക്കു വേണ്ടി ഒരു ഫേവര്‍ ചെയ്യാമോ? എന്റെ കടുംകാപ്പി മണമുള്ള പ്രണയം ആരെങ്കിലും ലവളോട് ഒന്ന് പറയുമോ? അതിനുള്ള ധൈര്യമുണ്ടോ?  തലച്ചോറിനെ ഉണര്‍ത്താന്‍ കഴിവുണ്ടായിട്ടും എന്റെ പ്രണയം മാത്രം അവള്‍ക്ക് മനസ്സിലാവാത്തത് എന്തു കൊണ്ടാണ്? ഇനി അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുന്നതാണോ?

 

 

പുതിയ തലമുറയിലെ ഗ്രീന്‍ ടീ വരെ എന്നോട് ചിലപ്പോള്‍ ചോദിക്കാറുണ്ട്. ഒരു ബിസ്‌ക്കറ്റിന്റെ ധൈര്യം പോലും നിങ്ങള്‍ക്ക് ഇല്ലാതെ പോയല്ലൊ, മുതുക്കാ എന്ന്...സത്യമല്ലേ, ചായയില്‍ മുങ്ങി ശരീരം ഒരിക്കല്‍ മുറിഞ്ഞാലും വീണ്ടും ധൈര്യത്തോടെ എന്നിലേക്ക് എടുത്തു ചാടുന്ന ബിസ്‌ക്കറ്റ് കാണിക്കുന്ന ധൈര്യം പോലും ഞാന്‍ കാണിക്കുന്നില്ലല്ലോ! 

എന്നാലും എനിക്കുറപ്പുണ്ട്. ഒറ്റപ്പെട്ടു പോകുന്ന ഒരു ദിവസം, സങ്കടത്താല്‍ മൂടിപ്പോവുന്ന ഒരു നിമിഷം, അവള്‍ ഒരു കട്ടന്‍ കാപ്പി ആയിട്ടെങ്കിലും എന്റടുത്തേക്ക് വരും. എന്നിട്ട് എന്നോട് പറയും, 'എന്റെ മുത്തേ ഇനിയും പറഞ്ഞില്ലെങ്കില്‍ ഞാനുണ്ടല്ലോ കരിഞ്ഞുപോവും' എന്ന്!  അന്ന്, ഞാനവളുടെ കൈ പിടിച്ച് ഒരു നടത്തമുണ്ട്. ബാക്കിയുണ്ടേല്‍, നിങ്ങളൊക്കെ അത് കാണാനുണ്ടാവും! 

Latest Videos
Follow Us:
Download App:
  • android
  • ios