ഇൻവെർനെസ്- കഥകളും കെട്ടുകഥകളും ഒന്നാകുന്നൊരു വമ്പൻ തടാകവും മറ്റ് കാഴ്ചകളും

ലണ്ടൻ വാക്ക്: ലോക്ക്നെസ്സിലെ ജലസത്വത്തെ തേടി, സുധീഷ് നന്ദനം എഴുതുന്നു
 

London walk travelogue by Nidheesh Nandanam

ഇൻവെർനെസിലെ ഏറ്റവും പ്രധാനയിടം ലോക്ക് നെസ് തടാകമാണ്. കഥകളും കെട്ടുകഥകളും തമ്മിൽ ലയിച്ചൊന്നാകുന്ന തനത് സ്കോട്ടിഷ് സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുവാണിത്. തെക്ക് ഫോർട്ട് അഗസ്റ്റസും വടക്ക് ലോക്ക് എൻഡും അതിന് കിഴക്കും പടിഞ്ഞാറും ഇരുപുറവുമായി മറ്റു നാല് വീതം ചെറു ഗ്രാമങ്ങളും. മൊത്തത്തിൽ 56 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നൊരു തടാകം.

London walk travelogue by Nidheesh Nandanam

നേർത്ത മഞ്ഞിന്റെ ആവരണങ്ങളുള്ള ആസ്ക്ഹാമിലെ പ്രഭാതം ഒട്ടും നിരാശപ്പെടുത്തിയില്ല. കാരവാനിന്റെ പുറത്ത് കണ്ണെത്താദൂരത്തോളമുള്ള കുന്നിൻമേടുകളും അവിടെ മേയാനിറങ്ങിയ കറുപ്പും വെളുപ്പും നിറത്തിൽ നീളൻ മുടിയും വലിയ വാലുകളുമുള്ള കുതിരകളാണ് രാവിലത്തെ കാഴ്ച. ഇവിടെ കളയാൻ പക്ഷേ ഒട്ടും സമയമില്ല. കുറച്ചു ചിത്രങ്ങളെടുത്തു പെട്ടെന്ന് യാത്ര തിരിച്ചു. പോകുന്ന വഴിയിലാണ് ലോതർ കാസിലും പൂന്തോട്ടവും. കൃത്യമായ അകലമിട്ടു വളർത്തിയ മരങ്ങൾക്കിടയിലൂടെ ദൂരെ കാസിലിനു മുന്നിലെ പൂന്തോട്ടം കാണാം. മധ്യകാലഘട്ടത്തിൽ ലോൻസ്ഡേയിൽ പ്രഭുവിന്റെ വാസസ്ഥലമാണ്. ഏദൻ എന്ന പേരിന് ഈ സ്ഥലം എന്തുകൊണ്ടും യോജ്യം. അധികം വൈകാതെതന്നെ ഞങ്ങൾ സ്കോട്ലൻഡിലേക്ക് പ്രവേശിച്ചു. ചെറിയൊരു പാലത്തിനപ്പുറം ഇളം നീലയിൽ വെള്ള ക്രോസ്സ് ഉള്ള സ്കോട്ടിഷ് പതാകയുടെ കൂടെ 'സ്കോട്ലാന്റിലേക്ക് സ്വാഗതം' എന്ന വാചകവുമുണ്ട്. ഇതാണ് രാജ്യാതിർത്തിയെന്നറിയിക്കുന്ന ഏക അടയാളം. എഡിൻബറ, ഗ്ലാസ്‌ഗോ എന്നീ ഇരട്ട നഗരങ്ങൾക്കിടയിലൂടെ സ്കോട്ലാന്റിന്റെ വടക്ക് ഇൻവെർനെസിലേക്കാണ് യാത്ര.

വടക്കോട്ടു പോകുന്തോറും യുകെയുടെ ഭൂപ്രകൃതി അപ്പാടെ മാറിമറിയും. കുന്നുകളും മലനിരകളും അതിനപ്പുറം ആയിരത്തി അഞ്ഞൂറിലധികം ചെറു ദ്വീപുകളുമുള്ള  ഈ ഭൂവിഭാഗം മൊത്തത്തിൽ ഹൈലാൻഡ്‌സ് എന്നറിയപ്പെടുന്നു. നൈമിഷിക കാലാവസ്ഥയും യുകെയുടെ ഇതര ഭാഗത്തേക്കാൾ കൂടിയ തണുപ്പും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. വണ്ടി പതുക്കെ കുന്ന് കയറിത്തുടങ്ങി. കാലാവസ്ഥ അപ്പാടെ മാറി. തണുപ്പും കാറ്റും അന്തരീക്ഷത്തെ ഗ്രസിച്ചു വന്നു. ചെമ്മരിയാടുകൾ നിറയെ മേഞ്ഞു നടക്കുന്ന തവിട്ടു നിറമുള്ള കുന്നിൽ മുകളിൽ ഇനിയും ഒരുകിത്തീരാത്ത മഞ്ഞുപാളികൾ വെയിലിൽ വെട്ടിത്തിളങ്ങുന്നു. റോഡിലെങ്ങും മഞ്ഞുവീഴ്ച സൂചിപ്പിക്കുന്ന അപായ ബോർഡുകളുണ്ട്. ശൈത്യ കാലത്തിൽ, മഞ്ഞു വന്നുമൂടുന്ന ഈ റോഡുകളിൽ യാത്ര അതീവ ദുഷ്കരവും അപകടകരവുമാണ്. അത്തവണത്തെ ഈസ്റ്റർ ഇത്ര വൈകിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ വരുമ്പോൾ ഈ മലകളെല്ലാം മഞ്ഞുപുതച്ചു കിടന്നേനെ. പണ്ടുകാലം മുതൽക്കേ വാസന്ത പൗർണമിയുടെ (pink moon) അടുത്ത ഞായറാഴ്ചയാണ് ഈസ്റ്റർ. അത് ചിലപ്പോൾ സൂര്യൻ ഒരയനത്തിൽ നിന്നും മാറ്റത്തിലേക്ക് കടക്കുന്ന തുല്യ ദിനരാത്രമായ മാർച്ച് 21 (equinox - വിഷുഭം) കഴിഞ്ഞുള്ള ഏത് ഞായറാഴ്ചയുമാകാം. ഇത്തവണ അത് ഏറ്റവും അവസാന ഞായറാഴ്ചയായിപ്പോയി.

London walk travelogue by Nidheesh Nandanam

ഹൈലാൻഡ്‌സിലെ ഒരു ചെറുപട്ടണമായ ഇൻവെർനെസ് സ്കോട്ലൻഡിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരവും സന്തോഷ സൂചികയുമുള്ള പ്രദേശമാണ്. ഇവിടേക്കെത്തണമെങ്കിൽ മലനിരകളാൽ ചുറ്റപ്പെട്ട കെയർഗോംസ്  നാഷണൽപാർക്ക് വട്ടം കടക്കണം. യുകെയിലെ ഉയരം കൂടിയ കൊടുമുടികളിൽ ഏറ്റവും വലുതായ ബെൻനെവിസ് ഒഴിച്ച് നിർത്തിയാൽ ആദ്യ ആറിലെ മറ്റെല്ലാം ഈ പ്രദേശങ്ങളിലാണ്. അകെ മൊത്തം യുകെ എടുത്താൽ പർവതങ്ങളുടെ നാടാണ് സ്കോട്ലൻഡ് എന്ന് പറയേണ്ടി വരും. കാരണം ഉയരത്തിൽ യുകെയിലെ ആദ്യത്തെ 75 കൊടുമുടികളും സ്കോട്ലൻഡിലാണ്. ഈ ലിസ്റ്റിൽ എഴുപത്താറാമതുള്ള സ്‌നോഡൻ വെയ്ൽസിലെയും നൂറ്റിമുപ്പത്തിമൂന്നാമതുള്ള കറോൺറ്റൂ ഹിൽ അയർലണ്ടിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികളാണ്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ( മലയെന്നോ കുന്നെന്നോ വിളിക്കേണ്ടി വരും നമ്മൾ) സ്കേഫെൽ പൈക്കിൽ  എത്തണമെങ്കിൽ ലിസ്റ്റിൽ 257 -ാം സ്ഥാനം വരെ പോയി നോക്കണം!

അങ്ങനെ കുന്നും മലകളും കയറിയിറങ്ങി ചെമ്മരിയാടുകൾ നിറഞ്ഞ താഴ്‌വരകൾ താണ്ടി ഞങ്ങൾ ഇൻവെർനെസിലേക്ക് പ്രവേശിക്കാറായി. ഇവിടെ ഇൻവെർനെസിനെ ആദ്യം അടയാളപ്പെടുത്തുക കെസ്സോക്ക് പാലമാണ്. ഉയരമേറിയ രണ്ടു സെറ്റ് ഭീമൻ തൂണുകളിൽ ഇരുവശത്തേക്കും ഞാണുകൾ വലിച്ചു കെട്ടിയ രീതിയിലുള്ള ഈ പാലം അതീവ മനോഹരമാണ്. ബ്ലാക്ക് ഐലിനെ (കറുത്ത ദ്വീപ്) ഇൻവെർസ്സുമായി  ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലേറെ നീളമുള്ള ഈ സുന്ദര നിർമിതി ബാങ്ക് ഓഫ് സ്കോട്ലൻഡിന്റെ നൂറു പൗണ്ട് നോട്ടുകളിൽ കാണാം. കെസ്സോക് നദിക്കരയിലെ കാരവൻ പാർക്കിലാണ് അടുത്ത രണ്ടു ദിവസത്തെ താമസം. വലിച്ചുകൊണ്ട് പോകാൻ കഴിയുന്ന നൂറുകണക്കിന് കാരവാനുകൾ  നദിക്കരയിൽ നിർത്തിയിട്ടിരിക്കുന്നു. ഓരോന്നും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ചെറുവീട് തന്നെയാണ്. വിനോദ സഞ്ചാരത്തിനെത്തുന്ന ഒരു കുടുംബത്തിന് ഇതു ധാരാളം. ഇൻവെർനെസിലെ ആദ്യ ലക്ഷ്യം ഷാനെറി പോയിന്റാണ്. അകത്തോട്ടു കയറിക്കിടക്കുന്ന തെക്കൻ കടലിന്റെ തീരമാണ്. ലൈറ്റ്ഹൗസിനരികെ കടലിലേക്കിറങ്ങി നിൽക്കുന്ന പുലിമുട്ടിൽ നിന്നാൽ കടയിൽ ഏറെ അകലെയല്ലാതെ ഡോൾഫിനുകൾ  ഉയർന്നു ചാടുന്നത് കാണാം. ഒരൽപം ഭാഗ്യം കൂടെയുണ്ടെങ്കിൽ ക്യാമറയിൽ പകർത്തുകയുമാകാം. നിക്കോൺ 5600 എന്ന പുതുപുത്തൻ ക്യാമറയിൽ  ലൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരുപാട് ചിത്രങ്ങൾ പകർത്തി. ഇരുട്ട് വീണതും തിരിച്ചു കാരവൻ പാർക്കിലേക്ക്.

യാത്രാക്ഷീണം കാരണം നേരത്തേയുറങ്ങി. അടുത്ത ദിനം നേരത്തെയുണർന്നുമില്ല. അതിനിടയിൽ ബെൻനെവിസ് പോകാനുള്ള പ്ലാൻ തല്ക്കാലം ഉപേക്ഷിച്ചു. ഇരുവശത്തേക്കുമായി എട്ട് മണിക്കൂർ ട്രെക്കിങ്ങ് ഉണ്ട് ഈ കൊടുമുടിയിലേക്ക്. അതിശൈത്യവും അത് കഴിഞ്ഞ് അടുത്ത ദിവസത്തെ 1000 കിലോമീറ്റർ വരുന്ന തിരിച്ചുള്ള യാത്രയുമാണ് ബെൻനെവിസിനെ ഒഴിവാക്കാനുള്ള കാരണം. അങ്ങനെ അധികമായി കിട്ടിയ ദിവസം ഇൻവെർനെസിന്‌ പരിസരപ്രദേശങ്ങൾ  ചുറ്റിക്കാണാൻ  തീരുമാനിച്ചു. 

ഇൻവെർനെസിലെ ഏറ്റവും പ്രധാനയിടം ലോക്ക് നെസ് തടാകമാണ്. കഥകളും കെട്ടുകഥകളും തമ്മിൽ ലയിച്ചൊന്നാകുന്ന തനത് സ്കോട്ടിഷ് സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുവാണിത്. തെക്ക് ഫോർട്ട് അഗസ്റ്റസും വടക്ക് ലോക്ക് എൻഡും അതിന് കിഴക്കും പടിഞ്ഞാറും ഇരുപുറവുമായി മറ്റു നാല് വീതം ചെറു ഗ്രാമങ്ങളും. മൊത്തത്തിൽ 56 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നൊരു തടാകം. വെള്ളത്തിന്റെ നിറഞ്ഞ സാന്നിധ്യം കൊണ്ടാകണം തടാകത്തിനോരം ചേർന്നുള്ള വഴിയിലെങ്ങും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാണ്. കുത്തിറക്കങ്ങളും കയറ്റങ്ങളുമായി ഓരോ വണ്ടികൾക്കിരുപുറം പോകാൻ മാത്രം വീതിയുള്ള വഴി കൂറ്റനൊരു നെസ്സിയെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു. ലോക്ക്നെസ്സിന്റെ പത്തു കരകളിലും പൊതുവായുള്ളൊന്ന് നെസ്സിയാണ്. ലോക്ക്നെസ്സിലെ ഭീമാകാരൻ (lochness moster) എന്ന് പേരുള്ളോരത്ഭുത ജീവി. നെസ്സിയെ ചുറ്റിപ്പറ്റിയാണ് ലോക്ക്നെസ്സിനെ കുറിച്ചുള്ള കഥകളൊക്കെയും.

London walk travelogue by Nidheesh Nandanam

ആയിരത്തി നാനൂറുവർഷം മുൻപൊരു ഐറിഷ് പാതിരിയാണ് ലോക്ക്നെസ്സിലെ ജലസത്വത്തെ പറ്റി ആദ്യം എഴുതിയത്. പിന്നീട് പലരും പലവട്ടം നെസ്സിയെ കണ്ടെന്ന് അവകാശവാദവുമായെത്തി. ചിത്രങ്ങളെടുക്കുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്യപ്പെട്ടു. ഈ ഗ്രാമങ്ങളിലെ മുത്തശ്ശിക്കഥകളിലെ നെസ്സിയെത്തേടി ലോകത്തെങ്ങുനിന്നും സഞ്ചാരികളെത്തി. നീണ്ട കഴുത്തും പെരുമ്പാമ്പിനെ ഉടലുമായി കഥകളിൽ നെസ്സി പലവട്ടം മുങ്ങിപ്പൊങ്ങി. പിന്നെ പിടി തരാതെ ലോക്ക്നെസ്സിന്റെ ആഴങ്ങളിലൂഴിയിട്ടു. ഉറങ്ങാത്ത കുഞ്ഞു രാവുകളിൽ പേടിസ്വപ്നമായി. അവ്യക്തമായ ചിത്രങ്ങൾ കാട്ടി പലരും അവകാശവാദവുമായെത്തി. പിന്നെയാ വാദങ്ങൾ പൊള്ളയായിരുന്നു എന്ന് തിരുത്തി. ഇന്നും ലോകം നെസ്സിയെക്കുറിച്ചന്വേഷിക്കുന്നു. വെള്ളത്തിലെ വസ്തുക്കളുടെ DNA പരിശോധന വരെ നടത്തി നെസ്സിയുടെ തുമ്പന്വേഷിക്കുന്നു. പറഞ്ഞു കേട്ട ലക്ഷണങ്ങളിൽ ക്രിപ്റ്റോ ക്ളീഡസ് എന്ന ജലജീവിയോടാണ് നെസ്സിക്ക് സാമ്യം. ഏഴു കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും മറഞ്ഞ വെള്ളത്തിലെ ദിനോസറാണോ നമ്മളിന്നന്വേഷിക്കുന്ന നെസ്സി?

എന്തുതന്നെയായാലും ഫൊയേഴ്സ് വെള്ളച്ചാട്ടത്തിലും ഫോർട്ട് അഗസ്റ്റസിലും നോക്കീ ലോഡ്ജ് മലനിരകളിലും നെസ്സിയെ കണ്ടില്ല. കണ്ട കാഴ്ചയത്രയും അതിമനോഹരമായിരുന്നു താനും. ഫൊയേഴ്സിലെ കുന്നിറങ്ങി ചെന്ന് ലോക്ക്നെസ്സിന്റെ തീരത്തു ചെല്ലുമ്പോൾ കാറ്റിൽ കുഞ്ഞോളങ്ങൾ തിരമാലകളായി വന്നു കാലിൽ തൊടുന്നു. നോക്കീ ലോഡ്‌ജിലെ കുന്നിൽ മുകളിൽ നിന്നും ഫോർട്ട് അഗസ്റ്റസിന്റെ അതി മനോഹര ദൃശ്യം. തടാകത്തിലേക്ക് മുഖം നോക്കി പുരാതനമായ ഫോർട്ട് അഗസ്റ്റസ് അബ്ബെ. കാലിഡോണിയൽ കനാലിൽ നിന്നും തടാകത്തിലേക്ക് പണിത ആറു ലോക്കുകളാണ് ഫോർട്ട് അഗസ്റ്റസിന്റെ പ്രത്യേകത. വെറും 600 ആണ് ജനസംഖ്യ. ടൂറിസമാണ് പ്രധാന വരുമാനം. കനാലിനു മുകളിലെ റോഡ് ഇരുവശവും തുറന്ന് ജലയാനങ്ങൾ ആദ്യ ലോക്കിനകത്തു കയറി. ലോക്ക് അടച്ചു അതിൽ വെള്ളം നിറയുന്നതോട് കൂടി ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ഉയരത്തിലേക്ക് ഉയർത്തപ്പെടുകയായി. പിന്നെ പതുക്കെ ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ചുവട്ടിലേക്ക്. പിന്നെയും ഇതേ രീതി തുടരും. ഇങ്ങനെ പടവുകൾ അഞ്ചും കയറി ജലയാനങ്ങൾ കാലിഡോണിയൽ കനാലിലേക്ക്. നാഗരികത തെല്ലും വിരുന്നെത്തിയിട്ടില്ലാത്ത അതിപുരാതനമായ സ്കോട്ടിഷ് ഗ്രാമം. കണ്ടു കണ്ടു മതി തീരുന്നില്ല ഫോർട്ട് അഗസ്റ്റസിൽ. ഇനി ലോക്ക്നെസ്സിന്റെ പടിഞ്ഞാറ് തീരത്തു കൂടി ഇൻവെർസിനെസ്സിലേക്ക്. 

London walk travelogue by Nidheesh Nandanam

ഇനിയുമുണ്ട് കാഴ്ചകളേറെ. ഡ്രംനഡേഷിറ്റിലെ തകർന്ന കോട്ട. ഇൻവെർമൊറിസ്റ്റനിലെ പാറകൾക്കു മുകളിലെ കരിങ്കൽ പാലം, ലോക്‌നെസ്സ് എക്സ്‌സിബിഷൻ സെന്റർ. കാഴ്ചകൾ അവസാനിക്കുന്നില്ല. അവസാനം ചാറ്റൽ മഴ പൊഴിയുന്നൊരു നേരം ചെന്ന് കയറുന്നത് നെസ് നദിക്കരയിലെ ഇൻവെർനെസ്സ് കോട്ടയിലേക്കാണ്. ഇഷ്ടികചുവപ്പു നിറമാർന്ന മനോഹരമായ കോട്ടയാണിത്‌. ആയിരത്തിലധികം വർഷം മുന്നെയുണ്ടായിരുന്ന കോട്ട പുനർനിർമ്മിച്ചിട്ട് കേവലം രണ്ടു നൂറ്റാണ്ടാവുന്നതേ ഉള്ളൂ. ആ പുതുമ കോട്ടയുടെ നിർമിതികളിൽ കാണാം. ടിക്കറ്റെടുത്ത് അകത്തു കയറി. 

മുകളിലുള്ള വ്യൂ പോയിന്റിൽ നിന്ന് ഇൻവെർനെസ്സ് മുഴുവനായും കാണാം. കോട്ടയ്ക്കരികിൽ നെസ് നദി ശാന്തമായൊഴുകുന്നു. അകലെ ലോക്‌നെസ്സ് തടാകവും ചുറ്റിലും മറ്റനേകം മലനിരകളും. വടക്കു വടക്കു വടക്ക് കുന്നിൻ മുകളിലിപ്പോഴും മഞ്ഞിൻ പാളികൾ തിളങ്ങുന്നത് കാണാം. താഴ്‌വാരത്തിൽ  ബ്യുലി ഫിർത്തിനെയും (ഉൾക്കടൽ) മൊറായി ഫിർത്തിനെയും വേർതിരിക്കുന്ന ഭാഗത്തു കെസ്‌സോക്ക് പാലം കാണാം. കോട്ടയ്ക്കു മുകളിലെ നീല വാനിൽ ഇളം നിലയിൽ വെള്ള ക്രോസ്സുള്ള സ്കോട്ടിഷ് പതാക പാറിക്കളിക്കുന്നു. മഴയ്ക്ക് ശക്തി കൂടുന്നു. കാറ്റിൽ തണുപ്പ് ഇരച്ചു കേറുന്നുണ്ട്. ഇനി ഹൈലാൻഡ്‌സിനോട് വിട പറയാം. ചില്ലുചഷകത്തിൽ സ്കോച് വിസ്കിയുമായി എഡിൻബറ കാത്തിരിപ്പുണ്ട്. പഴമയുടെ വീര്യമേറുന്ന ഒരായിരം കഥകൾ പറയാൻ. അവളുടെ മായക്കാഴ്ചകളിൽ മയക്കാൻ. നരച്ചു നീറിയ തെരുവുകളിൽ അവളോടൊത്തു ശയിക്കാൻ. ഇന്നിനിയീ രാത്രി പുലരുവോളം അവളെ സ്വപ്നം കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios