ഓണ്‍ലൈന്‍ ക്ലാസുകള്‍: കുട്ടികള്‍ക്ക് എന്താണ് പറയാനുള്ളത്?
സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്. നന്ദിതാ കുറുപ്പ് എഴുതുന്നു
സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്? അവരുടെ ലോകം കൂടുതല്‍ ഇടുങ്ങിപ്പോയോ? അതോ, ഇന്റര്‍നെറ്റിലൂടെ അവര്‍ കൂടുതലായി ലോകത്തെ അറിയുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം, കുട്ടികളുടെയും നിങ്ങളുടെയും ഫോട്ടോകളും വിലാസവും. സബ്ജക്ട് ലൈനില്‍ ലോക്ക്ഡൗണ്‍ കുട്ടികള്‍ എന്നെഴുതണം. വിലാസം: submissions@asianetnews.in
കൊവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും കൂടുതലായി ബാധിച്ചത് ആരെയാണ് എന്ന് നിശ്ചയിക്കുന്നത് അത്ര എളുപ്പമല്ല. സര്‍വ്വ മേഖലകളെയും പല പ്രായക്കാരേയും അത് പല രീതിയില്‍ തകര്‍ത്തിരിക്കുന്നു. എന്നാല്‍ കൊവിഡ് കാലത്തിന്റെ ഗുണഭോക്താക്കളെന്ന് നിസ്സംശയം പറയാന്‍ കഴിയുന്നത് എഡ്യു ടെക് മേഖലയാണ്. വിദ്യാര്‍ത്ഥികളെല്ലാം സ്‌ക്രീനിലേക്ക് തങ്ങളുടെ ലോകം ഒതുക്കിയപ്പോള്‍ എഡ്യുടെക് കമ്പനികളുടെ എണ്ണവും വര്‍ദ്ധിച്ചു. ട്യൂഷന്‍ വ്യവസായത്തെ ഡിജിറ്റലാക്കിയതിനാല്‍ കൊവിഡ് -19 വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വെല്ലുവിളി ആകാതിരിക്കാന്‍ ഒരു പരിധി വരെ സാധിക്കും. സ്‌റ്റേറ്റ്, സിബിഎസ് ഇ, ഐ സി എസ് ഇ സിലബസ്സിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പല ആപ്ലിക്കേഷന്‍സ് നിലവിലുണ്ട്. അവയില്‍ ഏത് തിരഞ്ഞെടുക്കണം എന്ന പ്രശ്‌നം മാത്രമേ അവിടെ ഉണ്ടാകുന്നുള്ളു.
എല്ലാവരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറിയപ്പോള്‍ അതിന് കൂടുതല്‍ നിര്‍ബന്ധിതരായത് വിദ്യാര്‍ത്ഥികളാണ്. ഡിജിറ്റല്‍ പഠനരീതികള്‍ കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളില്‍ നിന്നകന്നു നില്‍ക്കുന്നതിന്റെ വിഷമം ഒരു പരിധി വരെ കുറയ്ക്കാമെന്നു കരുതാം. ഇക്കാലമത്രയും പഠിച്ചുപോന്നവര്‍ക്ക് ഒട്ടും ദഹിക്കാത്ത പഠനസമ്പ്രദായമാണ് ഇതെന്ന് നിസ്സംശയം പറയാം. സാഹചര്യങ്ങളാല്‍ അനിവാര്യമായതാണെങ്കിലും പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബദലില്ല എന്നത് നിസ്സംശമാണ്. പക്ഷേ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളില്‍ നല്ല മാറ്റം ആണോ ഉണ്ടാക്കിയതെന്ന് സാമാന്യവല്‍ക്കരിക്കാന്‍ പ്രയാസമാണ്, കാരണം ഓരോ കുട്ടിയും ഈ പഠന സമ്പ്രദായത്തെ നോക്കിക്കാണുന്ന രീതി വ്യത്യാസമാണ് .
എല്‍പി യുപി ക്ലാസുകളിലെ പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളോട് വല്ലാത്ത അഭിനിവേശമാണ്, പെട്ടെന്ന് ജോലി തീര്‍ത്തിട്ട് വെറുതെയിരിക്കാനോ, ഗെയിം കളിക്കാനോ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. തുടര്‍ച്ചയായുള്ള ഒന്നരവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പഠിച്ച പാഠങ്ങള്‍ കുട്ടികള്‍ക്ക് എത്രത്തോളം വ്യക്തമായെന്നും ഇതോടൊപ്പം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഓണ്‍ലൈന്‍ ക്ലാസ് പരാജയം ആണെന്ന് പറയാന്‍ കഴിയില്ല എന്നാണ്, പത്ത് വയസ്സില്‍ താഴെയുള്ള മൂന്നു കുട്ടികളെ നിരീക്ഷിച്ചപ്പോള്‍ മനസ്സിലായത്.
നീല്‍ രാഹുല്‍
തുടക്കം ഓണ്‍ലൈനില്‍
കൊല്ലത്തുള്ള ഒരു സിബിഎസ്ഇ സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥിയാണ് നീല്‍ രാഹുല്‍. അവന്‍ ആദ്യമായി ക്ലാസ് മുറി കണ്ടത് ലാപ്പ്‌ടോപ്പിലൂടെയാണ്. ഒരിക്കലുമവന് സ്വന്തം ക്ലാസ് മുറിയില്‍ ഇരിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഓഫ്ലൈന്‍ ക്ലാസുകളുടെ മേന്മ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ മെനക്കെടേണ്ടതില്ല.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പൂര്‍ണ്ണമായും സന്തോഷവാനാണവന്‍. ഓണ്‍ലൈന്‍ ക്ലാസ് ആണെങ്കില്‍ക്കുടെയും യൂണിഫോമില്‍ ആണ് ഹാജരാകേണ്ടത്. സ്‌കൂളിനോടുള്ള പ്രതിപത്തി നിലനിര്‍ത്താന്‍ കഴിയും എന്നതാണ് അതിന്റെ ഗുണം. ലാപ്‌ടോപ്പിലൂടെയാണവന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കയറുന്നത്, ഫോണ്‍ അഡിക്ഷന്‍ ഇല്ലാതാക്കാന്‍ നല്ല മാര്‍ഗ്ഗം ഇതാണെന്നാണ് അധ്യാപിക കൂടിയായ നീലിന്റെ അമ്മയുടെ പക്ഷം. ഓരോ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് കൊടുക്കുന്ന ഓരോ വര്‍ക്കും ചെയ്യാന്‍ ഉത്സാഹവാനാണവന്‍.
ഇന്ദ്രജ
പ്രിയം ഓഫ് ലൈന്‍ ക്ലാസ്
ചുനക്കരയിലുള്ള സിബിഎസ്ഇ സ്‌കൂളിലെ ഒന്നാം ക്ലാസുകാരി ഇന്ദ്രജക്ക് ഓണ്‍ലൈന്‍ ക്ലാസ് പുത്തരിയൊന്നുമല്ല, നീണ്ട ഒന്നരവര്‍ഷത്തെ വെര്‍ച്വല്‍ ക്ലാസ് റൂം അനുഭവം ഉണ്ടെങ്കിലും ഓഫ് ലൈന്‍ ക്ലാസുകള്‍ ആണ് പ്രിയം. സുഹൃത്തുക്കളെ നേരില്‍ കാണാതെ, ക്ലാസ് റൂമുകളിലല്ലാതെയുള്ള ഈ പഠന രീതി ഇഷ്ടപ്പെടാത്ത ധാരാളം കുട്ടികളില്‍ ഒരാള്‍ ആണ് ഇന്ദ്രജ.
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതില്‍ പിന്നെയാണ് ഇന്ദ്രജ ഫോണിലെ പല ഫീച്ചേഴ്‌സും പഠിച്ചത് . അതൊരു ഗുണമാണോ ദോഷം ആണോ എന്ന് ചോദിച്ചാല്‍ രണ്ടു വശങ്ങളുണ്ട് എങ്കില്‍ കൂടെയും ചെറിയ കുട്ടികളില്‍ ഫോണിന്റെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നത് ഒരിക്കലും ഒരു നല്ല മാറ്റം ആയി കാണാന്‍ കഴിയില്ല. പുസ്തകങ്ങളിരിക്കേണ്ട ചെറിയ കൈകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരുമ്പോള്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും കരുതിയിരിക്കേണ്ടതാണ്.
വേദ എസ് നായര്‍
ഒരേ സ്‌കൂള്‍ വ്യത്യസ്ത അനുഭവം
ഇന്ദ്രജയുടെ അതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വേദ എസ് നായര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളോട് നല്ല താല്‍പര്യമാണ് . കഴിഞ്ഞ വര്‍ഷം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പല സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിരുന്നത്. ഈ ഒരു വര്‍ഷ സമയം കൊണ്ട് പല നല്ല മാറ്റങ്ങളും അവര്‍ക്ക് വരുത്താന്‍ ആയിട്ടുണ്ട്. ഈ രണ്ടു വര്‍ഷങ്ങളിലെയും ക്ലാസുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ മാറ്റം കാണാന്‍ കഴിയുന്നുണ്ടെന്നാണ് വേദയുടെ അമ്മയുടെ അഭിപ്രായം.
അസംബ്ലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുന്നത് ഒരു സാധ്യതയാണ്. സാധാരണ അസംബ്ലിയില്‍ ചെയ്യുന്നതുപോലെ കഴിയില്ലെങ്കിലും ഒരു പരിധിവരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇത്തരം വെര്‍ച്വല്‍ അസംബ്ലികള്‍ സഹായിക്കും. വേദയുടെ സ്‌കൂള്‍ ഈ പാറ്റേണ്‍ ആണ് പിന്തുടരുന്നത് വേദയ്ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെയധികം താല്‍പര്യമാണ് കാര്യങ്ങളെല്ലാം ചെയ്യാന്‍ ഉത്സാഹമാണ്, എങ്കിലും സ്‌കൂളില്‍ പോയി സുഹൃത്തുക്കളോടൊത്തുള്ള പഠനത്തിനോടാണ് കൂടുതല്‍ താല്പര്യം.
കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് ചില്ലറയല്ല ഗ്രൗണ്ടിലോ, കുടുംബത്തിന്റെ ഒത്തുചേരലിലോ, തീയേറ്ററിലോ, വിനോദയാത്രയ്‌ക്കോ അങ്ങനെ പുറത്ത് എവിടെയും പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെയുള്ള ഈ ഇരിപ്പ് അവരില്‍ ഭൂരിഭാഗത്തിനും ഒരു പ്രയാസമാണ.
വീട്ടിലെ ഒറ്റ കുട്ടിയാണെങ്കില്‍ ആ വിഷമത്തിന്റെ തോത് വര്‍ദ്ധിക്കും. മുതിര്‍ന്നവരെപ്പോലെ ഇത്തരം സമ്മര്‍ദ്ദം താങ്ങാന്‍ കുട്ടികള്‍ക്ക് ആയെന്നു വരില്ല പലപ്പോഴും. ആ പഴയ ലോകം ഇന്ന് ഏറെ ആഗ്രഹിക്കുന്നത് കുട്ടികളാണ് എന്നതാണ് വാസ്തവം.
ലോക്ക്ഡൗണ്‍ കുട്ടികള്‍. മറ്റു കുറിപ്പുകള്‍ വായിക്കാം
അടഞ്ഞു പോവുന്നു, നമ്മുടെ കുട്ടികള്‍!
ക്ലാസ് മുറിയില്‍ കിട്ടേണ്ടത് ഓണ്‍ലൈനില്‍ കിട്ടുമോ?