ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍  എന്തിനാവും തെരുവിലിറങ്ങിയത്?

അതിര്‍ത്തി അടച്ചതിനാല്‍, ചികില്‍സ കിട്ടാതെ മരിച്ച കാസര്‍കോട്ടെ പാത്തുഞ്ഞി നമ്മോട് പറയുന്നത് . കെ. പി റഷീദ് എഴുതുന്ന ലോക്ക്ഡൗണ്‍ കാല കുറിപ്പുകള്‍ അഞ്ചാം ദിവസം.
 

Lock down days column by KP Rasheed migrant workers protest borders

നോക്കൂ, നമ്മുടെ മുന്നിലിപ്പോള്‍ അതിജീവനം മാത്രമേയുള്ളൂ. അവരവരുടെ അതിജീവനത്തിന്റെ ഏറ്റവും സ്വാര്‍ത്ഥമായ നിമിഷങ്ങള്‍. തെരുവില്‍നിന്നും കയറി, വീടുകളില്‍ ലോക്ക് ഡൗണിലായ നമ്മള്‍, ഓരോ നിമിഷവും ആകുലപ്പെടുന്നത് നമ്മളെക്കുറിച്ചു മാത്രമാണ്. അതുകൊണ്ടു മാത്രമാണ്, ദില്ലിയിലെ തെരുവുകളില്‍, ജന്‍മദേശേത്തക്കുള്ള വാഹനങ്ങള്‍ വന്നു ചേര്‍ന്നതറിഞ്ഞ് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തടിച്ചു കൂടിയത്. പരമാവധി അകന്നുനിന്ന് ജീവന്‍ രക്ഷിക്കേണ്ട കാലമായിട്ടും, മറ്റെല്ലാം മറന്ന് വാഹനങ്ങള്‍ക്കു മുന്നില്‍ തിരക്കിത്തിരക്കിയത്. മരണം തൊട്ടടുത്തുണ്ട് എന്നു മറന്ന്, സ്വന്തം നാടുകളിലെ, വീടുകളിലേക്ക് പായാന്‍ വെമ്പുന്ന  മറ്റു മനുഷ്യരോട് യുദ്ധംചെയ്തത്. 

 

Lock down days column by KP Rasheed migrant workers protest borders

 

കാസര്‍കോടിനടുത്ത്, കര്‍ണാടക- കേരള അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ദൂരം വെറും 17 കിലോ മീറ്റര്‍. കത്തിച്ചുവിട്ടാല്‍, ഒരു 20 മിനിറ്റ് യാത്ര. ആ കണക്കുകൂട്ടലിലാണ്, കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിക്ക് കാസര്‍കോട്ടെ ആംബുലന്‍സ് ഡ്രൈവറായ അസ്‌ലം ചെക്ക്‌പോസ്റ്റില്‍ എത്തിയത്. അസ്‌ലമിന്റെ ആംബുലന്‍സിന്റെ പിറകിലെ, നീണ്ട സീറ്റില്‍ ഒരു സ്ത്രീ അന്നേരം ജീവനോടു മല്ലിടുകയായിരുന്നു. 70 വയസ്സുള്ള പാത്തുഞ്ഞി. ചെക്ക്‌പോസ്റ്റില്‍ പൊലീസ് അവരെ തടഞ്ഞു. അതീവഗുരുതരാവസ്ഥയിലുള്ള രോഗിയാണ് ആംബുലന്‍സിലെന്നും മംഗലാപുരത്തെ ആശുപത്രിയില്‍ അവരെ എത്തിക്കണമെന്നും അസ്‌ലം ഉദ്യോഗസ്ഥരോട് പറഞ്ഞു. കേരളത്തില്‍നിന്നുള്ള ആരെയും കര്‍ണാടകത്തിലേക്ക് കടത്തിവിടാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. അസ്‌ലമും വാഹനത്തിലുണ്ടായിരുന്ന, പാത്തുഞ്ഞിയുടെ ബന്ധുവും കരഞ്ഞുപറഞ്ഞിട്ടും ചെക്്‌പോസ്റ്റിന്റെ വാതിലുകള്‍ തുറക്കപ്പെട്ടില്ല. 

ബാക്കി അസ്‌ലം പറയും: ''എത്ര പറഞ്ഞിട്ടും അവര്‍ സമ്മതിക്കാതായതോടെ, മംഗലാപുരത്തേക്ക് പോവാനുള്ള അടുത്ത റൂട്ടിലേക്ക് ഞങ്ങള്‍ പാഞ്ഞു. പത്തമ്പതുകിലോ മീറ്റര്‍ അകലെ, കേടമ്പാടി. അവിടെയും റോഡ് അടച്ചിരുന്നു. ആ വഴി പോവാന്‍ ശ്രമിച്ചപ്പോള്‍, സമീപവാസികളായ കര്‍ണാടക സ്വദേശികള്‍ വഴി തടഞ്ഞു. പിന്നെ ഒരു നിവൃത്തിയുമില്ലായിരുന്നു. ഞാന്‍ മടങ്ങി. ഏഴര ആയപ്പോള്‍ വീട്ടിലേക്ക് അവരെ തിരിച്ചെത്തിച്ചു.'

പിന്നെ അധികം നേരമെടുത്തില്ല. സമീപത്തുള്ള ചെറിയ ആശുപത്രിയില്‍ മരണാസന്നയായ ആ വൃദ്ധയെ എത്തിച്ചു. കര്‍ണാടകയും കേരളവും തമ്മിലുള്ള അകലം പൊടുന്നനെ വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ അറിയാതെ, പാത്തുഞ്ഞി തീരെ സാധാരണ മട്ടില്‍ ജീവിതത്തോട് വിടപറഞ്ഞു. മികച്ച സൗകര്യങ്ങളുള്ള മംഗലാപുരത്തെ ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിയിരുന്നുവെങ്കില്‍, ഒരു പക്ഷേ, രക്ഷപ്പെടുമായിരുന്ന ഒരു ജീവിതമാണ്, രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ കൊറോണ ബാധയെതുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇല്ലാതായത്. 

രണ്ട്

പോയത് കേരളത്തില്‍ നിന്നായിരുന്നുവെങ്കിലും പാത്തുഞ്ഞി സത്യത്തില്‍ കര്‍ണാടകക്കാരി ആയിരുന്നു. ജീവിതകാലം മുഴുവന്‍ കര്‍ണാടകയില്‍ കഴിഞ്ഞ, കന്നട സംസാരിക്കുന്ന, അസ്സല്‍ കന്നഡിഗ. കര്‍ണാടകയിലെ ബി സി റോഡില്‍ താമസിച്ചിരുന്ന അവര്‍ രണ്ടാഴ്ച മുമ്പാണ് മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്. അന്നേരത്ത്, ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ ഇത്ര അകന്നിരുന്നില്ല. പിന്നെയാണ്, കൊവിഡ് രോഗം നാടിനെ ലോക്ക്ഡൗണിലാക്കിയത്. എല്ലാവരും ഇന്ത്യക്കാരാണെന്ന് സദാ പ്രതിജ്ഞ ചൊല്ലിക്കൊണ്ടിരുന്ന മനുഷ്യര്‍ അതാത് സംസ്ഥാനങ്ങളുടെ മാത്രം പൊതുസ്വത്തായത്. സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമിടയിലെ അതിര്‍ത്തികള്‍ അടച്ചിട്ട് അതാത് ദേശക്കാരെ മാത്രം സംരക്ഷിക്കാനുള്ള മാനസികാവസ്ഥയിലായത്. മറ്റു സംസ്ഥാനക്കാരെ ശത്രുരാജ്യക്കാരെന്നപോലെ കണക്കാക്കാന്‍ തുടങ്ങിയത്. ലോകമാകെ ദുരന്തം വിതയ്ക്കുന്ന മഹാമാരി തീര്‍ത്ത മാനസികമായ അതിര്‍ത്തികളില്‍ തട്ടിയാണ് പാത്തുഞ്ഞി എന്ന പാവം സ്ത്രീയുടെ ജീവിതം വെറുതെ പൊലിഞ്ഞുപോയത്. 

പാത്തുഞ്ഞിയുടെ ആയുസ്സ് വെട്ടിക്കുറച്ചതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. അതാണ് നമ്മളെ കൂടുതല്‍ ഞെട്ടിക്കേണ്ടത്. അത് കാസര്‍കോട് എന്ന അതിര്‍ത്തി ജില്ലയുടെ ദൈന്യതയാണ്. ഒരു മെഡിക്കല്‍ കോളജ് പോലുമില്ലാത്ത, നല്ല ആശുപത്രികളില്ലാത്ത കാസര്‍കോടിന്റെ ദുര്‍വിധി. അതിനുള്ള കാരണം എന്താണെന്നു കൂടി അറിഞ്ഞാലേ ഈ കഥ പൂര്‍ണ്ണമായി മനസ്സിലാവൂ. അത് കര്‍ണാടകയുടെ ആതുരചികില്‍സാ വ്യവസായത്തിന്റെ കളികള്‍ കൂടിയാണ്. മംഗലാപുരവും മണിപ്പാലുമൊക്കെ ജീവിക്കുന്നത് ആശുപത്രി ബിസിനസ്സ് കൊണ്ടാണ്. ചെറുതും വലുതുമായ, കഴുത്തറുക്കുന്നതും അറുക്കാത്തതുമായ നിരവധി ആശുപത്രികള്‍. ആ ആശുപത്രികളിലെ ചികില്‍സാ സംവിധാനങ്ങള്‍ അത്ര മികച്ചതായതിനാലാണ്, ചെറിയ അസുഖത്തിനു പോലും കാസര്‍േകാട്ടുകാര്‍ അതിര്‍ത്തികടന്ന് മംഗലാപുരത്തേക്ക് പായുന്നത്. വലിയ സൗകര്യങ്ങളില്ലാത്ത, ചെറിയ ആശുപത്രികള്‍ മാത്രമുള്ള ഇടമായി കാസര്‍കോട് ചുരുങ്ങിപ്പോയതിനു പിന്നില്‍, കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കമീഷന്‍ വ്യവസ്ഥയില്‍ രോഗികളെ എത്തിക്കുന്ന ഏജന്റുമാര്‍ക്കും മംഗലാപുരത്തെ വമ്പന്‍ ആശുപത്രി മുതലാളിമാര്‍ക്കം പങ്കുണ്ട്. നല്ല ആശുപത്രി വന്നാല്‍പ്പോലും, അവിടെ പോവാതെ മംഗലാപുരത്തേക്ക് പായുന്ന കാസര്‍കോട്ടുകാരുടെ ജീവിതശീലവും ആ അവസ്ഥയ്ക്ക് കാരണമാണ്. 

അതിര്‍ത്തികള്‍ കൊട്ടിയടക്കുന്നതും അതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷം നിറയുന്നതുമൊന്നും അറിയാതെ, അത് വകവെയ്ക്കാതെ പാത്തുഞ്ഞി മംഗലാപുരത്തേക്ക് പാഞ്ഞത് എന്തിനാണെന്ന് വ്യക്തമായില്ലേ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്. ''മംഗലാപുരത്ത് നിന്ന് ദിനം പ്രതി ഡയാലിസസ് നടത്തി തിരിച്ച് വരുന്നവരുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആര്‍ക്കും അങ്ങോട്ട് പോകാനാകുന്നില്ല. രോഗികളായാല്‍ പോലും അങ്ങോട്ട് പോകാന്‍ പറ്റത്ത സ്ഥിതിയാണ്.  കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി വിവിധ അതിര്‍ത്തികളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന സമീപനമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നത്'-പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് അയച്ച കത്തില്‍ മുഖ്യമന്ത്രി പറയുന്നു. 

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന അതിര്‍ത്തികളെല്ലാം, ഒറ്റയടിക്കാണ് കര്‍ണാടക അടച്ചുകളഞ്ഞത്. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും അടച്ചു. കൂട്ടുപുഴയില്‍ അതിര്‍ത്തി മണ്‍മതില്‍ കൊണ്ട് അടച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. പാത്തുഞ്ഞി മാത്രമല്ല, മറ്റൊരുപാട് മനുഷ്യരും ഈ അവസ്ഥയ്ക്ക് ഇരകളാണ്. മംഗലാപുരത്തേക്ക് ചികില്‍സയ്ക്കായി പോയ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് ചികിത്സ കിട്ടാതെ മരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. കേരളത്തെയോ കര്‍ണാടകത്തെയോ കുറിച്ച് കാര്യമായൊന്നും അറിയാത്ത, ബിഹാര്‍ സ്വദേശി വിനന്തഗൗരിദേവി കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ പ്രസവിക്കേണ്ടി വന്നതും ഇതുകൊണ്ടാണ്. ചെക്ക്‌പോസ്റ്റില്‍ തടയപ്പെട്ട് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് പാഞ്ഞ വിനന്തഗൗരി യാത്ര മധ്യേയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. ഇവിടംകൊണ്ട് തീരുമെന്ന് കരുതാനാവാത്ത വിധം സങ്കീര്‍ണ്ണമാണ് കാസര്‍കോട്ടെ അവസ്ഥ. ഇനിയും ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പായുന്ന ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ തിരിച്ചയക്കപ്പെടും. ചികില്‍സാ സൗകര്യമില്ലാത്ത ദ്വീപുപോലെ കാസര്‍കോട്ടെന്ന അതിര്‍ത്തിപ്രദേശം ഒറ്റപ്പെടും. 


മൂന്ന്

ഇത്രയും വായിക്കുമ്പോള്‍, ഇത് കര്‍ണാടകയുടെ മാത്രം പ്രശ്‌നമാണെന്ന് കരുതരുത്. നാനാത്വത്തില്‍ ഏകത്വം വിളംബരം ചെയ്യുന്ന, എല്ലാവരും ഇന്ത്യക്കാരാണെന്ന് വിശ്വസിക്കുന്ന നമ്മുടെ സംസ്ഥാനങ്ങളില്‍ മിക്കതിന്റെയും അതിര്‍ത്തികള്‍ ഇതിനകം കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടും കേരള അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. വാളയാര്‍, മീനാക്ഷിപുരം, ഗോപാലപുരം, നടുപ്പുണി, വേലന്താവളം, ആനക്കട്ടി, ഗോവിന്ദാപുരം, ചെമ്മണാംപതി അതിര്‍ത്തി റോഡുകളിലൂടെ ഇപ്പോള്‍ അവശ്യ സര്‍വീസുകളും ചരക്ക് വാഹനങ്ങളും മാത്രമേ കടത്തിവിടുന്നുള്ളൂ. കര്‍ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാട് അതിര്‍ത്തി അടക്കപ്പെട്ടിട്ടുണ്ട്. കര്‍ണാടകത്തില്‍നിന്ന് സ്വന്തം നാടിന്റെ അഭയത്തിലേക്ക് സര്‍വ്വസഹനങ്ങളും സഹിച്ച് പാഞ്ഞുവന്ന 200 ഓളം മലയാളികളെ കഴിഞ്ഞ നാള്‍ വയനാട് അതിര്‍ത്തിയിലെ മുത്തങ്ങ വനമേഖലയ്ക്ക് തൊട്ടുമുമ്പ് കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. കേരളത്തിലേക്ക് പ്രവേശനം പറ്റില്ലെന്ന് വിലക്കിയ കര്‍ണാടക ഇനിയവര്‍ക്ക കര്‍ണാടകത്തിലേക്കു തിരിച്ചും പോവാനാവില്ലെന്ന നിലപാടാണ് എടുത്തത്. അതോടെ അതിര്‍ത്തി എന്ന നടുക്കടലില്‍ കുടുങ്ങിയ ആ മനുഷ്യര്‍ ഏറെ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ്, വയനാട്ടിലേക്ക് എത്തിയത്. അവിടെവെച്ച് ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടത്. സംസ്ഥാന അതിര്‍ത്തികളില്‍ മാത്രമല്ല, കേരളത്തിലെ പല ജില്ലാ അതിര്‍ത്തികളിലും സമാനമായ യാത്രാവിലക്കുകളുണ്ട്. എന്നാല്‍, ഇവയൊന്നും, മനുഷ്യരുടെ ജീവനെടുക്കുന്ന കാസര്‍കോടന്‍ അവസ്ഥയില്‍ എത്തിയിട്ടില്ല. 

ലോകം ഒരാേഗാളഗ്രാമമായി മാറിയ കാലമാണിത്. ആഗോള പൗരന്‍മാരാണ് നമ്മളെന്നാണ് വെയ്പ്പ്. രാജ്യാതിര്‍ത്തികള്‍ കടന്ന് ലക്ഷക്കണക്കിന് മനുഷ്യരാണ് നിരന്തരം ഒഴുകിക്കൊണ്ടിരുന്നത്. അന്നേരത്താണ്, എല്ലാം മാറ്റിമറിക്കുന്ന കൊറോണ വൈറസ് അതിജീവനത്തിന്റെ  പൊള്ളുന്ന ഭീതി മനുഷ്യര്‍ക്കിടയില്‍ വിതറിയത്. ഇതിനെ തുടര്‍ന്ന്, ലോകത്തെ 130 രാജ്യങ്ങളാണ് അതിര്‍ത്തികള്‍ അടച്ചുപൂട്ടിയത്. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായുള്ള 22 അന്താരാഷ്ട്ര അതിതിരുകള്‍  ഇന്ത്യ പൂട്ടി. ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ പാകിസ്താന്‍ അടച്ചു. മണിപ്പൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ നേപ്പാള്‍ അതിര്‍ത്തി അടഞ്ഞത് ഇതോടു ചേര്‍ത്ത് വായിക്കണം. കൊറോണ വൈസിന്റെ കൊടുങ്കാറ്റടിച്ച രാജ്യങ്ങള്‍ക്കു ചുറ്റും ഇതുപോലെ അതിര്‍ത്തികള്‍ അടഞ്ഞിരുന്നു. ഇറ്റലിയിലെ ദുരന്തഭൂമിയില്‍ മരണം അതിന്റെ കൊതിക്കണ്ണുമായി നടത്തം തുടങ്ങിയതിനു പിന്നാലെ, 'യൂറോപ്പ് ഒന്നാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുമിച്ചു ചേര്‍ന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചു. ഏറെ അടുപ്പമുള്ള തുര്‍ക്കി അടക്കമുള്ള അയല്‍രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു പൂട്ടിയതോടെ ദുരന്തമുഖത്ത് ഒറ്റപ്പെട്ടു പോയ അനുഭവമാണ് ഇറാന് പറയാനുള്ളത്. ഓസട്രേലിയയും വെനസ്വേലയും ബ്രസീലും ഡെന്മാര്‍ക്കും പോളണ്ടും ഉക്രെയിനും സ്ളോവാക്യയും  ചെക്ക് റിപ്പബ്ളിക്കും ഓസ്ട്രിയയും ഹംഗറിയുമെല്ലാം അതിര്‍ത്തി അടച്ചു പൂട്ടിയ രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ലോകത്തെ ഏറ്റവും നീളമുള്ള അതിര്‍ത്തിയായ യു എസ് കാനഡ അതിര്‍ത്തി അടച്ചുപൂട്ടിയത് കഴിഞ്ഞ ദിവസമാണ്.  


നാല്

സത്യത്തില്‍, അടഞ്ഞുപോവുന്നത് രാജ്യാതിര്‍ത്തികള്‍ മാത്രമാണോ? സ്വന്തം വീടിനുള്ളില്‍, സ്വന്തം മുറിക്കുള്ളില്‍ അടഞ്ഞുപോയവരില്‍ നമ്മളുമില്ലേ? എത്ര പെട്ടെന്നാണ് അയല്‍പ്പക്കങ്ങള്‍ക്കിടയില്‍ അദൃശ്യമായ അതിര്‍ത്തികള്‍ പിറന്നത്. എത്ര വേഗമാണ്, വീട്ടകങ്ങള്‍ക്കുള്ളില്‍ അദൃശ്യമായ അതിരുകള്‍ ഉയര്‍ന്നത്. എത്ര ചുരുങ്ങിയ നേരം കൊണ്ടാണ് നാം നമ്മളിലേക്ക് തന്നെ ചുരുങ്ങിപ്പോയത്. സ്വന്തം വീട്, സ്വന്തം കുടുംബം എന്നീ തോന്നലുകള്‍ക്കു പോലും കൊവിഡ് ഭീതിയുടെ ഇക്കാലത്ത് അധികനേരം പിടിച്ചു നില്‍ക്കാനാവില്ല. രോഗം വീട്ടിലെത്തിയാല്‍, ആരായാലും അകന്നു നിന്നേ പറ്റൂ.  മരണം, കൊറോണ വൈറസിന്റെ രൂപത്തില്‍ ചുറ്റുമെത്തിയാല്‍, എത്ര പ്രിയപ്പെട്ടവരായാലും അവരെ ഒന്നു കാണാന്‍ പോലുമാവാതെ, അന്ത്യ കര്‍മ്മങ്ങള്‍ നടത്താന്‍ പോലുമാവാതെ, അകന്നു നില്‍ക്കേണ്ടി വരും. 'മരിക്കുന്നത് വൃദ്ധരല്ലേ, ഇനിയുള്ള കാലം പെന്‍ഷനു വേണ്ടി ചെലവഴിക്കുന്ന തുക കുറയ്ക്കാന്‍ കഴിയുമല്ലോ' എന്ന് പച്ചയ്ക്കു പറഞ്ഞ വിദേശഭരണാധികാരിക്ക് മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പം എന്തു കൊണ്ടാവും മനസ്സിലാവാത്തത് എന്നാലോചിച്ചിട്ടുണ്ടോ? 

അതെ, അടുപ്പമല്ല കൊറോണക്കാലത്തിന്റെ മന്ത്രം. അകലമാണ്. അകന്നു നില്‍ക്കല്‍. ഏതു മനുഷ്യരിലുമുണ്ടാവും നമ്മളിലേക്ക് പടരാന്‍ വെമ്പുന്ന ഒരു കൊറോണ വൈറസിന്റെ സാദ്ധ്യത. ഏതു തെരുവിലുമുണ്ടാവും ഒരൊറ്റ സ്പര്‍ശം കൊണ്ട്, കൊവിഡ് രോഗിയാവാനുള്ള ഒരു വൈറസനക്കം. പരസ്പരം ഭയന്ന്, പരസ്പരം അകന്നു മാറി രാജ്യങ്ങളും സംസ്ഥാനങ്ങളും ദേശങ്ങളും അവിടങ്ങളിലെ മനുഷ്യരും അവരവരിലേക്ക് ഒതുങ്ങുന്നതിന് ഇതേയുള്ളൂ കാരണം. പടര്‍ന്നു വ്യാപിക്കുന്ന രോഗത്തിന്റെ ചങ്ങല മുറിച്ചുകളയാനുള്ള ഏകമാര്‍ഗം. അപ്പോള്‍, നമ്മള്‍ ജീവിതത്തെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, അടുപ്പങ്ങളെക്കുറിച്ച് ഇത്രകാലം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന സങ്കല്‍പ്പങ്ങളില്‍നിന്ന് അല്‍പ്പനേരമെങ്കിലും ഇറങ്ങി നടക്കേണ്ടി വരും. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച്, ബന്ധങ്ങളുടെ യുക്തികളെക്കുറിച്ച് മാറിച്ചിന്തിക്കേണ്ടിവരും. കാരണം, കൊറോണയ്ക്കുശേഷം നമ്മള്‍ പഴയ ലോകത്തിലല്ല ജീവിക്കുന്നത്. എല്ലാം കഴിഞ്ഞ് തിരിച്ചുപോയാലും, നമ്മെ കാത്തിരിക്കുന്നുണ്ടാവുക, പഴയ ലോകവുമാവില്ല.

നോക്കൂ, നമ്മുടെ മുന്നിലിപ്പോള്‍ അതിജീവനം മാത്രമേയുള്ളൂ. അവരവരുടെ അതിജീവനത്തിന്റെ ഏറ്റവും സ്വാര്‍ത്ഥമായ നിമിഷങ്ങള്‍. തെരുവില്‍നിന്നും കയറി, വീടുകളില്‍ ലോക്ക് ഡൗണിലായ നമ്മള്‍, ഓരോ നിമിഷവും ആകുലപ്പെടുന്നത് നമ്മളെക്കുറിച്ചു മാത്രമാണ്. അതുകൊണ്ടു മാത്രമാണ്, ദില്ലിയിലെ തെരുവുകളില്‍, ജന്‍മദേശേത്തക്കുള്ള വാഹനങ്ങള്‍ വന്നു ചേര്‍ന്നതറിഞ്ഞ് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തടിച്ചു കൂടിയത്. പരമാവധി അകന്നുനിന്ന് ജീവന്‍ രക്ഷിക്കേണ്ട കാലമായിട്ടും, മറ്റെല്ലാം മറന്ന് വാഹനങ്ങള്‍ക്കു മുന്നില്‍ തിരക്കിത്തിരക്കിയത്. മരണം തൊട്ടടുത്തുണ്ട് എന്നു മറന്ന്, സ്വന്തം നാടുകളിലെ, വീടുകളിലേക്ക് പായാന്‍ വെമ്പുന്ന  മറ്റു മനുഷ്യരോട് യുദ്ധംചെയ്തത്. 

അതു കൊണ്ടുതന്നെയാവും, അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത്, ഹാ ഇന്ത്യാ എന്ന് വിലപിച്ചതിനു തൊട്ടുപിന്നാലെ, നമ്മുടെ മുന്നിലൂടെ, നമ്മുടെ സ്വന്തം കോട്ടയത്തെ നൂറുകണക്കിന് മനുഷ്യര്‍ ഒന്നിച്ച് തെരുവുകളിലേക്ക് ഇറങ്ങിനടന്നത്. ഏത് ഗൂഢാലോചന പിന്നിലുണ്ടെങ്കിലും അവരെ തെരുവിലേക്ക് നടത്തിയത് ഒരൊറ്റ കാര്യമാവും, സ്വന്തം നാട്ടില്‍ മാത്രമേ, സ്വന്തം വീട്ടില്‍ മാത്രമേ രക്ഷയുള്ളൂ എന്ന വിശ്വാസം. എങ്ങനെയെങ്കിലും കേരളത്തിലേക്ക് തിരിച്ചുവരാന്‍ വിലപിച്ചിരിക്കുന്ന, മറ്റു സംസ്ഥാനങ്ങളിലെ മലയാളി സഹോദരങ്ങളുടെ അതേ ആധി തന്നെയാവും ഭാഗ്യാന്വേഷികളായി കേരളത്തിലെത്തിയ ആ മനുഷ്യരെ പുറത്തിറക്കിയത്. ലോക്ക്ഡൗണ്‍ വകവെയ്ക്കാതെ, പൊലീസിനെയും കേസുകളെയും മറന്ന് തെരുവില്‍ തിങ്ങിനിറയാന്‍ അവരെ പ്രേരിപ്പിച്ചത്, അതിജീവനത്തിനുള്ള വെപ്രാളമല്ലാതെ മറ്റെന്താവാനാണ്? 

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും? 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios