കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?

ലോക്ക്ഡൗണ്‍ മറന്ന് ആളുകളെ തെരുവിലേക്ക് കൂട്ടമായിറക്കുന്ന ഒരു കള്ളന്‍. ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ പത്താം ദിവസം. കെ. പി റഷീദ് എഴുതുന്നു

Lock down column by KP Rasheed strange story of flying thief in Kunnamkulam kerala

ആള്‍ക്ക് ഏഴടിയില്‍ കൂടുതല്‍ ഉയരമുണ്ട്, കാലില്‍ സ്പ്രിംഗ് പിടിപ്പിച്ചതിനാല്‍ ചാടിമറിയും. മതിലുകള്‍ പറന്നുചാടും, ഒറ്റ ചാട്ടത്തില്‍ ഏത് മരത്തിന്റെയും കൊമ്പത്തെത്തും, മരങ്ങളില്‍നിന്ന് മരങ്ങളിലേക്ക് വവ്വാലിനെപ്പോലെ പറന്നുനടന്ന് ഇരുട്ടില്‍ ലയിക്കും, വഴിയില്‍ കിണറോ കുളമോ എന്തായാലും അവനു പുല്ലുവില, എത്രപേര്‍ പിടിക്കാന്‍ ചെന്നാലും പൂടപോലും കിട്ടാത്തവിധം ആള് എസ്‌കേപ്പാവും.  ഇതിനാല്‍ തന്നെ, അയാള്‍ക്കു പിന്നാലെ ആളുകള്‍ ഉറക്കമില്ലാതെ നടക്കുന്നു. റോന്തു ചുറ്റിയ ശേഷം പൊലീസുകാര്‍, ഇതൊക്കെ ചുമ്മാ കള്ളക്കഥയെന്ന് ആണയിടുന്നു. അത്യാവശ്യം ഒളിഞ്ഞുനോട്ടവും അവിഹിതബന്ധവും സദാചാര പ്രശ്‌നങ്ങളുമൊക്കെയായി നടക്കുന്ന പലരും സംശയത്തിന്റെ പേരില്‍ പിടിയിലാവുന്നു. എന്നിട്ടും ഭയമടങ്ങാതെ ഓരോ രാത്രിയും പല പ്രദേശങ്ങളില്‍ ഒരേസമയം അയാള്‍ വീരകഥകളെഴുതുന്നു.

 

Lock down column by KP Rasheed strange story of flying thief in Kunnamkulam kerala

 

കള്ളനും കൊറോണയും തമ്മിലെന്താണ് ബന്ധം? ഓ, പിന്നേയ്, എന്ന് ഏത് കുഞ്ഞും ചിരിക്കും. എന്നാല്‍, തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മേഖലയില്‍ പോയി ചോദിച്ചു നോക്കൂ, 'ഈ കൊറോണ വൈറസ് ഒക്കെ എന്ത്, കള്ളനല്ലേ, കള്ളന്‍' എന്ന് വീട്ടിനകത്തും പുറത്തുമുള്ള സര്‍വമാന മനുഷ്യരും ആണയിടും. അവിടെനിന്നുള്ള വാട്ട്‌സപ്പ് സന്ദേശങ്ങള്‍ കാണുകയും ഫോര്‍വേഡ് ചെയ്യുകയും ചെയ്യുന്ന ഈ അണ്ഡകടാഹത്തിലെ മുഴുവന്‍ മനുഷ്യരും ആ പറച്ചിലിന് ലൈക്കടിക്കും. എന്നിട്ടു കാണിച്ചുതരും, പഴഞ്ഞിയിലും വടക്കേക്കാടും കുന്ദംകുളത്തിന്റെ വിവിധ ഭാഗങ്ങളിലും റോട്ടിലിറങ്ങിയ വന്‍ ആള്‍ക്കൂട്ടത്തെ. ഈശ്വരാ, ലോക്ക് ഡൗണ്‍ കാലത്താണോ ഈയാള്‍ക്കൂട്ടം എന്ന് ചോദിച്ചാല്‍, ഇങ്ങോട്ട് ചോദിക്കും, വീട്ടില് പെണ്ണുങ്ങളും കൊച്ചുങ്ങളുമൊക്കെ ഉറങ്ങീട്ട് നാളുകളായി, അപ്പോ പിന്നെ കള്ളനെപ്പിടിക്കാന്‍ ഇറങ്ങാതെന്തു ചെയ്യും? അതിനാല്‍, കുന്ദംകുളം മേഖലയില്‍ ഇപ്പോള്‍ കള്ളനെന്ന വാക്കിന് ഒരര്‍ത്ഥമേയുള്ളൂ. കൊറോണക്കാലത്ത്, നാടാകെ ലോക്ക്ഡൗണിലായ കാലത്ത്, ഇറങ്ങിനടക്കുന്ന ഒരൊന്നൊന്നര കള്ളന്‍.

സംഗതി ശരിയാണ്. ലോകം മുഴുവന്‍ കൊറോണപ്പേടിയിലാണ്. അടുപ്പമല്ല, അകലമാണ് നല്ലതെന്ന് പറഞ്ഞ്, എല്ലാവരും എല്ലാത്തില്‍നിന്നും മാറിനില്‍ക്കുകയാണ്. എന്നാലും കുന്ദംകുളത്തും പരിസരങ്ങളിലുമുള്ളവര്‍ ആലോചിക്കുന്നത് ഇത് ഒറ്റയ്ക്കാവലിന് പറ്റിയ സമയമല്ല എന്നാണ്. ഒന്നിച്ചു നില്‍ക്കുക, കള്ളനെ പിടിക്കുക എന്നതാണ് അവിടത്തെ മന്ത്രം. അതിനായി അവര്‍ രാത്രികളില്‍ ഉറങ്ങാതിരിക്കും. ഇരുകാലികളായും ബൈക്കുകളിലും റോട്ടിലിറങ്ങും. പാടത്തും കുളക്കരയിലും കാട്ടുമൂലകളിലും ചെന്ന് കൂട്ടമായി കാവലിരിക്കും. ധൈര്യത്തിന് കത്തിയും വാക്കത്തിയും മഴുവും വടികളുമൊക്കെ കൈയില്‍വെക്കും. അല്‍പ്പം കഴിയുമ്പോള്‍, കള്ളനെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നിങ്ങനെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പരക്കും.  തൊട്ടുപിന്നാലെ, ആളുകള്‍ ഓടുന്നതും കിതയ്ക്കുന്നതും, ജസ്റ്റ് മിസ്സായി എന്ന് ദീര്‍ഘനിശ്വൊസം വിടുന്നതുമെല്ലാം വീഡിയോകളായി  എത്തും.


നമുക്കും പോവാം ആ കള്ളനു പുറകെ

എന്താണീ സംഭവം? ആള്‍ക്കാരെല്ലാം വീടുകളില്‍ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത് ആ കള്ളന് എന്താണ് പരിപാടി? ഏതു വീട്ടില്‍ ചെന്നാലും ആളുള്ള സമയം. ഒന്നനങ്ങിയാല്‍ അടുത്ത വീട്ടുകാര്‍ ഒാടിവരുമെന്ന് ഉറപ്പുള്ള നേരം. റോഡിലിറങ്ങുന്നവരെ മുഴുവന്‍ ചോദ്യം ചെയ്യാനും രേഖകള്‍ പരിശോധിക്കാന്‍ വേണ്ടി വന്നാല്‍ ഏത്തമിടുവിക്കാനും നടക്കുന്ന പൊലീസുകാര്‍. ബോധവും വെളിവുമുള്ള ഒരൊറ്റ കള്ളനും ഇറങ്ങാന്‍ ധൈര്യപ്പെടാത്ത സന്ദര്‍ഭം. എന്നിട്ടും ഇവിടമാകെ ആ കള്ളനാണ്. അയാള്‍ ഒരാളാണോ കുറേ പേരാണോ എന്നൊന്നും അറിയാത്ത വിധം കഥകളുടെ വെടിക്കെട്ടാണ് നാട്ടിലെങ്ങും. ആള്‍ക്ക് ഏഴടിയില്‍ കൂടുതല്‍ ഉയരമുണ്ട്, കാലില്‍ സ്പ്രിംഗ് പിടിപ്പിച്ചതിനാല്‍ ചാടിമറിയും. മതിലുകള്‍ പറന്നുചാടും, ഒറ്റ ചാട്ടത്തില്‍ ഏത് മരത്തിന്റെയും കൊമ്പത്തെത്തും, മരങ്ങളില്‍നിന്ന് മരങ്ങളിലേക്ക് വവ്വാലിനെപ്പോലെ പറന്നുനടന്ന് ഇരുട്ടില്‍ ലയിക്കും, വഴിയില്‍ കിണറോ കുളമോ എന്തായാലും അവനു പുല്ലുവില, എത്രപേര്‍ പിടിക്കാന്‍ ചെന്നാലും പൂടപോലും കിട്ടാത്തവിധം ആള് എസ്‌കേപ്പാവും.  ഇതിനാല്‍ തന്നെ, അയാള്‍ക്കു പിന്നാലെ ആളുകള്‍ ഉറക്കമില്ലാതെ നടക്കുന്നു. റോന്തു ചുറ്റിയ ശേഷം പൊലീസുകാര്‍, ഇതൊക്കെ ചുമ്മാ കള്ളക്കഥയെന്ന് ആണയിടുന്നു. അത്യാവശ്യം ഒളിഞ്ഞുനോട്ടവും അവിഹിതബന്ധവും സദാചാര പ്രശ്‌നങ്ങളുമൊക്കെയായി നടക്കുന്ന പലരും സംശയത്തിന്റെ പേരില്‍ പിടിയിലാവുന്നു. എന്നിട്ടും ഭയമടങ്ങാതെ ഓരോ രാത്രിയും പല പ്രദേശങ്ങളില്‍ ഒരേസമയം അയാള്‍ വീരകഥകളെഴുതുന്നു.

വിളിപ്പേര് കള്ളന്‍ എന്നാണെങ്കിലും, സാങ്കേതികമായി അങ്ങനെയൊന്നും വിളിക്കാന്‍ പറ്റില്ല. ആള് ഒന്നും കട്ടതായി പരാതിയില്ല. ആരെയും ആക്രമിച്ചിട്ടില്ല. പ്രധാന പരിപാടി, വാതിലില്‍ മുട്ടി പറന്നു മറയലാണ്. പിന്നെ മുറ്റത്തെ വെള്ളടാപ്പ് തുറന്നിടല്‍. 'എനിക്കീ മോഷണം ഇഷ്ടമേയല്ല' എന്നുറക്കെ പ്രഖ്യാപിക്കുന്ന കള്ളന് ഒരേയൊരു വിനോദമേയുള്ളൂ, എസ്‌കേപ്പ് ആക്ടിലെ സ്വന്തം പാടവം പ്രകടിപ്പിക്കല്‍. മൂപ്പര് അതിനെന്തും ചെയ്യും. ആളുകളെ പിന്നാലെ ഓടിക്കുക, എന്നിട്ട് മുങ്ങുക, അടുത്ത കളത്തില്‍ പൊങ്ങുക. നാട്ടുകാര്‍ക്കു മാത്രമല്ല, ഊണും ഉറക്കവുമില്ലാത്തത്, ചുമ്മാ പേടിപ്പിച്ചു നടക്കുന്ന ഈ കള്ളനും അയാളെ വാട്ട്‌സാപ്പിലൂടെ സദാ പിന്തുടരുന്ന അപസര്‍പ്പക വിദഗ്ധര്‍ക്കുമൊന്നും ഉറക്കമേയില്ല. കള്ളനെ കിട്ടിയില്ലെങ്കിലും കൊറോണ വൈറസിനെ കിട്ടാന്‍ എല്ലാ സാധ്യതകളുമുള്ള ഈ ദേശങ്ങളില്‍ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്? അതിനാല്‍ മാത്രം, നമ്മളിന്ന് ചുമ്മാ ആ കള്ളനു പിന്നാലെ ഒന്നു പോവുകയാണ്.  എന്തിനാണ് മനുഷ്യരായ മനുഷ്യരൊക്കെ ആ കള്ളനെ ഇങ്ങനെ ഭയക്കുന്നതെന്ന്, വേെറ പണിയൊന്നുമില്ലാത്തതു കൊണ്ട് അന്വേഷിക്കുകയാണ്.


കണ്ടതും കേട്ടതും അഥവാ കേട്ടറിവുകളുടെ അയ്യരുകളി

പഴഞ്ഞിയിലാണ് പുള്ളിക്കാരനെ ആദ്യം കണ്ടതെന്നാണ് പല വാട്ട്‌സാപ്പ് വിദഗ്ധരും പറയുന്നത്. പിന്നെ, പഞ്ചായത്തിലെ വിവിധ മേഖലകളില്‍. അവിടന്ന് പോര്‍ക്കുളം, കൊങ്ങണൂര്‍ ഭാഗങ്ങളിലേക്കൊക്കെ വ്യാപിച്ചു കഥകള്‍. കടവല്ലൂര്‍ ഭാഗത്തും വടക്കേക്കാട് ഭാഗത്തുമെല്ലാം കള്ളനെത്തേടിയുള്ള രാത്രികാല പര്യടനപരിപാടികള്‍ ഊര്‍ജിതമാണ്. ചിറയന്‍കാട്, സ്രായില്‍, പാലാട്ടു മുറി, ചിറക്കല്‍, പെങ്ങാമുക്ക്, കാഞ്ഞിരമുക്ക്: വടക്കുമുറി, കിഴക്കുമുറി, കരിയാമ്പ്ര, പഴഞ്ഞി അയിനൂര്, പട്ടിത്തടം, കരിക്കാട് , അരുവായില്‍ എന്നിവിടങ്ങളിലൊക്കെ പുള്ളി കൃൃത്യമായി ചെന്നതായി പറയുന്നു.

ഒരൊറ്റ രാത്രി ആള് വിസിറ്റ് ചെയ്ത മേഖലകളും സമയവും അറിയണോ? ഗ്രൂപ്പുകളിലായി കിട്ടിയ വിവരം വെച്ച് പ്രദേശവാസിയായ മാധ്യമപ്രവര്‍ത്തകന്‍ സുര്‍ജിത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വിവരങ്ങളാണിത്:

2020 മാര്‍ച്ച് 31
...................
അയിനൂര് 7.30
മങ്ങാട് സ്‌കൂള്‍ പാടത്ത് 8.00
അരുവായി 8. 10
കൊച്ചന്നൂര് 9.00
പെങ്ങാമുക്ക് ചെര്‍ലി പുഴ 9.00
കാണിപ്പയ്യൂര് 9. 30
വടുതല വട്ടമ്പാടം 9.35
കാട്ടകാമ്പാല്‍ വൈഎംസി  10.00
മങ്ങാട് ലക്ഷം വീട് 10;15
പന്തല്ലൂര് 10;15

സ്വാഭാവികമായും നമുക്കുണ്ടാവുന്ന സംശയങ്ങള്‍ ഇവയായിരിക്കും.

1. ഇത്രയും സ്ഥലത്തു വന്നിട്ടും ഈ കള്ളനെ കണ്ടത് ആരൊക്കെയാണ്?
2. കള്ളന്‍ കയറിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ്?
3. കള്ളന്റെ ദേഹോപദ്രവം ഏറ്റത് ആര്‍ക്കൊക്കെയാണ്?

കിട്ടുന്ന മറുപടികള്‍ ഇവയാണ്:

1. കള്ളനെ കണ്ടു എന്നു പറഞ്ഞ് ആകെ പ്രചാരത്തിലുള്ളത്, വിനോദ് എന്ന് മറ്റൊരാള്‍ പരിചയപ്പെടുത്തുന്ന ഒരു മധ്യവയസ്‌കന്റെ വീഡിയോ ദൃശ്യമാണ്.  അതിലദ്ദേഹം പറയുന്നത്, കള്ളന്‍ ജസ്റ്റ് മിസ് ആയി എന്നാണ്. പിടിക്കാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് കള്ളന്‍ അപ്പുറത്തെ പറമ്പില്‍ മറഞ്ഞത്രെ. 'മറ്റ് ടീമുകള്‍ വന്ന് വീണ്ടും കൈയില്‍ കിട്ടിയപോലെ ആയപ്പോള്‍' കള്ളന്‍ രക്ഷപ്പെട്ടത്രെ. കള്ളനെക്കുറിച്ച് പുള്ളി പറയുന്ന മറ്റു വിവരങ്ങള്‍ ഇതാണ്: ആറടി ഉയരം. മുഖംമൂടി ഇട്ടിട്ടുണ്ട്. ആയുധങ്ങളൊന്നുമില്ല. തോളില്‍ ചെറിയൊരു ഹാന്റ്ബാഗ്. ബില്‍ഡിംഗില്‍നിന്നൊക്കെ ചാടുക, മുന്നില്‍വന്ന് അപ്രത്യക്ഷമായി പോവുക ഇങ്ങനെയൊക്കെ ചെയ്യുന്ന നല്ല 'കഴിവുള്ള' ആരോ ആണ്.

പുള്ളി ആറടി ഉയരം എന്നു പറയുമ്പോള്‍, മറ്റെല്ലാ സ്ഥലങ്ങളിലും പ്രചരിക്കുന്ന കഥ ഏഴടി ഉള്ള കള്ളന്‍േറതാണ്. ആറടിക്കും ഏഴടിക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നല്ല ബോധ്യത്തോടെ തന്നെയാണ് ആളുകള്‍ കൂളായി, ആധികാരികമായി ഏഴടി എന്നു പറയുന്നത്.

2. ഇതുവരെ ഒരിടത്തും മോഷണം നടന്നിട്ടില്ല. അത്തരം ഒരു പരാതിയും ഇല്ല.

3. ഒരാള്‍ക്കും ദേഹോപദ്രവം ഏറ്റെന്നു പറയുന്നില്ല. ചില കഥകളില്‍ ഏതോ സ്ത്രീയെ മാന്തി എന്നു പറയുന്നുണ്ട്. എന്നാല്‍, ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

വാട്ട്‌സപ്പില്‍നിന്നും ഇപ്പോള്‍ കള്ളന്റെ കാര്യം പൊലീസിന്റെ ചുമതലയില്‍ എത്തിയിട്ടുണ്ട്. നാട്ടുകാര്‍ മുഴുവന്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വെളിയിലിറങ്ങൂകയും സാമൂഹ്യ അകലം എന്ന നിര്‍ദേശം ലംഘിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുന്ദംകുളം പൊലീസും വടക്കേക്കാട് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

കുന്ദംകുളം സി ഐ കെ. ജി സുരേഷ് ഇക്കാര്യത്തില്‍ പറയുന്നത് ഇതാണ്: രാത്രികാലങ്ങളില്‍ പൊതുജനങ്ങള്‍ തെരുവിലിറങ്ങി കള്ളനെന്നു പറഞ്ഞ് പായുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ മഫ്ത്തിയിലും അല്ലാതെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ചിലരെ പിടികൂടിയിട്ടുണ്ട്. ഇതുമായി ഒരു ബന്ധവുമില്ലാത്ത ചിലര്‍. സാമൂഹ്യ വിരുദ്ധരോ, പുറത്തുപറയാന്‍ നാണക്കേടുള്ള ചില കാര്യങ്ങള്‍ ചെയ്യാനിറങ്ങിയവരോ ആണ്. അന്വേഷണത്തില്‍ മനസ്സിലായത്, ഇത് വ്യാജപ്രചാരണമാണ് എന്നാണ്. ഇന്നുവരെ ഒരു മോഷണവും നടന്നിട്ടില്ല,  ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ഒരൊറ്റ പരാതിയും ലഭിച്ചില്ല, നിരവധി സിസിടിവി ക്യാമറകള്‍ ഉള്ള പ്രദേശമാണ് പഴഞ്ഞി. ഒരൊറ്റ ക്യാമറയില്‍ പോലും ഇപ്പറയുന്ന മട്ടിലുള്ള രൂപത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. രണ്ട്് ദിവസം പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ പിന്നെ പരാതിയുമായി ഒരു ഫോണ്‍കോളും ഉണ്ടായിട്ടില്ല. ഇവിടന്നു മാറി വടക്കേക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കള്ളനെന്നാണ് ഇപ്പോള്‍ കഥകള്‍.  

അതു ശരി, പുള്ളി വടക്കേക്കാട്ടെത്തിയോ? എന്നാല്‍ പിന്നെ അതറിയണമല്ലോ. അങ്ങനെ വടക്കേക്കാട് എസ് ഐ  കെ. ആര്‍ അബ്ദുല്‍ ഹക്കീമിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് രസകരമായ കാര്യങ്ങളാണ്: ''നാല് ഗ്രൂപ്പുകളായി പ്രേദശത്താകെ പൊലീസ് പട്രോളിംഗ് നടത്തി. ഒരൊറ്റ ആളും ഇപ്പറയുന്ന കള്ളനെ കണ്ടിട്ടില്ല. കേട്ടറിവല്ലാതെ ഒരാള്‍ക്കും കണ്ടറിവ് പറയാനില്ല. സിസിടിവിയിലൊന്നും ഇതുമായി ബന്ധപ്പെട്ട ഒരു ദൃശ്യവുമില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് പറഞ്ഞ് മെസേജുകള്‍ പ്രചരിപ്പിച്ചിരുന്നു. ഒരൊറ്റ ആളും വിളിച്ചിട്ടില്ല.''

''ആളുകള്‍ പേടിച്ചിരിപ്പാണ് എന്നത് സത്യമാണ്. ഈയടുത്ത് കുന്ദംകുളം ഭാഗത്ത് ഒരു പന അകാരമായി ആടിക്കൊണ്ടിരിക്കുന്നു എന്ന വിവരം ലഭിച്ചു. പൊലീസ് ചെന്ന് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ അതിനു മുകളിലുണ്ട് ഒരു മരപ്പട്ടി. അവിടെയുള്ള ഒരാളും പേടിച്ചിട്ട് ഒന്നു ടോര്‍ച്ചടിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതൊക്കെയാണ് പേടി പടരാന്‍ കാരണം.''

''ലോക് ഡൗണ്‍ കാരണം ആരോ ഇറക്കിയ കഥകളാണ് ഇതൊക്കെ എന്നാണ് കരുതുന്നത്. വീട്ടിലിരുന്ന് ആളുകള്‍ക്ക് മടുത്തു. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. അപ്പോള്‍ പുറത്തിറങ്ങാന്‍ ഒരു കാരണം വേണം. പിന്നെ, കള്ളനെ തിരയുന്ന മറവില്‍ ആര്‍ക്കും എന്ത് വേണമെങ്കിലും ചെയ്യാം. എവിടെയും പോവാം. ആയുധങ്ങളുമായി നടക്കാം. മറ്റൊന്ന് സദാചാര പൊലീസിംഗ് ആണ്. ആരും റോട്ടിലില്ലാത്തതിനാല്‍ അവിഹിത ബന്ധങ്ങളൊക്കെ സുഖമായി നടക്കുന്ന സാഹചര്യമാണ്, അതൊന്ന് തടയണം  എന്നൊക്കെക്കരുതിയാല്‍ പറ്റിയ പണി ഇതാണ്. പലര്‍ക്കും പല താല്‍പ്പര്യങ്ങളുണ്ടാവും. എന്നാലും കൊറോണ വൈറസിന്റെ സമയത്ത് ഇങ്ങനെ ആളുകള്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ല.''--എസ് ഐ അബ്ദുല്‍ ഹക്കീം ഇങ്ങനെ പറഞ്ഞുനിര്‍ത്തുന്നു.
 

രേഖകളും തെളിവുകളും വാട്ട്‌സാപ്പിലുണ്ട്!

അപ്പോള്‍ പിന്നെ എന്തു കൊണ്ടാവും ആളുകള്‍ ഇങ്ങനെ ഭയക്കുന്നത്? എന്തായിരിക്കും അതിന് അവരെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഉത്തരം തേടിയാല്‍ നാമെത്തുക സേഷ്യല്‍ മീഡിയയിലാണ്. പല തരം ടെസ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍. ഇവ വാട്ട്‌സാപ്പിലൂടെ തലങ്ങും വിലങ്ങൂം പറക്കുകയാണ്. ആധികാരികതയൊന്നും അന്വേഷിക്കാതെ എല്ലാവരും മല്‍സരിച്ച് ഇവ ഫോര്‍വേഡ് ചെയ്യുകയും.

പ്രധാനമായും പ്രചരിക്കുന്ന ചില വീഡിയോകള്‍ ഇവയാണ്്:
 
1. ഒരു സിസിടിവി ദൃശ്യം. രാത്രിയില്‍ നല്ല പൊക്കം തോന്നിക്കുന്ന ഒരു രൂപം നടന്നുപോവുന്ന ദൃശ്യം.

ഇത് എഡിറ്റിംഗിലൂടെ രൂപവ്യത്യാസം വരുത്തിയ വ്യാജ വീഡിയോ ആണെന്ന്, സാങ്കേതിക വിശദീകരണങ്ങളോടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ പറയുന്നു. ഒപ്പം, മറ്റെവിടെയോ ഉള്ള  വീഡിയോ ഈ സാഹചര്യത്തില്‍ പ്രചരിക്കുകയാണ് എന്നുും ആരോപണമുണ്ട്. ചിറക്കല്‍ ആണെന്നു പറഞ്ഞാണ് ഈ വീഡിയോ വാട്ട്‌സാപ്പില്‍ പ്രചരിച്ചിരുന്നത്. പഴഞ്ഞി ആണെന്നും ചില മെസേജുകളിലുണ്ട്. എന്നാല്‍, ഇത് ചിറക്കലോ പഴഞ്ഞിയോ അല്ലെന്ന് പറഞ്ഞ് പലരും കമന്റിടുന്നുണ്ട്. പക്ഷേ, അവ കമന്റായി മാത്രം നിലനില്‍ക്കുകയും, വാട്ട്‌സാപ്പില്‍ അതേ വീഡിയോ കൂടുതല്‍ പ്രചരിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

ഈ വീഡിയോയുമായി ബന്ധപ്പെട്ട് ഒരു പത്രക്കട്ടിംഗും പ്രചാരത്തിലുണ്ട്. നിലമ്പൂര്‍ കരുളായി ഏനാന്തിയിലെ ഒരു വീട്ടുമുറ്റത്ത് സഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് പത്രത്തില്‍ വീഡിയോയിലെ ഒരു സ്റ്റില്‍ പ്രസിദ്ധീകരിച്ചത്. മാതൃഭൂമി പത്രം റീ ഡിസൈന്‍ ചെയ്യുന്നതിനു മുമ്പുള്ള ഫോണ്ട് ആണത്. ആ ഇമേജ് പഴയ പത്രകട്ടിംഗില്‍ മുറിച്ചു ഒട്ടിച്ചതാണോ എന്നും സംശയിക്കാവുന്നതാണ്.

2. കള്ളനെ കണ്ടു എന്നു പറഞ്ഞ് വിനോദ് എന്ന് പരിചയപ്പെടുത്തുന്ന ഒരാളുടെ വീഡിയോ.

ഇതിനെക്കുറിച്ചാണ് മുകളില്‍ വിശദമായി പറഞ്ഞത്.

3. ഒരു പെണ്‍കുട്ടിയുടെ ടിക്‌ടോക്ക് വീഡിയോ. അതിലവള്‍, ക്ലാസ് മേറ്റ് എന്ന സിനിമയിലെ 'എന്റെ ഖല്‍ബിലേ' എന്നു തുടങ്ങുന്ന പാട്ട്പാടി മൊബൈലില്‍ ഷൂട്ട് ചെയ്യുകയാണ്. രണ്ടു വരി ആവുമ്പോള്‍ അവളുടെ പുറകില്‍ കാണുന്ന ജനാലയ്ക്കല്‍ ഒരു രൂപം കാണുന്നു. ഷൂട്ട് ചെയ്യുന്ന മൊബൈല്‍ ഫോണില്‍ അതു കണ്ടിട്ടാവണം, അവള്‍ ഭയന്ന് 'ഉമ്മാ' എന്നു വിളിച്ചു ഓടുന്നു. ഇതാണ് ആ ടിക്‌ടോക്ക് വീഡിയോ. എന്നാല്‍, അതില്‍, കുന്ദംകുളം ഭാഗത്തെ കള്ളനു വേണ്ടിയുള്ള തെരച്ചിലിന്റെ സ്റ്റില്ലുകളും വീഡിയോയും കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്ത്, കള്ളന്‍ എന്ന ടെക്‌സ്റ്റ് സഹിതം പുതിയാരു വീഡിയോ ആക്കിയാണ് പ്രചരിപ്പിക്കുന്നത്. ഒരു ബന്ധവുമില്ലാത്ത രണ്ട് ദൃശ്യങ്ങളും ചേര്‍ത്തുവെച്ച് പുതിയ വീഡിയോ ആണെന്നു പറഞ്ഞാണ് ആളുകളെ ഭയപ്പെടുത്തുന്നത് എന്നു വ്യക്തം.

തീര്‍ന്നില്ല, അതേ പെണ്‍കുട്ടിയുടെ മറ്റൊരു വീഡിയോയും ഇതുപോലെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ജനുവരി മാസം താന്‍ ചെയ്ത ടിക്‌ടോക്ക് വീഡിയോ ഇപ്പോള്‍ പെട്ടെന്ന് പൊങ്ങിവന്നിരിക്കുന്നു എന്നാണവള്‍ അതില്‍ പറയുന്നത്. അതില്‍ ജനലിനു പുറകില്‍ കാണുന്നത് കള്ളനല്ല എന്നും, വീടിനു പുറകിലെ ഒരാന്റി താന്‍ പാട്ടുപാടുന്നത് കണ്ട് വന്നുനോക്കിയതാണെന്നും പറയുന്നുണ്ട്. എന്നാലും ഈ വീഡിയോയും അതിന്റെ അവതാരോദ്ദേശ്യം നിറവേറ്റിക്കൊണ്ടിരിക്കുക തന്നെയാണ്.

4. ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന കള്ളന്‍മാരെ പിടിച്ചു എന്നു പറഞ്ഞ്, ഒരു വാഹനത്തിലിരുന്ന് ഒരാള്‍ സംസാരിക്കുന്ന വീഡിയോ. ബംഗാളികളെയാണ് പിടികൂടിയത് എന്നു പറയുന്നിടത്ത് വീഡിയോ കട്ടാവുകയാണ്. ഇതോടൊപ്പം, ഏതോ ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രം, കള്ളന്‍ പിടിയില്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍, ഈ വീഡിയോ അവ്യക്തമാണ്. എന്ന് എവിടെ വെച്ച് എടുത്തതാണെന്ന് ഒരു വ്യക്തതയുമില്ല. അതോടൊപ്പം ഇത് മുമ്പെങ്ങോ ഉള്ള വീഡിയോ ആണെന്ന് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് പൊലീസിന് ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലും വീഡിയോ പ്രചരിക്കുക തന്നെയാണ്.

5. തെരച്ചിലിന്റെ ഫോട്ടോകള്‍. വിവിധ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുന്ന ആളുകളുടെ ദൃശ്യങ്ങളാണിത്. കൈകളില്‍ ആയുധങ്ങളും മറ്റുമുള്ള ചെറുപ്പക്കാരുടെ ദൃശ്യങ്ങള്‍. എന്നാല്‍, ഇതെവിടെ എന്നാണ് എന്നൊന്നും വ്യക്തമല്ല.

6. മനുഷ്യനാണോ എന്നുറപ്പില്ലാത്ത ഒരു ജീവി ഇരുണ്ട പശ്ചാത്തലത്തില്‍ കുനിഞ്ഞു നില്‍ക്കുന്ന ഫോട്ടോ. ആ ജീവിക്കു ചുറ്റും ചുവന്ന വട്ടം വരച്ചാണ് ഇത് പ്രചരിക്കപ്പെടുന്നത്. എന്നാല്‍, മറ്റു പലതുമായും രൂപം മാറിയ ഏറെ പ്രചാരത്തിലുള്ള ഫോട്ടോ ആണിത്. ഇന്റര്‍നെറ്റിലെ പതിവു ഹോക്‌സ് പടം.

7. പ്രത്യേകിച്ചൊന്നും കാണാനില്ലാത്ത ചില മരങ്ങളുടെചിത്രം. ഇരുട്ടത്ത് നില്‍ക്കുന്ന ചിത്രങ്ങളെ ഫ്‌ളാഷിട്ട് പകര്‍ത്തിയതാണ്. ഒന്നും കാണില്ലെങ്കിലും അതിലെവിേെയാ ആരോ മറഞ്ഞുനില്‍പ്പുണ്ടോ എന്ന സംശയം ഉണര്‍ത്താന്‍ ഇതിനു കഴിയും. അടിക്കുറിപ്പുകളില്ലാതെയാണ് ഈ ഫോട്ടോകള്‍ പ്രചരിക്കുന്നത്.


വാഴാനിയിലെ അജ്ഞാത ജീവി

ഈ ദൃശ്യങ്ങളൊക്കെ കാണുമ്പോള്‍ ഓര്‍മ്മ വരുന്ന മറ്റൊരു ദൃശ്യമുണ്ട്. തൃശൂരിലെ തന്നെ വടക്കാഞ്ചേരിയില്‍ 2017 ജുലൈ മാസം വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു ചിത്രം. തൃശൂര്‍ വാഴാനി വനത്തിലെ വനം വകുപ്പ് ക്യാമറയില്‍ 'മനുഷ്യനെ തിന്നുന്ന ജീവി' പിടിയിലായി എന്നു പറഞ്ഞാണ് ഈ ചിത്രം പ്രചരിക്കപ്പെട്ടത്. വിചിത്രജീവി എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കാലങ്ങളായി കറങ്ങിനടക്കുന്ന ഒരു ചിത്രമായിരുന്നു അത്. അതോടൊപ്പം, ഒരാളുടെ വോയ്‌സ് മെജേസും ഉണ്ടായിരുന്നു. ''എന്റെ പേര് ഷാഹുല്‍ ഹമീദ്. വടക്കാഞ്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യാഗസ്ഥനാണ്, വൈകിട്ട് വാഴാനി മലയില്‍നിന്ന് കണ്ടെത്തിയതാണ് ഈ ജീവി, സൂക്ഷിക്കണം' എന്നു പറയുന്നതാണ് വോയ്‌സ് മെസേജ്.

ഇത് പ്രദേശത്താകെ പരിഭ്രാന്തി പരത്തിയിരുന്നു. വനം വകുപ്പ് ഓഫീസില്‍ നിരവധി കോളുകള്‍ വന്നു. അവസാനം ഉദ്യോഗസ്ഥര്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നു. പ്രചാരണം പച്ചക്കള്ളമാണ്. അങ്ങനെയൊരു ഷാഹുല്‍ ഹമീദ് വടക്കാഞ്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിലില്ല. അതുപോലൊരു ജീവിയുമില്ല. ഇന്റര്‍നെറ്റില്‍നിന്ന് ആരോ ഡൗണ്‍ലോഡ് ചെയ്ത ചിത്രം മാത്രമാണത്' എന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

 

 


കള്ളന്‍ കവിതയില്‍!

''പെരടി വെട്ടിച്ച് തിരിഞ്ഞു നോക്കുമ്പോ
പറപറന്ന് ടെറസ്സിലേക്കെത്തി
പാവലുപോലൊരു പ്ലാവില് തൂങ്ങി
മിന്നായംപോലെയിരുട്ടില് മാറി
കള്ളന്‍ കള്ളന്‍ കള്ളന്‍.''

മനസ്സിലായില്ല, അല്ലേ. കവിതയാണ്. നമ്മുടെ കള്ളനെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന കവിത. പ്രശസ്ത സിനിമാ ഗാനരചയിതാവ് ഹരിനാരായണന്‍ ബി.കെ ആണ് കള്ളനെക്കുറിച്ചുള്ള ഈ കവിത എഴുതി ആലപിച്ച് വീഡിയോ തയ്യാറാക്കിയത്.

2019 ല്‍ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ ഹരിനാരായണന്‍ അനേകം ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പടെ 150 ഓളം സിനിമാ ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്. കള്ളനെക്കുറിച്ചുള്ള ഭീതി അകറ്റാന്‍ അധികൃതര്‍ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയില്‍ ഹരിനാരായണന്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കള്ളനെ ഓടിച്ച് തന്റെ കുടുംബവീട്ടിലെ ടെറസില്‍ എത്തിച്ചുവെന്നും പിന്നാലെ എത്തിയവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് കള്ളന്‍ ടെറസില്‍നിന്നും ഒരു മീറ്റര്‍ അപ്പുറത്തുള്ള മരത്തിലേക്ക് ചാടി, അതിനപ്പുറത്തുള്ള മരത്തിലേക്ക് ചാടി, അവിടെനിന്ന് ഇരുട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് ഹരി പറയുന്നത്. കള്ളന്‍ സ്ത്രീകളെ മാന്താനൊക്കെ ശ്രമിച്ചതായി കേള്‍ക്കുന്നു എന്നും ഹരി നാരായണന്‍ പറയുന്നു.

കള്ളന്‍ ഉള്ളതായാലും ഇല്ലെങ്കിലും കവിത ഗംഭീരമായിരുന്നു. നല്ല ഈണമുള്ള, ആളുകളെ ത്രസിപ്പിക്കുന്ന ഒന്ന്. മനോഹരമായി തന്നെ ഹരിനാരരായണന്‍ അതാലാപിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ നിരവധി പേരാണ് കവിതാലാപന വീഡിയോ ഷെയര്‍ ചെയ്തത്. 'തസ്‌കോറണ്ടൈന്‍' എന്നാണ് കവിതയ്ക്ക് പേര്. തസ്‌കരനും ക്വാറന്റീനും ചേരുന്ന പേരാണ് അതെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു.

കവിതയിലെ മറ്റു ചില വരികള്‍ കൂടി വായിക്കൂ:

ബീഡിപ്പുകയുടെ മണം വിതച്ച്
കട്ടക്കരിയുടലെണ്ണ തെച്ച്
കയറുതട്ടിക്കിണറു ചാടി
ഏഴടിത്തലപ്പൊക്കമോടെ
കരണ്ടും കമ്പിടെ മോളിലൂടെ
കുരിപ്പ് പായുന്നേ...


പഴയ ബ്ലാക്ക് മാന്‍ പുതിയ കുപ്പിയിലോ?

കേരളമാകെ അഞ്ചെട്ടു വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ബ്ലാക്ക് മാന്‍ കഥകളുമായി നല്ല ബന്ധമുള്ളതാണ് കുന്ദംകുളത്തെ കൊറോണക്കള്ളനെക്കുറിച്ചുള്ള കഥകള്‍. കള്ളനെ ചിലര്‍ ബ്ലാക്ക് മാന്‍ എന്നു തന്നെ വിശേഷിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം, മുമ്പ് പലയിടങ്ങളിലും ബ്ലാക്ക്മാനുമായി ബന്ധപ്പെട്ട് ചിലര്‍ ഇറക്കിയ സോദ്ദേശ്യ വീഡിയോകളും സന്ദര്‍ഭത്തിന് കൊഴുപ്പേകാന്‍ ഉപയോഗിക്കുന്നുണ്ട്.

നമ്മുടെ നാട്ടിലെ ബ്ലാക്ക് മാന്‍ ഇതിഹാസത്തെക്കുറിച്ച് വിക്കിപീഡിയ പറയുന്നത് ഇതാണ്: ''രാത്രിയില്‍ വീടുകളുടെ കതകുകളില്‍ മുട്ടി ശല്യപ്പെടുത്തുക, കോളിംഗ് ബെല്‍ അടിക്കുക, പൈപ്പിലെ വെള്ളം തുറന്നു വിടുക തുടങ്ങിയ ഉപദ്രവങ്ങള്‍ ചെയ്യുന്ന ബ്ലാക്ക് മാന്‍ എന്ന ഒരു കഥാപാത്രമുണ്ടെന്ന് ഏകദേശം 2012-മുതല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒരു അന്ധവിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. ചെവി കടിച്ചുപറിച്ച് മോഷണം നടത്തുക, സിറിഞ്ച് കൊണ്ട് ശരീരത്തില്‍ കുത്തുക (ഇത് എയ്ഡ്‌സ് പരത്താനാണത്രേ, ബ്ലേഡ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുക എന്നീ അക്രമങ്ങളും ബ്ലാക്ക് മാന്‍ ചെയ്യുന്നുണ്ടെന്നും കഥകളുണ്ട്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ് ഈ കഥകള്‍ കൂടുതലും പ്രചരിക്കുന്നതെങ്കിലും കാസര്‍കോട് ജില്ലയിലും ബ്ലാക്ക് മാനെ കാണപ്പെട്ടിട്ടുള്ളതായി വാര്‍ത്തയുണ്ട്.  സ്ത്രീകളെ ആക്രമിക്കുന്ന ഒരു സംഘം ബ്ലാക്ക് മാന്മാര്‍ ഉണ്ടെന്നാണ് മറ്റൊരു കഥ. രാത്രിയില്‍ മാത്രമല്ല, വൈകുന്നേരം നാലുമണിക്കും ബ്ലാക്ക് മാന്‍ പ്രത്യക്ഷപ്പെട്ടതായും വാദമുണ്ട്.  ഇത്തരം കഥകളില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.''

ആറടി -ഏഴടി മുതല്‍ 12 അടി വരെ ഉയരമുള്ള കഥാപാത്രമായാണ് ബ്ലാക്ക്മാനെ പറഞ്ഞുകൊണ്ടിരുന്നത്. പുള്ളീടെ കാലില്‍ സ്പ്രിംഗ് കൊണ്ടുള്ള ഷൂസ് ആണ്. എവിടെയും ചാടിമറയും പൊടുന്നനെ അപ്രത്യക്ഷമാവും. കറുത്ത നിറമുള്ളതും ഇല്ലാത്തതുമായ ബ്ലാക്ക്മാന്‍മാര്‍ കറുത്ത നിറമുള്ള മുഖംമൂടി ഉപയോഗിച്ചാണ് നിറം അഡ്ജസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും പത്തനം തിട്ടയിലും കാസര്‍കോട്ടും കണ്ണൂരും വയനാട്ടിലുമെല്ലാം ബ്ലാക്ക്മാന്‍ കഥകള്‍ വ്യാപകമായി പരന്നിരുന്നു. വെറും കഥ പരക്കലല്ല. മനുഷ്യര്‍ ആകെ ഭയന്നു നടന്നിരുന്നു. സ്ത്രീകളുടെ ഉറക്കം നഷ്ടപ്പെട്ടതായും പുരുഷന്‍മാര്‍ സര്‍വായുധങ്ങളുമായി കള്ളനെ പിടികൂടാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് നടന്നതായും അതിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ കാണാം. സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ആ കഥകളും പരന്നത്. കണ്ടവരില്ലാതെ, കേട്ടവര്‍ മാത്രം പറയുന്ന ആഖ്യാനങ്ങള്‍. കുന്ദം കുളത്തെ കൊറോണക്കള്ളനുമായി തരാതമ്യപ്പെടുത്തുമ്പോള്‍ ആ കഥകള്‍ക്ക് സമാനതകള്‍ ഏറെയാണ് എന്നതാണ് കൗതുകം. ഒപ്പം കുറച്ചു കാലമായി ബ്ലാക്ക്മാന്‍ കഥകള്‍ കേരളത്തിലങ്ങനെ കേള്‍ക്കാറില്ല എന്നതു കൂടി കൂട്ടിവായിക്കണം.

അതിനു കാരണം, പൊലീസ നടപടി തന്നെയായിരുന്നു. പലയിടങ്ങളിലും ബ്ലാക്ക് മാന്‍ പിടിയിലായി.  വിതുര പാങ്ങോട് ഭാഗങ്ങളില്‍ ബ്ലാക്ക്മാനായി വിലസിയ തിരുവനന്തപുരം കരമന സ്വദേശി ഉണ്ണി എന്ന പ്രഭാത് 2014 ഡിസംബര്‍ മാസമാണ് പിടിയിലായത്. മൂവാറ്റുപുഴ ബ്ലാക്ക്മാന്‍ ബ്രാഞ്ച് കൈകാര്യം ചെയ്തിരുന്ന വിഷ്ണു എന്ന ഒരാളെ പോലീസ് അതേ വര്‍ഷം അറസ്റ്റ് ചെയ്തു. കോഴി മോഷ്ടാവായ ഒരു ബ്ലാക്ക് മാന്‍' അരിമ്പൂരില്‍ പിടിയിലായി. കുന്നികോട് രണ്ടു യുവാക്കള്‍ ഇതേ പേരില്‍ പിടിയിലായി. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന അഭിജിത്ത് എന്ന 22 കാരനും ബ്ലാക്ക് മാന്‍ പണിയെടുത്തതിന് അഴിക്കുള്ളിലായി. കണ്ണൂര്‍ നഗരത്തില്‍ ബ്ലാക്ക് മാനായി 'സ്തുത്യര്‍ഹനിലയില്‍' പ്രവര്‍ത്തിച്ച തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പന്‍ എന്ന മുപ്പത്തഞ്ചുകാരനും പിടിയിലായി.

അതെങ്ങനെ പല ബ്ലാക്ക്മാന്‍ എന്ന് അമ്പരക്കണ്ട. ബ്ലാക്ക് മാന്‍ എന്നത് മറയാണ്. ആളുകളെ ഭയപ്പെടുത്താനുള്ള മറ. അതിന്റെ മറവില്‍ കള്ളന്‍മാര്‍ക്കും ക്രിമിനലുകള്‍ക്കും തോന്നുന്നതെന്തും ചെയ്യാം. ബ്ലാക്ക്മാനെ തിരയുന്നു എന്ന വ്യാജേന ഏതായുധവുമായും സംഘം ചേര്‍ന്ന് കറങ്ങിനടക്കാം.  മഫ്ത്തിയില്‍ എത്തിയ പൊലീസിനെ പോലും ചോദ്യം ചെയ്ത് തല്ലിയിട്ടുണ്ട്, ഇത്തരം പരോപകാരികള്‍. ഡി എച്ച് ആര്‍ എം എന്ന ദലിത് സംഘടനയുടെ പ്രവര്‍ത്തകരെ കറുത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ബ്ലാക്ക്മാനാക്കി മര്‍ദ്ദിച്ചിട്ടുണ്ട് ഇത്തരക്കാര്‍. വഴിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടു എന്ന് പറഞ്ഞ് ആരെയും ഉപദ്രവിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ച സന്ദര്‍ഭമായിരുന്നു അത്.

സംഗതി ഇത്രയേ ഉള്ളൂ. ബ്ലാക്ക് മാന്റെ മറവില്‍ പല സ്ഥലങ്ങളില്‍ പലര്‍ അഴിഞ്ഞാടി. കുറേ പേരൊക്കെ പിടിയിലായി. കുറേ പേരൊക്കെ ഒതുങ്ങി. കഥകളുടെ ഒഴുക്കു കുറഞ്ഞു. അങ്ങനെയിരിക്കെ, സ്വാഭാവികമായും പുതിയ അവതാരങ്ങള്‍ പിറക്കേണ്ടി വരും. സദാചാര പൊലീസിംഗിനുള്ള മറവായി വ്യാപകമായി ഉപയോഗിക്കപ്പെട്ട ബ്ലാക്ക്മാന്‍  കഥകളുടെ കൊറോണക്കാല-ലോക്ക് ഡൗണ്‍ കാല ഭാഷ്യം ആയി വേണം പുതിയ കഥകളെ മനസ്സിലാക്കാന്‍. ഇതാണ്, പൊലീസില്‍ നിന്നും മനസ്സിലാവുന്ന ഒരു വശം.


കള്ളന്‍ ഇന്നേരത്തിറങ്ങിയത് എന്തു കൊണ്ടാവും?

എന്തുകൊണ്ടാവും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ആര്‍ക്കും തോന്നാവുന്ന സംശയമാണ്. അങ്ങനെ തോന്നിയിട്ടാണ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സെക്യാട്രി വിഭാഗം തലവന്‍ ഡോ. മോഹന്‍ റോയുമായി സംസാരിച്ചത്. കൊറോണ വൈറസിനൊപ്പം തന്നെ നടക്കുന്ന ഭീതിയുടെ, അരക്ഷിതാവസ്ഥയുടെ സാമൂഹ്യവ്യാപനമാണ് കുന്ദംകുളത്ത് സംഭവിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

വിശദമായി അറിയണമെങ്കില്‍, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ വായിക്കാം:

നിഗൂഢതകള്‍, രഹസ്യങ്ങള്‍, ചുരുളഴിക്കാനാവാത്ത ദുരൂഹതകള്‍ എന്നിവയുടെയൊക്കെ പിന്നാലെ പോവാനുള്ള പ്രവണത മനുഷ്യമനസ്സിനുണ്ട്. അതാണ് ക്രൈം ത്രിലല്ലറുകള്‍ക്ക് ലോകത്തില്‍ ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മനുഷ്യരാശിയുടെ വികാസ പരിണാമ ചരിത്രം തന്നെ ഇക്കാര്യം തെളിയിക്കുന്നു. നമുക്ക് ഭയമുള്ള, ഭീതിയുള്ള,  നമ്മുടെ നിയന്ത്രണത്തില്‍ വരാത്ത പ്രാപഞ്ചിക പ്രതിഭാസങ്ങളെ ലോകമെങ്ങുമുള്ള മനുഷ്യര്‍ ദൈവമായി ആരാധിച്ചു പോന്നിട്ടുണ്ട്. തീയും കാറ്റും സൂര്യനും ചന്ദ്രനും കടലും പര്‍വ്വതവുമെല്ലാം നമ്മുടെ പുരാണതേിഹാസങ്ങളില്‍ ആരാധിക്കപ്പെട്ടത് ഇങ്ങനെയൊരു ഭയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.

പ്രതിസന്ധികളുടെ കാലത്തിലാണ് മനുഷ്യന്‍ എപ്പോഴും ഇത്തരം വിശ്വാസങ്ങളിലേക്ക് പോവുന്നത്. ഇത് അത്തരമൊരു ആഗോള പ്രതിസന്ധിയുടെ കാലമാണ്. മനുഷ്യര്‍ അരക്ഷിതരാണ്. ഏതുനിമിഷവും തേടിയെത്തുന്ന മരണത്തെക്കുറിച്ചുള്ള ബോധ്യം അവരെ അടിമുടി ഇളക്കിമറിച്ചിട്ടുണ്ട്. അരക്ഷിതാവസ്ഥ, ശാസ്ത്രബോധമില്ലായ്മ, നവമാധ്യമങ്ങളുടെ സാദ്ധ്യത എന്നിയെല്ലാം ഇതിനൊപ്പം വരുമ്പോഴാണ്് മരങ്ങളില്‍നിന്നും മരങ്ങളിലേക്ക് പറക്കുന്ന കൊറോണക്കള്ളന്‍മാര്‍ ഉണ്ടായിവരുന്നത്.  

ഏഴടി ഉയരമുള്ള എത്ര മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ട് എന്ന് നമുക്കറിയാം. ഗിന്നസ് ബുക്കില്‍ ഏറ്റവും ഉയരമുള്ള ആളുടെ ഉയരം എത്രയെന്നും അറിയാം. മനുഷ്യര്‍ മരങ്ങളില്‍നിന്നും മരങ്ങളിലേക്ക് പറന്നുപോവാന്‍ സാധ്യത ഇല്ലെന്നും ഇതുപോലെ നമുക്കറിയാം. എന്നാലും നമുക്കിഷ്ടമാണ് അങ്ങനെയൊക്കെ ആലോചിക്കാന്‍. വിശ്വസിക്കാന്‍. ഭയപ്പെടാന്‍.

യഥാര്‍ത്ഥത്തില്‍ കള്ളിയങ്കാട് നീലി കള്ളിയങ്കാട് ഗ്രാമത്തില്‍ ഒതുങ്ങിപ്പോയത് കാലം അതായതു കൊണ്ടാണ്. ഇന്നായിരുന്നെങ്കില്‍, കായംകുളം നീലിയും കൊയിലാണ്ടി നീലിയും ആലപ്പുഴ നിലിയും മുഹമ്മ നീലിയും ഹോസ്ദുര്‍ഗ് നീലിയും ഒക്കെ ഉണ്ടായേനെ. ഇത്തരത്തിലുള്ള ഭീതികളുടെ സമൂഹവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്.   

സാമൂഹ്യ വിരുദ്ധരുടെ പങ്കാണ് പൊലീസ് എടുത്തുപറയുന്നത്. സമൂഹം ഏത് രീതിയില്‍ ചിന്തിക്കുന്നോ അതിനു കടകവിരുദ്ധമായി ചിന്തിക്കുന്നവര്‍ എന്നാണല്ലോ സാമൂഹ്യ വിരുദ്ധര്‍ എന്നതിനര്‍ത്ഥം. നമ്മുടെ സമൂഹം ഇപ്പോള്‍ ചിന്തിക്കുന്നത് വീട്ടിലിരിക്കുന്നതിനെ കുറിച്ചാണ്. കൂട്ടം ചേരാതെ ഒറ്റയാവാനാണ്. അതിനു വിരുദ്ധമായി ചിന്തിക്കുന്നവരാണ് ആളുകളെ വീടുകളില്‍ നിന്നിറക്കാനുള്ള മാര്‍ഗം നോക്കുന്നത്. ആളുകളെ കൂട്ടം ചേര്‍ന്ന് പുറത്തിറക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭീതിയും ഉണ്ടാക്കാനും അതു കണ്ട് നിഗൂഢമായി ചിരിക്കാനും ആഗഹിക്കുന്നവര്‍ തന്നെയാണ്, കുന്ദകുളവും പരിസരത്തും ഭയത്തിന്റെ പടര്‍ത്തുന്നത്.

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

 

Latest Videos
Follow Us:
Download App:
  • android
  • ios