ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
കൊറോണക്കാലത്തെ കളിചിരികളും തമാശകളും. ലോക്ക് ഡൗണ്‍ കാല കുറിപ്പുകള്‍ ഏഴാം ദിവസം. കെ. പി റഷീദ് എഴുതുന്നു
ഉറപ്പാണ്, അടുത്ത ദിവസമാവുമ്പോഴേക്കും ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ അടഞ്ഞുപോയ മനുഷ്യര്‍ സന്തോഷം കൊണ്ടും തമാശകള്‍ കൊണ്ടുമെല്ലാം ആ സാഹചര്യത്തെ അതിജീവിക്കാന്‍ കൂടുതലായി ശ്രമിക്കും. ഇക്കാലത്തെ ജീവിതത്തിന്റെ കണ്ണാടി എന്ന നിലയില്‍, അവയെല്ലാം സോഷ്യല്‍ മീഡിയയിലും നിറയും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസം കൊണ്ട് കൊറോണ വൈറസ് എന്നത് നമുക്ക് പരിചയമുള്ള ഒരു യാഥാര്‍ത്ഥ്യമായി മാറും. പൂര്‍ണ്ണമായും അതിനെക്കുറിച്ചുള്ള ആധികളിലേക്ക് അടഞ്ഞുപോവാതെ, ജീവിതത്തിലെ മറ്റൊരു കാര്യം എന്ന നിലയ്ക്ക് അതിനെ കൈകാര്യം ചെയ്യുന്ന സ്ഥിതി വരും.
സെല്‍ഫിയും കൊറോണ വൈറസും തമ്മിലെന്താണ്?
ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍, ഏറ്റവും ചുരുങ്ങിയത് പാക്കിസ്താനിലെ ആ ഏഴ് റവന്യൂ ഉദ്യോഗസ്ഥരെങ്കിലും നമ്മുടെ കോളറിന് കുത്തിപ്പിടിക്കും. കാരണം, കൊറോണക്കാലത്തെ ഒരൊറ്റ സെല്‍ഫിയാണ് ഈ ഏഴുപേരുടെയും ജോലി ഒറ്റയടിക്ക് കളഞ്ഞത്. കൊറോണ വൈറസ് ടെസ്റ്റിനു കൊണ്ടുപോവുകയായിരുന്ന ഒരു രോഗിയുടെ പിറകില്‍ ചിരിച്ചുനിന്ന് ഒരു സെല്‍ഫി എടുത്തതാണ്. പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതീക്ഷിച്ചതുപോലെ ധാരാളം ലൈക്കുകള്‍ കിട്ടി. ഒപ്പം, പ്രമുഖ വാര്‍ത്തകളില്‍ അതിനെക്കുറിച്ച് വാര്‍ത്തയും. അതിനു പിന്നാലെ വന്നു, സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവാദമുയര്‍ന്ന നേരത്ത്, അതിലൊരു ഉദ്യോഗസ്ഥന്‍ സ്വയം ന്യായീകരിച്ച് കമന്റിട്ടത് ഇങ്ങനെയായിരുന്നു, 'എല്ലാവരും എല്ലാ കാലത്തും സെല്‍ഫി എടുക്കുന്നു. പോസ്റ്റ് ചെയ്യുന്നു. ഇപ്പോള്‍ മാത്രം എന്താണ് ഇതിലിത്ര പ്രശ്‌നം?' ആ കമന്റ് ഉടന്‍ തന്നെ നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് കറങ്ങി. മറ്റ് ആറുപേരെയും വിട്ട് ആളുകള്‍ അയാളുടെ തന്തയ്ക്ക് വിളിക്കാന്‍ വട്ടമിട്ടു.
കൊവിഡ് 19 രോഗിയുടെ സ്വകാര്യത അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്താനി സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഒരു കാരണവശാലും ഇത്തരം സെല്‍ഫികള്‍ പ്രോല്‍സാഹിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ ഉടനെ നിലപാട് എടുത്തു. എന്നാല്‍, അല്‍പ്പം ദൂരെ മറ്റൊരു രാജ്യത്ത് സര്‍ക്കാര്‍ തന്നെയായിരുന്നു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടത്. സാക്ഷാല്‍ പോളണ്ട്. ഉടന്‍ തന്നെ സര്‍ക്കാര്‍ വിവാദത്തിലായി. എന്നാല്‍, ഒട്ടും വൈകിയില്ല പോളിഷ് മോഡലിന് ഇന്ത്യയില്‍നിന്നും ആരാധകര്‍ വന്നു. കര്‍ണാടക സര്‍ക്കാര്‍!
പോളിഷ് സര്‍ക്കാര്‍ ചെയ്തത് ഇതായിരുന്നു. ക്വാറന്‍ൈറനിലിരിക്കുന്ന രോഗികള്‍ക്കായി ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പുറത്തിറക്കി. ഉദ്യോഗസ്ഥര്‍ അതിലൂടെ ചില രോഗികളോട് സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ പറയും. ക്വാറന്‍ൈറന്‍ പശ്ചാത്തലത്തില്‍ 20 മിനിറ്റിനകം അവര്‍ സെല്‍ഫി പോസ്റ്റ് ചെയ്യണം. പശ്ചാത്തലം മാറിപ്പോയാല്‍, പിന്നെ വീട്ടിനുമുന്നില്‍ പൊലീസ് വണ്ടി എത്തും.
ഇതിനായി, ജിയോ ലൊക്കേഷന്‍, ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനങ്ങളാണ് പോൡ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. അതുപ്രകാരം, ഉദ്യോഗസ്ഥര്‍ റാന്‍ഡം ആയി കണ്ടെത്തുന്ന രോഗികളോടാണ് സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ പറയുക. പറഞ്ഞ സമയത്തിനകം അതു ചെയ്തില്ലെങ്കില്‍ പണി കിട്ടും. വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുന്നതാണ് ആപ്പ് എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പോളിഷ് സര്‍ക്കാര്‍ പ്രതിരോധത്തിലായി.
എന്നാല്‍, അവിടെ തീര്‍ന്നില്ല ഇൗ കലാപരിപാടി. പോളണ്ടിനെ അസ്സലായി കോപ്പിയടിക്കാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനം മുന്നോട്ടുവന്നു. കര്‍ണാടക. സമാനമായ ഒരു ആപ്പ് അവര്‍ പുറത്തിറക്കി. പോളണ്ടിലെപ്പോലെ, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം സെല്‍ഫി പോസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പകരം, കാലത്ത് ഏഴ് മണി മുതല്‍ രാത്രി പത്തു മണി വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ക്വാറന്‍ൈറില്‍ കഴിയുന്ന രോഗികള്‍ അതില്‍, സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കണം. ആരെങ്കിലും സെല്‍ഫി ഇട്ടില്ലെങ്കില്‍, സര്‍ക്കാര്‍ വക ഐസോലേഷന്‍ സെന്ററിലേക്ക് കൊണ്ടുപോവാനുള്ള വണ്ടി വരും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി കെ സുധാകര്‍ ആയിരുന്നു പോളണ്ടിനെ കോപ്പിയടിച്ച ബുദ്ധിശാലി. ഇവിടെയും സ്വകാര്യത അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ കൂളായി അതിനെ ന്യായീകരിച്ചു.
കൊറോണക്കാലത്തെ സെല്‍ഫിയെക്കുറിച്ചു പറയുമ്പോള്‍ മൂവാറ്റുപുഴക്കാരന്‍ പരീതിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം, പരീത് ലോകമെങ്ങും വാര്‍ത്തയായിരുന്നു. പ്രധാനപ്പെട്ട വാര്‍ത്താ ഏജന്‍സികളെല്ലാം പരീതിനെയും കൊറോണ എന്നു പേരുള്ള കടയെയും കുറിച്ച് വാര്‍ത്തകള്‍ ചെയ്തു. രാജ്യാന്തര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ അതു പ്രസിദ്ധീകരിച്ചു.
കൊറോണക്കാലത്ത് ആളുകള്‍ സെല്‍ഫി എടുക്കാനെത്തുന്ന കട. ഇതായിരുന്നു വാര്‍ത്ത. അതിനു പിന്നില്‍ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. കടയുടെ പേര്. കൊറോണ. 27 വര്‍ഷം മുമ്പാണ് പരീത് കട തുടങ്ങിയത്. അന്നു മുതലേ പേര് കൊറോണ എന്നായിരുന്നു. കടയ്ക്ക് പേരിടാന്‍ ഡിക്ഷനറി തപ്പിയപ്പോഴാണ് രസകരമായ ആ വാക്ക് കിട്ടിയതെന്നാണ് പരീത് പറയുന്നത്. കൊറോണക്കാലം വന്നതോടെ ആളുകള്‍ കടയ്ക്കു മുന്നിലെത്തി സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതോടെ കടയും കടക്കാരനും വാര്‍ത്തയായി. എന്നാല്‍, ലോക്ക് ഡൗണ്‍ വന്നതോടെ, പ്രശസ്തി മാത്രമായി ബാക്കി. ആളുകള്‍ കടയില്‍ എത്താതായി.
പറഞ്ഞുവന്നത് സെല്‍ഫിയെക്കുറിച്ചല്ല. കൊറോണക്കാലം മാറ്റിയെഴുതിയ ചില കീഴ്്‌വഴക്കങ്ങളെക്കുറിച്ചാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ കാലത്ത് നമ്മുടെ സോഷ്യല്‍ മീഡിയാ ജീവിതങ്ങളില്‍ സംഭവിച്ച ചെറിയ ചെറിയ മാറ്റങ്ങളെക്കുറിച്ച്. ഈ സമയത്ത് സെല്‍ഫി പാടുണ്ടോ, തമാശ പാടുണ്ടോ, ചിരിക്കാന്‍ പറ്റുമോ എന്ന വിധത്തില്‍ വളര്‍ന്ന ഒരു ചര്‍ച്ചയെക്കുറിച്ച്. സദാസമയവും പേടിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രം ഒഴുകുന്ന, ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും ആധികള്‍ മാത്രം ബാക്കിയാവുന്ന ഒരു കാലത്ത് സാമൂഹ്യ ഇടങ്ങളില്‍ നമുക്ക് സന്തോഷിക്കാന്‍ അര്‍ഹത ഉണ്ടോ എന്നായിരുന്നു ചോദ്യം. ആനന്ദങ്ങളെക്കുറിച്ചും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമെല്ലാം ആലോചനകള്‍ നീണ്ടു. ആ വിഷയത്തിലേക്ക് കടക്കും മുമ്പ്, നമുക്കൊരു മരണവീട്ടില്‍ പോവേണ്ടതുണ്ട്.
മരണവീട്ടില്‍ തമാശ പാടുണ്ടോ?
ഏറെക്കാലമായി അറിയുന്ന ഒരു സുഹൃത്തിന്റെ അച്ഛന്‍ വര്‍ഷങ്ങളുടെ രോഗപീഡകള്‍ക്കുശേഷം മരിച്ച വിവരമറിഞ്ഞാണ് അവിടെ എത്തിയത്. ചെറിയൊരു നാട്ടിന്‍പുറം. പഴയ മട്ടിലുള്ള വീട്. അവിടെ കയറിച്ചെന്നതും, ആകെ ഞെട്ടി. മൊത്തത്തില്‍ ബഹളമാണ ് അവിടെ. ആരൊക്കെയോ തര്‍ക്കിക്കുന്നു. കൂട്ടംകൂടി നിന്ന് പിറുപിറുക്കുന്നു. ആരെയോ ആരൊക്കെയോ ചേര്‍ന്ന് ആ വീട്ടില്‍നിന്നിറക്കി താഴേക്കു കൊണ്ടുപോവുന്നു.
മൂലയിലൊരിടത്ത് ഒന്നും മിണ്ടാതെ അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവനെഴുന്നേറ്റു വന്നു.
'എന്താ ഇവിടെ ബഹളം'-അതേ അങ്കലാപ്പോെട ചോദിച്ചപ്പോള്‍ അവനൊന്നു ചിരിച്ചു.
'സംഭവം പറ'-ഞാന്‍ വീണ്ടും പറഞ്ഞപ്പോള്‍ അവന്‍ വീണ്ടും ചിരിച്ചു, എന്നിട്ടുപറഞ്ഞു, ഒന്നുമില്ലെടാ, ഇതുതന്നെ, വിഷയം, ചിരി!. മരണ വീട്ടില്‍ തമാശ പറയാന്‍ പാടുണ്ടോ, ചിരിക്കാന്‍ പാടുണ്ടോ എന്ന ക്ാര്യം.
എന്തു പറയും എന്നറിയാതെ ഞാന്‍ നിന്നപ്പോള്‍ അവന്‍ കാര്യം പറഞ്ഞു.
മരണവിവരമറിഞ്ഞ് പല ഭാഗത്തുനിന്നും ആളുകള്‍ വന്നിരുന്നു. അക്കൂട്ടത്തില്‍, നാട്ടിലെ ഏതോ ക്ലബിലെ നാലഞ്ച് പിള്ളേരും വന്നു. വീട്ടുമുറ്റത്ത് നിരത്തിയിട്ട കസേരകളില്‍ ചെന്നിരുന്ന് ഓരോന്നു പറയുന്നതിനിടെ, വിഷയം ഏതോ തമാശക്കഥയായി. ചുറ്റും കൂടിയവര്‍ പൊട്ടിച്ചിരിച്ചു. ചിരി തുടങ്ങിയാല്‍ പിന്നെ ഒരു തമാശയ്ക്കും അവിടെ നിര്‍ത്താനാവില്ലല്ലോ. കഥ വീണ്ടും വന്നു. ചിരിയും.
ഇത്തിരി മദ്യം കഴിച്ച്, മുറ്റത്ത് കൂടിയിരുന്ന മറ്റൊരു കൂട്ടത്തിന് അതത്ര ശരിയായി തോന്നിയില്ല. അവര്‍ അതു ചോദ്യം ചെയ്തു. ഒപ്പം തെറിവിളിയും. പിള്ളേര് തിരിച്ചും പറഞ്ഞതോടെ വഴക്കായി. വിവാഹവീട്ടിലും മരണവീട്ടിലും കള്ളാവാമെന്ന നാട്ടുനടപ്പ് അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ചിരുന്നതിനാല്‍, ആളുകള്‍ ചേരിതിരിഞ്ഞ് വഴക്കായി. ബോധമുള്ള ആരൊക്കെയോ പിള്ളേരെ അവിടന്ന് മാറ്റിയപ്പോള്‍, ഇടവഴിയില്‍വെച്ച് തല്ലായി. അതിന്റെ ബാക്കിയാണ് ഞാന്‍ കയറിച്ചെന്നപ്പോള്‍ വീട്ടില്‍ കണ്ടത്.
അധികസമയമൊന്നും കഴിഞ്ഞില്ല, ആ വീട് ശാന്തമായി. വീണ്ടും മരണവീടിന്റെ മൂകത അതിനെ മൂടി. അച്ഛന്‍ വയ്യാതായി കിടപ്പിലായിട്ടും ഒന്നാശുപത്രിയില്‍ കൊണ്ടുപോവാന്‍ മടികാണിച്ച ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് മരണവീട്ടില്‍ കോമഡി പറ്റുമോ എന്നാലോചിച്ച് ബഹളമുണ്ടാക്കിയത് എന്നവന്‍ സ്വകാര്യമായി പിന്നെ പറഞ്ഞു.
സമൂഹത്തെയാകെ ഒന്നിച്ചു ബാധിക്കുന്ന വിഷയങ്ങള്‍ ചുറ്റും സംഭവിക്കുന്ന നേരങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ചെന്നു കയറുമ്പോഴൊക്കെ ഈ സംഭവം ഓര്‍മ്മ വരും. മരണവീട്ടില്‍ ചിരിക്കാനും തമാശ പറയാനും പാടുണ്ടോ എന്ന ചോദ്യം. അതിനെ ചൊല്ലിയുള്ള തര്‍ക്കം, അടി.
മൂവാറ്റുപുഴയിലെ കൊറോണ സ്‌റ്റോഴ്‌സ്
സോഷ്യല്‍ മീഡിയയിലെ കളിചിരികള്‍
ആകെ ഉലച്ചുകളയുന്ന ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, അതില്‍ സമൂഹമാകെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, സോഷ്യല്‍ മീഡിയയും മരണവീടിന് സമാനമാവാറുണ്ട്. മരണവീടും ഫേസ്ബുക്കും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും, നാട്ടുനടപ്പ് പതുക്കെ അതിലേക്കും സംക്രമിക്കും.
സോഷ്യല്‍ മീഡിയ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് പ്രതികരിക്കാന്‍, മറ്റു ചിലര്‍ക്ക് കൂട്ടം കൂടാന്‍, വേറെ ചിലര്‍ക്ക് സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യാന്‍, മറ്റു ചിലര്‍ക്ക് കഥയും കവിതയും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാന്‍. ന്യായീകരണ തൊഴിലാളികള്‍ മുതല്‍ ട്രോളന്‍മാരും മാന്യന്‍മാരും സദാചാര പൊലീസുകാരും അരാജകവാദികളും രാഷ്ട്രീയപ്രവര്‍ത്തകരും കച്ചവടക്കാരും പാവങ്ങളും ക്രൂരന്‍മാരുമെല്ലാം തിങ്ങിനിറഞ്ഞ ഒരിടം. അവിടെ, ഒരു സാഹചര്യത്തിലും ഒരേ പോലുള്ള അഭിപ്രായങ്ങളോ വികാരങ്ങളോ ഉയരാന്‍ സാദ്ധ്യതയില്ല. എന്നാലും, ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ ഇതൊക്കെ എല്ലാവരും മറന്നുപോവും. ദുരന്തങ്ങളുണ്ടാവുമ്പോള്‍, എല്ലാവരും അക്കാര്യം തന്നെ ആേലാചിച്ചു കൊണ്ടിരിക്കുമ്പോള്‍ പതിവു കലാപരിപാടികള്‍ക്കൊക്കെ അപ്രഖ്യാപിത വിലക്കുകള്‍ വരും. വിലക്ക് ലംഘിക്കുന്നവരെ, ആളുകള്‍ ഇഷ്ടപ്പെടാത്ത മട്ടിലോ പകയോടെയോ ഒക്കെ നോക്കും. പ്രളയത്തിന്റെ കാലത്ത് നമ്മളത് കണ്ടതാണ്. നിപ്പ രോഗം ഭീതി വിതച്ച സമയത്തും കണ്ടു. ഏറ്റവുമൊടുവില്‍, നമ്മളെല്ലാം, പൊതുഇടങ്ങളില്‍നിന്നും സ്വകാര്യ ഇടങ്ങളിലേക്ക് പിന്‍വലിഞ്ഞ കൊറോണപ്പേടിയുടെ നേരത്തും നമ്മളിത് അനുഭവിച്ചു.
കൊറോണ വൈറസ് ലോകമാകെ പിടിച്ചു കുലുക്കും വിധം വാര്‍ത്തയായപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അതിന്റെ ഇളക്കങ്ങളുണ്ടായിരുന്നു. കൊവിഡ് 19 ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍, സാമൂഹ്യ പകര്‍ച്ചയെപ്പറ്റിയുള്ള ആകുലതകള്‍, ഇനിയെന്താവും സംഭവിക്കുകയെന്ന അനിശ്ചിതത്വങ്ങള്‍ എന്നിവ ഫേസ്ബുക്ക് വാളുകളിലാകെ നിറഞ്ഞു. തുടരെത്തുടരെ മുന്നിലെത്തുന്ന വാര്‍ത്തകള്‍ അതാത് നിമിഷങ്ങളില്‍ത്തന്നെ വലിയ ചര്‍ച്ചകളായി മാറി. അതിനിടെയാണ്, വ്യാപകമായി ചില തരം പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞത്.
'കൊറോണക്കവിതകളുമായി ഈ ഏരിയയില്‍ കണ്ടുപോയാല്‍, ബ്ലോക്ക് ചെയ്യും'-ഇതായിരുന്നു ആദ്യഘട്ടം. 'എന്തു കിട്ടിയാലും അപ്പോ കവിതയാക്കിക്കോണം' എന്ന് ചില കഥാകൃത്തുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ട്രോളി. ദുരന്തമുഖങ്ങളില്‍നിന്നുള്ള ഫിക്ഷന്റെ ഉദാഹരണങ്ങള്‍ നിരത്തി ചില കവികള്‍ ഇതിന് തിരിച്ചടിച്ചു പോസ്റ്റിട്ടു. പിന്നെ ആ ശ്രദ്ധ കവിതകളില്‍നിന്ന് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിലേക്കും ട്രോളുകളിലേക്കും സെല്‍ഫികളിലേക്കും ഒക്കെ നീങ്ങി. 'തമാശ പറയേണ്ട നേരമാണോ' ഇതെന്ന് ചിലര്‍ ഉച്ചത്തില്‍ ചോദിച്ചു. ദുരന്ത നേരങ്ങളില്‍ കാണിക്കാറുള്ള ഔചിത്യം എന്ന മട്ടില്‍ മാത്രം പലരും ഇതിനെയെല്ലാം കണ്ടപ്പോള്‍, കൂടുതല്‍ ഒച്ചത്തില്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഫേസ്ബുക്ക് കവലയുടെ സ്വഭാവം നിമിത്തം ചിലരൊക്കെ അലറിവിളിച്ചുതന്നെ ഇതിനെ കൈകാര്യം ചെയ്തു. കൊറോണവീട്ടില്‍ തമാശ പാടുണ്ടോ എന്ന ചോദ്യം ഉത്തരം കിട്ടാതെ, കവലച്ചട്ടമ്പിയുടെ ആക്രാശം പോലെ ബാക്കിയായി.
എന്നാല്‍, ഈ സമയത്തും സോഷ്യല്‍ മീഡിയയില്‍ തമാശകള്‍ക്കും ചിരിക്കും ലോക്ക് ഡൗണ്‍ ഒന്നുമായിരുന്നില്ല. ട്രോളുകളും രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമൊക്കെ അതിന്റെ വഴിക്കു തന്നെ നടക്കുന്നുണ്ടായിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ തന്നെയായിരുന്നു ചിരിയും കളിയുമൊക്കെ ആയി മാറിയത്. ചില നേതാക്കളുടെ പ്രസ്താവനകള്‍, ചില നാക്കുപിഴകള്‍, ചില പൊലീസുകാരുടെ അമിതാധികാര പ്രയോഗങ്ങള്‍, ചില രാഷ്ട്രീയനാടകങ്ങള്‍ എന്നിവയെല്ലാം തമാശയായി മാറുകയും ആളുകള്‍ ആസ്വദിച്ചു ചിരിക്കുകയും ചെയ്തു. ജനതാ കര്‍ഫ്യൂ ദിവസത്തെ പാത്രം കൊട്ടലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നാക്കുപിഴയും കൊവിഡ് രോഗികളുടെ റൂട്ടുമാപ്പുമൊക്കെ തമാശയ്ക്കുള്ള വിഷയങ്ങളായി. എന്നാലും പൊതുവില്‍ സോഷ്യല്‍ മീഡിയയുടെ മുഖമുദ്രയായ സെല്‍ഫികള്‍ക്കും ചളി തമാശകള്‍ക്കും സെല്‍ഫ് മാര്‍ക്കറ്റിംഗ് കുറുമ്പുകള്‍ക്കുമൊക്കെ ഇടിവായിരുന്നു.
എന്നാല്‍, പിന്നിട്ടതോടെ അതും മാറി. ലോക്ക്ഡൗണ്‍ എന്ന വിദൂര സാദ്ധ്യത ഒരു യാഥാര്‍ത്ഥ്യമായി. എല്ലാവരും വീടുകളില്‍ വെറുതെ ഇരിപ്പായി. അരികെ വീട്ടുകാരും കുട്ടികളും ഒക്കെയായി. അതോടെ, പതുക്കെ സോഷ്യല്‍ മീഡിയയുടെ സ്വഭാവവും മാറി. ചിരിയും തമാശകളുമെല്ലാം തിരികെ വന്നു.
'എന്നെ ഓര്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിന്തകള്‍' എന്തൊക്കെയാണ് എന്ന ഫേസ്ബുക്ക് കലാപരിപാടി തിരികെ വന്നു. പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുമ്പോള്‍ സംഭവിക്കുന്ന കളിതമാശകളുടെ നേരം മടങ്ങിവന്നു. പിന്നെപ്പിന്നെ, ഇത്രയും വിഷാദം നിറഞ്ഞ, സങ്കടകരമായ അന്തരീക്ഷത്തില്‍ സന്തോഷം തരുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൂടെ എന്ന ചാലഞ്ച് വന്നു. ഇപ്പോള്‍, സാരിയിട്ട ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്ന സാരി ചലഞ്ച്, ലോക്ക്ഡൗണ്‍ കാല തമാശകളെക്കുറിച്ചുള്ള പരമ്പരകള്‍ എന്നിങ്ങനെ വലിഞ്ഞു മുറുകിയ അന്തരീക്ഷത്തെ വകഞ്ഞ് കുറച്ചുകൂടി ലാഘവത്വം നിലവില്‍വന്നു.
ഇരുണ്ട കാലത്തെ ആനന്ദങ്ങള്‍
ഉറപ്പാണ്, അടുത്ത ദിവസമാവുമ്പോഴേക്കും, ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ അടഞ്ഞുപോയ മനുഷ്യര്‍ സന്തോഷം കൊണ്ടും തമാശകള്‍ കൊണ്ടുമെല്ലാം ആ സാഹചര്യത്തെ അതിജീവിക്കാന്‍ കൂടുതലായി ശ്രമിക്കും. ഇക്കാലത്തെ ജീവിതത്തിന്റെ കണ്ണാടി എന്ന നിലയില്‍, അവയെല്ലാം സോഷ്യല്‍ മീഡിയയിലും നിറയും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസം കൊണ്ട് കൊറോണ വൈറസ് എന്നത് നമുക്ക് പരിചയമുള്ള ഒരു യാഥാര്‍ത്ഥ്യമായി മാറും. പൂര്‍ണ്ണമായും അതിനെക്കുറിച്ചുള്ള ആധികളിലേക്ക് അടഞ്ഞുപോവാതെ, ജീവിതത്തിലെ മറ്റൊരു കാര്യം എന്ന നിലയ്ക്ക് അതിനെ കൈകാര്യം ചെയ്യുന്ന സ്ഥിതി വരും.
സത്യത്തില്‍, അതിലൊരു വലിയ കാര്യം കൂടിയുണ്ട്. ഏറ്റവും ഇരുണ്ട ഇതുപോലൊരു കാലത്ത്, മനസ്സഴിച്ചുവെച്ച് പൂര്‍ണ്ണമായി അതില്‍ മാത്രമായിരുന്നാല്‍ ബാക്കിയുണ്ടാവുക വിഷാദം മാത്രമായിരിക്കും. ആധികള്‍ മാത്രം സദാസമയവും മുന്നില്‍വരും. ഒന്നു കണ്ണോടിച്ചാല്‍ ഇപ്പോഴും കാണാം, ലോകമാകെ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്ന, സ്ഥാപനങ്ങളും ജോലികളുമൊക്കെ ഇല്ലാതായേക്കുന്ന കൊറോണ സാദ്ധ്യതകളെക്കുറിച്ചുള്ള വിശകലനങ്ങള്‍. ഒപ്പം, സാമൂഹ്യ വ്യാപനം സംഭവിച്ചാല്‍, സംഭവിക്കുന്ന രോഗപ്പകര്‍ച്ചകളുടെ ഗതിവേഗം. മരിച്ചവരെ സംസ്‌കരിക്കാന്‍ സൈനിക വാഹനങ്ങള്‍ ക്യൂനില്‍ക്കുന്ന ഇറ്റാലിയന്‍ അവസ്ഥകള്‍. അമേരിക്ക അടക്കമുള്ള വമ്പന്‍ രാജ്യങ്ങള്‍ക്കു പോലും അടിപതറുന്ന സാഹചര്യങ്ങള്‍. ഒപ്പം, ലോക്ക് ഡൗണ്‍ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍. സമ്മര്‍ദ്ദങ്ങള്‍. സ്വാഭാവികമായും ഇതേപോക്ക് പോയാല്‍ നമ്മളെത്തിപ്പെടാന്‍ സാദ്ധ്യതയുള്ള ഒരിടം വിഷാദം തന്നെയാണ്. അക്കാര്യം മുന്‍കൂട്ടിക്കാണുമ്പോള്‍, അവയില്‍നിന്ന് കുതറുക എന്നതു മാത്രമായിരിക്കും നമ്മുടെ മുന്നിലുള്ള സാധ്യത. അതു തന്നെയാവും സോഷ്യല്‍ മീഡിയയില്‍ ട്രെന്റുകള്‍ മാറിമറിയുന്നത്.
സന്തോഷവും ആനന്ദവുമൊന്നും ക്രിമിനല്‍ കുറ്റങ്ങളല്ല എന്നേ ഇന്നേരങ്ങളില്‍ പറയാനാവുന്നുള്ളൂ.
ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.'
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?
നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!