അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും!

അടഞ്ഞ വീട്ടകങ്ങളില്‍ ആണുങ്ങളുടെ ജീവിതം. ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ 14-ാം ദിവസം. കെ. പി റഷീദ് എഴുതുന്നു  
 

Lock down column by KP Rasheed men  gender justice Corona

വീട് നോക്കേണ്ടത് സ്ത്രീ ആണെന്നു പറയുന്ന സാമൂഹ്യക്രമം നല്‍കുന്ന പ്രിവിലേജുകളാണ്, പലപ്പോഴും ആണുങ്ങളുടെ സര്‍ഗാത്മക, സാമൂഹ്യ ഇടപടലുകളുടെ മൂലധനമാവുന്നത് എന്ന സ്ത്രീപക്ഷ വിമര്‍ശനം ശരിവെയ്ക്കുന്ന അവസ്ഥ. കുഞ്ഞുങ്ങളെ നോക്കുക, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണമുണ്ടാക്കുക, വീട്ടുപണികള്‍ ചെയ്യുക, വീട്ടില്‍ മുതിര്‍ന്നവരും രോഗികളുമുണ്ടെങ്കില്‍ അവരെ ശുശ്രൂഷിക്കുക, എല്ലാത്തിനുമൊപ്പം, പുറത്തിറങ്ങി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള ജോലികളും ചെയ്യുക എന്ന തിരക്കിനിടയിലാണ് നമ്മുടെ സാധാരണ വീട്ടമ്മമാരുടെ ജീവിതം. പാട്രിയാര്‍ക്കിയെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരുമായ പുരുഷന്‍മാരില്‍ ഏറെയും ഈ സമ്പ്രദായത്തില്‍ സൗകര്യവും സമാധാനവും കണ്ടെത്തി സ്വന്തം തിരക്കുകളിലേക്ക് ഊളിയിടുകയാണ് ചെയ്യാറ്. അത്തരം സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക സാഹചര്യങ്ങളിലേക്കാണ് ലോക്ക്ഡൗണും കൊവിഡ് 19 രോഗവുമൊക്കെ വന്നത്.

 

Lock down column by KP Rasheed men  gender justice Corona

 

1. എല്ലാ ചപ്പാത്തികളും കൃത്യം ഷേപ്പിലാവണമെന്നില്ല.

2. ഉപ്പുമാവില്‍ വെള്ളം കറക്ടാവണമെങ്കില്‍ ഭാഗ്യം കൂടിയേ തീരൂ.

3. സോഫ്റ്റായ ഇഢലി ഒരു ആഢംബരമാണ്.

4. കരിയുക എന്നത് ദോശയുടെ ജനിതക ഘടനയിലുള്ളതാണ്.

5. പച്ച മാങ്ങ , പഴുത്ത ചക്ക , ചക്കക്കുരു , ഇവ കൊണ്ടെല്ലാം ജ്യൂസടിക്കാം.

6. തേങ്ങ ചിരകല്‍ ജിമ്മിനേക്കാള്‍ അധ്വാനവും യോഗയേക്കാള്‍ ശ്രദ്ധയും വേണ്ട ഒരു വ്യായാമമുറയാണ്.

7. ഹോട്ടലില്‍ വെറുതെ കിട്ടുമെങ്കിലും സാമ്പാര്‍ അത്ര നിസ്സാരക്കാരനല്ല.

8. വീട്ടില്‍ അച്ഛനും പറമ്പിലെ പ്ലാവും വീട്ടിലേക്ക് മൂന്നു നേരവും ഭക്ഷണത്തിനുള്ള വക എത്തിക്കുന്നുണ്ട്.

9. ദസ്തയേവ്‌സ്‌കിയുടെ ചിന്താ ശേഷിയും പിക്കാസോയുടെ ക്രിയേറ്റിവിറ്റിയും ചേര്‍ന്ന് ഉണ്ടാകുന്ന ഉല്‍പന്നമാണ് ചമ്മന്തി.

10. ചമ്മന്തിക്ക് ഏതാണ്ട് ഒരു ലക്ഷത്തിലധികം വകഭേദങ്ങളുണ്ട്.

11. അസാമാന്യ ഓര്‍മ്മ ശക്തിയുള്ളവര്‍ക്കേ കുക്കര്‍ വിസിലിന്റെ എണ്ണം ഓര്‍ത്തിരിക്കാനാകൂ.

12. കട്ടന്‍ ചായ ഒരു സാര്‍വത്രിക ഔഷധമാണ്.

13. ഉരുളക്കിഴങ്ങുകറിയില്‍ 2 പീസ് ചിക്കന്‍ ഇട്ടാല്‍, ചിക്കന്‍ കറിയെന്നേ വിളിക്കാവൂ.

14. പാത്രം കഴുകാനും തറ തുടക്കാനുമുള്ള അത്ഭുതകരമായ കഴിവുകളോടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത്.

15. അടുക്കള ഒരു അത്ഭുത ലോകമാണ്.


'കോവിഡ് കാല പാഠങ്ങള്‍-ഒരു ഗൃഹനാഥന്‍ കണ്ടെത്തിയത്' എന്ന തലക്കെട്ടില്‍ വാട്ട്‌സാപ്പില്‍ പ്രചരിച്ചതാണ് മുകളില്‍ പറയുന്ന മെസേജ്. ആരെഴുതി എന്നു പറയാതെ, ഒഴുകിയെത്തുന്ന അനേകം മെസേജുകളിലൊന്ന്. (തീര്‍ച്ചയായും അതെഴുതിയ ഒരാള്‍ ഉണ്ടാവും. സെര്‍ച്ച് ചെയ്തിട്ടും, ആളെ കണ്ടെത്താന്‍ ആവാത്തതിനാലാണ്, അദ്ദേഹത്തിന്റെ പേരില്ലാതെ, അനുമതിയില്ലാതെ ഈ നിരീക്ഷണങ്ങള്‍ ഇവിടെ ഉപയോഗിച്ചത്. അതിനു ക്ഷമ ചോദിക്കുന്നു.)

രസകരമാണ് ആ നിരീക്ഷണങ്ങള്‍. ആരെയും ചിരിപ്പിക്കും. വായിക്കുമ്പോള്‍ നമുക്ക് തമാശയെങ്കിലും, ലോക്ക്ഡൗണ്‍ കാലത്ത് പല വീടുകളിലും അതു തമാശയായിരുന്നില്ല. കാര്യമായിരുന്നു.  അടുക്കളയില്‍ ചെന്നുപെട്ട ആണുങ്ങളുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളും അതിനോടുള്ള പ്രതികരണങ്ങളുമെല്ലാം കണ്ടാല്‍, നമുക്കത് മനസ്സിലാവും. പഴയ സിനിമകളില്‍, ചില ഗള്‍ഫുകാരെ കണ്ടിട്ടില്ലേ, വീട്ടുകാരൊഴികെ ആരെ കണ്ടാലും, ആളെ മനസ്സിലായില്ലല്ലോ എന്നു ചോദിക്കുന്നവര്‍. അതുപോലായിരുന്നു, ആദ്യമായി അടുക്കളയിലെത്തിയ ചേട്ടന്‍! ഏറ്റവും ചുരുങ്ങിയത്, ട്രോളുകളിലെങ്കിലും.

വീടു നോക്കാന്‍ പെണ്ണുങ്ങളും നാടു നോക്കാന്‍ ആണുങ്ങളും എന്ന നാട്ടുനടപ്പാണ് ഒരൊറ്റ വൈറസ് മാറ്റിയത്. പുറത്തുപോവാന്‍ പറ്റാതെ വീട്ടിലിരിക്കേണ്ട ഗതികേടിലേക്ക് ആണുങ്ങളും വന്നു. മൂന്നാഴ്ച വീട്ടിനുള്ളില്‍ തന്നെ കഴിയുക എങ്ങനെയെന്ന ആലോചനകള്‍ ആണുങ്ങളുടേതുമായി. അങ്ങനെ അടുക്കളകളില്‍ പതിവില്ലാത്ത കാല്‍പ്പെരുമാറ്റങ്ങളുണ്ടായി. പുതിയ ശീലങ്ങളുണ്ടായി. പുതിയ പാചകരീതികളുണ്ടായി. മുകളില്‍ പറഞ്ഞതുപോലെ, അടുക്കളയെയും പാചകത്തെയും കുറിച്ചുള്ള പുതിയ, രസകരമായ അറിവുകളുണ്ടായി.

എളുപ്പമുള്ള കാര്യമല്ല വീടുനോക്കല്‍. ഒരാളുടെ പൂര്‍ണ്ണ ശ്രദ്ധയും കരുതലും സമര്‍പ്പണവും അതിനാവശ്യമുണ്ട്. ഈ വീടു നോക്കലെന്നു പറയുന്നത്, അടുക്കളയോ കെട്ടിടമോ മാത്രമല്ല, കുഞ്ഞുങ്ങളെയും വൃദ്ധരെയും അടക്കം നോക്കലാണ്. അവരുടെ സര്‍വ്വകാര്യങ്ങളിലും കണ്ണെത്തലാണ്. നല്ല ക്ഷമ ആവശ്യമുള്ള ഒന്ന്.  അതിനാലാവണം, ഭൂമിയെപ്പോയെ 'സര്‍വംസഹകളായ, മാലാഖകളോ, ദേവതമാരോ' ആയി ലേബല്‍ ചെയ്യപ്പെട്ട െപണ്ണുങ്ങളെത്തന്നെ ആ പണി  ഏല്‍പ്പിച്ച്, ആണുങ്ങള്‍ വീട്ടിനുപുറത്തെ അതീവഗൗരവകരമായ ഇടപാടുകള്‍ സ്വയം ഏറ്റെടുത്തത്. ഈ പറയുന്നത്, വീട്ടിലെ കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യുകയും അടുക്കളയില്‍ വിയര്‍പ്പൊഴുക്കുകയും ചെയ്യുന്ന, നമ്മുടെ നാട്ടിലെ അവസ്ഥ പ്രകാരം,  എണ്ണത്തില്‍ തീരെ കുറവായ ആണുങ്ങളുടെ കാര്യമല്ല. അത്തരക്കാരെ, പെണ്‍കോന്തന്‍മാര്‍ എന്നു വിളിച്ച് പുച്ഛിക്കുകയും 'അടുക്കളയോ, ഛായ്' എന്നു പറയുകയും ചെയ്യുന്ന, എണ്ണത്തില്‍ ഏറെക്കൂടുതലുള്ള ആണുങ്ങളെക്കുറിച്ചാണ്. തങ്ങളുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടായിവന്ന, ഒരു സാമൂഹ്യ ക്രമത്തില്‍ പൂണ്ടുവിളയാടി, ഇന്‍സ്‌പെക്ഷനു വരുന്നൊരുദ്യോഗസ്ഥനെപ്പോലെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു മുന്നോട്ടുപോയിക്കൊണ്ടിരുന്ന, ആ ആണുങ്ങള്‍ പെട്ടൊരു പെടല്‍! അതായിരുന്നു ലോക്ക്ഡൗണ്‍. എങ്ങും പോവാനില്ല. ചെയ്യാനില്ല. ഭക്ഷണം കഴിക്കുക, ടിവി കാണുക, പുസ്തകം വായിക്കു, ഫേസ്ബുക്ക് പോസ്റ്റ് ഇടുക, ഫോണ്‍ ചെയ്യുക, ആഴത്തില്‍ ചിന്തിക്കുക, നേരത്തെ കിടപ്പറയിലെത്തുക എന്നിങ്ങനെ മറ്റൊന്നും ശ്രദ്ധിക്കാതിരിക്കുന്നവര്‍ക്ക് ലോക്ക്ഡൗണും വലിയ മാറ്റമൊന്നും ഉണ്ടാക്കാനിടയില്ല. എന്നാല്‍, വീട്ടിലെ സാഹചര്യങ്ങളില്‍ ഇഴുകിച്ചേര്‍ന്ന്, അടുക്കളയിലേക്കും വീട്ടുകാര്യങ്ങളിലേക്കും തിരിയുന്ന ആണുങ്ങള്‍ക്ക് ഇത് അടിമുടി മാറ്റങ്ങളുടെ കാലം തന്നെയാണ്.

 

രണ്ട്

വീടകങ്ങളില്‍ നടക്കാന്‍ പോവുന്നത് ഇതൊക്കെ തന്നെ എന്ന തിരിച്ചറിവിലാണ്, ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിലൊന്നില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം കേരളത്തോട് പറഞ്ഞത്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുജോലികളില്‍ സ്ത്രീകളെ അല്‍പ സ്വല്‍പം സഹായിക്കണം എന്നായിരുന്നു പിണറായിയുടെ ഉപദേശം. 'സ്ത്രീകളാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യുന്നത്. പുരുഷന്മാര്‍ കൂടി അല്‍പ സ്വല്‍പം സഹായിച്ചാല്‍ അവര്‍ക്ക് ആശ്വാസമാകും. എല്ലാവരും വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കുടുംബത്തില്‍ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ സാഹചര്യവും വളര്‍ത്തിക്കൊണ്ടുവരാന്‍  ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.'

അതിനു ശേഷം, നിരവധി പേര്‍, മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് അടുക്കളകളില്‍ കയറി. അല്ലെങ്കില്‍, കയറി എന്നു പറയാവുന്ന വിധം ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പുകളോ പടങ്ങളോ പോസ്റ്റ് ചെയ്തു.

രസകരമായിരുന്നു, പലരുടെയും പാചക പരീക്ഷണ അനുഭവങ്ങള്‍. പൊടിപ്പും തൊങ്ങലും തമാശയും മിക്‌സ് ചെയ്ത് ഫേസ്ബുക്കില്‍ അതെഴുതി ഫലിപ്പിച്ചതിനു താഴെ, 'ഇതൊക്കെ എല്ലാവരും സാധാരണ ചെയ്യുന്നതാ അളിയാ' എന്ന് പെണ്‍സുഹൃത്തുക്കള്‍ കളിയാക്കി. ഒഴികഴിവുകളുടെയോ, നിന്നുതിരിയാനിടമില്ലാത്ത തിരക്കുകളുടെയോ പേരില്‍ വീട്ടുകാര്യങ്ങളില്‍നിന്നു വിട്ടുനിന്നവര്‍, ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ എന്ന നിലയില്‍ അടുക്കളകളില്‍ രണ്ടും കല്‍പ്പിച്ചു കയറി. അതിന്റെ റിസല്‍റ്റുകള്‍ പടമായും പോസ്റ്റായും വന്നു.

'പാചകം സെക്സ് പോലെയാണ്. ഫോര്‍പ്ലേ നന്നായി ദീര്‍ഘിപ്പിച്ചാല്‍ സെക്സ് ആസ്വാദ്യകരമാക്കാം എന്നു പറയുന്നത് പോലെ, നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട വിഭവങ്ങള്‍ സമയമെടുത്ത് ഉണ്ടാക്കിയാല്‍ തിന്നുമ്പോള്‍ ആസ്വദിക്കാം.. സമയവും പോകും.. ഓരോ ദിവസവും ഓരോ കറികള്‍ പരീക്ഷിക്കുക.. പഠിക്കുക..'-ഇതായിരുന്നു ഒരു സുഹൃത്തിന്റെ നിരീക്ഷണം. അടുക്കള പെണ്ണുങ്ങളുടേത് മാത്രമാവരുതെന്നും, വീട്ടിലെ അമ്മയെയും ഭാര്യയെയുമൊക്കെ മാറ്റി നിര്‍ത്തി ആണുങ്ങള്‍ അടുക്കളയില്‍ കേറണമെന്നും പറയുന്ന പോസ്റ്റിലായിരുന്നു ഈ അഭിപ്രായം.


മൂന്ന്

അടുക്കള മാത്രമായിരുന്നില്ല, ലോക്ക്ഡൗണ്‍ കാലത്തെ ആണിടങ്ങള്‍. പല വഴികളിലൂടെയാണ് നമ്മുടെ പുരുഷന്‍മാര്‍ ഈ നാളുകളിലെ മടുപ്പിനെ അതിജീവിക്കാന്‍ ശ്രമിച്ചത്. ചിലര്‍ മീശയും മുടിയും വടിച്ചു നടന്നു. മുടിവളര്‍ച്ചയുടെ നാള്‍വഴികള്‍ ഫോട്ടോകളിലാക്കി ഫേസ്ബുക്കുകളില്‍ നട്ടു. മറ്റുചിലര്‍ അടുക്കളക്കൃഷി ആരംഭിച്ചു. നിലവിലെ കൃഷി ഏറ്റെടുക്കുകയോ പണികള്‍ ഏറ്റെടുക്കുകയോ ചെയ്തു. ചിലര്‍ പാട്ടുകളിലേക്കും വായനകളിലേക്കും തിരിഞ്ഞു. കുട്ടികള്‍ക്കൊപ്പം പല തരം കളികളിലും അഭ്യാസങ്ങളിലും മുഴുകി. പുസ്തകക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാറുള്ള ഫേസ്ബുക്ക് പേജുകള്‍ ഏറ്റവും സജീവമായ നാളുകളായിരുന്നു ഇത്. കവിതാലാപനങ്ങളും കഥാ അവതരണങ്ങളുമെല്ലാം വീഡിയോകളായി പുറത്തുവന്നു. സോഷ്യല്‍ മീഡിയയിലെ പല തരം ചലഞ്ചുകളിലും നിറഞ്ഞുനിന്നു ഇവര്‍. വാട്ട്‌സപ്പ് ഗ്രൂപ്പുകളുടെയും നല്ല കാലമായിരുന്നു ഇത്. സദാസമയവും ആളുകള്‍. പലതരം ആക്ടിവിറ്റികള്‍. കുന്ദംകുളം ഭാഗത്ത്, അദൃശ്യനായ ഒരു കള്ളന്റെ പിറകിലായിരുന്നു ആളുകള്‍. ചിലയിടങ്ങളിലൊക്കെ, ആളുകള്‍ ഭക്ഷണമുണ്ടാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നു.

രസകരമായിരുന്നു മുടിവെട്ടല്‍ ചിത്രങ്ങളുടെ കഥ. ബാര്‍ബര്‍ ഷോപ്പുകള്‍ അവധി ആയതിനാല്‍, ഭര്‍ത്താക്കന്‍മാരുടെയോ മക്കളുടെയോ തലമുടി വെട്ടിക്കൊടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു ഇത്. പരിചയസമ്പന്നരായ മുടിവെട്ടുകാരുടെ മുഖഭാവങ്ങളോടെ സീരിയസായി നില്‍ക്കുന്ന സ്ത്രീകള്‍. അവര്‍ക്കരികെ, പൂര്‍ണ്ണവിധേയത്വത്തോടെ, തല താഴ്ത്തി നിന്നുകൊടുക്കുന്ന ആണുങ്ങള്‍.  ഇതായിരുന്നു ചിത്രങ്ങളുടെ പാറ്റേണ്‍. ഇതോടൊപ്പം മുടി വെട്ടിയ ശേഷമുള്ള പടങ്ങളും വന്നു. വെട്ടിയ മുടിയുമായി ചിരിക്കുന്ന ഭര്‍ത്താവിനരികില്‍ 'അമ്പട ഞാനേ' എന്നു നില്‍ക്കുന്ന സ്ത്രീകള്‍!

എന്നാല്‍, ഇതുപോലൊന്നുമല്ലാത്ത അവസ്ഥയിലായിരുന്നു ഐസോലേഷന്‍ കേന്ദ്രങ്ങളിലോ സെല്‍ഫ് ക്വാറന്‍ൈറനിലോ കഴിഞ്ഞവര്‍. വിദേശത്തുനിന്നുമെത്തിയ പലരും നേരെ ഏകാന്തവാസങ്ങളിലേക്കാണ് ചെന്നത്. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയിട്ടും കുഞ്ഞുങ്ങളെയോ ഭാര്യയെ കാണാനാവാത്ത സങ്കടങ്ങളിലായിരുന്നു പലരും. തൊട്ടടുത്തു ഉണ്ടാവുമ്പോഴും, കരുതലിന്റെ, ജാഗ്രതയുടെ അകല്‍ച്ച പാലിച്ചുനിന്നു, അവര്‍. വീടിനു പുറത്ത് അകലം പാലിച്ചു നില്‍ക്കുന്ന ഭാര്യയെയും കുട്ടികളെയും ഏകാന്ത വാസം നടത്തുന്ന മുറിയിലെ ജാലകത്തിലൂടെ ഉറ്റുനോക്കുന്ന ചെറുപ്പക്കാരുടെ ഫോട്ടോകള്‍ വൈറലായിരുന്നു. പിതാവിനെ കാണാന്‍ കാത്തുകാത്തിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളും ഇതോടൊപ്പം കണ്ടു. പൂര്‍ണ്ണമായും അടഞ്ഞുപോയ ഈ മനുഷ്യരുടെ നേര്‍വിപരീതമായ അവസ്ഥയിലായിരുന്നു എന്നാല്‍ മറ്റുള്ളവര്‍. വീടകങ്ങളില്‍ കുടുംബങ്ങളോടെ്ാപ്പം കഴിയാന്‍ മാത്രം ഭാഗ്യം കിട്ടിയവര്‍. എന്നിട്ടും, എങ്ങനെ ആ മടുപ്പ് മാറ്റാനാവുമെന്ന ചര്‍ച്ചയായിരുന്നു ചുറ്റും. എല്ലാ ദിവസവും ഭാര്യയെയോ ഭര്‍ത്താവിനെയോ കണ്ടുജീവിക്കേണ്ട ഗതികേടുകളെക്കുറിച്ചുള്ള പരിദേവനം മുതല്‍, തികച്ചും സെക്‌സിസ്റ്റും സ്ത്രീവിരുദ്ധവുമായ തമാശകളും ട്രോളുകള്‍ വരെ പ്രചരിക്കപ്പെട്ടു.

തമിഴകത്ത് കൊവിഡ് 19 നിയന്ത്രണങ്ങള്‍ ഏറ്റവും കര്‍ശനമാക്കിയ ഈറോഡ്, ഒരു ഫ്‌ളാറ്റില്‍ ഭാര്യയ്‌ക്കൊപ്പം ലോക്ക് ഡൗണ്‍ ആയ കോഴിക്കോട് വാണിമേല്‍ സ്വദേശി സി പി ആലിക്കുട്ടിയുടെ കുറിപ്പ്, വ്യത്യസ്തമായ മറ്റൊരനുഭവമായിരുന്നു. അദ്ദേഹം എഴുതുന്നത് വായിക്കൂ:

''ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 45 വര്‍ഷമായി. ഇക്കാലയളവിനുള്ളില്‍, ആവശ്യത്തിനു അനാവശ്യത്തിനും പിണങ്ങാറുണ്ട്. ചിലത് വേഗം തീരും. ചില  പിണക്കം നാളുകള്‍ നീളും. ഞങ്ങള്‍ മാത്രമായി മൂന്നാഴ്ച ഒറ്റപ്പെട്ട് കഴിയണമല്ലോ എന്നാലോചിച്ചപ്പോള്‍, അതെങ്ങനെ സാദ്ധ്യമാവും എന്നായിരുന്നു ആദ്യം ആലോചിച്ചത്. പുറത്തിറങ്ങാതെ, മറ്റൊരാളെ കാണാതെ, ആരോടും സംസാരിക്കാതെ, ഞങ്ങള്‍ രണ്ടു പേര്‍ മാത്രം എത്ര ദിവസം വഴക്കില്ലാതെ താമസിക്കും എന്നായിരുന്നു ഭയം. പക്ഷേ, സംഭവിച്ചത് അതൊന്നുമല്ല. ഞങ്ങള്‍ക്ക് പിണങ്ങാനേ കഴിഞ്ഞില്ല. ഈ ദിവസം വരെ ഞങ്ങള്‍ നവദമ്പതികളെ പോലെയാണ് ഓരോ മണിക്കൂറും കഴിച്ചു കൂട്ടുന്നത്. അവള്‍ക്ക് ഞാനും, എനിക്കവളും മാത്രമെ ഇവിടെ കൂട്ടിനുളളൂ എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് പരസ്പരം ബോധ്യമുള്ളത്  കൊണ്ടായിരിക്കാം അത് സാധ്യമായത്''


നാല്

ലോക്ക്ഡൗണില്‍പ്പെട്ട പല ജാതി ആണ്‍ അവസ്ഥകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. വീഡിയോകളുായും ഫോട്ടോകളായും ടെക്‌സ്റ്റുകളായും വ്യത്യസ്ത അവസ്ഥകള്‍, അനുഭവങ്ങള്‍. അവയിലൂടെ വിശാലമായി ഒന്നു കടന്നുപോയാല്‍ താഴെ പറയുന്ന ചില കാറ്റഗറികളെ നമുക്ക് കണ്ടെത്താം.

1. ഭാര്യമാര്‍ക്കേ വീട് നോക്കാനാവൂ എന്ന് സമര്‍ത്ഥമായി പറഞ്ഞ് എസ്‌കേപ്പ് ചെയ്തിരുന്നവരുടെ കീഴടങ്ങല്‍.
 
2. ഈ അടുക്കള കൊള്ളാമല്ലോ എന്ന ആശ്ചര്യങ്ങളുമായി നില്‍ക്കുന്നവര്‍. പാചകപരീക്ഷണക്കാര്‍.

3. രാത്രി വൈകി വീട്ടിലെത്തി രാവിലെ ഇറങ്ങിപ്പോവുന്നവര്‍. ആദ്യമായി വീട്ടില്‍ അടഞ്ഞുപോയവരുടെ വിമ്മിട്ടങ്ങള്‍.

4. ഫാസ്റ്റ് ഫുഡും ഹോട്ടല്‍ ഭക്ഷണവുമായി കഴിഞ്ഞവരുടെ നാടന്‍ ഭക്ഷണങ്ങളിലേക്കുള്ള മടക്കം. ചക്കപ്പടങ്ങളായിരുന്നു ലോക്ക്ഡൗണ്‍ കാലത്തെ പ്രധാന സോഷ്യല്‍ മീഡിയാ ഇനം.

5. കുട്ടികളുമായി ഒട്ടിപ്പിടിച്ചും പാട്ടുപാടിയും കഥ പറഞ്ഞും വീഡിയോകളോ അനുഭവക്കുറിപ്പുകളുമായോ പ്രത്യക്ഷപ്പെടുന്നവര്‍.

6. ഒരു മാറ്റവുമില്ലാത്തവിധം, വീട്ടുകാര്യങ്ങള്‍ ഭാര്യയെ ഏല്‍പ്പിച്ച് സമ്പൂര്‍ണ്ണ വി്രശമം പ്രഖ്യാപിച്ച്, സെല്‍ഫികളുമായി വിലസുന്നവര്‍.

7. എന്നാല്‍പ്പിന്നെ മക്കളെ നല്ല പാഠങ്ങള്‍ പഠിപ്പിക്കാം എന്ന മട്ടില്‍ തല്ലും വഴക്കുമായി നിറഞ്ഞുനിന്നവരുടെ സാരോപദേശങ്ങള്‍.

8. കൃഷി, കരകൗശല വേലകള്‍, വീഡിയോ-ഫോട്ടോഗ്രാഫി എന്നിങ്ങനെ തിരക്കുകളില്‍ മുഴുകിയവര്‍

9. മദ്യവും മറ്റ് ലഹരിവസ്തുക്കളും കിട്ടാന്‍ ഒരു വഴിയുമില്ലാതെ, അതിന്റെ ഫ്രസ്‌റ്റേഷന്‍ വീടകങ്ങളില്‍ തീര്‍ത്തവര്‍.

10. ഭാര്യയെയും അമ്മയെയുമെല്ലാം വിശ്രമത്തിന് വിട്ട് വീട്ടുപണികള്‍ ഏറ്റെടുത്തവര്‍. എണ്ണത്തില്‍ കുറവെങ്കിലും അവരുടെ സാന്നിധ്യം സോഷ്യല്‍ മീഡിയയിലെങ്കിലും ശക്തമായിരുന്നു.

മറ്റൊരു കൂട്ടര്‍, സോഷ്യല്‍ മീഡിയയില്‍ കോഴികള്‍ എന്ന് വിളിക്കപ്പെടുന്നവരാണ്. സ്ത്രീകളുടെ ഇന്‍ബോക്‌സുകള്‍ തിരഞ്ഞുചെല്ലുന്നവര്‍. പെണ്ണുങ്ങളുടെ കാര്യങ്ങളില്‍ തല പുകയ്ക്കുന്നവര്‍. ഐസിയു പുറത്തിറക്കിയ ഒരു ട്രോള്‍ അത്തരക്കാരെ കളിയാക്കുന്നതായിരുന്നു. അതിലുള്ളത് ഒരു ഫേസ്ബുക്ക് മെസഞ്ചര്‍ ഇന്‍ബോക്‌സ് ആണ്. ലോക്ക്ഡൗണ്‍ കാലത്തെ 'കോഴി'കളുടെ  ഉപദേശ മെസേജുകളുടെ സാമ്പിളാണ് അതില്‍:


കോഴി:

''മോളൂസ്, കൊറോണയായതു കൊണ്ട് വീട്ടില്‍ത്തന്നെയാവും, അല്ലേ''

''പുറത്തേക്കൊന്നും ഇറങ്ങണ്ട കേട്ടോ കൊറോണ പിടിക്കും''

''എപ്പോഴും കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകണം കേട്ടോ''

''പുറത്തിറങ്ങുമ്പോള്‍ മുഖത്ത് മാസ്‌ക് ധരിക്കണം കേട്ടോ''

അപ്പോള്‍ മോളൂസ്:
ചേട്ടന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആണോ ജോലി?


അഞ്ച്

കവി വിഎം ഗിരിജയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ്, കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തെക്കുറിച്ച് വായിച്ചത്. ലോക്ക്ഡൗണ്‍ എന്ന അനുഭവത്തെ ചുള്ളിക്കാട് എങ്ങനെ കാണുന്നു എന്നു വ്യക്തമാക്കുന്നതാണ് ആ വരികള്‍.

''കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ആദ്യമായാണ് ഞാനിങ്ങനെ വീട്ടില്‍ തന്നെ ഇരിക്കുന്നത്; എനിക്കാകെ ഒരു വല്ലായ്ക തോന്നുന്നു' എന്ന്. എന്റെ കൂട്ടുകാരി വിജി (കവി വിജയലക്ഷ്മി, ബാലചന്ദ്രന്റെ ഭാര്യ) യേപ്പറ്റി ഞാന്‍ അന്വേഷിച്ചു. ബാലചന്ദ്രന്‍ പറഞ്ഞൂ വിജയലക്ഷ്മി പിന്നെ എന്നും ക്വാരന്റിനില്‍ ആണല്ലോ എന്ന്.  ബാലചന്ദ്രന്‍ പറയും മുന്‍പേ എനിക്കറിയാമായിരുന്നു, ഇതില്‍ വിജിക്ക് സവിശേഷമായി ഒന്നുമില്ല. ബാഹ്യലോകത്തെ, ബാഹ്യസ്പര്‍ശനങ്ങളെ എന്നോ പുറത്താക്കി പടിയടച്ചവളാണ് വിജി എന്ന്. വിജി തൊടുന്നത് ആന്തരിക സ്പര്‍ശിനികള്‍ കൊണ്ടല്ലേ?''

വീട്, അടുക്കള, ഐസോലേഷന്‍, ക്വാറന്റീന്‍ എന്നീ അനുഭവങ്ങളെ നമ്മുടെ സമൂഹം എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഇത്തരം നിരവധി പരാമര്‍ശങ്ങള്‍ ഈ കാലയളവില്‍ കേട്ടു. വീട് നോക്കേണ്ടത് സ്ത്രീ ആണെന്നു പറയുന്ന സാമൂഹ്യക്രമം നല്‍കുന്ന പ്രിവിലേജുകളാണ്, പലപ്പോഴും ആണുങ്ങളുടെ സര്‍ഗാത്മക, സാമൂഹ്യ ഇടപടലുകളുടെ മൂലധനമാവുന്നത് എന്ന സ്ത്രീപക്ഷ വിമര്‍ശനം ശരിവെയ്ക്കുന്ന അവസ്ഥ. കുഞ്ഞുങ്ങളെ നോക്കുക, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണമുണ്ടാക്കുക, വീട്ടുപണികള്‍ ചെയ്യുക, വീട്ടില്‍ മുതിര്‍ന്നവരും രോഗികളുമുണ്ടെങ്കില്‍ അവരെ ശുശ്രൂഷിക്കുക, എല്ലാത്തിനുമൊപ്പം, പുറത്തിറങ്ങി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള ജോലികളും ചെയ്യുക എന്ന തിരക്കിനിടയിലാണ് നമ്മുടെ സാധാരണ വീട്ടമ്മമാരുടെ ജീവിതം. മറ്റൊന്ന്, ലൈംഗികതയാണ്. എല്ലാ ജോലികളും ചെയ്ത് തളര്‍ന്ന അവസ്ഥയിലും ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന യന്ത്രമായി വര്‍ത്തിക്കല്‍. ഇതോടൊപ്പമാവും ഗര്‍ഭധാരണം, പ്രസവം പോലുള്ള കാര്യങ്ങളും. ഒരു പ്രസവം കഴിഞ്ഞാല്‍, മൂന്നാലു വര്‍ഷമെങ്കിലും കുഞ്ഞിന്റെ വളര്‍ച്ചയുടെ ചുമതല വഹിക്കേണ്ടിവരും. രണ്ട് കുഞ്ഞുങ്ങളെങ്കില്‍, അത്രയും വര്‍ഷങ്ങള്‍ ജീവിതത്തില്‍നിന്നു നഷ്ടമാവും. പാട്രിയാര്‍ക്കിയെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരുമായ പുരുഷന്‍മാരില്‍ ഏറെയും ഈ സമ്പ്രദായത്തില്‍ സൗകര്യവും സമാധാനവും കണ്ടെത്തി സ്വന്തം തിരക്കുകളിലേക്ക് ഊളിയിടുകയാണ് ചെയ്യാറ്. അത്തരം സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക സാഹചര്യങ്ങളിലേക്കാണ് ലോക്ക്ഡൗണും കൊവിഡ് 19 രോഗവുമൊക്കെ വന്നത്.

 

 

ആറ്

സാമൂഹ്യമായ അകലം പാലിക്കലാണ് കൊറോണ റൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. ചങ്ങല മുറിക്കല്‍. ബ്രേക്ക് ദ ചെയിന്‍ കാമ്പെയിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പരസ്യത്തില്‍ പ്രശസ്ത സിനിമാ നടന്‍ സുരാജ് വെഞ്ഞാറമ്മൂടാണ് അവതാരകന്‍. മമ്മൂട്ടിയാണ് പുറത്തുവിട്ട ഈ വീഡിയോയില്‍ ലോക്ക്ഡൗണ്‍ പാലിക്കാതെ, പുറത്തിറങ്ങുന്ന ആണുങ്ങളുടെ കാര്യമാണ് സുരാജ് പറയുന്നത്. രസകരമായ ഒരു വസ്തുത എന്തെന്നാല്‍, ഇത് ആണുങ്ങളെയല്ല അഭിസംബോധന ചെയ്യുന്നത്, പെണ്ണുങ്ങളെയാണ് എനനതാണ്.

അങ്ങനെ, പെണ്ണുങ്ങളോടായി സുരാജ് ആഹ്വാനം ചെയ്യുന്നു:

''എന്തു കഷ്ടാണെന്ന് നോക്കണേ, തിരുവനന്തപുരത്ത് പോത്തന്‍കോട് അവന്‍ എത്തിയിരിക്കുന്നു. കൊറോണ. എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ക്കേ കഴിയൂ. ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍. തടയണം. ഒരു കാര്യം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങള്‍ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും. വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒക്കെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്.''

സംഗതി ലളിതമാണ്. വീട്ടിലിരിക്കുന്ന പുരുഷന്റെ കാര്യം കൂടി ഇനി നോക്കേണ്ടത് പെണ്ണുങ്ങളുടെ ചുമതലയാണ്. 'അടുക്കളയില്‍ കയറി ഒന്നു സഹായിക്കാമോ' എന്ന് മുഖ്യമന്ത്രി ആണുങ്ങളോട് പരസ്യമായി അഭ്യര്‍ത്ഥിച്ച നാട്ടിലാണ് ഇത്. കൊറോണയുമായി ബന്ധപ്പെട്ട ഗുരുതരമായ സാഹചര്യത്തിലും, സ്വയം നിയന്ത്രിക്കാനൊന്നും കഴിവില്ലാത്ത കുറുമ്പന്‍ ചെക്കന്‍മാരായി ഈ വീഡിയോ നമ്മുടെ ആണുങ്ങളെ പരിഗണിക്കുന്നു.  അറിയാതെ വീടുവിട്ട് ഇറങ്ങിപ്പോയി, കൊറോണ വൈറസിനെ ഏറ്റുവാങ്ങാന്‍ സാദ്ധ്യതയുള്ളവര്‍. ട്രോള്‍ ഭാഷയില്‍ പറഞ്ഞാല്‍, അവമ്മാരുടെ, 'കുറുമ്പിത്തിരി കൂടുന്നുണ്ട്'്.  

ആ ആണുങ്ങളെ കാത്തോളണേ എന്നാണ് പെണ്ണുങ്ങളായ പെണ്ണുങ്ങളോടെല്ലാമായി ഈ ലോക്ക്ഡൗണ്‍ പരസ്യം പറയുന്നത്. ആരാണ് ആ ആണുങ്ങള്‍? കേസ് എടുക്കുമെന്നോ, ഏത്തമിടുവിക്കുമെന്നോ പറഞ്ഞാലും കേള്‍ക്കാത്തവര്‍. നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് ഒരു സ്‌റ്റേറ്റ് തന്നെ സമ്മതിക്കുന്നവര്‍. ആ ആണുങ്ങളെ വീട്ടിലെ പെണ്ണുങ്ങള്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സര്‍ക്കാര്‍ പരസ്യം.

ഒരു പക്ഷേ, ഈ പരസ്യമാവും ഈ ലോക്ക്ഡൗണ്‍ കാലത്തെ കേരളത്തിലെ ലിംഗബന്ധങ്ങളെക്കുറിച്ചുള്ള ഏറ്റവും ക്യത്യമായ രാഷ്ട്രീയപ്രസ്താവന.

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?
പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍
പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍
പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios